വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുമ്പും പിമ്പും​—ഇരുളടഞ്ഞ കഴിഞ്ഞകാലം, ശോഭനമായ വരുംകാലം

മുമ്പും പിമ്പും​—ഇരുളടഞ്ഞ കഴിഞ്ഞകാലം, ശോഭനമായ വരുംകാലം

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”

മുമ്പും പിമ്പും​—ഇരുളടഞ്ഞ കഴിഞ്ഞകാലം, ശോഭനമായ വരുംകാലം

“ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും . . . ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) ദൈവവചനത്തിന്റെ തുളച്ചുകയറുന്ന ശക്തിയെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ അങ്ങനെയാണ്‌ പറഞ്ഞത്‌. ഹൃദയത്തിൽ എത്തിച്ചേരാനുള്ള അതിന്റെ പ്രാപ്‌തി പൊ.യു. ഒന്നാം നൂറ്റാണ്ടിൽ വിശേഷാൽ പ്രകടമായിരുന്നു. അക്കാലത്തെ ദുഷിച്ച സ്വാധീനങ്ങളിൻമധ്യേയും, ക്രിസ്‌ത്യാനികളായിത്തീർന്നവർ പുതിയ വ്യക്തിത്വം ധരിച്ചു.​—⁠റോമർ 1:28, 29; കൊലൊസ്സ്യർ 3:8-10.

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, പരിവർത്തനം വരുത്താനുള്ള ദൈവവചനത്തിന്റെ ശക്തി ഇക്കാലത്തും കെട്ടുപോയിട്ടില്ല. ദൃഷ്ടാന്തത്തിന്‌, ദീർഘകായനും ദൃഢഗാത്രനുമായ റിഹാർട്ടിന്റെ കാര്യമെടുക്കാം. അദ്ദേഹത്തിനു മൂക്കത്തായിരുന്നു ശുണ്‌ഠി, ചെറിയൊരു പ്രകോപനം മതി പിന്നെ ഇടിയും ബഹളവുമായി. വളരെ അക്രമാസക്തമായ ഒരു സ്വഭാവരീതിയായിരുന്നു അദ്ദേഹത്തിന്റേത്‌. ഈ സ്വഭാവം കാരണം അദ്ദേഹത്തിന്റെ വിവാഹജീവിതം താറുമാറായി. പോരാത്തതിന്‌ അദ്ദേഹം ഒരു ബോക്‌സിങ്‌ ക്ലബ്ബിലും പോയിച്ചേർന്നു. കഠിന പരിശീലനത്തിന്റെ ഫലമായി അദ്ദേഹം ജർമനിയിലെ വെസ്റ്റ്‌ഫാലിയയിലെ ഹെവിവെയ്‌റ്റ്‌ ബോക്‌സിങ്‌ ചാമ്പ്യനായി. അമിതമായി മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ അത്തരമൊരു സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, അങ്ങനെ റിഹാർട്ട്‌ ഏതാണ്ട്‌ കമ്പിയഴി എണ്ണേണ്ട അവസ്ഥയിലുമായി.

റിഹാർട്ടിന്റെ വിവാഹ ജീവിതം എന്തായി? അദ്ദേഹം ഇങ്ങനെ പറയുന്നു: “ഹൈക്കും ഞാനും ബൈബിൾ പഠിക്കുന്നതിനു മുമ്പ്‌ ഞങ്ങൾ രണ്ടും രണ്ടു വഴിക്കായിരുന്നു. ഹൈക്ക്‌ അവളുടെ കൂട്ടുകാരികളുമായി ഒരുപാടു സമയം ചെലവഴിക്കുമായിരുന്നു, ഞാനാകട്ടെ ബോക്‌സിങ്ങും സർഫിങ്ങും ഡൈവിങ്ങുമൊക്കെ ആയിട്ട്‌ നടന്നു.”

യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ ദൈവവചനത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ദൈവത്തിന്റെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതം അനുരൂപപ്പെടുത്തണമെങ്കിൽ താൻ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ റിഹാർട്ട്‌ മനസ്സിലാക്കി. എന്നാൽ അതാകട്ടെ ഒരു ആനകേറാമല പോലെയാണ്‌ അദ്ദേഹത്തിനു തോന്നിയത്‌. എന്നിരുന്നാലും, യഹോവയാം ദൈവത്തെ അടുത്തറിഞ്ഞപ്പോൾ അവനെ പ്രസാദിപ്പിക്കാനുള്ള ഒരു ശക്തമായ ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ വളർന്നുവന്നു. അക്രമത്തെ സ്‌നേഹിക്കുകയോ അതിനെ ഒരു വിനോദോപാധിയായി വീക്ഷിക്കുകയോ ചെയ്യുന്നവരെ ദൈവം അംഗീകരിക്കുന്നില്ല എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. “അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന്‌ വെറുക്കുന്നു” എന്ന്‌ റിഹാർട്ട്‌ പഠിച്ചു.​—⁠സങ്കീർത്തനം 11:​5, പി.ഒ.സി. ബൈബിൾ.

മാത്രമല്ല, പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ റിഹാർട്ടിനെയും ഹൈക്കിനെയും പുളകംകൊള്ളിച്ചു. ഒരുമിച്ച്‌ അവിടെ ആയിരിക്കാൻ അവർ ആഗ്രഹിച്ചു! (യെശയ്യാവു 65:21-23) “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന ക്ഷണം റിഹാർട്ടിനെ ആഴമായി സ്‌പർശിച്ചു. (യാക്കോബ്‌ 4:8) പിൻവരുന്ന നിശ്വസ്‌ത ബുദ്ധിയുപദേശം അനുസരിക്കുന്നതിന്റെ മൂല്യം അദ്ദേഹം മനസ്സിലാക്കി: “സാഹസക്കാരനോടു [“അക്രമം ചെയ്യുന്ന മനുഷ്യനോട്‌,” NW] നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു. വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.”​—⁠സദൃശവാക്യങ്ങൾ 3:31, 32.

തന്റെ വഴികൾക്കു മാറ്റം വരുത്താൻ ശക്തമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സ്വന്തം ശക്തിയാൽ അതിനു കഴിയില്ല എന്ന്‌ റിഹാർട്ട്‌ തിരിച്ചറിഞ്ഞു. പ്രാർഥനയിൽ ദൈവത്തിന്റെ സഹായം തേടേണ്ടതുണ്ടെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. അപ്പൊസ്‌തലന്മാരോട്‌ യേശു പറഞ്ഞതിനു ചേർച്ചയിൽ അദ്ദേഹം പ്രവർത്തിച്ചു: “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ.”​—⁠മത്തായി 26:41.

ദൈവം അക്രമത്തെയും കോപാവേശത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നു പഠിച്ചപ്പോൾ ബോക്‌സിങ്‌ തീർച്ചയായും ദൈവത്തിന്‌ അസ്വീകാര്യമാണെന്ന്‌ റിഹാർട്ടിനു ബോധ്യമായി. യഹോവയുടെ സഹായത്താലും ബൈബിൾ പഠിപ്പിച്ചവരുടെ പ്രോത്സാഹനത്താലും അക്രമാസക്തിയുടെ നീരാളിപ്പിടിത്തത്തിൽനിന്ന്‌ അദ്ദേഹം മോചിതനായി. ബോക്‌സിങ്ങും കവലത്തല്ലും വിട്ട്‌ കുടുംബജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. “ബൈബിളിൽനിന്ന്‌ സത്യം പഠിച്ചത്‌, പ്രവർത്തിക്കുന്നതിനുമുമ്പ്‌ ഒരു നിമിഷം നിന്നു ചിന്തിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു” എന്ന്‌ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ സഭകളിൽ ഒന്നിൽ സൗമ്യനായ ഒരു മേൽവിചാരകനായി സേവിക്കുന്ന റിഹാർട്ട്‌ പറയുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഭാര്യയും കുട്ടികളുമായുള്ള എന്റെ ബന്ധത്തെ ഇപ്പോൾ ഭരിക്കുന്നത്‌ സ്‌നേഹത്തിന്റെയും ആദരവിന്റെയും തത്ത്വങ്ങളാണ്‌. തത്‌ഫലമായി ഞങ്ങളുടെ കുടുംബ ബന്ധം ബലിഷ്‌ഠമായിരിക്കുന്നു.”

യഹോവയുടെ സാക്ഷികൾ കുടുംബങ്ങളെ ശിഥിലമാക്കുന്നു എന്ന തെറ്റിദ്ധാരണയുടെ പേരിൽ ആളുകൾ പലപ്പോഴും അവരുടെമേൽ കുറ്റം ആരോപിക്കാറുണ്ട്‌. എന്നിരുന്നാലും, റിഹാർട്ടിനെപ്പോലെയുള്ള വ്യക്തികളുടെ അനുഭവങ്ങൾ അത്തരം അപവാദങ്ങൾ എത്ര സത്യവിരുദ്ധമാണെന്നു തെളിയിക്കുന്നു. വാസ്‌തവത്തിൽ, ബൈബിൾ സത്യം കുടുംബബന്ധങ്ങളെ സുദൃഢമാക്കുകയും ഇരുളടഞ്ഞ കഴിഞ്ഞകാലമുള്ളവർക്ക്‌ ശോഭനമായ ഒരു ഭാവി തുറന്നു കൊടുക്കുകയുമാണു ചെയ്യുന്നത്‌.​—⁠യിരെമ്യാവു 29:11.

[9 -ാം പേജിലെ ആകർഷക വാക്യം]

“പറുദീസാ ഭൂമിയെ കുറിച്ചുള്ള പ്രത്യാശ എനിക്കു മാറ്റം വരുത്താനുള്ള പ്രചോദനമായി ഉതകി”

[9 -ാം പേജിലെ ചതുരം]

ഫലകരമെന്നു തെളിഞ്ഞ ബൈബിൾ തത്ത്വങ്ങൾ

ആളുകളുടെ ജീവിതത്തിൽ ബൈബിളിന്‌ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. അക്രമാസക്തരായിരുന്ന ചില വ്യക്തികളെ പരിവർത്തനം വരുത്താൻ സഹായിച്ച ചില തിരുവെഴുത്തു തത്ത്വങ്ങൾ ഇതാ:

“ക്‌ഷമാശീലൻ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്‌ഠനാണ്‌.” (സദൃശവാക്യങ്ങൾ 16:​32, പി.ഒ.സി. ബൈ.) അനിയന്ത്രിതമായ കോപം ബലഹീനതയുടെ സൂചനയാണ്‌, ശക്തിയുടെ തെളിവല്ല.

“ഒരു മനുഷ്യന്റെ ഉൾക്കാഴ്‌ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 19:​11, NW) ഒരു സാഹചര്യം സംബന്ധിച്ച്‌ ഉൾക്കാഴ്‌ച ഉണ്ടായിരിക്കുന്നത്‌ തർക്കത്തിലേക്കു നയിച്ച കാര്യങ്ങളുടെ ഉള്ളിലേക്കിറങ്ങി നോക്കാനും പൊട്ടിത്തെറി ഒഴിവാക്കാനും ഒരുവനെ സഹായിക്കുന്നു.

‘കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്‌.’ (സദൃശവാക്യങ്ങൾ 22:24, 25) ക്രോധശീലരുമായുള്ള സഹവാസം ക്രിസ്‌ത്യാനികൾ ബുദ്ധിപൂർവം ഒഴിവാക്കുന്നു.