വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പൊ.യു. 33 പെന്തെക്കൊസ്‌തിലെ പുതിയ യഹൂദ വിശ്വാസികളുടെ ജലസ്‌നാപനം ‘ക്രിസ്‌തു മുഖാന്തരം ദൈവത്തോടുള്ള അവരുടെ വ്യക്തിപരമായ സമർപ്പണത്തിന്റെ’ പ്രതീകമായിരുന്നു എന്ന്‌ 2002 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 11-ാം പേജിലെ 7-ാം ഖണ്ഡിക പറഞ്ഞത്‌ എന്തുകൊണ്ടാണ്‌? പൊ.യു. 33 മുതൽ പൊ.യു. 36 വരെയുള്ള കാലഘട്ടത്തിൽ സ്‌നാപനമേറ്റ യഹൂദരെ സംബന്ധിച്ചിടത്തോളം അത്തരം വ്യക്തിപരമായ സമർപ്പണം ആവശ്യമായിരുന്നില്ല എന്നാണല്ലോ മുമ്പ്‌ വിശ്വസിച്ചിരുന്നത്‌?

പൊ.യു.മു. 1513-ൽ, യഹോവയാം ദൈവം ഇസ്രായേല്യർക്ക്‌ തന്റെ വിശുദ്ധ ജനത ആയിത്തീരാൻ അവസരം കൊടുത്തു. എന്നാൽ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. അവർ അവന്റെ ‘വാക്കു കേട്ട്‌ അനുസരിക്കയും അവന്റെ നിയമം പ്രമാണിക്കയും ചെയ്യണമായിരുന്നു.’ അതിന്‌ അവർ, “യഹോവ കല്‌പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്നു മറുപടി പറഞ്ഞു.​—⁠പുറപ്പാടു 19:3-8; 24:1-8.

മോശൈക ന്യായപ്രമാണ ഉടമ്പടിയുടെ നിബന്ധനകൾ പാലിച്ചുകൊള്ളാം എന്നു സമ്മതിച്ചതിലൂടെ, ഇസ്രായേല്യർ ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചു. യഹൂദരുടെ പിൻതലമുറകൾ ഈ സമർപ്പിത ജനതയുടെ ഭാഗമായാണു പിറന്നുവീണത്‌. എന്നിരുന്നാലും, പൊ.യു. 33-ലെ പെന്തെക്കൊസ്‌തു മുതൽ യേശുക്രിസ്‌തുവിന്റെ അനുഗാമികളായിത്തീർന്ന യഹൂദരുടെ സ്‌നാപനത്തിൽ സമർപ്പിത ജനതയിലെ അംഗങ്ങളെന്ന നിലയിൽ ദൈവമുമ്പാകെ തങ്ങളെത്തന്നെ കാഴ്‌ചവെക്കുന്നതിലധികം ഉൾപ്പെട്ടിരുന്നു. ഇത്‌ യേശുക്രിസ്‌തു മുഖാന്തരം യഹോവയാം ദൈവവുമായി ഒരു പുതിയ ബന്ധത്തിലേക്കു വന്നുകൊണ്ട്‌ തങ്ങളെത്തന്നെ അവനു സമർപ്പിക്കുന്നതിനെ പ്രതീകപ്പെടുത്തി. അതെങ്ങനെ?

പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യെരൂശലേമിലെ മാളിക മുറിയിൽ കൂടിവന്ന 120-ഓളം ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ്‌ ചൊരിയപ്പെട്ടതിനെ തുടർന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുന്നേറ്റുനിന്ന്‌, സംഭവിച്ചത്‌ എന്തെന്നു കാണാൻ കൂടിവന്നിരുന്ന യഹൂദരും യഹൂദ മതപരിവർത്തിതരും അടങ്ങിയ പുരുഷാരത്തോടു പ്രസംഗിക്കാൻ തുടങ്ങി. പത്രൊസ്‌ ഒരു സമഗ്ര സാക്ഷ്യംതന്നെ നൽകി. തുടർന്ന്‌, മനസ്സാക്ഷിക്കുത്തേറ്റ യഹൂദരോട്‌ അവൻ “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനം ഏല്‌പിൻ” എന്നു പറഞ്ഞു. പത്രൊസിന്റെ കൂടുതലായ ഉദ്‌ബോധനത്തോടുള്ള പ്രതികരണമായി “അവന്റെ വാക്കു കൈക്കൊണ്ടവർ സ്‌നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.”​—⁠പ്രവൃത്തികൾ 2:1-41.

പത്രൊസിന്റെ ഉദ്‌ബോധനം കേട്ട്‌ സ്‌നാപനമേറ്റ ആ യഹൂദർ അപ്പോൾത്തന്നെ ഒരു സമർപ്പിത ജനതയിലെ അംഗങ്ങളായിരുന്നില്ലേ? അവർ ദൈവവുമായി ഒരു സമർപ്പിത ബന്ധത്തിലായിരുന്നില്ലേ? അല്ല. ദൈവം ന്യായപ്രമാണത്തെ “ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (കൊലൊസ്സ്യർ 2:14) യഹോവയാം ദൈവം, പൊ.യു. 33-ലെ ക്രിസ്‌തുവിന്റെ മരണത്തിലൂടെ ന്യായപ്രമാണ ഉടമ്പടി​—⁠ഇസ്രായേല്യരെ യഹോവയുമായുള്ള സമർപ്പിത ബന്ധത്തിലേക്ക്‌ കൊണ്ടുവരാനുള്ള അടിസ്ഥാനം​—⁠നീക്കം ചെയ്‌തു. ദൈവപുത്രനെ തള്ളിക്കളഞ്ഞ ജനതയെ ഇപ്പോൾ ദൈവവും ഉപേക്ഷിച്ചു. ‘ജഡപ്രകാരമുള്ള യിസ്രായേലിന്‌’ മേലാൽ തങ്ങൾ ദൈവത്തിന്റെ സമർപ്പിത ജനതയാണെന്ന്‌ അവകാശപ്പെടാൻ കഴിയില്ലായിരുന്നു.​—⁠1 കൊരിന്ത്യർ 10:⁠18; മത്തായി 21:43.

ന്യായപ്രമാണ ഉടമ്പടി പൊ.യു. 33-ൽ നീക്കം ചെയ്യപ്പെട്ടെങ്കിലും യഹൂദരോടുള്ള ദൈവത്തിന്റെ പ്രത്യേക പ്രീതിയുടെയും പരിഗണനയുടെയും കാലഘട്ടം അപ്പോൾ അവസാനിച്ചില്ല. * ആ കാലഘട്ടം പൊ.യു. 36 വരെ, ദൈവഭക്തനായ കൊർന്നേല്യൊസ്‌ എന്ന ഇത്താലികക്കാരനോടും (ഇറ്റലി) അവന്റെ വീട്ടുകാരോടും മറ്റ്‌ വിജാതീയരോടും പത്രൊസ്‌ പ്രസംഗിക്കുന്നതുവരെ, തുടരേണ്ടിയിരുന്നു. (പ്രവൃത്തികൾ 10:1-48) ഇതിനുള്ള അടിസ്ഥാനം എന്തായിരുന്നു?

“[മിശിഹാ] അനേകർക്കായി ഒരു ആഴ്‌ചത്തേക്ക്‌ ഉടമ്പടിയെ പ്രാബല്യത്തിൽ നിലനിറുത്തേണ്ടതാകുന്നു” എന്ന്‌ ദാനീയേൽ 9:27 (NW) പറയുന്നു. പൊ.യു. 29-ൽ, യേശു സ്‌നാപനമേൽക്കുകയും മിശിഹാ എന്ന നിലയിൽ പരസ്യ ശുശ്രൂഷ ആരംഭിക്കുകയും ചെയ്‌തതു മുതൽ ഏഴു വർഷത്തേക്ക്‌ അഥവാ “ഒരു ആഴ്‌ചത്തേക്ക്‌” പ്രാബല്യത്തിൽ നിലനിറുത്തപ്പെട്ട ഉടമ്പടി അബ്രാഹാമ്യ ഉടമ്പടിയായിരുന്നു. ആ ഉടമ്പടി ബന്ധത്തിൽ ആയിരിക്കുന്നതിന്‌ ഒരു വ്യക്തി അബ്രാഹാമിന്റെ ഒരു എബ്രായ സന്തതി ആയിരുന്നാൽ മാത്രം മതിയായിരുന്നു. ആ ഏകപക്ഷീയ ഉടമ്പടി, വ്യക്തിക്ക്‌ യഹോവയുമായുള്ള ഒരു സമർപ്പിത ബന്ധം പ്രദാനം ചെയ്‌തില്ല. അതുകൊണ്ട്‌, പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ പത്രൊസിന്റെ പ്രസംഗം കേട്ടശേഷം സ്‌നാപനമേൽക്കാൻ ഒരുങ്ങിയ യഹൂദ വിശ്വാസികൾക്ക്‌ സ്വാഭാവിക യഹൂദർ എന്ന നിലയിൽ വിശേഷ ശ്രദ്ധ ലഭിച്ചിരുന്നെങ്കിലും, ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്യപ്പെട്ടിരുന്ന സ്ഥിതിക്ക്‌ ദൈവവുമായി ഒരു സമർപ്പിത ബന്ധം ആസ്വദിക്കുന്നതായി അവകാശപ്പെടാൻ കഴിയില്ലായിരുന്നു. അവർ വ്യക്തിപരമായി തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കേണ്ടത്‌ ആവശ്യമായിരുന്നു.

പൊ.യു. 33-ലെ പെന്തെക്കൊസ്‌തു ദിവസം സ്‌നാപനത്തിനായി മുന്നോട്ടു വന്ന യഹൂദരും യഹൂദ മതപരിവർത്തിതരും വ്യക്തിപരമായ സമർപ്പണം നടത്തേണ്ടത്‌ അനിവാര്യമായിരുന്നതിന്‌ മറ്റൊരു കാരണം ഉണ്ടായിരുന്നു. മാനസാന്തരപ്പെട്ട്‌ യേശുവിന്റെ നാമത്തിൽ സ്‌നാപനം ഏൽക്കാൻ അപ്പൊസ്‌തലനായ പത്രൊസ്‌ തന്റെ ശ്രോതാക്കളെ ഉദ്‌ബോധിപ്പിച്ചു. അതിനായി അവർ ലോകത്തിന്റെ വഴി വിട്ടുതിരിഞ്ഞ്‌ യേശുവിനെ കർത്താവും മിശിഹായും മഹാപുരോഹിതനും സ്വർഗത്തിൽ ദൈവത്തിന്റെ വലത്തു ഭാഗത്ത്‌ ഇരിക്കുന്നവനുമായി അംഗീകരിക്കേണ്ടത്‌ ആവശ്യമായിരുന്നു. രക്ഷയ്‌ക്കായി അവർ ക്രിസ്‌തുയേശുവിലൂടെ യഹോവയാം ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കേണ്ടിയിരുന്നു, ക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുന്നതും തങ്ങളുടെ നായകനായി അവനെ അംഗീകരിക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. ദൈവവുമായി ഒരു ബന്ധം ആസ്വദിക്കാനും പാപമോചനം നേടാനും ഉള്ള അടിസ്ഥാനം ഇപ്പോൾ പാടേ മാറിയിരുന്നു. വ്യക്തികളെന്ന നിലയിൽ വിശ്വാസികളായ യഹൂദർ ഈ പുതിയ ക്രമീകരണം സ്വീകരിക്കേണ്ടതുണ്ടായിരുന്നു. അവർക്ക്‌ ഇത്‌ എങ്ങനെ കഴിയുമായിരുന്നു? ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ടും യേശുക്രിസ്‌തുവിന്റെ നാമത്തിലുള്ള ജല സ്‌നാപനത്താൽ അത്‌ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടും. ജല സ്‌നാപനം ദൈവത്തോടുള്ള അവരുടെ സമർപ്പണത്തിന്റെ പ്രതീകമായിരുന്നു, ഇത്‌ അവരെ യേശുക്രിസ്‌തു മുഖാന്തരം ദൈവവുമായി ഒരു പുതിയ ബന്ധത്തിലേക്കു കൊണ്ടുവന്നു.​—⁠പ്രവൃത്തികൾ 2:21, 33-36; 3:19-23.

[അടിക്കുറിപ്പ്‌]

^ ഖ. 7 യേശുക്രിസ്‌തു സ്വർഗാരോഹണം ചെയ്യുകയും ബലിയർപ്പിച്ച തന്റെ മനുഷ്യജീവന്റെ മൂല്യം യഹോവയാം ദൈവത്തിനു സമർപ്പിക്കുകയും ചെയ്‌തപ്പോൾ മോശൈക ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്യപ്പെടുകയും മുൻകൂട്ടി പറയപ്പെട്ട ‘പുതിയ നിയമ’ത്തിനുള്ള അടിസ്ഥാനം സ്ഥാപിക്കപ്പെടുകയും ചെയ്‌തു.​—⁠യിരെമ്യാവു 31:31-34.