വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുപമ സന്തോഷം

അനുപമ സന്തോഷം

ജീവിത കഥ

അനുപമ സന്തോഷം

റെജിനൾഡ്‌ വാൾവർക്ക്‌ പറഞ്ഞപ്രകാരം

“യഹോവയ്‌ക്കുള്ള മുഴുസമയ മിഷനറി സേവനത്തിൽനിന്നു ഞങ്ങൾക്കു ലഭിച്ച സന്തോഷത്തോട്‌ ഉപമിക്കാവുന്ന യാതൊന്നും ഈ ലോകത്തില്ല.” 1994 മേയിൽ എന്റെ ഭാര്യ മരിച്ചശേഷം, അവൾ സൂക്ഷിച്ചുവെച്ചിരുന്ന കത്തുകൾക്കിടയിൽനിന്നു കിട്ടിയ ഒരു കുറിപ്പായിരുന്നു അത്‌.

ഐറീന്റെ ഈ വാക്കുകളെ കുറിച്ച്‌ ആലോചിക്കുമ്പോൾ, പെറുവിൽ ഞങ്ങളൊരുമിച്ചു ചെലവിട്ട സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ 37 വർഷങ്ങളാണ്‌ എന്റെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌. 1942 ഡിസംബറിൽ വിവാഹിതരായശേഷം ഞങ്ങൾ ഒരു അമൂല്യ ക്രിസ്‌തീയ പങ്കാളിത്തം ആസ്വദിച്ചു. എന്റെ കഥ അവിടെനിന്നുതന്നെ തുടങ്ങാം.

ഇംഗ്ലണ്ടിലെ ലിവർപൂളിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായാണ്‌ ഐറീൻ വളർന്നുവന്നത്‌. മൂന്നു പെൺമക്കളിൽ ഒരാളായിരുന്നു അവൾ. ഐറിന്റെ പിതാവ്‌ ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചു. തുടർന്ന്‌, അവളുടെ അമ്മ വിന്റൺ ഫ്രെയ്‌സർ എന്നയാളെ വിവാഹം കഴിച്ചു. അതിൽ ഒരു മകനുണ്ടായി, സിഡ്‌നി. രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പ്‌ നോർത്ത്‌ വെയിൽസിലെ ബാംഗോറിലേക്ക്‌ അവരുടെ കുടുംബം താമസം മാറ്റി. അവിടെവെച്ചാണ്‌ ഐറീൻ സ്‌നാപനമേറ്റത്‌, 1939-ൽ. തലേവർഷം സിഡ്‌നി സ്‌നാപനമേറ്റിരുന്നു. അതുകൊണ്ട്‌ അവനും ഐറീനും വെയിൽസിന്റെ ഉത്തരതീരത്ത്‌ ഉടനീളം, അങ്കൽസി ദ്വീപ്‌ ഉൾപ്പെടെ ബാംഗോർ മുതൽ കാർനാർവോൻ വരെയുള്ള പ്രദേശത്ത്‌ പയനിയർമാർ​—⁠മുഴുസമയ സുവിശേഷകർ​—⁠ആയി സേവിച്ചു.

ആ സമയത്ത്‌ ലിവർപൂളിന്‌ ഏതാണ്ട്‌ 20 കിലോമീറ്റർ തെക്കുകിഴക്കുള്ള റൺകോൺ സഭയിൽ, ഇപ്പോൾ അധ്യക്ഷ മേൽവിചാരകൻ എന്ന പേരിൽ അറിയപ്പെടുന്ന പദവിയിൽ സേവിക്കുകയായിരുന്നു ഞാൻ. ഒരു സർക്കിട്ട്‌ സമ്മേളന ദിനത്തിൽ, സുവാർത്ത പ്രസംഗിക്കാനായി തനിക്ക്‌ കുറച്ചു പ്രദേശം ലഭിക്കുമോ എന്ന്‌ അറിയാനായി ഐറീൻ എന്നെ സമീപിച്ചു. കാരണം, വീരാ എന്ന വിവാഹിതയായ തന്റെ ചേച്ചിയോടൊത്ത്‌ കുറച്ചുനാൾ താമസിക്കാനായി അവൾ റൺകോണിലേക്കു വരാനിരിക്കുകയായിരുന്നു. ഐറീൻ ഞങ്ങളോടൊപ്പമുണ്ടായിരുന്ന രണ്ടാഴ്‌ചക്കാലംകൊണ്ട്‌ ഞാനും അവളും നല്ല പരിചയത്തിലായി. പിന്നെ ഞാൻ അവളെ കാണാനായി ബാംഗോറിൽ പല പ്രാവശ്യം ചെന്നിട്ടുണ്ട്‌. ഒരു വാരാന്തത്തിൽ, അവൾ വിവാഹത്തിനു സമ്മതം മൂളിയപ്പോൾ എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ!

ഞായറാഴ്‌ച വീട്ടിലെത്തിയ ഞാൻ പെട്ടെന്നുതന്നെ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്‌തുതുടങ്ങി, എന്നാൽ ചൊവ്വാഴ്‌ച എനിക്കൊരു ടെലിഗ്രാം കിട്ടി. “ഈ ടെലിഗ്രാം താങ്കളെ വേദനിപ്പിക്കുമെന്ന്‌ എനിക്കറിയാം. ഞാൻ വിവാഹം തത്‌കാലം മാറ്റിവെക്കുകയാണ്‌. ഞാൻ താങ്കൾക്ക്‌ ഒരു കത്ത്‌ അയച്ചിട്ടുണ്ട്‌” എന്നായിരുന്നു അതിലെ സന്ദേശം. ഞാൻ ഞെട്ടിപ്പോയി. എന്തായിരിക്കാം പ്രശ്‌നം?

ഐറീൻ അയച്ച കത്ത്‌ അടുത്ത ദിവസം കിട്ടി. ഹിൽഡ പജെറ്റുമൊത്ത്‌ യോക്‌ഷയറിലുള്ള ഹോസ്‌ഫോർത്തിൽ പയനിയറിങ്‌ ചെയ്യാൻ പോകുകയാണെന്ന്‌ അവൾ എഴുതിയിരുന്നു. * ആവശ്യം കൂടുതലുള്ളിടത്ത്‌ സേവിക്കാൻ സന്നദ്ധയാണെന്ന്‌ 12 മാസം മുമ്പ്‌ താൻ സമ്മതിച്ചിരുന്നതാണെന്ന്‌ അവൾ വിശദീകരിച്ചു. അവൾ എഴുതി: “എന്നെ സംബന്ധിച്ചിടത്തോളം അത്‌ യഹോവയ്‌ക്കുള്ള ഒരു നേർച്ച പോലെ ആയിരുന്നു. താങ്കളെ പരിചയപ്പെടുന്നതിനു മുമ്പാണ്‌ ഞാൻ ദൈവത്തോട്‌ ആ വാഗ്‌ദാനം ചെയ്‌തത്‌. അതുകൊണ്ട്‌ അത്‌ നിറവേറ്റിയേ തീരൂ എന്നു ഞാൻ കരുതുന്നു.” എനിക്ക്‌ ദുഃഖം തോന്നിയെങ്കിലും, അവളുടെ വിശ്വസ്‌തതയെ ഞാൻ ആദരിക്കുകയും ടെലിഗ്രാഫിലൂടെ ഈ മറുപടി അയക്കുകയും ചെയ്‌തു: “പൊയ്‌ക്കോളൂ, ഞാൻ കാത്തിരിക്കാം.”

യോക്‌ഷയറിൽ ആയിരിക്കെ, മനസ്സാക്ഷി സംബന്ധമായ കാരണത്താൽ യുദ്ധപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാതിരുന്നതു നിമിത്തം അവൾക്ക്‌ മൂന്നു മാസത്തെ ജയിൽ ശിക്ഷ ലഭിച്ചു. എങ്കിലും, 18 മാസങ്ങൾക്കു ശേഷം 1942 ഡിസംബറിൽ ഞങ്ങൾ വിവാഹിതരായി.

എന്റെ ആദ്യകാലങ്ങൾ

എന്റെ അമ്മ 1919-ൽ വേദാധ്യയന പത്രികയുടെ (ഇംഗ്ലീഷ്‌) ഒരു സെറ്റ്‌ വാങ്ങിയിരുന്നു. * എന്റെ അച്ഛന്റെ വാക്കുകളിൽ പറഞ്ഞാൽ, അമ്മ അതുവരെ ഒരു പുസ്‌തകവും കൈകൊണ്ടു തൊട്ടിട്ടില്ല. എങ്കിലും, ബൈബിൾ ഉപയോഗിച്ച്‌ ഈ വാല്യങ്ങൾ ശ്രദ്ധാപൂർവം പഠിക്കാൻതന്നെ അമ്മ തീരുമാനിച്ചു. അമ്മ പഠിക്കുകതന്നെ ചെയ്‌തു, 1920-ൽ സ്‌നാപനവുമേറ്റു.

എന്റെ അച്ഛൻ ഒരു പിടിവാശിക്കാരനല്ലായിരുന്നു. നാലു കുട്ടികളെ, അതായത്‌ എന്നെയും എന്റെ ചേച്ചിമാരായ ഗ്വെൻ, ഐവി എന്നിവരെയും ജ്യേഷ്‌ഠൻ അലെക്കിനെയും സത്യത്തിന്റെ പാതയിൽ വളർത്തിക്കൊണ്ടുവരുന്നത്‌ ഉൾപ്പെടെയുള്ള അമ്മയുടെ ആഗ്രഹങ്ങൾക്ക്‌ അദ്ദേഹം തടസ്സം നിന്നതുമില്ല. ബൈബിൾ പ്രസംഗങ്ങൾ നടത്താനായി സ്റ്റാൻലി റോജേഴ്‌സും ലിവർപൂളിലുള്ള മറ്റു വിശ്വസ്‌ത സാക്ഷികളും റൺകോണിലേക്കു തിരിച്ചു, പെട്ടെന്നുതന്നെ അവിടെ ഒരു സഭ സ്ഥാപിക്കപ്പെട്ടു. ആ സഭയോടൊത്ത്‌ ഞങ്ങളുടെ കുടുംബം ആത്മീയമായി പുരോഗമിച്ചു.

ആംഗ്ലിക്കൻ സഭയിൽ അംഗത്വം ലഭിക്കാനുള്ള ക്ലാസ്സുകൾക്ക്‌ ഗ്വെൻ സംബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മയോടൊത്തു ബൈബിൾ പഠിക്കാനാരംഭിച്ച ഉടനെ അവൾ അത്‌ നിറുത്തി. ക്ലാസ്സിൽ വരാത്തത്‌ എന്തുകൊണ്ടാണെന്ന്‌ അന്വേഷിക്കാനായി വീട്ടിലെത്തിയ വികാരിയോട്‌ അവൾ ചില ചോദ്യങ്ങൾ ചോദിച്ചു. അവയ്‌ക്ക്‌ ഉത്തരം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഗ്വെൻ കർത്താവിന്റെ പ്രാർഥനയുടെ അർഥം അദ്ദേഹത്തോടു ചോദിച്ചു, എങ്കിലും അവൾതന്നെ അത്‌ അദ്ദേഹത്തിനു വിശദീകരിച്ചുകൊടുക്കേണ്ടിവന്നു! 1 കൊരിന്ത്യർ 10:21 ഉദ്ധരിച്ചുകൊണ്ട്‌, ‘രണ്ടു മേശകളിൽ’ അംശിയാകാൻ തനിക്കാവില്ലെന്ന്‌ അവൾ ഒടുവിൽ വ്യക്തമാക്കി. ഗ്വെനിനുവേണ്ടി പ്രാർഥിക്കുമെന്നും ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി താൻ മടങ്ങിവരുമെന്നും പറഞ്ഞ്‌ ഞങ്ങളുടെ വീട്ടിൽനിന്നു പോയ വികാരി പിന്നെ ആ വഴിക്കു വന്നിട്ടില്ല. സ്‌നാപനത്തിനുശേഷം ഗ്വെൻ ഒരു മുഴുസമയ സുവിശേഷക ആയിത്തീർന്നു.

യുവജനങ്ങൾക്ക്‌ സഭയിൽ ലഭിച്ച ശ്രദ്ധ മാതൃകാപരമായിരുന്നു. എനിക്ക്‌ ഏഴു വയസ്സുള്ളപ്പോൾ ഒരു സന്ദർശക മൂപ്പൻ നടത്തിയ പ്രസംഗം കേട്ടതിനെ കുറിച്ച്‌ ഞാൻ ഓർമിക്കുന്നു. പ്രസംഗത്തിനുശേഷം അദ്ദേഹം സംസാരിക്കാനായി എന്റെ അടുത്തുവന്നു. അബ്രാഹാമിനെയും അവൻ തന്റെ മകനെ ബലികൊടുക്കാൻ ശ്രമിച്ചതിനെയും കുറിച്ചുള്ള ബൈബിൾ വിവരണം വായിച്ചെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. “പ്ലാറ്റ്‌ഫാറത്തിന്റെ മൂലയിൽ ചെന്നുനിന്ന്‌ എനിക്ക്‌ അതൊക്കെ ഒന്നു പറഞ്ഞുതരൂ” അദ്ദേഹം ആവശ്യപ്പെട്ടു. അവിടെനിന്ന്‌ എന്റെ ആദ്യത്തെ “പരസ്യ പ്രസംഗം” നടത്തിയപ്പോൾ എനിക്ക്‌ എത്ര ഉത്സാഹം തോന്നിയെന്നോ!

തുടർന്ന്‌ 1931-ൽ, 15-ാം വയസ്സിൽ ഞാൻ സ്‌നാപനമേറ്റു. ആ വർഷം അമ്മ മരിച്ചതിനെ തുടർന്ന്‌ ഞാൻ സ്‌കൂൾ പഠനം ഉപേക്ഷിച്ച്‌ ഒരു അപ്രന്റിസ്‌ ഇലക്‌ട്രീഷ്യൻ ആയി. 1936-ൽ, റെക്കോർഡ്‌ ചെയ്‌ത ബൈബിൾ പ്രസംഗങ്ങൾ ആളുകളെ പരസ്യമായി കേൾപ്പിക്കുന്ന രീതിയുണ്ടായിരുന്നു, ഈ വയൽ പ്രവർത്തനത്തിൽ തിരക്കോടെ ഏർപ്പെടാൻ എന്നെയും എന്റെ സഹോദരനെയും പ്രായമേറിയ ഒരു സഹോദരി പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട്‌, ഒരു സൈക്കിൾ വാങ്ങാനും ഫോണോഗ്രാഫ്‌ വെക്കാനായി സൈക്കിളിൽ ഘടിപ്പിക്കാനുള്ള ഒരു സൈഡ്‌കാർ പറഞ്ഞ്‌ ഉണ്ടാക്കിക്കാനുമായി ഞാനും അലെക്കും ലിവർപൂളിലേക്കു പോയി. സൈഡ്‌കാറിനു പുറകിലായി രണ്ടു മീറ്റർ ഉയരത്തിൽ, ആന്റിന പോലെ വലിച്ചുനീട്ടുകയും ചുരുക്കിവെക്കുകയും ചെയ്യാവുന്ന ഒരു ദണ്ഡിലാണ്‌ സ്‌പീക്കർ ഘടിപ്പിച്ചിരുന്നത്‌. അതുപോലൊന്ന്‌ അതുവരെ ഉണ്ടാക്കിയിട്ടില്ലെന്ന്‌ മെക്കാനിക്ക്‌ ഞങ്ങളോടു പറഞ്ഞു. എങ്കിലും അതു വളരെ നല്ലതായിരുന്നു! ഞങ്ങൾ ആ പ്രദേശം ഉത്സാഹത്തോടെ പ്രവർത്തിച്ചുതീർത്തു. ആ സഹോദരി നൽകിയ പ്രോത്സാഹനത്തോടും ലഭിച്ച സേവനപദവിയോടും ഞങ്ങൾ നന്ദിയുള്ളവരായിരുന്നു.

രണ്ടാം ലോകമഹായുദ്ധം ​—⁠ഒരു പരിശോധനാകാലം

യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കൊണ്ടിരുന്ന സമയത്ത്‌, ലണ്ടനിലെ റോയൽ ആൽബർട്ട്‌ ഹാളിൽ വെച്ച്‌ 1938 സെപ്‌റ്റംബർ 11-ന്‌ നടത്താനിരുന്ന “വസ്‌തുതകളെ അഭിമുഖീകരിക്കുക” എന്ന പരസ്യ പ്രസംഗത്തിന്റെ പ്രചരണ പരിപാടിയിൽ ഞാനും റോജേഴ്‌സും തിരക്കോടെ ഏർപ്പെട്ടു. പിന്നീട്‌ ഈ പ്രസംഗം അച്ചടിച്ച ചെറുപുസ്‌തകം, പിറ്റേവർഷം പ്രസിദ്ധീകരിച്ച ഫാസിസമോ സ്വാതന്ത്ര്യമോ (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകത്തോടൊപ്പം വിതരണം ചെയ്യുന്നതിലും ഞാൻ പങ്കെടുത്തു. ഹിറ്റ്‌ലറിന്റെ ജർമനിയുടെ സമഗ്രാധിപത്യ അഭിലാഷങ്ങൾ ഈ രണ്ടു ചെറുപുസ്‌തകങ്ങളും വ്യക്തമായി തുറന്നുകാട്ടി. ഈ സമയമായതോടെ, ഞാൻ റൺകോണിൽ അറിയപ്പെട്ട ഒരു വ്യക്തിയായിത്തീർന്നു, പരസ്യശുശ്രൂഷ നിമിത്തം അളുകൾ എന്നെ ആദരിച്ചിരുന്നു. എല്ലായ്‌പോഴും ദിവ്യാധിപത്യ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ആയിരിക്കാൻ കഴിഞ്ഞത്‌ ഭാവിയിൽ ഉപകാരപ്രദമായി.

പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പുതിയ ഫാക്ടറിയുടെ വയറിങ്ങിന്റെ കരാറെടുത്തിരുന്നത്‌ ഞാൻ ജോലി ചെയ്‌തുകൊണ്ടിരുന്ന സ്ഥാപനമാണ്‌. അത്‌ യുദ്ധായുധ നിർമാണത്തിനുള്ള ഒരു ഫാക്ടറി ആണെന്ന്‌ അറിഞ്ഞപ്പോൾ എനിക്ക്‌ അവിടെ ജോലി ചെയ്യാനാവില്ല എന്നു ഞാൻ വ്യക്തമാക്കി. എന്റെ തൊഴിലുടമകൾക്ക്‌ അത്‌ ഇഷ്ടപ്പെട്ടില്ലെങ്കിലും, സ്ഥാപനത്തിന്റെ ഫോർമാൻ എനിക്കുവേണ്ടി സംസാരിക്കുകയും വേറൊരു ജോലി തരപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ഒരു അമ്മായി യഹോവയുടെ സാക്ഷി ആണെന്നു ഞാൻ പിന്നീട്‌ അറിഞ്ഞു.

ഒരു സഹപ്രവർത്തകൻ പിൻവരുന്ന പ്രകാരം പറഞ്ഞത്‌ എനിക്ക്‌ വളരെ പ്രോത്സാഹനമേകി: “റെജ്‌, അനേക വർഷങ്ങളായി താങ്കൾ ബൈബിൾ വേലയിൽ പങ്കെടുക്കുന്നതിനാൽ ഇതല്ലാതെ മറ്റൊന്നും ഞങ്ങൾക്കു പ്രതീക്ഷിക്കാനാവില്ല.” എന്നിരുന്നാലും, സഹപ്രവർത്തകരിൽ പലരും എന്നെ കുടുക്കിലാക്കാൻ ആഗ്രഹിച്ചതുകൊണ്ട്‌ എനിക്കു ജാഗ്രത പാലിക്കേണ്ടിവന്നു.

മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിന്‌ വിസമ്മതിക്കുന്നതായുള്ള എന്റെ നിലപാട്‌ 1940 ജൂണിൽ ലിവർപൂളിലെ കോടതി അംഗീകരിച്ചു. എന്നാൽ ഞാൻ അപ്പോഴത്തെ എന്റെ തൊഴിലിൽത്തന്നെ തുടരണം എന്ന വ്യവസ്ഥയിലായിരുന്നു അത്‌. ഇത്‌ ക്രിസ്‌തീയ ശുശ്രൂഷയിൽ തുടരാൻ എന്നെ സഹായിച്ചു.

മുഴുസമയ സേവനത്തിലേക്ക്‌

യുദ്ധം അവസാനിക്കാറായപ്പോൾ, തൊഴിൽ ഉപേക്ഷിച്ച്‌ ഐറീന്റെ കൂടെ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ ഞാൻ തീരുമാനിച്ചു. 1946-ൽ, 5 മീറ്റർ നീളമുള്ള ഒരു വാഹനഭവനം ഉണ്ടാക്കി ഞങ്ങൾ അതിൽ താമസമാക്കി. പിറ്റേ വർഷം ഗ്ലാസ്റ്റർഷിയറിലെ അൽവെസ്റ്റൺ എന്ന ഗ്രാമത്തിലേക്കു പോകാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. അതിനുശേഷം ഞങ്ങൾ സൈറൻസെസ്റ്റർ എന്ന ഒരു പുരാതന പട്ടണത്തിലും ബാത്ത്‌ എന്ന നഗരത്തിലും പയനിയറിങ്‌ ചെയ്‌തു. 1951-ൽ, ഒരു സഞ്ചാര മേൽവിചാരകനായി വെയിൽസിന്റെ തെക്കുഭാഗത്തുള്ള സഭകൾ സന്ദർശിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. എന്നാൽ രണ്ടു വർഷത്തിൽ കുറഞ്ഞ സമയത്തിനുശേഷം മിഷനറി പരിശീലനത്തിനായി ഞങ്ങൾ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലേക്കു പോയി.

ഈ സ്‌കൂളിന്റെ 21-ാമത്തെ ക്ലാസ്സ്‌ നടന്നത്‌ ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിലാണ്‌, 1953-ൽ ന്യൂയോർക്ക്‌ നഗരത്തിൽ നടന്ന ‘പുതിയലോക സമുദായ’ സമ്മേളനത്തിൽവെച്ച്‌ ഞങ്ങൾ ബിരുദധാരികളായി. ഞങ്ങളുടെ നിയമനം എവിടെയാണെന്നു ബിരുദദാന ദിവസംവരെ ഞങ്ങൾ അറിഞ്ഞിരുന്നില്ല. നിയമനം പെറുവിലാണെന്ന്‌ അറിഞ്ഞപ്പോൾ ഞങ്ങൾക്കു വളരെ സന്തോഷം തോന്നി. കാരണം? ഗിലെയാദിന്റെ 19-ാം ക്ലാസ്സിൽനിന്നും ബിരുദംനേടിയ ഐറീന്റെ അർധസഹോദരനായ സിഡ്‌നി ഫ്രെയ്‌സറും ഭാര്യ മാർഗരറ്റും [പെറുവിലെ] ലിമാ ബ്രാഞ്ച്‌ ഓഫീസിൽ ഒരു വർഷത്തിലധികമായി സേവിക്കുന്നുണ്ടായിരുന്നു!

വിസയ്‌ക്കുവേണ്ടി കാത്തിരിക്കവേ ബ്രുക്ലിൻ ബെഥേലിൽ കുറച്ചുനാൾ ഞങ്ങൾ വേല ചെയ്‌തു. എന്നാൽ പെട്ടെന്നുതന്നെ ഞങ്ങൾ ലിമായിലേക്കു തിരിച്ചു. ഞങ്ങളുടെ പത്ത്‌ മിഷനറി നിയമനങ്ങളിൽ ആദ്യത്തേത്‌ പെറുവിലെ പ്രമുഖ തുറമുഖമായ കല്ലോവ ആയിരുന്നു. ലിമായ്‌ക്ക്‌ തൊട്ടു പടിഞ്ഞാറായാണ്‌ അതു സ്ഥിതിചെയ്യുന്നത്‌. ഞങ്ങൾ സ്‌പാനീഷ്‌ ഭാഷയുടെ ചില അടിസ്ഥാന പാഠങ്ങൾ പഠിച്ചെങ്കിലും, ഒരു സംഭാഷണം നടത്താൻ എനിക്കോ ഐറീനോ അപ്പോൾ സാധിക്കുമായിരുന്നില്ല. ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുമായിരുന്നു?

പ്രസംഗവേലയിലെ തടസ്സങ്ങളും പദവികളും

ഒരു അമ്മ തന്റെ കുഞ്ഞിനെ ഭാഷ പഠിപ്പിക്കുന്നില്ലെന്ന്‌ ഗിലെയാദ്‌ സ്‌കൂളിൽവെച്ച്‌ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അമ്മയുടെ സംസാരം കേട്ടാണ്‌ കുഞ്ഞ്‌ ഭാഷ പഠിക്കുന്നത്‌. അതുകൊണ്ട്‌ ഞങ്ങൾക്കു ലഭിച്ച ബുദ്ധിയുപദേശം ഇതായിരുന്നു: “പ്രസംഗവേലയ്‌ക്ക്‌ ഉടൻതന്നെ പുറപ്പെടുക, പൊതുജനത്തിന്റെ പക്കൽനിന്നു ഭാഷ പഠിക്കുക. അവർ നിങ്ങളെ സഹായിക്കും.” ഈ പുതിയ ഭാഷ ഒന്നു വശമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ, ഞങ്ങൾ വന്ന്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കല്ലോവ സഭയുടെ അധ്യക്ഷ മേൽവിചാരകനായി എന്നെ നിയമിച്ചപ്പോഴുള്ള എന്റെ വികാരമൊന്ന്‌ ആലോചിച്ചുനോക്കൂ! ഞാൻ സിഡ്‌നി ഫ്രെയ്‌സറെ കാണാൻ പോയി. പക്ഷേ, ഗിലെയാദിൽ വെച്ച്‌ കേട്ട അതേ ബുദ്ധിയുപദേശമാണ്‌ അദ്ദേഹവും നൽകിയത്‌​—⁠സഭയിലെ സഹോദരങ്ങളുമായും പ്രദേശത്തെ ആളുകളുമായും ഇടപഴകുക. ആ നിർദേശം പിൻപറ്റാൻ ഞാൻ തീരുമാനിച്ചു.

ഒരു ശനിയാഴ്‌ച രാവിലെ, ഒരു മരപ്പണിക്കാരനെ അദ്ദേഹത്തിന്റെ പണിപ്പുരയിൽവെച്ചു ഞാൻ കണ്ടുമുട്ടി. “എനിക്കു പണിയുണ്ട്‌, എങ്കിലും ഇരുന്ന്‌ സംസാരിക്ക്‌, ഞാൻ കേട്ടോളാം” എന്ന്‌ അദ്ദേഹം പറഞ്ഞു. ഞാൻ അതിനു സമ്മതിച്ചു, അതോടൊപ്പം ഒരു വ്യവസ്ഥ വെക്കുകയും ചെയ്‌തു: “തെറ്റുണ്ടെങ്കിൽ തിരുത്തണം, എനിക്കു യാതൊരു പ്രശ്‌നവുമില്ല.” അദ്ദേഹം ഒന്നു ചിരിച്ചിട്ട്‌ പറഞ്ഞതുപോലെ ചെയ്യാമെന്നേറ്റു. ആഴ്‌ചയിൽ രണ്ടു തവണ ഞാൻ അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു. എനിക്കു ലഭിച്ചിരുന്ന നിർദേശംപോലെതന്നെ, ഒരു പുതിയ ഭാഷ വശപ്പെടുത്താനുള്ള നല്ല ഒരു മാർഗമായിരുന്നു അത്‌.

ഈകാ നഗരത്തിലെ ഞങ്ങളുടെ രണ്ടാം മിഷനറി നിയമനത്തിലായിരുന്നപ്പോഴും ഞാൻ ഒരു മരപ്പണിക്കാരനെ കണ്ടുമുട്ടി. ഭാഷ പഠിക്കാൻ കല്ലോവയിൽവെച്ചു ചെയ്‌ത ക്രമീകരണത്തെ കുറിച്ചു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. സമാനമായ വിധത്തിൽ സഹായിക്കാമെന്ന്‌ അദ്ദേഹം സമ്മതിച്ചു. അതുകൊണ്ട്‌, സ്‌പാനീഷ്‌ ഭാഷാപഠനം നന്നായി പുരോഗമിച്ചു. എങ്കിലും, മൂന്നുവർഷത്തിനു ശേഷമാണ്‌ ഒഴുക്കോടെ സംസാരിക്കാൻ എനിക്കു കഴിഞ്ഞത്‌. ഈ മനുഷ്യൻ എപ്പോഴും തിരക്കിലായിരുന്നെങ്കിലും, തിരുവെഴുത്തുകൾ വായിച്ച്‌ അർഥം വിശദീകരിച്ചുകൊണ്ട്‌ അയാൾക്ക്‌ ഒരു ബൈബിളധ്യയനം നടത്താൻ എനിക്കു കഴിഞ്ഞു. ഒരു ദിവസം അയാളെ കാണാനായി ഞാൻ ചെന്നപ്പോൾ, അയാൾക്കു ലിമായിൽ ഒരു പുതിയ ജോലി കിട്ടിയെന്നു തൊഴിലുടമ എന്നോടു പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞ്‌ ഞാനും ഐറീനും ലിമായിൽ ഒരു കൺവെൻഷനിൽ സംബന്ധിക്കാനെത്തിയപ്പോൾ ഞാൻ ഈ മനുഷ്യനെ വീണ്ടും കണ്ടുമുട്ടി. അധ്യയനം തുടരാനായി അദ്ദേഹം പ്രാദേശിക സാക്ഷികളുമായി ബന്ധപ്പെട്ടെന്നും അദ്ദേഹവും കുടുംബവും യഹോവയുടെ സമർപ്പിത ദാസരാണന്നും അറിഞ്ഞപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി!

ഒരു സഭയിൽ, ചെറുപ്പക്കാരായ ഒരു ദമ്പതികൾ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നു ഞാൻ മനസ്സിലാക്കി. എങ്കിലും അവർ സ്‌നാപനമേറ്റവരായിരുന്നു. ഉൾപ്പെട്ടിരിക്കുന്ന തിരുവെഴുത്തു തത്ത്വങ്ങളെ കുറിച്ച്‌ ഞങ്ങൾ അവരുമൊത്തു ചർച്ച ചെയ്‌തപ്പോൾ, വിവാഹബന്ധം നിയമപരമാക്കാൻ അവർ തീരുമാനിച്ചു. അത്‌ അവരെ യഥാർഥ, സ്‌നാപനമേറ്റ സാക്ഷികളായിത്തീരാൻ യോഗ്യരാക്കുമായിരുന്നു. അതുകൊണ്ട്‌ വിവാഹം രജിസ്റ്റർ ചെയ്യാനായി അവരെ ടൗൺഹാളിലേക്കു കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ഞാൻ ചെയ്‌തു. എന്നാൽ രജിസ്‌റ്റർ ചെയ്യാത്ത നാലു കുട്ടികൾ അവർക്ക്‌ ഉണ്ടായിരുന്നു എന്നത്‌ ഒരു പ്രശ്‌നമായിരുന്നു. കുട്ടികളെ രജിസ്റ്റർ ചെയ്യണമെന്നത്‌ നിയമപരമായ വ്യവസ്ഥയാണ്‌. മേയർ എന്തു നടപടി സ്വീകരിക്കുമെന്ന്‌ ഞങ്ങൾ സ്വാഭാവികമായും ചിന്തിച്ചു. മേയർ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ സ്‌നേഹിതരും നല്ലവരുമായ യഹോവയുടെ സാക്ഷികൾ, നിങ്ങളുടെ വിവാഹം നിയമാനുസൃതമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തതിനാൽ, ഞാൻ ഓരോ കുട്ടിയെയും രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവുകൾ അയയ്‌ക്കാനും അവരെ പണം ഈടാക്കാതെ രജിസ്റ്ററിൽ ചേർക്കാനും പോകുകയാണ്‌.” പിഴ ഈടാക്കിയാൽ ഈ ദരിദ്ര കുടുംബത്തിന്മേൽ ഉണ്ടാകാവുന്ന ഭാരം ഒഴിവായതുകൊണ്ട്‌ ഞങ്ങൾ എത്ര നന്ദിയുള്ളവരായിരുന്നെന്നോ!

യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിൻ ആസ്ഥാനത്തുനിന്നുള്ള ആൽബർട്ട്‌ ഡി. ഷ്രോഡർ പിന്നീട്‌ ഞങ്ങളെ സന്ദർശിച്ച്‌ ലിമായുടെ വേറൊരു ഭാഗത്ത്‌ ഒരു മിഷനറി ഭവനം സ്ഥാപിക്കണമെന്ന നിർദേശം വെച്ചു. അതുകൊണ്ട്‌ ഐറീനും ഞാനും ഐക്യനാടുകളിൽനിന്നുള്ള ഫ്രാൻസെസ്‌, എലിസബെത്ത്‌ ഗുഡ്‌ എന്നീ രണ്ട്‌ സഹോദരിമാരോടും കാനഡക്കാരായ ഒരു ദമ്പതികളോടുമൊപ്പം സാൻ ബോർഹാ ജില്ലയിലേക്കു മാറി. രണ്ടു മൂന്നു വർഷത്തിനുള്ളിൽ അവിടെ തഴിച്ചുവളരുന്ന മറ്റൊരു സഭ സ്ഥാപിതമായി.

മധ്യ പർവതപ്രദേശങ്ങളിൽ 3,000 മീറ്ററിലധികം ഉയരത്തിലായി സ്ഥിതിചെയ്യുന്ന വാങ്കൈയോയിൽ സേവിക്കുമ്പോൾ, 80 സാക്ഷികളുള്ള അവിടത്തെ സഭയുമായാണ്‌ ഞങ്ങൾ സഹവസിച്ചിരുന്നത്‌. അവിടെ ഞാൻ രാജ്യത്തെ രണ്ടാമത്തെ രാജ്യഹാളിന്റെ നിർമാണത്തിൽ പങ്കെടുത്തു. യഹോവയുടെ സാക്ഷികളുടെ നിയമപരമായ പ്രതിനിധിയായി ഞാൻ നിയമിക്കപ്പെട്ടു, സഭ വാങ്ങിയിരുന്ന സ്ഥലത്തിന്റെമേലുള്ള നിയമപരമായ അവകാശങ്ങൾ സ്ഥാപിക്കാനായി മൂന്നു തവണ ഞങ്ങൾക്കു കോടതിയിൽ പോകേണ്ടിവന്നു. അത്തരം പ്രവർത്തനങ്ങളും മുൻകാലങ്ങളിലെ വിശ്വസ്‌തരായ അനേകം മിഷനറിമാർ നിർവഹിച്ച വ്യാപകമായ ശിഷ്യരാക്കൽവേലയുമാണ്‌ നാം ഇന്ന്‌ പെറുവിൽ കാണുന്ന നല്ല വർധനയ്‌ക്ക്‌ അടിത്തറപാകിയത്‌. 1953-ൽ 283 ആയിരുന്ന സാക്ഷികളുടെ എണ്ണം ഇപ്പോൾ 83,000-ത്തിൽ അധികമാണ്‌.

സങ്കടകരമായ വേർപാട്‌

എല്ലാ മിഷനറി ഭവനങ്ങളിലും സഹ മിഷനറിമാരുമായി നല്ല സഹവാസം ആസ്വദിക്കാൻ ഞങ്ങൾക്കു സാധിച്ചു. മിക്കപ്പോഴും ഹോം ഓവർസിയർ എന്ന നിലയിലാണ്‌ ഞാൻ സേവിച്ചിരുന്നത്‌. എല്ലാ തിങ്കളാഴ്‌ചയും രാവിലെ ഒന്നിച്ചിരുന്ന്‌ ആ ആഴ്‌ചയിലെ മറ്റു ദിവസങ്ങളിലേക്കുള്ള പ്രവർത്തനത്തെ കുറിച്ചു ചർച്ച ചെയ്യുകയും ഭവനത്തിലെ വിവിധ ഉത്തരവാദിത്വങ്ങൾ പലർക്കായി നിയമിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. മുഖ്യ സംഗതി സുവാർത്താപ്രസംഗം ആണെന്നു ഞങ്ങളെല്ലാം തിരിച്ചറിഞ്ഞിരുന്നു. ആ ലക്ഷ്യത്തിൽ, ഞങ്ങൾ ഒരുമയോടെ പ്രവർത്തിച്ചിരുന്നു. ഞങ്ങളുടെ ഏതെങ്കിലും ഭവനത്തിൽ ഗൗരവമേറിയ ഒരു തർക്കം നടന്നിട്ടില്ല എന്നതിൽ ഞാൻ സന്തുഷ്ടനാണ്‌.

ലിമായുടെ മറ്റൊരു പ്രാന്തപ്രദേശമായ ബ്രെന്യായിലായിരുന്നു ഞങ്ങളുടെ ഒടുവിലത്തെ നിയമനം. സ്‌നേഹസമ്പന്നമായ അവിടത്തെ സഭയിലെ 70 സാക്ഷികൾ ദ്രുതഗതിയിൽ 100-ലധികമായി വർധിച്ചു. അങ്ങനെ പലോമിന്യയിൽ വേറൊരു സഭ രൂപംകൊണ്ടു. ഈ സമയത്താണ്‌ ഐറീൻ രോഗിയായത്‌. താൻ എന്താണ്‌ പറഞ്ഞതെന്ന്‌ അവൾക്കു ചിലപ്പോഴൊക്കെ ഓർമിക്കാൻ കഴിയാതാവുന്നതായും എങ്ങനെ വീട്ടിലെത്തണമെന്ന്‌ ഓർക്കാൻ അവൾ ബുദ്ധിമുട്ടുന്നതായും ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. നല്ല ചികിത്സ നൽകിയെങ്കിലും ദിവസം ചെല്ലുന്തോറും അവളുടെ അവസ്ഥ വഷളായിക്കൊണ്ടിരുന്നു.

ഒടുവിൽ 1990-ൽ, ഇംഗ്ലണ്ടിലേക്കു തിരിച്ചുപോകാൻ എനിക്ക്‌ ക്രമീകരണങ്ങൾ ചെയ്യേണ്ടിവന്നു. അവിടെ എന്റെ സഹോദരി ഐവി സ്‌നേഹപൂർവം ഞങ്ങളെ അവളുടെ വീട്ടിലേക്കു സ്വീകരിച്ചു. നാലു വർഷം കഴിഞ്ഞ്‌ 81-ാം വയസ്സിൽ ഐറീൻ മരിച്ചു. ഞാൻ എന്റെ സ്വദേശത്തുള്ള മൂന്നു സഭകളിലൊന്നിൽ ഒരു മൂപ്പനായി സേവിക്കുകയും ഒപ്പം മുഴുസമയ ശുശ്രൂഷയിൽ തുടരുകയും ചെയ്‌തിരിക്കുന്നു. ചിലപ്പോഴൊക്കെ മാഞ്ചസ്റ്ററിലെ സ്‌പാനീഷ്‌ കൂട്ടത്തെ പ്രോത്സാഹിപ്പിക്കാനായി അവിടേക്ക്‌ പോകാറുണ്ട്‌.

ഈയിടെ എനിക്ക്‌ വളരെ നല്ല ഒരനുഭവം ഉണ്ടായി. ദശാബ്ദങ്ങൾക്കുമുമ്പ്‌, ഞാൻ ഗ്രാമഫോണിലൂടെ അഞ്ചു മിനിട്ടു ദൈർഘ്യമുള്ള പ്രസംഗങ്ങൾ വീട്ടുകാരെ കേൾപ്പിച്ചകൊണ്ടിരുന്നപ്പോഴാണ്‌ വാസ്‌തവത്തിൽ ആ സംഭവത്തിന്റെ തുടക്കം. വാതിൽക്കൽവന്ന്‌ അമ്മയുടെ പുറകിലായിനിന്നു പ്രസംഗം കേട്ടുകൊണ്ടിരുന്ന സ്‌കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ ഇപ്പോഴും എനിക്ക്‌ നല്ല ഓർമയുണ്ട്‌.

ഈ പെൺകുട്ടി പിന്നീട്‌ കാനഡയിലേക്കു കുടിയേറി. എങ്കിലും, റൺകോണിൽ താമസിക്കുന്ന സാക്ഷിയായ ഒരു കൂട്ടുകാരി അവൾക്കു കത്തുകൾ എഴുതിക്കൊണ്ടിരുന്നു. സാക്ഷികളായ രണ്ടു സ്‌ത്രീകൾ തന്നെ സന്ദർശിച്ചെന്നും അവർ ഉപയോഗിച്ച വാക്കുകൾ കേട്ടപ്പോൾ പണ്ട്‌ അഞ്ചു മിനിട്ടു ദൈർഘ്യമുള്ള റെക്കോർഡ്‌ ചെയ്‌ത പ്രസംഗത്തിൽ കേട്ട കാര്യങ്ങൾ പെട്ടെന്ന്‌ ഓർമവന്നെന്നും അടുത്തകാലത്ത്‌ അവൾ എഴുതി. സത്യം തിരിച്ചറിഞ്ഞ അവൾ ഇപ്പോൾ യഹോവയുടെ ഒരു സമർപ്പിത ദാസിയാണ്‌. 60 വർഷംമുമ്പ്‌ തന്റെ വീട്ടിൽവന്ന ആ ചെറുപ്പക്കാരനോട്‌ നന്ദി അറിയിക്കണമെന്നും അവൾ എഴുതിയിരുന്നു! യഥാർഥത്തിൽ, സത്യത്തിന്റെ വിത്തുകൾ വേരിറങ്ങി വളരുന്നത്‌ ഏതു വിധത്തിലാണെന്ന്‌ നാമൊരിക്കലും അറിയുന്നില്ല.​—⁠സഭാപ്രസംഗി 11:⁠6.

യഹോവയുടെ വിലപ്പെട്ട സേവനത്തിനായി ചെലവഴിച്ച എന്റെ ജീവിതത്തിലേക്ക്‌ എനിക്ക്‌ കൃതജ്ഞതയോടെ തിരിഞ്ഞു നോക്കാനാകുന്നു. 1931-ലെ എന്റെ സമർപ്പണം മുതൽ ഞാൻ യഹോവയുടെ ജനത്തിന്റെ സമ്മേളനങ്ങളൊന്നും മുടക്കിയിട്ടില്ല. ഞങ്ങൾക്കു കുട്ടികൾ ഇല്ലെങ്കിലും, ആത്മീയമായ ഒരു അർഥത്തിൽ പുത്രന്മാരും പുത്രിമാരുമായി 150-ലേറെ മക്കളുള്ളതിൽ ഞാൻ സന്തുഷ്ടനാണ്‌. അവരെല്ലാം സ്വർഗീയ പിതാവായ യഹോവയെ സേവിക്കുന്നു. എന്റെ പ്രിയപ്പെട്ട ഭാര്യ പറഞ്ഞതുപോലെ, ഞങ്ങളുടെ സേവനപദവികൾ അനുപമ സന്തോഷത്തിന്റെ ഉറവായിരുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 9 “എന്റെ മാതാപിതാക്കളുടെ കാൽചുവടുകൾ പിന്തുടർന്നുകൊണ്ട്‌” എന്ന ഹിൽഡ പജെറ്റിന്റെ ജീവിതകഥ 1995 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 19-24 പേജുകളിൽ കാണാവുന്നതാണ്‌.

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[24 -ാം പേജിലെ ചിത്രം]

അമ്മ, 1900-ങ്ങളുടെ ആരംഭത്തിൽ

[25 -ാം പേജിലെ ചിത്രം]

മുകളിൽ: ഞങ്ങളുടെ വാഹനഭവനത്തിനു മുന്നിൽ ഞാനും ഐറീനും

[25 -ാം പേജിലെ ചിത്രം]

ഇടത്ത്‌: ഹിൽഡ പജെറ്റ്‌, ഞാൻ, ഐറീൻ, ജോയ്‌സ്‌ റോളി, ഇംഗ്ലണ്ടിലെ ലീഡ്‌സിൽ, 1940

[27 -ാം പേജിലെ ചിത്രം]

വെയിൽസിലെ കാർഡിഫിൽ ഒരു പരസ്യപ്രസംഗത്തെ കുറിച്ച്‌ അറിയിപ്പു നടത്തുന്നു, 1952