വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാനധർമങ്ങൾ മനോഭാവം മാറുന്നുവോ?

ദാനധർമങ്ങൾ മനോഭാവം മാറുന്നുവോ?

ദാനധർമങ്ങൾ മനോഭാവം മാറുന്നുവോ?

ന്യൂയോർക്കിലും വാഷിങ്‌ടൺ ഡി.സി.-യിലും 2001 സെപ്‌റ്റംബർ 11-നു നടന്ന ഭീകരാക്രമണത്തെ തുടർന്ന്‌, ദുരന്തത്തിന്‌ ഇരയായവർക്കു ലഭിച്ച പൊതുജന സഹായം വളരെ ശ്രദ്ധേയമായിരുന്നു. ദുരന്തത്തിന്‌ ഇരയായവരുടെ കുടുംബങ്ങളെ സഹായിക്കാൻ 270 കോടി ഡോളറാണ്‌ ധർമസ്ഥാപനങ്ങളിലേക്കു സംഭാവനയായി ഒഴുകിയെത്തിയത്‌. ദുരന്തം വിതച്ച നാശനഷ്ടങ്ങൾ കണ്ടു പകച്ചുപോയ എല്ലായിടത്തുമുള്ള ആളുകൾ സഹായഹസ്‌തം നീട്ടി.

എന്നാൽ ചില പ്രമുഖ ധർമസ്ഥാപനങ്ങൾ സംഭാവനകളിൽ തിരിമറി നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതോടെ, പൊതുജനത്തിന്റെ മനോഭാവത്തിനു മാറ്റം വരാൻ തുടങ്ങി. സംഭാവനയായി ലഭിച്ച 54.6 കോടി ഡോളറിന്റെ പകുതിയും പൂഴ്‌ത്തിവെച്ച്‌ മറ്റുകാര്യങ്ങൾക്കായി ഉപയോഗിക്കാൻ ഒരു വലിയ ധർമസ്ഥാപനം പരിപാടിയിട്ടിരിക്കുന്നതായുള്ള വാർത്ത വന്നതിനെ തുടർന്ന്‌ വ്യാപകമായ പ്രക്ഷോഭം ആർത്തിരമ്പി. ഒടുവിൽ ആ സംഘടന തീരുമാനം മാറ്റുകയും മാപ്പുപറയുകയും ചെയ്‌തെങ്കിലും മുഖച്ഛായ കളഞ്ഞുകുളിച്ചതിനെ കുറിച്ച്‌ ഒരു റിപ്പോർട്ടർ ഇങ്ങനെ പറഞ്ഞു: “ഈ മനസ്‌താപം കൊണ്ടൊന്നും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്‌.” നിങ്ങൾക്കെന്തു തോന്നുന്നു? ധർമസ്ഥാപനങ്ങളുടെ വിശ്വാസ്യതയിൽ അടുത്തെപ്പോഴെങ്കിലും നിങ്ങൾക്കു സംശയം തോന്നിയിട്ടുണ്ടോ?

പണം പാഴാകുന്നുവോ?

ധർമസ്ഥാപനങ്ങൾക്കു സംഭാവന നൽകുന്നത്‌ ഒരു സത്‌പ്രവൃത്തി ആയിട്ടാണ്‌ ആളുകൾ പൊതുവേ കരുതുന്നത്‌. എന്നാൽ എല്ലാവർക്കും ആ വീക്ഷണമില്ല. 200 വർഷങ്ങൾക്കു മുമ്പ്‌, ആംഗലേയ ഉപന്യാസകാരനായ സാമുവൽ ജോൺസൺ ഇങ്ങനെ എഴുതി: “നിങ്ങൾ ഒരു സത്‌പ്രവൃത്തി ചെയ്യുകയാണ്‌ എന്ന്‌ കൂടുതൽ ഉറപ്പു തോന്നുന്നത്‌ ധർമസ്ഥാപനങ്ങൾക്കു ദാനധർമം നടത്തുമ്പോഴല്ല, ജോലി ചെയ്‌തവർക്ക്‌ അവരുടെ കൂലി നൽകുമ്പോഴാണ്‌.” ഇന്നും ആളുകൾ സമാനമായിത്തന്നെ ചിന്തിക്കുന്നു. ധർമസ്ഥാപനങ്ങൾ സംഭാവനകൾ ദുരുപയോഗം ചെയ്യുന്നു അല്ലെങ്കിൽ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല എന്നിങ്ങനെയുള്ള വാർത്തകൾ നിമിത്തം പൊതുജനത്തിന്‌ അവയിലുള്ള വിശ്വാസം അടിക്കടി കുറഞ്ഞുവരികയാണ്‌. രണ്ട്‌ ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

സാൻ ഫ്രാൻസിസ്‌കോയിലുള്ള ഒരു ധർമസ്ഥാപനത്തിന്റെ മേധാവി തന്റെ പ്ലാസ്റ്റിക്‌ സർജറിയുടെ ബില്ലും രണ്ടുവർഷത്തെ പ്രതിവാര 500 ഡോളർ-റെസ്റ്ററന്റ്‌ ബില്ലും ഏജൻസിയുടെ ചെലവിൽപ്പെടുത്തി വെട്ടിപ്പുനടത്തിയതായുള്ള ആരോപണത്തെ തുടർന്ന്‌ സ്ഥാപനത്തിൽനിന്നു പുറത്താക്കപ്പെട്ടു. ബ്രിട്ടനിൽ, ടെലിവിഷനിലൂടെ ദാനധർമങ്ങൾ അഭ്യർഥിച്ചുകൊണ്ടു നടത്തിയ ഒരു വലിയ പരിപാടിയുടെ സംഘാടകർ, റൊമേനിയയിൽ അനാഥാലയങ്ങൾ പണിയാൻ 65 ലക്ഷം പൗണ്ട്‌ (ഏതാണ്ട്‌ ഒരു കോടി അമേരിക്കൻ ഡോളർ) അയച്ചുകൊടുത്തു. എന്നാൽ വെറും 12 ഇടത്തരം വീടുകൾ മാത്രമേ അവിടെ പണിതുള്ളു എന്നും ലക്ഷക്കണക്കിനു ഡോളർ അപ്രത്യക്ഷമായെന്നും കേട്ടപ്പോൾ സംഘാടകർ അന്തംവിട്ടുപോയി. നിരാശപ്പെടുത്തുന്ന ഇത്തരം റിപ്പോർട്ടുകളുടെ ഫലമായി തങ്ങൾ എത്രത്തോളം സംഭാവന നൽകുന്നു, ആർക്കു നൽകുന്നു എന്നിവ സംബന്ധിച്ചു ദാതാക്കൾ കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയിരിക്കുന്നു.

നൽകണോ വേണ്ടയോ?

എന്നിരുന്നാലും, ഏതാനും ചില വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അഴിമതി മറ്റുള്ളവരോടുള്ള നമ്മുടെ യഥാർഥ താത്‌പര്യത്തെയും സ്‌നേഹത്തെയും കെടുത്തിക്കളയാൻ നാം അനുവദിക്കുന്നെങ്കിൽ അതു സങ്കടകരമാണ്‌. ബൈബിൾ ഇപ്രകാരം പറയുന്നു: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” (യാക്കോബ്‌ 1:27) അതേ, ദരിദ്രരെയും ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെയും സഹായിക്കാൻ നടപടി സ്വീകരിക്കുന്നത്‌ ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു കാതലായ വശമാണ്‌.

എന്നുവരികിലും, ‘ഞാൻ ധർമസ്ഥാപനങ്ങൾക്കു തുടർന്നും സംഭാവന കൊടുക്കണമോ അതോ വ്യക്തികൾക്കു നേരിട്ട്‌ ദാനങ്ങൾ നൽകി അവരെ സഹായിച്ചാൽ മതിയോ?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഏതുതരം കൊടുക്കലാണ്‌ ദൈവം പ്രതീക്ഷിക്കുന്നത്‌? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ ചർച്ചചെയ്യും.