വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ പ്രസാദിപ്പിക്കുന്നതരം കൊടുക്കൽ

ദൈവത്തെ പ്രസാദിപ്പിക്കുന്നതരം കൊടുക്കൽ

ദൈവത്തെ പ്രസാദിപ്പിക്കുന്നതരം കൊടുക്കൽ

യേശുവും അവന്റെ ശിഷ്യന്മാരും മറിയ, മാർത്ത, ആയിടെ ഉയിർപ്പിക്കപ്പെട്ട ലാസർ തുടങ്ങിയ കുറെ അടുത്ത സുഹൃത്തുക്കളോടൊപ്പം ബെഥാന്യയിൽ ഒരു വിരുന്നിൽ പങ്കെടുക്കുകയായിരുന്നു. മറിയ എഴുന്നേറ്റ്‌ വിലയേറിയ ഏതാണ്ട്‌ 300 ഗ്രാം തൈലമെടുത്ത്‌ യേശുവിന്റെ പാദങ്ങളിൽ പൂശി. ഇതുകണ്ട്‌ നീരസപ്പെട്ട യൂദാ ഈസ്‌കര്യോത്താ തന്റെ വിയോജിപ്പ്‌ തുറന്നു പ്രകടിപ്പിച്ചു. “ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു [ഒരു വർഷത്തെ വേതനത്തിനു സമം] വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്ത്‌” എന്ന്‌ അവൻ പറഞ്ഞു. മറ്റുള്ളവരും സമാനമായി പരാതിപ്പെട്ടു.​—⁠യോഹന്നാൻ 12:1-6; മർക്കൊസ്‌ 14:3-5.

എന്നിരുന്നാലും, യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ഇവളെ വിടുവിൻ. . . . ദരിദ്രർ നിങ്ങൾക്കു എല്ലായ്‌പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മ ചെയ്‌വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്‌പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.” (മർക്കൊസ്‌ 14:6-9) ദാനധർമങ്ങൾ സത്‌പ്രവൃത്തികളാണെന്നു മാത്രമല്ല അവ പാപ മോചനം സാധ്യമാക്കുകയും ചെയ്യുമെന്ന്‌ യഹൂദ മതനേതാക്കന്മാർ പഠിപ്പിച്ചിരുന്നു. അതേസമയം, ദൈവം പ്രസാദിക്കുന്ന കൊടുക്കലിൽ പാവങ്ങൾക്കു നൽകുന്ന ദാനധർമങ്ങൾ മാത്രമല്ല ഉൾപ്പെടുന്നത്‌ എന്ന്‌ യേശു വ്യക്തമാക്കി.

ആദിമ ക്രിസ്‌തീയ സഭയിൽ കൊടുക്കൽ എപ്രകാരമായിരുന്നു എന്ന്‌ ഹ്രസ്വമായി പരിചിന്തിക്കുന്നത്‌, മറ്റുള്ളവരോടു പരിഗണന കാണിക്കാനും അങ്ങനെ കൊടുക്കലിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാനുമുള്ള ചില പ്രായോഗിക വിധങ്ങൾ എടുത്തുകാണിക്കും. ഏറ്റവും അധികം പ്രയോജനം കൈവരുത്തുന്ന അതുല്യമായ ഒരു കൊടുക്കലിനെ സംബന്ധിച്ചും അതു വെളിപ്പെടുത്തും.

‘കരുണാ ദാനങ്ങൾ കൊടുപ്പിൻ’

‘ഭിക്ഷ [“കരുണാ ദാനങ്ങൾ,” NW] കൊടുക്കാൻ’ അല്ലെങ്കിൽ മറ്റൊരു ഭാഷാന്തരം പറയുന്നപ്രകാരം, ‘ദാനം ചെയ്യാൻ’ പല സന്ദർഭങ്ങളിലും യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (ലൂക്കൊസ്‌ 12:​33, പി.ഒ.സി. ബൈബിൾ) എന്നിരുന്നാലും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനു പകരം ദാനം ചെയ്യുന്നവനെ മഹത്ത്വപ്പെടുത്തുന്ന തരം ബാഹ്യപ്രകടനം കാണിക്കുന്നതിനെതിരെ യേശു മുന്നറിയിപ്പു നൽകി. “ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു” എന്ന്‌ അവൻ പറഞ്ഞു. (മത്തായി 6:1-4) ഈ ബുദ്ധിയുപദേശം പിൻപറ്റിക്കൊണ്ട്‌ ആദിമ ക്രിസ്‌ത്യാനികൾ അന്നത്തെ കപടഭക്തരായ മതനേതാക്കന്മാരുടേതുപോലുള്ള ബാഹ്യപ്രകടനങ്ങൾ ഒഴിവാക്കുകയും വ്യക്തിപരമായ സേവനങ്ങളും സ്വകാര്യ ദാനങ്ങളും നൽകിക്കൊണ്ട്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്‌തു.

ഉദാഹരണത്തിന്‌, മഗ്‌ദലക്കാരത്തി മറിയയും യോഹന്നയും ശൂശന്നയും മറ്റുള്ളവരും തങ്ങളുടെ “വസ്‌തുവകകൊണ്ടു” യേശുവിനും അപ്പൊസ്‌തലന്മാർക്കും കാപട്യം കൂടാതെ ശുശ്രൂഷ ചെയ്‌തുപോന്നതായി ലൂക്കൊസ്‌ 8:1-3-ൽ നാം വായിക്കുന്നു. ഈ മനുഷ്യർ നിരാലംബർ ആയിരുന്നില്ലെങ്കിലും ശുശ്രൂഷയിൽ തങ്ങളുടെ മുഴു ശ്രദ്ധയും കേന്ദ്രീകരിക്കുന്നതിനായി തങ്ങളുടെ ഉപജീവന മാർഗം ഉപേക്ഷിച്ചവരായിരുന്നു. (മത്തായി 4:18-22; ലൂക്കൊസ്‌ 5:27, 28) തങ്ങളുടെ ദൈവദത്ത നിയമനം നിറവേറ്റുന്നതിൽ അവരെ സഹായിച്ചുകൊണ്ട്‌ ഈ സ്‌ത്രീകൾ ഫലത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തി. വരുംതലമുറകൾക്കു വായിക്കാനായി അവരുടെ കരുണാപൂർവകമായ ഔദാര്യത്തിന്റെ രേഖ ബൈബിളിൽ സൂക്ഷിച്ചുകൊണ്ട്‌ ദൈവം അവരോടുള്ള തന്റെ പ്രീതി വെളിപ്പെടുത്തുകയും ചെയ്‌തു.​—⁠സദൃശവാക്യങ്ങൾ 19:17; എബ്രായർ 6:10.

“സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്‌തുപോന്ന” ദയാലുവായ മറ്റൊരു സ്‌ത്രീയായിരുന്നു തബീഥാ. തുറമുഖ നഗരമായ യോപ്പയിൽ പാർത്തിരുന്ന അവൾ ദരിദ്രരായ വിധവമാർക്ക്‌ കുപ്പായങ്ങൾ തുന്നിക്കൊടുക്കുമായിരുന്നു. തുന്നൽ സാമഗ്രികൾക്കു മുഴുവനുമുള്ള ചെലവ്‌ അവൾ വഹിച്ചിരുന്നോ അതോ സൗജന്യമായി തയ്‌ച്ചുനൽകിയിരുന്നതേയുള്ളോ എന്ന്‌ നമുക്കറിയില്ല. എങ്ങനെയായിരുന്നാലും, ആ സത്‌പ്രവൃത്തി അവളുടെ സഹായം സ്വീകരിച്ച ഏവർക്കും അവളെ പ്രിയങ്കരിയാക്കി. അവളുടെ മനസ്സൊരുക്കത്തിന്‌ പ്രതിഫലം നൽകിക്കൊണ്ട്‌ ദൈവവും അവളെ അനുഗ്രഹിച്ചു.​—⁠പ്രവൃത്തികൾ 9:36-41.

ശരിയായ ആന്തരം അനിവാര്യം

ഈ വ്യക്തികളെ കൊടുക്കലിനു പ്രചോദിപ്പിച്ചത്‌ എന്തായിരുന്നു? സഹായിക്കാനുള്ള ഒരു വൈകാരിക പ്രേരണ നിമിത്തം പെട്ടെന്നു തോന്നിയ ഒരു സഹാനുഭൂതിയെക്കാൾ കവിഞ്ഞതായിരുന്നു അത്‌. പട്ടിണിയും പ്രതികൂല സാഹചര്യങ്ങളും രോഗവും മറ്റു കഷ്ടപ്പാടുകളും അനുഭവിക്കുന്നവരെ സഹായിക്കാൻ ദിവസവും തങ്ങളാലാവതു ചെയ്യാനുള്ള ഒരു ധാർമിക ഉത്തരവാദിത്വം അവർക്കു തോന്നി. (സദൃശവാക്യങ്ങൾ 3:27, 28; യാക്കോബ്‌ 2:15, 16) ഇത്തരം കൊടുക്കലാണ്‌ ദൈവത്തെ പ്രസാദിപ്പിക്കുന്നത്‌. ദൈവത്തോടുള്ള ആഴമായ സ്‌നേഹവും അവന്റെ കരുണയും ഔദാര്യവും നിറഞ്ഞ വ്യക്തിത്വത്തെ അനുകരിക്കാനുള്ള ആഗ്രഹവുമാണ്‌ ഇതിനുള്ള പ്രധാന പ്രചോദനം.​—⁠മത്തായി 5:44, 45; യാക്കോബ്‌ 1:17.

പിൻവരുന്നപ്രകാരം ചോദിച്ചുകൊണ്ട്‌, കൊടുക്കലിന്റെ ഈ മർമപ്രധാന വശത്തെ അപ്പൊസ്‌തലനായ യോഹന്നാൻ എടുത്തുകാട്ടി: “ഈ ലോകത്തിലെ വസ്‌തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്‌നേഹം അവനിൽ എങ്ങനെ വസിക്കും?” (1 യോഹന്നാൻ 3:17) അതേ, ദൈവസ്‌നേഹം ദാനം ചെയ്യാൻ മനുഷ്യരെ പ്രചോദിപ്പിക്കുന്നു. തന്നെപ്പോലെതന്നെ ഔദാര്യമനോഭാവം പ്രകടിപ്പിക്കുന്നവരെ ദൈവം വിലമതിക്കുകയും പ്രതിഫലം നൽകി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 22:9; 2 കൊരിന്ത്യർ 9:6-11) ഇത്തരം ഔദാര്യം ഇന്നു നമുക്കു കാണാൻ കഴിയുന്നുണ്ടോ? യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ അടുത്തയിടെ നടന്ന ഒരു സംഭവം പരിചിന്തിക്കുക.

പ്രായംചെന്ന ഒരു ക്രിസ്‌തീയ സ്‌ത്രീയുടെ വീടിന്‌ അടിയന്തിരമായി അറ്റകുറ്റം തീർക്കേണ്ടതുണ്ടായിരുന്നു. അവർ ഒറ്റയ്‌ക്കാണ്‌ താമസിച്ചിരുന്നത്‌. സഹായിക്കാൻ അവർക്കു കുടുംബം ഇല്ലായിരുന്നു. വർഷങ്ങളായി, ക്രിസ്‌തീയ യോഗങ്ങൾ നടത്താൻ അവർ തന്റെ ഭവനം എല്ലായ്‌പോഴും തുറന്നു കൊടുത്തിരുന്നു. തന്റെ ക്ഷണം സ്വീകരിക്കുന്ന ഏവരോടും അവർ അതിഥിപ്രിയം കാണിച്ചിരുന്നു. (പ്രവൃത്തികൾ 16:14, 15, 40) അവരുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയപ്പോൾ സഭയിലുള്ളവർ അവരെ സഹായിക്കാനായി ഒത്തുകൂടി. ചിലർ പണപരമായി സഹായിച്ചപ്പോൾ മറ്റുചിലർ പണികളിൽ സഹായിച്ചു. എതാനും വാരാന്തങ്ങൾ കൊണ്ട്‌, സ്വമേധയാ സേവകർ വീടിന്‌ ഒരു പുതിയ മേൽക്കൂരയും ഒരു പുതിയ കുളിമുറിയും പണിതു. വീടിന്റെ രണ്ടാം നില മുഴുവൻ അവർ സിമന്റ്‌ തേച്ച്‌ പെയിന്റടിച്ചു. അടുക്കളയിൽ ഒരു പുതിയ അലമാരയും സ്ഥാപിച്ചു. എന്തായിരുന്നു ഫലം? ആ വൃദ്ധയുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടു എന്നു മാത്രമല്ല സഭാംഗങ്ങൾ തമ്മിൽ കൂടുതൽ അടുക്കാനും അത്‌ ഇടയാക്കി. മാത്രവുമല്ല, യഥാർഥ ക്രിസ്‌തീയ കൊടുക്കലിന്റെ ഈ ദൃഷ്ടാന്തം അയൽക്കാരിലും മതിപ്പുളവാക്കി.

വ്യക്തിപരമായി മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന നിരവധി വിധങ്ങളുണ്ട്‌. പിതാവില്ലാത്ത ഒരു ബാലനോടോ ബാലികയോടോ ഒപ്പം നമുക്കു കുറെ സമയം ചെലവഴിക്കാൻ കഴിയുമോ? നമുക്കു പരിചയമുള്ള വൃദ്ധയായ ഒരു വിധവയ്‌ക്കുവേണ്ടി കടയിൽനിന്നു സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു കൊടുക്കുന്നതിനോ വസ്‌ത്രം തയ്‌ച്ചുകൊടുക്കുന്നതിനോ നമുക്കു കഴിയുമോ? ദരിദ്രരായ ചിലർക്കു ഭക്ഷണം നൽകുന്നതിനോ അവരെ പണപരമായി സഹായിക്കുന്നതിനോ നമുക്കു കഴിയുമോ? മറ്റുള്ളവരെ സഹായിക്കാൻ നാം ധനികർ ആയിരിക്കണമെന്നില്ല. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്‌തിയില്ലാത്തതുപോലെയല്ല പ്രാപ്‌തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.” (2 കൊരിന്ത്യർ 8:12) വ്യക്തിപരമായി നാം ചെയ്യുന്ന നേരിട്ടുള്ള ഔദാര്യപ്രവൃത്തികൾ മാത്രമാണോ ദൈവം അനുഗ്രഹിക്കുന്ന തരം കൊടുക്കലിൽ ഉൾപ്പെടുന്നത്‌? തീർച്ചയായുമല്ല.

സംഘടിത ദുരിതാശ്വാസം സംബന്ധിച്ചെന്ത്‌?

ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ ശ്രമം മാത്രം മതിയാകുകയില്ല. വാസ്‌തവത്തിൽ, യേശുവിനും അപ്പൊസ്‌തലന്മാർക്കും ദരിദ്രരെ സഹായിക്കാനുള്ള ഒരു പൊതു ധനശേഖരം ഉണ്ടായിരുന്നു. വേലയിൽ കണ്ടുമുട്ടിയ, ഉദാരമനസ്‌കരായ വ്യക്തികളിൽനിന്നുള്ള സംഭാവനകൾ അവർ സ്വീകരിച്ചിരുന്നു. (യോഹന്നാൻ 12:6; 13:29) സമാനമായി, ഒന്നാം നൂറ്റാണ്ടിലെ സഭകളും ആവശ്യം ഉയർന്നുവന്നപ്പോൾ ധനശേഖരണം നടത്തിക്കൊണ്ട്‌ വ്യാപകമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.​—⁠പ്രവൃത്തികൾ 2:44, 45; 6:1-3; 1 തിമൊഥെയൊസ്‌ 5:9, 10.

പൊ.യു. 55-നോട്‌ അടുത്ത്‌ അത്തരം ഒരു സാഹചര്യം സംജാതമായി. യഹൂദ്യയിലെ ക്രിസ്‌ത്യാനികൾ ക്ഷാമത്തിന്റെ പിടിയിലമർന്നു. ഒരുപക്ഷേ അത്‌ അക്കാലത്തുണ്ടായ മഹാക്ഷാമത്തിന്റെ ഫലമായിട്ടായിരുന്നിരിക്കാം. (പ്രവൃത്തികൾ 11:27-30) ദരിദ്രരെ കുറിച്ച്‌ എല്ലായ്‌പോഴും കരുതൽ പ്രകടമാക്കിയിരുന്ന അപ്പൊസ്‌തലനായ പൗലൊസ്‌, അങ്ങകലെ മക്കദോന്യയിൽനിന്നുപോലുമുള്ള സഭകളോട്‌ സഹായം അഭ്യർഥിച്ചു. അവൻ വ്യക്തിപരമായി ഒരു ധനശേഖരണം സംഘടിപ്പിക്കുകയും അതു വിതരണം ചെയ്യാൻ അംഗീകൃതരായ പുരുഷന്മാരെ നിയോഗിക്കുകയും ചെയ്‌തു. (1 കൊരിന്ത്യർ 16:1-4; ഗലാത്യർ 2:​9 ബി, 10) അവനോ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഉൾപ്പെട്ട മറ്റുള്ളവരോ തങ്ങളുടെ സേവനത്തിനുള്ള കൂലി എടുത്തുമാറ്റിയില്ല.​—⁠2 കൊരിന്ത്യർ 8:20, 21.

ഇന്നും ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ സഹായവുമായി സത്വരം രംഗത്തെത്തുന്നു. ദൃഷ്ടാന്തത്തിന്‌, യു.എസ്‌.എ.-യിലുള്ള ടെക്‌സാസിലെ ഹ്യൂസ്റ്റണിൽ 2001-ലെ ഗ്രീഷ്‌മകാലത്ത്‌ കൊടുങ്കാറ്റും പേമാരിയും നിമിത്തം വെള്ളപ്പൊക്കമുണ്ടായി. യഹോവയുടെ സാക്ഷികളുടെ 723 വീടുകൾക്കു കേടുപറ്റി, അവയിൽ അനേകവും നിശ്ശേഷം തകർന്നിരുന്നു. ഓരോരുത്തർക്കും ആവശ്യമുള്ള സഹായം തിട്ടപ്പെടുത്തുന്നതിനും സാഹചര്യത്തെ വിജയകരമായി നേരിടുന്നതിനും വീടുകൾ കേടുപോക്കുന്നതിനും പ്രാദേശിക സാക്ഷികളെ സഹായിക്കുന്നതിന്‌ ദുരിതാശ്വാസ നിധി പങ്കിടുന്നതിനുമായി യോഗ്യതയുള്ള ക്രിസ്‌തീയ മൂപ്പന്മാരുടെ ഒരു ദുരിതാശ്വാസ കമ്മിറ്റി ഉടനടി രൂപീകരിക്കപ്പെട്ടു. സമീപ സഭകളിൽനിന്നുള്ള മനസ്സൊരുക്കം പ്രകടമാക്കിയ സ്വമേധയാ സേവകരാണ്‌ പണി മുഴുവൻ ചെയ്‌തത്‌. യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു സ്‌ത്രീ തനിക്കു ലഭിച്ച സഹായത്തിനു കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട്‌, വീടിന്‌ അറ്റംകുറ്റം തീർക്കുന്നതിനായി ഇൻഷുറൻസ്‌ കമ്പനിയിൽനിന്നു കിട്ടിയ പണം മുഴുവൻ സഹായം ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്‌തു.

എന്നിരുന്നാലും, സംഘടിത ധർമപ്രവർത്തനങ്ങളോടു ബന്ധപ്പെട്ട സഹായാഭ്യർഥനകൾ വിലയിരുത്തുമ്പോൾ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്‌. ചില ധർമസ്ഥാപനങ്ങൾക്ക്‌ ഉയർന്ന ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥർ ഉള്ളതിനാലും, അവ ധനാഭ്യർഥന നടത്തിക്കൊണ്ട്‌ പരസ്യങ്ങൾക്കായി പണം വാരിക്കോരി ചെലവഴിക്കുന്നതിനാലും ശേഖരിക്കപ്പെടുന്ന പണത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ലക്ഷ്യം കാണാറുള്ളൂ. സദൃശവാക്യങ്ങൾ 14:15 ഇങ്ങനെ പറയുന്നു:“അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” അതുകൊണ്ട്‌ വസ്‌തുതകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നത്‌ ബുദ്ധിയായിരിക്കും.

ഏറ്റവും നന്മ കൈവരുത്തുന്ന കൊടുക്കൽ

ദാനധർമങ്ങളെക്കാൾ പ്രാധാന്യമേറിയ ഒരുതരം കൊടുക്കലുണ്ട്‌. നിത്യജീവൻ ലഭിക്കാൻ താൻ എന്തു ചെയ്യണമെന്ന ഒരു യുവ ഭരണാധികാരിയുടെ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞപ്പോൾ യേശു അത്‌ ചൂണ്ടിക്കാണിക്കുകയുണ്ടായി. യേശു അയാളോട്‌ ഇങ്ങനെ പറഞ്ഞു: “നീ ചെന്നു നിനക്കുള്ളതു വിററു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.” (മത്തായി 19:16-22) ‘ദരിദ്രർക്കു കൊടുക്ക എന്നാൽ നീ ജീവനെ പ്രാപിക്കും’ എന്നു മാത്രമല്ല യേശു പറഞ്ഞത്‌ എന്നു ശ്രദ്ധിക്കുക. ‘വന്ന്‌ എന്നെ അനുഗമിക്ക’ എന്നുകൂടെ അവൻ പറഞ്ഞു. മറ്റുവാക്കുകളിൽ പറഞ്ഞാൽ ദാനധർമങ്ങൾ ചെയ്യുന്നത്‌ ശ്ലാഘനീയവും പ്രയോജനപ്രദവുമാണെങ്കിലും ഒരു ക്രിസ്‌ത്യാനി ആയിരിക്കുന്നതിൽ അതിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നു.

മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിലായിരുന്നു യേശുവിന്റെ പ്രഥമ താത്‌പര്യം. തന്റെ മരണത്തിന്‌ കുറച്ചു സമയം മുമ്പ്‌ യേശു പീലാത്തൊസിനോട്‌ ഇങ്ങനെ പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) ദരിദ്രരെ സഹായിക്കുന്നതിനും രോഗികളെ സൗഖ്യമാക്കുന്നതിനും വിശക്കുന്നവരെ പോഷിപ്പിക്കുന്നതിനും യേശു മുൻകൈ എടുത്തെങ്കിലും പ്രധാനമായും പ്രസംഗിക്കുന്നതിനാണ്‌ അവൻ തന്റെ ശിഷ്യന്മാരെ പരിശീലിപ്പിച്ചത്‌. (മത്തായി 10:7, 8) വാസ്‌തവത്തിൽ, അവർക്കു നൽകിയ അന്തിമ നിർദേശങ്ങളിൽ ഈ കൽപ്പനയും ഉണ്ടായിരുന്നു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”​—⁠മത്തായി 28:19, 20.

പ്രസംഗപ്രവർത്തനം ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കില്ല എന്നതു ശരിതന്നെ. എന്നാൽ ദൈവരാജ്യത്തിന്റെ സുവാർത്ത എല്ലാത്തരം ആളുകളുമായി പങ്കുവെക്കുന്നത്‌ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു, എന്തുകൊണ്ടെന്നാൽ പ്രസംഗപ്രവർത്തനം ദൈവേഷ്ടം നിറവേറ്റുകയും ദിവ്യ സന്ദേശം കൈക്കൊള്ളുന്ന ഏവർക്കും നിത്യമായ പ്രയോജനങ്ങളിലേക്കുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്യുന്നു. (യോഹന്നാൻ 17:3; 1 തിമൊഥെയൊസ്‌ 2:3, 4) അടുത്ത പ്രാവശ്യം യഹോവയുടെ സാക്ഷികൾ നിങ്ങളെ സന്ദർശിക്കുമ്പോൾ അവർക്കു പറയാനുള്ളത്‌ ഒന്നു കേട്ടു നോക്കൂ. അവർ ഒരു ആത്മീയ ദാനവുമായാണ്‌ നിങ്ങളെ കാണാനെത്തുന്നത്‌. ഇത്തരത്തിൽ മാത്രമേ ഏറ്റവും നല്ലത്‌ നിങ്ങൾക്കു നൽകാൻ കഴിയുകയുള്ളൂ എന്ന്‌ അവർക്കറിയാം.

[6 -ാം പേജിലെ ചിത്രങ്ങൾ]

മറ്റുള്ളവർക്കുവേണ്ടി നാം കരുതുന്നു എന്ന്‌ പ്രകടമാക്കാൻ കഴിയുന്ന നിരവധി മാർഗങ്ങളുണ്ട്‌

[7 -ാം പേജിലെ ചിത്രം]

നമ്മുടെ സുവാർത്താ പ്രസംഗം ദൈവത്തെ പ്രസാദിപ്പിക്കുകയും നിത്യമായ പ്രയോജനങ്ങളിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു