ധൂപവർഗം കത്തിക്കൽ സത്യാരാധനയിൽ അതിന് സ്ഥാനമുണ്ടോ?
ധൂപവർഗം കത്തിക്കൽ സത്യാരാധനയിൽ അതിന് സ്ഥാനമുണ്ടോ?
“ദൈവങ്ങൾക്കു സൗരഭ്യം ഇഷ്ടമാണ്.” പുരാതന ഈജിപ്‌തിലെ ഒരു ചൊല്ലായിരുന്നു അത്. അവരെ സംബന്ധിച്ചിടത്തോളം, ധൂപവർഗം കത്തിക്കൽ ആരാധനയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു. ദൈവങ്ങൾ അടുത്തുണ്ടെന്ന വിശ്വാസത്തിൽ, ഈജിപ്‌തുകാർ ക്ഷേത്രങ്ങളിലും കുടുംബ ബലിപീഠങ്ങളിലും ദിവസേന ധൂപവർഗം കത്തിച്ചിരുന്നു. ബിസിനസ്സിൽ ഏർപ്പെടുമ്പോൾപ്പോലും അവർ അങ്ങനെ ചെയ്‌തിരുന്നു. മറ്റു രാജ്യക്കാർക്കും സമാനമായ ആചാരങ്ങൾ ഉണ്ടായിരുന്നു.
ധൂപവർഗം തയ്യാറാക്കുന്നത് എങ്ങനെ? കുന്തുരുക്കം, ബാൾസം തുടങ്ങിയ സുഗന്ധമുള്ള മരക്കറയും മരപ്പശയും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. കുന്തുരുക്കവും ബാൾസവും പൊടിച്ച് സുഗന്ധദ്രവ്യങ്ങൾ, മരത്തൊലി, പുഷ്‌പങ്ങൾ എന്നിവയുമായി ചേർത്താണ് പ്രത്യേക ഉപയോഗങ്ങൾക്കുള്ള സുഗന്ധക്കൂട്ടുകൾ നിർമിക്കുന്നത്.
പുരാതന കാലത്ത് ധൂപവർഗം വളരെ വിശേഷപ്പെട്ടതും വിലപിടിപ്പുള്ളതുമായ ഒരു വസ്‌തുവായിരുന്നു. അതുകൊണ്ട് അതിന്റെ ചേരുവകൾ വളരെ പ്രധാനപ്പെട്ട വ്യാപാര ചരക്കുകളായിരുന്നു. വിദൂരദേശങ്ങളിൽനിന്നാണ് കച്ചവടക്കാർ അവ കൊണ്ടുവന്നിരുന്നത്. യാക്കോബിന്റെ മകനായ യോസേഫ് എന്ന യുവാവിനെ വിറ്റത് “ഗിലെയാദിൽനിന്നു സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പറത്തു കയററി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന” യിശ്‌മായേല്യ കച്ചവടക്കാർക്കാണ് എന്നത് നിങ്ങൾ ഓർമിക്കുന്നുണ്ടാകും. (ഉല്‌പത്തി 37:25) ഏഷ്യയ്‌ക്കും യൂറോപ്പിനുമിടയിൽ ഒരു വാണിജ്യപാത തുറക്കത്തക്കവിധം അത്ര അധികമായിരുന്നു ധൂപവർഗത്തിനുള്ള ആവശ്യം. വ്യക്തമായും, ധൂപവർഗ വ്യാപാരികളാണ് ഈ കുന്തുരുക്ക വാണിജ്യപാത തുടങ്ങിവെച്ചത്.
ഇക്കാലത്ത് മതപരമായ നിരവധി ആചാരാനുഷ്‌ഠാനങ്ങളിൽ ധൂപവർഗം അർപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ, സൗരഭ്യം ആസ്വദിക്കാൻവേണ്ടി മാത്രം തങ്ങളുടെ വീടുകളിൽ ധൂപവർഗം പുകയ്‌ക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. എന്നാൽ ക്രിസ്‌ത്യാനികൾ ഇതിനെ എങ്ങനെ വീക്ഷിക്കണം? ആരാധനയിൽ അത് ദൈവത്തിനു സ്വീകാര്യമാണോ? ഇതു സംബന്ധിച്ച് ബൈബിളിന് എന്താണു പറയാനുള്ളതെന്നു നമുക്കു നോക്കാം.
‘യഹോവയ്‌ക്കു വിശുദ്ധം’
പുരാതന ഇസ്രായേലിൽ, ധൂപവർഗം കത്തിക്കൽ സമാഗമനകൂടാരത്തിലെ പൗരോഹിത്യ ധർമങ്ങളിൽ ഒരു പ്രമുഖ പങ്ക് വഹിച്ചിരുന്നു. മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യഥാർഥത്തിൽ, എബ്രായർക്കിടയിൽ ധൂപവർഗം കത്തിക്കൽ ഒരു ആരാധനക്രിയയോ വിശുദ്ധ വഴിപാടോ ആയി കണക്കാക്കപ്പെട്ടിരുന്നതായി തോന്നുന്നു. ഇതല്ലാതെ മറ്റൊരു ഉപയോഗവും ധൂപവർഗത്തിന് ഉണ്ടായിരുന്നതായി നാം വായിക്കുന്നില്ല.”
തിരുനിവാസത്തിൽ കത്തിക്കേണ്ട ധൂപവർഗം ഉണ്ടാക്കുന്നതിനുള്ള നാലു ചേരുവകൾ യഹോവയാം ദൈവം നിർദേശിച്ചു: “നീ നറുംപശ, ഗുല്‌ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരു പോലെ തൂക്കം ആയിരിക്കേണം. അതിൽ ഉപ്പും, ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം. നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം.” (പുറപ്പാടു 30:34-36) മറ്റു ചേരുവകൾ ആലയ ഉപയോഗത്തിനായി പിൽക്കാലത്ത് യഹൂദ റബ്ബിമാർ കൂട്ടിച്ചേർത്തതാണെന്നാണ് പണ്ഡിതമതം.
സമാഗമനകൂടാരത്തിൽ കത്തിച്ചിരുന്ന ധൂപവർഗം വിശുദ്ധമായിരുന്നു, ദൈവത്തിന്റെ ആരാധനയിൽ മാത്രമാണ് അത് ഉപയോഗിച്ചിരുന്നത്. യഹോവ ഇങ്ങനെ പുറപ്പാടു 30:37, 38) പ്രത്യേകമായി വേർതിരിച്ച ഒരു യാഗപീഠത്തിൽ പുരോഹിതന്മാർ ദിവസം രണ്ടു പ്രാവശ്യം ധൂപവർഗം കത്തിച്ചിരുന്നു. (2 ദിനവൃത്താന്തം 13:11) പാപപരിഹാര ദിവസം മഹാപുരോഹിതൻ അതിവിശുദ്ധത്തിൽ ധൂപവർഗം കത്തിച്ചിരുന്നു.—ലേവ്യപുസ്‌തകം 16:12, 13.
കൽപ്പിച്ചു: “ഈ ഉണ്ടാക്കുന്ന ധൂപവർഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെക്കു വിശുദ്ധമായിരിക്കേണം. മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.” (എല്ലാ ധൂപവർഗ അർപ്പിക്കലും ദൈവത്തിനു സ്വീകാര്യമായിരുന്നില്ല. പുരോഹിതന്മാർ അല്ലാതിരിക്കെ പുരോഹിതന്മാരായി ചമഞ്ഞ് അത് അർപ്പിച്ചവരെ അവൻ ശിക്ഷിച്ചു. (സംഖ്യാപുസ്‌തകം 16:16-18, 35-40; 2 ദിനവൃത്താന്തം 26:16-20) യഹൂദ ജനത വ്യാജാരാധനയിൽ ഏർപ്പെടുകയും തങ്ങളുടെ കൈകൾ രക്തച്ചൊരിച്ചിൽകൊണ്ട് നിറക്കുകയും ചെയ്‌തപ്പോൾ അവർ അർപ്പിച്ച ധൂപവർഗം യഹോവയ്‌ക്ക് വെറുപ്പായിത്തീർന്നു. അവരുടെ കപടഭക്തി നിമിത്തം യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “ധൂപം എനിക്കു വെറുപ്പാകുന്നു.” (യെശയ്യാവു 1:13, 15) ആലയത്തിന്റെ വാതിലുകൾ അടച്ചുകളയുകയും മറ്റ് യാഗപീഠങ്ങളിൽ ധൂപവർഗം അർപ്പിക്കുകയും ചെയ്യുന്ന അളവോളം ഇസ്രായേല്യർ യഹോവയുടെ ആരാധനയോട് അവഗണന കാണിച്ചു. (2 ദിനവൃത്താന്തം 28:24, 25) പിൽക്കാലത്ത്, വിശുദ്ധ ധൂപവർഗം വ്യാജദേവന്മാരുടെ അധമമായ ആരാധനയിൽപ്പോലും ഉപയോഗിക്കുകയുണ്ടായി. അത്തരം കാര്യങ്ങൾ യഹോവയ്‌ക്ക് വെറുപ്പായിരുന്നു.—യെഹെസ്‌കേൽ 16:2, 17, 18.
ധൂപവർഗവും ആദിമ ക്രിസ്‌ത്യാനികളും
പൊ.യു. 33-ൽ ക്രിസ്‌തു പുതിയ ഉടമ്പടി പ്രാബല്യത്തിലാക്കിയപ്പോൾ, വിശുദ്ധ ധൂപവർഗം അർപ്പിക്കാനുള്ള പൗരോഹിത്യ കൽപ്പന ഉൾപ്പെടെയുള്ള ന്യായപ്രമാണ ഉടമ്പടി അവസാനിച്ചു. (കൊലൊസ്സ്യർ 2:14) മതപരമായ ഉദ്ദേശ്യങ്ങൾക്കായി ആദിമ ക്രിസ്‌ത്യാനികൾ ധൂപവർഗം കത്തിച്ചതായി രേഖയൊന്നുമില്ല. ഇതു സംബന്ധിച്ച് മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “[ആദിമ ക്രിസ്‌ത്യാനികൾ] ധൂപവർഗം ഉപയോഗിച്ചില്ല എന്നതു വ്യക്തമാണ്. അതിന്റെ ഉപയോഗം യഥാർഥത്തിൽ പുറജാതി വിശ്വാസത്തിന്റെ തെളിവായിരുന്നു . . . പുറജാതികളുടെ യാഗപീഠത്തിലേക്ക് ഒരു ഭക്തൻ അൽപ്പം ധൂപവർഗം എറിയുന്നത് ഒരു ആരാധനക്രിയ ആയിരുന്നു.”
റോമാ ചക്രവർത്തിയുടെ “ദിവ്യത്വം” അംഗീകരിക്കാനായി ധൂപവർഗം കത്തിക്കണമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നത് മരണശിക്ഷയ്‌ക്ക് ഇടയാക്കുമായിരുന്നു. എങ്കിൽപ്പോലും, ആദിമ ക്രിസ്‌ത്യാനികൾ അതിൽ പങ്കെടുത്തില്ല. (ലൂക്കൊസ് 4:8; 1 കൊരിന്ത്യർ 10:14, 20) ധൂപവർഗത്തിന്റെ അക്കാലത്തെ വിഗ്രഹാരാധനാപരമായ ഉപയോഗത്തിന്റെ വീക്ഷണത്തിൽ ആദിമ ക്രിസ്‌ത്യാനികൾ ധൂപവർഗ വ്യാപാരത്തിൽപ്പോലും ഉൾപ്പെടാതിരുന്നതിൽ അതിശയിക്കാനില്ല.
ധൂപവർഗം കത്തിക്കൽ ഇന്ന്
ഇക്കാലത്ത് ധൂപവർഗം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത്? ക്രൈസ്‌തവലോകത്തിലെ മിക്ക സഭകളും അത് തങ്ങളുടെ മതപരമായ കർമങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഏഷ്യയിലെ അനേകം കുടുംബങ്ങൾ തങ്ങളുടെ ദൈവങ്ങളെ ആദരിക്കാനും മരിച്ചവരെ കാത്തുരക്ഷിക്കാനുമായി ക്ഷേത്രങ്ങളിലോ കുടുംബ ബലിപീഠത്തിനു മുമ്പാകെയോ ധൂപവർഗം കത്തിക്കുന്നു. അണുവിമുക്തമാക്കുന്നതിനോ സൗഖ്യമാക്കുന്നതിനോ ശുദ്ധീകരിക്കുന്നതിനോ സംരക്ഷണത്തിനോവേണ്ടി മതശുശ്രൂഷകളിൽ ധൂപവർഗം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
മതവിശ്വാസം ഇല്ലാത്തവർക്കിടയിൽപ്പോലും ധൂപവർഗം പ്രചാരം സിദ്ധിച്ചിരിക്കുന്നു. ചിലർ
ധ്യാനവേളയിൽ ധൂപവർഗം കത്തിക്കാറുണ്ട്. ഭൗതിക ലോകത്തിനപ്പുറമുള്ള “അതീന്ദ്രിയ തലത്തിലും പ്രത്യേക മാനസിക പ്രാപ്‌തികളിലും” എത്താനായി ധൂപവർഗം ഉപയോഗിക്കാമെന്ന് ഒരു ഗൈഡ്‌ബുക്ക് പറയുന്നു. ജീവിതപ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനു ‘പ്രകൃത്യതീത വ്യക്തികളു’മായുള്ള സമ്പർക്കം ഉൾപ്പെടുന്ന ധൂപവർഗം കത്തിക്കൽ ചടങ്ങുകളും ഈ ഗൈഡ്‌ബുക്ക് ശുപാർശ ചെയ്യുന്നു. ക്രിസ്‌ത്യാനികൾ അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് ഉചിതമാണോ?സത്യാരാധനയെ വ്യാജാരാധനയുമായി കൂട്ടിക്കുഴയ്‌ക്കാൻ ശ്രമിക്കുന്നവരെ യഹോവ ശക്തമായി കുറ്റംവിധിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ് യെശയ്യാ പ്രവചനം ഉദ്ധരിക്കുകയും വ്യാജമതത്തിന്റെ അശുദ്ധ സ്വാധീനത്തിൽനിന്നു വിട്ടുനിൽക്കാൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അത് അവർക്കു ബാധകമാക്കുകയും ചെയ്‌തു. അവൻ എഴുതി: ‘അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.’ (2 കൊരിന്ത്യർ 6:16ബി; യെശയ്യാവു 52:11) വ്യാജമതവുമായോ ഗൂഢവിദ്യയുമായോ ബന്ധപ്പെട്ട എന്തും ഒഴിവാക്കാൻ സത്യക്രിസ്‌ത്യാനികൾ ശ്രദ്ധാലുക്കളാണ്.—യോഹന്നാൻ 4:24.
മതപരമായ ചടങ്ങുകളിലും ആത്മവിദ്യയിലും ധൂപവർഗം ഉപയോഗിക്കപ്പെടുന്നു എന്നതിനാൽ ഏതു തരത്തിലുള്ള ധൂപവർഗം കത്തിക്കലും തെറ്റാണോ? അങ്ങനെ ആയിരിക്കണമെന്നില്ല. ധൂപവർഗത്തിന്റെ സൗരഭ്യം ആസ്വദിക്കാനായി ഒരു വ്യക്തി അത് വീട്ടിൽ കത്തിക്കാൻ ആഗ്രഹിച്ചേക്കാം. (സദൃശവാക്യങ്ങൾ 27:9) എങ്കിലും, ധൂപവർഗം കത്തിക്കണമോ എന്നു തീരുമാനിക്കുമ്പോൾ ഒരു ക്രിസ്‌ത്യാനി ചില ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തുള്ളവർ ധൂപവർഗത്തിന്റെ ഉപയോഗത്തെ മതാചാരത്തിന്റെ ഭാഗമായി ബന്ധിപ്പിക്കുമോ? ആ സ്ഥലത്ത് ധൂപവർഗം മിക്കപ്പോഴും ആത്മവിദ്യാപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവോ? അതോ, പൊതുവെ മതേതരമായ ഉദ്ദേശ്യങ്ങൾക്കാണോ അത് ഉപയോഗിക്കുന്നത്?
ഒരു വ്യക്തി ധൂപവർഗം കത്തിക്കാൻ തീരുമാനിക്കുന്നെങ്കിൽ സ്വന്തം മനസ്സാക്ഷിയെയും മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കേണ്ടതാണ്. (1 കൊരിന്ത്യർ 10:29) റോമർക്കുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ ഇത്തരുണത്തിൽ ബാധകമാണ്. അവൻ എഴുതി: “ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക. ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യന്നു അതു ദോഷമത്രേ. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.”—റോമർ 14:19-21.
നിങ്ങളുടെ പ്രാർഥനകൾ ‘ധൂപവർഗംപോലെ തയ്യാറാക്കിയത്’ ആണോ?
ദൈവം കേൾക്കുന്ന പ്രാർഥനകളുടെ ഉചിതമായ ഒരു പ്രതീകമായിരുന്നു ഇസ്രായേല്യർക്കിടയിലെ ധൂപവർഗം അർപ്പിക്കൽ. അതുകൊണ്ട്, യഹോവയ്‌ക്കുള്ള ഒരു സങ്കീർത്തനത്തിൽ ദാവീദ് ഇങ്ങനെ പാടി: ‘എന്റെ പ്രാർഥന നിന്റെ മുമ്പാകെ ധൂപവർഗംപോലെ തയ്യാറാക്കിയത് ആയിരിക്കട്ടെ.’—സങ്കീർത്തനം 141:2, NW.
ധൂപവർഗം അർപ്പിക്കുന്നതിനെ വിശ്വസ്‌തരായ ഇസ്രായേല്യർ നിരർഥകമായ ഒരു ചടങ്ങായി വീക്ഷിച്ചില്ല. യഹോവ നിർദേശിച്ച വിധത്തിൽ ധൂപവർഗം തയ്യാറാക്കാനും കത്തിക്കാനും അവർ അതീവ ശ്രദ്ധയുള്ളവരായിരുന്നു. അക്ഷരാർഥത്തിലുള്ള ധൂപവർഗത്തിനു പകരം, ക്രിസ്‌ത്യാനികൾ ഇന്ന് നമ്മുടെ സ്വർഗീയ പിതാവിനോടുള്ള അഗാധമായ വിലമതിപ്പും ആദരവും പ്രതിഫലിപ്പിക്കുന്ന പ്രാർഥനകൾ അർപ്പിക്കുന്നു. ആലയ പുരോഹിതന്മാർ അർപ്പിച്ചിരുന്ന സൗരഭ്യമുള്ള ധൂപവർഗംപോലെ ‘നേരുള്ളവരുടെ പ്രാർത്ഥന അവന്നു പ്രസാദ’മാണെന്നു ദൈവവചനം നമുക്ക് ഉറപ്പ് നൽകുന്നു.—സദൃശവാക്യങ്ങൾ 15:8.
[29 -ാം പേജിലെ ചിത്രങ്ങൾ]
സമാഗമന കൂടാരത്തിലും ആലയത്തിലും കത്തിച്ചിരുന്ന ധൂപവർഗം വിശുദ്ധമായിരുന്നു
[30 -ാം പേജിലെ ചിത്രം]
ധ്യാനത്തോടുള്ള ബന്ധത്തിൽ ക്രിസ്‌ത്യാനികൾ ധൂപവർഗം കത്തിക്കുന്നത് ഉചിതമാണോ?