നിശ്ചലരായി നിന്ന് യഹോവ വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ
നിശ്ചലരായി നിന്ന് യഹോവ വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ
“സ്ഥിരമായി നിന്നു [“സ്വസ്ഥാനങ്ങളിൽ നിലയുറപ്പിച്ച്, നിശ്ചലരായി നിന്ന്,” NW] യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷകണ്ടുകൊൾവിൻ.”—2 ദിനവൃത്താന്തം 20:17.
1, 2. ‘മാഗോഗ്‌ദേശത്തിലെ ഗോഗിന്റെ’ ആസന്നമായ ആക്രമണം അന്താരാഷ്‌ട്ര ഭീകരപ്രവർത്തനത്തെക്കാൾ ഗൗരവമായി കാണേണ്ട ഒന്നായിരിക്കുന്നത് എന്തുകൊണ്ട്?
ലോക സമൂഹത്തിന് എതിരെയുള്ള, മാനവ സംസ്‌കാരത്തിനുതന്നെ എതിരെയുള്ള ആക്രമണം എന്നാണ് ചിലർ ഭീകരപ്രവർത്തനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വ്യക്തമായും അത്തരമൊരു ഭീഷണിയെ നാം ഗൗരവത്തോടെ കാണണം. എന്നാൽ, ഇതിനെക്കാൾ ഗൗരവമായി കാണേണ്ട വേറൊരു ആക്രമണമുണ്ട്. ലോകസമൂഹം അതിന് ഒട്ടുംതന്നെ പ്രാധാന്യം നൽകുന്നില്ല. എന്താണത്?
2 ബൈബിളിൽ യെഹെസ്‌കേൽ 38-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന ‘മാഗോഗ്‌ദേശത്തിലെ ഗോഗ്’ നടത്തുന്ന ആക്രമണമാണത്. ഈ ആക്രമണം അന്താരാഷ്‌ട്ര ഭീകരപ്രവർത്തനത്തെക്കാൾ ഗൗരവമായി കാണേണ്ട ഒന്നാണെന്നു പറഞ്ഞാൽ അത് അതിശയോക്തി ആയിരിക്കുമോ? തീർച്ചയായുമില്ല! കാരണം, ഗോഗ് ആക്രമിക്കുന്നത് കേവലം മാനുഷിക ഭരണകൂടങ്ങളെയല്ല. ദൈവത്തിന്റെ സ്വർഗീയ ഗവണ്മെന്റിനെതിരെയാണ് അത് ആക്രമണം അഴിച്ചുവിടുന്നത്! എന്നിരുന്നാലും, ആക്രമണങ്ങളെ നേരിടുന്നതിൽ പരിമിതമായി മാത്രം വിജയിച്ചേക്കാവുന്ന മനുഷ്യരിൽനിന്നു വ്യത്യസ്‌തനായി, ഗോഗിന്റെ അതിശക്തമായ ആക്രമണത്തെ കൈകാര്യം ചെയ്യാൻ സ്രഷ്ടാവ് തികച്ചും പ്രാപ്‌തനാണ്.
ദൈവത്തിന്റെ ഗവണ്മെന്റിന്മേലുള്ള ആക്രമണം
3. 1914 മുതൽ ലോക ഭരണാധിപന്മാർക്ക് എന്ത് ആഹ്വാനം ലഭിച്ചിരിക്കുന്നു, അതിനോട് അവർ പ്രതികരിച്ചിരിക്കുന്നത് എങ്ങനെ?
3 ദൈവരാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായതു മുതൽ, ഇപ്പോൾ വാഴ്‌ച നടത്തുന്ന ദൈവത്തിന്റെ രാജാവും സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയും തമ്മിൽ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്ത്, ദൈവത്തിന്റെ നിയുക്ത ഭരണാധികാരിക്ക് കീഴ്‌പെടാനുള്ള ആഹ്വാനം മാനുഷ ഭരണാധിപന്മാർക്കു നൽകപ്പെട്ടു. എന്നാൽ മുൻകൂട്ടി പറയപ്പെട്ട പ്രകാരം അവർ അങ്ങനെ ചെയ്യാൻ വിസമ്മതിച്ചിരിക്കുന്നു: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്‌ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീർത്തനം 2:1-3) മാഗോഗിലെ ഗോഗിന്റെ ആക്രമണസമയത്ത് ദൈവരാജ്യഭരണത്തോടുള്ള ചെറുത്തുനിൽപ്പ് അതിന്റെ പാരമ്യത്തിലെത്തും.
4, 5. ദൈവത്തിന്റെ അദൃശ്യമായ സ്വർഗീയ ഗവണ്മെന്റിനോടു പോരാടാൻ മനുഷ്യർക്ക് കഴിയുന്നത് എങ്ങനെ?
4 അദൃശ്യമായ ഒരു സ്വർഗീയ ഗവണ്മെന്റിനെതിരെ മനുഷ്യർക്ക് എങ്ങനെയാണ് പൊരുതാൻ സാധിക്കുക എന്നു നാം ചിന്തിച്ചേക്കാം. ബൈബിൾ വെളിപ്പെടുത്തുന്നതനുസരിച്ച്, ‘ഭൂമിയിൽനിന്നു വിലെക്കു വാങ്ങപ്പെട്ട നൂററിനാല്‌പത്തിനാലായിരം പേരും’ ‘കുഞ്ഞാടായ’ ക്രിസ്‌തുയേശുവും അടങ്ങുന്നതാണ് ഈ ഗവണ്മെന്റ്. (വെളിപ്പാടു 14:1, 3; യോഹന്നാൻ 1:29) ഈ പുതിയ ഗവണ്മെന്റ് സ്വർഗത്തിൽ ആയതിനാൽ അത് “പുതിയ ആകാശ”മെന്നും അതിന്റെ പ്രജകൾ ഉചിതമായി “പുതിയ ഭൂമി” എന്നും വിളിക്കപ്പെട്ടിരിക്കുന്നു. (യെശയ്യാവു 65:17; 2 പത്രൊസ് 3:13) ക്രിസ്‌തുവിന്റെ 1,44,000 സഹഭരണാധിപന്മാരിൽ മിക്കവരും ഇതിനോടകം വിശ്വസ്‌തതയോടെ തങ്ങളുടെ ഭൗമിക ഗതി പൂർത്തിയാക്കിയിരിക്കുന്നു. അങ്ങനെ അവർ, സ്വർഗത്തിലെ പുതിയ സേവന പദവികൾ ഏറ്റെടുക്കാൻ തങ്ങൾ യോഗ്യരാണെന്നു തെളിയിച്ചിരിക്കുന്നു.
5 എന്നിരുന്നാലും, 1,44,000-ത്തിന്റെ ഒരു ചെറിയ ശേഷിപ്പ് ഇപ്പോഴും ഭൂമിയിലുണ്ട്. 2002-ൽ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിച്ച സമയത്ത് സന്നിഹിതരായ 1,50,00,000-ത്തിലധികം പേരിൽ 8,760 പേർ മാത്രമേ ഈ സ്വർഗീയ നിയമനത്തിനായി തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു പ്രകടമാക്കിയുള്ളൂ. രാജ്യത്തിന്റെ അംഗങ്ങളാകാൻ പോകുന്ന ഈ ശേഷിപ്പിനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാളും യഥാർഥത്തിൽ ദൈവരാജ്യത്തിന് എതിരെയാണ് പോരാടുന്നത്.—രാജാവ് തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കുന്നു
6. ദൈവജനത്തിനു നേരെയുള്ള എതിർപ്പിനെ യഹോവയും ക്രിസ്‌തുവും വീക്ഷിക്കുന്നത് എങ്ങനെ?
6 തന്റെ സ്ഥാപിത രാജ്യത്തെ എതിർക്കുന്നതിനോടുള്ള യഹോവയുടെ പ്രതികരണം ഇപ്രകാരം മുൻകൂട്ടി പറയപ്പെട്ടിരിക്കുന്നു: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു. അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീർത്തനം 2:4-6) യഹോവയുടെ മാർഗനിർദേശത്തിൻ കീഴിൽ ക്രിസ്‌തു ‘ജയിച്ചടക്കൽ പൂർത്തിയാക്കാനുള്ള’ സമയം ആഗതമായിരിക്കുന്നു. (വെളിപ്പാടു 6:2, NW) അന്തിമ ജയിച്ചടക്കലിന്റെ സമയത്ത് തന്റെ ജനത്തിനു നേർക്കുള്ള എതിർപ്പിനെ യഹോവ എങ്ങനെയാണ് വീക്ഷിക്കുന്നത്? തന്നോടും വാഴ്‌ച നടത്തുന്ന തന്റെ രാജാവിനോടുമുള്ള എതിർപ്പായിത്തന്നെ. ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെ തൊടുന്നു’ എന്നു യഹോവ പറയുന്നു. (സെഖര്യാവു 2:8) തന്റെ സഹോദരന്മാർക്ക് ആളുകൾ ചെയ്യുന്നതോ ചെയ്യാത്തതോ ആയ കാര്യങ്ങൾ തനിക്ക് ചെയ്യുന്നതോ ചെയ്യാത്തതോ ആയി താൻ കണക്കാക്കുന്നുവെന്നു യേശു വളരെ വ്യക്തമായി പ്രസ്‌താവിച്ചു.—മത്തായി 25:40, 45.
7. വെളിപ്പാടു 7:9-ൽ വിവരിച്ചിരിക്കുന്ന “മഹാപുരുഷാര”ത്തിൽപ്പെട്ടവർ ഗോഗിന്റെ ഉഗ്രകോപത്തിന് പാത്രമാകുന്നത് ഏതു കാരണങ്ങളാലാണ്?
7 തീർച്ചയായും, അഭിഷിക്ത ശേഷിപ്പിനെ സജീവമായി പിന്തുണയ്‌ക്കുന്നവരും സമാനമായി ഗോഗിന്റെ ഉഗ്രകോപത്തിന് പാത്രമാകും. ദൈവത്തിന്റെ “പുതിയ ഭൂമി”യിലെ അംഗങ്ങളാകാൻ പോകുന്ന ഇവർ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു”മുള്ള “ഒരു മഹാപുരുഷാരം” ആണ്. (വെളിപ്പാടു 7:9) അവർ “വെള്ളനിലയങ്കി ധരിച്ചു . . . സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്‌ക്കുന്ന”തായി പറയപ്പെട്ടിരിക്കുന്നു. അവർക്ക് ദൈവത്തിനും ക്രിസ്‌തുവിനും മുമ്പാകെ ഒരു അംഗീകൃത നിലയുണ്ട് എന്ന് അതു കാണിക്കുന്നു. “കയ്യിൽ കുരുത്തോലയുമായി” അവർ അഖിലാണ്ഡത്തിന്റെ പരമാധികാരി എന്ന സ്ഥാനത്തിന് അർഹനായിരിക്കുന്ന യഹോവയെ വാഴ്‌ത്തുന്നു. യഹോവയുടെ സിംഹാസനസ്ഥ രാജാവിന്റെ—‘ദൈവത്തിന്റെ കുഞ്ഞാടായ’ യേശുക്രിസ്‌തുവിന്റെ—വാഴ്‌ച യഹോവയുടെ ഭരണാധിപത്യത്തെയാണു പ്രതിനിധാനം ചെയ്യുന്നത്.—യോഹന്നാൻ 1:29, 36.
8. ഗോഗിന്റെ ആക്രമണം എന്തു ചെയ്യാൻ യേശുവിനെ പ്രേരിപ്പിക്കും, എന്തു ഫലത്തോടെ?
8 ഗോഗിന്റെ ആക്രമണം, നടപടി സ്വീകരിക്കാനും അർമഗെദോൻ യുദ്ധം നടത്താനും ദൈവത്തിന്റെ സിംഹാസനസ്ഥ രാജാവിനെ പ്രേരിപ്പിക്കും. (വെളിപ്പാടു 16:14, 16) യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് നാശം സംഭവിക്കും. എന്നാൽ, ദൈവരാജ്യത്തോടുള്ള വിശ്വസ്‌തത നിമിത്തം ഉപദ്രവം സഹിച്ചിരിക്കുന്നവർക്ക് നിത്യാശ്വാസം ലഭിക്കും. ഇതു സംബന്ധിച്ച് അപ്പൊസ്‌തലനായ പൗലൊസ് ഇപ്രകാരം എഴുതി: “അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്‌കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.”—2 തെസ്സലൊനീക്യർ 1:5-8.
9, 10. (എ) ഒരു വൻ ശത്രുവിനുമേൽ യഹോവ യഹൂദായ്‌ക്ക് വിജയം നൽകിയത് എങ്ങനെ? (ബി) ഇന്നു ക്രിസ്‌ത്യാനികൾ എന്തു ചെയ്യുന്നതിൽ തുടരണം?
9 സമീപിച്ചുകൊണ്ടിരിക്കുന്നതും അർമഗെദോനിൽ പാരമ്യത്തിലെത്തുന്നതുമായ മഹോപദ്രവത്തിന്റെ സമയത്ത് സകല ദുഷ്ടതയ്‌ക്കുമെതിരെ ക്രിസ്‌തു യുദ്ധം ചെയ്യും. എന്നാൽ അവന്റെ അനുഗാമികൾ പോരാടേണ്ടതില്ല. ആയിരക്കണക്കിന് വർഷം മുമ്പ് രണ്ടുഗോത്ര യഹൂദാരാജ്യത്തിലെ നിവാസികൾക്കും അങ്ങനെ ചെയ്യേണ്ടിവന്നില്ല എന്നത് ഓർക്കുക. യുദ്ധം യഹോവയുടേതായിരുന്നു, വിജയം നൽകിയത് അവനായിരുന്നു. രേഖ ഇങ്ങനെ പറയുന്നു: “യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോററുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോടു എതിർത്തു അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിന്നരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.”—2 ദിനവൃത്താന്തം 20:22-24.
10 യഹോവ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ ആയിരുന്നു അത്: “പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല.” (2 ദിനവൃത്താന്തം 20:17) ‘തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കാനായി’ ക്രിസ്‌തു പുറപ്പെടുന്ന സമയത്ത് ക്രിസ്‌ത്യാനികൾ പിൻപറ്റേണ്ട മാതൃകയാണ് ഇത്. അതുവരെ അവർ, ജഡിക ആയുധങ്ങൾകൊണ്ടല്ല മറിച്ച് ആത്മീയ ആയുധങ്ങൾകൊണ്ട് തിന്മയോടു പോരാടുന്നതിൽ തുടരുന്നു. അങ്ങനെ അവർ ‘നന്മയാൽ തിന്മയെ ജയിക്കുന്നു.’—റോമർ 6:13; 12:17-21; 13:12; 2 കൊരിന്ത്യർ 10:3-5.
ഗോഗിന്റെ ആക്രമണത്തെ ആർ നയിക്കും?
11. (എ) തന്റെ ആക്രമണത്തിനായി ഗോഗ് ഏത് ഏജൻസികളെ ഉപയോഗിക്കും? (ബി) ആത്മീയമായി ഉണർന്നിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
11 1914 മുതൽ അധമാവസ്ഥയിലായിരിക്കുന്ന പിശാചായ സാത്താനാണ് മാഗോഗിലെ ഗോഗ് എന്ന് അറിയപ്പെടുന്നത്. ഒരു ആത്മവ്യക്തി ആയതിനാൽ അവന് നേരിട്ടു നമ്മെ ആക്രമിക്കാനാവില്ല, തന്റെ ഹിതം നിറവേറ്റാനായി അവൻ മനുഷ്യ ഏജൻസികളെ ഉപയോഗിക്കും. ഈ മനുഷ്യ ഏജൻസികൾ ആരായിരിക്കും? ബൈബിളിൽ ഇതു സംബന്ധിച്ച വിശദാംശങ്ങളില്ലെങ്കിലും, അവർ ആരായിരിക്കുമെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന ചില സൂചനകൾ അത് നൽകുന്നുണ്ട്. ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയായി ലോകസംഭവങ്ങൾ ചുരുളഴിയുമ്പോൾ ക്രമേണ നമുക്കു കൂടുതൽ വ്യക്തമായ ഒരു ചിത്രം ലഭിക്കും. യഹോവയുടെ ജനം ഊഹാപോഹം
നടത്തുന്നില്ല. എന്നാൽ, ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയുമായി ഒത്തുവരുന്ന രാഷ്‌ട്രീയവും മതപരവുമായ സംഭവവികാസങ്ങൾ സംബന്ധിച്ച് തികച്ചും ബോധവാന്മാരായിരുന്നുകൊണ്ട് അവർ ആത്മീയമായി ഉണർന്നിരിക്കുന്നു.12, 13. ദൈവജനത്തിന്മേലുള്ള ഒരു അന്തിമ ആക്രമണം പ്രവാചകനായ ദാനീയേൽ മുൻകൂട്ടി പറഞ്ഞത് എങ്ങനെ?
12 പിൻവരുന്ന വാക്കുകളിലൂടെ, ദൈവജനത്തിന് എതിരെയുള്ള അന്തിമ ആക്രമണത്തിന്മേൽ പ്രവാചകനായ ദാനീയേൽ വെളിച്ചം വീശുന്നു: “അവൻ [വടക്കെദേശത്തെ രാജാവ്] പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.”—ദാനീയേൽ 11:44, 45.
13 ബൈബിൾ കാലങ്ങളിൽ, “സമുദ്രം” മഹാസമുദ്രം അഥവാ മധ്യധരണ്യാഴിയും ‘വിശുദ്ധപർവ്വതം’ സീയോനും ആയിരുന്നു. സീയോനെ കുറിച്ച് യഹോവ ഇപ്രകാരം പറഞ്ഞു: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീർത്തനം 2:6; യോശുവ 1:4) അതുകൊണ്ട് ആത്മീയ അർഥത്തിൽ, “സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ”യുള്ള സ്ഥലം അഭിഷിക്ത ക്രിസ്‌ത്യാനികൾ ആസ്വദിക്കുന്ന ആത്മീയ സമൃദ്ധിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. അവർ മേലാൽ, ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ സമുദ്രത്തിന്റെ ഭാഗമായിരിക്കുന്നില്ല. കൂടാതെ, അവർ സ്വർഗീയ രാജ്യത്തിൽ ക്രിസ്‌തുയേശുവിനോടൊപ്പം ഭരിക്കാനായി നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു. വ്യക്തമായും, ദാനീയേൽ പ്രവചനത്തിന്റെ നിവൃത്തിയായി വടക്കെദേശത്തെ രാജാവ് ശക്തമായ ആക്രമണം അഴിച്ചുവിടുന്ന സമയത്ത്, ദൈവത്തിന്റെ അഭിഷിക്ത ദാസന്മാരും ഒപ്പം മഹാപുരുഷാരമാകുന്ന അവരുടെ വിശ്വസ്‌ത സഹകാരികളും അവന്റെ ലക്ഷ്യമായിരിക്കും.—യെശയ്യാവു 57:20; എബ്രായർ 12:22; വെളിപ്പാടു 14:1.
ദൈവദാസർ എങ്ങനെ പ്രതികരിക്കും?
14. ആക്രമിക്കപ്പെടുമ്പോൾ ദൈവജനം ഏതു മൂന്നു കാര്യങ്ങൾ ചെയ്യും?
14 ആക്രമിക്കപ്പെടുമ്പോൾ ദൈവദാസർ എന്തു ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്നു? യെഹോശാഫാത്തിന്റെ നാളിലെ ദൈവത്തിന്റെ മാതൃകാരാജ്യം പ്രതികരിച്ചതുപോലെതന്നെ. പിൻവരുന്ന മൂന്നു കാര്യങ്ങൾ ചെയ്യാൻ ജനത്തിനു കൽപ്പന ലഭിച്ചു എന്നത് ശ്രദ്ധിക്കുക: (1) സ്വസ്ഥാനങ്ങളിൽ നിലയുറപ്പിക്കുക, (2) നിശ്ചലരായി നിൽക്കുക, (3) യഹോവയുടെ രക്ഷ കാണുക. ഈ വാക്കുകൾക്കു ചേർച്ചയിൽ ദൈവജനം ഇന്ന് എങ്ങനെ പ്രതികരിക്കും?—2 ദിനവൃത്താന്തം 20:17, NW.
15. സ്വസ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നത് ദൈവജനത്തെ സംബന്ധിച്ച് എന്തർഥമാക്കുന്നു?
15 സ്വസ്ഥാനങ്ങളിൽ നിലയുറപ്പിക്കുക: ദൈവരാജ്യത്തെ സജീവമായി പിന്തുണയ്‌ക്കുകയെന്ന തങ്ങളുടെ നിലപാടിൽ ദൈവജനം അചഞ്ചലരായി തുടരും. ക്രിസ്‌തീയ നിഷ്‌പക്ഷത സംബന്ധിച്ച തങ്ങളുടെ നിലപാട് അവർ തുടർന്നും നിലനിറുത്തും. യഹോവയ്‌ക്കുള്ള തങ്ങളുടെ വിശ്വസ്‌ത സേവനത്തിൽ അവർ “ഉറപ്പുള്ളവരും കുലുങ്ങാത്തവരും” ആയിരിക്കുകയും യഹോവയെ അവന്റെ “സ്‌നേഹദയ”യെ പ്രതി പരസ്യമായി സ്‌തുതിക്കുന്നതിൽ തുടരുകയും ചെയ്യും. (1 കൊരിന്ത്യർ 15:58; സങ്കീർത്തനം 118:28, 29, NW) ഇപ്പോഴുള്ളതോ വരുവാനുള്ളതോ ആയ യാതൊരു സമ്മർദത്തിനും അവരുടെ ഈ ദൈവാംഗീകൃത സ്ഥാനത്തുനിന്ന് അവരെ ഇളക്കാൻ കഴിയില്ല.
16. ഏതു വിധത്തിലായിരിക്കും യഹോവയുടെ ദാസർ നിശ്ചലരായി നിൽക്കുന്നത്?
16 നിശ്ചലരായി നിൽക്കുക: തങ്ങളെത്തന്നെ രക്ഷിക്കാൻ യഹോവയുടെ ദാസർ ശ്രമിക്കുകയില്ല. മറിച്ച്, അവർ യഹോവയിൽ തങ്ങളുടെ പൂർണ ആശ്രയമർപ്പിക്കും. ലോക കുഴപ്പങ്ങളിൽനിന്ന് തന്റെ ദാസരെ രക്ഷിക്കാൻ അവനു മാത്രമേ കഴിയൂ. അത് അവൻ വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്. (യെശയ്യാവു 43:10, 11; 54:15; വിലാപങ്ങൾ 3:26) യഹോവയിൽ ആശ്രയിക്കുന്നതിൽ, അവൻ തന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ ദശാബ്ദങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആധുനികകാല ദൃശ്യ സരണിയിൽ ആശ്രയിക്കുന്നതും ഉൾപ്പെടും. നേതൃത്വമെടുക്കാനായി യഹോവയും അവന്റെ വാഴ്‌ച നടത്തുന്ന രാജാവും നിയുക്തരാക്കിയിരിക്കുന്ന സഹാരാധകരിൽ മുമ്പെന്നത്തെക്കാളധികമായി സത്യക്രിസ്‌ത്യാനികൾ അപ്പോൾ തങ്ങളുടെ വിശ്വാസമർപ്പിക്കേണ്ടിവരും. ഈ വിശ്വസ്‌ത പുരുഷന്മാർ ദൈവജനത്തെ വഴിനയിക്കും. അവരുടെ മാർഗനിർദേശത്തെ അവഗണിക്കുന്നത് വിപത്‌കരമായേക്കാം.—മത്തായി 24:45-47; എബ്രായർ 13:7, 17.
17. ദൈവത്തിന്റെ ദാസന്മാർ യഹോവ വരുത്തുന്ന രക്ഷ കാണുമെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
17 യഹോവയുടെ രക്ഷ കാണുക: തങ്ങളുടെ ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ സ്ഥാനത്ത് ഉറച്ചുനിൽക്കുകയും വിടുതലിനായി യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്ന സകലർക്കുമുള്ള പ്രതിഫലം രക്ഷ ആയിരിക്കും. അന്തിമ സമയംവരെ—അവർക്കു സാധ്യമാകുന്നിടത്തോളം—യഹോവയുടെ ന്യായവിധി ദിവസത്തിന്റെ ആഗമനത്തെ കുറിച്ച് അവർ പ്രഖ്യാപിക്കും. യഹോവയാണ് സത്യദൈവമെന്നും ഭൂമിയിൽ അവന് വിശ്വസ്‌ത ദാസർ ഉണ്ടെന്നും സർവസൃഷ്ടിയും അറിയണം. യഹോവയുടെ ഭരണാധിപത്യത്തിന്റെ ഔചിത്യം സംബന്ധിച്ച് ഒരു ദീർഘകാല തർക്കത്തിന്റെ ആവശ്യം വീണ്ടുമൊരിക്കലും ഉണ്ടാകുകയില്ല.—യെഹെസ്‌കേൽ 33:33; 36:23.
18, 19. (എ) ഗോഗിന്റെ ആക്രമണത്തെ അതിജീവിക്കുന്നവരുടെ വികാരങ്ങളെ പുറപ്പാടു 15-ാം അധ്യായത്തിലെ ജയഗീതം പ്രതിഫലിപ്പിക്കുന്നത് എങ്ങനെ? (ബി) ദൈവജനം ഇപ്പോൾ എന്തു ചെയ്യുന്നത് ഉചിതമാണ്?
18 ഒരു ജയഗീതം ആലപിക്കാനുള്ള ആവേശത്തോടെ ദൈവജനം ഊർജ്ജസ്വലരായി പുതിയ ലോകത്തിലേക്കു പ്രവേശിക്കും, ചെങ്കടലിലൂടെ വിടുവിക്കപ്പെട്ടശേഷം പുരാതന ഇസ്രായേല്യർ ചെയ്‌തതുപോലെതന്നെ. യഹോവ നൽകിയ സംരക്ഷണത്തോട് എന്നേക്കുമുള്ള കൃതജ്ഞതയാൽ അവർ വ്യക്തിപരമായും കൂട്ടമെന്ന നിലയിലും ഈ വാക്കുകൾ ഏറ്റുപറയും: “ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ. . . യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം. . . . യഹോവേ നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു. നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു. . . . നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു. . . . നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധമന്ദിരത്തിങ്കൽ തന്നേ. യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”—പുറപ്പാടു 15:1-19.
19 നിത്യജീവന്റെ പ്രതീക്ഷ പൂർവാധികം ശോഭിതമായിരിക്കുന്നതിനാൽ, യഹോവയോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനും നിത്യരാജാവെന്ന നിലയിൽ അവനെ സേവിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം പുതുക്കാനും എത്ര നല്ല സമയമാണ് ദൈവദാസർക്ക് ഇപ്പോൾ ഉള്ളത്!—1 ദിനവൃത്താന്തം 29:11-13.
നിങ്ങൾക്കു വിശദീകരിക്കാമോ?
• അഭിഷിക്തർക്കും വേറെ ആടുകൾക്കും നേരെ ഗോഗ് ആക്രമണം നടത്താൻപോകുന്നത് എന്തുകൊണ്ട്?
• ദൈവജനം സ്വസ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നത് എങ്ങനെ?
• നിശ്ചലരായി നിൽക്കുക എന്നതിന്റെ അർഥമെന്ത്?
• ദൈവജനം എങ്ങനെ യഹോവയുടെ രക്ഷ കാണും?
[അധ്യയന ചോദ്യങ്ങൾ]
[18 -ാം പേജിലെ ചിത്രം]
യഹോവ യെഹോശാഫാത്തിനും അവന്റെ ജനത്തിനും വിജയം നൽകി, അവർക്കു പോരാടേണ്ടി വന്നില്ലതാനും
[20 -ാം പേജിലെ ചിത്രം]
യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ അഭിഷിക്തരും വേറെ ആടുകളും ഒരുമിച്ചു പ്രവർത്തിക്കുന്നു
[22 -ാം പേജിലെ ചിത്രം]
പുരാതന ഇസ്രായേല്യരെ പോലെ, ദൈവജനം താമസിയാതെ ഒരു ജയഗീതം ആലപിക്കും