വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഭയപ്പെടരുത്‌, ഭ്രമിക്കയും അരുത്‌’

‘ഭയപ്പെടരുത്‌, ഭ്രമിക്കയും അരുത്‌’

‘ഭയപ്പെടരുത്‌, ഭ്രമിക്കയും അരുത്‌’

‘ഭയപ്പെടരുത്‌, ഭ്രമിക്കയും അരുത്‌; യഹോവ നിങ്ങളോടുകൂടെ ഉണ്ട്‌.’​—⁠2 ദിനവൃത്താന്തം 20:17.

1. ഭീകരപ്രവർത്തനത്തിന്‌ ആളുകളുടെമേൽ എന്തു ഫലമുണ്ട്‌, അവരുടെ ഭയം ന്യായമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ഭീകരപ്രവർത്തനം! ആ വാക്കുതന്നെ നമ്മിൽ ഭയവും ഒപ്പം അരക്ഷിതത്വവും നിസ്സഹായതയും ജനിപ്പിക്കുന്നു. ഭീതി, ദുഃഖം, കോപം തുടങ്ങിയ പലവിധ വികാരങ്ങൾ അത്‌ ഉളവാക്കുന്നു. തുടർന്നും അത്‌ മാനവരാശിയെ കാർന്നുതിന്നുമെന്ന്‌ പലരും ഭയക്കുന്നു. ചില രാജ്യങ്ങൾ വിവിധതരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ദശാബ്ദങ്ങളോളം പോരാടിയിട്ടുണ്ടെങ്കിലും പരിമിതമായ വിജയമേ ലഭിച്ചിട്ടുള്ളു എന്ന വസ്‌തുത ഇത്തരം ഭയത്തെ ഊട്ടിയുറപ്പിക്കുന്നു.

2. ഭീകരപ്രവർത്തനത്തോടു യഹോവയുടെ സാക്ഷികൾ എങ്ങനെ പ്രതികരിക്കുന്നു, അത്‌ ഏതു ചോദ്യങ്ങളിലേക്കു നയിക്കുന്നു?

2 എന്നിരുന്നാലും, പ്രത്യാശയ്‌ക്കു വകയുണ്ട്‌. 234 ദേശങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷികൾ ഇതു സംബന്ധിച്ച്‌ അങ്ങേയറ്റം ശുഭാപ്‌തിവിശ്വാസമുള്ളവരാണ്‌. ഭീകരപ്രവർത്തനം തുടച്ചുനീക്കപ്പെടാൻ പോകുന്നില്ല എന്നു ഭയക്കുന്നതിനു പകരം, അതു പെട്ടെന്നുതന്നെ തുടച്ചുനീക്കപ്പെടുമെന്ന്‌ അവർ അടിയുറച്ചു വിശ്വസിക്കുന്നു. അവരുടേതുപോലുള്ള ശുഭാപ്‌തിവിശ്വാസം വെച്ചുപുലർത്തുന്നത്‌ യുക്തിസഹമാണോ? ഭീകരപ്രവർത്തനത്തിന്റെ നീരാളിപ്പിടിത്തത്തിൽനിന്നു ലോകത്തെ രക്ഷിക്കാൻ ആർക്കു കഴിയും, അത്‌ എങ്ങനെ സാധ്യമാകും? ഏതെങ്കിലും തരത്തിലുള്ള അക്രമത്തിനു നാമെല്ലാം വിധേയരായിട്ടുണ്ട്‌ എന്നതിനാൽ, അത്തരമൊരു ശുഭാപ്‌തിവിശ്വാസത്തിനുള്ള അടിസ്ഥാനം പരിശോധിക്കുന്നതു നന്നായിരിക്കും.

3. ഭയത്തിനുള്ള ഏതു കാരണങ്ങൾ ഉണ്ട്‌, നമ്മുടെ കാലത്തെ കുറിച്ച്‌ എന്ത്‌ മുൻകൂട്ടി പറയപ്പെട്ടിരിക്കുന്നു?

3 ഇക്കാലത്ത്‌ ആളുകളെ ഭയപ്പെടുത്തുന്ന കാരണങ്ങൾ നിരവധിയാണ്‌. പ്രായാധിക്യം നിമിത്തം സ്വന്തം കാര്യങ്ങൾ നോക്കിനടത്താനാകാത്തവരെയും മാറാരോഗങ്ങൾ പിടിപെട്ട്‌ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നവരെയും അഹോവൃത്തിക്കു വക കണ്ടെത്താൻ പാടുപെടുന്നവരെയും കുറിച്ചു ചിന്തിക്കുക. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചുതന്നെ ആലോചിച്ചുനോക്കുക! അപകടത്തിന്റെയോ വിപത്തിന്റെയോ രൂപത്തിൽ നമ്മുടെ മേൽ ചാടിവീഴാൻ തക്കംപാർത്ത്‌, നാം പ്രിയങ്കരമായി കരുതുന്ന എന്തിനെയും പിച്ചിച്ചീന്താൻ തയ്യാറെടുത്ത്‌ മരണം അടുത്തെവിടെയോ പതിയിരുപ്പുണ്ടെന്നു തോന്നിയേക്കാം. അത്തരം ഭയവും ഉത്‌കണ്‌ഠയും അവയ്‌ക്കുപുറമേ വ്യക്തിപരമായ ഭിന്നതകളും നിരാശകളും, അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വർണന നമ്മുടെ ഈ കാലഘട്ടത്തിനു തികച്ചും അന്വർഥമാണെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു: ‘അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ആയിരിക്കും.’​—⁠2 തിമൊഥെയൊസ്‌ 3:1-4എ.

4. 2 തിമൊഥെയൊസ്‌ 3:1-3-ൽ പറഞ്ഞിരിക്കുന്ന ഇരുളടഞ്ഞ സാഹചര്യത്തോടുള്ള ബന്ധത്തിൽ ആശാവഹമായ എന്താണുള്ളത്‌?

4 ഈ തിരുവെഴുത്ത്‌ ഇരുളടഞ്ഞ ഒരു ചിത്രമാണ്‌ വരച്ചുകാട്ടുന്നതെങ്കിലും, അതു പ്രത്യാശയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്‌. സാത്താന്റെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യകാല”ത്താണ്‌ ദുർഘടസമയങ്ങൾ ഉണ്ടാകേണ്ടത്‌ എന്നതു ശ്രദ്ധിക്കുക. ആശ്വാസം സമീപിച്ചിരിക്കുന്നുവെന്നും ഈ ദുഷ്ടവ്യവസ്ഥിതിയുടെ സ്ഥാനത്ത്‌ ദൈവത്തിന്റെ പൂർണതയുള്ള രാജ്യം വരുമെന്നുമാണ്‌ ഇതിന്റെ അർഥം. ആ രാജ്യത്തിനായി പ്രാർഥിക്കാനാണ്‌ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്‌. (മത്തായി 6:9, 10) ആ രാജ്യം ദൈവത്തിന്റെ സ്വർഗീയ ഗവണ്മെന്റാണ്‌. ദാനീയേൽ പറയുന്നതനുസരിച്ച്‌, ‘ഒരുനാളും നശിച്ചുപോകാത്ത ആ രാജത്വം ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.’​—⁠ദാനീയേൽ 2:44.

ക്രിസ്‌തീയ നിഷ്‌പക്ഷതയും ഭീകരപ്രവർത്തനവും

5. ഭീകരപ്രവർത്തനത്തോട്‌ രാഷ്‌ട്രങ്ങൾ ഈയിടെ പ്രതികരിച്ചതെങ്ങനെ?

5 ദശാബ്ദങ്ങളായി, ഭീകരപ്രവർത്തനം ആയിരക്കണക്കിന്‌ ആളുകളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. 2001 സെപ്‌റ്റംബർ 11-ന്‌ ന്യൂയോർക്ക്‌ നഗരത്തിലെ വാഷിങ്‌ടൺ ഡി.സി.-യിൽ നടന്ന ആക്രമണത്തിനുശേഷം ഭീകരപ്രവർത്തനത്തിനെതിരെ ലോകം കൂടുതൽ ജാഗരൂകമായിത്തീർന്നു. ഭീകരപ്രവർത്തനത്തിന്റെ വർധനയും അതിന്റെ ആഗോള വ്യാപ്‌തിയും കണക്കിലെടുത്തുകൊണ്ട്‌, അതിനെതിരെ പൊരുതാൻ ലോകമെമ്പാടമുള്ള രാഷ്‌ട്രങ്ങൾ പെട്ടെന്നുതന്നെ അണിനിരന്നു. ഉദാഹരണമായി, മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തതനുസരിച്ച്‌, 2001 ഡിസംബർ 4-ന്‌ “55 യൂറോപ്യൻ, വടക്കേ അമേരിക്കൻ, മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദേശ മന്ത്രിമാർ” തങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള “ഒരു പദ്ധതിക്ക്‌ ഐകകണ്‌ഠ്യേന അംഗീകാരം നൽകി.” ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ “പുത്തൻ ഉണർവ്‌” നൽകുന്ന ഒരു നടപടി എന്നാണ്‌ ഐക്യനാടുകളിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇതിനെ വിശേഷിപ്പിച്ചത്‌. “ഒരു ഐതിഹാസിക പോരാട്ടത്തിന്റെ തുടക്കം” എന്നു ദ ന്യൂയോർക്ക്‌ ടൈംസ്‌ മാഗസിൻ വിളിച്ച സംരംഭത്തെ കോടിക്കണക്കിന്‌ ആളുകൾ ഉടൻതന്നെ പിന്തുണച്ചു. അത്തരം പ്രവർത്തനങ്ങൾ എത്ര വിജയകരമാണെന്ന്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഭീകരപ്രവർത്തനത്തിനെതിരെയുള്ള അത്തരമൊരു യുദ്ധത്തിന്റെ അനന്തരഫലങ്ങൾ അനേകരിൽ ഭയാശങ്കകൾ ഉണർത്തിയിരിക്കുന്നു. എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക്‌ അത്തരം ഭയമില്ല.

6. (എ) യഹോവയുടെ സാക്ഷികൾ കൈക്കൊള്ളുന്ന ക്രിസ്‌തീയ നിഷ്‌പക്ഷത സംബന്ധിച്ച നിലപാടിനെ അംഗീകരിക്കാൻ ചിലപ്പോൾ ആളുകൾക്ക്‌ ബുദ്ധിമുട്ടുള്ളത്‌ എന്തുകൊണ്ട്‌? (ബി) രാഷ്‌ട്രീയ പ്രവർത്തനം സംബന്ധിച്ച്‌ യേശു തന്റെ അനുഗാമികൾക്കായി എന്തു മാതൃക വെച്ചു?

6 യഹോവയുടെ സാക്ഷികളുടെ രാഷ്‌ട്രീയ നിഷ്‌പക്ഷതയെ കുറിച്ച്‌ പരക്കെ അറിവുള്ളതാണ്‌. പ്രശ്‌നങ്ങളൊന്നുമില്ലാത്തപ്പോൾ യഹോവയുടെ സാക്ഷികളുടെ ഈ നിലപാടിനെ മിക്കവരും സ്വാഗതം ചെയ്‌തേക്കാമെങ്കിലും, അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അവർ അതിന്‌ അത്ര തയ്യാറാകാത്തതായി കാണുന്നു. യുദ്ധഭീതിയും അനിശ്ചിതത്വവും പലപ്പോഴും ശക്തമായ ദേശീയ വികാരങ്ങൾ ആളിക്കത്തിക്കാറുണ്ട്‌. അതിനാൽ, ജനസമ്മതിയുള്ള ദേശീയ പ്രസ്ഥാനങ്ങളെ ആരെങ്കിലും പിന്തുണയ്‌ക്കാതിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ മനസ്സിലാക്കാൻ ചിലർക്കു ബുദ്ധിമുട്ടുണ്ടായേക്കാം. എന്നിരുന്നാലും, ‘ലോകത്തിന്റെ ഭാഗം’ (NW) ആകാതിരിക്കാനുള്ള യേശുവിന്റെ കൽപ്പന തങ്ങൾ അനുസരിക്കണമെന്നു സത്യക്രിസ്‌ത്യാനികൾക്ക്‌ അറിയാം. (യോഹന്നാൻ 15:19; 17:14-16; 18:36; യാക്കോബ്‌ 4:4) ഇതുനിമിത്തം രാഷ്‌ട്രീയമോ സാമൂഹികമോ ആയ കാര്യങ്ങളിൽ അവർ നിഷ്‌പക്ഷത പാലിക്കുന്നു. ഇക്കാര്യത്തിൽ യേശുതന്നെ ഉചിതമായ ഒരു മാതൃക വെച്ചു. പൂർണ ജ്ഞാനവും മുന്തിയ ഗുണങ്ങളും ഉണ്ടായിരുന്ന അവന്‌, തന്റെ നാളിലെ മനുഷ്യ കാര്യാദികളെ മെച്ചപ്പെടുത്താൻ കഴിയുമായിരുന്നു. എങ്കിലും, രാഷ്‌ട്രീയ കാര്യങ്ങളിൽനിന്ന്‌ അവൻ വിട്ടുനിന്നു. തന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ, ലോകത്തിലെ സകല രാജ്യങ്ങളുടെയുംമേലുള്ള ഭരണാധിപത്യം നൽകാമെന്ന സാത്താന്റെ വാഗ്‌ദാനം അവൻ ശക്തിയുക്തം തള്ളിക്കളഞ്ഞു. പിന്നീടൊരിക്കൽ, തന്നെ രാഷ്‌ട്രീയ അധികാരസ്ഥാനത്ത്‌ ആക്കിവെക്കാനുള്ള ജനത്തിന്റെ ആഗ്രഹം മനസ്സിലാക്കിയ അവൻ രണ്ടാമതൊന്ന്‌ ആലോചിക്കാതെ രംഗം വിട്ടുപോയി.​—⁠മത്തായി 4:8-10; യോഹന്നാൻ 6:14, 15.

7, 8. (എ) യഹോവയുടെ സാക്ഷികളുടെ രാഷ്‌ട്രീയ നിഷ്‌പക്ഷത എന്ത്‌ അർഥമാക്കുന്നില്ല, എന്തുകൊണ്ട്‌? (ബി) ഭരണകൂടങ്ങൾക്ക്‌ എതിരെയുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ റോമർ 13:1, 2 കുറ്റംവിധിക്കുന്നത്‌ എങ്ങനെ?

7 യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷ നിലപാടു നിമിത്തം, അവർ അക്രമപ്രവർത്തനങ്ങളെ പിന്താങ്ങുന്നവരോ അവയ്‌ക്കു നേരെ കണ്ണടയ്‌ക്കുന്നവരോ ആണെന്നു തെറ്റിദ്ധരിക്കരുത്‌. അവർ അങ്ങനെ ചെയ്‌താൽ, അത്‌ ‘സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവ’ത്തിന്റെ ദാസരാണ്‌ തങ്ങൾ എന്ന അവരുടെ അവകാശവാദത്തിനു വിരുദ്ധമായിരിക്കും. (2 കൊരിന്ത്യർ 13:11) അക്രമത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നുവെന്ന്‌ അവർ പഠിച്ചിരിക്കുന്നു. സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “കർത്താവ്‌ [യഹോവ] നീതിമാനെയും ദുഷ്‌ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്‌ടപ്പെടുന്നവനെ അവിടുന്ന്‌ വെറുക്കുന്നു.” (സങ്കീർത്തനം 11:​5, പി.ഒ.സി. ബൈബിൾ) അപ്പൊസ്‌തലനായ പത്രൊസിനോടു യേശു പറഞ്ഞത്‌ എന്താണെന്നും അവർക്കറിയാം: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.”​—⁠മത്തായി 26:52.

8 കപട ക്രിസ്‌ത്യാനികൾ പലപ്പോഴും “വാൾ” ഉപയോഗിച്ചിരിക്കുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ അതു സത്യമല്ല. അവർ അത്തരം പ്രവർത്തനങ്ങളിൽനിന്നെല്ലാം വിട്ടുനിൽക്കുന്നു. റോമർ 13:1, 2-ലെ ഈ കൽപ്പന സാക്ഷികൾ വിശ്വസ്‌തമായി അനുസരിക്കുന്നു: “ഏതു മനുഷ്യനും ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.”

9. ഭീകരപ്രവർത്തനത്തിനെതിരെ യഹോവയുടെ സാക്ഷികൾ ചെയ്യുന്ന രണ്ടു കാര്യങ്ങൾ ഏതൊക്കെയാണ്‌?

9 ഭീകരപ്രവർത്തനം അതിഹീനമായ ഒന്നാണെന്നിരിക്കെ, യഹോവയുടെ സാക്ഷികൾ അതിനെതിരെ എന്തെങ്കിലും ചെയ്യേണ്ടതല്ലേ? അതേ, ചെയ്യേണ്ടതാണ്‌, ചെയ്യുന്നുമുണ്ട്‌. ഒന്നാമതായി, ഒരുതരത്തിലുള്ള അക്രമപ്രവർത്തനങ്ങളിലും ഏർപ്പെടാതിരുന്നതുകൊണ്ട്‌ അവർതന്നെ ഒരു നല്ല മാതൃക വെക്കുന്നു. രണ്ടാമതായി, സകല തരം അക്രമപ്രവൃത്തികളിൽനിന്നും വിട്ടുനിൽക്കാൻ പ്രചോദിപ്പിക്കുന്ന പ്രായോഗികമായ ക്രിസ്‌തീയ തത്ത്വങ്ങൾ അവർ ആളുകളെ പഠിപ്പിക്കുന്നു. * ഈ ക്രിസ്‌തീയ ജീവിത രീതിയെ കുറിച്ചു പഠിക്കുന്നതിന്‌ ആളുകളെ സഹായിക്കാനായി യഹോവയുടെ സാക്ഷികൾ കഴിഞ്ഞവർഷം 120,23,81,302 മണിക്കൂർ ചെലവഴിച്ചു. അത്‌ വെറുതെയായില്ല. കാരണം, അതു നിമിത്തം 2,65,469 പേർ യഹോവയുടെ സാക്ഷികളായി സ്‌നാപനമേറ്റു. അങ്ങനെ, അക്രമത്തെ തങ്ങൾ പാടേ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന്‌ ഈ വ്യക്തികൾ പരസ്യമായി പ്രകടമാക്കി.

10. ഇന്നത്തെ ലോകത്തിൽനിന്ന്‌ അക്രമത്തെ തുടച്ചുനീക്കാമെന്ന മനുഷ്യന്റെ പ്രതീക്ഷയെ കുറിച്ച്‌ എന്തു പറയാൻ കഴിയും?

10 തങ്ങളുടെ കഴിവുകൊണ്ട്‌ ഈ ലോകത്തിൽനിന്നു തിന്മയെ തുടച്ചുനീക്കാൻ ഒരിക്കലും സാധിക്കില്ലെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. അതുകൊണ്ടാണ്‌ അതു ചെയ്യാൻ കഴിയുന്ന ഒരുവനിൽ, യഹോവയാം ദൈവത്തിൽ, അവർ തങ്ങളുടെ മുഴു ആശ്രയവും അർപ്പിച്ചിരിക്കുന്നത്‌. (സങ്കീർത്തനം 83:18) ആത്മാർഥമായി ശ്രമിച്ചിട്ടും അക്രമത്തിന്‌ അറുതിവരുത്താൻ മനുഷ്യനു കഴിയുന്നില്ല. നമ്മുടെ കാലത്തെ, അഥവാ “അന്ത്യകാല”ത്തെ കുറിച്ച്‌ ഒരു നിശ്വസ്‌ത ബൈബിൾ എഴുത്തുകാരൻ ഈ മുന്നറിയിപ്പു നൽകി: “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (2 തിമൊഥെയൊസ്‌ 3:1, 13, 14എ) ഈ നിലപാടിൽനിന്നു വീക്ഷിക്കുമ്പോൾ, തിന്മയ്‌ക്കെതിരെയുള്ള മനുഷ്യന്റെ പോരാട്ടം വിജയിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട്‌, അക്രമത്തെ എന്നെന്നേക്കുമായി നീക്കംചെയ്യാൻ നമുക്ക്‌ യഹോവയിൽ ആശ്രയിക്കാം.​—⁠സങ്കീർത്തനം 37:1, 2, 9-11; സദൃശവാക്യങ്ങൾ 24:19, 20; യെശയ്യാവു 60:18.

ആക്രമണം ആസന്നമെങ്കിലും നിർഭയർ

11. അക്രമത്തെ തുടച്ചുനീക്കാനായി യഹോവ ഇതിനോടകം ഏതു നടപടികൾ സ്വീകരിച്ചിരിക്കുന്നു?

11 സമാധാനത്തിന്റെ ദൈവം അക്രമം വെറുക്കുന്നതുകൊണ്ട്‌, അതിന്റെ മൂലകാരണത്തെ, പിശാചായ സാത്താനെ, നശിപ്പിക്കാനായി അവൻ പ്രാരംഭ നടപടികൾ സ്വീകരിച്ചിരിക്കുന്നത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രധാന ദൂതനായ മീഖായേലിന്റെ​—⁠ദൈവത്തിന്റെ സിംഹാസനസ്ഥനാക്കപ്പെട്ട പുതിയ രാജാവായ ക്രിസ്‌തുയേശുവിന്റെ​—⁠കൈകളാൽ അതീവ ലജ്ജാകരമായ ഒരു പരാജയം സാത്താൻ ഏറ്റുവാങ്ങാൻ ദൈവം ഇടയാക്കിക്കഴിഞ്ഞിരിക്കുന്നു. ആ സംഭവത്തെ ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.”​—⁠വെളിപ്പാടു 12:7-9.

12, 13. (എ) 1914 എന്ന വർഷത്തിന്റെ പ്രത്യേകതയെന്ത്‌? (ബി) ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്നവരെ കുറിച്ച്‌ യെഹെസ്‌കേലിന്റെ പ്രവചനം എന്തു മുൻകൂട്ടി പറയുന്നു?

12 സ്വർഗത്തിൽ ആ യുദ്ധം നടന്നത്‌ 1914 എന്ന വർഷത്തിലാണെന്ന്‌ ബൈബിൾ കാലക്കണക്കും ലോക സംഭവങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. അന്നു മുതൽ ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ കാരണം വിശദീകരിച്ചുകൊണ്ട്‌ വെളിപ്പാടു 12:12 പറയുന്നു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”

13 വ്യക്തമായും, പിശാച്‌ അവന്റെ ക്രോധം മുഖ്യമായും ദൈവത്തിന്റെ അഭിഷിക്ത ആരാധകർക്കും അവരുടെ സഹകാരികളായ “വേറെ ആടു”കൾക്കും നേരെയാണു തിരിച്ചുവിട്ടിരിക്കുന്നത്‌. (യോഹന്നാൻ 10:16; വെളിപ്പാടു 12:17) ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെ പിന്തുണയ്‌ക്കുകയും അതിൽ ആശ്രയമർപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കുമെതിരെ സാത്താൻ താമസിയാതെ അതിശക്തമായ ആക്രമണം അഴിച്ചുവിടുമ്പോൾ ഈ എതിർപ്പ്‌ അതിന്റെ ഉച്ചസ്ഥായിയിൽ എത്തും. സമഗ്രമായ ഈ ആക്രമണത്തെ യെഹെസ്‌കേൽ 38-ാം അധ്യായത്തിൽ “മാഗോഗ്‌ദേശത്തിലെ ഗോഗിന്റെ” ആക്രമണം എന്നു പരാമർശിച്ചിരിക്കുന്നു.

14. കഴിഞ്ഞകാലത്ത്‌ യഹോവയുടെ സാക്ഷികൾ ഏത്‌ സംരക്ഷണം ആസ്വദിച്ചു, അത്‌ എല്ലായ്‌പോഴും അങ്ങനെ ആയിരിക്കുമോ?

14 സ്വർഗത്തിൽനിന്ന്‌ സാത്താൻ നിഷ്‌കാസനം ചെയ്യപ്പെട്ടതിനെ തുടർന്ന്‌, വെളിപ്പാടു 12:​15, 16 വാക്യങ്ങളിൽ പ്രതീകാത്മക ഭാഷയിൽ വർണിച്ചിരിക്കുന്നപ്രകാരം ചില രാഷ്‌ട്രീയ ഘടകങ്ങളുടെ ശ്രമഫലമായി ദൈവജനം ചിലപ്പോഴൊക്കെ സാത്താന്റെ ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ, സാത്താൻ അവന്റെ അന്തിമ ആക്രമണം അഴിച്ചുവിടുന്ന സമയത്ത്‌ മാനുഷ സംഘടനകളൊന്നും യഹോവയിൽ ആശ്രയിക്കുന്നവരുടെ സംരക്ഷണാർഥം രംഗത്തുവരില്ലെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ഇത്‌ ക്രിസ്‌ത്യാനികളെ ഭയപ്പെടുത്തണമോ? ഒരിക്കലും വേണ്ട!

15, 16. (എ) യെഹോശാഫാത്തിന്റെ നാളിലെ തന്റെ ജനത്തിന്‌ യഹോവ കൊടുത്ത ഉറപ്പ്‌ ഇന്നത്തെ ക്രിസ്‌ത്യാനികൾക്ക്‌ ശുഭാപ്‌തിവിശ്വാസത്തിനുള്ള ഏത്‌ കാരണം നൽകുന്നു? (ബ) ഇന്നത്തെ ദൈവദാസർക്കായി യെഹോശാഫാത്തും ജനവും ഏതു മാതൃക വെച്ചു?

15 യെഹോശാഫാത്ത്‌ രാജാവിന്റെ നാളിൽ, തന്റെ മാതൃകാരാജ്യത്തെ ദൈവം പിന്തുണച്ചതുപോലെ അവൻ തന്റെ ജനത്തെ പിന്തുണയ്‌ക്കും. ആ സംഭവത്തെ കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “യെഹൂദ്യർ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‌രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ. . . . ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; യഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു [“സ്വസ്ഥാനങ്ങളിൽ നിലയുറപ്പിച്ച്‌, നിശ്ചലരായി നിന്ന്‌,” NW] യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷകണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.”​—⁠2 ദിനവൃത്താന്തം 20:15-17.

16 തങ്ങൾ പോരാടേണ്ടിവരില്ലെന്ന്‌ യഹൂദജനതയ്‌ക്ക്‌ ഉറപ്പു ലഭിച്ചു. സമാനമായി, മാഗോഗിലെ ഗോഗ്‌ ദൈവജനത്തെ ആക്രമിക്കുമ്പോൾ സംരക്ഷണാർഥം അവർ ആയുധമെടുക്കുകയില്ല. പകരം, അവർ ‘നിശ്ചലരായി നിന്ന്‌ യഹോവ വരുത്തുന്ന രക്ഷ കാണും.’ തീർച്ചയായും, നിശ്ചലരായി നിൽക്കുക എന്നത്‌ തികഞ്ഞ നിഷ്‌ക്രിയത്വത്തെയല്ല സൂചിപ്പിക്കുന്നത്‌. യെഹോശാഫാത്തിന്റെ നാളിലെ ദൈവജനം നിഷ്‌ക്രിയത്വം പാലിച്ചില്ല. നാം ഇങ്ങനെ വായിക്കുന്നു: “അപ്പോൾ യെഹോശാഫാത്ത്‌ സാഷ്ടാഗം വണങ്ങി; യെഹൂദ്യർ ഒക്കെയും യെരൂശലേംനിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്‌കരിച്ചു. . . . പിന്നെ അവൻ [യെഹോശാഫാത്ത്‌] ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്‌ത്തുവാനും: യഹോവയെ സ്‌തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു.” (2 ദിനവൃത്താന്തം 20:18-21) അതേ, ശത്രു ആക്രമിച്ചുകൊണ്ടിരുന്നപ്പോൾപ്പോലും ജനം ഉത്സാഹത്തോടെ യഹോവയെ സ്‌തുതിക്കുന്നതിൽ തുടർന്നു. യഹോവയുടെ സാക്ഷികൾക്കെതിരെ ഗോഗ്‌ ആക്രമണം അഴിച്ചുവിടുമ്പോൾ അവർക്കു പിൻപറ്റാനുള്ള മാതൃകയാണ്‌ ഇത്‌.

17, 18. (എ) ഗോഗിന്റെ ആക്രമണത്തോടുള്ള ബന്ധത്തിൽ യഹോവയുടെ സാക്ഷികൾക്ക്‌ ഇന്ന്‌ ഏതു ക്രിയാത്മക മനോഭാവമാണ്‌ ഉള്ളത്‌? (ബി) യുവക്രിസ്‌ത്യാനികൾക്ക്‌ ഈയിടെ ഏത്‌ ഓർമിപ്പിക്കൽ ലഭിച്ചു?

17 ഗോഗ്‌ ആക്രമണം അഴിച്ചുവിടുന്നതുവരെയും​—⁠ആക്രമണം തുടങ്ങിയശേഷംപോലും​—⁠യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്നതിൽ തുടരും. ലോകവ്യാപകമായുള്ള 94,600-ലധികം സഭകളുമായി സഹവസിച്ചുകൊണ്ട്‌ അവർ തുടർന്നും ശക്തിയും സംരക്ഷണവും കണ്ടെത്തും. (യെശയ്യാവു 26:20) യഹോവയെ ധൈര്യസമേതം പുകഴ്‌ത്താനുള്ള എത്ര നല്ല സമയമാണ്‌ ഇത്‌! ഗോഗിന്റെ ആക്രമണം ആസന്നമാണെന്ന അറിവു നിമിത്തം അവർ ഭയന്നു പിന്മാറുന്നില്ല. പകരം, സ്‌തുതിയാഗങ്ങൾ അർപ്പിക്കുന്നതിൽ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ അത്‌ അവരെ പ്രേരിപ്പിക്കുന്നു.​—⁠സങ്കീർത്തനം 146:⁠2.

18 ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്‌ യുവജനങ്ങൾ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നു എന്ന വസ്‌തുത ധീരമായ ഈ മനോഭാവത്തിന്റെ സുവ്യക്തമായ തെളിവാണ്‌. അത്തരമൊരു ജീവിതഗതി തിരഞ്ഞെടുക്കുന്നതിലെ ജ്ഞാനം എടുത്തുകാണിക്കാനായി, 2002-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ യുവജനങ്ങളേ​—⁠നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും? എന്ന ലഘുലേഖ പ്രകാശനം ചെയ്യപ്പെട്ടു. ചെറുപ്പക്കാരും പ്രായമേറിയവരുമായ ക്രിസ്‌ത്യാനികൾ അത്തരം കാലോചിതമായ “ഓർമിപ്പിക്കലുക”ളെപ്രതി (NW) നന്ദിയുള്ളവരാണ്‌.—സങ്കീർത്തനം 119:14, 24, 99, 119, 129, 146.

19, 20. (എ) ക്രിസ്‌ത്യാനികൾക്ക്‌ ഭയപ്പെടാൻ കാരണമില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) അടുത്ത അധ്യയന ലേഖനം എന്തു ചെയ്യും?

19 ലോകാവസ്ഥകൾ ക്രിസ്‌ത്യാനികളെ ഭയപ്പെടുത്തേണ്ടതില്ല. യഹോവയുടെ രാജ്യം താമസിയാതെ എല്ലാത്തരം അക്രമത്തെയും എന്നേക്കുമായി തുടച്ചുനീക്കുമെന്ന്‌ അവർക്ക്‌ അറിയാം. മാത്രമല്ല, അക്രമങ്ങൾ നിമിത്തം മരിച്ച അനേകർ പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു തിരിച്ചുവരുമെന്ന അറിവും അവർക്ക്‌ ആശ്വാസം പകരുന്നു. പുനരുത്ഥാനത്തിലൂടെ ചിലർക്ക്‌ യഹോവയെ കുറിച്ച്‌ ആദ്യമായി പഠിക്കാൻ അവസരം ലഭിക്കും, മറ്റു ചിലർക്കാകട്ടെ തങ്ങളുടെ സമർപ്പിത സേവനത്തിന്റെ ഗതിയിൽ തുടരാൻ അതു സഹായകമാകും.​—⁠പ്രവൃത്തികൾ 24:15.

20 സത്യക്രിസ്‌ത്യാനികളായ നാം നിഷ്‌പക്ഷത പാലിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയുന്നു, നിഷ്‌പക്ഷത പാലിക്കാൻ നാം ദൃഢചിത്തരുമാണ്‌. ‘നിശ്ചലരായി നിന്ന്‌ യഹോവ വരുത്തുന്ന രക്ഷ’ കാണാനുള്ള പദവിയെ മുറുകെ പിടിക്കാൻ നാം ആഗ്രഹിക്കുന്നു. ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയിലേക്കു കൂടുതലായ ഉൾക്കാഴ്‌ച പടിപടിയായി നൽകിത്തരുന്ന ഇന്നത്തെ ലോകസംഭവങ്ങൾ സംബന്ധിച്ച്‌ നമ്മെ ബോധവാന്മാരാക്കിക്കൊണ്ട്‌ അടുത്ത ലേഖനം നമ്മുടെ വിശ്വാസത്തെ ശക്തീകരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 9 സാക്ഷികളായിത്തീരാൻ അക്രമത്തിന്റെ മാർഗം ഉപേക്ഷിച്ച ചിലരുടെ അനുഭവകഥകൾക്കായി, 1991 ജൂൺ 8 ലക്കം ഉണരുക!-യുടെ 27-ാം പേജും 1991 ആഗസ്റ്റ്‌ 8 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്‌) 18-ാം പേജും കൂടാതെ 1996 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 5-ാം പേജും 1998 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 5-ാം പേജും കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ഇന്ന്‌ അനേകർക്കും ശുഭാപ്‌തിവിശ്വാസം ഇല്ലാത്തത്‌ എന്തുകൊണ്ട്‌?

• ഭാവി സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികൾക്ക്‌ ശുഭാപ്‌തിവിശ്വാസം ഉള്ളത്‌ എന്തുകൊണ്ട്‌?

• സകല അക്രമത്തിന്റെയും കാരണത്തോടുള്ള ബന്ധത്തിൽ യഹോവ ഇതിനോടകം എന്തു ചെയ്‌തിരിക്കുന്നു?

• ഗോഗിന്റെ ആക്രമണത്തെ നാം ഭയക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13 -ാം പേജിലെ ചിത്രം]

ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ കാര്യത്തിൽ യേശു ഉചിതമായ മാതൃക വെച്ചു

[16 -ാം പേജിലെ ചിത്രങ്ങൾ]

ആയിരക്കണക്കിന്‌ യുവസാക്ഷികൾ സന്തോഷത്തോടെ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നു

[12 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

UN PHOTO 186226/M. Grafman