വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദീനം പിടിച്ചുകിടക്കുന്നതോ വയസ്സായതോ ആയ വളർത്തു മൃഗത്തെ കൊല്ലുന്നത് തെറ്റാണോ?
പല മൃഗങ്ങളും കൗതുകമുണർത്തുന്നവയും വിനോദം പകരുന്നവയുമാണ്. വീട്ടിൽ വളർത്തുന്ന ചില ഓമനമൃഗങ്ങൾ വളരെ സ്‌നേഹമുള്ള സഹചാരികളായിത്തീരാറുണ്ട്. ദൃഷ്ടാന്തത്തിന്, യജമാനന്മാരോടുള്ള അനുസരണത്തിനും സ്‌നേഹത്തിനും പേരുകേട്ടവയാണ് നായ്‌ക്കൾ. തന്നിമിത്തം അത്തരമൊരു ഓമനമൃഗത്തോട് ആളുകൾക്കുണ്ടാകുന്ന വൈകാരിക അടുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ, വിശേഷിച്ചും വർഷങ്ങളായി തങ്ങളോടു കൂടെയുണ്ടായിരുന്നിട്ടുള്ള ഓമനമൃഗങ്ങളുടെ കാര്യത്തിൽ.
എന്നിരുന്നാലും, ഓമനമൃഗങ്ങളിൽ മിക്കതിനും ഹ്രസ്വമായ ആയുസ്സേയുള്ളൂ. പട്ടിയും പൂച്ചയും മറ്റും ഇനമനുസരിച്ച് പത്തോ പതിനഞ്ചോ വർഷം ജീവിച്ചേക്കാം. ആ ഓമനമൃഗങ്ങൾ ഓടിനടന്ന കാലത്തെ പറ്റി ഓർക്കുമ്പോൾ, പ്രായംചെന്ന് ദീനമായിക്കിടക്കുന്ന അവയുടെ യാതന കണ്ടുനിൽക്കാൻ അവയെ വളർത്തിയവർക്കു വിഷമം തോന്നിയേക്കാം. അവയുടെ യാതന അവസാനിപ്പിക്കുന്നതിനായി അവയെ കൊല്ലുന്നത് തെറ്റാണോ?
മൃഗങ്ങളോടുള്ള ബന്ധത്തിലും ഒരു ക്രിസ്‌ത്യാനി ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കും. അവയോടു ക്രൂരമായി പെരുമാറുന്നത് തീർച്ചയായും ദൈവേഷ്ടത്തിനു വിരുദ്ധമാണ്. ദൈവവചനം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു.” (സദൃശവാക്യങ്ങൾ 12:10) എന്നിരുന്നാലും, മനുഷ്യനെ വീക്ഷിക്കുന്നതുപോലെതന്നെയാണ് ദൈവം മൃഗങ്ങളെയും വീക്ഷിക്കുന്നത് എന്ന് ഇതിനർഥമില്ല. ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവരും മൃഗങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് അവൻ പ്രകടമാക്കി. ഉദാഹരണത്തിന്, അവൻ മനുഷ്യർക്ക് നിത്യജീവന്റെ പ്രത്യാശ നൽകിയപ്പോൾ മൃഗങ്ങൾക്ക് അതു നൽകിയില്ല. (റോമർ 6:23; 2 പത്രൊസ് 2:12) ദൈവം സ്രഷ്ടാവായതിനാൽ, മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏതുതരം ബന്ധമാണ് ഉണ്ടായിരിക്കേണ്ടത് എന്ന് നിർണയിക്കാനുള്ള അവകാശം അവനുണ്ട്.
ആ ബന്ധം എന്താണെന്ന് ഉല്‌പത്തി 1:28 നമ്മോടു പറയുന്നു. ദൈവം ആദ്യ മനുഷ്യരോട് “സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ” എന്ന് കൽപ്പിച്ചു. (ഉല്‌പത്തി 1:28) സമാനമായി സങ്കീർത്തനം 8:6-8 ഇങ്ങനെ പറയുന്നു: “നീ [ദൈവം] . . . സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു; ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.”
മനുഷ്യന് മൃഗങ്ങളെ ഉചിതമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും കൊല്ലാമെന്നും ദൈവം വ്യക്തമാക്കിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, മൃഗങ്ങളുടെ തോൽകൊണ്ട് വസ്‌ത്രം നിർമിക്കാൻ കഴിയുമായിരുന്നു. കൂടാതെ, ആദിയിൽ അവർക്കു നൽകിയിരുന്ന സസ്യാഹാരത്തിനു പുറമേ, നോഹയുടെ നാളിലെ ജലപ്രളയത്തിനു ശേഷം മൃഗമാംസം ഭക്ഷിക്കാനും ദൈവം മനുഷ്യർക്ക് അനുമതി നൽകി.—ഉല്‌പത്തി 3:21; 4:4; 9:3.
ഇത് നായാട്ടിനുവേണ്ടി മൃഗങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊല്ലാനുള്ള അധികാരമായിരുന്നില്ല. ഉല്‌പത്തി 10:9-ൽ നിമ്രോദിനെ ബൈബിൾ ഒരു “നായാട്ടു വീരൻ” എന്നു വർണിക്കുന്നു. എന്നാൽ അത് അവനെ “യഹോവയ്‌ക്കെതിരെ” (NW) ആക്കിത്തീർത്തു എന്ന് അതേ വാക്യം പറയുന്നു.
അതുകൊണ്ട്, മനുഷ്യന് മൃഗങ്ങളുടെമേൽ അധികാരമുണ്ടെങ്കിലും അവൻ അത് ദുരുപയോഗം ചെയ്യാതെ ദൈവവചനത്തിലെ തത്ത്വങ്ങൾക്കു ചേർച്ചയിൽ ഉപയോഗിക്കണം. വയസ്സായതുനിമിത്തമോ ഗുരുതരമായി മുറിവേറ്റതിനാലോ ദീനമായി കിടപ്പിലായതിനാലോ യാതന അനുഭവിക്കുന്ന ഓമന മൃഗത്തെ ആ അവസ്ഥയിൽ തുടരാൻ അനുവദിക്കാതിരിക്കുന്നതും അതിൽ ഉൾപ്പെട്ടേക്കാം. അത്തരം ഒരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഉൾപ്പെട്ടിരിക്കുന്ന ക്രിസ്‌ത്യാനിയുടെ ഉത്തരവാദിത്വമാണ്. ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയ്‌ക്ക് യാതൊരു അടിസ്ഥാനവും ഇല്ലാതിരിക്കുകയും ആ അവസ്ഥയിൽ തുടരാൻ അതിനെ അനുവദിക്കാതിരിക്കുന്നത് കരുണയാണെന്ന് അയാൾക്കു തോന്നുകയും ചെയ്യുന്ന പക്ഷം അതിനെ കൊന്നു കളയാൻ അയാൾ തീരുമാനിച്ചേക്കാം.