വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ശലോമോൻപോലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല’

‘ശലോമോൻപോലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല’

ശലോമോൻപോലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല’

ഈചിത്രത്തിൽ കാണുന്നതുപോലുള്ള കാട്ടുപൂക്കൾ ദക്ഷിണാഫ്രിക്കയിലെ ഒരു സാധാരണ വഴിയോരക്കാഴ്‌ചയാണ്‌. കോസ്‌മോസ്‌ എന്നു പേരുള്ള അവയുടെ തറവാട്‌ അമേരിക്കൻ ഉഷ്‌ണമേഖലയാണ്‌. വർണപ്പകിട്ടാർന്ന ഈ പുഷ്‌പങ്ങൾ കാണുമ്പോൾ യേശു പഠിപ്പിച്ച ഒരു പാഠം നമ്മുടെ മനസ്സിലേക്ക്‌ ഓടിവന്നേക്കാം. അവന്റെ ശ്രോതാക്കളിൽ പലരും ദരിദ്രരായിരുന്നു. ഭക്ഷണം, വസ്‌ത്രം, മറ്റു ഭൗതികാവശ്യങ്ങൾ എന്നിവയെ കുറിച്ചോർത്ത്‌ അവർ ഉത്‌കണ്‌ഠപ്പെട്ടിരുന്നു.

യേശു ചോദിച്ചു: “ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്‌ക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”​—⁠മത്തായി 6:28, 29.

ഏതുതരം വയൽപ്പൂക്കളെയാണ്‌ യേശു ഉദ്ദേശിച്ചത്‌ എന്നതിനെ കുറിച്ച്‌ നിരവധി അഭിപ്രായങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്‌. എന്തായിരുന്നാലും, തുടർന്ന്‌ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ അവൻ അതിനെ വയലിലെ പുല്ലിനോട്‌ താരതമ്യം ചെയ്യുകയുണ്ടായി: “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്‌പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.”​—⁠മത്തായി 6:30.

കോസ്‌മോസ്‌ പൂക്കൾ ഇസ്രായേലിൽ സാധാരണമല്ലെങ്കിലും യേശു പഠിപ്പിച്ച പാഠത്തിന്റെ സത്യതയെ അത്‌ പിന്തുണയ്‌ക്കുന്നു. അകലെനിന്നു നോക്കിയാലും അടുത്തുചെന്നു നോക്കിയാലും അവ അതിമനോഹരമാണ്‌. അവയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നത്‌ ഫോട്ടോഗ്രാഫർമാർക്കും കലാകാരന്മാർക്കും ഒരു ഹരംതന്നെയാണ്‌. “ശലോമോൻപോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല” എന്ന യേശുവിന്റെ പ്രസ്‌താവനയിൽ തെല്ലും അതിശയോക്തിയില്ല.

ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പാഠമാണ്‌ ഇന്നു പഠിക്കാനുള്ളത്‌? ദുർഘട സമയങ്ങളിൽപ്പോലും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ദൈവം തങ്ങളെ സഹായിക്കുമെന്ന്‌ ദൈവത്തെ സേവിക്കുന്നവർക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും. യേശു ഇങ്ങനെ വിശദീകരിച്ചു: “[ദൈവത്തിന്റെ] രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും [ഭക്ഷണവും വസ്‌ത്രവുംപോലുള്ള അടിസ്ഥാന ആവശ്യങ്ങൾ] കിട്ടും.” (ലൂക്കൊസ്‌ 12:31) അതേ, ദൈവരാജ്യം അന്വേഷിക്കുന്നതിനാലാണ്‌ യഥാർഥ പ്രയോജനങ്ങൾ കൈവരുന്നത്‌. എന്നാൽ ദൈവരാജ്യം എന്താണ്‌ എന്നും അത്‌ മനുഷ്യവർഗത്തിനുവേണ്ടി എന്തുചെയ്യും എന്നും നിങ്ങൾക്ക്‌ അറിയാമോ? അതിന്റെ ഉത്തരം ബൈബിളിൽനിന്നു കണ്ടെത്തുന്നതിന്‌ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്‌.