കൊറിയയിലെ ഒരു അസാധാരണ ഭാഷാക്കൂട്ടത്തെ സേവിക്കുന്നു
കൊറിയയിലെ ഒരു അസാധാരണ ഭാഷാക്കൂട്ടത്തെ സേവിക്കുന്നു
ആവേശഭരിതർ എങ്കിലും നിശ്ശബ്ദരായ ഒരുകൂട്ടം ആളുകൾ, 1997-ലെ വേനൽക്കാലത്ത് യഹോവയുടെ സാക്ഷികളുടെ ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനു കൂടിവന്നു. ബധിരർക്കും ശ്രവണവൈകല്യം ഉള്ളവർക്കും വേണ്ടി കൊറിയയിൽ നടത്തുന്ന ആദ്യത്തെ കൺവെൻഷൻ ആയിരുന്നു അത്. കൺവെൻഷന്റെ അത്യുച്ച ഹാജർ 1,174 ആയിരുന്നു. പ്രസംഗങ്ങളും അഭിമുഖങ്ങളും നാടകവും ഉൾപ്പെടെ മുഴുപരിപാടികളും കൊറിയൻ ആംഗ്യഭാഷയിൽ അവതരിപ്പിച്ചു. സമ്മേളനഹാളിലെ മുഴുകൂട്ടത്തിനും കാണുന്നതിനായി, ഒരു പ്രൊജക്ടർ ഉപയോഗിച്ച് പരിപാടികൾ വലിയ ഒരു സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയായിരുന്നു. അനവധി സ്വമേധയാ സേവകരുടെ പല വർഷങ്ങൾ നീണ്ടുനിന്ന കഠിനാധ്വാനം ഇതിനു പിന്നിൽ ഉണ്ടായിരുന്നു.
‘ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയില്ലാത്ത’ ഒരു സമയം ഭൗമിക പറുദീസയിൽ ആഗതമാകും. (യെശയ്യാവു 35:5) ആ പറുദീസയിലെ ജീവിതം ആസ്വദിക്കുന്നതിന്, ബധിരർ ഉൾപ്പെടെ എല്ലാവരും ആദ്യംതന്നെ ആത്മീയ പറുദീസയിൽ—ദൈവത്താൽ അനുഗൃഹീതരായ ആളുകൾ ആസ്വദിക്കുന്ന ആത്മീയ സമൃദ്ധി നിറഞ്ഞ അവസ്ഥ—പ്രവേശിക്കേണ്ടതുണ്ട്. അവർ യഹോവയാൽ പഠിപ്പിക്കപ്പെടുന്ന, യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ചു സ്‌നാപനമേറ്റ അവന്റെ സാക്ഷികൾ ആയിത്തീരേണ്ടതുണ്ട്.—മീഖാ 4:1-4.
ചെറിയ തുടക്കങ്ങൾ
ബധിരർക്കിടയിൽ 1960-കളിൽ പ്രസംഗവേല ചെറിയ തോതിൽ നടന്നിരുന്നു എങ്കിലും അവരിൽ ചിലർ, കൊറിയയുടെ തലസ്ഥാനനഗരിയായ സോളിലെ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയത് 1970-കളിലാണ്. വേഗത്തിൽ എഴുതാൻ കഴിവുള്ള ഒരു ക്രിസ്‌തീയ സഹോദരൻ പ്രസംഗങ്ങളുടെ മുഖ്യാശയങ്ങളും ഉപയോഗിക്കപ്പെടുന്ന ബൈബിൾ വാക്യങ്ങളും ഒരു ബ്ലാക്‌ബോർഡിൽ എഴുതുമായിരുന്നു.
അങ്ങനെയിരിക്കെ, 1971-ൽ ടാജോൻ നഗരത്തിലെ യഹോവയുടെ സാക്ഷികളിൽ ഒരാൾ തന്റെ ബധിരനായ പുത്രനെയും അവന്റെ കൂട്ടുകാരെയും രാജ്യസന്ദേശം പഠിപ്പിക്കാൻ തുടങ്ങി. ഇന്ന് ആംഗ്യഭാഷാ വയലിൽ നെടുന്തൂണുകളായി വർത്തിക്കുന്ന ഉത്സാഹഭരിതരായ പലരും ഈ കൂട്ടത്തിൽനിന്ന് ഉള്ളവരാണ്.—സെഖര്യാവു 4:10.
യുവജനങ്ങൾ മനസ്സോടെ തങ്ങളെത്തന്നെ ലഭ്യമാക്കുന്നു
യഹോവയെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം നേടുന്നതിനും ജീവന്റെ പാതയിൽ പ്രവേശിക്കുന്നതിനും ബധിരർക്ക് അവസരമൊരുക്കുന്നതിന് പരിശ്രമശാലികളായ സ്വമേധയാ സേവകരെ ആവശ്യമായിരുന്നു. (യോഹന്നാൻ 17:3) ഈ ലക്ഷ്യം മുന്നിൽ കണ്ട് യഹോവയുടെ സാക്ഷികളിൽപ്പെട്ട കുറേപ്പേർ ആംഗ്യഭാഷ പഠിച്ചു. അങ്ങനെ അവർക്ക് അളവറ്റ അനുഗ്രഹങ്ങൾ ആസ്വദിക്കാനായിരിക്കുന്നു.
അവരിൽ ഒരാളായിരുന്നു 15 വയസ്സുകാരനായ പാർക്ക് ഇൻ-സൺ. അവൻ ആംഗ്യഭാഷ പഠിക്കുക എന്നത് ഒരു ലക്ഷ്യമാക്കി. അതിനായി, 20 ബധിരർ ജോലിചെയ്യുന്ന ഒരു ഫാക്ടറിയിൽ അവൻ തൊഴിൽ പരിശീലനത്തിനു പോയി. ബധിരരുടെ ഭാഷയും അവർ ചിന്തിക്കുന്ന വിധവും മനസ്സിലാക്കാൻ അവൻ എട്ടു മാസം അവരോട് അടുത്ത് ഇടപഴകി. പിറ്റേവർഷം അവൻ സാധാരണ പയനിയർ ശുശ്രൂഷ അഥവാ മുഴുസമയ രാജ്യഘോഷണ വേല ഏറ്റെടുത്തു. ബൈബിൾ സത്യത്തിൽ തത്‌പരരായ ഒരുകൂട്ടം ബധിരരെ സഹായിക്കാൻ അവന് അവസരം ലഭിച്ചു. ആ കൂട്ടം അതിവേഗം വളർന്നു. താമസിയാതെ അവരിൽ 35-ലധികം പേർ ഞായറാഴ്‌ച യോഗങ്ങളിൽ സംബന്ധിച്ചു തുടങ്ങി.—സങ്കീർത്തനം 110:3.
അതിനുശേഷം, സോളിൽ ആദ്യമായി എല്ലാ ക്രിസ്‌തീയ യോഗങ്ങളും ആംഗ്യഭാഷയിൽ നടത്താൻ തുടങ്ങി. വളർന്നുകൊണ്ടിരിക്കുന്ന ഈ കൂട്ടത്തോടൊപ്പം പാർക്ക് ഇൻ-സൺ സഹോദരൻ ഒരു പ്രത്യേക പയനിയറായി സേവിച്ചു. അപ്പോഴേക്കും, സഹോദരൻ ആംഗ്യഭാഷയിൽ പ്രാവീണ്യം നേടിയിരുന്നു. ചില മാസങ്ങളിൽ അദ്ദേഹം ബധിരരുമായി 28 ഭവന ബൈബിളധ്യയനങ്ങൾ വരെ നടത്തുകയുണ്ടായി. ഇവരിൽ മിക്കവരും പുരോഗതി പ്രാപിക്കുകയും യഹോവയുടെ സാക്ഷികൾ ആയിത്തീരുകയും ചെയ്‌തു.
ഊർജസ്വലമായ സ്വമേധയാ സേവനത്തിന്റെ ഫലമായി 1976 ഒക്‌ടോബറിൽ, സോളിലെ ആദ്യത്തെ ആംഗ്യഭാഷാ സഭ രൂപംകൊണ്ടു. അതിൽ 40 പ്രസാധകരും മുഴുസമയ രാജ്യഘോഷകരായ രണ്ട് സാധാരണ പയനിയർമാരും ഉണ്ടായിരുന്നു. ഇതു കൊറിയയിലെ മറ്റു നഗരങ്ങളിലെ പ്രവർത്തനത്തിന് ആക്കം കൂട്ടി. സുവാർത്തയ്‌ക്കായി ദാഹിച്ചിരുന്ന ബധിരരായ ഒട്ടനവധി പേർ, സാക്ഷികൾ തങ്ങളെ സന്ദർശിക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു.
ബധിരർക്കിടയിലുള്ള പ്രവർത്തനം
ബധിരരെ എങ്ങനെയാണു കണ്ടുപിടിച്ചിരുന്നത് എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. മിക്കപ്പോഴും, ബൈബിൾ പഠിക്കാൻ താത്‌പര്യം ഉണ്ടായിരുന്ന പലരെയും ആരെങ്കിലുമൊക്കെ പരിചയപ്പെടുത്തുകയായിരുന്നു. ഇനി, പ്രാദേശിക അരിവിൽപ്പന ശാലയിൽ ചെന്ന് അവരിൽ നിന്നും ബധിരരായവരുടെ പേരും മേൽവിലാസവും ശേഖരിച്ചിരുന്നു. അങ്ങനെയുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിൽ ചില സർക്കാർ ഉദ്യോഗസ്ഥന്മാരും സഹായിച്ചിട്ടുണ്ട്. ബധിരരായ ആളുകൾ താമസിക്കുന്ന പ്രദേശം നന്നായി പ്രവർത്തിച്ചു തീർത്തതിന്റെ ഫലമായി കാലക്രമേണ നാല് ആംഗ്യഭാഷാ സഭകൾ രൂപംകൊണ്ടു. ആംഗ്യഭാഷ പഠിക്കാൻ നിരവധി യുവജനങ്ങൾ പ്രോത്സാഹിതരായി.
ആംഗ്യഭാഷ പഠിച്ചിരുന്ന പ്രത്യേക പയനിയർ ശുശ്രൂഷകരെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ്, ആ സഭകളോടൊത്തു പ്രവർത്തിക്കാൻ നിയമിച്ചു. അടുത്തകാലത്ത്, ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നും ബിരുദമെടുത്ത സഹോദരന്മാരെ ഈ സഭകളിൽ നിയമിച്ചത് സഭകളെ ആത്മീയമായി ബലപ്പെടുത്തുന്നതിനു സഹായിച്ചിരിക്കുന്നു.
എന്നാൽ ചില പ്രശ്‌നങ്ങളും തരണം ചെയ്യേണ്ടതുണ്ട്. ഈ പ്രദേശത്തു സേവിക്കുമ്പോൾ ബധിരരായ ആളുകളുടെ സാമൂഹികരീതികൾ മനസ്സിലാക്കാൻ പ്രത്യേക ശ്രമം ആവശ്യമാണ്. അവർ ചിന്തയിലും പ്രവൃത്തിയിലും വളച്ചുകെട്ടില്ലാത്തവരാണ്. ഇതു ചിലപ്പോൾ മറ്റുള്ളവരെ അതിശയിപ്പിക്കുകയും തെറ്റിദ്ധാരണകൾക്കു കാരണമാകുകയും ചെയ്‌തേക്കാം. കൂടാതെ, ഭവന ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ അവരുടെ സ്വന്തം ആംഗ്യഭാഷയിൽ പ്രാവീണ്യം നേടാൻ അവരെ സഹായിക്കുകയും വായനയിലും പഠനത്തിലും പുരോഗമിക്കാനുള്ള അവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ബധിരരായ ആളുകൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് അറിയാൻ പാടില്ലാത്ത പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളിലും ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും ചില ബിസിനസ് ഇടപാടുകളിലും ആശയവിനിമയം മിക്കപ്പോഴും അവർക്കു വലിയ പ്രശ്‌നമാകാറുണ്ട്. സമീപസഭകളിലെ യഹോവയുടെ സാക്ഷികളിൽനിന്ന് സ്‌നേഹപുരസ്സരമായ സഹായം യോഹന്നാൻ 13:34, 35.
ലഭിക്കുന്നതിനാൽ, ബധിരർ ക്രിസ്‌തീയ സഭയിൽ യഥാർഥ സാഹോദര്യം അനുഭവിച്ചറിയുന്നു.—അനൗപചാരിക സാക്ഷീകരണം ഫലം ഉളവാക്കുന്നു
കൊറിയയുടെ തെക്കുള്ള തുറമുഖനഗരമായ പുസാനിൽ ഒരു സാക്ഷി രണ്ടു ബധിരരെ കണ്ടുമുട്ടാൻ ഇടയായി. അവർ ഒരു കടലാസ്സിൽ ഇങ്ങനെ എഴുതിക്കാണിച്ചു: “ഞങ്ങൾക്കു പറുദീസ ഇഷ്ടമാണ്. നിത്യജീവനെ കുറിച്ചു പറയുന്ന തിരുവെഴുത്തുകൾ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” സഹോദരൻ അവരുടെ മേൽവിലാസം കുറിച്ചെടുത്തിട്ട് അവരെ അവരുടെ താമസസ്ഥലത്തു ചെന്നുകാണാൻ ക്രമീകരണം ചെയ്‌തു. അവിടെ ചെന്നപ്പോൾ സഹോദരൻ കണ്ടത് രാജ്യസന്ദേശം കേൾക്കാനായി ഒരു കൂട്ടം ബധിരർ അവിടെ തിങ്ങിനിറഞ്ഞിരിക്കുന്നതാണ്. ഈ അനുഭവം ആ സഹോദരനെ ആംഗ്യഭാഷ പഠിക്കാൻ പ്രചോദിപ്പിച്ചു. താമസിയാതെ പുസാനിൽ ഒരു ആംഗ്യഭാഷാ സഭ രൂപംകൊണ്ടു.
ആ സഭയിൽനിന്നുള്ള ഒരു സഹോദരൻ ഒരിക്കൽ ബധിരരായ രണ്ടു പേർ ആശയവിനിമയം ചെയ്യുന്നത് കണ്ടു. അദ്ദേഹം അവരെ സമീപിച്ചു. അവർ അപ്പോൾ ഒരു മതയോഗത്തിൽ സംബന്ധിച്ചിട്ടു വരികയായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. സഹോദരൻ അവരെ അന്ന് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് രാജ്യഹാളിൽ വെച്ച് നടക്കാനിരുന്ന യോഗത്തിനു ക്ഷണിച്ചു. അവർ വന്നു, തുടർന്ന് അവർ ബൈബിളധ്യയനം സ്വീകരിച്ചു. അധികം താമസിയാതെ ആ രണ്ടുപേർ തങ്ങളുടെ ബധിരരായ 20 കൂട്ടുകാരോടൊപ്പം ഒരു ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ സംബന്ധിച്ചു.
ആ കൂട്ടത്തിലെ പലരും തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. അവരിൽ രണ്ടുപേർ ആംഗ്യഭാഷാ സഭകളിൽ മൂപ്പന്മാരും ഒരാൾ ശുശ്രൂഷാദാസനും ആയി സേവിക്കുന്നു.നിശ്ചയദാർഢ്യത്തിനു പ്രതിഫലം
ബധിരരിൽ ചിലർ ആംഗ്യഭാഷാ സഭകളിൽനിന്നും വളരെ അകലെ താമസിക്കുന്നതിനാൽ, ബൈബിളിൽനിന്നുള്ള ആത്മീയപോഷണം ക്രമമായി എത്തിച്ചുകൊടുക്കാൻ നല്ല ശ്രമവും കഠിനാധ്വാനവും ആവശ്യമാണ്. ഉദാഹരണത്തിന്, ഒരു ദ്വീപിന്റെ തീരപ്രദേശത്തു മീൻപിടിച്ച് ഉപജീവനം കഴിക്കുന്ന 31 വയസ്സുള്ള ഒരു മുക്കുവന്റെ അനുഭവം ശ്രദ്ധിക്കുക. യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നിരുന്ന തന്റെ അനുജനിൽനിന്ന് അദ്ദേഹം ബൈബിൾ സന്ദേശം കേട്ടു. ബധിരനായ ആ മുക്കുവൻ, തന്റെ ആത്മീയ വിശപ്പു ശമിപ്പിക്കുന്നതിന് 16 കിലോമീറ്റർ ബോട്ടിൽ യാത്രചെയ്‌ത് ദക്ഷിണകൊറിയയുടെ തീരത്തുള്ള ടോങ്‌യോങ് നഗരത്തിലേക്കു ചെന്നു. മാസാൻ നഗരത്തിലെ ആംഗ്യഭാഷാ സഭയിലുള്ള പ്രത്യേക പയനിയർ സഹോദരനെ കാണാനാണ് അദ്ദേഹം അത്രയും ദൂരം യാത്രചെയ്‌തത്. ബധിരനായ ഈ മുക്കുവനു ബൈബിളധ്യയനം എടുക്കാൻവേണ്ടി മാത്രം എല്ലാ തിങ്കളാഴ്‌ചയും ഈ പ്രത്യേക പയനിയർ 65 കിലോമീറ്റർ യാത്രചെയ്‌തു.
ഞായറാഴ്‌ച യോഗത്തിൽ സംബന്ധിക്കുന്നതിന്, ബധിരനായ ആ ബൈബിൾ വിദ്യാർഥിക്ക് 16 കിലോമീറ്റർ ബോട്ടിലും അതിനുശേഷം 65 കിലോമീറ്റർ ബസ്സിലും യാത്ര ചെയ്യേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു ഫലമുണ്ടായി. ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം ആംഗ്യഭാഷയിൽ പുരോഗമിച്ചു, കൂടുതൽ കൊറിയൻ അക്ഷരങ്ങൾ പഠിച്ചെടുത്തു, എല്ലാറ്റിലും ഉപരി യഹോവയുമായി ഒരു ബന്ധം വളർത്തിയെടുക്കാനുള്ള ഏക മാർഗവും പഠിച്ചു. യോഗങ്ങളുടെയും ക്രമമായ സാക്ഷീകരണത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം ആംഗ്യഭാഷാ സഭയുടെ പ്രദേശത്തേക്കു താമസം മാറ്റി. അത് അത്ര എളുപ്പമായിരുന്നോ? അല്ല. പ്രതിമാസം 3,800 യു.എസ്. ഡോളർ ലാഭം കിട്ടിയിരുന്ന മീൻപിടിത്തം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. പക്ഷേ അദ്ദേഹത്തിന്റെ തീരുമാനത്തിനു പ്രതിഫലം കിട്ടി. സത്യത്തിൽ പുരോഗമിച്ച ശേഷം അദ്ദേഹം സ്‌നാപനമേറ്റു, ഇപ്പോൾ കുടുംബത്തോടൊപ്പം സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു.
ബധിരർക്കായുള്ള പരിഭാഷ
രാജ്യത്തിന്റെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നത് മിക്കപ്പോഴും വാമൊഴിയായാണ്. എന്നിരുന്നാലും, ദൈവവചനത്തിലെ സന്ദേശം മാറ്റം വരാത്തവിധം കൂടുതൽ കൃത്യതയോടെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ട്, ഒന്നാം നൂറ്റാണ്ടിൽ, അനുഭവസമ്പന്നരായ പ്രായമേറിയ പുരുഷന്മാർ പുസ്‌തകങ്ങളും ലേഖനങ്ങളും എഴുതുകയുണ്ടായി. (പ്രവൃത്തികൾ 15:22-31; എഫെസ്യർ 3:4; കൊലൊസ്സ്യർ 1:2; 4:16) നമ്മുടെ കാലത്ത്, പുസ്‌തകങ്ങളിലൂടെയും മറ്റു ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിലൂടെയും ആത്മീയ ആഹാരം സമൃദ്ധമായി പ്രദാനം ചെയ്‌തിരിക്കുന്നു. ഇത് പലതരം ആംഗ്യഭാഷകൾ ഉൾപ്പെടെ നൂറുകണക്കിനു ഭാഷകളിലേക്കു പരിഭാഷ ചെയ്യുന്നു. കൊറിയൻ ആംഗ്യഭാഷയിലേക്കുള്ള പരിഭാഷ നിർവഹിക്കുന്നതിന് ബ്രാഞ്ച് ഓഫീസിന് ഒരു ആംഗ്യഭാഷ പരിഭാഷാ വിഭാഗം ഉണ്ട്. വീഡിയോ വിഭാഗം ആംഗ്യഭാഷയിലുള്ള വീഡിയോകൾ നിർമിക്കുന്നു. ഇത് കൊറിയയിലെ സഭകളിലെങ്ങുമുള്ള ബധിരരായ രാജ്യഘോഷകർക്കും താത്‌പര്യക്കാർക്കും ആവശ്യമായ ആത്മീയ പോഷണം പ്രദാനം ചെയ്യുന്നു.
പലരും ആംഗ്യഭാഷയിൽ പ്രാവീണ്യം നേടുകയും വീഡിയോ നിർമാണത്തിൽ സഹായിക്കുകയും ചെയ്യുന്നെങ്കിലും സാധാരണഗതിയിൽ ഏറ്റവും നല്ല പരിഭാഷകർ ബധിരരുടെ കുട്ടികളാണ്. അവർ ശൈശവത്തിൽത്തന്നെ ആംഗ്യഭാഷ പഠിക്കുന്നു. അതുകൊണ്ട് ആശയം കൃത്യമായി പകർന്നു നൽകാൻ അവർക്കു കഴിയുന്നു. കൂടാതെ, തങ്ങളുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും കൊണ്ട് രാജ്യസന്ദേശത്തിന് ഊന്നൽ നൽകാനും ആ സന്ദേശം ഹൃദയത്തിലും മനസ്സിലും പതിയുംവിധം ഹൃദ്യമായി അവതരിപ്പിക്കാനും അവർക്കു സാധിക്കുന്നു.
ഇപ്പോൾ ആംഗ്യഭാഷയിലുള്ള കൺവെൻഷനുകളും സമ്മേളനങ്ങളും കൊറിയയിൽ ക്രമമായി നടത്താറുണ്ട്. ഇതു ചെയ്യുന്നതിനു പണവും കഠിനശ്രമവും ആവശ്യമായിവരുന്നു. എന്നിരുന്നാലും സന്നിഹിതരാകുന്നവർ ഈ ക്രമീകരണത്തെ വളരെയധികം വിലമതിക്കുന്നുണ്ട്. ഇത്തരം വലിയ കൂടിവരവുകൾ സമാപിച്ചതിനുശേഷവും സഹവാസം ആസ്വദിക്കുന്നതിനും പഠിച്ച ആത്മീയ വിവരങ്ങൾ പരസ്‌പരം പങ്കുവെക്കുന്നതിനുമായി ആളുകൾ പിന്നെയും കുറേനേരം അവിടെ ചെലവഴിക്കാറുണ്ട്. തീർച്ചയായും, ഈ പ്രത്യേക കൂട്ടത്തെ സേവിക്കുന്നതിന് അതിന്റേതായ വെല്ലുവിളികൾ ഉണ്ടെങ്കിലും ലഭിക്കുന്ന ആത്മീയ അനുഗ്രഹങ്ങൾ അതിനെ മൂല്യവത്താക്കുന്നു.
[10 -ാം പേജിലെ ചിത്രം]
കൊറിയയിൽ നിർമിച്ച ആംഗ്യഭാഷയിലുള്ള വീഡിയോകൾ: “ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?,” “നമ്മുടെ ആത്മീയ പൈതൃകത്തെ വിലമതിക്കൽ,” “നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ,” “യഹോവയുടെ അധികാരത്തെ ആദരിക്കുക”
[10 -ാം പേജിലെ ചിത്രങ്ങൾ]
താഴെനിന്ന് ഘടികാര ദിശയിൽ: കൊറിയ ബ്രാഞ്ചിൽ ആംഗ്യഭാഷയിലുള്ള വീഡിയോകൾ നിർമിക്കുന്നു; ദിവ്യാധിപത്യ പദങ്ങൾക്കുള്ള ആംഗ്യങ്ങൾ തയ്യാറാക്കുന്നു; ആംഗ്യഭാഷ പരിഭാഷാ സംഘം; വീഡിയോ നിർമിക്കുമ്പോൾ ആംഗ്യഭാഷ പരിഭാഷ ചെയ്യുന്ന വ്യക്തിക്ക് വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നു