വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പക്ഷികൾ നമ്മെ പഠിപ്പിക്കുന്നത്‌

പക്ഷികൾ നമ്മെ പഠിപ്പിക്കുന്നത്‌

പക്ഷികൾ നമ്മെ പഠിപ്പിക്കുന്നത്‌

‘ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?’ (മത്തായി 6:26) ഗലീലക്കടലിനു സമീപം ഒരു മലഞ്ചെരിവിൽ വെച്ചു നടത്തിയ സുപ്രസിദ്ധമായ ഒരു പ്രഭാഷണത്തിലാണ്‌ യേശുക്രിസ്‌തു അപ്രകാരം പറഞ്ഞത്‌. അതു കേൾക്കാൻ കൂടിവന്നവരുടെ കൂട്ടത്തിൽ അവന്റെ അനുഗാമികൾ മാത്രമല്ല ഉണ്ടായിരുന്നത്‌. നാടിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള, അവന്റെ ശിഷ്യരായിത്തീരാൻ ഇടയുണ്ടായിരുന്ന ഒരു വൻ പുരുഷാരംതന്നെ ഉണ്ടായിരുന്നു. രോഗങ്ങളാലും മറ്റും വലയുന്നവർക്കു സൗഖ്യം കിട്ടുന്നതിനായി അവരെയുംകൊണ്ട്‌ യേശുവിന്റെ അടുക്കൽ വന്ന ദരിദ്രരായ ആളുകളായിരുന്നു അവരിൽ അനേകരും.​—⁠മത്തായി 4:23-5:2; ലൂക്കൊസ്‌ 6:17-20.

എല്ലാവരെയും സൗഖ്യമാക്കിയ ശേഷം യേശു അതിനെക്കാൾ പ്രാധാന്യം അർഹിക്കുന്ന ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധ കൊടുത്തു. അവൻ പഠിപ്പിച്ച പാഠങ്ങളിൽ ഒന്നാണ്‌ മുകളിൽ പരാമർശിച്ചത്‌.

ആകാശത്തിലെ പറവകൾ അസ്‌തിത്വത്തിൽ വന്നിട്ട്‌ ദീർഘനാളായി. ചില പക്ഷികൾ പ്രാണികളെ തിന്നു ജീവിക്കുമ്പോൾ മറ്റു ചിലതിന്റെ ആഹാരം പഴങ്ങളും വിത്തുകളുമാണ്‌. പക്ഷികൾക്ക്‌ ദൈവം ഇത്ര സമൃദ്ധമായ അളവിൽ ആഹാരം ലഭ്യമാക്കിയിരിക്കുന്നെങ്കിൽ അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നതിന്‌ തന്റെ മനുഷ്യ ദാസരെ സഹായിക്കാൻ തീർച്ചയായും അവൻ പ്രാപ്‌തനായിരിക്കില്ലേ? ആഹാരത്തിനുള്ള പണം സമ്പാദിക്കാനായി ഒരു തൊഴിൽ കണ്ടെത്താനോ കൃഷി ചെയ്‌ത്‌ നല്ല വിളവ്‌ ഉത്‌പാദിപ്പിക്കാനോ സഹായിച്ചുകൊണ്ടായിരിക്കാം അവൻ ഇതു ചെയ്യുന്നത്‌. അടിയന്തിര ഘട്ടങ്ങളിൽ, തങ്ങൾക്കുള്ള ആഹാരം പട്ടിണിയിൽ ആയിരിക്കുന്നവരുമായി പങ്കുവെക്കുന്നതിന്‌ ദയാലുക്കളായ അയൽക്കാരുടെയും സുഹൃത്തുക്കളുടെയും ഹൃദയങ്ങളെ പ്രേരിപ്പിക്കാൻ ദൈവത്തിനു കഴിയും.

പക്ഷികളെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നതിലൂടെ നമുക്ക്‌ ഇനിയും വളരെ കാര്യങ്ങൾ പഠിക്കാൻ കഴിയും. മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളർത്താനായി കൂടു കെട്ടുന്നതിനുള്ള അത്ഭുതകരമായ സഹജജ്ഞാനത്തോടെയാണ്‌ ദൈവം പക്ഷികളെ സൃഷ്ടിച്ചിരിക്കുന്നത്‌. വ്യത്യസ്‌ത തരത്തിലുള്ള രണ്ടു കൂടുകൾ ശ്രദ്ധിക്കുക. ആഫ്രിക്കക്കാരനായ റോക്ക്‌ മാർട്ടിൻ എന്ന പക്ഷിയുടെ കൂടാണ്‌ ഇടതുവശത്തു കാണിച്ചിരിക്കുന്നത്‌. പാറയുടെ വശത്തോ വീടിന്റെ ചുമരിലോ ആണ്‌ അത്‌ കൂടു കെട്ടുന്നത്‌. അത്തരം കൂടുകളുടെ മേൽക്കൂര, മുകളിലൂടെ മുമ്പോട്ട്‌ ഉന്തിനിൽക്കുന്ന ഒരു പാറയോ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു കെട്ടിടത്തിന്റെ ഇറമ്പോ ആയിരിക്കും. കോപ്പയുടെ ആകൃതിയിലുള്ള കൂടിന്റെ അടിവശം ഉണ്ടാക്കിയെടുക്കുന്നത്‌ ചെറിയ ചേറുരുളകൾ ചേർത്തുവെച്ചാണ്‌. പൂവനും പിടയും ചേർന്ന്‌ വളരെ പണിപ്പെട്ടാണ്‌ ചേറുരുളകൾ ശേഖരിക്കുന്നത്‌. കൂടു കെട്ടിത്തീർക്കുന്നതിന്‌ ഒരു മാസത്തിലധികം എടുത്തേക്കാം. അതിനുശേഷം അവ കൂടിന്റെ അകവശത്ത്‌ പുല്ലും തൂവലുകളും വിരിക്കുന്നു. പൂവനും പിടയും ചേർന്നാണ്‌ കുഞ്ഞുങ്ങളെ തീറ്റുന്നത്‌. ആൺ മാസ്‌ക്ക്‌ഡ്‌ വീവറിന്റെ കൂടാണ്‌ താഴെ കാണിച്ചിരിക്കുന്നത്‌. കഠിനാധ്വാനിയായ ഈ ആഫ്രിക്കൻ പക്ഷി പുൽക്കൊടികളും ഓലക്കഷണങ്ങളും ഒക്കെ ഉപയോഗിച്ചാണ്‌ കൂടു കെട്ടുന്നത്‌. അതിന്‌ ഒറ്റ ദിവസംകൊണ്ട്‌ ഒരു കൂട്‌ പൂർത്തിയാക്കാൻ കഴിയും. ഒരു സീസണിൽ അവ 30-ലധികം കൂടുകൾ നെയ്‌തുണ്ടാക്കിയേക്കാം!

ഇത്‌ നമ്മെ എന്താണു പഠിപ്പിക്കുന്നത്‌? കൂടുകെട്ടാനുള്ള അത്ഭുതകരമായ കഴിവുകളും അതിനുള്ള ധാരാളം വസ്‌തുക്കളും ദൈവം പക്ഷികൾക്കു നൽകിയിരിക്കുന്നെങ്കിൽ തീർച്ചയായും ആവശ്യമായ പാർപ്പിടം കണ്ടെത്താൻ തന്റെ മനുഷ്യ ദാസരെ സഹായിക്കാനും അവനു കഴിയും. എന്നാൽ, നമ്മുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിൽ യഹോവയാം ദൈവം നമ്മെ സഹായിക്കണമെങ്കിൽ ഒരു കാര്യം ചെയ്യേണ്ടത്‌ ആവശ്യമാണെന്ന്‌ യേശു വ്യക്തമാക്കി. “മുമ്പെ [“ഒന്നാമതു,” NW] അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” എന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തു. (മത്തായി 6:33) ‘ഒന്നാമതു ദൈവത്തിന്റെ രാജ്യം അന്വേഷിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഈ മാസിക വിതരണം ചെയ്യുന്ന യഹോവയുടെ സാക്ഷികൾ ആ ചോദ്യത്തിന്‌ ഉത്തരം നൽകാൻ സന്തോഷമുള്ളവർ ആയിരിക്കും.