വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയെ അനുകരിപ്പിൻ

മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയെ അനുകരിപ്പിൻ

മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയെ അനുകരിപ്പിൻ

“ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.”​—⁠റോമർ 2:⁠11.

1, 2. (എ) കനാന്യരോടുള്ള ബന്ധത്തിൽ യഹോവ എന്താണ്‌ ഉദ്ദേശിച്ചിരുന്നത്‌? (ബി) എന്നാൽ യഹോവ എന്തു ചെയ്‌തു, ഇത്‌ എന്തു ചോദ്യങ്ങൾ ഉന്നയിക്കുന്നു?

വർഷം പൊ.യു.മു. 1473. മോവാബ്‌ സമഭൂമിയിൽ പാളയമടിച്ചിരുന്ന ഇസ്രായേല്യർ മോശെ പറഞ്ഞത്‌ ശ്രദ്ധയോടെ കേട്ടു. യോർദ്ദാൻ നദിക്ക്‌ അക്കരെ അവരെ ഒരു വെല്ലുവിളി കാത്തിരിപ്പുണ്ടായിരുന്നു. ഇസ്രായേലിനെ ഉപയോഗിച്ച്‌ വാഗ്‌ദത്ത ദേശത്തെ അതിശക്തരായ ഏഴു കനാന്യ ജാതികളെ തോൽപ്പിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ച്‌ മോശെ പ്രഖ്യാപിച്ചു. മോശെയുടെ പിൻവരുന്ന വാക്കുകൾ എത്ര സാന്ത്വനം പകരുന്നവയായിരുന്നു: ‘നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്‌പിക്കയും നീ അവരെ തോല്‌പിക്കയും ചെയ്യും.’ ഇസ്രായേൽ അവരുമായി ഒരു ഉടമ്പടിയും ചെയ്യരുതായിരുന്നു. മാത്രമല്ല, അവർ യാതൊരു കൃപയും അർഹിച്ചിരുന്നുമില്ല.​—⁠ആവർത്തനപുസ്‌തകം 1:1; 7:1, 2.

2 എന്നിരുന്നാലും ഇസ്രായേൽ ആക്രമിച്ച ആദ്യത്തെ നഗരത്തിലെ ഒരു കുടുംബത്തെ യഹോവ സംരക്ഷിച്ചു. മറ്റു നാലു പട്ടണങ്ങളിലെ ആളുകൾക്കും ദിവ്യ സംരക്ഷണം ലഭിച്ചു. എന്തായിരുന്നു അതിനു കാരണം? ഈ കനാന്യരുടെ അതിജീവനവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ സംഭവങ്ങൾ യഹോവയെ കുറിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു? നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാൻ കഴിയും?

യഹോവയുടെ കീർത്തിയോടുള്ള പ്രതികരണങ്ങൾ

3, 4. ഇസ്രായേല്യരുടെ വിജയങ്ങളെ കുറിച്ചുള്ള വാർത്തകൾ കനാൻ നിവാസികളിൽ എന്തു പ്രഭാവം ചെലുത്തി?

3 വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പുള്ള ഇസ്രായേലിന്റെ 40 വർഷ മരുപ്രയാണ കാലത്ത്‌ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുകയും അവർക്കു വേണ്ടി പോരാടുകയും ചെയ്‌തു. വാഗ്‌ദത്ത ദേശത്തിനു തെക്കു വെച്ച്‌ ഇസ്രായേലിന്‌ അരാദിലെ കനാന്യ രാജാവിനെ നേരിടേണ്ടി വന്നു. യഹോവയുടെ സഹായത്താൽ ഇസ്രായേല്യർ അവനെയും അവന്റെ ആളുകളെയും ഹോർമ്മായിൽവെച്ചു തോൽപ്പിച്ചു. (സംഖ്യാപുസ്‌തകം 21:1-3) പിന്നീട്‌ ഇസ്രായേൽ ഏദോംദേശത്തെ ചുറ്റിവളഞ്ഞ്‌ വടക്കോട്ടു യാത്ര ചെയ്‌ത്‌ ചാവുകടലിന്റെ വടക്കുകിഴക്കു ഭാഗത്ത്‌ എത്തി. മുമ്പ്‌ മോവാബ്യർ പാർത്തിരുന്ന ആ പ്രദേശത്ത്‌ അപ്പോൾ അമോര്യരാണു വസിച്ചിരുന്നത്‌. തന്റെ ദേശത്തുകൂടെ കടന്നുപോകാൻ അമോര്യ രാജാവായ സീഹോൻ ഇസ്രായേല്യരെ അനുവദിച്ചില്ല. ഇസ്രായേല്യരും സീഹോൻ രാജാവും യാഹാസിൽവെച്ച്‌​—⁠തെളിവനുസരിച്ച്‌ അർന്നോൻ താഴ്‌വരയുടെ വടക്കായിരുന്നു ഇതിന്റെ സ്ഥാനം​—⁠ഏറ്റുമുട്ടുകയും സീഹോൻ രാജാവ്‌ കൊല്ലപ്പെടുകയും ചെയ്‌തു. (സംഖ്യാപുസ്‌തകം 21:23, 24; ആവർത്തനപുസ്‌തകം 2:30-33) കുറേക്കൂടെ വടക്കുമാറി ബാശാനിൽ, ഓഗ്‌ എന്ന രാജാവ്‌ മറ്റ്‌ അമോര്യരുടെമേൽ ഭരണം നടത്തിയിരുന്നു. ഓഗ്‌ ഒരു മല്ലൻ ആയിരുന്നെങ്കിലും യഹോവയോടു പൊരുതി ജയിക്കാൻ അവന്‌ ഒരുപ്രകാരത്തിലും കഴിഞ്ഞില്ല. എദ്രെയിൽവെച്ച്‌ ഓഗ്‌ കൊല്ലപ്പെട്ടു. (സംഖ്യാപുസ്‌തകം 21:33-35; ആവർത്തനപുസ്‌തകം 3:1-3, 11) ഈ വിജയങ്ങളെ കുറിച്ചുള്ള വാർത്തകളും ഈജിപ്‌തിൽനിന്നുള്ള ഇസ്രായേലിന്റെ പുറപ്പാടിനെ കുറിച്ചുള്ള വിവരണങ്ങളും കനാൻ നിവാസികളിൽ ശക്തമായ പ്രഭാവം ചെലുത്തി. *

4 ഇസ്രായേല്യർ യോർദ്ദാൻ കുറുകെ കടന്ന്‌ ആദ്യമായി കനാനിൽ പ്രവേശിച്ചപ്പോൾ ഗിൽഗാലിലാണു പാളയമടിച്ചത്‌. (യോശുവ 4:9-19) മതിൽക്കെട്ടുകളോടു കൂടിയ യെരീഹോ നഗരം സ്ഥിതിചെയ്‌തിരുന്നത്‌ അവിടെ അടുത്തുതന്നെയായിരുന്നു. യഹോവയുടെ പ്രവൃത്തികളെ കുറിച്ചു കേൾക്കാനിടയായ കാര്യങ്ങൾ വിശ്വാസത്തോടെ പ്രവർത്തിക്കാൻ കനാൻ നിവാസിയായ രാഹാബിനെ പ്രചോദിപ്പിച്ചു. തത്‌ഫലമായി യഹോവ യെരീഹോയുടെമേൽ നാശം വരുത്തിയപ്പോൾ അവൻ രാഹാബിനും അവളുടെ വീട്ടുകാർക്കും സംരക്ഷണം നൽകി.​—⁠യോശുവ 2:1-13; 6:17, 18; യാക്കോബ്‌ 2:⁠25.

5. ഉപായം പ്രയോഗിക്കാൻ ഗിബെയോന്യരെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു?

5 അടുത്തതായി ഇസ്രായേൽ, യോർദ്ദാൻ നദിക്ക്‌ സമീപമുള്ള താണപ്രദേശങ്ങൾ വിട്ട്‌ ദേശത്തിന്റെ നടുവിലുള്ള കുന്നുകളിലേക്കു കയറി. യഹോവയുടെ മാർഗനിർദേശ പ്രകാരം യോശുവ ഹായി പട്ടണത്തിനു നേരെ പതിയിരിപ്പ്‌ തന്ത്രങ്ങൾ അവലംബിച്ചു. (യോശുവ 8-ാം അധ്യായം) ആ പട്ടണത്തിനു നേരിട്ട കനത്ത പരാജയത്തെ കുറിച്ചുള്ള വാർത്ത യുദ്ധത്തിനായി ഒത്തുകൂടാൻ പല കനാന്യ രാജാക്കന്മാരെയും പ്രേരിപ്പിച്ചു. (യോശുവ 9:1, 2) എന്നാൽ സമീപത്തുള്ള ഹിവ്യ നഗരമായ ഗിബെയോനിലെ നിവാസികളുടെ പ്രതികരണം വ്യത്യസ്‌തമായിരുന്നു. “അവർ ഒരു ഉപായം പ്രയോഗിച്ചു” എന്ന്‌ യോശുവ 9:4 പറയുന്നു. യഹോവ ഈജിപ്‌തിൽനിന്ന്‌ തന്റെ ജനത്തെ വിടുവിച്ചുകൊണ്ടുവന്നതിനെ കുറിച്ചും സീഹോന്റെയും ഓഗിന്റെയും മേൽ അവർക്കു നൽകിയ വിജയത്തെ കുറിച്ചും രാഹാബിനെപ്പോലെതന്നെ അവരും കേട്ടിരുന്നു. (യോശുവ 9:6-10) എതിർത്തുനിൽക്കുന്നതുകൊണ്ട്‌ ഫലമില്ലെന്ന്‌ ഗിബെയോന്യർക്കു മനസ്സിലായി. അതുകൊണ്ട്‌ ഗിബെയോന്റെയും കെഫീര, ബേരോത്ത്‌, കിര്യത്ത്‌-യെയാരീം എന്നിങ്ങനെ സമീപത്തുള്ള മൂന്നു പട്ടണങ്ങളുടെയും രക്ഷയ്‌ക്കായി അവർ ഒരു പ്രതിനിധിസംഘത്തെ ദൂരദേശത്തുനിന്നു വന്നതുപോലെ വേഷം കെട്ടിച്ച്‌ ഗിൽഗാലിൽ യോശുവയുടെ അടുക്കൽ അയച്ചു. ആ തന്ത്രം ഫലിച്ചു. ആ ദേശക്കാരെ സംഹരിക്കുകയില്ലെന്ന്‌ ഉറപ്പുനൽകിക്കൊണ്ട്‌ യോശുവ അവരുമായി ഒരു ഉടമ്പടി ചെയ്‌തു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ തങ്ങൾ കബളിപ്പിക്കപ്പെട്ടതായി യോശുവയും ഇസ്രായേല്യരും മനസ്സിലാക്കി. എന്നിരുന്നാലും, ഉടമ്പടി പാലിച്ചുകൊള്ളാമെന്ന്‌ അവർ യഹോവയുടെ നാമത്തിൽ സത്യം ചെയ്‌തിരുന്നതിനാൽ അതിനോടു പറ്റിനിന്നു. (യോശുവ 9:16-19) യഹോവ അത്‌ അംഗീകരിച്ചോ?

6. യോശുവ ഗിബെയോന്യരുമായി ചെയ്‌ത ഉടമ്പടിയോട്‌ യഹോവ എങ്ങനെ പ്രതികരിച്ചു?

6 ഇസ്രായേല്യർക്കും സമാഗമനകൂടാരത്തിൽ ‘[യഹോവയുടെ] യാഗപീഠത്തിന്നും’ വേണ്ടി വിറകുകീറുന്നവരും വെള്ളം കോരുന്നവരും ആയിരിക്കാൻ ഗിബെയോന്യർക്ക്‌ അനുമതി ലഭിച്ചു. (യോശുവ 9:21-27) കൂടാതെ, അഞ്ച്‌ അമോര്യ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഗിബെയോന്യരുടെ നേരെ ഭീഷണി ഉയർത്തിയപ്പോൾ യഹോവ അത്ഭുതകരമായ വിധത്തിൽ ഇടപെട്ടു. യോശുവയുടെ സൈന്യത്താൽ കൊല്ലപ്പെട്ടതിലും കൂടുതൽ ശത്രുക്കൾ കൽമഴയാൽ കൊല്ലപ്പെട്ടു. ശത്രുക്കളെ പൂർണമായി പരാജയപ്പെടുത്താൻ കഴിയുന്നതിനായി സൂര്യചന്ദ്രന്മാരെ നിശ്ചലമായി നിറുത്തണമെന്ന യോശുവയുടെ അപേക്ഷ പോലും യഹോവ കേട്ടു. യോശുവ ഇപ്രകാരം പറയുകയുണ്ടായി: “യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസംപോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്‌തത്‌.”​—⁠യോശുവ 10:1-14.

7. പത്രൊസ്‌ തിരിച്ചറിഞ്ഞ ഏത്‌ സത്യം ചില കനാന്യരുടെ കാര്യത്തിൽ അന്വർഥമായി?

7 കനാൻ നിവാസിയായ രാഹാബും അവളുടെ കുടുംബവും അതുപോലെ ഗിബെയോന്യരും യഹോവയെ ഭയപ്പെടുകയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്‌തു. അവർക്ക്‌ സംഭവിച്ചത്‌, പിൽക്കാലത്ത്‌ ക്രിസ്‌തീയ അപ്പൊസ്‌തലനായ പത്രൊസ്‌ പ്രസ്‌താവിച്ച സത്യത്തിന്‌ അടിവരയിടുന്നു: “ദൈവത്തിന്നു മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.”​—⁠പ്രവൃത്തികൾ 10:34, 35.

യഹോവ അബ്രാഹാമിനോടും ഇസ്രായേലിനോടും ഇടപെട്ട വിധം

8, 9. അബ്രാഹാമിനോടും ഇസ്രായേൽ ജനതയോടും ഉള്ള ഇടപെടലുകളിൽ യഹോവയുടെ മുഖപക്ഷമില്ലായ്‌മ പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

8 അബ്രാഹാമിനോടും അവന്റെ സന്തതികളോടും ഉള്ള ദൈവത്തിന്റെ ഇടപെടലുകളിൽ പ്രകടമായിരിക്കുന്ന ദൈവത്തിന്റെ അനർഹദയയിലേക്ക്‌ ശിഷ്യനായ യാക്കോബ്‌ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. അബ്രാഹാമിനെ “ദൈവത്തിന്റെ സ്‌നേഹിതൻ” ആക്കിത്തീർത്തത്‌ അവന്റെ വിശ്വാസമായിരുന്നു, അല്ലാതെ അവന്റെ വംശീയ പശ്ചാത്തലമായിരുന്നില്ല. (യാക്കോബ്‌ 2:23) അബ്രാഹാമിന്റെ വിശ്വാസവും യഹോവയോടുള്ള സ്‌നേഹവും അവന്റെ പിൻഗാമികൾക്ക്‌ അനുഗ്രഹങ്ങൾ കൈവരുത്തി. (2 ദിനവൃത്താന്തം 20:7) യഹോവ അബ്രാഹാമിനോട്‌ ഇപ്രകാരം വാഗ്‌ദാനം ചെയ്‌തു: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്‌ക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും.” എന്നാൽ അടുത്ത വാക്യത്തിലെ വാഗ്‌ദാനം ശ്രദ്ധിക്കുക: “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.”​—⁠ഉല്‌പത്തി 22:17, 18; റോമർ 4:1-8.

9 ഇസ്രായേലുമായുള്ള തന്റെ ഇടപെടലുകളിലൂടെ യഹോവ ഒരിക്കലും മുഖപക്ഷം കാണിക്കുകയായിരുന്നില്ല. മറിച്ച്‌, തന്നെ അനുസരിക്കുന്നവർക്കു വേണ്ടി തനിക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്ന്‌ പ്രകടമാക്കുകയായിരുന്നു. അത്തരം ഇടപെടലുകൾ യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരോട്‌ വിശ്വസ്‌ത സ്‌നേഹം പ്രകടമാക്കുന്നത്‌ എങ്ങനെയെന്ന്‌ ദൃഷ്ടാന്തീകരിക്കുന്നു. ഇസ്രായേൽ യഹോവയുടെ ‘പ്രത്യേക സമ്പത്ത്‌’ ആയിരുന്നെങ്കിലും അത്‌ മറ്റു ജനതകൾ ദൈവത്തിന്റെ നന്മ ആസ്വദിക്കുന്നതിൽനിന്ന്‌ ഒഴിച്ചുനിറുത്തപ്പെട്ടു എന്ന്‌ അർഥമാക്കിയില്ല. (പുറപ്പാടു 19:5; ആവർത്തനപുസ്‌തകം 7:6-8) യഹോവ ഇസ്രായേലിനെ ഈജിപ്‌തിലെ അടിമത്തത്തിൽനിന്നു വീണ്ടെടുക്കുകയും തത്‌ഫലമായി “ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു” എന്നു പ്രഖ്യാപിക്കുകയും ചെയ്‌തു എന്നതു സത്യംതന്നെ. എന്നാൽ അതോടൊപ്പം ആമോസ്‌ പ്രവാചകനിലൂടെയും മറ്റു പ്രവാചകന്മാരിലൂടെയും യഹോവ ‘സകല ജാതികളിലെയും’ ആളുകൾക്ക്‌ അത്ഭുതകരമായ ഒരു ഭാവി പ്രതീക്ഷ വെച്ചുനീട്ടുകയും ചെയ്‌തു.​—⁠ആമോസ്‌ 3:2; 9:11, 12; യെശയ്യാവു 2:2-4.

യേശു, മുഖപക്ഷം കാട്ടാഞ്ഞ ഗുരു

10. മുഖപക്ഷമില്ലായ്‌മ പ്രകടമാക്കുന്നതിൽ യേശു തന്റെ പിതാവിനെ അനുകരിച്ചത്‌ എങ്ങനെ?

10 പിതാവിന്റെ വ്യക്തിത്വം അതേപടി പ്രതിഫലിപ്പിച്ച യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യഹോവയുടെ മുഖപക്ഷമില്ലായ്‌മയെ സ്വന്തം ജീവിതത്തിൽ പകർത്തി. (എബ്രായർ 1:​3) ആ സമയത്തെ അവന്റെ മുഖ്യ ശ്രദ്ധ ‘യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളെ’ കണ്ടെത്തുന്നതിൽ ആയിരുന്നെങ്കിലും കിണറ്റുകരയിൽവെച്ച്‌ അവൻ ഒരു ശമര്യസ്‌ത്രീയോടു സാക്ഷീകരിക്കുകയുണ്ടായി. (മത്തായി 15:24; യോഹന്നാൻ 4:7-30) ഒരു ശതാധിപന്റെ​—⁠തെളിവനുസരിച്ച്‌ അദ്ദേഹം യഹൂദനായിരുന്നില്ല​—⁠അപേക്ഷ പ്രകാരം അവൻ ഒരു അത്ഭുതവും പ്രവർത്തിച്ചു. (ലൂക്കൊസ്‌ 7:1-10) അതേ, ദൈവജനത്തോടു മാത്രമല്ല യേശു സ്‌നേഹം പ്രകടിപ്പിച്ചത്‌. ഇനി, യേശുവിന്റെ ശിഷ്യന്മാരും പ്രസംഗവേല വ്യാപകമായി നിർവഹിച്ചു. യഹോവയിൽനിന്നുള്ള അനുഗ്രഹം, ഒരു പ്രത്യേക വംശത്തിന്റെ ഭാഗം ആയിരിക്കുന്നതിനെയല്ല, മറിച്ച്‌ മനോഭാവത്തെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌ എന്ന സംഗതി വ്യക്തമായിത്തീർന്നു. സത്യത്തിനു വേണ്ടി ദാഹിക്കുന്ന താഴ്‌മയുള്ള, ആത്മാർഥഹൃദയരായ ആളുകൾ രാജ്യ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിച്ചു. നേരെ മറിച്ച്‌, അഹങ്കാരികളും ഗർവികളുമായവർ യേശുവിനോടും അവന്റെ സന്ദേശത്തോടും അവജ്ഞയോടെ പെരുമാറി. യേശു ഇങ്ങനെ പറയുകയുണ്ടായി: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്‌ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.” (ലൂക്കൊസ്‌ 10:21) മറ്റുള്ളവരോട്‌ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ഇടപെടുമ്പോൾ നാം മുഖപക്ഷമില്ലാതെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നു പറയാൻ കഴിയും, അതാണ്‌ യഹോവയ്‌ക്കു പ്രസാദകരവും.

11. ആദിമ ക്രിസ്‌തീയ സഭയിൽ മുഖപക്ഷമില്ലായ്‌മ പ്രകടമായിരുന്നത്‌ ഏതു വിധത്തിൽ?

11 ആദിമ ക്രിസ്‌തീയ സഭയിൽ യഹൂദരും യഹൂദേതരരും തുല്യരായിരുന്നു. “നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ” എന്ന്‌ പൗലൊസ്‌ വിശദീകരിച്ചു. * (റോമർ 2:10, 11) യഹോവയുടെ അനർഹദയയിൽനിന്ന്‌ അവർ പ്രയോജനം നേടുന്നുവോ ഇല്ലയോ എന്നു നിർണയിക്കുന്നത്‌ അവരുടെ വംശീയ പശ്ചാത്തലമായിരുന്നില്ല, പകരം യഹോവയെയും അവന്റെ പുത്രനായ യേശുവിന്റെ മറുവില സാധ്യമാക്കിയ ഭാവിപ്രതീക്ഷകളെയും കുറിച്ച്‌ മനസ്സിലാക്കുമ്പോഴുള്ള അവരുടെ പ്രതികരണം ആയിരുന്നു. (യോഹന്നാൻ 3:16, 36) പൗലൊസ്‌ ഇപ്രകാരം എഴുതി: “പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഫൃദയപരിച്ഛേദനയത്രേ പരിച്ഛേദന.” തുടർന്ന്‌ “യഹൂദൻ” (“യഹൂദായുടെ” എന്നർഥം, യഹൂദാ എന്നാൽ പുകഴ്‌ത്തപ്പെട്ടത്‌ അഥവാ സ്‌തുതിക്കപ്പെട്ടത്‌) എന്ന പദത്തിന്റെ അർഥത്തെ കുറിച്ചു പരാമർശിച്ചുകൊണ്ട്‌ പൗലൊസ്‌ കൂട്ടിച്ചേർത്തു: “അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്‌ച ലഭിക്കും.” (റോമർ 2:28, 29) യഹോവ മുഖപക്ഷമില്ലാതെ പുകഴ്‌ച വെച്ചുനീട്ടുന്നു. നമ്മളോ?

12. വെളിപ്പാടു 7:9 എന്തു പ്രത്യാശ വെച്ചു നീട്ടുന്നു, ആർക്ക്‌?

12 പിന്നീട്‌, അപ്പൊസ്‌തലനായ യോഹന്നാൻ ഒരു ദർശനത്തിൽ വിശ്വസ്‌ത അഭിഷിക്ത ക്രിസ്‌ത്യാനികളെ, “യിസ്രായേൽ മക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേററ” 1,44,000 പേരടങ്ങുന്ന ഒരു ആത്മീയ ജനതയായി ചിത്രീകരിച്ചിരിക്കുന്നതു കണ്ടു. അതിനുശേഷം യോഹന്നാൻ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി . . . ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്‌ക്കുന്നതു . . . കണ്ടു.” (വെളിപ്പാടു 7:4, 9) അതുകൊണ്ട്‌ ആധുനികകാല ക്രിസ്‌തീയ സഭയുടെ ഭാഗമായിത്തീരുന്നതിൽനിന്ന്‌ ഏതെങ്കിലും ഒരു വംശീയ കൂട്ടത്തെയോ ഭാഷാകൂട്ടത്തെയോ ഒഴിച്ചുനിറുത്തിയിട്ടില്ല. വരാൻ പോകുന്ന “മഹാകഷ്ട”ത്തെ അതിജീവിക്കുന്നതിനും പുതിയ ലോകത്തിലെ ‘ജീവജലത്തിന്റെ ഉറവുകളിൽനിന്നു’ കുടിക്കുന്നതിനും ഉള്ള പ്രത്യാശ എല്ലാ പശ്ചാത്തലങ്ങളിൽനിന്നുള്ള വ്യക്തികൾക്കുമുണ്ട്‌.​—⁠വെളിപ്പാടു 7:14-17.

നല്ല ഫലങ്ങൾ

13-15. (എ) വംശീയവും സാംസ്‌കാരികവുമായ വ്യത്യാസങ്ങളെ നമുക്ക്‌ എങ്ങനെ തരണംചെയ്യാനാകും? (ബി) സൗഹൃദം പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾ വ്യക്തമാക്കുന്ന ഉദാഹരണങ്ങൾ പറയുക.

13 നല്ലവനായ ഒരു പിതാവ്‌ തന്റെ മക്കളെ അറിയുന്നതുപോലെ യഹോവ നമ്മെ നല്ലവണ്ണം അറിയുന്നു. അതുപോലെ നാമും മറ്റുള്ളവരുടെ സംസ്‌കാരത്തിലും പശ്ചാത്തലത്തിലും താത്‌പര്യമെടുത്തുകൊണ്ട്‌ അവരെ അടുത്തറിയേണ്ടതുണ്ട്‌. അപ്പോൾ വ്യത്യാസങ്ങൾക്ക്‌ പ്രസക്തിയില്ലാതാകുന്നു. വംശീയ പ്രതിബന്ധങ്ങൾ അപ്രത്യക്ഷമാകുന്നു. സ്‌നേഹബന്ധങ്ങളും സൗഹൃദവും ശക്തമായിത്തീരുന്നു. വ്യക്തികൾ തമ്മിലുള്ള ഐക്യം മെച്ചപ്പെടുന്നു. (1 കൊരിന്ത്യർ 9:19-23) വിദേശ നിയമനങ്ങൾ ഏറ്റെടുക്കുന്ന മിഷനറിമാരുടെ പ്രവർത്തനം വ്യക്തമാക്കുന്നത്‌ ഇതാണ്‌. തങ്ങൾ ചെല്ലുന്നിടത്തെ ആളുകളിൽ അവർ താത്‌പര്യമെടുക്കുന്നു. തത്‌ഫലമായി, പ്രാദേശിക സഭകളുമായി തങ്ങൾ ഇഴുകി ചേരുന്നതായി മിഷനറിമാർ പെട്ടെന്നുതന്നെ കണ്ടെത്തുന്നു.​—⁠ഫിലിപ്പിയർ 2:⁠4.

14 മുഖപക്ഷമില്ലാതെ ഇടപെടുന്നതിന്റെ നല്ല ഫലങ്ങൾ പല നാടുകളിലും പ്രകടമാണ്‌. എത്യോപ്യയിൽനിന്നുള്ള ആക്ക്‌ലിലൂ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ തനിച്ചാണു കഴിഞ്ഞിരുന്നത്‌. ആധുനിക യൂറോപ്പിലെ പല വൻ നഗരങ്ങളിലും കണ്ടുവരുന്നതുപോലെ, അവിടത്തെ ആളുകൾ പൊതുവേ, മറ്റു രാജ്യങ്ങളിൽനിന്നുള്ളവരോട്‌ സൗഹൃദഭാവം കാണിക്കാത്തതായി അദ്ദേഹത്തിനു തോന്നി. അതോടെ അദ്ദേഹത്തിന്റെ ഏകാന്തത ഇരട്ടിച്ചു. എന്നാൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ നടത്തപ്പെട്ട ഒരു ക്രിസ്‌തീയ യോഗത്തിൽ സംബന്ധിച്ചപ്പോൾ ആക്ക്‌ലിലൂവിന്‌ എത്ര വ്യത്യസ്‌തമായ ഒരു അനുഭവമാണ്‌ ഉണ്ടായത്‌! അവിടെ ഉണ്ടായിരുന്നവർ അദ്ദേഹത്തെ സ്വാഗതം ചെയ്‌തു. പെട്ടെന്നുതന്നെ അദ്ദേഹത്തിന്‌ താൻ അവരുടെ കൂട്ടത്തിൽ ഒരാളായതുപോലെ തോന്നി. സ്രഷ്ടാവിനെ കുറിച്ചുള്ള തന്റെ അറിവും വിലമതിപ്പും ആഴമുള്ളതാക്കുന്നതിൽ അദ്ദേഹം ശീഘ്ര പുരോഗതി വരുത്തി. താമസിയാതെ അദ്ദേഹം ആ ഡിസ്‌ട്രിക്‌റ്റിലെ മറ്റ്‌ ആളുകളെ രാജ്യസുവാർത്ത അറിയിക്കുന്നതിൽ പങ്കുപറ്റാനുള്ള അവസരങ്ങൾ തേടി. ഒരു ദിവസം ആക്ക്‌ലിലൂവിന്റെ കൂടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സഹോദരൻ അദ്ദേഹത്തിന്‌ ജീവിതത്തിൽ ഇപ്പോൾ എന്തു ലക്ഷ്യങ്ങളാണ്‌ ഉള്ളതെന്നു ചോദിച്ചു. തന്റെ ഭാഷയായ അംഹാരിക്‌ സംസാരിക്കുന്ന ഒരു സഭയുടെ ഭാഗമായിത്തീരാൻ എന്നെങ്കിലും കഴിയുമെന്ന്‌ താൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ആക്ക്‌ലിലൂവിന്റെ തത്‌ക്ഷണമുള്ള മറുപടി. ഇത്‌ അറിഞ്ഞ ഉടനെ പ്രാദേശിക ഇംഗ്ലീഷ്‌ സഭയിലെ മൂപ്പന്മാർ ആക്ക്‌ലിലൂവിന്റെ സ്വന്തം ഭാഷയിൽ ഒരു പരസ്യ ബൈബിൾ പ്രഭാഷണം നടത്താനുള്ള ക്രമീകരണം ചെയ്‌തു. ബ്രിട്ടനിൽ അംഹാരിക്‌ ഭാഷയിൽ നടത്തുന്ന ആദ്യത്തെ പരസ്യയോഗത്തെ പിന്തുണയ്‌ക്കാനായി, ക്ഷണം സ്വീകരിച്ച്‌ വിദേശീയരും തദ്ദേശീയരും അടങ്ങുന്ന വലിയൊരു കൂട്ടം ആളുകൾ അവിടെ എത്തിച്ചേർന്നു. ഇന്ന്‌ അവിടെ നന്നായി അഭിവൃദ്ധി പ്രാപിച്ചുവരുന്ന ഒരു അംഹാരിക്‌ സഭയുണ്ട്‌. ആ പ്രദേശത്തെ എത്യോപ്യരും മറ്റ്‌ ആളുകളും ആ സഭയോടൊത്ത്‌ ഐക്യത്തിൽ പ്രവർത്തിച്ചുവരുന്നു. യഹോവയ്‌ക്കു വേണ്ടി നിലപാട്‌ എടുക്കുന്നതിനും അത്‌ ക്രിസ്‌തീയ സ്‌നാപനത്താൽ പ്രതീകപ്പെടുത്തുന്നതിനും യാതൊന്നും തടസ്സമായിരിക്കുന്നില്ലെന്ന്‌ അവിടെയുള്ള അനേകർ കണ്ടെത്തിയിരിക്കുന്നു.​—⁠പ്രവൃത്തികൾ 8:26-36.

15 ഓരോരുത്തരുടെയും വ്യക്തിത്വ സവിശേഷതകളും പശ്ചാത്തലവും വ്യത്യസ്‌തമായിരുന്നേക്കാം. എന്നാൽ അവ വ്യത്യാസങ്ങൾ മാത്രമാണ്‌. അല്ലാതെ വലുപ്പ-ചെറുപ്പം അളക്കുന്നതിനുള്ള മാനദണ്ഡം അല്ല. മാൾട്ട ദ്വീപിൽ യഹോവയുടെ പുതുതായി സമർപ്പിക്കപ്പെട്ട ദാസരുടെ സ്‌നാപനം നിരീക്ഷിക്കവേ തദ്ദേശീയരായ സാക്ഷികൾ തങ്ങളുടെ സന്തോഷം തുറന്നു പ്രകടിപ്പിച്ചപ്പോൾ ബ്രിട്ടനിൽ നിന്നുള്ള സന്ദർശകർ ആകട്ടെ ആനന്ദാശ്രുക്കൾ പൊഴിക്കുകയാണു ചെയ്‌തത്‌. രണ്ടു കൂട്ടരും വ്യത്യസ്‌ത രീതികളിലാണ്‌ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ചത്‌. എങ്കിലും, യഹോവയോടുള്ള അവരുടെ ശക്തമായ സ്‌നേഹം ക്രിസ്‌തീയ കൂട്ടായ്‌മയുടെ ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചു.​—⁠സങ്കീർത്തനം 133:1; കൊലൊസ്സ്യർ 3:⁠14.

മുൻവിധി തരണംചെയ്യൽ

16-18. ക്രിസ്‌തീയ സഭയിൽ മുൻവിധി എങ്ങനെ തരണംചെയ്യാൻ കഴിയുമെന്നു വ്യക്തമാക്കുന്ന ഒരു അനുഭവം വിവരിക്കുക.

16 യഹോവയോടും ക്രിസ്‌തീയ സഹോദരങ്ങളോടും ഉള്ള നമ്മുടെ സ്‌നേഹത്തിന്റെ ആഴം വർധിക്കുമ്പോൾ മറ്റുള്ളവരെ വീക്ഷിക്കുന്ന വിധത്തോടുള്ള ബന്ധത്തിൽ നമുക്ക്‌ യഹോവയെ കൂടുതൽ നന്നായി അനുകരിക്കുന്നതിനു കഴിയും. ചില പ്രത്യേക വംശങ്ങളിലോ വർഗങ്ങളിലോ സംസ്‌കാരങ്ങളിലോ പെട്ടവരോട്‌ മുമ്പ്‌ തോന്നിയിരിക്കാൻ സാധ്യതയുള്ള ഏതു മുൻവിധിയെയും നമുക്കു തരണംചെയ്യാനാകും. ആൽബർട്ടിന്റെ കാര്യംതന്നെ എടുക്കുക. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ അദ്ദേഹം ബ്രിട്ടീഷ്‌ സൈന്യത്തിൽ സേവിക്കുകയായിരുന്നു. 1942-ൽ ജപ്പാൻ, ബ്രിട്ടീഷ്‌ അധീനതയിലായിരുന്ന സിംഗപ്പൂർ പിടിച്ചടക്കിയപ്പോൾ ആൽബർട്ട്‌ ജപ്പാൻകാരുടെ പിടിയിലായി. പിന്നെ മൂന്നു വർഷത്തിലേറെ അദ്ദേഹം “മരണ റെയിൽപ്പാത”യിൽ​—⁠ക്വായ്‌ നദിക്കു മീതെയുള്ള പ്രസിദ്ധമായ പാലം ഇതിനടുത്താണ്‌​—⁠പണിയെടുത്തു. യുദ്ധാനന്തരം വിടുവിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ തൂക്കം വെറും 32 കിലോഗ്രാം ആയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ താടിയെല്ലിനും മൂക്കിനും ക്ഷതമേൽക്കുകയും അതിസാരവും പുഴുക്കടിയും മലമ്പനിയും പിടിപെടുകയും ചെയ്‌തിരുന്നു. ആയിരക്കണക്കിനു വരുന്ന അദ്ദേഹത്തിന്റെ സഹ തടവുകാരുടെ അവസ്ഥ അതിലും മോശമായിരുന്നു; പലർക്കും ജീവൻ നഷ്ടമായി. ആൽബർട്ട്‌ കാണുകയും അനുഭവിക്കുകയും ചെയ്‌ത ഘോരതകൾ അദ്ദേഹത്തെ കുപിതനും പ്രതികാരദാഹിയും ആക്കി. ദൈവത്തിലോ മതത്തിലോ യാതൊരു താത്‌പര്യവും ഇല്ലാത്തവനായിട്ടാണ്‌ 1945-ൽ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്‌.

17 ആൽബർട്ടിന്റെ ഭാര്യ ഐറിൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. ഭാര്യയുടെ സന്തോഷത്തിനുവേണ്ടി അദ്ദേഹം യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ ചില യോഗങ്ങൾക്കു ഹാജരായി. പോൾ എന്നു പേരുള്ള ഒരു യുവ മുഴുസമയ ശുശ്രൂഷകൻ ആൽബർട്ടിനെ സന്ദർശിച്ച്‌ അദ്ദേഹവുമായി ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോവ വ്യക്തികളുടെ ഹൃദയനിലയാണ്‌ നോക്കുന്നത്‌ എന്ന്‌ ആൽബർട്ട്‌ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ ജീവിതം യഹോവയ്‌ക്ക്‌ സമർപ്പിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു.

18 പിന്നീട്‌ ലണ്ടനിലേക്കു താമസം മാറ്റിയ പോൾ ജാപ്പനീസ്‌ പഠിക്കുകയും ഒരു ജാപ്പനീസ്‌ സഭയോടൊത്തു സഹവസിക്കുകയും ചെയ്‌തു. അദ്ദേഹം സന്ദർശകരായ ചില ജാപ്പനീസ്‌ സാക്ഷികളോടൊപ്പം തന്റെ പഴയ സഭ സന്ദർശിക്കുന്ന കാര്യം പറഞ്ഞപ്പോൾ ആ പശ്ചാത്തലത്തിൽനിന്നുള്ള ആളുകളോടുള്ള ആൽബർട്ടിന്റെ ശക്തമായ മുൻവിധിയെ കുറിച്ച്‌ അവിടത്തെ സഹോദരന്മാർ ഓർമിച്ചു. ബ്രിട്ടനിൽ തിരിച്ചുവന്നതു മുതൽ, ജപ്പാനിൽനിന്നുള്ള ആരെയും നേരിൽ കാണുന്നത്‌ ആൽബർട്ടിന്‌ ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന്‌ സഹോദരന്മാർ അമ്പരന്നു. പക്ഷേ അവരുടെ ആശങ്ക അസ്ഥാനത്തായിരുന്നു​—⁠ആൽബർട്ട്‌ സന്ദർശകരെ തികഞ്ഞ സഹോദരപ്രീതിയോടു കൂടി സ്വീകരിച്ചു.​—⁠1 പത്രൊസ്‌ 3:8, 9.

“വിശാലതയുള്ളവരായിരിപ്പിൻ”

19. പക്ഷപാതം കാണിക്കാനുള്ള എന്തെങ്കിലും ചായ്‌വ്‌ നമുക്ക്‌ ഉണ്ടെങ്കിൽ അപ്പൊസ്‌തലനായ പൗലൊസിന്റെ ഏതു ബുദ്ധിയുപദേശം സഹായകമായേക്കാം?

19 “മുഖദാക്ഷിണ്യം [“പക്ഷപാതം,” NW] കാണിക്കുന്നതു നന്നല്ല” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി. (സദൃശവാക്യങ്ങൾ 28:​21) നമുക്കു നന്നായി അറിയാവുന്നവരോട്‌ അടുപ്പം തോന്നുക എളുപ്പമാണ്‌. എന്നാൽ, നമുക്ക്‌ നന്നായി അറിയാൻ പാടില്ലാത്തവരിൽ ചിലപ്പോൾ നാം താത്‌പര്യം കാണിക്കാതിരുന്നേക്കാം. അത്തരം പക്ഷപാതം യഹോവയുടെ ദാസർക്ക്‌ യോജിച്ചതല്ല. “വിശാലതയുള്ളവരായിരി”ക്കാനുള്ള പൗലൊസിന്റെ വ്യക്തമായ ബുദ്ധിയുപദേശം തീർച്ചയായും നാമെല്ലാം പിൻപറ്റേണ്ട ഒന്നാണ്‌. അതേ, വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ള സഹക്രിസ്‌ത്യാനികളോടു സ്‌നേഹം പ്രകടമാക്കുന്നതിൽ നാം വിശാലരാകേണ്ടതുണ്ട്‌.​—⁠2 കൊരിന്ത്യർ 6:⁠13.

20. ജീവിതത്തിന്റെ ഏതെല്ലാം മണ്ഡലങ്ങളിൽ നാം നമ്മുടെ മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയെ അനുകരിക്കണം?

20 സ്വർഗീയ പ്രത്യാശയുള്ളവരായാലും ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ഉള്ളവരായാലും മുഖപക്ഷം കാണിക്കാതിരിക്കുന്നത്‌ ഒരു ആട്ടിൻകൂട്ടവും ഒരു ഇടയനും എന്ന നിലയിൽ ഐക്യം ആസ്വദിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു. (എഫെസ്യർ 4:4, 5, 16) നമ്മുടെ മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയെ അനുകരിക്കാൻ ശ്രമിക്കുന്നത്‌ ക്രിസ്‌തീയ ശുശ്രൂഷയിലും കുടുംബത്തിലും സഭയിലും എന്നു വേണ്ട ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും നമ്മെ സഹായിക്കും. എങ്ങനെ? പിൻവരുന്ന ലേഖനം ഈ വിഷയം പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 3 യഹോവയുടെ കീർത്തിയെ കുറിച്ചുള്ള വിശുദ്ധ ഗീതങ്ങൾ പിന്നീട്‌ രചിക്കപ്പെട്ടു.​—⁠സങ്കീർത്തനം 135:8-11; 136:11-20.

^ ഖ. 11 ഇവിടെ, ‘യവനൻ’ എന്ന പ്രയോഗം വിജാതീയരെ മൊത്തത്തിൽ പരാമർശിക്കുന്നു.​—⁠യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) 1-ാം വാല്യം 1004-ാം പേജ്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യഹോവ രാഹാബിനോടും ഗിബെയോന്യരോടും മുഖപക്ഷമില്ലായ്‌മ പ്രകടമാക്കിയത്‌ എങ്ങനെ?

• യേശു തന്റെ പഠിപ്പിക്കലിൽ മുഖപക്ഷമില്ലായ്‌മ പ്രകടമാക്കിയത്‌ എങ്ങനെ?

• സാംസ്‌കാരികവും വംശീയവുമായ ഏതു മുൻവിധിയെയും തരണംചെയ്യാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[13 -ാം പേജിലെ ചിത്രം]

ഇസ്രായേൽ കനാൻ പിടിച്ചടക്കിത്തുടങ്ങുന്നു

[15 -ാം പേജിലെ ചിത്രം]

ഒരു ശമര്യസ്‌ത്രീയോടു സാക്ഷീകരിക്കുന്നതിൽനിന്ന്‌ യേശു പിന്മാറിനിന്നില്ല

[16 -ാം പേജിലെ ചിത്രം]

അംഹാരിക്‌ ഭാഷയിലുള്ള ഒരു പരസ്യയോഗം, ബ്രിട്ടനിൽ

[16 -ാം പേജിലെ ചിത്രം]

യഹോവയോടുള്ള ആൽബർട്ടിന്റെ സ്‌നേഹം മുൻവിധി തരണംചെയ്യാൻ അദ്ദേഹത്തെ സഹായിച്ചു