വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു ജീവിച്ചിരുന്നു എന്നതിന്‌ പുരാവസ്‌തുശാസ്‌ത്ര തെളിവുകളോ?

യേശു ജീവിച്ചിരുന്നു എന്നതിന്‌ പുരാവസ്‌തുശാസ്‌ത്ര തെളിവുകളോ?

യേശു ജീവിച്ചിരുന്നു എന്നതിന്‌ പുരാവസ്‌തുശാസ്‌ത്ര തെളിവുകളോ?

“യേശു ജീവിച്ചിരുന്നു എന്നതിന്റെ ശിലാലിഖിത തെളിവ്‌.” ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ (നവംബർ/ഡിസംബർ 2002) മാസികയുടെ പുറംചട്ടയിലാണ്‌ ഇപ്രകാരം എഴുതിയിരുന്നത്‌. ഒപ്പം, ഇസ്രായേലിൽനിന്നു കണ്ടെടുത്ത, ചുണ്ണാമ്പുകല്ലുകൊണ്ടു നിർമിച്ച ഒരു അസ്ഥിപേടകത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. പൊ.യു.മു. ഒന്നാം നൂറ്റാണ്ടിനും പൊ.യു. 70-നും ഇടയ്‌ക്കുള്ള ചുരുങ്ങിയ കാലഘട്ടത്തിൽ യഹൂദന്മാർ അസ്ഥിപേടകങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. മേൽപ്പറഞ്ഞ അസ്ഥിപേടകത്തെ വിശേഷതയുള്ളതാക്കിയത്‌ അതിന്റെ ഒരുവശത്ത്‌ ഉണ്ടായിരുന്ന അരാമ്യ ഭാഷയിലുള്ള ഒരു മേലെഴുത്താണ്‌. പണ്ഡിതന്മാർ അതു വായിച്ചെടുത്തു: “യോസേഫിന്റെ മകനും യേശുവിന്റെ സഹോദരനുമായ യാക്കോബ്‌.”

ബൈബിൾ അനുസരിച്ച്‌ നസറെത്തിലെ യേശുവിന്‌, മറിയയുടെ ഭർത്താവായ യോസേഫിന്റെ മകനായി യാക്കോബ്‌ എന്നു പേരുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നു. യേശുക്രിസ്‌തു സ്വന്തം പട്ടണത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ പഠിപ്പിക്കലിൽ വിസ്‌മയിച്ചുപോയ നാട്ടുകാർ ഇങ്ങനെ ചോദിച്ചു: “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരൻമാർ യാക്കോബ്‌, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ?”​—മത്തായി 13:54-56; ലൂക്കൊസ്‌ 4:22; യോഹന്നാൻ 6:42.

അതേ, അസ്ഥിപേടകത്തിൽ എഴുതിയിരുന്ന വിവരണം തീർച്ചയായും നസറായനായ യേശുവിനു യോജിക്കുന്നു. ഈ ശിലാലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന യാക്കോബ്‌, യേശുക്രിസ്‌തുവിന്റെ അർധസഹോദരൻ ആയിരുന്നെങ്കിൽ, “യേശുവിനെ കുറിച്ചുള്ള ഏറ്റവും പഴയ ബൈബിളേതര പുരാവസ്‌തുശാസ്‌ത്ര തെളിവ്‌” ഇതായിരിക്കും എന്ന്‌ പുരാതന ലിഖിതങ്ങളിൽ വൈദഗ്‌ധ്യം നേടിയ വ്യക്തിയും മുമ്പു പരാമർശിച്ച ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ മാസികയിലെ ലേഖനത്തിന്റെ എഴുത്തുകാരനുമായ ആൻഡ്രേ ലമെർ ഉറപ്പിച്ചു പറയുന്നു. പ്രസ്‌തുത മാസികയുടെ പത്രാധിപരായ ഹെർഷെൽ ഷാങ്ക്‌സിന്റെ അഭിപ്രായത്തിൽ, അസ്ഥിപേടകം “ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ ഏക വ്യക്തിയുടെ കാലഘട്ടത്തിലേക്കു നയിക്കുന്ന ദൃശ്യവും വ്യക്തവുമായ ഒരു തെളിവാണ്‌.”

എന്നിരുന്നാലും, അസ്ഥിപേടകത്തിൽ രേഖപ്പെടുത്തിയിരുന്ന മൂന്നു പേരുകളും ഒന്നാം നൂറ്റാണ്ടിൽ സാധാരണമായിരുന്നു. അതുകൊണ്ട്‌, യേശുക്രിസ്‌തുവിന്റെ കുടുംബത്തെ കൂടാതെ യാക്കോബ്‌, യോസേഫ്‌, യേശു എന്നീ പേരുകളുള്ള വ്യക്തികൾ ഉൾപ്പെട്ട മറ്റൊരു കുടുംബം ഉണ്ടായിരുന്നിരിക്കാം. ലമെർ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “സാധ്യതയനുസരിച്ച്‌, യെരൂശലേമിൽ പൊ.യു. 70-നു മുമ്പുണ്ടായിരുന്ന രണ്ടു തലമുറകളിൽ . . . ‘യേശുവിന്റെ സഹോദരനും യോസേഫിന്റെ മകനുമായി യാക്കോബ്‌’ എന്നു പേരുള്ള ഏതാണ്ട്‌ 20 പേർ ഉണ്ടായിരുന്നു.” എന്നിരുന്നാലും, അസ്ഥിപേടകത്തിൽ എഴുതിയിരിക്കുന്ന യാക്കോബ്‌ എന്ന പേർ യേശുക്രിസ്‌തുവിന്റെ അർധസഹോദരന്റേത്‌ ആയിരിക്കാൻ 90 ശതമാനം സാധ്യതയുണ്ട്‌ എന്ന്‌ അദ്ദേഹം കരുതുന്നു.

അത്‌ യേശുക്രിസ്‌തുവിന്റെ അർധസഹോദരനായ യാക്കോബിന്റേതുതന്നെയാണ്‌ എന്നു ചിലർ വിശ്വസിക്കുന്നതിനു മറ്റൊരു കാരണമുണ്ട്‌. മരിച്ച വ്യക്തിയുടെ പിതാവിന്റെ പേർ രേഖപ്പെടുത്തുക എന്നത്‌ സാധാരണമായിരുന്നെങ്കിലും സഹോദരന്റെ പേരു രേഖപ്പെടുത്തുന്നതു വളരെ അപൂർവമാണ്‌. അതുകൊണ്ട്‌ ഈ യേശു പ്രാധാന്യമുള്ള ആരെങ്കിലും ആയിരുന്നിരിക്കണം. അത്‌ ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു ആയിരുന്നിരിക്കണം എന്നു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നത്‌ അതുകൊണ്ടാണ്‌.

അസ്ഥിപേടകം ആധികാരികമോ?

എന്താണ്‌ അസ്ഥിപേടകം? അത്‌, ശവക്കല്ലറയിൽ വെച്ച്‌ അഴുകിപ്പോയ മൃതശരീരത്തിന്റെ അസ്ഥികൾ സൂക്ഷിക്കുന്ന ഒരു പെട്ടിയോ പേടകമോ ആണ്‌. യെരൂശലേമിനു ചുറ്റുമുള്ള ശ്‌മശാനങ്ങളിൽനിന്ന്‌ ഇത്തരം നിരവധി പെട്ടികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. യാക്കോബിന്റെ പേരോടുകൂടിയ ഈ പെട്ടി കിട്ടിയതു കുഴിച്ചെടുക്കൽ നടത്തുന്ന സ്ഥലത്തുനിന്നല്ല മറിച്ച്‌, പുരാവസ്‌തുക്കൾ വിൽക്കുന്ന ഒരിടത്തുനിന്നാണ്‌. ഇതിന്റെ ഉടമസ്ഥൻ 1970-കളിൽ ഏതാനും ശതം ഡോളർ കൊടുത്തു വാങ്ങിയതാണ്‌ ഇതെന്നു പറയപ്പെടുന്നു. അങ്ങനെ ഈ അസ്ഥിപേടകത്തിന്റെ ഉത്ഭവത്തെ കുറിച്ചു നിഗൂഢതകൾ അവശേഷിക്കുന്നു. ന്യൂയോർക്കിലെ ബാർഡ്‌ കോളെജിലെ ബ്രൂസ്‌ ചിൽട്ടൺ ഇപ്രകാരം പറയുന്നു: “കരനിർമിതമായ ഒരു വസ്‌തു കണ്ടെടുക്കപ്പെട്ടത്‌ എവിടെ നിന്നാണെന്നോ കഴിഞ്ഞ 2,000 വർഷമായി അത്‌ എവിടെയായിരുന്നു എന്നോ നിങ്ങൾക്ക്‌ അറിയില്ലെങ്കിൽ ആ വസ്‌തുവും അതിൽ പറഞ്ഞിരിക്കുന്ന ആളുകളും തമ്മിലുള്ള ബന്ധം നിങ്ങൾക്കു വിശദീകരിക്കാൻ കഴിയാതെപോകും.”

മതിയായ പുരാവസ്‌തുശാസ്‌ത്ര തെളിവുകൾ ഇല്ലാതിരുന്നതിനാൽ ആൻഡ്രേ ലമെർ ഈ പെട്ടി ഇസ്രായേലിലെ ‘ജിയോഗ്രഫിക്കൽ സർവേ’യിലേക്ക്‌ അയച്ചുകൊടുത്തു. ഈ അസ്ഥിപേടകം പൊ.യു. ഒന്നോ രണ്ടോ നൂറ്റാണ്ടിലെ ചുണ്ണാമ്പുകല്ലുകൊണ്ട്‌ ഉണ്ടാക്കിയതാണ്‌ എന്ന്‌ അവിടെയുള്ള ഗവേഷകർ സ്ഥിരീകരിച്ചു. “നവീന പണിക്കോപ്പുകൾ ഉപയോഗിച്ചതിന്റെ യാതൊരു തെളിവുമില്ല” എന്ന്‌ അവർ റിപ്പോർട്ടു ചെയ്‌തു. ദ ന്യൂയോർക്ക്‌ ടൈംസ്‌ അഭിമുഖം നടത്തിയ ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ “സാഹചര്യത്തെളിവു വെച്ചുനോക്കുമ്പോൾ ഇതിന്‌ യേശുക്രിസ്‌തുവുമായി ബന്ധമുണ്ടെന്നു വിശ്വസിക്കാൻ ശക്തമായ കാരണമുണ്ട്‌. പക്ഷേ അതു സാഹചര്യത്തെളിവു മാത്രമാണ്‌.”

ടൈം മാസിക ഇപ്രകാരം പറയുകയുണ്ടായി, “യേശു ജീവിച്ചിരുന്നു എന്നതിനെ ഇക്കാലത്തു വിദ്യാസമ്പന്നരായ ആരും സംശയിക്കുകയില്ല.” എങ്കിൽപ്പോലും, യേശുവിന്റെ അസ്‌തിത്വം സംബന്ധിച്ചു ബൈബിളേതര തെളിവുകൾ ഉണ്ടായിരിക്കേണ്ടതാണെന്നു പലരും വിചാരിക്കുന്നു. എന്നാൽ യേശുക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുന്നതിനുള്ള അടിസ്ഥാനം പുരാവസ്‌തുശാസ്‌ത്രം ആയിരിക്കണമോ? “ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ ഏക വ്യക്തി”യുടെ ചരിത്രപരതയ്‌ക്കുള്ള എന്തു തെളിവാണു നമുക്കുള്ളത്‌?

[3 -ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഇടത്ത്‌, യാക്കോബിന്റെ അസ്ഥിപേടകം: AFP PHOTO/J.P. Moczulski; വലത്ത്‌, ആലേഖനം: AFP PHOTO/HO