വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പിശാചായ സാത്താന് മനുഷ്യന്റെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ?
നമുക്ക് ഉറപ്പിച്ചു പറയാനാകില്ലെങ്കിലും സാത്താനോ അവന്റെ ഭൂതങ്ങൾക്കോ നമ്മുടെ മനസ്സ് വായിക്കാനുള്ള കഴിവ് ഇല്ലാത്തതായി കാണപ്പെടുന്നു.
സാത്താന് നൽകിയിരിക്കുന്ന വർണനാത്മകമായ പേരുകളെ കുറിച്ച് ചിന്തിക്കുക. സാത്താൻ (എതിരാളി), പിശാച് (ദൂഷകൻ), സർപ്പം (ചതിയൻ എന്ന അർഥത്തിൽ), പരീക്ഷകൻ, ഭോഷ്‌കു പറയുന്നവൻ എന്നൊക്കെ അവനെ വിളിച്ചിരിക്കുന്നു. (ഇയ്യോബ് 1:6; മത്തായി 4:3; യോഹന്നാൻ 8:44; 2 കൊരിന്ത്യർ 11:3; വെളിപ്പാടു 12:9) ഈ പേരുകളിൽ ഒന്നും സാത്താന് മനുഷ്യരുടെ മനസ്സു വായിക്കാൻ കഴിവുള്ളതായി സൂചിപ്പിക്കുന്നില്ല.
എന്നിരുന്നാലും ഇതിനു വിപരീതമായി, യഹോവയാം ദൈവത്തെ കുറിച്ച് ‘ഹൃദയങ്ങളെ ശോധന ചെയ്യുന്നവൻ’ എന്നു പറഞ്ഞിരിക്കുന്നു. (സദൃശവാക്യങ്ങൾ 17:3; 1 ശമൂവേൽ 16:7; 1 ദിനവൃത്താന്തം 29:17) “[യഹോവയ്‌ക്കു] മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്” എന്ന് എബ്രായർ 4:13 പറയുന്നു. ദൈവപുത്രനായ യേശുവിനും ഹൃദയങ്ങളെ ശോധന ചെയ്യാനുള്ള പ്രാപ്‌തിയുണ്ട്. യഹോവ അത് അവനു നൽകിയിരിക്കുന്നു. പുനരുത്ഥാനം ചെയ്യപ്പെട്ട യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ . . . നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.”—വെളിപ്പാടു 2:23.
എന്നാൽ സാത്താന്, മനുഷ്യരുടെ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ബൈബിൾ പറയുന്നില്ല. ക്രിസ്‌ത്യാനികൾ ‘[സാത്താന്റെ] തന്ത്രങ്ങളെ അറിയാത്തവരല്ല’ എന്ന് അപ്പൊസ്‌തലനായ പൗലൊസ് നമുക്ക് ഉറപ്പുനൽകുന്നതിനാൽ മേൽപ്പറഞ്ഞ പ്രസ്‌താവന പ്രാധാന്യം അർഹിക്കുന്നു. (2 കൊരിന്ത്യർ 2:11) അതുകൊണ്ട് നമുക്ക് തീർത്തും അറിയാൻ പാടില്ലാത്ത എന്തോ അസാധാരണ പ്രാപ്‌തി സാത്താനുണ്ട് എന്ന് നാം ഭയപ്പെടേണ്ട കാര്യമില്ല.
എന്നിരുന്നാലും, നമ്മുടെ എതിരാളിക്ക് നമ്മുടെ ബലഹീനതകൾ മനസ്സിലാക്കാൻ കഴിയില്ല എന്നല്ല പറഞ്ഞുവരുന്നത്. സാത്താൻ മനുഷ്യ സ്വഭാവത്തെ കുറിച്ച് പഠിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. നമ്മുടെ മനസ്സ് വായിക്കാനുള്ള കഴിവില്ലാതെതന്നെ അവന് നമ്മുടെ സ്വഭാവം മനസ്സിലാക്കിയെടുക്കാനും നാം തിരഞ്ഞെടുക്കുന്ന വിനോദം എന്താണെന്നു നിരീക്ഷിക്കാനും നമ്മുടെ സംസാരം എന്തിനെ കുറിച്ചാണെന്നു ശ്രദ്ധിക്കാനും ഒക്കെ കഴിയും. കൂടാതെ, നമ്മുടെ മുഖഭാവങ്ങളിൽനിന്നും ശരീരഭാഷയിൽനിന്നും നമ്മുടെ ചിന്തയും വികാരങ്ങളും മനസ്സിലാക്കിയെടുക്കാൻ അവനു കഴിഞ്ഞേക്കും.
ഏദെൻ തോട്ടത്തിൽവെച്ച് ഉപയോഗിച്ച അതേ ഉപായങ്ങൾ—നുണ, ചതി, തെറ്റായ വിവരം നൽകൽ എന്നിവ—തന്നെയാണ് സാത്താൻ പ്രധാനമായും ഇന്നും ഉപയോഗിക്കുന്നത്. (ഉല്‌പത്തി 3:1-5) സാത്താൻ തങ്ങളുടെ മനസ്സു വായിക്കുമെന്ന് ക്രിസ്‌ത്യാനികൾ ഭയപ്പെടേണ്ടതില്ലെങ്കിലും അവൻ തങ്ങളുടെ മനസ്സിൽ കുത്തിവെക്കാൻ ശ്രമിച്ചേക്കാവുന്ന ആശയങ്ങളെ കുറിച്ച് ഉത്‌കണ്‌ഠ തോന്നാനുള്ള കാരണം അവർക്കുണ്ട്. ക്രിസ്‌ത്യാനികൾ “ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും” ആയിത്തീരാൻ അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 6:5, പി.ഒ.സി. ബൈബിൾ) സാത്താന്റെ ലോകം ദുഷിപ്പിക്കുന്ന വിവരങ്ങളുടെയും വിനോദത്തിന്റെയും ഒരു പ്രളയംതന്നെ സൃഷ്ടിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. ഈ തിരത്തള്ളലിനെ ചെറുത്തുനിൽക്കുന്നതിന് ക്രിസ്‌ത്യാനികൾ ‘രക്ഷ എന്ന ശിരസ്‌ത്രം’ ധരിച്ചുകൊണ്ട് തങ്ങളുടെ മനസ്സിനെ സംരക്ഷിക്കണം. (എഫെസ്യർ 6:17) ബൈബിൾ സത്യങ്ങളാൽ തങ്ങളുടെ മനസ്സ് നിറച്ചുകൊണ്ടും സാത്താന്റെ ലോകത്തിലെ മോശമായ സ്വാധീനങ്ങളുമായുള്ള ഏത് അനാവശ്യ സമ്പർക്കവും ഒഴിവാക്കിക്കൊണ്ടും അവർ ഇത് ചെയ്യുന്നു.
സാത്താൻ ഭയങ്കരനായ ഒരു ശത്രു ആണ്. എന്നാൽ അവനെയോ അവന്റെ ഭൂതങ്ങളെയോ കുറിച്ച് നാം അനാവശ്യ ഭയം വെച്ചുപുലർത്തേണ്ടതില്ല. യാക്കോബ് 4:7 നമുക്ക് ഈ ഉറപ്പുനൽകുന്നു: “പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.” നാം ഈ ബുദ്ധിയുപദേശം പിൻപറ്റുന്നെങ്കിൽ, യേശുവിനെ പോലെ നമുക്കും സാത്താന് നമ്മുടെ മേൽ അധികാരമില്ല എന്ന് പ്രഖ്യാപിക്കാൻ കഴിയും.—യോഹന്നാൻ 14:30, പി.ഒ.സി. ബൈ.