വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എളിയ വ്യക്തികൾ ബൈബിൾ പരിഭാഷപ്പെടുത്തുന്നു

എളിയ വ്യക്തികൾ ബൈബിൾ പരിഭാഷപ്പെടുത്തുന്നു

എളിയ വ്യക്തികൾ ബൈബിൾ പരിഭാഷപ്പെടുത്തുന്നു

ഇംഗ്ലണ്ടിൽനിന്നുള്ള ഹെന്‌റി നോട്ട്‌ ഒരു കൽപ്പണിക്കാരനായിരുന്നു. വെയ്‌ൽസുകാരനായ ജോൺ ഡേവിസാകട്ടെ ഒരു പലചരക്കുകടയിൽ പണി പഠിച്ചിരുന്ന വ്യക്തിയും. 1835-ൽ ഇരുവരും ചേർന്ന്‌ ബൃഹത്തായ ഒരു പദ്ധതി പൂർത്തിയാക്കി. 30 വർഷത്തെ അശ്രാന്ത പരിശ്രമം കൊണ്ട്‌ മുഴു ബൈബിളും തഹീഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിൽ അവർ വിജയിച്ചു. എളിയ പശ്ചാത്തലത്തിൽനിന്നു വന്ന ഇവർക്ക്‌ നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തൊക്കെയാണ്‌? പ്രതിഫലേച്ഛ കൂടാതെയുള്ള ഈ പ്രയത്‌നത്തിന്റെ ഫലം എന്തായിരുന്നു?

“വൻ ഉയിർത്തെഴുന്നേൽപ്പ്‌”

ബ്രിട്ടനിൽ, ‘വൻ ഉയിർത്തെഴുന്നേൽപ്പ്‌’ (Great Awakening) അഥവാ ‘ഉയിർത്തെഴുന്നേൽപ്പ്‌’ എന്നറിയപ്പെട്ടിരുന്ന ഒരു പ്രൊട്ടസ്റ്റന്റ്‌ പ്രസ്ഥാനത്തിലെ അംഗങ്ങൾ 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഗ്രാമങ്ങളിലെ നാൽക്കവലകളിലും ഖനികളുടെയും ഫാക്ടറികളുടെയുമൊക്കെ പരിസര പ്രദേശങ്ങളിലും സുവിശേഷ പ്രസംഗം നടത്താൻ തുടങ്ങി. തൊഴിലാളി സമൂഹത്തിന്റെ പക്കൽ എത്തിച്ചേരുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സുവിശേഷ പ്രസംഗകർ ബൈബിൾ വിതരണത്തെ പ്രോത്സാഹിപ്പിച്ചു.

പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ വില്ല്യം കാരി എന്ന ബാപ്‌റ്റിസ്റ്റു സഭക്കാരൻ 1795-ൽ ലണ്ടൻ മിഷനറി സൊസൈറ്റി (എൽഎംഎസ്‌) രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചു. ദക്ഷിണ പസിഫിക്‌ പ്രദേശങ്ങളിലെ ഭാഷ പഠിച്ച്‌ അവിടെ മിഷനറിമാരായി സേവിക്കാൻ സന്നദ്ധരായ ആളുകൾക്ക്‌ എൽഎംഎസ്‌ പരിശീലനം നൽകി. അവിടത്തുകാരുടെ നാട്ടുഭാഷയിൽ സുവിശേഷം ഘോഷിക്കുക എന്നതായിരുന്നു ഈ മിഷനറിമാരുടെ ലക്ഷ്യം.

ആദ്യം, ആയിടെ കണ്ടുപിടിക്കപ്പെട്ട തഹീതി ദ്വീപിലേക്കാണ്‌ മിഷനറിമാരെ അയയ്‌ക്കാൻ എൽഎംഎസ്‌ തീരുമാനിച്ചത്‌. ‘ഉയിർത്തെഴുന്നേൽപ്പ്‌’ പ്രസ്ഥാനത്തിലെ അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദ്വീപുകൾ കൊയ്‌ത്തിനു പാകമായിരുന്ന, പുറജാതീയതയുടെ ‘ഇരുട്ടറകൾ’ ആയിരുന്നു.

എളിയ വ്യക്തികൾ അവസരത്തിനൊത്ത്‌ ഉയരുന്നു

ഈ കൊയ്‌ത്തുവേലയ്‌ക്കായി തിരക്കുകൂട്ടി 30-ഓളം പേരെ തിരഞ്ഞെടുത്തു. അവരാകട്ടെ തങ്ങളുടെ നിയോഗം നിറവേറ്റാൻ ഒട്ടും സജ്ജരല്ലായിരുന്നു. ഏതായാലും ഈ മിഷനറിമാർ എൽഎംഎസ്‌ വാങ്ങിയ ഡുഫ്‌ എന്ന കപ്പലിൽ യാത്ര തിരിച്ചു. അക്കൂട്ടത്തിൽ “നാല്‌ പാസ്റ്റർമാർ [ഇവർക്ക്‌ ഔദ്യോഗിക പരിശീലനം ലഭിച്ചിരുന്നില്ല], ആറ്‌ തച്ചന്മാർ, രണ്ടു ചെരിപ്പുകുത്തികൾ, രണ്ട്‌ കൽപ്പണിക്കാർ, രണ്ട്‌ നെയ്‌ത്തുകാർ, രണ്ട്‌ തയ്യൽക്കാർ, ഒരു കടയുടമ, കുതിരക്കോപ്പു വ്യാപാരി, വീട്ടുവേലക്കാരൻ, തോട്ടപ്പണിക്കാരൻ, വൈദ്യൻ, കൊല്ലൻ, വീപ്പയും മറ്റും നിർമിക്കുന്നയാൾ, പഞ്ഞി നിർമാതാവ്‌, തൊപ്പി വിൽപ്പനക്കാരൻ, തുണി നിർമാതാവ്‌, വിദഗ്‌ധ മരപ്പണിക്കാരൻ, ഇവരിൽ അഞ്ചു പേരുടെ ഭാര്യമാർ, മൂന്നു കുട്ടികൾ” എന്നിവർ ഉണ്ടായിരുന്നതായി ഒരു റിപ്പോർട്ടു പറയുന്നു.

മൂല ബൈബിൾ ഭാഷകളുമായി പരിചയത്തിലാകാൻ മിഷനറിമാരുടെ കൈവശം ആകെ ഉണ്ടായിരുന്നത്‌ ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ നിഘണ്ടുവും എബ്രായ നിഘണ്ടു സഹിതമുള്ള ഒരു ബൈബിളും ആയിരുന്നു. കടലിൽ ചെലവഴിച്ച ഏഴു മാസക്കാലത്ത്‌ അവർ തഹീതി സന്ദർശിച്ചു മടങ്ങിയവരിൽനിന്നു​—⁠മുഖ്യമായും കടലിൽവെച്ച്‌ കൂട്ടലഹള പൊട്ടിപ്പുറപ്പെട്ട ബൗണ്ടി എന്ന കപ്പലിലെ തൊഴിലാളികളിൽനിന്ന്‌​—⁠കേട്ട തഹീഷ്യൻ ഭാഷയിലെ ചില വാക്കുകൾ മനഃപാഠമാക്കുന്നതിൽ ശ്രദ്ധിച്ചു. ഒടുവിൽ 1797 മാർച്ച്‌ 7-ന്‌ മിഷനറിമാരെയും കൊണ്ട്‌ ഡുഫ്‌ തഹീതിയിൽ എത്തിച്ചേർന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അവരിൽ മിക്കവരും നിരുത്സാഹിതരായി മടങ്ങിയിരുന്നു. അവശേഷിച്ചത്‌ ഏഴു മിഷനറിമാർ മാത്രം.

അവരിൽ ഒരാൾ ആയിരുന്നു ഹെന്‌റി നോട്ട്‌. ഈ മുൻ കൽപ്പണിക്കാരന്‌ 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ. നോട്ട്‌ എഴുതിയ ആദ്യ കത്തുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ അദ്ദേഹത്തിന്‌ അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു നിഗമനം ചെയ്യാം. എന്നിരുന്നാലും തുടക്കം മുതലേ തഹീഷ്യൻ ഭാഷ പഠിക്കുന്നതിൽ അദ്ദേഹം അസാമാന്യ പാടവം പ്രകടിപ്പിച്ചു. ആത്മാർഥതയുള്ളവനും ശാന്തനും ഹൃദ്യമായ പെരുമാറ്റം ഉള്ളവനുമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.

പുതുതായി എത്തിയ ഒമ്പത്‌ മിഷനറിമാരെ തഹീഷ്യൻ ഭാഷ പഠിപ്പിക്കാൻ 1801-ൽ നോട്ടിന്‌ നിയമനം ലഭിച്ചു. ആ മിഷനറിമാരിൽ ഒരാളായിരുന്നു വെയ്‌ൽസിൽനിന്നുള്ള 28-കാരനായ ജോൺ ഡേവിസ്‌. അദ്ദേഹം സമർഥനായ ഒരു വിദ്യാർഥി ആയിരുന്നു, അതുപോലെതന്നെ കഠിനാധ്വാനിയും സൗമ്യ പ്രകൃതനും ഔദാര്യ മനസ്‌കനും. ഏറെ കഴിയുന്നതിനു മുമ്പ്‌ ഈ രണ്ടു പേരും ചേർന്ന്‌ ബൈബിൾ തഹീഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ തീരുമാനിച്ചു.

വെല്ലുവിളികൾ നിറഞ്ഞ ഒരു ഉദ്യമം

എന്നാൽ ബൈബിൾ തഹീഷ്യനിലേക്ക്‌ പരിഭാഷപ്പെടുത്തുക എന്നത്‌ നിസ്സാര സംഗതി ആയിരുന്നില്ല. കാരണം ആ ഭാഷയ്‌ക്ക്‌ ഒരു ലിഖിത രൂപം ഇല്ലായിരുന്നു. മറ്റുള്ളവരിൽനിന്നു കേട്ടു വേണമായിരുന്നു മിഷനറിമാർക്ക്‌ ഭാഷ പഠിക്കാൻ. അവർക്ക്‌ നിഘണ്ടുക്കളോ വ്യാകരണ പുസ്‌തകങ്ങളോ ഇല്ലായിരുന്നു. ഭാഷയുടെ പ്രത്യേകതകളായ ഉച്ഛ്വാസ ശബ്ദങ്ങൾ, അതിനിടയ്‌ക്ക്‌ ഗളദ്വാരം അടച്ചുകൊണ്ട്‌ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ, ഒന്നിനുപുറകേ ഒന്നായി വരുന്ന സ്വരാക്ഷരങ്ങൾ (ചിലപ്പോൾ ഒരൊറ്റ പദത്തിൽ അഞ്ചെണ്ണം വരെ കാണും), വിരളമായ വ്യഞ്‌ജനാക്ഷരങ്ങൾ എന്നിവ മിഷനറിമാർക്ക്‌ വലിയ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചു. “സ്വരാക്ഷരങ്ങൾ മാത്രം കൂടിയതാണ്‌ പല വാക്കുകളും, അവയ്‌ക്ക്‌ ഓരോന്നിനും ഒരു പ്രത്യേക ശബ്ദം ഉണ്ടുതാനും,” അവർ വിലപിച്ചു. “വാക്കുകളുടെ കൃത്യമായ ഉച്ചാരണം മനസ്സിലാക്കാൻ” തങ്ങൾക്കു കഴിഞ്ഞിരുന്നില്ലെന്ന്‌ അവർ സമ്മതിച്ചു. അവർ കേട്ട ചില ശബ്ദങ്ങളാകട്ടെ ഭാഷയിൽ ഇല്ലാത്തവയും ആയിരുന്നു!

തഹീഷ്യൻ ഭാഷയിൽ ചില വാക്കുകൾ ഇടയ്‌ക്കിടെ നിരോധിക്കപ്പെട്ടിരുന്നു എന്ന സംഗതി പ്രശ്‌നം കൂടുതൽ വഷളാക്കി. അത്തരം വാക്കുകൾക്കു പകരം പുതിയ വാക്കുകൾ ഉപയോഗിക്കണമായിരുന്നു. പര്യായങ്ങളായിരുന്നു മറ്റൊരു തലവേദന. “പ്രാർഥന” എന്ന പദത്തിന്‌ തഹീഷ്യൻ ഭാഷയിൽ 70-ലധികം വാക്കുകൾ ഉണ്ടായിരുന്നു. മറ്റൊരു പ്രശ്‌നം ഇംഗ്ലീഷിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ വാക്യഘടനയായിരുന്നു. ഈ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും മിഷനറിമാർ ക്രമേണ വാക്കുകളുടെ ഒരു പട്ടിക തയ്യാറാക്കാൻ തുടങ്ങി. അവയാണ്‌ 50 വർഷത്തിനു ശേഷം 10,000 വാക്കുകളുള്ള ഒരു നിഘണ്ടുവായി ഡേവിസ്‌ പ്രസിദ്ധീകരിച്ചത്‌.

കൂടാതെ തഹീഷ്യൻ ഭാഷ എഴുത്തു രൂപത്തിലാക്കുക എന്ന വെല്ലുവിളിയെയും അവർ നേരിട്ടു. ഇംഗ്ലീഷ്‌ ലിപിവിന്യാസ സമ്പ്രദായം ഉപയോഗിച്ച്‌ അതു ചെയ്യാൻ മിഷനറിമാർ ശ്രമിച്ചു. എന്നിരുന്നാലും ഇംഗ്ലീഷിന്റെ റോമൻ ലിപികൾ തഹീഷ്യൻ ഭാഷാ ശബ്ദങ്ങൾക്ക്‌ അനുയോജ്യമായവ ആയിരുന്നില്ല. അത്‌ സ്വനലിപികളെയും ലിപിവിന്യാസത്തെയും കുറിച്ചുള്ള എണ്ണമറ്റ ചർച്ചകളിലേക്കു നയിച്ചു. ദക്ഷിണ സമുദ്ര പ്രദേശത്ത്‌ ഒരു സംസാര ഭാഷ എഴുത്തു രൂപത്തിലേക്കു മാറ്റാനുള്ള ആദ്യത്തെ ശ്രമമായിരുന്നു ഈ മിഷനറിമാരുടേത്‌. അതുകൊണ്ട്‌ അവർക്ക്‌ പുതിയ ലിപിവിന്യാസങ്ങൾക്കു രൂപം നൽകേണ്ടി വന്നു. തങ്ങളുടെ ഈ പ്രയത്‌നം പിന്നീട്‌ ദക്ഷിണ പസിഫിക്കിലെ മറ്റു പല ഭാഷകൾക്കും ഒരു മാതൃകയായി ഉതകുമെന്ന്‌ അവർക്ക്‌ അപ്പോൾ അറിയില്ലായിരുന്നു.

ഉപകരണങ്ങളുടെ പരിമിതിയെ വിജയകരമായി തരണം ചെയ്യുന്നു

പരിഭാഷകർക്ക്‌ വളരെ കുറച്ചു പരാമർശ ഗ്രന്ഥങ്ങളേ ലഭ്യമായിരുന്നുള്ളൂ. റ്റെക്‌സ്റ്റസ്‌ റെസെപ്‌റ്റസ്‌, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം എന്നീ പരിഭാഷകൾ അടിസ്ഥാനമായി ഉപയോഗിക്കാൻ എൽഎംഎസ്‌ നിർദേശിച്ചു. എബ്രായയിലും ഗ്രീക്കിലുമുള്ള കൂടുതൽ നിഘണ്ടുക്കളും ബൈബിളുകളും അയച്ചുതരാൻ നോട്ട്‌ എൽഎംഎസിനോട്‌ അഭ്യർഥിച്ചു. അദ്ദേഹത്തിന്‌ ആ പുസ്‌തകങ്ങൾ ലഭിച്ചോ എന്ന്‌ നമുക്കറിയില്ല. എന്നാൽ ഡേവിസിന്‌ അദ്ദേഹത്തിന്റെ വെയ്‌ൽസുകാരായ ചില സുഹൃത്തുക്കളിൽനിന്ന്‌ ഏതാനും ഗ്രന്ഥങ്ങൾ ലഭിച്ചു. കുറഞ്ഞപക്ഷം, ഒരു ഗ്രീക്ക്‌ നിഘണ്ടു, എബ്രായ ബൈബിൾ, ഗ്രീക്കിലുള്ള പുതിയ നിയമം, സെപ്‌റ്റുവജിന്റ്‌ എന്നിവ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു എന്നതിനു രേഖകൾ ഉണ്ട്‌.

ഈ സമയത്തൊന്നും മിഷനറിമാരുടെ പ്രസംഗ പ്രവർത്തനം തഹീതിയിൽ യാതൊരു ഫലവും കണ്ടില്ല. മിഷനറിമാർ തഹീതിയിൽ 12 വർഷം ചെലവഴിച്ചെങ്കിലും അവിടെയുള്ള ഒരു വ്യക്തിയെ പോലും സ്‌നാപനപ്പെടുത്താൻ അവർക്കു കഴിഞ്ഞിരുന്നില്ല. ഒടുവിൽ, തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളുടെ ഫലമായി ഓസ്‌ട്രേലിയയിലേക്കു പലായനം ചെയ്യാൻ മിഷനറിമാർ നിർബന്ധിതരായി. പക്ഷേ ദൃഢചിത്തനായ നോട്ട്‌ മാത്രം അവിടെ തുടർന്നു. ഒരു സമയത്ത്‌, സൊസൈറ്റി ദ്വീപസമൂഹത്തിലെ വിൻഡ്വേഡ്‌ ദ്വീപുകളിൽ ഉണ്ടായിരുന്ന ഏക മിഷനറി ആയിരുന്നു അദ്ദേഹം. എന്നാൽ പോമാരേ രണ്ടാമൻ രാജാവ്‌ അടുത്തുള്ള മോഓറേയാ ദ്വീപിലേക്ക്‌ പലായനം ചെയ്‌തപ്പോൾ നോട്ടിനും നാടുവിടേണ്ടതായി വന്നു.

എന്നിരുന്നാലും ഇത്‌ നോട്ടിന്റെ പരിഭാഷ പ്രവർത്തനത്തെ ബാധിച്ചില്ല. രണ്ടു വർഷം ഓസ്‌ട്രേലിയയിൽ ചെലവഴിച്ച ശേഷം ഡേവിസ്‌ വീണ്ടും നോട്ടിനോടൊപ്പം ചേർന്നു. ഇതിനിടയ്‌ക്കുള്ള കാലത്ത്‌ നോട്ട്‌ ഗ്രീക്ക്‌, എബ്രായ ഭാഷകൾ പഠിക്കുകയും അവയിൽ പ്രാവീണ്യം നേടുകയും ചെയ്‌തിരുന്നു. തുടർന്ന്‌, അദ്ദേഹം എബ്രായ തിരുവെഴുത്തുകളുടെ ചില ഭാഗങ്ങൾ തഹീഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങി. ആ നാട്ടുകാർക്ക്‌ എളുപ്പം മനസ്സിലാകുകയും ഇഷ്ടപ്പെടുകയും ചെയ്യുമെന്നു തോന്നിയ ബൈബിൾ ഭാഗങ്ങളാണ്‌ അദ്ദേഹം തിരഞ്ഞെടുത്തത്‌.

ഡേവിസുമായി അടുത്തു പ്രവർത്തിച്ചുകൊണ്ട്‌ നോട്ട്‌ ലൂക്കൊസിന്റെ സുവിശേഷം തർജമ ചെയ്യാൻ തുടങ്ങി. 1814 സെപ്‌റ്റംബറിൽ അത്‌ പൂർത്തിയായി. തനിമയാർന്ന തഹീഷ്യൻ ഭാഷയിലുള്ള ഒരു പരിഭാഷയായിരുന്നു അത്‌. പരിഭാഷ മൂലപാഠത്തിൽനിന്നു വ്യതിചലിച്ചിട്ടില്ലെന്ന്‌ ഡേവിസ്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തി. 1817-ൽ പോമാരേ രണ്ടാമൻ രാജാവ്‌ ലൂക്കൊസിന്റെ സുവിശേഷത്തിന്റെ ആദ്യ പേജ്‌ സ്വന്തമായി അച്ചടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. മിഷനറിമാർ മോഓറേയായിലേക്കു കൊണ്ടുവന്ന കൈകൊണ്ടു പ്രവർത്തിപ്പിക്കേണ്ടിയിരുന്ന ഒരു ചെറിയ അച്ചടിയന്ത്രം ഉപയോഗിച്ചാണ്‌ അദ്ദേഹം അതു ചെയ്‌തത്‌. ഈ വർഷങ്ങളിൽ ഉടനീളം ടൂവാഹീനെ എന്ന തഹീതിക്കാരൻ മിഷനറിമാരോടൊപ്പം വിശ്വസ്‌തനായി നിന്ന്‌ ഭാഷയുടെ സൂക്ഷ്‌മ വിശദാംശങ്ങൾ ഗ്രഹിക്കാൻ അവരെ സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യം കൂടെ പറഞ്ഞാലേ തഹീഷ്യൻ ബൈബിളിന്റെ കഥ പൂർണമാകുകയുള്ളൂ.

പരിഭാഷ പൂർത്തിയാകുന്നു

ആറു വർഷത്തെ കഠിനപ്രയത്‌നം കൊണ്ട്‌, 1819-ൽ സുവിശേഷങ്ങൾ, അപ്പൊസ്‌തല പ്രവൃത്തികളുടെ പുസ്‌തകം, സങ്കീർത്തനങ്ങൾ എന്നിവയുടെ പരിഭാഷ പൂർത്തിയായി. പുതുതായി എത്തിച്ചേർന്ന മിഷനറിമാർ കൊണ്ടുവന്ന ഒരു അച്ചടി യന്ത്രം ഈ ബൈബിൾ പുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും സാധ്യമാക്കി.

പിന്നീടങ്ങോട്ട്‌, പരിഭാഷ, പ്രൂഫ്‌വായന, പരിഷ്‌കരണം എന്നിവ തകൃതിയായി നടന്ന ഒരു കാലഘട്ടമായിരുന്നു. തഹീതിയിൽ 28 വർഷം ചെലവഴിച്ച ശേഷം 1825-ൽ നോട്ട്‌ രോഗബാധിതനായി. ഇംഗ്ലണ്ടിലേക്കു തിരിച്ചുപോകാൻ എൽഎംഎസ്‌ അദ്ദേഹത്തിന്‌ അനുമതി നൽകി. സന്തോഷകരമെന്നു പറയട്ടെ, ആ സമയത്ത്‌ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പരിഭാഷ പൂർത്തീകരണത്തോട്‌ അടുക്കുകയായിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേയും അവിടെ കഴിഞ്ഞ സമയത്തും കൂടെ ആയി അദ്ദേഹം ശേഷിച്ച ഭാഗങ്ങളും പൂർത്തിയാക്കി. 1827-ൽ നോട്ട്‌ തഹീതിയിലേക്കു മടങ്ങി. എട്ടു വർഷത്തിനു ശേഷം, 1835-ൽ അദ്ദേഹം മുഴു ബൈബിളിന്റെയും പരിഭാഷ പൂർത്തിയാക്കി. 30-ലധികം വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായിരുന്നു അത്‌.

തഹീഷ്യനിലുള്ള പൂർണമായ ബൈബിൾ ലണ്ടനിൽ അച്ചടിക്കാൻ വേണ്ടി 1836-ൽ നോട്ട്‌ വീണ്ടും ഇംഗ്ലണ്ടിലേക്കു തിരിച്ചു. 1838 ജൂൺ 8-ന്‌ നോട്ട്‌ തഹീഷ്യൻ ബൈബിളിന്റെ ആദ്യത്തെ അച്ചടിച്ച പതിപ്പ്‌ അതീവ ആഹ്ലാദത്തോടെ വിക്ടോറിയ രാജ്ഞിയുടെ മുമ്പാകെ സമർപ്പിച്ചു. 40 വർഷം മുമ്പ്‌ ഡുഫ്‌ എന്ന കപ്പലിൽ തഹീതിയിൽ എത്തിച്ചേർന്ന്‌, ബൃഹത്തായ ഒരു ഉദ്യമത്തിന്റെ പൂർത്തീകരണത്തിനായി അവിടത്തെ സംസ്‌കാരവുമായി ഇഴുകിച്ചേർന്നുകൊണ്ട്‌ ഒരു ആയുസ്സ്‌ മുഴുവൻ ചെലവിട്ട ആ മുൻ കൽപ്പണിക്കാരനെ സംബന്ധിച്ചിടത്തോളം വികാരനിർഭരമായ ഒരു നിമിഷംതന്നെ ആയിരുന്നു അത്‌.

രണ്ടു മാസത്തിനു ശേഷം, പൂർണമായ തഹീഷ്യൻ ബൈബിളിന്റെ ആദ്യത്തെ 3,000 പ്രതികൾ അടങ്ങുന്ന 27 പെട്ടികളുമായി നോട്ട്‌ ദക്ഷിണ പസിഫിക്കിലേക്കു മടങ്ങി. യാത്രാമധ്യേ സിഡ്‌നിയിൽ തങ്ങിയ അദ്ദേഹത്തിനു വീണ്ടും രോഗം പിടിപെട്ടു. എന്നിരുന്നാലും തന്റെ വിലപ്പെട്ട പെട്ടികൾ മറ്റാരെയും ഏൽപ്പിക്കാൻ നോട്ട്‌ തയ്യാറായില്ല. രോഗം ഭേദമായ ശേഷം 1840-ൽ അദ്ദേഹം തഹീതിയിൽ എത്തി. അവിടെ, നാട്ടുകാർ അദ്ദേഹം കൊണ്ടുവന്ന ബൈബിളുകളുടെമേൽ അക്ഷരാർഥത്തിൽ ചാടിവീഴുകയായിരുന്നു. 1844-ൽ 70-ാമത്തെ വയസ്സിൽ നോട്ട്‌ നിര്യാതനായി.

ദൂരവ്യാപക ഫലം

എന്നാൽ നോട്ടിന്റെ സൃഷ്ടി തുടർന്നും ജീവിച്ചു. അദ്ദേഹത്തിന്റെ പരിഭാഷയ്‌ക്ക്‌ പോളിനേഷ്യൻ ഭാഷകളുടെമേൽ ദൂരവ്യാപകമായ ഫലം ഉണ്ടായിരുന്നു. തഹീഷ്യൻ ഭാഷയ്‌ക്ക്‌ ഒരു ലിഖിത രൂപം നൽകിയ മിഷനറിമാർ ആ ഭാഷ സംരക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തി. ഒരു ലേഖകൻ ഇങ്ങനെ പറഞ്ഞു: “വ്യാകരണ ശുദ്ധിയുള്ള തഹീഷ്യൻ ഭാഷ സ്ഥാപിച്ചത്‌ നോട്ടാണ്‌. ബൈബിൾ പരിശോധിക്കാതെ ശുദ്ധമായ തഹീഷ്യൻ ഭാഷ പഠിക്കുക അസാധ്യമാണ്‌.” ഈ പരിഭാഷകരുടെ അശ്രാന്ത പരിശ്രമം ആയിരക്കണക്കിന്‌ വാക്കുകൾ വിസ്‌മൃതിയിലാണ്ടു പോകാതിരിക്കാൻ സഹായിച്ചു. ഒരു ശതാബ്ദത്തിനു ശേഷം ഒരു ലേഖകൻ പറഞ്ഞു: “തഹീഷ്യൻ ഭാഷയിലെ ഏറ്റവും ഉത്‌കൃഷ്ടമായ കൃതിയാണ്‌ തഹീഷ്യൻ ബൈബിൾ​—⁠ആ കാര്യത്തിൽ ആർക്കും തർക്കമില്ല.”

ഈ പ്രധാന കൃതി തഹീതിക്കാർക്കു മാത്രമല്ല പ്രയോജനം ചെയ്‌തത്‌. മറിച്ച്‌ ദക്ഷിണ പസിഫിക്കിലെ മറ്റു ഭാഷകളിലേക്കുള്ള പരിഭാഷകൾക്ക്‌ അത്‌ അടിസ്ഥാനം ഇടുകയും ചെയ്‌തു. ഉദാഹരണത്തിന്‌ കുക്ക്‌ ദ്വീപുകളിലെയും സമോവയിലെയും പരിഭാഷകർ ഇതിനെ ഒരു മാതൃകയായി സ്വീകരിച്ചു. “ഞാൻ ശ്രീ. നോട്ടിന്റെ പരിഭാഷ സൂക്ഷ്‌മമായി പരിശോധിക്കുകയും അടിസ്ഥാനപരമായി ആ മാതൃക പിൻപറ്റുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌” എന്ന്‌ ഒരു പരിഭാഷകൻ പറഞ്ഞു. മറ്റൊരു പരിഭാഷകൻ ‘ദാവീദിന്റെ ഒരു സങ്കീർത്തനം സമോവനിലേക്ക്‌ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുമ്പിൽ ലത്തീനിലും ഇംഗ്ലീഷിലും തഹീഷ്യൻ ഭാഷയിലുമുള്ള സങ്കീർത്തന പുസ്‌തകം തുറന്നിരിപ്പുണ്ടായിരുന്നതായി’ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു.

ഇംഗ്ലണ്ടിലെ ‘ഉയിർത്തെഴുന്നേൽപ്പ്‌’ പ്രസ്ഥാനത്തിലെ അംഗങ്ങളുടെ മാതൃക അനുകരിച്ചുകൊണ്ട്‌ തഹീതിയിലെ മിഷനറിമാരും സാക്ഷരതയെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിച്ചു. ഒരു നൂറ്റാണ്ടിലേറെ കാലം തഹീതിക്കാർക്ക്‌ ആകെ ലഭ്യമായിരുന്ന പുസ്‌തകം ബൈബിളായിരുന്നു. അങ്ങനെ അത്‌ തഹീതി സംസ്‌കാരത്തിന്മേൽ വളരെ വലിയ പ്രഭാവം ചെലുത്താൻ ഇടയായി.

എബ്രായ, ഗ്രീക്കു തിരുവെഴുത്തുകളിൽ ദിവ്യ നാമം അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌ എന്നുള്ളതാണ്‌ നോട്ട്‌ ഭാഷാന്തരത്തിന്റെ ഉത്തമ സവിശേഷതകളിൽ ഒന്ന്‌. അതിന്റെ ഫലമായി ഇന്ന്‌ തഹീതിയിലെ ദ്വീപുകളിൽ ഉള്ളവർക്ക്‌ യഹോവയുടെ നാമം സുപരിചിതമാണ്‌. ആ നാമം ചില പ്രൊട്ടസ്റ്റന്റ്‌ പള്ളികളിൽ പോലും എഴുതി വെച്ചിരിക്കുന്നതായി കാണാം. എന്നിരുന്നാലും ഇപ്പോൾ ദൈവനാമം ഏറ്റവും അടുത്തു ബന്ധപ്പെട്ടിരിക്കുന്നത്‌ യഹോവയുടെ സാക്ഷികളും അവരുടെ പ്രസംഗപ്രവർത്തനവുമായാണ്‌. തങ്ങളുടെ പ്രവർത്തനത്തിൽ അവർ നോട്ടും സഹപ്രവർത്തകരും പരിഭാഷപ്പെടുത്തിയ തഹീഷ്യൻ ബൈബിൾ വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഹെന്‌റി നോട്ടിനെ പോലുള്ള പരിഭാഷകരുടെ കഠിന പ്രയത്‌നങ്ങൾ, ഇന്ന്‌ ദൈവവചനം ഭൂരിപക്ഷം മനുഷ്യർക്കും ലഭ്യമായിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവർ ആയിരിക്കണമെന്ന്‌ നമ്മെ അനുസ്‌മരിപ്പിക്കുന്നു.

[26 -ാം പേജിലെ ചിത്രങ്ങൾ]

തഹീഷ്യനിലുള്ള ആദ്യ ബൈബിൾ പരിഭാഷകൾ, 1815. അവയിൽ യഹോവയുടെ നാമം കാണാം

ഹെന്‌റി നോട്ട്‌ (1774-1844), തഹീഷ്യൻ ബൈബിളിന്റെ മുഖ്യ പരിഭാഷകൻ

[കടപ്പാട്‌]

തഹീഷ്യൻ ബൈബിൾ: Copyright the British Library (3070.a.32); Henry Nott and letter: Collection du Musée de Tahiti et de ses Îles, Punaauia, Tahiti; catechism: With permission of the London Missionary Society Papers, Alexander Turnbull Library, Wellington, New Zealand

[28 -ാം പേജിലെ ചിത്രം]

തഹീഷ്യനിലും വെൽഷിലുമുള്ള ദ്വിഭാഷാ വേദപാഠം, 1801. ഇതിൽ ദൈവനാമം കാണാം

[കടപ്പാട്‌]

With permission of the London Missionary Society Papers, Alexander Turnbull Library, Wellington, New Zealand

[29 -ാം പേജിലെ ചിത്രം]

മുൻവശത്ത്‌ യഹോവയുടെ നാമം പ്രദർശിപ്പിച്ചിട്ടുള്ള ഒരു പ്രൊട്ടസ്റ്റന്റ്‌ പള്ളി, ഫ്രഞ്ച്‌ പോളിനേഷ്യയിലെ വാഹീനി ദ്വീപ്‌

[കടപ്പാട്‌]

Avec la permission du Pasteur Teoroi Firipa