വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവം സ്‌നേഹം ആകുന്നു”

“ദൈവം സ്‌നേഹം ആകുന്നു”

“ദൈവം സ്‌നേഹം ആകുന്നു”

“സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, എന്തെന്നാൽ ദൈവം സ്‌നേഹം ആകുന്നു.”​—⁠1 യോഹന്നാൻ 4:⁠8, NW.

1-3. (എ) യഹോവയുടെ സ്‌നേഹത്തെ കുറിച്ച്‌ ബൈബിൾ എന്തു പ്രസ്‌താവനയാണ്‌ നടത്തുന്നത്‌, ഏതു വിധത്തിലാണ്‌ ഈ പ്രസ്‌താവന അതുല്യമായിരിക്കുന്നത്‌? (ബി) “ദൈവം സ്‌നേഹം ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നത്‌ എന്തുകൊണ്ട്‌?

യഹോവയുടെ ഗുണങ്ങളെല്ലാം അതിവിശിഷ്ടവും സമ്പൂർണവും ആകർഷകവുമാണ്‌. എന്നാൽ അവയിൽ ഏറ്റവും ആകർഷകമായത്‌ സ്‌നേഹമാണ്‌. നമ്മെ യഹോവയിലേക്ക്‌ അടുപ്പിക്കുന്ന ഇത്ര ശക്തമായ മറ്റൊരു ഗുണമില്ല. സന്തോഷകരമെന്നു പറയട്ടെ, അവന്റെ പ്രമുഖ ഗുണവും സ്‌നേഹമാണ്‌. എന്നാൽ നാം അത്‌ എങ്ങനെ അറിയുന്നു?

2 യഹോവയുടെ മറ്റു മുഖ്യ ഗുണങ്ങളോടുള്ള ബന്ധത്തിൽ ഒരിക്കലും പറയാത്ത ഒരു സംഗതി, ബൈബിൾ സ്‌നേഹത്തെ കുറിച്ചു പറയുന്നു. ദൈവം ശക്തി ആണെന്നോ നീതി ആണെന്നോ ജ്ഞാനം ആണെന്നോ തിരുവെഴുത്തുകൾ പറയുന്നില്ല. അവന്‌ ആ ഗുണങ്ങൾ ഉണ്ട്‌, അവൻ ആ മൂന്നു ഗുണങ്ങളുടെയും ആത്യന്തിക ഉറവുമാണ്‌. എന്നാൽ സ്‌നേഹത്തെ സംബന്ധിച്ച്‌ 1 യോഹന്നാൻ 4:⁠8-ൽ (NW) ബൈബിൾ കൂടുതൽ ഗഹനമായ ഒരു പ്രസ്‌താവന നടത്തുന്നു: “ദൈവം സ്‌നേഹം ആകുന്നു” എന്ന്‌ അതു പറയുന്നു. അതേ, സ്‌നേഹം യഹോവയുടെ വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്നു. അവന്റെ വ്യക്തിത്വത്തിന്റെ കാതൽ സ്‌നേഹമാണ്‌. പൊതുവേ, നമുക്ക്‌ അതേക്കുറിച്ച്‌ ഇപ്രകാരം പറയാവുന്നതാണ്‌: യഹോവയുടെ ശക്തി പ്രവർത്തിക്കാൻ അവനെ പ്രാപ്‌തനാക്കുന്നു. അവന്റെ നീതിയും ജ്ഞാനവും അവന്റെ പ്രവർത്തനരീതിയെ നയിക്കുന്നു. എന്നാൽ യഹോവയുടെ സ്‌നേഹം പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നു. തന്റെ മറ്റു ഗുണങ്ങൾ യഹോവ ഉപയോഗിക്കുന്ന വിധത്തിൽ അവന്റെ സ്‌നേഹം എല്ലായ്‌പോഴും പ്രകടമാണ്‌.

3 സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമാണ്‌ യഹോവ എന്നു മിക്കപ്പോഴും പറയപ്പെടുന്നു. അതുകൊണ്ട്‌, സ്‌നേഹത്തെ കുറിച്ചു പഠിക്കാൻ നാം യഹോവയെ കുറിച്ചു പഠിച്ചേ തീരൂ. അതുകൊണ്ട്‌, യഹോവയുടെ അനുപമ സ്‌നേഹത്തിന്റെ ചില വശങ്ങൾ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം.

ഏറ്റവും വലിയ സ്‌നേഹപ്രവൃത്തി

4, 5. (എ) ചരിത്രത്തിലേക്കും ഏറ്റവും വലിയ സ്‌നേഹപ്രവൃത്തി ഏതാണ്‌? (ബി) യഹോവയും അവന്റെ പുത്രനും തമ്മിലുള്ള സ്‌നേഹബന്ധം മറ്റേതൊരു സ്‌നേഹബന്ധത്തെക്കാളും ശക്തമാണ്‌ എന്നു നമുക്കു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

4 യഹോവ പല വിധങ്ങളിൽ സ്‌നേഹം പ്രകടമാക്കിയിട്ടുണ്ട്‌. എന്നാൽ ഒരു വിധം മറ്റെല്ലാറ്റിനെക്കാളും മികച്ചു നിൽക്കുന്നു. അത്‌ എന്താണ്‌? തന്റെ പുത്രനെ നമുക്കു വേണ്ടി ദുരിതം അനുഭവിക്കാനും മരിക്കാനും അയച്ചത്‌. ചരിത്രത്തിലേക്കും ഏറ്റവും വലിയ സ്‌നേഹപ്രവൃത്തി അതാണെന്ന്‌ നമുക്ക്‌ ഉറപ്പായി പറയാൻ കഴിയും. എന്തുകൊണ്ട്‌?

5 ബൈബിൾ യേശുവിനെ ‘സർവസൃഷ്ടിക്കും ആദ്യജാതൻ’ എന്നു വിളിക്കുന്നു. (കൊലൊസ്സ്യർ 1:15) ചിന്തിക്കുക​—⁠ഭൗതിക പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ യഹോവയുടെ പുത്രൻ അസ്‌തിത്വത്തിലുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, പിതാവും പുത്രനും എത്രനാൾ ഒരുമിച്ചുണ്ടായിരുന്നു? പ്രപഞ്ചത്തിനു 1,300 കോടി വർഷം പഴക്കമുണ്ടെന്നു ചില ശാസ്‌ത്രജ്ഞർ കണക്കാക്കുന്നു. ഈ കണക്കുകൂട്ടൽ ശരിയാണെങ്കിൽത്തന്നെ, യഹോവയുടെ ആദ്യജാത പുത്രന്റെ ആയുർദൈർഘ്യത്തെ കുറിക്കാൻ അത്രയും വർഷങ്ങൾ മതിയാകില്ല! ആ യുഗങ്ങളിലെല്ലാം അവൻ എന്തു ചെയ്യുകയായിരുന്നു? പുത്രൻ സന്തോഷപൂർവം പിതാവിന്റെ അടുക്കൽ ‘ശിൽപ്പിയായി’ സേവിച്ചു. (സദൃശവാക്യങ്ങൾ 8:​30; യോഹന്നാൻ 1:3) യഹോവയും അവന്റെ പുത്രനും മറ്റെല്ലാം സൃഷ്ടിക്കുന്നതിൽ ഒരുമിച്ചു പ്രവർത്തിച്ചു. എത്ര ആവേശജനകവും ആനന്ദകരവുമായ വേളകളായിരിക്കാം അവർ ആസ്വദിച്ചത്‌! അപ്പോൾ യുഗങ്ങളായുള്ള ഇത്തരമൊരു സ്‌നേഹബന്ധത്തിന്റെ ആഴം അളക്കാൻ നമ്മിൽ ആർക്കാണു കഴിയുക? വ്യക്തമായും, യഹോവയാം ദൈവവും അവന്റെ പുത്രനും തമ്മിലുള്ള സ്‌നേഹബന്ധം മറ്റേതൊരു സ്‌നേഹബന്ധത്തെക്കാളും ശക്തമാണ്‌.

6. യേശു സ്‌നാപനമേറ്റപ്പോൾ, തന്റെ പുത്രനെ കുറിച്ചുള്ള വികാരങ്ങൾ യഹോവ പ്രകടമാക്കിയത്‌ എങ്ങനെ?

6 എന്നിരുന്നാലും, യഹോവ തന്റെ പുത്രനെ ഒരു മനുഷ്യശിശുവായി ജനിക്കാൻ തക്കവണ്ണം ഭൂമിയിലേക്ക്‌ അയച്ചു. അങ്ങനെ ചെയ്‌തതിനാൽ സ്വർഗത്തിൽ തന്റെ പ്രിയപുത്രനുമായി ആസ്വദിച്ചിരുന്ന ഉറ്റ സഹവാസം ഏതാനും ദശാബ്ദങ്ങളിലേക്ക്‌ യഹോവയ്‌ക്കു നഷ്ടപ്പെടുത്തേണ്ടി വന്നു. യേശു ഒരു പൂർണമനുഷ്യനായി വളർന്നുവരവേ യഹോവ അതീവ താത്‌പര്യത്തോടെ സ്വർഗത്തിൽനിന്നു നിരീക്ഷിച്ചു. ഏകദേശം 30 വയസ്സായപ്പോൾ യേശു സ്‌നാപനമേറ്റു. ആ സന്ദർഭത്തിൽ, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പിതാവുതന്നെ സ്വർഗത്തിൽനിന്നു പറയുകയുണ്ടായി. (മത്തായി 3:17) യേശുവിനെ കുറിച്ചു പ്രവചിക്കപ്പെട്ടിരുന്നതെല്ലാം, അവനോട്‌ ആവശ്യപ്പെട്ടതെല്ലാം യേശു വിശ്വസ്‌തമായി നിറവേറ്റിയതു കണ്ടപ്പോൾ പിതാവ്‌ എത്ര സന്തോഷിച്ചിരിക്കണം!​—⁠യോഹന്നാൻ 5:36; 17:⁠4.

7, 8. (എ) പൊ.യു. 33 നീസാൻ 14-ന്‌ യേശുവിന്‌ എന്തെല്ലാം യാതനകൾ സഹിക്കേണ്ടിവന്നു, അത്‌ അവന്റെ സ്വർഗീയ പിതാവിന്‌ എങ്ങനെ അനുഭവപ്പെട്ടു? (ബി) തന്റെ പുത്രൻ കഷ്ടപ്പെടാനും മരിക്കാനും യഹോവ അനുവദിച്ചത്‌ എന്തുകൊണ്ട്‌?

7 എന്നാൽ പൊ.യു. 33 നീസാൻ 14-ന്‌ യേശുവിനെ ഒറ്റിക്കൊടുക്കുന്നതും കുപിതരായ ഒരു കൂട്ടം ആളുകൾ അവനെ അറസ്റ്റുചെയ്യുന്നതും കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നി? അവനെ പരിഹസിക്കുന്നതും തുപ്പുന്നതും മുഷ്ടി ചുരുട്ടി ഇടിക്കുന്നതും കണ്ടപ്പോഴോ? ചമ്മട്ടികൊണ്ടുള്ള അടിയേറ്റ്‌ അവന്റെ മുതുകത്തെ മാംസം പറിഞ്ഞുതൂങ്ങിയപ്പോഴോ? അവന്റെ കൈകാലുകൾ ഒരു മരസ്‌തംഭത്തിൽ തറച്ചപ്പോഴോ? സ്‌തംഭത്തിൽ കിടക്കുന്ന അവനെ ആളുകൾ അധിക്ഷേപിച്ചപ്പോഴോ? വേദനകൊണ്ടു പുളയുന്ന പ്രിയപുത്രൻ തന്നോടു നിലവിളിച്ചപ്പോൾ ആ പിതാവിന്റെ വികാരം എന്തായിരുന്നിരിക്കണം? യേശു അന്ത്യശ്വാസം വലിക്കുകയും പ്രാരംഭ സൃഷ്ടിക്രിയ നടന്നതിനു ശേഷം അന്ന്‌ ആദ്യമായി തന്റെ പ്രിയപുത്രൻ അസ്‌തിത്വത്തിൽ ഇല്ലാതാകുകയും ചെയ്‌തപ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നി?​—⁠മത്തായി 26:14-16, 46, 47, 56, 59, 67; 27:​26, 38-44, 46; യോഹന്നാൻ 19:⁠1.

8 യഹോവയ്‌ക്കു വികാരങ്ങൾ ഉള്ളതിനാൽ അവന്റെ പുത്രന്റെ മരണത്തിങ്കൽ അവൻ വളരെയധികം വേദന അനുഭവിച്ചിരിക്കും. അത്‌ വാക്കുകളിൽ വിവരിക്കാൻ നമുക്കാവില്ല. എന്നാൽ അത്‌ അനുവദിക്കാൻ യഹോവയെ പ്രചോദിപ്പിച്ച ഘടകം എന്താണെന്നു പറയാൻ നമുക്കു കഴിയും. തനിക്ക്‌ അത്രയധികം വേദന ഉണ്ടാക്കുന്ന ഒരു സംഗതി സംഭവിക്കാൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ടാണ്‌? യോഹന്നാൻ 3:​16-ൽ, മഹത്തായ ഒരു സത്യം യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഈ ബൈബിൾ വാക്യം അത്രയ്‌ക്കു പ്രാധാന്യമേറിയതാകയാൽ സുവിശേഷത്തിന്റെ ചെറിയ പതിപ്പ്‌ എന്നുപോലും അതിനെ വിളിച്ചിരിക്കുന്നു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” എന്ന്‌ ആ വാക്യം നമ്മോടു പറയുന്നു. അതേ, തന്റെ പുത്രൻ മരിക്കാൻ അനുവദിക്കുന്നതിന്‌ ദൈവത്തെ പ്രേരിപ്പിച്ച ഘടകം സ്‌നേഹം ആയിരുന്നു. അതിലും വലിയ സ്‌നേഹം ആരും ഒരുനാളും പ്രകടിപ്പിച്ചിട്ടില്ല.

യഹോവ നമുക്ക്‌ അവന്റെ സ്‌നേഹം ഉറപ്പുനൽകുന്ന വിധം

9. യഹോവ നമ്മെ വീക്ഷിക്കുന്ന വിധം സംബന്ധിച്ച്‌ നാം എന്തു വിശ്വസിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു, എന്നാൽ യഹോവ നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

9 എന്നാൽ, ഒരു സുപ്രധാന ചോദ്യം ഉദിക്കുന്നു: ദൈവം നമ്മെ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ടോ? യോഹന്നാൻ 3:16 പറയുന്നതുപോലെ, മനുഷ്യവർഗത്തെ പൊതുവിൽ ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന്‌ ചിലർ സമ്മതിച്ചേക്കാം. എന്നാൽ ‘ഒരു വ്യക്തി എന്ന നിലയിൽ ദൈവത്തിന്‌ എന്നെ ഒരിക്കലും സ്‌നേഹിക്കാൻ കഴിയില്ല’ എന്ന്‌ അവർ ചിന്തിക്കുന്നു. യഹോവ നമ്മെ സ്‌നേഹിക്കുകയോ നമ്മെ വിലപ്പെട്ടവരായി കാണുകയോ ചെയ്യുന്നില്ല എന്നു നാം വിശ്വസിക്കാൻ പിശാചായ സാത്താൻ വളരെയധികം ആഗ്രഹിക്കുന്നു എന്നതാണു വാസ്‌തവം. എന്നാൽ, നാം എത്ര സ്‌നേഹിക്കാൻ കൊള്ളാത്തവരും വിലയില്ലാത്തവരും ആണെന്നു നമുക്കു തോന്നിയാലും, തന്നോടു വിശ്വസ്‌തത കാണിക്കുന്ന തന്റെ ഓരോ ദാസനും തനിക്കു വിലപ്പെട്ടവനാണെന്നു യഹോവ ഉറപ്പു നൽകുന്നു.

10, 11. കുരികിലുകളെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം നാം യഹോവയുടെ ദൃഷ്ടിയിൽ മൂല്യമുള്ളവരാണെന്നു തെളിയിക്കുന്നത്‌ എങ്ങനെ?

10 ഉദാഹരണത്തിന്‌, മത്തായി 10:29-31-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക. തന്റെ ശിഷ്യന്മാരുടെ മൂല്യത്തെ ദൃഷ്ടാന്തീകരിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “കാശിന്നു രണ്ടു കുരികിൽ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.” ആ വാക്കുകൾ യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം എന്ത്‌ അർഥമാക്കിയെന്നു ചിന്തിക്കുക.

11 യേശുവിന്റെ നാളിൽ ഭക്ഷ്യവസ്‌തു എന്ന നിലയിൽ വിറ്റിരുന്ന ഏറ്റവും വിലകുറഞ്ഞ പക്ഷി കുരികിൽ ആയിരുന്നു. നിസ്സാര മൂല്യമുള്ള ഒരു നാണയം കൊണ്ട്‌ രണ്ടു കുരികിലുകളെ വാങ്ങാൻ കിട്ടുമായിരുന്നു. എന്നാൽ, ലൂക്കൊസ്‌ 12:6, 7 പറയുന്നപ്രകാരം, രണ്ടു നാണയങ്ങൾ മുടക്കാൻ ഒരുവൻ തയ്യാറാണെങ്കിൽ അയാൾക്കു നാലല്ല അഞ്ച്‌ കുരികിലുകളെ ലഭിക്കുമായിരുന്നെന്ന്‌ യേശു പിന്നീടു പറഞ്ഞു. യാതൊരു വിലയുമില്ലാത്തത്‌ എന്ന പോലെ അഞ്ചാമത്തെ കുരികിലിനെ കച്ചവടക്കാർ വെറുതെ കൊടുക്കുമായിരുന്നു. ഒരുപക്ഷേ അത്തരം പക്ഷികൾ മനുഷ്യദൃഷ്ടിയിൽ വിലയില്ലാത്തവയായിരുന്നു, എന്നാൽ സ്രഷ്ടാവ്‌ അവയെ എങ്ങനെയാണു വീക്ഷിച്ചത്‌? യേശു ഇങ്ങനെ പറഞ്ഞു: ‘അവയിൽ ഒന്നിനെപ്പോലും [കൂടുതലായി കൊടുക്കുന്ന ഒന്നിനെപ്പോലും] ദൈവം മറന്നുപോകുന്നില്ല.’ യേശു ഇവിടെ പറയാൻ ആഗ്രഹിച്ച ആശയം ഇതായിരുന്നു: യഹോവ ഒറ്റയൊരു കുരികിലിന്‌ ഇത്രയധികം വില കൽപ്പിക്കുന്നെങ്കിൽ അതിനെക്കാൾ എത്രയധികം മൂല്യമുള്ളവനാണ്‌ ഒരു മനുഷ്യൻ! യേശു പറഞ്ഞതുപോലെ നമ്മെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും യഹോവയ്‌ക്ക്‌ അറിയാം. എന്തിന്‌, നമ്മുടെ തലയിലെ മുടിപോലും എണ്ണപ്പെട്ടിരിക്കുന്നു!

12. നമ്മുടെ തലയിലെ മുടി എണ്ണപ്പെട്ടിരിക്കുന്നു എന്ന യേശുവിന്റെ പ്രസ്‌താവന യാഥാർഥ്യബോധത്തോടുകൂടിയ ഒന്നായിരുന്നു എന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

12 യേശു ഇവിടെ അതിശയോക്തി കലർത്തി സംസാരിക്കുകയായിരുന്നു എന്ന്‌ ചിലർ വിചാരിച്ചേക്കാം. എന്നാൽ, പുനരുത്ഥാനത്തെ കുറിച്ചൊന്നു ചിന്തിക്കുക. നമ്മെ പുനഃസൃഷ്ടിക്കാൻ നമ്മെക്കുറിച്ച്‌ എത്ര സൂക്ഷ്‌മമായി യഹോവ അറിയേണ്ടതുണ്ട്‌! നമ്മുടെ സങ്കീർണമായ ജനിതകരേഖയും വർഷങ്ങളിലെ നമ്മുടെ ഓർമകളും അനുഭവങ്ങളും സഹിതം നമ്മെ കുറിച്ചുള്ള സകല വിശദാംശങ്ങളും ഓർത്തിരിക്കുമാറ്‌ അവൻ നമുക്ക്‌ അത്രയധികം മൂല്യം കൽപ്പിക്കുന്നു. ഇതിനോടുള്ള താരതമ്യത്തിൽ, എണ്ണത്തിൽ ശരാശരി 1,00,000-ത്തോളം വരുന്ന നമ്മുടെ മുടി എണ്ണുന്നത്‌ ഒരു നിസ്സാരമായ കാര്യമായിരിക്കും. വ്യക്തികളെന്ന നിലയിൽ നമുക്കുവേണ്ടി യഹോവ കരുതുന്നുവെന്ന്‌ യേശുവിന്റെ വാക്കുകൾ എത്ര നന്നായി ഉറപ്പു നൽകുന്നു!

13. നാം അപൂർണരാണെങ്കിൽപ്പോലും യഹോവ നമ്മിലെ നന്മ കാണാൻ ശ്രമിക്കുന്നു എന്ന്‌ യെഹോശാഫാത്ത്‌ രാജാവിന്റെ അനുഭവം പ്രകടമാക്കുന്നത്‌ എങ്ങനെ?

13 യഹോവയുടെ സ്‌നേഹം സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പു നൽകുന്ന മറ്റൊന്നുകൂടെ ബൈബിൾ വെളിപ്പെടുത്തുന്നു. അവൻ നമ്മിലെ നന്മ കാണാൻ ശ്രമിക്കുകയും അതു വിലമതിക്കുകയും ചെയ്യുന്നു. നല്ല രാജാവായ യെഹോശാഫാത്തിന്റെ കാര്യം തന്നെ എടുക്കുക. രാജാവ്‌ ഒരു ഭോഷത്തം പ്രവർത്തിച്ചപ്പോൾ “യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു” എന്ന്‌ യഹോവയുടെ പ്രവാചകൻ അവനോടു പറഞ്ഞു. എത്ര ഗൗരവാവഹമായ ആശയം! എന്നാൽ യഹോവയുടെ സന്ദേശം അവിടെ അവസാനിച്ചില്ല. “നന്മയും നിന്നിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ അതു തുടർന്നു. (2 ദിനവൃത്താന്തം 19:1-3) യഹോവയുടെ നീതിനിഷ്‌ഠമായ കോപം യെഹോശാഫാത്തിലെ “നന്മ” കാണാനാകാത്തവിധം അവനെ അന്ധനാക്കിയില്ല. നാം അപൂർണരാണെങ്കിൽപ്പോലും ദൈവം നമ്മിലെ നന്മ കാണാൻ ശ്രമിക്കുന്നു എന്ന്‌ അറിയുന്നത്‌ ആശ്വാസദായകമല്ലേ?

“ക്ഷമിക്കാൻ ഒരുക്കമുള്ള” ഒരു ദൈവം

14. പാപം ചെയ്യുമ്പോൾ ഭാരപ്പെടുത്തുന്ന എന്തെല്ലാം വികാരങ്ങൾ നമുക്ക്‌ തോന്നിയേക്കാം, എന്നാൽ യഹോവയുടെ ക്ഷമയിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം അനുഭവിക്കാൻ കഴിയും?

14 പാപം ചെയ്യുമ്പോൾ നമുക്കു തോന്നുന്ന നിരാശയും ലജ്ജയും കുറ്റബോധവും യഹോവയെ സേവിക്കാൻ നാം ഒരിക്കലും യോഗ്യരായിത്തീരില്ലെന്നു വിചാരിക്കാൻ ഇടയാക്കിയേക്കാം. എന്നാൽ, യഹോവ “ക്ഷമിക്കാൻ ഒരുക്കമുള്ളവൻ” ആണെന്ന കാര്യം ഓർമിക്കുക. (സങ്കീർത്തനം 86:​5, NW) അതേ, നാം നമ്മുടെ പാപങ്ങൾ സംബന്ധിച്ച്‌ അനുതപിക്കുകയും അവ ആവർത്തിക്കാതിരിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ ക്ഷമയിൽനിന്നു നാം പ്രയോജനം അനുഭവിച്ചേക്കാം. യഹോവയുടെ സ്‌നേഹത്തിന്റെ ഈ അത്ഭുതകരമായ വശത്തെ ബൈബിൾ വർണിക്കുന്നത്‌ എങ്ങനെയെന്നു പരിചിന്തിക്കുക.

15. യഹോവ നമ്മുടെ പാപങ്ങളെ നമ്മിൽനിന്ന്‌ എത്ര ദൂരെ അകറ്റുന്നു?

15 യഹോവയുടെ ക്ഷമയെ വർണിക്കാൻ സങ്കീർത്തനക്കാരനായ ദാവീദ്‌ ഉജ്ജ്വലമായ ഒരു പദപ്രയോഗം ഉപയോഗിച്ചു: “കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങളെ അവിടുന്ന്‌ നമ്മിൽനിന്ന്‌ അകററിനിർത്തി.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (സങ്കീർത്തനം 103:​12, പി.ഒ.സി. ബൈബിൾ) കിഴക്കും പടിഞ്ഞാറും തമ്മിൽ എത്ര അകലമുണ്ട്‌? ഒരർഥത്തിൽ പറഞ്ഞാൽ കിഴക്ക്‌ എല്ലായ്‌പോഴും പടിഞ്ഞാറിൽനിന്ന്‌ സങ്കൽപ്പിക്കാവുന്നതിലേക്കും അകലെയാണ്‌, ഒരിക്കലും അവയ്‌ക്ക്‌ കൂട്ടിമുട്ടാനാകുകയില്ല. ഈ പദപ്രയോഗത്തിന്റെ അർഥം “പരമാവധി ദൂരെ; നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ദൂരെ” എന്നാണ്‌ എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. യഹോവ ക്ഷമിക്കുമ്പോൾ, അവൻ നമ്മുടെ പാപങ്ങളെ നമ്മിൽനിന്ന്‌ നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ദൂരത്തേക്ക്‌ അകറ്റുന്നു എന്ന്‌ ദാവീദിന്റെ നിശ്വസ്‌ത വാക്കുകൾ വ്യക്തമാക്കുന്നു.

16. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, ശേഷിച്ച ജീവിതകാലത്ത്‌ അവൻ നമ്മെ ശുദ്ധരായി വീക്ഷിക്കുന്നുവെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

16 ഇളംനിറമുള്ള ഒരു വസ്‌ത്രത്തിൽനിന്ന്‌ ഒരു കറ നീക്കം ചെയ്യാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഒരുപക്ഷേ എത്ര ശ്രമിച്ചിട്ടും കറ മാഞ്ഞുപോയിരിക്കില്ല. ക്ഷമിക്കാനുള്ള തന്റെ പ്രാപ്‌തിയെ യഹോവ വർണിക്കുന്നത്‌ എങ്ങനെയെന്നു കാണുക: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (യെശയ്യാവു 1:18) ചായം മുക്കാൻ ഉപയോഗിച്ചിരുന്ന കടുത്ത നിറങ്ങളിൽ ഒന്നായിരുന്നു രക്തച്ചുവപ്പ്‌. നമ്മുടെ സ്വന്തം ശ്രമങ്ങളാൽ നമുക്ക്‌ ഒരിക്കലും പാപക്കറ നീക്കാൻ സാധ്യമല്ല. എന്നാൽ കടുഞ്ചുവപ്പോ * രക്തവർണമോ പോലെ കടുത്ത പാപങ്ങളെ നീക്കാനും അവയെ ഹിമമോ പഞ്ഞിയോ പോലെ തൂവെള്ള നിറമാക്കാനും യഹോവയ്‌ക്കു കഴിയും. അതുകൊണ്ട്‌ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, നമ്മുടെ ശേഷിച്ച ജീവിതകാലത്ത്‌ ആ പാപങ്ങളുടെ കറ നാം വഹിക്കുന്നുണ്ടെന്നു വിചാരിക്കേണ്ടതില്ല.

17. യഹോവ നമ്മുടെ പാപങ്ങളെ തന്റെ പിന്നിലേക്ക്‌ എറിഞ്ഞുകളയുന്നത്‌ ഏതർഥത്തിൽ?

17 മാരകമായ ഒരു രോഗത്തിൽനിന്നു സൗഖ്യമാക്കപ്പെട്ടശേഷം ഹിസ്‌കീയാവ്‌ രചിച്ച ഹൃദയസ്‌പർശിയായ ഒരു കൃതജ്ഞതാ ഗീതത്തിൽ അവൻ യഹോവയോട്‌, ‘നീ എന്റെ സകല പാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞു’ എന്നു പറഞ്ഞു. (യെശയ്യാവു 38:17) അനുതാപമുള്ള ഒരു ദുഷ്‌പ്രവൃത്തിക്കാരന്റെ പാപങ്ങൾ യഹോവ എടുത്ത്‌ മേലാൽ താൻ അവ കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ലാത്തവിധം തന്റെ പിന്നിലേക്ക്‌ എറിഞ്ഞുകളയുന്നതായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ഒരു പരാമർശ കൃതി പറയുന്നതനുസരിച്ച്‌ പ്രസ്‌തുത വാക്യം ഇങ്ങനെ ഒരു ആശയം നൽകുന്നു: “നീ [എന്റെ പാപങ്ങളെ] അവ സംഭവിച്ചിട്ടില്ലാത്തതുപോലെ ആക്കിയിരിക്കുന്നു.” അത്‌ ആശ്വാസപ്രദമല്ലേ?

18. യഹോവ ക്ഷമിക്കുമ്പോൾ, അവൻ നമ്മുടെ പാപങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നുവെന്നു പ്രവാചകനായ മീഖാ സൂചിപ്പിക്കുന്നത്‌ എങ്ങനെ?

18 ഒരു പുനഃസ്ഥാപന വാഗ്‌ദാനത്തിൽ പ്രവാചകനായ മീഖാ അനുതാപമുള്ള തന്റെ ജനത്തോടു യഹോവ ക്ഷമിക്കുമെന്നുള്ള ബോധ്യം പ്രകടമാക്കി: “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? . . . അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മീഖാ 7:18, 19) ബൈബിൾ കാലങ്ങളിൽ ജീവിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ആ വാക്കുകൾ എന്തർഥമാക്കി എന്നു ചിന്തിക്കുക. “സമുദ്രത്തിന്റെ ആഴത്തിൽ” എറിഞ്ഞുകളഞ്ഞ എന്തെങ്കിലും തിരിച്ചെടുക്കാൻ കഴിയുമായിരുന്നോ? യഹോവ ക്ഷമിക്കുമ്പോൾ അവൻ നമ്മുടെ പാപങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നുവെന്ന്‌ മീഖായുടെ വാക്കുകൾ സൂചിപ്പിക്കുന്നു.

“നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ”

19, 20. (എ) “കരുണ കാണിക്കുക” “അലിവു തോന്നുക” എന്നിങ്ങനെ വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ ക്രിയയുടെ അർഥമെന്ത്‌? (ബി) യഹോവയുടെ അനുകമ്പയെ കുറിച്ചു പഠിപ്പിക്കാൻ, ഒരു അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടു തോന്നുന്ന വികാരങ്ങളെ ബൈബിൾ ഉപയോഗിക്കുന്നത്‌ എങ്ങനെ?

19 യഹോവയുടെ സ്‌നേഹത്തിന്റെ മറ്റൊരു വശമാണ്‌ അനുകമ്പ. അനുകമ്പ എന്താണ്‌? ബൈബിളിൽ, അനുകമ്പയും കരുണയും തമ്മിൽ ഒരു അടുത്ത ബന്ധമുണ്ട്‌. അനുകമ്പ എന്ന്‌ അർഥം ദ്യോതിപ്പിക്കുന്ന പല എബ്രായ, ഗ്രീക്ക്‌ പദങ്ങൾ ഉണ്ട്‌. ദൃഷ്ടാന്തത്തിന്‌, രാഹാം എന്ന എബ്രായ ക്രിയയെ കുറിച്ചു പരിചിന്തിക്കുക. അത്‌ മിക്കപ്പോഴും, “കരുണ കാണിക്കുക” “അലിവു തോന്നുക” എന്നിങ്ങനെ വിവർത്തനം ചെയ്യപ്പെടുന്നു. യഹോവ തന്നോടുള്ള ബന്ധത്തിൽ ഉപയോഗിക്കുന്ന ഈ എബ്രായപദം, “ഗർഭാശയം” എന്നതിനുള്ള പദവുമായി ബന്ധപ്പെട്ടിരിക്കുന്നു, “മാതൃതുല്യമായ അനുകമ്പ” എന്ന്‌ അതിനെ വർണിക്കാൻ കഴിയും.

20 ഒരു അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടുള്ള വികാരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്‌ യഹോവയുടെ അനുകമ്പയെ കുറിച്ചു ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്‌. യെശയ്യാവു 49:​15-ൽ നാം വായിക്കുന്നു: “ഒരു സ്‌ത്രീക്ക്‌ അവളുടെ മുലകുടിക്കുന്ന കുട്ടിയെ മറക്കാനാവുമോ, താൻ പ്രസവിച്ച മകനോട്‌ അവൾ അനുകമ്പ [രാഹാം] കാട്ടാതിരിക്കണമോ? ഉവ്വ്‌, അവർ മറന്നേക്കാം, എങ്കിലും ഞാൻ നിങ്ങളെ മറക്കുകയില്ല.” (ദി ആംപ്ലിഫൈഡ്‌ ബൈബിൾ) തന്റെ കുഞ്ഞിനു പാലുകൊടുക്കാനും അതിനെ പരിപാലിക്കാനും ഒരു മാതാവു മറന്നേക്കുമെന്നു സങ്കൽപ്പിക്കുക പ്രയാസമാണ്‌. ഒരു ശിശു തികച്ചും നിസ്സഹായമായ അവസ്ഥയിലാണ്‌; രാവും പകലും അതിന്‌ അമ്മയുടെ ശ്രദ്ധ ആവശ്യമാണ്‌. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അമ്മമാർ കുഞ്ഞുങ്ങളെ അവഗണിക്കുന്നത്‌ അസാധാരണ സംഗതിയൊന്നുമല്ല, വിശേഷിച്ച്‌ ഈ ‘ദുർഘടസമയങ്ങളിൽ.’ (2 തിമൊഥെയൊസ്‌ 3:1, 3) “എങ്കിലും ഞാൻ നിങ്ങളെ മറക്കുകയില്ല” എന്ന്‌ യഹോവ അരുളിച്ചെയ്യുന്നു. യഹോവയ്‌ക്കു തന്റെ ദാസന്മാരോടുള്ള ആർദ്രാനുകമ്പ നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും ആർദ്രമായ സ്വാഭാവിക വികാരത്തെക്കാൾ​—⁠ഒരു മാതാവിനു തന്റെ കുഞ്ഞിനോടു തോന്നുന്ന അനുകമ്പയെക്കാൾ​—⁠വളരെയേറെ ശക്തമാണ്‌.

21, 22. ഇസ്രായേല്യർക്ക്‌ പുരാതന ഈജിപ്‌തിൽ എന്ത്‌ അനുഭവം ഉണ്ടായി, യഹോവ അവരുടെ നിലവിളിയോട്‌ എങ്ങനെ പ്രതികരിച്ചു?

21 യഹോവ സ്‌നേഹമയിയായ ഒരു മാതാവിനെപ്പോലെ അനുകമ്പ കാണിക്കുന്നത്‌ എങ്ങനെ? അവൻ പുരാതന ഇസ്രായേൽ ജനതയോട്‌ ഇടപെട്ട വിധത്തിൽ ഈ ഗുണം വ്യക്തമായി കാണാം. പൊ.യു.മു. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലക്ഷക്കണക്കിന്‌ ഇസ്രായേല്യർ ഈജിപ്‌തിൽ അടിമകളാക്കപ്പെട്ടു. അവർ അവിടെ കടുത്ത യാതനകൾ അനുഭവിച്ചു. (പുറപ്പാടു 1:11, 14) ഇസ്രായേല്യർ തങ്ങളുടെ ക്ലേശത്തിൽ യഹോവയോടു സഹായത്തിനായി നിലവിളിച്ചു. അനുകമ്പയുള്ള ദൈവം എങ്ങനെയാണു പ്രതികരിച്ചത്‌?

22 സഹായത്തിനായുള്ള അവരുടെ നിലവിളി യഹോവയുടെ ഹൃദയത്തെ സ്‌പർശിച്ചു. അവൻ പറഞ്ഞു: ‘മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.’ (പുറപ്പാടു 3:7) തന്റെ ജനത്തിന്റെ കഷ്ടത കാണുകയും അവരുടെ നിലവിളി കേൾക്കുകയും ചെയ്‌തപ്പോൾ യഹോവയ്‌ക്ക്‌ തീർച്ചയായും അവരോടു സമാനുഭാവം തോന്നി. യഹോവ സമാനുഭാവമുള്ള ഒരു ദൈവമാണ്‌. സമാനുഭാവം​—⁠മറ്റുള്ളവരുടെ വേദനയിൽ ഒപ്പം വേദനിക്കാനുള്ള പ്രാപ്‌തി​—⁠അനുകമ്പയോട്‌ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ യഹോവയ്‌ക്കു തന്റെ ജനത്തോട്‌ സമാനുഭാവം തോന്നുക മാത്രമല്ല ചെയ്‌തത്‌; അവർക്കുവേണ്ടി പ്രവർത്തിക്കാൻ അവൻ പ്രേരിതനായി. “തന്റെ സ്‌നേഹത്തിലും കനിവിലും [“അനുകമ്പയിലും,” NW] അവൻ അവരെ വീണ്ടെടുത്തു” എന്ന്‌ യെശയ്യാവു 63:9 പറയുന്നു. തന്റെ “ബലമുള്ള കൈ”യാൽ അവൻ ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിച്ചു. (ആവർത്തനപുസ്‌തകം 4:34) അതിനുശേഷം, അവൻ അവർക്ക്‌ അത്ഭുതകരമായി ഭക്ഷണം കൊടുക്കുകയും ഫലസമൃദ്ധമായ ഒരു ദേശം അവർക്കു സ്വന്തമായി നൽകുകയും ചെയ്‌തു.

23. (എ) യഹോവ വ്യക്തികളെന്ന നിലയിൽ നമ്മിൽ ആഴമായ താത്‌പര്യം പ്രകടമാക്കുന്നു എന്ന്‌ സങ്കീർത്തനക്കാരന്റെ വാക്കുകൾ നമുക്ക്‌ ഉറപ്പുനൽകുന്നത്‌ എങ്ങനെ? (ബി) യഹോവ ഏതെല്ലാം വിധങ്ങളിൽ നമ്മെ സഹായിക്കുന്നു?

23 ഒരു കൂട്ടമെന്ന നിലയിൽ മാത്രമല്ല യഹോവ തന്റെ ജനത്തോട്‌ അനുകമ്പ പ്രകടമാക്കുന്നത്‌. നമ്മുടെ സ്‌നേഹനിധിയായ ദൈവം വ്യക്തികളെന്ന നിലയിൽ നമ്മിൽ ആഴമായ താത്‌പര്യം പ്രകടമാക്കുന്നു. നാം അനുഭവിച്ചേക്കാവുന്ന ഏതു കഷ്ടപ്പാടിനെ കുറിച്ചും അവനു വ്യക്തമായി അറിയാം. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:15, 18) യഹോവ നമ്മെ വ്യക്തികളെന്ന നിലയിൽ സഹായിക്കുന്നത്‌ എങ്ങനെയാണ്‌? അവൻ അവശ്യം നമ്മുടെ ദുരിതകാരണം നീക്കംചെയ്യുന്നില്ല. എന്നാൽ സഹായത്തിനായി തന്നോടു നിലവിളിക്കുന്നവർക്കുവേണ്ടി സമൃദ്ധമായ കരുതലുകൾ അവൻ ചെയ്‌തിട്ടുണ്ട്‌. അവന്റെ വചനം ഫലപ്രദമായ പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നു. സഭയിൽ, അവൻ ആത്മീയമായി യോഗ്യതയുള്ള മേൽവിചാരകന്മാരെ നിയമിച്ചിരിക്കുന്നു, സഹാരാധകരെ സഹായിക്കുന്നതിൽ അവർ അവന്റെ അനുകമ്പയെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. (യാക്കോബ്‌ 5:14, 15) ‘പ്രാർത്ഥന കേൾക്കുന്നവൻ’ എന്ന നിലയിൽ യഹോവ “തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ” കൊടുക്കുന്നു. (സങ്കീർത്തനം 65:2; ലൂക്കൊസ്‌ 11:13) ഈ കരുതലുകളെല്ലാം “നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ”യുടെ പ്രകടനങ്ങളാണ്‌.​—⁠ലൂക്കൊസ്‌ 1:78, NW.

24. യഹോവയുടെ സ്‌നേഹത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും?

24 നമ്മുടെ സ്വർഗീയ പിതാവിന്റെ സ്‌നേഹത്തെ കുറിച്ചു പരിചിന്തിക്കുന്നത്‌ പുളകപ്രദമല്ലേ? യഹോവ നമ്മുടെ പ്രയോജനത്തിനായി തന്റെ ശക്തിയും നീതിയും ജ്ഞാനവും സ്‌നേഹനിർഭരമായ വിധങ്ങളിൽ വിനിയോഗിച്ചിരിക്കുന്നതായി മുൻ ലേഖനത്തിൽ നാം കണ്ടു. യഹോവ മനുഷ്യവർഗത്തോട്‌, നമ്മിൽ ഓരോരുത്തരോടും, ഉള്ള തന്റെ സ്‌നേഹം ശ്രദ്ധേയമായ വിധങ്ങളിൽ നേരിട്ടു പ്രകടമാക്കിയിരിക്കുന്നതായി ഈ ലേഖനത്തിൽ നാം കണ്ടു. ഇപ്പോൾ നാം ഓരോരുത്തരും ഇങ്ങനെ ചോദിക്കേണ്ടതാണ്‌: ‘യഹോവയുടെ സ്‌നേഹത്തോടു ഞാൻ എങ്ങനെ പ്രതികരിക്കും?’ മുഴു ഹൃദയത്തോടും മനസ്സോടും ആത്മാവോടും ശക്തിയോടും കൂടെ അവനെ സ്‌നേഹിച്ചുകൊണ്ട്‌ അവന്റെ സ്‌നേഹത്തോടു പ്രതികരിക്കാൻ നിങ്ങൾക്കു കഴിയുമാറാകട്ടെ. (മർക്കൊസ്‌ 12:29, 30) നിങ്ങളുടെ അനുദിന ജീവിതരീതി യഹോവയോട്‌ കൂടുതൽ അടുത്തു ചെല്ലാനുള്ള നിങ്ങളുടെ ഹൃദയംഗമമായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കട്ടെ. സ്‌നേഹംതന്നെയായ യഹോവയാം ദൈവവും നിങ്ങളോടു കൂടുതൽ അടുത്തുവരട്ടെ​—⁠അതേ, അനന്തതയിലെങ്ങും!​—⁠യാക്കോബ്‌ 4:⁠8.

[അടിക്കുറിപ്പുകൾ]

^ ഖ. 16 കടുഞ്ചുവപ്പ്‌ “ഇളകാത്ത ഒരു നിറമായിരുന്നു. അലക്കിയാലും മഴ നനഞ്ഞാലും ദീർഘകാലം ഉപയോഗിച്ചാലുമൊന്നും ആ നിറം പോകില്ലായിരുന്നു” എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

• സ്‌നേഹം യഹോവയുടെ പ്രമുഖ ഗുണമാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

• യഹോവ തന്റെ പുത്രനെ നമുക്കു വേണ്ടി ദുരിതം അനുഭവിക്കാനും മരിക്കാനും അയച്ചതാണ്‌ ചരിത്രത്തിലേക്കും ഏറ്റവും വലിയ സ്‌നേഹപ്രവൃത്തി എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

• യഹോവ വ്യക്തികളെന്ന നിലയിൽ നമ്മെ സ്‌നേഹിക്കുന്നുവെന്ന്‌ അവൻ നമുക്ക്‌ ഉറപ്പുനൽകുന്നത്‌ എങ്ങനെ?

• ഉജ്ജ്വലമായ ഏതു വാക്കുകളിൽ ബൈബിൾ യഹോവയുടെ ക്ഷമയെ വർണിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[15 -ാം പേജിലെ ചിത്രം]

‘ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകി’

[16, 17  പേജുകളിലെ തലവാചകം]

‘ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവർ’

[കടപ്പാട്‌]

© J. Heidecker/VIREO

[18 -ാം പേജിലെ തലവാചകം]

ഒരു അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടുള്ള വികാരങ്ങൾ യഹോവയുടെ അനുകമ്പയെ കുറിച്ചു നമ്മെ പഠിപ്പിക്കുന്നു