വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരെ സേവിക്കുന്നതിലൂടെ വേദനയ്‌ക്ക്‌ ആശ്വാസം

മറ്റുള്ളവരെ സേവിക്കുന്നതിലൂടെ വേദനയ്‌ക്ക്‌ ആശ്വാസം

ജീവിത കഥ

മറ്റുള്ളവരെ സേവിക്കുന്നതിലൂടെ വേദനയ്‌ക്ക്‌ ആശ്വാസം

ഹൂല്യാൻ ആര്യാസ്‌ പറഞ്ഞപ്രകാരം

വർഷം 1988. ഞാൻ ഒരു ബഹുരാഷ്‌ട്ര കമ്പനിയുടെ റീജണൽ ഡയറക്ടർ ആയിരിക്കുന്ന കാലം. എനിക്കന്ന്‌ 40 വയസ്സായിരുന്നു. എന്റെ തൊഴിൽ വളരെ ഭദ്രമായിരുന്നതു പോലെ കാണപ്പെട്ടു. കമ്പനി വകയായി വിലകൂടിയ ഒരു കാറ്‌, നല്ല ശമ്പളം, സ്‌പെയിനിലെ മാഡ്രിഡിന്റെ ഹൃദയഭാഗത്തുതന്നെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഫീസ്‌ എന്നിവയെല്ലാം എനിക്ക്‌ ഉണ്ടായിരുന്നു. കമ്പനി എന്നെ അവരുടെ നാഷണൽ ഡയറക്ടറാക്കാൻ പരിപാടിയുള്ളതായി സൂചിപ്പിക്കുകപോലും ചെയ്‌തു.എന്നാൽ പെട്ടെന്നുതന്നെ എന്റെ ജീവിതം തകിടംമറിയാൻ പോകുകയാണെന്ന്‌ ഞാൻ അറിഞ്ഞിരുന്നില്ല.

അതേ വർഷംതന്നെ ഒരു ദിവസം, എന്റെ ഡോക്ടർ ഞെട്ടിക്കുന്ന ആ വാർത്ത എന്നെ അറിയിച്ചു. ചികിത്സിച്ചു ഭേദമാക്കാനാകാത്ത മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്‌ എന്ന രോഗം ആയിരുന്നു എനിക്ക്‌. ഞാനാകെ തകർന്നു പോയി. പിന്നീട്‌, ഈ രോഗത്തിന്‌ ഒരു വ്യക്തിയുടെമേൽ എന്തെല്ലാം ഫലങ്ങൾ ഉള്ളവാക്കാനാകുമെന്നു വായിച്ചപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത ഭയം തോന്നി. * ഇനിയുള്ള കാലം ഡമോക്ലിസിന്റെ വാൾ തലയ്‌ക്കുമീതെ തൂങ്ങിക്കിടക്കുന്നതു പോലുള്ള ഭീതി നിറഞ്ഞ ഒരു അവസ്ഥയായിരിക്കും എന്റേതെന്നു തോന്നി. എന്റെ ഭാര്യ മിലാഗ്രോസിന്റെയും മൂന്നു വയസ്സുള്ള മകൻ ഇസ്‌മായെലിന്റെയും കാര്യങ്ങൾ ഞാൻ എങ്ങനെ നോക്കിനടത്തും? ഞങ്ങൾക്ക്‌ എങ്ങനെ ഈ സാഹചര്യത്തെ വിജയകരമായി നേരിടാനാകും? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടാതെ ഉഴലുമ്പോൾത്തന്നെയാണ്‌ മറ്റൊരു പ്രഹരവുംകൂടെ ഏറ്റത്‌.

രോഗവിവരത്തെ കുറിച്ച്‌ ഡോക്ടർ എന്നെ അറിയിച്ച്‌ ഒരു മാസം ആയിക്കാണും, എന്റെ സൂപ്പർവൈസർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ച്‌ കമ്പനിക്ക്‌ നല്ല ‘ഇമേജുള്ളവരെ’യാണ്‌ ആവശ്യമെന്നും ഒന്നിനൊന്ന്‌ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രോഗമുള്ളയാൾക്ക്‌​—⁠അതിന്റെ പ്രാരംഭ ഘട്ടങ്ങളിൽ പോലും​—⁠ആ ‘ഇമേജിനൊത്ത്‌’ ഉയരാനാവില്ലെന്നും പറഞ്ഞു. അങ്ങനെ, ആ നിമിഷം, അവിടെവെച്ചുതന്നെ എന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടതായി ബോസ്‌ അറിയിച്ചു. കണ്ണടച്ചുതുറന്നപ്പോഴേക്കും എനിക്കെന്റെ ജോലി നഷ്ടമായിരുന്നു!

വീട്ടുകാരുടെ മുമ്പിൽ ധൈര്യത്തിന്റെ മുഖംമൂടി അണിയാൻ ഞാൻ ശ്രമിച്ചു. എന്നാൽ ഒറ്റയ്‌ക്ക്‌ അൽപ്പം സമയം കിട്ടുന്നതിനായി വെമ്പുകയായിരുന്നു ഞാൻ, എന്റെ പുതിയ സാഹചര്യത്തെയും ഭാവിയെയും കുറിച്ചൊക്കെ ചിന്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്റെ മേൽ പിടിമുറുക്കിക്കൊണ്ടിരുന്ന വിഷാദത്തെ ചെറുക്കാൻ ഞാൻ ശ്രമിച്ചു. എത്ര പെട്ടെന്നാണ്‌ കമ്പനിയുടെ മുമ്പിൽ എന്റെ വിലയിടിഞ്ഞത്‌ എന്ന ചിന്തയാണ്‌ എന്നെ ഏറ്റവും വേദനിപ്പിച്ചത്‌.

ബലഹീനതയിൽ ശക്തി കണ്ടെത്തുന്നു

സന്തോഷകരമെന്നു പറയട്ടെ, പ്രയാസകരമായ ഈ സമയത്ത്‌ ശക്തിക്കായി എനിക്ക്‌ തിരിയാവുന്ന അനേകം ഉറവിടങ്ങൾ ഉണ്ടായിരുന്നു. ഏതാണ്ട്‌ 20 വർഷംമുമ്പ്‌ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നിരുന്നു. അതുകൊണ്ട്‌ ഞാൻ യഹോവയോട്‌ എന്റെ വികാരങ്ങളെ കുറിച്ചും അനിശ്ചിതമായ ഭാവിയെ കുറിച്ചും ആത്മാർഥമായി പ്രാർഥിച്ചു. എന്റെ ഭാര്യയും യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. അവൾ ഈ സമയത്ത്‌ ഒരു ശക്തിദുർഗം ആയി നിലകൊണ്ടു. കൂടാതെ ദയയും സഹാനുഭൂതിയും പ്രകടമാക്കിയ ഏതാനും അടുത്ത സുഹൃത്തുക്കളുടെ വിലയേറിയ പിന്തുണയും എനിക്ക്‌ ഉണ്ടായിരുന്നു.—സദൃശവാക്യങ്ങൾ 17:17.

മറ്റുള്ളവരോടു തോന്നിയ ഉത്തരവാദിത്വബോധവും സഹായകമായിരുന്നു. എന്റെ മകനെ നന്നായി വളർത്താൻ, അവനെ പഠിപ്പിക്കാനും അവനുമായി കളിക്കാനും പ്രസംഗവേലയിൽ പരിശീലിപ്പിക്കാനും ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട്‌ ഞാൻ പിടിച്ചുനിന്നു. കൂടാതെ, യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്നിൽ ഞാൻ മൂപ്പനായി സേവിക്കുകയായിരുന്നു. എന്റെ സഹോദരീസഹോദരന്മാർക്ക്‌ എന്റെ പിന്തുണ ആവശ്യമായിരുന്നു. എന്റെ വിശ്വാസത്തിനു തുരങ്കംവെക്കാൻ ഞാൻ ദുരിതത്തെ അനുവദിക്കുന്നപക്ഷം മറ്റുള്ളവർക്ക്‌ എന്തു മാതൃകയായിരിക്കും ഞാൻ വെക്കുന്നത്‌?

ശാരീരികമായും സാമ്പത്തികമായും ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിച്ചു​—⁠മോശവും നല്ലതുമായ മാറ്റങ്ങൾ. ഒരിക്കൽ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞതു ഞാൻ കേട്ടിരുന്നു: “രോഗം ഒരു വ്യക്തിയെ നശിപ്പിക്കുന്നില്ല; മറിച്ച്‌ അത്‌ അയാൾക്ക്‌ മാറ്റം വരുത്തുന്നതേയുള്ളൂ.” ആ മാറ്റങ്ങൾ എല്ലായ്‌പോഴുമൊന്നും മോശമല്ല എന്ന്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നു.

ഒന്നാമതായി എന്റെ ‘ജഡത്തിലെ മുള്ള്‌’ മറ്റുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാനും അവരോടു സഹാനുഭൂതി പ്രകടമാക്കാനും എന്നെ സഹായിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 12:​7, NW) “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു” എന്ന സദൃശവാക്യങ്ങൾ 3:​5-ലെ വാക്കുകളുടെ അർഥം മുമ്പെന്നത്തെക്കാളും മെച്ചമായി ഞാൻ ഗ്രഹിച്ചു. എല്ലാറ്റിനും ഉപരിയായി എന്റെ പുതിയ സാഹചര്യങ്ങൾ ജീവിതത്തിൽ യഥാർഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങൾ എന്താണെന്നും യഥാർഥ സംതൃപ്‌തിയുടെയും ആത്മാഭിമാനത്തിന്റെയും അടിസ്ഥാനം എന്താണെന്നും എന്നെ പഠിപ്പിച്ചു. യഹോവയുടെ സംഘടനയിൽ എനിക്ക്‌ അപ്പോഴും വളരെയധികം ചെയ്യാനുണ്ടായിരുന്നു. “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌” എന്ന യേശുവിന്റെ വാക്കുകൾ എത്ര അർഥവത്താണെന്നു ഞാൻ മനസ്സിലാക്കി.​—⁠പ്രവൃത്തികൾ 20:​35, NW.

ഒരു പുതിയ ജീവിതം

എന്റെ രോഗവിവരത്തെ കുറിച്ച്‌ അറിഞ്ഞ്‌ ഏറെ കഴിയുന്നതിനു മുമ്പ്‌ മാഡ്രിഡിൽ നടന്ന ഒരു സെമിനാറിൽ സംബന്ധിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. സെമിനാറിൽ, പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാൻ ഡോക്ടർമാരെയും രോഗികളെയും സഹായിക്കാനുള്ള പരിശീലനം ക്രിസ്‌തീയ സ്വമേധയാ സേവകർക്ക്‌ നൽകപ്പെട്ടു. പിന്നീട്‌, ആ സ്വമേധയാ സേവകരെ ആശുപത്രി ഏകോപന സമിതികളായി രൂപീകരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം തക്കസമയത്താണ്‌ ആ സെമിനാർ നടന്നത്‌. ഏതൊരു ലൗകിക ജോലിയെക്കാളും എത്രയോ മടങ്ങ്‌ സംതൃപ്‌തി നൽകുന്ന മെച്ചപ്പെട്ട ഒരു ജീവിതഗതിയാണ്‌ അത്‌ എനിക്ക്‌ തുറന്നുതന്നത്‌!

പുതുതായി രൂപീകരിക്കുന്ന ആശുപത്രി ഏകോപന സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ആശുപത്രികൾ സന്ദർശിക്കുക, ഡോക്ടർമാരുമായി അഭിമുഖങ്ങൾ നടത്തുക, ആരോഗ്യപ്രവർത്തകരുടെ മുമ്പാകെ വിവരങ്ങൾ അവതരിപ്പിക്കുക എന്നിവയൊക്കെ ഉൾപ്പെടുമെന്ന്‌ ഞങ്ങൾ സെമിനാറിൽവെച്ച്‌ മനസ്സിലാക്കി. ആശുപത്രി ജീവനക്കാരും രോഗികളും തമ്മിലുള്ള സഹകരണം സാധ്യമാക്കുകയും പ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു ഇതിന്റെയെല്ലാം ഉദ്ദേശ്യം. രക്തം കൂടാതെ ചികിത്സ നടത്താൻ സന്നദ്ധരായ ഡോക്ടർമാരെ കണ്ടെത്താൻ കമ്മിറ്റികൾ സഹ സാക്ഷികളെ സഹായിക്കുന്നു. വൈദ്യശാസ്‌ത്രവുമായി യാതൊരു ബന്ധവുമില്ലായിരുന്ന എനിക്ക്‌ മെഡിക്കൽ പദങ്ങൾ, മെഡിക്കൽ എത്തിക്‌സ്‌ (വൈദ്യ ധർമശാസ്‌ത്രം), ആശുപത്രി സംഘാടനം എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച്‌ വളരെയധികം പഠിക്കാനുണ്ടായിരുന്നു. എങ്കിലും സെമിനാറിന്‌ ശേഷം ഞാൻ വീട്ടിലേക്കു മടങ്ങിയത്‌ ഒരു പുതിയ ആളായിട്ടാണ്‌. എന്റെ മുമ്പിൽ ആവേശജനകമായ ഒരു പുത്തൻ വെല്ലുവിളി ഉണ്ടായിരുന്നു.

ആശുപത്രി സന്ദർശനങ്ങൾ ​—⁠സംതൃപ്‌തിയുടെ ഒരു ഉറവ്‌

എന്റെ രോഗം എന്നെ കാർന്നുതിന്നുകൊണ്ടിരിക്കുക ആയിരുന്നെങ്കിലും ആശുപത്രി ഏകോപന സമിതി അംഗം എന്നനിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങൾ വർധിക്കുകയായിരുന്നു. അവശത പെൻഷൻ ലഭിച്ചിരുന്നതിനാൽ എനിക്ക്‌ ജോലിക്കു പോകേണ്ടിയിരുന്നില്ല. അതുകൊണ്ട്‌ ആശുപത്രി സന്ദർശനങ്ങൾ നടത്താൻ എനിക്കു വേണ്ടത്ര സമയം ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ ഈ സന്ദർശനങ്ങൾ ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ എളുപ്പവും പ്രതിഫലദായകവുമാണെന്നു തെളിഞ്ഞു. ഇപ്പോൾ ചക്രക്കസേരയുടെ സഹായം കൂടാതെ എനിക്ക്‌ എങ്ങോട്ടും പോകാൻ കഴിയില്ലെങ്കിലും ഇതൊരു വലിയ തടസ്സം ആയിരുന്നിട്ടില്ല. കമ്മിറ്റിയിലെ മറ്റൊരു അംഗം എപ്പോഴും എന്റെ കൂടെ ഉണ്ടാകും. മാത്രമല്ല, ചക്രക്കസേരയിലുള്ളവരോടു സംസാരിച്ച്‌ ശീലമുള്ളവരാണ്‌ ഡോക്ടർമാർ. ചിലപ്പോൾ അവരെ സന്ദർശിക്കാൻ ഞാൻ ചെലുത്തുന്ന ശ്രമം തിരിച്ചറിഞ്ഞ്‌ കൂടുതൽ ആദരവോടെ ശ്രദ്ധിക്കാൻ അവർ തയ്യാറാകുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടയ്‌ക്ക്‌ ഞാൻ നൂറുകണക്കിനു ഡോക്ടർമാരെ സന്ദർശിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ, തുടക്കം മുതലേ ഞങ്ങളെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള ചിലരുണ്ട്‌. അങ്ങനെയുള്ള ഒരാളാണ്‌ മാഡ്രിഡിലെ ഒരു ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധനായ ഡോ. ഹ്വാൻ ഡ്വാർട്ടെ. രോഗിയുടെ മനസ്സാക്ഷിയെ മാനിക്കുന്നതിൽ അഭിമാനംകൊള്ളുന്ന ഈ ഡോക്ടർ യാതൊരു മടിയും കൂടാതെയാണ്‌ തന്റെ സേവനം വാഗ്‌ദാനം ചെയ്‌തത്‌. അതിനുശേഷം അദ്ദേഹം സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാക്ഷികളായ രോഗികളിൽ 200-ലധികം രക്തരഹിത ശസ്‌ത്രക്രിയകൾ നിർവഹിച്ചിട്ടുണ്ട്‌. വർഷങ്ങൾ കടന്നുപോകവേ രക്തം കൂടാതെ ശസ്‌ത്രക്രിയ നടത്താൻ സന്നദ്ധരായ ഡോക്ടർമാരുടെ എണ്ണം വർധിച്ചുവരികയാണ്‌. ഇതു സാധ്യമാക്കുന്നതിൽ, ഞങ്ങളുടെ ക്രമമായ സന്ദർശനങ്ങൾക്കു പുറമേ വൈദ്യശാസ്‌ത്രരംഗത്തെ പുരോഗതിയും രക്തരഹിത ശസ്‌ത്രക്രിയയുടെ നല്ല ഫലങ്ങളും പങ്കുവഹിച്ചിരിക്കുന്നു. യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.

ശിശുക്കളെ ചികിത്സിക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള ചില ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധരുടെ പ്രതികരണം എനിക്കു പ്രത്യേകിച്ചും പ്രോത്സാഹജനകമായിരുന്നിട്ടുണ്ട്‌. രണ്ടു വർഷക്കാലം ഞങ്ങൾ, രണ്ടു സർജന്മാരും അവരുടെ കൂടെ പ്രവർത്തിക്കുന്ന അനസ്‌തേഷ്യോളജിസ്റ്റുകളും ഉൾപ്പെടുന്ന ഒരു സംഘത്തെ ക്രമമായി സന്ദർശിച്ചു. ഈ രംഗത്തെ മറ്റു ഡോക്ടർമാരുടെ പ്രവർത്തനങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന വൈദ്യശാസ്‌ത്ര പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ അവർക്ക്‌ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. ശിശുക്കളിലെ ഹൃദയ-രക്തക്കുഴൽ ശസ്‌ത്രക്രിയയെ കുറിച്ച്‌ 1999-ൽ നടന്ന മെഡിക്കൽ കോൺഫറൻസ്‌ സമയത്ത്‌ ഞങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടു. ഇംഗ്ലണ്ടിൽനിന്നുള്ള സഹകരണ മനോഭാവമുള്ള ഒരു സർജന്റെ വിദഗ്‌ധ നേതൃത്വത്തിൽ മേൽപ്പറഞ്ഞ രണ്ടു സർജന്മാർ സാക്ഷികളായ മാതാപിതാക്കളുടെ ഒരു കുഞ്ഞിന്‌ മഹാധമനീമുഖത്തുള്ള വാൽവിന്റെ തകരാറ്‌ പരിഹരിക്കുന്നതിനായുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു ശസ്‌ത്രക്രിയ നടത്തി. * കുടുംബത്തിന്റെ മനസ്സാക്ഷിയെ മാനിച്ചുകൊണ്ടുതന്നെ ഓപ്പറേഷൻ വിജയകരമായി നടത്തിയതായി സർജന്മാരിൽ ഒരാൾ തിയറ്ററിനു വെളിയിൽ വന്ന്‌ പറഞ്ഞപ്പോൾ കുട്ടിയുടെ മാതാപിതാക്കളോടൊപ്പം ഞാനും സന്തോഷിച്ചു. ഇപ്പോൾ ഈ രണ്ടു ഡോക്ടർമാരും സ്‌പെയിനിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സാക്ഷികളായ രോഗികളെ പതിവായി ചികിത്സിക്കുന്നുണ്ട്‌.

ഇത്തരം സന്ദർഭങ്ങളിൽ എനിക്ക്‌ ഏറ്റവുമധികം സംതൃപ്‌തി നൽകുന്നത്‌ എനിക്കെന്റെ ക്രിസ്‌തീയ സഹോദരന്മാരെ സഹായിക്കാനാകുന്നു എന്ന അറിവാണ്‌. സാധാരണഗതിയിൽ അവർ ആശുപത്രി ഏകോപന സമിതിയെ സമീപിക്കുന്നത്‌ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഒരു സാഹചര്യത്തിലാണ്‌. അടിയന്തിരമായി ശസ്‌ത്രക്രിയ നടത്തണം, എന്നാൽ പ്രാദേശിക ആശുപത്രികളിലെ ഡോക്ടർമാർക്ക്‌ രക്തം കൂടാതെ ചികിത്സിക്കാനാവില്ല അല്ലെങ്കിൽ അവർ അതിനു തയ്യാറല്ല. എന്നാൽ, ഇവിടെ മാഡ്രിഡിൽ ഏതു വൈദ്യശാസ്‌ത്ര വിഭാഗത്തിൽ വേണമെങ്കിലും നമ്മളുമായി സഹകരിക്കാൻ സന്നദ്ധരായ ഡോക്ടർമാർ ഉണ്ടെന്ന്‌ അറിയുമ്പോൾ സഹോദരങ്ങൾക്ക്‌ എത്രമാത്രം ആശ്വാസമാണ്‌ ലഭിക്കുന്നതെന്നോ. ആശുപത്രിയിൽ ഞങ്ങളെ കാണുന്ന മാത്രയിൽത്തന്നെ സഹോദരങ്ങളുടെ മുഖത്തെ ഉത്‌കണ്‌ഠ മാറി അവർ ശാന്തരായിത്തീരുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌.

ജഡ്‌ജിമാരുടെയും മെഡിക്കൽ എത്തിക്‌സിന്റെയും ലോകം

സമീപ കാലങ്ങളിൽ ആശുപത്രി ഏകോപന സമിതി അംഗങ്ങൾ ജഡ്‌ജിമാരെയും സന്ദർശിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തരം സന്ദർശനങ്ങളിൽ, ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ രക്തം സംബന്ധിച്ച നമ്മുടെ നിലപാടിനെയും രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സകളുടെ ലഭ്യതയെയും കുറിച്ച്‌ അറിയിക്കാനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കുടുംബ സംരക്ഷണവും യഹോവയുടെ സാക്ഷികൾക്കു വേണ്ടിയുള്ള വൈദ്യ നടപടിയും (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണം ഞങ്ങൾ അവർക്കു കൊടുക്കുന്നു. രോഗിയുടെ ആഗ്രഹത്തിന്‌ എതിരായി അവർക്കു രക്തപ്പകർച്ച നൽകാൻ ഡോക്ടർമാർക്ക്‌ അനുമതി നൽകിക്കൊണ്ട്‌ ജഡ്‌ജിമാർ ഉത്തരവിടുന്നത്‌ സ്‌പെയിനിൽ മുമ്പൊക്കെ സാധാരണമായിരുന്നതിനാൽ ഈ സന്ദർശനങ്ങൾ വളരെ ആവശ്യമായിരുന്നു.

ജഡ്‌ജിമാരുടെ മുറികൾ വളരെ പ്രൗഢിയുള്ളവയാണ്‌. എന്റെ ആദ്യ സന്ദർശനത്തിൽ കെട്ടിട ഇടനാഴികളിലൂടെ ചക്രക്കസേരയിലിരുന്ന്‌ പോകുമ്പോൾ ഞാൻ എത്രയോ നിസ്സാരനാണ്‌ എന്ന തോന്നൽ എന്റെ ഉള്ളിൽ കയറിക്കൂടി. അതിനു പുറമേ ഞാൻ കസേരയിൽനിന്നു മുട്ടുകുത്തി നിലത്തു വീഴുകയും ചെയ്‌തു. അത്‌ കണ്ട ചില ജഡ്‌ജിമാരും അഭിഭാഷകരുമൊക്കെ എന്നെ സഹായിക്കാനായി ഓടിയെത്തി. പക്ഷേ അവരുടെയൊക്കെ സാന്നിധ്യത്തിൽ അതു സംഭവിച്ചതു നിമിത്തം എനിക്കാകെ നാണക്കേടു തോന്നി.

ജഡ്‌ജിമാർക്ക്‌ ഞങ്ങളുടെ സന്ദർശന കാരണം അറിയില്ലായിരുന്നെങ്കിലും അവരിൽ മിക്കവരും ഞങ്ങളോടു സൗമ്യമായി ഇടപെട്ടു. ഞാൻ സന്ദർശിച്ച ആദ്യത്തെ ജഡ്‌ജി അപ്പോൾത്തന്നെ നമ്മുടെ നിലപാടിനെ കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളോടു ദീർഘമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. അടുത്ത തവണ സന്ദർശിച്ചപ്പോൾ അദ്ദേഹംതന്നെ വന്ന്‌ ചക്രക്കസേര തള്ളി എന്നെ തന്റെ മുറിയിലേക്കു കൊണ്ടുപോകുകയും ഞങ്ങൾക്കു പറയാനുള്ളത്‌ ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്‌തു. ആദ്യമായി സന്ദർശിച്ച ജഡ്‌ജിയുടെ നല്ല പ്രതികരണം ഞങ്ങളുടെ ഭയത്തെ തരണം ചെയ്യാൻ എന്നെയും മറ്റ്‌ കമ്മിറ്റി അംഗങ്ങളെയും സഹായിച്ചു. അതിന്റെ ഫലമായി താമസിയാതെതന്നെ ഞങ്ങൾക്ക്‌ കൂടുതലായ മറ്റ്‌ നല്ല അനുഭവങ്ങളും ആസ്വദിക്കാൻ കഴിഞ്ഞു.

ആ വർഷംതന്നെ ഞങ്ങൾ മറ്റൊരു ജഡ്‌ജിക്ക്‌ കുടുംബ സംരക്ഷണം പുസ്‌തകം നൽകി. അദ്ദേഹം ഞങ്ങളോടു ദയാപൂർവം ഇടപെടുകയും പുസ്‌തകം വായിക്കാമെന്ന്‌ ഉറപ്പു നൽകുകയും ചെയ്‌തു. എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടാകുന്നെങ്കിൽ ബന്ധപ്പെടുന്നതിനായി ഞാൻ അദ്ദേഹത്തിന്‌ എന്റെ ഫോൺ നമ്പർ നൽകി. രണ്ടാഴ്‌ച കഴിഞ്ഞ്‌ അദ്ദേഹം എന്നെ വിളിച്ചു. ശസ്‌ത്രക്രിയ ആവശ്യമുള്ള ഒരു സാക്ഷിക്ക്‌ രക്തം നൽകാൻ തന്നെ അധികാരപ്പെടുത്തണമെന്നു പറഞ്ഞ്‌ പ്രദേശത്തെ ഒരു സർജൻ അദ്ദേഹത്തെ സമീപിച്ചിരുന്നു. രക്തം വർജിക്കാനുള്ള സാക്ഷിയുടെ ആഗ്രഹത്തെ മാനിക്കുന്ന വിധത്തിൽ പ്രശ്‌നത്തിന്‌ പരിഹാരം കാണാൻ തന്നെ സഹായിക്കണമെന്ന്‌ ജഡ്‌ജി ഞങ്ങളോടു പറഞ്ഞു. രക്തം കൂടാതെ ശസ്‌ത്രക്രിയ നിർവഹിക്കാൻ സന്നദ്ധരായ ഡോക്ടർമാർ ഉള്ള മറ്റൊരു ആശുപത്രി കണ്ടെത്താൻ ഞങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ശസ്‌ത്രക്രിയ വിജയിച്ചു എന്നറിഞ്ഞപ്പോൾ ജഡ്‌ജിക്ക്‌ വലിയ സന്തോഷമായിരുന്നു. ഭാവിയിൽ ഇത്തരം സാഹചര്യങ്ങളെ താൻ ഇങ്ങനെതന്നെ കൈകാര്യം ചെയ്യുമെന്ന്‌ അദ്ദേഹം ഉറപ്പു നൽകി.

ഡോക്ടർമാർ രോഗിയുടെ അവകാശങ്ങളും മനസ്സാക്ഷിയും കണക്കിലെടുക്കണമെന്ന ആഗ്രഹം നാം പ്രകടിപ്പിക്കുന്നതിനാൽ എന്റെ ആശുപത്രി സന്ദർശനങ്ങളിൽ പലപ്പോഴും മെഡിക്കൽ എത്തിക്‌സിനെ കുറിച്ചുള്ള ചോദ്യം പൊന്തിവരുമായിരുന്നു. നമ്മളുമായി സഹകരിച്ചു പ്രവർത്തിച്ച മാഡ്രിഡിലെ ഒരു ആശുപത്രി എത്തിക്‌സിനെ കുറിച്ച്‌ അവർ നടത്തുകയായിരുന്ന ഒരു കോഴ്‌സിൽ സംബന്ധിക്കാൻ എന്നെ ക്ഷണിച്ചു. ഈ കോഴ്‌സ്‌ വൈദ്യശാസ്‌ത്ര രംഗത്തെ അനേകരുടെ മുമ്പാകെ നമ്മുടെ ബൈബിളധിഷ്‌ഠിത വീക്ഷണം അവതരിപ്പിക്കാൻ എന്നെ പ്രാപ്‌തനാക്കി. ഡോക്ടർമാർ നേരിടുന്ന പ്രയാസകരമായ അനേകം തീരുമാനങ്ങളെ കുറിച്ചു മനസ്സിലാക്കാനും അത്‌ എന്നെ സഹായിച്ചു.

അധ്യാപകരിൽ ഒരാളായിരുന്ന പ്രൊഫസർ ഡ്യേഗോ ഗ്രാസ്യാ, സ്‌പാനീഷ്‌ ഡോക്ടർമാർക്കു വേണ്ടി പേരുകേട്ട ഒരു മെഡിക്കൽ എത്തിക്‌സ്‌ കോഴ്‌സ്‌ ക്രമമായി നടത്തി വരുന്ന ആളാണ്‌. രക്തപ്പകർച്ചയുടെ കാര്യത്തിൽ കാര്യജ്ഞാനത്തോടെയുള്ള ഒരു തിരഞ്ഞെടുപ്പ്‌ നടത്താനുള്ള നമ്മുടെ അവകാശത്തെ അദ്ദേഹം ശക്തമായി പിന്താങ്ങിയിരിക്കുന്നു. * അദ്ദേഹവുമായുള്ള ഞങ്ങളുടെ നിരന്തര സമ്പർക്കം നിമിത്തം സ്‌പെയിനിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള ചില പ്രതിനിധികൾക്ക്‌ പ്രൊഫസർ ഗ്രാസ്യായുടെ ബിരുദാനന്തര ബിരുദ വിദ്യാർഥികളോട്‌ നമ്മുടെ നിലപാട്‌ വിശദീകരിക്കാനുള്ള ഒരു അവസരം ലഭിച്ചു. രാജ്യത്തെ ഏറ്റവും നല്ല ഡോക്ടർമാരായി കണക്കാക്കപ്പെടുന്നവരായിരുന്നു ആ വിദ്യാർഥികളിൽ ചിലർ.

യാഥാർഥ്യത്തെ നേരിടുന്നു

സഹവിശ്വാസികൾക്കായി ചെയ്യുന്ന സംതൃപ്‌തികരമായ ഈ വേല എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിരിക്കുന്നു എന്നല്ല പറഞ്ഞുവരുന്നത്‌. എന്റെ രോഗം ഒന്നിനൊന്ന്‌ വഷളായിക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ സന്തോഷകരമെന്നു പറയട്ടെ അത്‌ എന്റെ മാനസിക പ്രാപ്‌തികളെ ബാധിച്ചിട്ടില്ല. ഒരിക്കലും പരാതി പറയാത്ത എന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ എനിക്ക്‌ ഇപ്പോഴും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിയുന്നു. അവരുടെ സഹായവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഇത്‌ അസാധ്യമായിരുന്നേനെ. സ്വന്തമായി പാന്റ്‌സിന്റെ ബട്ടനിടാനോ ഓവർകോട്ട്‌ ധരിക്കാനോ പോലും എനിക്കാവില്ല. എല്ലാ ശനിയാഴ്‌ചയും എന്റെ മകൻ ഇസ്‌മായെലിനോടൊപ്പം പ്രസംഗവേലയിൽ പങ്കുപറ്റുന്നത്‌ ഞാൻ വളരെ ആസ്വദിക്കുന്നു. ചക്രക്കസേരയിലിരുത്തി അവൻ എന്നെ ഓരോ വീട്ടിലേക്കും ഉന്തിക്കൊണ്ടുപോകുമ്പോൾ എനിക്ക്‌ ആ വീട്ടുകാരോടു സംസാരിക്കാൻ കഴിയുന്നു. ഇപ്പോഴും സഭാ മൂപ്പൻ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ എനിക്കു കഴിയുന്നുണ്ട്‌.

കഴിഞ്ഞ 12 വർഷത്തിനിടയിൽ അങ്ങേയറ്റം വേദനാകരമായ ചില സമയങ്ങളെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്‌. ചില സമയങ്ങളിൽ രോഗത്തെക്കാളധികമായി എന്നെ വേദനിപ്പിക്കുന്നത്‌ അത്‌ എന്റെ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നു കാണുന്നതാണ്‌. അവർ അതു പ്രകടിപ്പിക്കാറില്ലെങ്കിലും അവർ കഷ്ടപ്പെടുന്നുണ്ടെന്ന്‌ എനിക്ക്‌ അറിയാം. കുറച്ചു നാൾ മുമ്പ്‌, ഒരു വർഷത്തിനുള്ളിൽത്തന്നെ എന്റെ അമ്മായിയമ്മയും പിതാവും മരിച്ചു. ചക്രക്കസേര കൂടാതെ എനിക്ക്‌ എങ്ങോട്ടും പോകാനാവില്ല എന്ന അവസ്ഥ വന്നതും അതേ വർഷമാണ്‌. എന്റെ പിതാവ്‌ ഞങ്ങളോടൊപ്പമാണ്‌ താമസിച്ചിരുന്നത്‌. എന്റേതു പോലെതന്നെ ആരോഗ്യത്തെ കാർന്നുതിന്നുകൊണ്ടിരുന്ന ഒരു രോഗത്തിന്‌ അടിമയായിരുന്നു അദ്ദേഹവും. അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്ന മിലാഗ്രോസിനു തോന്നിയത്‌ ഭാവിയിൽ എനിക്കു സംഭവിക്കാനിരിക്കുന്നതിന്റെ ഒരു പൂർവവീക്ഷണം ആണ്‌ അതെന്നാണ്‌.

ഇനി, നല്ല വശങ്ങളെ കുറിച്ചു പറഞ്ഞാൽ ഈ പ്രയാസങ്ങളിലൊക്കെയും ഞങ്ങളുടെ കുടുംബം ഒറ്റക്കെട്ടായി നിലനിന്നിരിക്കുന്നു. ഡയറക്ടറുടെ കസേരയ്‌ക്കു പകരം ഇപ്പോൾ എനിക്കുള്ളത്‌ ഒരു ചക്രക്കസേര ആണെങ്കിലും യഥാർഥത്തിൽ എന്റെ ജീവിതം ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു എന്നു പറയാം. മറ്റുള്ളവരെ സേവിക്കുന്നതിനായി ജീവിതം പൂർണമായി സമർപ്പിച്ചിരിക്കുന്നതിനാലാണ്‌ അത്‌. മറ്റുള്ളവർക്കായി നമ്മുടെ സമയവും ഊർജവും ചെലവിടുമ്പോൾ സ്വന്തം വേദനകൾക്ക്‌ ആശ്വാസം ലഭിക്കുന്നു. സഹായം ആവശ്യമുള്ളപ്പോൾ നമ്മെ ശക്തീകരിക്കും എന്ന വാഗ്‌ദാനം യഹോവ തീർച്ചയായും പാലിക്കുകതന്നെ ചെയ്യുന്നു. പൗലൊസിനെ പോലെ എനിക്കും സത്യമായി ഇങ്ങനെ പറയാൻ കഴിയും: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”​—⁠ഫിലിപ്പിയർ 4:13.

[അടിക്കുറിപ്പുകൾ]

^ ഖ. 5 കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു തകരാറാണ്‌ മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്‌. മിക്കപ്പോഴും ഇതിന്റെ ഫലമായി മെല്ലെ ശരീരത്തിന്റെ സമനിലയും കൈകാലുകളുടെ ശേഷിയും നഷ്ടമാകുന്നു, ചിലപ്പോൾ കാഴ്‌ചശക്തിയും സംസാരപ്രാപ്‌തിയും ഗ്രഹണശക്തിയും ക്രമേണ നശിച്ചേക്കാം.

^ ഖ. 19 റോസ്‌ രീതി എന്നാണ്‌ ഈ ശസ്‌ത്രക്രിയ അറിയപ്പെടുന്നത്‌.

^ ഖ. 27 1997 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ 19-20 പേജുകൾ കാണുക.

[24 -ാം പേജിലെ ചതുരം]

ഒരു ഭാര്യയുടെ വാക്കുകൾ

ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്‌ ഉള്ള ഒരു ഇണയോടൊപ്പം ജീവിക്കുക എന്നത്‌ പ്രയാസകരമാണ്‌​—⁠മാനസികമായും വൈകാരികമായും ശാരീരികമായും. ഞാൻ ഓരോ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും യാഥാർഥ്യബോധത്തോടെ ആയിരിക്കണം, അതുപോലെ ഭാവിയെ കുറിച്ച്‌ അനാവശ്യമായി ഉത്‌കണ്‌ഠപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. (മത്തായി 6:34) എന്നിരുന്നാലും യാതനകൾക്ക്‌ ഒരുവനിലെ ഏറ്റവും നല്ല ഗുണങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിയും. ഞങ്ങളുടെ ദാമ്പത്യബന്ധം ഇപ്പോൾ മുമ്പത്തെക്കാൾ ശക്തമാണ്‌, അതുപോലെ യഹോവയുമായും ഞാൻ കൂടുതലായി അടുത്തിരിക്കുന്നു. സമാനമായ സമ്മർദപൂരിത സാഹചര്യങ്ങളിൽ ആയിരിക്കുന്ന മറ്റുള്ളവരുടെ ജീവിതകഥകളും എനിക്കു വളരെയധികം ഉൾക്കരുത്ത്‌ പകർന്നിട്ടുണ്ട്‌. സഹോദരങ്ങൾക്കായുള്ള തന്റെ വിലപ്പെട്ട സേവനത്തിൽനിന്ന്‌ ഹൂല്യാന്‌ ലഭിക്കുന്ന സംതൃപ്‌തി ഞാനും പങ്കിടുന്നു. ഓരോ ദിവസവും പുതിയ വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കാമെങ്കിലും യഹോവ ഒരിക്കലും നമ്മെ കൈവിടുകയില്ല എന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നു.

[24 -ാം പേജിലെ ചതുരം]

ഒരു മകന്റെ വാക്കുകൾ

എന്റെ പിതാവിന്റെ സഹിഷ്‌ണുതയും ക്രിയാത്മക മനോഭാവവും എനിക്ക്‌ ഒരു ഉത്തമ മാതൃകയാണ്‌. അദ്ദേഹത്തെ ചക്രക്കസേരയിൽ ഇരുത്തി ഉന്തിക്കൊണ്ടു പോകുമ്പോൾ ഞാൻ ഉപയോഗമുള്ളവനാണ്‌ എന്ന തോന്നൽ എനിക്കു ലഭിക്കുന്നു. ആഗ്രഹിക്കുന്നതെന്തും എല്ലായ്‌പോഴും ചെയ്യാൻ എനിക്കു കഴിഞ്ഞേക്കില്ല എന്ന്‌ എനിക്കറിയാം. ഞാനിപ്പോൾ ഒരു കൗമാരപ്രായക്കാരനാണ്‌. കുറച്ചു കൂടെ പ്രായമാകുമ്പോൾ ആശുപത്രി ഏകോപന സമിതിയിലെ ഒരംഗമായി സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഷ്ടപ്പാട്‌ താത്‌കാലികമാണെന്ന്‌ ബൈബിൾ വാഗ്‌ദാനങ്ങളിൽനിന്ന്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നു. അതുപോലെ ഞങ്ങളെക്കാൾ അധികം കഷ്ടപ്പെടുന്ന സഹോദരങ്ങൾ ഉണ്ടെന്നും എനിക്ക്‌ അറിയാം.

[22 -ാം പേജിലെ ചിത്രം]

എന്റെ ഭാര്യ എനിക്കു ശക്തിയുടെ ഒരു ഉറവ്‌ ആയിരുന്നിട്ടുണ്ട്‌

[23 -ാം പേജിലെ ചിത്രം]

ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധനായ ഡോ. ഹ്വാൻ ഡ്വാർട്ടെയുമായുള്ള സംഭാഷണത്തിനിടയിൽ

[25 -ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നത്‌ ഞാനും മകനും ആസ്വദിക്കുന്നു