വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

എബ്രായർ 2:​14-ൽ സാത്താനെ “മരണത്തിന്റെ അധികാരി” എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ചുരുക്കി പറഞ്ഞാൽ, സാത്താന്‌ നേരിട്ടോ തന്റെ പിണയാളികൾ മുഖേനയോ മനുഷ്യരുടെ മരണത്തിന്‌ ഇടയാക്കാൻ കഴിയും എന്നാണ്‌ പൗലൊസ്‌ ഉദ്ദേശിച്ചത്‌. സാത്താനെ ‘ആദിമുതൽ കുലപാതകൻ ആയിരുന്നവൻ’ എന്നു യേശു വിളിച്ചത്‌ ഇതിനോടുള്ള ചേർച്ചയിലാണ്‌.​—⁠യോഹന്നാൻ 8:44.

എന്നിരുന്നാലും “മരണത്തിന്റെ അധികാരി” അല്ലെങ്കിൽ ചില ഭാഷാന്തരങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം “മരണത്തിൻമേൽ അധികാരമുള്ള” എന്നീ പ്രയോഗങ്ങൾ തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയാക്കിയേക്കാം. (പി.ഒ.സി. ബൈബിൾ, വാക്യം 15; ഓശാന ബൈബിൾ; ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) കാരണം, ആരെ വേണമെങ്കിലും കൊല്ലാനുള്ള പൂർണ അധികാരം സാത്താന്‌ ഉണ്ടെന്ന ധാരണ ഈ പരിഭാഷകൾ നൽകിയേക്കാം. എന്നാൽ അതു തീർച്ചയായും സത്യമല്ല. കാരണം, അല്ലായിരുന്നെങ്കിൽ സകല സാധ്യതയുമനുസരിച്ച്‌ പണ്ടുതന്നെ സാത്താൻ ഈ ഭൂമുഖത്തുനിന്ന്‌ യഹോവയുടെ സകല ആരാധകരെയും തുടച്ചുനീക്കുമായിരുന്നു.​—⁠ഉല്‌പത്തി 3:15.

“മരണത്തിന്റെ അധികാരി”​—⁠അല്ലെങ്കിൽ പുതിയലോക ഭാഷാന്തരത്തിൽ പറയുന്നതുപോലെ ‘മരണത്തിന്‌ ഇടയാക്കാൻ കഴിവുള്ളവൻ’​—⁠എന്ന പ്രയോഗം “ക്രാറ്റോസ്‌ റ്റൂ താനാറ്റൂ” എന്ന ഗ്രീക്കു പ്രയോഗത്തിന്റെ പരിഭാഷയാണ്‌. റ്റൂ താനാറ്റൂ എന്നത്‌ “മരണം” എന്ന്‌ അർഥം വരുന്ന വാക്കിന്റെ ഒരു രൂപമാണ്‌. അടിസ്ഥാനപരമായി ക്രാറ്റോസ്‌ എന്നതിന്റെ അർഥം “ശക്തി, ബലം” എന്നൊക്കെയാണ്‌. പുതിയനിയമ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) പ്രകാരം അത്‌ “ശക്തിയുടെ അഥവാ ബലത്തിന്റെ പ്രയോഗത്തെക്കാൾ ഉപരി അതിന്റെ സാന്നിധ്യത്തെയും പ്രാധാന്യത്തെയും കുറിക്കുന്നു.” അതുകൊണ്ട്‌ എബ്രായർ 2:​14-ൽ പൗലൊസ്‌ സാത്താന്‌ മരണത്തിന്മേൽ പൂർണ അധികാരം ഉണ്ടെന്നു പറയുകയായിരുന്നില്ല. മറിച്ച്‌ മരണം വരുത്താനുള്ള സാത്താന്റെ കഴിവിലേക്ക്‌ അഥവാ പ്രാപ്‌തിയിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.

‘മരണത്തിന്‌ ഇടയാക്കാനുള്ള കഴിവ്‌’ സാത്താൻ പ്രയോഗിക്കുന്നത്‌ എങ്ങനെയാണ്‌? ഒരുപക്ഷേ തികച്ചും അസാധാരണമായ ഒരു വിധത്തിൽ അവൻ അതു പ്രയോഗിച്ചതിനെ കുറിച്ചുള്ള വിവരണം ഇയ്യോബിന്റെ പുസ്‌തകത്തിൽ നാം വായിക്കുന്നു. വിവരണം പറയുന്ന പ്രകാരം സാത്താൻ ഒരു കൊടുങ്കാറ്റ്‌ ഉപയോഗിച്ച്‌ ഇയ്യോബിന്റെ മക്കളുടെ ‘മരണത്തിന്‌ ഇടയാക്കി.’ എങ്കിലും ദൈവത്തിന്റെ അനുവാദത്താൽ മാത്രമേ അവന്‌ ഇതു ചെയ്യാൻ കഴിഞ്ഞുള്ളു എന്നതു ശ്രദ്ധിക്കുക. ദൈവം ആ അനുവാദം നൽകിയതാകട്ടെ ഒരു പ്രധാനപ്പെട്ട വിവാദപ്രശ്‌നത്തിന്‌ തീർപ്പുകൽപ്പിക്കാനാണ്‌. (ഇയ്യോബ്‌ 1:​12, 18, 19) എന്നാൽ ഇയ്യോബിന്റെ കാര്യത്തിൽ സാത്താന്‌ അവനെ കൊല്ലാൻ കഴിഞ്ഞില്ല, കാരണം അതിനുള്ള അനുവാദം അവനു ലഭിച്ചിരുന്നില്ല. (ഇയ്യോബ്‌ 2:⁠6) ഇതു കാണിക്കുന്നത്‌ ചിലപ്പോഴൊക്കെ വിശ്വസ്‌ത മനുഷ്യരുടെ മരണത്തിന്‌ ഇടയാക്കാൻ സാത്താനു കഴിഞ്ഞിട്ടുണ്ടെങ്കിലും തന്റെ ഇഷ്ടാനുസരണം അവന്‌ നമ്മുടെ ജീവൻ എടുത്തുകളയാനാകില്ല എന്നാണ്‌.

മനുഷ്യ ഏജന്റുമാർ മുഖേനയും സാത്താൻ മരണത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. അങ്ങനെ അനേകം ക്രിസ്‌ത്യാനികൾക്ക്‌ തങ്ങളുടെ വിശ്വാസത്തെ പ്രതി മരിക്കേണ്ടി വന്നിട്ടുണ്ട്‌. ഇവരിൽ ചിലർ കോപാകുലരായ ജനക്കൂട്ടങ്ങളുടെ കൈയാൽ മരിക്കുകയായിരുന്നു. മറ്റു ചിലരാകട്ടെ ഗവൺമെന്റ്‌ അധികാരികളോ നീചരായ ന്യായാധിപന്മാരോ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അന്യായമായി വധിക്കപ്പെടുകയായിരുന്നു.​—⁠വെളിപ്പാടു 2:13.

ഇനി, ചില സമയങ്ങളിൽ മാനുഷിക ബലഹീനതകളെ മുതലെടുത്തുകൊണ്ടും സാത്താൻ ആളുകളുടെ മരണത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. പുരാതന ഇസ്രായേല്യരുടെ കാലത്ത്‌, “കർത്താവിനെതിരേ തെററുചെയ്യാൻ” തക്കവണ്ണം ഇസ്രായേല്യരെ പ്രേരിപ്പിക്കാൻ പ്രവാചകനായ ബിലെയാം മോവാബ്യരെ ഉപദേശിച്ചു. (സംഖ്യാപുസ്‌തകം 31:​16, പി.ഒ.സി. ബൈ.) അത്‌ 23,000-ത്തിലധികം ഇസ്രായേല്യരുടെ മരണത്തിന്‌ ഇടയാക്കി. (സംഖ്യാപുസ്‌തകം 25:9; 1 കൊരിന്ത്യർ 10:⁠8) സമാനമായി ഇന്ന്‌ ചിലർ സാത്താന്റെ ‘തന്ത്രങ്ങളാൽ’ വശീകരിക്കപ്പെട്ട്‌ ലൈംഗിക അധാർമികതയിലേക്കും മറ്റു ഭക്തികെട്ട നടപടികളിലേക്കും വീണു പോകുന്നു. (എഫെസ്യർ 6:11) മിക്കപ്പോഴും അത്തരത്തിലുള്ളവർക്ക്‌ ഉടനെ ജീവൻ നഷ്ടപ്പെടുന്നില്ല എന്നത്‌ ശരിയാണ്‌. എന്നിരുന്നാലും അവരുടെ നിത്യജീവൻ അപകടത്തിലായിത്തീരുന്നു. ആ അർഥത്തിൽ സാത്താൻ അവരുടെ മരണത്തിന്‌ ഇടയാക്കുന്നുവെന്നു പറയാവുന്നതാണ്‌.

ദ്രോഹിക്കാനുള്ള ശക്തി സാത്താന്‌ ഉണ്ടെന്ന്‌ അറിയാമെങ്കിലും നാം അവനെ വല്ലാതെ ഭയപ്പെടേണ്ടതില്ല. സാത്താന്‌ മരണത്തിന്‌ ഇടയാക്കാനുള്ള കഴിവ്‌ ഉണ്ടെന്നു പറഞ്ഞപ്പോൾത്തന്നെ ‘പിശാചിനെ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിക്കാൻ’ തക്കവണ്ണം ക്രിസ്‌തു മരിച്ചെന്നും പൗലൊസ്‌ പറഞ്ഞു. (എബ്രായർ 2:​14, 15) അതേ, യേശു മറുവില നൽകിക്കൊണ്ട്‌ വിശ്വസിക്കുന്ന മനുഷ്യവർഗത്തെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു മോചിപ്പിച്ചു.​—⁠2 തിമൊഥെയൊസ്‌ 1:10.

സാത്താന്‌ മരണത്തിന്‌ ഇടയാക്കാൻ കഴിയുമെന്ന അറിവ്‌ ചിന്തയ്‌ക്കു വകനൽകുന്നു എങ്കിലും സാത്താനും അവന്റെ ഏജന്റുമാരും വരുത്തുന്ന ഏതു ദോഷവും നീക്കിക്കളയാൻ യഹോവയ്‌ക്കു കഴിയുമെന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ട്‌. പുനരുത്ഥാനം പ്രാപിച്ച യേശു ‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കും’ എന്ന്‌ യഹോവ നമുക്ക്‌ ഉറപ്പു നൽകുന്നു. (1 യോഹന്നാൻ 3:⁠8) യഹോവയുടെ ശക്തിയാൽ യേശു മരിച്ചവരെ ഉയിർപ്പിക്കുകയും മരണത്തെത്തന്നെ നീക്കിക്കളയുകയും ചെയ്യും. (യോഹന്നാൻ 5:​28, 29) കാലാന്തരത്തിൽ യേശു സാത്താനെ അഗാധത്തിൽ അടച്ചുകൊണ്ട്‌ അവന്റെ അധികാരം എത്ര പരിമിതമായിരുന്നു എന്നു വെളിപ്പെടുത്തും. ഒടുവിൽ അവൻ നിത്യമായി നശിപ്പിക്കപ്പെടുകയും ചെയ്യും.​—⁠വെളിപ്പാടു 20:​1-10.