വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹം അത്യന്താപേക്ഷിതം

സ്‌നേഹം അത്യന്താപേക്ഷിതം

സ്‌നേഹം അത്യന്താപേക്ഷിതം

സംസ്‌കാരം, ഭാഷ, വർഗം, പ്രായം, എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരും സ്‌നേഹത്തിനായി വാഞ്‌ഛിക്കുന്നു. ആ ആവശ്യം നിറവേറ്റപ്പെടാത്ത പക്ഷം അവർ സന്തുഷ്ടരായിരിക്കുകയില്ല. ഒരു വൈദ്യശാസ്‌ത്ര ഗവേഷകൻ എഴുതി: “നമ്മെ രോഗഗ്രസ്‌തരും ആരോഗ്യവാന്മാരും ആക്കുന്നതിൽ, നമുക്ക്‌ സന്തോഷവും സന്താപവും കൈവരുത്തുന്നതിൽ, നമ്മെ ദുരിതത്തിലാഴ്‌ത്തുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതിൽ സ്‌നേഹവും അടുപ്പവും നിർണായക പങ്കു വഹിക്കുന്നു. ഇതേ ഫലം ഉളവാക്കുന്ന ഒരു ഔഷധം കണ്ടുപിടിച്ചാൽ രാജ്യത്തെ സകല ഡോക്ടർമാരും അത്‌ രോഗികൾക്കു കുറിച്ചുകൊടുക്കും. അങ്ങനെ ചെയ്യാതിരിക്കുന്നത്‌ വലിയ തെറ്റായിരിക്കും.”

എന്നാൽ ആധുനിക സമൂഹം, പ്രത്യേകിച്ച്‌ മാധ്യമങ്ങളും മാതൃകയോഗ്യരായി കണക്കാക്കപ്പെടുന്ന ജനപ്രീതിയുള്ള വ്യക്തികളും, മിക്കപ്പോഴും സ്‌നേഹോഷ്‌മളമായ ബന്ധങ്ങൾക്കായുള്ള മനുഷ്യന്റെ ആവശ്യത്തെക്കാൾ വില കൽപ്പിക്കുന്നത്‌ സമ്പത്ത്‌, അധികാരം, പ്രശസ്‌തി, ലൈംഗികത എന്നിവയ്‌ക്കൊക്കെയാണ്‌. പല വിദ്യാഭ്യാസ വിചക്ഷണരും ലൗകിക ലക്ഷ്യങ്ങൾക്കും തൊഴിലിനും ഊന്നൽ നൽകുന്നു. അവയുടെ അടിസ്ഥാനത്തിലാണ്‌ അവർ മുഖ്യമായും വിജയത്തെ അളക്കുന്നത്‌. വിദ്യാഭ്യാസം നേടേണ്ടതും നമുക്കുള്ള പ്രാപ്‌തികൾ വികസിപ്പിക്കേണ്ടതുമൊക്കെ പ്രധാനമാണ്‌ എന്നതു ശരിതന്നെ. എന്നാൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കേണ്ട സമയം ബലികഴിക്കാൻ മാത്രം പ്രാധാന്യമുള്ള കാര്യങ്ങളാണോ അവ? മനുഷ്യ പ്രകൃതം സൂക്ഷ്‌മമായി നിരീക്ഷിച്ച വിദ്യാസമ്പന്നനായ ഒരു പുരാതന എഴുത്തുകാരൻ വളരെയധികം കഴിവുകളുള്ള, എന്നാൽ സ്‌നേഹമില്ലാത്ത ഒരു വ്യക്തിയെ ‘മുഴങ്ങുന്ന ചെമ്പിനോടും ചിലമ്പുന്ന കൈത്താളത്തോടും’ ഉപമിച്ചു. (1 കൊരിന്ത്യർ 13:⁠1) അത്തരം ആളുകൾ ധനികരായിത്തീർന്നേക്കാം, പ്രശസ്‌തി കൈവരിക്കുകപോലും ചെയ്‌തേക്കാം. എന്നാൽ അവർ ഒരിക്കലും യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നില്ല.

മനുഷ്യരെ കുറിച്ച്‌ ആഴമായ ഗ്രാഹ്യവും അവരോട്‌ പ്രത്യേക അടുപ്പവും ഉണ്ടായിരുന്ന യേശുക്രിസ്‌തു തന്റെ പഠിപ്പിക്കലിൽ ഏറ്റവും പ്രാധാന്യം നൽകിയത്‌ ദൈവത്തോടും അയൽക്കാരോടുമുള്ള സ്‌നേഹത്തിനായിരുന്നു. അവൻ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. . . . കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” (മത്തായി 22:37-39) ഈ വാക്കുകൾ അനുസരിക്കുന്നവർക്കു മാത്രമേ യഥാർഥത്തിൽ യേശുവിന്റെ അനുഗാമികളായിരിക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട്‌ അവൻ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”​—⁠യോഹന്നാൻ 13:35.

എന്നാൽ ഇന്നത്തെ ലോകത്തിൽ സ്‌നേഹം നട്ടുവളർത്താൻ ഒരുവന്‌ എങ്ങനെ കഴിയും? സ്‌നേഹിക്കാൻ തങ്ങളുടെ കുട്ടികളെ മാതാപിതാക്കൾക്ക്‌ എങ്ങനെ പഠിപ്പിക്കാം? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യും.

[3 -ാം പേജിലെ ചിത്രങ്ങൾ]

അത്യാഗ്രഹം കൊടികുത്തിവാഴുന്ന ഒരു ലോകത്തിൽ സ്‌നേഹം നട്ടുവളർത്തുന്നത്‌ ഒരു വെല്ലുവിളിയാണ്‌