വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൂസിബിയസ്‌—“സഭാചരിത്രത്തിന്റെ പിതാവ്‌”?

യൂസിബിയസ്‌—“സഭാചരിത്രത്തിന്റെ പിതാവ്‌”?

യൂസിബിയസ്‌—“സഭാചരിത്രത്തിന്റെ പിതാവ്‌”?

പൊ.യു. 325-ൽ, റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്‌ൻ എല്ലാ ബിഷപ്പുമാരെയും നിഖ്യായിലേക്കു വിളിപ്പിച്ചു. എന്തായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം? ദൈവവും അവന്റെ പുത്രനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച, ഏറെ വിവാദം ഉയർത്തിയ വിഷയത്തിനു തീർപ്പു കൽപ്പിക്കുക. സന്നിഹിതരായിരുന്നവരുടെ കൂട്ടത്തിൽ ആ കാലഘട്ടത്തിലെ ഏറ്റവും അഭിജ്ഞനായ വ്യക്തിയായി കണക്കാക്കപ്പെട്ട, കൈസര്യയിലെ യൂസിബിയസും ഉണ്ടായിരുന്നു. തിരുവെഴുത്തുകൾ വളരെ ഉത്സാഹത്തോടെ പഠിച്ചിട്ടുണ്ടായിരുന്ന അദ്ദേഹം ക്രിസ്‌തീയ ഏകദൈവവിശ്വാസത്തിന്റെ പ്രതിവാദി കൂടി ആയിരുന്നു.

നിഖ്യാ സുന്നഹദോസിന്‌ “ആധ്യക്ഷ്യം വഹിച്ചത്‌ കോൺസ്റ്റന്റയ്‌ൻതന്നെ ആയിരുന്നു” എന്ന്‌ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. അദ്ദേഹം “ചർച്ചകൾക്ക്‌ സജീവമായി നേതൃത്വം നൽകി. . . . സുന്നഹദോസ്‌ പുറപ്പെടുവിച്ച വിശ്വാസപ്രമാണത്തിൽ അടങ്ങിയിരിക്കുന്ന, ദൈവത്തോടുള്ള ക്രിസ്‌തുവിന്റെ ബന്ധത്തെ പ്രകടമാക്കുന്ന നിർണായക സൂത്രവാക്യം​—⁠‘പിതാവുമായി സത്തയിലുള്ള സമത്വം’ എന്ന ആശയം​—⁠വ്യക്തിപരമായി നിർദ്ദേശിച്ചതും അദ്ദേഹമാണ്‌. . . . ചക്രവർത്തിയെ ഭയന്ന്‌ രണ്ടു ബിഷപ്പുമാർ ഒഴികെ എല്ലാവരും വിശ്വാസപ്രമാണത്തിൽ ഒപ്പിട്ടു. അവരിൽ പലരും തങ്ങളുടെ ബോധ്യത്തിനു വിരുദ്ധമായിട്ടാണ്‌ അതു ചെയ്‌തത്‌.” ഒപ്പിടുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിന്നവരിൽ ഒരാൾ യൂസിബിയസ്‌ ആയിരുന്നോ? അദ്ദേഹം കൈക്കൊണ്ട നിലപാടിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും? നമുക്ക്‌ യൂസിബിയസിന്റെ പശ്ചാത്തലത്തെ കുറിച്ച്‌​—⁠അദ്ദേഹത്തിന്റെ യോഗ്യതകളെയും നേട്ടങ്ങളെയും കുറിച്ച്‌​—⁠പരിചിന്തിക്കാം.

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ

സാധ്യതയനുസരിച്ച്‌ പാലസ്‌തീനിലാണ്‌ യൂസിബിയസ്‌ ജനിച്ചത്‌, പൊ.യു. ഏകദേശം 260-ൽ. ചെറുപ്പത്തിൽത്തന്നെ അദ്ദേഹം കൈസര്യയിലെ സഭയുടെ ഒരു മേലധ്യക്ഷൻ ആയിരുന്ന പാംഫിലസുമായി ബന്ധം പുലർത്തിയിരുന്നു. പാംഫിലസിന്റെ ദൈവശാസ്‌ത്ര സ്‌കൂളിൽ ചേർന്നു പഠനം ആരംഭിച്ച യൂസിബിയസ്‌ ഉത്സാഹിയായ ഒരു വിദ്യാർഥിയായിരുന്നു. പാംഫിലസിന്റെ വൻ ഗ്രന്ഥശേഖരം അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തി. അദ്ദേഹം പഠനത്തിൽ, വിശേഷിച്ചും ബൈബിൾ പഠനത്തിൽ, മുഴുകി. യൂസിബിയസ്‌ പാംഫിലസിന്റെ വിശ്വസ്‌ത സുഹൃത്തായിത്തീർന്നു. പിൽക്കാലത്ത്‌, “പാംഫിലസിന്റെ യൂസിബിയസ്‌” എന്ന്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുകപോലും ചെയ്‌തു.

തന്റെ ലക്ഷ്യങ്ങളെ കുറിച്ച്‌ യൂസിബിയസ്‌ ഇങ്ങനെ എഴുതി: “വിശുദ്ധ അപ്പൊസ്‌തലന്മാരുടെ പിന്തുടർച്ചയെയും നമ്മുടെ രക്ഷകന്റെ നാൾ മുതൽ നമ്മുടെ നാൾ വരെയുള്ള കാലഘട്ടത്തെയും കുറിച്ച്‌ ഒരു വിവരണം എഴുതുക; സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള നിരവധി വരുന്ന സുപ്രധാന സംഭവങ്ങൾ അരങ്ങേറിയത്‌ എങ്ങനെയൊക്കെയാണെന്നു വിവരിക്കുക; ഏറ്റവും പ്രമുഖമായ ഇടവകകളിൽ സഭയുടെമേൽ ആധ്യക്ഷ്യം വഹിക്കുകയും അതിനെ ഭരിക്കുകയും ചെയ്‌തവരെയും ഓരോ തലമുറയിലും ദിവ്യവചനം വാചികമായോ ലിഖിതമായോ ഘോഷിച്ചവരെയും കുറിച്ച്‌ പ്രതിപാദിക്കുക; ഇവയെല്ലാമാണ്‌ എന്റെ ഉദ്ദേശ്യം.”

ക്രിസ്‌തീയസഭാചരിത്രം (ഇംഗ്ലീഷ്‌) എന്ന യൂസിബിയസിന്റെ വിഖ്യാത കൃതി അദ്ദേഹത്തിന്‌ വലിയ പ്രസിദ്ധി നേടിക്കൊടുത്തു. ഏതാണ്ട്‌ പൊ.യു. 324-ലാണ്‌ ഇതിന്റെ പത്തു വാല്യങ്ങൾ പ്രസിദ്ധീകരിച്ചത്‌. പുരാതന നാളുകളിൽ രചിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട സഭാചരിത്രമായി ഇവ വീക്ഷിക്കപ്പെടുന്നു. ഈ നേട്ടത്തിന്റെ ഫലമായി യൂസിബിയസ്‌ സഭാചരിത്രത്തിന്റെ പിതാവ്‌ എന്ന്‌ അറിയപ്പെടാനിടയായി.

സഭാചരിത്രത്തിനു പുറമേ, യൂസിബിയസ്‌ രണ്ട്‌ വാല്യങ്ങളിലായി പുരാവൃത്താഖ്യാനം (ഇംഗ്ലീഷ്‌) എഴുതിയുണ്ടാക്കി. ഇതിൽ ആദ്യത്തേത്‌ ലോകചരിത്രത്തിന്റെ ഒരു സംഗ്രഹമായിരുന്നു. നാലാം നൂറ്റാണ്ടിൽ ഇത്‌ ലോക കാലാനുക്രമചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കുള്ള ഒരു പ്രമാണ പരാമർശഗ്രന്ഥമായി മാറി. രണ്ടാമത്തെ വാല്യം ചരിത്രസംഭവങ്ങൾ അരങ്ങേറിയ തീയതികളെ പരാമർശിക്കുന്നതായിരുന്നു. സമാന്തര കോളങ്ങളിലായി യൂസിബിയസ്‌ വിവിധ രാഷ്‌ട്രങ്ങളുടെ ഭരണാധികാരികളുടെയും അവരുടെ പിന്തുടർച്ചക്കാരുടെയും പേരുകൾ രേഖപ്പെടുത്തി.

പാലസ്‌തീനിലെ രക്തസാക്ഷികൾ (ഇംഗ്ലീഷ്‌), കോൺസ്റ്റന്റയ്‌ന്റെ ജീവിതം (ഇംഗ്ലീഷ്‌) എന്നിങ്ങനെ വേറെ രണ്ട്‌ ഐതിഹാസിക കൃതികളും യൂസിബിയസ്‌ രചിച്ചു. ഇതിൽ ആദ്യത്തേത്‌ പൊ.യു. 303-310 കാലഘട്ടത്തിൽ നടന്ന സംഭവങ്ങൾ ചർച്ച ചെയ്യുന്നു, അന്ന്‌ രക്തസാക്ഷിത്വം വരിച്ചവരെ കുറിച്ചുള്ള വിവരങ്ങളാണ്‌ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. യൂസിബിയസ്‌ ഈ സംഭവങ്ങൾക്ക്‌ ഒരു ദൃക്‌സാക്ഷി ആയിരുന്നിരിക്കാം. രണ്ടാമത്തെ കൃതി നാലു പുസ്‌തകങ്ങളുടെ ഒരു സെറ്റ്‌ ആയിട്ടാണു പ്രസിദ്ധീകരിച്ചത്‌, പൊ.യു. 337-ൽ കോൺസ്റ്റന്റയ്‌ൻ ചക്രവർത്തിയുടെ മരണശേഷം. ഇതിൽ വിലപ്പെട്ട ചരിത്ര വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ആഖ്യാനശൈലി ഒരു ചരിത്രവിവരണത്തിന്റേതു പോലുള്ളതല്ല, മറിച്ച്‌ പ്രധാനമായും ഒരു സ്‌തുതികീർത്തനത്തിന്റേതു പോലുള്ളതാണ്‌.

യൂസിബിയസ്‌ രചിച്ച വിശ്വാസപ്രതിവാദത്തിന്റേതായ കൃതികളിൽ, സമകാലീന റോമൻ ഗവർണർ ആയിരുന്ന ഹൈയെറോക്ലിസിനുള്ള മറുപടി അടങ്ങിയിരിക്കുന്നു. ഹൈയെറോക്ലിസ്‌ ക്രിസ്‌ത്യാനികൾക്കെതിരെ എഴുതിയപ്പോൾ യൂസിബിയസ്‌ അവർക്കുവേണ്ടി പ്രതിവാദിച്ചു. കൂടാതെ, തിരുവെഴുത്തുകൾ ദിവ്യനിശ്വസ്‌തമാണ്‌ എന്ന വസ്‌തുതയെ പിന്താങ്ങുന്ന 35 പുസ്‌തകങ്ങൾ അദ്ദേഹം എഴുതി. ഈ ഗണത്തിൽപ്പെട്ട കൃതികളിൽ ഏറ്റവും പ്രധാനവും ഏറ്റവുമധികം വിശദാംശങ്ങൾ അടങ്ങിയതുമായ ഗ്രന്ഥങ്ങളാണ്‌ ഇവ. ഇതിൽ ആദ്യത്തെ 15 എണ്ണം, എബ്രായരുടെ വിശുദ്ധ എഴുത്തുകൾ ക്രിസ്‌ത്യാനികൾ അംഗീകരിച്ചതിനുള്ള ന്യായങ്ങൾ നൽകുന്നു. മറ്റ്‌ 20 പുസ്‌തകങ്ങൾ ക്രിസ്‌ത്യാനികൾ യഹൂദ ചട്ടങ്ങളെ വിട്ട്‌ പുതിയ തത്ത്വങ്ങളും സമ്പ്രദായങ്ങളും സ്വീകരിച്ചത്‌ ഉചിതമാണ്‌ എന്നതിനുള്ള തെളിവുകൾ നൽകുന്നു. ഈ പുസ്‌തകങ്ങൾ മൊത്തത്തിൽ, യൂസിബിയസിന്റെ കാഴ്‌ചപ്പാടിലുള്ള ക്രിസ്‌ത്യാനിത്വത്തിനുവേണ്ടി വളരെ സമഗ്രമായി പ്രതിവാദം നടത്തുന്നു.

യൂസിബിയസ്‌ ഏതാണ്ട്‌ 80 വയസ്സുവരെ (പൊ.യു. ഏകദേശം 260-പൊ.യു. ഏകദേശം 340) ജീവിച്ചു. പുരാതനകാലത്തെ ഏറ്റവുമധികം കൃതികൾ രചിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. യൂസിബിയസിന്റെ കൃതികൾ, ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിലും കോൺസ്റ്റന്റയ്‌ൻ ചക്രവർത്തിയുടെ കാലം വരെയും നടന്ന സംഭവങ്ങൾ ഉൾക്കൊള്ളുന്നു. ജീവിതത്തിന്റെ പിന്നീടുള്ള നാളുകളിൽ അദ്ദേഹം ഒരു എഴുത്തുകാരൻ എന്നതിനു പുറമേ കൈസര്യയിലെ ഒരു ബിഷപ്പ്‌ കൂടെയായിരുന്നു. ചരിത്രകാരൻ എന്ന നിലയിലാണ്‌ അറിയപ്പെടുന്നതെങ്കിലും യൂസിബിയസ്‌ ഒരു മതപ്രതിവാദിയും ഭൂപടനിർമാതാവും മതപ്രചാരകനും നിരൂപകനും വ്യാഖ്യാതകൃത്തും ആയിരുന്നു.

അദ്ദേഹത്തിന്റെ രണ്ട്‌ ഉദ്ദേശ്യങ്ങൾ

മുമ്പ്‌ ആരും ചെയ്‌തിട്ടില്ലാത്ത വിധത്തിലുള്ള ഇത്ര ബൃഹത്തായ സംരംഭങ്ങൾ യൂസിബിയസ്‌ ഏറ്റെടുത്തത്‌ എന്തുകൊണ്ടായിരുന്നു? ഒരു പുതിയ യുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലത്താണ്‌ താൻ ജീവിക്കുന്നത്‌ എന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. കഴിഞ്ഞ തലമുറകളിൽ വലിയ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടെന്നും വരുംതലമുറകൾക്കായി അവ എഴുതിവെക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിനു തോന്നി.

യൂസിബിയസിന്‌ മറ്റൊരു ഉദ്ദേശ്യംകൂടി ഉണ്ടായിരുന്നു​—⁠തന്റെ മതത്തിനുവേണ്ടി പ്രതിവാദം നടത്തുക. ക്രിസ്‌ത്യാനിത്വം ദൈവത്തിൽനിന്നുള്ളതാണ്‌ എന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ ചിലർ ഈ ആശയത്തോടു വിയോജിച്ചു. യൂസിബിയസ്‌ ഇങ്ങനെ എഴുതി: “പുതിയ ആശയങ്ങൾക്കു രൂപം നൽകാനുള്ള ആഗ്രഹത്താൽ വലിയ പിശകുകൾ വരുത്തുകയും വിജ്ഞാനം എന്നു വ്യാജമായി പേർ വിളിക്കപ്പെടുന്നതിന്റെ അനാച്ഛാദകർ എന്ന്‌ സ്വയം പ്രഖ്യാപിക്കുകയും ചെന്നായ്‌ക്കളെപ്പോലെ ക്രിസ്‌തുവിന്റെ അജഗണത്തെ നിഷ്‌കരുണം കടിച്ചുകീറുകയും ചെയ്‌തിരിക്കുന്നവരുടെ പേരും എണ്ണവുമെല്ലാം നൽകുക എന്നുള്ളതും എന്റെ ഉദ്ദേശ്യമാണ്‌.”

യൂസിബിയസ്‌ തന്നെത്തന്നെ ഒരു ക്രിസ്‌ത്യാനി ആയി കണക്കാക്കിയിരുന്നോ? കണക്കാക്കിയിരുന്നെന്നു തോന്നുന്നു, കാരണം അദ്ദേഹം ക്രിസ്‌തുവിനെ ‘നമ്മുടെ രക്ഷകൻ’ എന്ന്‌ പരാമർശിച്ചു. അദ്ദേഹം ഇങ്ങനെ പ്രസ്‌താവിച്ചു: “നമ്മുടെ രക്ഷകനെതിരെ നടത്തിയ ഗൂഢതന്ത്രങ്ങളുടെ അനന്തരഫലങ്ങൾ എന്ന നിലയിൽ മുഴു യഹൂദ ജനതയുടെയും മേൽ പൊടുന്നനെ വന്നു ഭവിച്ച അനർഥങ്ങളെ കുറിച്ചു വിവരിക്കാൻ . . .  ഞാൻ ആഗ്രഹിക്കുന്നു. വിജാതീയർ ദൈവവചനത്തെ എത്ര തവണ, എതെല്ലാം വിധങ്ങളിൽ ആക്രമിച്ചു എന്ന്‌ രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതുപോലെ, മരണവും കഠിനമായ പീഡനങ്ങളും വകവെക്കാതെ ദൈവവചനത്തിനുവേണ്ടി പോരാടിയിട്ടുള്ള വിവിധ കാലഘട്ടങ്ങളിലെ ആളുകളുടെ സ്വഭാവത്തെയും നമ്മുടെ ഈ നാളുകളിൽ നടന്നിട്ടുള്ള വിശ്വസ്‌തതയുടെ പ്രകടനങ്ങളെയും അങ്ങനെയുള്ളവർക്കെല്ലാം നമ്മുടെ രക്ഷകൻ നൽകിയിട്ടുള്ള കരുണാർദ്രമായ സഹായത്തെയും കുറിച്ചു വിവരിക്കുക എന്നതും എന്റെ ഉദ്ദേശ്യമാണ്‌.”

അദ്ദേഹത്തിന്റെ വിപുലമായ ഗവേഷണം

യൂസിബിയസ്‌ വ്യക്തിപരമായി വായിക്കുകയും പരാമർശിക്കുകയും ചെയ്‌ത പുസ്‌തകങ്ങൾക്ക്‌ കണക്കില്ല. പൊതുയുഗത്തിലെ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പ്രമുഖരായ പല വ്യക്തികളെയും കുറിച്ച്‌ അറിയാൻ കഴിയുന്നത്‌ യൂസിബിയസിന്റെ രചനകളിലൂടെ മാത്രമാണ്‌. അതുപോലെ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ വെളിപ്പെടുത്തുന്ന വിവരണങ്ങളും അദ്ദേഹത്തിന്റെ രചനകളിൽ മാത്രമേ കാണാൻ കഴിയൂ. ഏതെല്ലാം ഉറവിടങ്ങളിൽനിന്നാണോ അത്തരം വിവരങ്ങൾ അദ്ദേഹം ശേഖരിച്ചത്‌ അവയൊന്നും ഇന്നു ലഭ്യമല്ല.

വളരെ പ്രയത്‌നിച്ചാണ്‌ തന്റെ രചനകൾക്ക്‌ ആധാരമായ വിവരങ്ങൾ യൂസിബിയസ്‌ ശേഖരിച്ചിരുന്നത്‌. അതുപോലെ അദ്ദേഹത്തിന്റെ അന്വേഷണം സമഗ്രവുമായിരുന്നു. ആശ്രയയോഗ്യവും അല്ലാത്തതുമായ റിപ്പോർട്ടുകളെ തമ്മിൽ വേർതിരിച്ചറിയാൻ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നതായി കാണാം. എങ്കിലും അദ്ദേഹത്തിന്റെ കൃതികൾ കുറ്റമറ്റവയാണെന്നു പറയാനാവില്ല. ചിലപ്പോൾ അദ്ദേഹം ആളുകളെയും അവരുടെ പ്രവർത്തനങ്ങളെയും തെറ്റിദ്ധരിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്‌തിട്ടുണ്ട്‌. അദ്ദേഹം രേഖപ്പെടുത്തിയ കാലഗണനാപരമായ ചില വിവരങ്ങൾ കൃത്യത ഉള്ളതല്ല. വിവരങ്ങൾ ഭംഗിയായി എഴുതി അവതരിപ്പിക്കാനുള്ള വൈദഗ്‌ധ്യവും അദ്ദേഹത്തിന്‌ ഇല്ലായിരുന്നു. ന്യൂനതകൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കൃതികൾ വിവരങ്ങളുടെ ഒരു അമൂല്യ ഭണ്ഡാരമായി കണക്കാക്കപ്പെടുന്നു.

സത്യത്തെ സ്‌നേഹിച്ചിരുന്നവനോ?

പിതാവും പുത്രനും തമ്മിലുള്ള ബന്ധം സംബന്ധിച്ച തീർപ്പുകൽപ്പിക്കപ്പെടാത്ത വിവാദത്തിന്റെ കാര്യത്തിൽ യൂസിബിയസ്‌ തത്‌പരനായിരുന്നു. യൂസിബിയസ്‌ വിശ്വസിച്ചിരുന്ന പ്രകാരം പിതാവ്‌ പുത്രനെക്കാൾ മുമ്പ്‌ സ്ഥിതി ചെയ്‌തിരുന്നോ? അതോ പിതാവും പുത്രനും എക്കാലത്തും ഒരുമിച്ച്‌ സ്ഥിതി ചെയ്‌തിരുന്നോ? അങ്ങനെ “സ്ഥിതി ചെയ്‌തിരുന്നുവെങ്കിൽ, പിതാവ്‌ പിതാവും പുത്രൻ പുത്രനും ആകുന്നത്‌ എങ്ങനെ?” എന്ന്‌ അദ്ദേഹം ചോദിച്ചു. ‘പിതാവ്‌ യേശുവിനെക്കാൾ വലിയവനല്ലോ’ എന്നു പറയുന്ന യോഹന്നാൻ 14:​28-ഉം യേശു ഏകസത്യ ദൈവത്താൽ ‘അയക്കപ്പെട്ടവൻ’ ആണെന്നു പറയുന്ന യോഹന്നാൻ 17:​3-ഉം പരാമർശിച്ചുകൊണ്ട്‌ അദ്ദേഹം തന്റെ വിശ്വാസത്തിന്‌ തിരുവെഴുത്തുപരമായ പിൻബലം നൽകുകപോലും ചെയ്‌തു. കൊലൊസ്സ്യർ 1:​15-ഉം യോഹന്നാൻ 1:​1-ഉം പരോക്ഷമായി പരാമർശിച്ചുകൊണ്ട്‌, ലോഗോസ്‌ അഥവാ വചനം “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ”​—⁠ദൈവത്തിന്റെ പുത്രൻ​—⁠ആണെന്ന്‌ യൂസിബിയസ്‌ വാദിച്ചു.

എന്നാൽ അതിശയകരമെന്നു പറയട്ടെ നിഖ്യാ സുന്നഹദോസിന്റെ സമാപനത്തിങ്കൽ യൂസിബിയസ്‌ മറുപക്ഷത്തിന്റെ ആശയത്തിന്‌ പിന്തുണ നൽകുകയാണു ചെയ്‌തത്‌. ദൈവവും ക്രിസ്‌തുവും എക്കാലത്തും ഒരുമിച്ച്‌ സ്ഥിതി ചെയ്‌തിരുന്നവർ അല്ലെന്ന തന്റെ തിരുവെഴുത്തുപരമായ നിലപാടിന്‌ വിരുദ്ധമായി അദ്ദേഹം ചക്രവർത്തിയുടെ ആശയത്തോടു യോജിച്ചു.

പഠിക്കാനുള്ള പാഠം

നിഖ്യാ സുന്നഹദോസിൽവെച്ച്‌ യൂസിബിയസ്‌ സമ്മർദത്തിനു വഴങ്ങി തിരുവെഴുത്തുവിരുദ്ധമായ ഒരു ഉപദേശത്തെ പിന്തുണച്ചത്‌ എന്തുകൊണ്ടാണ്‌? അദ്ദേഹത്തിന്‌ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോ? വാസ്‌തവത്തിൽ അദ്ദേഹം സുന്നഹദോസിൽ സംബന്ധിച്ചതുതന്നെ എന്തിനായിരുന്നു? എല്ലാ ബിഷപ്പുമാരെയും ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒരു ചെറിയ വിഭാഗം​—⁠300 പേർ​—⁠മാത്രമേ അതിൽ സംബന്ധിച്ചുള്ളൂ. യൂസിബിയസ്‌ സമൂഹത്തിലെ തന്റെ നില പരിരക്ഷിക്കുന്നതിൽ തത്‌പരനായിരുന്നിരിക്കുമോ? കോൺസ്റ്റന്റയ്‌ൻ ചക്രവർത്തി അദ്ദേഹത്തെ വളരെയധികം ആദരിച്ചത്‌ എന്തുകൊണ്ടായിരുന്നു? സുന്നഹദോസിൽ യൂസിബിയസ്‌, ചക്രവർത്തിയുടെ വലത്തു ഭാഗത്താണ്‌ ഇരുന്നത്‌.

തന്റെ അനുഗാമികൾ ‘ലോകത്തിന്റെ ഭാഗമായിരിക്കരുത്‌’ (NW) എന്ന യേശുവിന്റെ കൽപ്പന യൂസിബിയസ്‌ അവഗണിച്ചതായി കാണുന്നു. (യോഹന്നാൻ 17:16; യോഹന്നാൻ 18:36) “വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” എന്ന്‌ ശിഷ്യനായ യാക്കോബ്‌ ചോദിച്ചു. (യാക്കോബ്‌ 4:4) “അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുത്‌” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശം എത്ര ഉചിതമാണ്‌! (2 കൊരിന്ത്യർ 6:14) ‘[പിതാവിനെ] ആത്മാവിലും സത്യത്തിനും ആരാധിക്കവേ’ നമുക്ക്‌ ലോകത്തിൽനിന്ന്‌ വേറിട്ടു നിലകൊള്ളുന്നതിൽ തുടരാം.​—⁠യോഹന്നാൻ 4:​24, NW.

[31 -ാം പേജിലെ ചിത്രം]

നിഖ്യാ സുന്നഹദോസിന്റെ ഒരു ചുവർചിത്രം

[കടപ്പാട്‌]

Scala/Art Resource, NY

[29 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Courtesy of Special Collections Library, University of Michigan