വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹായത്തിനായി കേഴുന്നവർക്ക്‌ ആശ്വാസം

സഹായത്തിനായി കേഴുന്നവർക്ക്‌ ആശ്വാസം

സഹായത്തിനായി കേഴുന്നവർക്ക്‌ ആശ്വാസം

ബൈബിൾ മാനസികാരോഗ്യത്തെ കുറിച്ചു ചർച്ചചെയ്യുന്ന ഒരു ഗ്രന്ഥമല്ല. എങ്കിലും, അതു നമുക്ക്‌ ആശ്വാസം പകരുകയും പ്രശ്‌നങ്ങൾക്കു മധ്യേയും ജീവിതം ആസ്വദിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. തിരുവെഴുത്തുകൾ യാഥാർഥ്യബോധത്തോടെ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” (ഇയ്യോബ്‌ 14:1) നമുക്കുണ്ടാകുന്ന ചില പരിശോധനകൾക്കു കാരണം നമ്മുടെതന്നെ അപൂർണതയാണ്‌. എന്നാൽ, മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക്‌ മുഖ്യ ഉത്തരവാദി ആരാണ്‌?

പിശാചായ സാത്താൻ എന്നു പേരുള്ള ഒരു ദുഷ്ട ആത്മജീവിയായി ബൈബിൾ അവനെ തിരിച്ചറിയിക്കുന്നു. അവൻ ‘ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്നു.’ മനുഷ്യവർഗത്തെ വേട്ടയാടുന്ന പ്രശ്‌നങ്ങളിൽ പലതും സൃഷ്ടിക്കുന്നത്‌ അവനാണ്‌. എങ്കിലും, അവന്റെ സമയം തീരാറായിരിക്കുകയാണ്‌ എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (വെളിപ്പാടു 12:9, 12) ഭൂമിയിലെ നിവാസികളുടെമേൽ സാത്താൻ വരുത്തിവെച്ചിരിക്കുന്ന എല്ലാ കഷ്ടതകളും ദിവ്യ ഇടപെടലിലൂടെ പെട്ടെന്ന്‌ അവസാനിക്കും. ബൈബിൾ പറയുന്ന പ്രകാരം, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നീതിനിഷ്‌ഠമായ പുതിയ ലോകം നിരാശയെ തുടച്ചുനീക്കും.​—⁠2 പത്രൊസ്‌ 3:13.

മാനുഷിക കഷ്ടപ്പാട്‌ താത്‌കാലികമാണ്‌ എന്നറിയുന്നത്‌ എത്ര ആശ്വാസപ്രദമാണ്‌! യേശുക്രിസ്‌തുവിന്റെ കൈകളിലെ ദൈവത്തിന്റെ സ്വർഗരാജ്യ ഭരണത്തിൻകീഴിൽ അനീതിയും കഷ്ടപ്പാടുകളും അവസാനിക്കും. ദൈവത്തിന്റെ നിയുക്ത രാജാവിനെ കുറിച്ച്‌ തിരുവെഴുത്തുകൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”​—⁠സങ്കീർത്തനം 72:12-14.

ഈ പ്രാവചനിക വാക്കുകൾ നിവൃത്തിയേറാനുള്ള സമയം വളരെ അടുത്തെത്തിയിരിക്കുന്നു. നമുക്ക്‌ ഒരു പറുദീസാ ഭൂമിയിൽ വളരെ നല്ല അവസ്ഥകളിൽ നിത്യമായി ജീവിക്കാനാകും. (ലൂക്കൊസ്‌ 23:43; യോഹന്നാൻ 17:3) ആശ്വാസദായകമായ ഈ തിരുവെഴുത്തു വാഗ്‌ദാനങ്ങളെ കുറിച്ചുള്ള അറിവ്‌ സഹായത്തിനായി കേഴുന്നവർക്ക്‌ പ്രത്യാശയും ആശ്വാസവും നൽകുന്നു.

[32 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

വിഷാദിച്ചിരിക്കുന്ന പെൺകുട്ടി: Photo ILO/J. Maillard