വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാരിദ്ര്യത്തിൽനിന്നു ദാരിദ്ര്യത്തിലേക്ക്‌

ദാരിദ്ര്യത്തിൽനിന്നു ദാരിദ്ര്യത്തിലേക്ക്‌

ദാരിദ്ര്യത്തിൽനിന്നു ദാരിദ്ര്യത്തിലേക്ക്‌

“ഭൂരിഭാഗം പേരും ദരിദ്രരും ക്ലേശിതരും ആയിരിക്കുന്ന ഒരു സമൂഹത്തിന്‌ ഒരിക്കലും സന്തുഷ്ടമായിരിക്കാനോ അഭിവൃദ്ധി പ്രാപിക്കാനോ കഴിയില്ല.”

സാമ്പത്തിക ശാസ്‌ത്രജ്ഞനായ ആഡം സ്‌മിത്ത്‌ 18-ാം നൂറ്റാണ്ടിൽ നടത്തിയ ഒരു പ്രസ്‌താവന ആണത്‌. ആ വാക്കുകളുടെ സത്യത അന്നത്തെക്കാൾ അധികമായി ഇന്ന്‌ പ്രകടമായിത്തീർന്നിരിക്കുന്നു എന്നു പലരും കരുതുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുതൽ വ്യക്തമായിരിക്കുന്നു. ഫിലിപ്പീൻസിലെ ജനസംഖ്യയുടെ മൂന്നിലൊന്നിന്‌ ദിവസേനയുള്ള വരുമാനം ഒരു യു.എ⁠സ്‌. ഡോളറിൽ കുറവാണ്‌. സമ്പന്ന രാജ്യങ്ങളിൽ ഇത്രയും തുക പലപ്പോഴും ഏതാനും മിനിട്ടുകൾകൊണ്ടു സമ്പാദിക്കാൻ കഴിയും. “ലോകത്തിലെ ഏറ്റവും സമ്പന്നരായ 5 ശതമാനത്തിന്റെ വരുമാനം, ഏറ്റവും ദരിദ്രരായ 5 ശതമാനത്തിന്റേതിനെക്കാൾ 114 മടങ്ങാണ്‌” എന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ മാനവ വികസന റിപ്പോർട്ട്‌ 2002  (ഇംഗ്ലീഷ്‌) പറയുന്നു.

ചിലർ അത്ര മോശമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുമ്പോൾ, ലക്ഷക്കണക്കിന്‌ ആളുകൾ പുറമ്പോക്കുകളിലും മറ്റും തട്ടിക്കൂട്ടിയ ചെറ്റക്കുടിലുകളിൽ കഴിഞ്ഞുകൂടുന്നു. മറ്റുചിലർ അതിലും ഹതഭാഗ്യരാണ്‌. അവർ തെരുവിൽ ജീവിക്കുന്നു, ഒരു കഷണം പേപ്പറോ തുണിയോ തറയിൽ വിരിച്ച്‌ അവർ അന്തിയുറങ്ങുന്നു. ഇവരിൽ അനേകരും മാലിന്യക്കൂമ്പാരങ്ങൾ വൃത്തിയാക്കിയും ഭാരമേറിയ ചുമടുകൾ ചുമന്നും പഴയ പാത്രങ്ങളും കുപ്പികളും മറ്റും പെറുക്കി വിറ്റും അന്നന്നത്തെ അന്നത്തിനായി എല്ലുമുറിയെ പണിയെടുക്കുന്നു.

ഉള്ളവനും ഇല്ലാത്തവനും ഇടയിലുള്ള അസമത്വം വികസ്വര രാജ്യങ്ങളിൽ മാത്രമല്ല ഉള്ളത്‌. “‘ദരിദ്ര മേഖലകൾ’ ആയി വേർതിരിച്ചിരിക്കുന്ന സ്ഥലങ്ങൾ എല്ലാ രാജ്യങ്ങളിലും സാധാരണമാണ്‌” എന്ന്‌ ലോകബാങ്ക്‌ പറയുന്നു. ബംഗ്ലാദേശ്‌ മുതൽ ഐക്യനാടുകൾ വരെയുള്ള രാജ്യങ്ങളുടെ കാര്യമെടുത്താലും, അങ്ങേയറ്റം സമ്പദ്‌സമൃദ്ധിയിൽ കഴിയുന്നവരോടൊപ്പംതന്നെ അഷ്ടിക്കു വകയില്ലാതെ, തലചായ്‌ക്കാൻ ഒരിടം ഇല്ലാതെ ക്ലേശിക്കുന്ന ധാരാളം പേരെ കാണാൻ കഴിയും. ഐക്യനാടുകളിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന്‌, 2001-ലെ ഒരു യു.എ⁠സ്‌. സെൻസസ്‌ ബ്യൂറോ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ പറയുന്നു. അത്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ജനസംഖ്യയിൽ ഏറ്റവും ധനികരായ അഞ്ചിലൊന്നിന്‌ കഴിഞ്ഞ വർഷം രാജ്യത്തെ മൊത്തം കുടുംബ വരുമാനത്തിന്റെ പകുതി ലഭിച്ചപ്പോൾ, . . . ഏറ്റവും ദരിദ്രരായ അഞ്ചിലൊന്നിന്‌ കിട്ടിയത്‌ 3.5 ശതമാനമാണ്‌.” മറ്റ്‌ അനേകം രാജ്യങ്ങളിലെ സ്ഥിതി സമാനമോ ഇതിനെക്കാൾ മോശമോ ആണ്‌. ലോകബാങ്കിന്റെ ഒരു റിപ്പോർട്ട്‌ കാണിക്കുന്നത്‌ ലോക ജനസംഖ്യയുടെ ഏതാണ്ട്‌ 57 ശതമാനത്തിന്റെ ദിവസ വരുമാനം 2 ഡോളറിൽ കുറവാണ്‌ എന്നാണ്‌.

പോരാത്തതിന്‌, ചോദ്യം ചെയ്യത്തക്ക സാഹചര്യങ്ങളിൽ എക്‌സിക്യൂട്ടീവുകൾ പണം വാരിക്കൂട്ടുന്നു എന്ന്‌ 2002-ൽ വന്ന ചില റിപ്പോർട്ടുകൾ കാണിക്കുന്നു. ഇത്‌, അനേകരെയും ക്ഷോഭിപ്പിച്ചിരിക്കുന്നു. നിയമവിരുദ്ധമായിട്ടല്ലായിരുന്നെങ്കിൽ പോലും അവർ “ഭീമവും അസാധാരണവുമായ തോതിൽ, മറ്റുള്ളവരോട്‌ യാതൊരു പരിഗണനയും കാട്ടാതെ, സമ്പത്തു കുന്നുകൂട്ടിയതായി” പലരും കരുതുന്നുവെന്ന്‌ ഫോർച്യൂൺ മാസിക പറയുന്നു. ലോകത്തിൽ ഇത്രയേറെ പേർ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ, ചില വ്യക്തികൾക്കു മാത്രം കോടിക്കണക്കിനു ഡോളർ ലഭിക്കുന്നത്‌ എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്നു ചിലർ അതിശയിക്കുന്നു.

ദാരിദ്ര്യം വഴിമാറുകയില്ലേ?

ദരിദ്രരുടെ ദുരവസ്ഥ മനസ്സിലാക്കി ആരും ഒന്നും ചെയ്യുന്നില്ല എന്നല്ല പറഞ്ഞുവരുന്നത്‌. സദുദ്ദേശ്യമുള്ള ഗവൺമെന്റ്‌ ഉദ്യോഗസ്ഥരും സഹായ സംഘടനകളും തീർച്ചയായും മാറ്റങ്ങൾക്കായുള്ള നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്‌. എന്നിരുന്നാലും, വസ്‌തുതകൾ നിരുത്സാഹജനകമാണ്‌. കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്ലാഘനീയമായ പല ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും “പല രാജ്യങ്ങളും പത്തോ ഇരുപതോ മുപ്പതോ പോലും വർഷം മുമ്പ്‌ ആയിരുന്നതിനെക്കാൾ ദരിദ്രാവസ്ഥയിലാണ്‌” എന്ന്‌ മാനവ വികസന റിപ്പോർട്ട്‌ 2002 വെളിപ്പെടുത്തുന്നു.

അങ്ങനെയെങ്കിൽ ദരിദ്രർക്ക്‌ യാതൊരു പ്രത്യാശയുമില്ലേ? അടുത്ത ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ഇപ്പോൾത്തന്നെ സഹായകമായേക്കാവുന്ന പ്രായോഗിക ജ്ഞാനത്തിന്റേതായ ചില പടികളെയും ഒരുപക്ഷേ നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഒരു പരിഹാരത്തെയും കുറിച്ച്‌ അതിൽ പറഞ്ഞിട്ടുണ്ട്‌.