വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ​—⁠സത്യത്തിന്റെ ദൈവം

യഹോവ​—⁠സത്യത്തിന്റെ ദൈവം

യഹോവ​—⁠സത്യത്തിന്റെ ദൈവം

സത്യത്തിന്റെ ദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” ​—⁠സങ്കീർത്തനം 31:​5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, (NIBV).

1. അസത്യം ഇല്ലാതിരുന്ന കാലത്ത്‌ സ്വർഗത്തിലും ഭൂമിയിലും അവസ്ഥകൾ എങ്ങനെയായിരുന്നു?

അസത്യം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്വർഗത്തിൽ പൂർണരായ ആത്മജീവികൾ “സത്യത്തിന്റെ ദൈവമായ” തങ്ങളുടെ സ്രഷ്ടാവിനെ സേവിച്ചുപോന്നു. (സങ്കീർത്തനം 31:​5, NIBV) അവിടെ വ്യാജമോ വഞ്ചനയോ ഇല്ലായിരുന്നു. യഹോവ തന്റെ ആത്മ പുത്രന്മാരോടു സത്യം സംസാരിച്ചു. അവരോട്‌ സ്‌നേഹമുണ്ടായിരുന്നതിനാലും അവരുടെ ക്ഷേമത്തിൽ ഏറെ തത്‌പരനായിരുന്നതിനാലുമാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. ഭൂമിയിലെ അവസ്ഥയും സമാനമായിരുന്നു. യഹോവ ആദ്യ പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിക്കുകയും തന്റെ നിയുക്ത സരണിയിലൂടെ അവരുമായി വ്യക്തമായി, വളച്ചുകെട്ടില്ലാതെ, സത്യസന്ധമായ വിധത്തിൽ സദാ ആശയവിനിമയം നടത്തുകയും ചെയ്‌തു. അത്‌ എത്ര സന്തോഷപ്രദമായിരുന്നിരിക്കണം!

2. അസത്യം അവതരിപ്പിച്ചത്‌ ആർ, എന്തുകൊണ്ട്‌?

2 എന്നിരുന്നാലും, കാലക്രമത്തിൽ ദൈവത്തിന്റെ ഒരു ആത്മപുത്രൻ യഹോവയെ എതിർത്തുകൊണ്ട്‌ ധിക്കാരപൂർവം തന്നെത്തന്നെ ഒരു ദൈവമാക്കിത്തീർക്കാനുള്ള ശ്രമം ആരംഭിച്ചു. മറ്റുള്ളവരുടെ ആരാധന തനിക്ക്‌ ലഭിക്കണമെന്നു പിശാചായ സാത്താൻ എന്ന്‌ അറിയപ്പെടാനിടയായ ഈ ആത്മജീവി ആഗ്രഹിച്ചു. ഈ ലക്ഷ്യം നേടാനായി, മറ്റുള്ളവരെ തന്റെ നിയന്ത്രണത്തിൻ കീഴിലാക്കാനുള്ള ഒരു ഉപാധിയായി അവൻ അസത്യം അവതരിപ്പിച്ചു. അങ്ങനെ ചെയ്‌തതു മുഖാന്തരം അവൻ “ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും” ആയിത്തീർന്നു.​—⁠യോഹന്നാൻ 8:44.

3. സാത്താന്റെ നുണകളോട്‌ ആദാമും ഹവ്വായും എങ്ങനെ പ്രതികരിച്ചു, ഫലം എന്തായിരുന്നു?

3 ദൈവനിയമം അവഗണിച്ചുകൊണ്ട്‌ വിലക്കപ്പെട്ട ഫലം ഭക്ഷിച്ചാൽ മരിക്കയില്ലെന്ന്‌ ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ട്‌ സാത്താൻ ആദ്യസ്‌ത്രീയായ ഹവ്വായോടു പറഞ്ഞു. അത്‌ ഒരു നുണ ആയിരുന്നു. അതു ഭക്ഷിച്ചാൽ അവൾ നന്മതിന്മകളെ അറിയുന്നവളായി ദൈവത്തെ പോലെ ആകുമെന്നും അവൻ അവളോടു പറഞ്ഞു. അതും ഒരു നുണ ആയിരുന്നു. ഹവ്വാ അതുവരെ നുണ കേട്ടിട്ടില്ലായിരുന്നെങ്കിലും, സർപ്പം പറഞ്ഞ കാര്യങ്ങൾ തന്റെ ഭർത്താവായ ആദാമിനോടു ദൈവം പറഞ്ഞിരുന്ന കാര്യങ്ങൾക്ക്‌ ചേർച്ചയിലല്ലെന്ന്‌ അവൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കണം. എന്നിട്ടും, അവൾ യഹോവയുടെയല്ല, സാത്താന്റെ വാക്കുകളാണ്‌ വിശ്വസിച്ചത്‌. പൂർണമായും വഞ്ചിക്കപ്പെട്ട അവൾ ഫലം പറിച്ചു തിന്നു. പിന്നെ ആദാമും ആ ഫലം ഭക്ഷിച്ചു. (ഉല്‌പത്തി 3:1-6) ഹവ്വായുടെ കാര്യത്തിലെന്നപോലെ ആദാമും നുണ കേട്ടിട്ടില്ലായിരുന്നു, എന്നാൽ അവൻ വഞ്ചിക്കപ്പെടുകയായിരുന്നില്ല. (1 തിമൊഥെയൊസ്‌ 2:14) ആദാം തന്റെ നിർമാതാവിനെ തള്ളിക്കളഞ്ഞെന്ന്‌ അവന്റെ പ്രവർത്തനങ്ങൾ തെളിയിച്ചു. മനുഷ്യവർഗത്തിന്മേലുള്ള അതിന്റെ അനന്തരഫലങ്ങൾ വിപത്‌കരമായിരുന്നു. ആദാമിന്റെ അനുസരണക്കേട്‌ നിമിത്തം പാപവും മരണവും ഒപ്പം ദുഷ്ടതയും അങ്ങേയറ്റത്തെ കഷ്ടപ്പാടും അവന്റെ സകല സന്തതികളിലേക്കും വ്യാപിച്ചു.—റോമർ 5:12.

4. (എ) ഏദെനിൽവെച്ച്‌ സാത്താൻ പറഞ്ഞ നുണകൾ എങ്ങനെയുള്ളതായിരുന്നു? (ബി) സാത്താൻ നമ്മെ വഴിതെറ്റിക്കാതിരിക്കണമെങ്കിൽ നാം എന്തു ചെയ്യണം?

4 അസത്യവും വ്യാപിച്ചു. യഹോവയുടെതന്നെ സത്യതയുടെ മേലുള്ള ആക്രമണങ്ങളായിരുന്നു ഏദെൻ തോട്ടത്തിൽവെച്ചു പറഞ്ഞ നുണകൾ എന്നത്‌ നാം തിരിച്ചറിയണം. ആദിമ ജോഡിക്ക്‌ അവകാശപ്പെട്ട എന്തോ നല്ല കാര്യം മനഃപൂർവം പിടിച്ചുവെച്ചുകൊണ്ട്‌ ദൈവം അവരെ വഞ്ചിക്കുകയാണെന്ന്‌ സാത്താൻ അവകാശപ്പെട്ടു. അത്‌ തീർച്ചയായും സത്യമായിരുന്നില്ല. അനുസരണക്കേട്‌ കാണിച്ചതിലൂടെ ആദാമിനും ഹവ്വായ്‌ക്കും പ്രയോജനമൊന്നും ലഭിച്ചില്ല. യഹോവ പറഞ്ഞതുപോലെതന്നെ അവർ മരിച്ചു. എന്നിരുന്നാലും, സാത്താൻ യഹോവയ്‌ക്കെതിരെയുള്ള ആക്രമണം തുടർന്നു, നൂറ്റാണ്ടുകൾക്കു ശേഷം അപ്പൊസ്‌തലനായ യോഹന്നാൻ അവൻ ‘ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്നു’ എന്ന്‌ എഴുതാൻ നിശ്വസ്‌തനായ അളവോളം അത്‌ എത്തി. (വെളിപ്പാടു 12:9) പിശാചായ സാത്താനാൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ യഹോവ സത്യവാനാണെന്നും അവന്റെ വചനം സത്യമാണ്‌ എന്നുമുള്ള പരിപൂർണ വിശ്വാസം നമുക്ക്‌ ഉണ്ടായിരിക്കണം. അവന്റെ എതിരാളി പ്രചരിപ്പിക്കുന്ന നുണകളാൽ വഞ്ചിക്കപ്പെടാതിരിക്കാൻ തക്കവണ്ണം യഹോവയുടെ സത്യതയിൽ വിശ്വാസം വളർത്തിയെടുക്കാനും അതു ബലപ്പെടുത്താനും നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

യഹോവയ്‌ക്ക്‌ സത്യം അറിയാം

5, 6. (എ) യഹോവയുടെ ജ്ഞാനത്തെ കുറിച്ച്‌ എന്തു പറയാൻ കഴിയും? (ബി) യഹോവയുടെ ജ്ഞാനത്തോടുള്ള താരതമ്യത്തിൽ മനുഷ്യന്റെ ജ്ഞാനം എത്രത്തോളമുണ്ട്‌?

5 “സകലവും സൃഷ്ടിച്ച”വൻ എന്ന നിലയിലാണ്‌ ബൈബിൾ എല്ലായ്‌പോഴും യഹോവയെ തിരിച്ചറിയിക്കുന്നത്‌. (എഫെസ്യർ 3:9) “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ”ത്‌ അവനാണ്‌. (പ്രവൃത്തികൾ 4:24) സ്രഷ്ടാവായതിനാൽ സകലവും സംബന്ധിച്ച സത്യം യഹോവയ്‌ക്ക്‌ അറിയാം. ഉദാഹരണത്തിന്‌, തന്റെ വീടിന്റെ പ്ലാൻ സ്വന്തമായി തയ്യാറാക്കുകയും തന്നെത്താൻ അതു പണിയുകയും ചെയ്യുന്ന ഒരാളെ കുറിച്ച്‌ ചിന്തിക്കുക. ആ വീടിനെ സംബന്ധിച്ച സകല വിശദാംശങ്ങളും അയാൾക്ക്‌ അറിയാമായിരിക്കില്ലേ? അതിനെ കുറിച്ച്‌ അയാളെക്കാൾ ഗ്രാഹ്യമുള്ള ആരെങ്കിലും ഉണ്ടായിരിക്കുമോ? തങ്ങൾ നിർമിക്കുന്ന വസ്‌തുക്കളെ കുറിച്ച്‌ ആളുകൾക്ക്‌ നന്നായി അറിയാമായിരിക്കും. സമാനമായി, തന്റെ സൃഷ്ടികളെ കുറിച്ചുള്ള സകലതും സ്രഷ്ടാവിന്‌ അറിയാം.

6 യഹോവയുടെ ജ്ഞാനത്തിന്റെ വ്യാപ്‌തിയെ കുറിച്ച്‌ യെശയ്യാ പ്രവാചകൻ മനോഹരമായി വർണിച്ചിട്ടുണ്ട്‌. നാം ഇങ്ങനെ വായിക്കുന്നു: “തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്‌തവൻ ആർ? യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്‌തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്‌തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചത്‌?” (യെശയ്യാവു 40:12-14) അതേ, യഹോവ, “ജ്ഞാനമുള്ള ദൈവ”വും “ജ്ഞാനസമ്പൂർണ്ണ”നും ആണ്‌. (1 ശമൂവേൽ 2:3; ഇയ്യോബ്‌ 36:4; 37:16) അവനോടുള്ള താരതമ്യത്തിൽ നമ്മുടെ അറിവ്‌ എത്ര തുച്ഛമാണ്‌! മനുഷ്യവർഗം വളരെയേറെ ജ്ഞാനം സമ്പാദിച്ചിട്ടുണ്ടെങ്കിലും, ഭൗതിക സൃഷ്ടികളെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം ‘[ദൈവത്തിന്റെ] വഴികളുടെ അംശം’ പോലും ആകുന്നില്ല. “ഇടിമുഴക്ക”ത്തോടുള്ള താരതമ്യത്തിൽ “മന്ദമായ ഒരു ശബ്‌ദം” പോലെയാണ്‌ അത്‌.​—⁠ഇയ്യോബ്‌ 26:14, NIBV.

7. യഹോവയുടെ പരിജ്ഞാനം സംബന്ധിച്ച്‌ ദാവീദ്‌ എന്തു തിരിച്ചറിഞ്ഞു, അതുപോലെ നാമും എന്ത്‌ അംഗീകരിക്കണം?

7 നമ്മെ സൃഷ്ടിച്ചത്‌ യഹോവ ആയതിനാൽ ന്യായമായും അവന്‌ നമ്മെക്കുറിച്ച്‌ നല്ലവണ്ണം അറിയാം. ദാവീദ്‌ രാജാവ്‌ ഈ വസ്‌തുത തിരിച്ചറിഞ്ഞിരുന്നു. അവൻ എഴുതി: “യഹോവേ, നീ എന്നെ ശോധന ചെയ്‌തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്‌ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു. യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.” (സങ്കീർത്തനം 139:1-4) മനുഷ്യൻ സ്വതന്ത്ര ഇച്ഛാശക്തി ഉള്ളവനാണെന്ന്‌, അതായത്‌ തന്നെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ദൈവം നമുക്ക്‌ നൽകിയിട്ടുണ്ട്‌ എന്ന്‌ ദാവീദിന്‌ തീർച്ചയായും അറിയാമായിരുന്നു. (ആവർത്തനപുസ്‌തകം 30:19, 20; യോശുവ 24:15) എന്നിരുന്നാലും, നമ്മെക്കാളേറെ മെച്ചമായി നമ്മെ അറിയാവുന്നത്‌ യഹോവയ്‌ക്കാണ്‌. നമുക്ക്‌ ഏറ്റവും നല്ലതു വന്നു കാണാൻ അവൻ ആഗ്രഹിക്കുന്നു, മാത്രമല്ല നേരായ പാതയിൽ നമ്മെ നയിക്കാനും അവനു കഴിയും. (യിരെമ്യാവു 10:23) തീർച്ചയായും, നമ്മെ സത്യം പഠിപ്പിക്കാനും നമ്മെ ജ്ഞാനികളും സന്തുഷ്ടരുമാക്കാനും അവനെക്കാൾ യോഗ്യതയുള്ള അധ്യാപകരോ വിദഗ്‌ധരോ ഉപദേശകരോ ഇല്ല.

യഹോവ സത്യവാനാണ്‌

8. യഹോവ സത്യവാനാണെന്നു നാം അറിയുന്നത്‌ എങ്ങനെ?

8 സത്യം അറിയുക എന്നത്‌ ഒരു സംഗതിയും എല്ലായ്‌പോഴും സത്യം സംസാരിക്കുക അഥവാ സത്യസന്ധരായിരിക്കുക എന്നത്‌ മറ്റൊരു സംഗതിയുമാണ്‌. ദൃഷ്ടാന്തത്തിന്‌, സാത്താൻ ‘സത്യത്തിൽ നിലനിന്നില്ല.’ (യോഹന്നാൻ 8:44) നേരെ മറിച്ച്‌ യഹോവ ‘സത്യത്തിൽ സമൃദ്ധനാണ്‌.’ (പുറപ്പാടു 34:​6, NW) യഹോവയുടെ സത്യതയെ തിരുവെഴുത്തുകൾ ആവർത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ‘ദൈവത്തിനു ഭോഷ്‌കു പറയാൻ കഴിയില്ലെന്നും’ ദൈവത്തിനു ‘ഭോഷ്‌കില്ലെന്നും’ അപ്പൊസ്‌തലനായ പൗലൊസ്‌ പ്രസ്‌താവിച്ചു. (എബ്രായർ 6:18; തീത്തൊസ്‌ 1:2) സത്യത ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു സുപ്രധാന വശമാണ്‌. നമുക്ക്‌ എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കാനും അവനെ വിശ്വസിക്കാനും കഴിയും; അവൻ ഒരിക്കലും തന്റെ വിശ്വസ്‌തരെ വഞ്ചിക്കുകയില്ല.

9. യഹോവയുടെ നാമം സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

9 യഹോവയുടെ പേരുതന്നെ അവന്റെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നു. ദിവ്യനാമത്തിന്റെ അർഥം “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌. താൻ ചെയ്‌ത സകല വാഗ്‌ദാനങ്ങളും പടിപടിയായി നിറവേറ്റുന്നവനായി അത്‌ യഹോവയെ തിരിച്ചറിയിക്കുന്നു. മറ്റാർക്കും അതു ചെയ്യാനുള്ള പ്രാപ്‌തിയില്ല. യഹോവ പരമാധികാരി ആയിരിക്കുന്നതിനാൽ അവന്റെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയെ തടയാൻ യാതൊന്നിനുമാവില്ല. യഹോവ സത്യവാനാണെന്നു മാത്രമല്ല, താൻ പറയുന്നതെന്തും നിറവേറ്റാനുള്ള ശക്തിയും ജ്ഞാനവും അവനു മാത്രമേയുള്ളൂ.

10. (എ) യഹോവയുടെ സത്യതയ്‌ക്ക്‌ യോശുവ സാക്ഷ്യം വഹിച്ചത്‌ എങ്ങനെ? (ബി) നിറവേറിയിരിക്കുന്നതായി നിങ്ങൾ കണ്ടിരിക്കുന്ന യഹോവയുടെ വാഗ്‌ദാനങ്ങൾ ഏവ?

10 യഹോവയുടെ സത്യതയെ സാക്ഷ്യപ്പെടുത്തുന്ന ശ്രദ്ധേയമായ സംഭവങ്ങൾ നേരിൽക്കണ്ട അനേകരിൽ ഒരാളായിരുന്നു യോശുവ. ഈജിപ്‌തിന്മേൽ വരുത്താൻപോകുന്ന ബാധകളെ ഒന്നൊന്നായി മുൻകൂട്ടി പറഞ്ഞുകൊണ്ട്‌ യഹോവ ആ ജനതയുടെമേൽ പത്തു ബാധകൾ വരുത്തിയപ്പോൾ യോശുവ അവിടെ ഉണ്ടായിരുന്നു. മുൻകൂട്ടി പറഞ്ഞ മറ്റു സംഗതികളോടൊപ്പം, ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിക്കുമെന്നും അവരുടെ ശത്രുക്കളായിരുന്ന ശക്തരായ കനാന്യരെ കീഴടക്കിക്കൊണ്ട്‌ അവരെ വാഗ്‌ദത്ത ദേശത്തേക്കു നയിക്കുമെന്നുമുള്ള യഹോവയുടെ വാഗ്‌ദാനങ്ങളുടെ നിവൃത്തി യോശുവ കണ്ടറിഞ്ഞു. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ യോശുവ ഇസ്രായേൽ ദേശത്തെ പ്രായമേറിയ പുരുഷന്മാരോട്‌ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.” (യോശുവ 23:14) യോശുവ കണ്ട അത്ഭുതങ്ങൾക്ക്‌ നിങ്ങൾ സാക്ഷ്യംവഹിച്ചിട്ടില്ലെങ്കിലും, ഇക്കാലത്ത്‌ ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ സത്യത നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ?

യഹോവ സത്യം വെളിപ്പെടുത്തുന്നു

11. യഹോവ മനുഷ്യവർഗത്തെ സത്യം അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ എന്തു പ്രകടമാക്കുന്നു?

11 വളരെയേറെ അറിവുള്ള എന്നാൽ സ്വന്തം കുട്ടികളോടു വല്ലപ്പോഴും മാത്രം സംസാരിക്കുന്ന ഒരു പിതാവിനെ ഭാവനയിൽ കാണുക. യഹോവ അങ്ങനെ അല്ലാത്തതിൽ നിങ്ങൾ നന്ദിയുള്ളവരല്ലേ? യഹോവ മനുഷ്യവർഗത്തോട്‌ സ്‌നേഹപുരസ്സരം, ധാരാളമായി ആശയവിനിമയം ചെയ്യുന്നു. തിരുവെഴുത്തുകൾ അവനെ “മഹാപ്രബോധകൻ” എന്നു വിളിക്കുന്നു. (യെശയ്യാവു 30:​20, NW) സ്‌നേഹദയ ഉള്ളതിനാൽ അവൻ തന്നെ ശ്രദ്ധിക്കാൻ താത്‌പര്യമില്ലാത്തവരോടുപോലും സംസാരിക്കുന്നു. ഉദാഹരണത്തിന്‌, തന്നെ ശ്രദ്ധിക്കുകയില്ലെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്ന ഒരു ജനത്തോട്‌ പ്രസംഗിക്കാൻ യഹോവ യെഹെസ്‌കേലിനെ നിയമിച്ചു. യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്‌താവിക്ക.” എന്നിട്ട്‌ അവൻ ഈ മുന്നറിയിപ്പു നൽകി: “യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെററിയും കഠിനഹൃദയവും ഉള്ളവരത്രെ.” അത്‌ ബുദ്ധിമുട്ടുള്ള ഒരു നിയമനം ആയിരുന്നു. എന്നിരുന്നാലും യഹോവയുടെ സഹാനുഭൂതി പ്രതിഫലിപ്പിച്ചുകൊണ്ട്‌ യെഹെസ്‌കേൽ അത്‌ വിശ്വസ്‌തമായി നിറവേറ്റി. ബുദ്ധിമുട്ടുള്ള ഒരു പ്രസംഗ നിയമനം നിങ്ങൾക്കു ലഭിക്കുന്ന പക്ഷം ദൈവത്തിൽ ആശ്രയിക്കുന്നെങ്കിൽ തന്റെ പ്രവാചകനായ യെഹെസ്‌കേലിനെ ശക്തീകരിച്ചതുപോലെ അവൻ നിങ്ങളെയും ശക്തീകരിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കുക.​—⁠യെഹെസ്‌കേൽ 3:4, 7-9.

12, 13. ഏതു വിധങ്ങളിൽ ദൈവം മനുഷ്യരുമായി ആശയവിനിമയം നടത്തിയിരിക്കുന്നു?

12 യഹോവ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.” (1 തിമൊഥെയൊസ്‌ 2:4) പ്രവാചകന്മാരിലൂടെയും ദൂതന്മാരിലൂടെയും തന്റെ പ്രിയ പുത്രനായ യേശുക്രിസ്‌തുവിലൂടെപോലും അവൻ സംസാരിച്ചിരിക്കുന്നു. (എബ്രായർ 1:1, 2; 2:2) പീലാത്തൊസിനോടു യേശു ഇങ്ങനെ പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്‌പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” രക്ഷയ്‌ക്കായി യഹോവ ചെയ്‌തിരിക്കുന്ന കരുതലിനെക്കുറിച്ച്‌ ദൈവപുത്രനിൽനിന്നു നേരിട്ടു കേട്ടുപഠിക്കാനുള്ള സുവർണാവസരം പീലാത്തൊസിന്‌ ഉണ്ടായിരുന്നു. എന്നിരുന്നാലും, പീലാത്തൊസ്‌ സത്യതത്‌പരൻ ആയിരുന്നില്ല, യേശുവിൽനിന്നു പഠിക്കാൻ ആഗ്രഹിച്ചുമില്ല. മറിച്ച്‌ ഉത്തരം അറിയാനുള്ള യഥാർഥ താത്‌പര്യം ഇല്ലാതെ സന്ദേഹത്തോടെ അവൻ ചോദിച്ചു: ‘സത്യം എന്നാൽ എന്ത്‌?’ (യോഹന്നാൻ 18:37, 38) എത്ര സങ്കടകരം! എങ്കിലും, യേശു ഘോഷിച്ച സത്യം അനേകർ ശ്രദ്ധിക്കുകതന്നെ ചെയ്‌തു. തന്റെ ശിഷ്യന്മാരോട്‌ അവൻ പറഞ്ഞു: “എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.”​—⁠മത്തായി 13:16.

13 ബൈബിളിലൂടെ യഹോവ സത്യം കാത്തുസംരക്ഷിക്കുകയും എല്ലായിടത്തുമുള്ള ആളുകൾക്ക്‌ അതു ലഭ്യമാക്കുകയും ചെയ്‌തിരിക്കുന്നു. കാര്യങ്ങളുടെ സത്യാവസ്ഥ ബൈബിൾ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ ഗുണങ്ങളെയും ഉദ്ദേശ്യങ്ങളെയും കൽപ്പനകളെയും അതുപോലെതന്നെ മനുഷ്യവർഗത്തിന്റെ യഥാർഥ അവസ്ഥയെയും കുറിച്ച്‌ അതു വിശദീകരിക്കുന്നു. യഹോവയോടുള്ള പ്രാർഥനയിൽ യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) ഇക്കാരണത്താൽ, ബൈബിൾ ഒരു അതുല്യ ഗ്രന്ഥമാണ്‌. സർവജ്ഞാനിയായ ദൈവത്താൽ നിശ്വസ്‌തമാക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം ഇതു മാത്രമാണ്‌. (2 തിമൊഥെയൊസ്‌ 3:16) ഇത്‌ മനുഷ്യവർഗത്തിനുള്ള വിലയേറിയ ഒരു സമ്മാനമാണ്‌, ദൈവദാസന്മാർ അതിനെ അമൂല്യമായി കരുതുന്നു. അത്‌ ദിവസവും വായിക്കുന്നത്‌ ജ്ഞാനപൂർവകമാണ്‌.

സത്യം മുറുകെ പിടിക്കുക

14. താൻ ചെയ്യുമെന്ന്‌ യഹോവ പറയുന്ന ചില കാര്യങ്ങൾ ഏവ, നാം അവനെ വിശ്വസിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 തന്റെ വചനത്തിലൂടെ യഹോവ പറയുന്ന കാര്യങ്ങളെ നാം ഗൗരവമായെടുക്കണം. താൻ എന്താണെന്ന്‌ അവൻ പറയുന്നുവോ അതാണ്‌ അവൻ, ചെയ്യുമെന്നു പറയുന്ന കാര്യങ്ങൾ അവൻ ചെയ്യുകയും ചെയ്യും. ദൈവത്തിൽ ആശ്രയിക്കാൻ നമുക്ക്‌ സകല കാരണവുമുണ്ട്‌. “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കു”മെന്ന്‌ യഹോവ പറയുമ്പോൾ നമുക്ക്‌ അതു വിശ്വസിക്കാം. (2 തെസ്സലൊനീക്യർ 1:7) നീതി പിന്തുടരുന്നവരെ താൻ സ്‌നേഹിക്കുന്നുവെന്നും വിശ്വസിക്കുന്നവർക്കു നിത്യജീവൻ നൽകുമെന്നും വേദനയും മുറവിളിയും മരണവും നീക്കുമെന്നും ഉള്ള യഹോവയുടെ വാഗ്‌ദാനങ്ങളിലും നമുക്കു വിശ്വസിക്കാം. അവസാനമായി പറഞ്ഞ വാഗ്‌ദാനം വിശ്വാസ്യമാണെന്ന്‌ അപ്പൊസ്‌തലനായ യോഹന്നാനോടു പിൻവരുന്ന പ്രകാരം നിർദേശിച്ചുകൊണ്ട്‌ യഹോവ ഉറപ്പു നൽകി: “എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.”​—⁠വെളിപ്പാടു 21:4, 5; സദൃശവാക്യങ്ങൾ 15:9; യോഹന്നാൻ 3:36.

15. സാത്താൻ പ്രചരിപ്പിക്കുന്ന ചില നുണകൾ ഏവ?

15 യഹോവയുടെയും സാത്താന്റെയും വ്യക്തിത്വം നേർവിപരീതമാണ്‌. പ്രബുദ്ധത പകരുന്നതിനു പകരം സാത്താൻ അവൻ ആളുകളെ വഞ്ചിക്കുകയാണ്‌. ആളുകളെ സത്യാരാധനയിൽനിന്നു പിന്മാറ്റുക എന്ന തന്റെ ഉദ്ദേശ്യം സാധിക്കാനായി അവൻ ധാരാളം നുണകൾ പരത്തുന്നു. ഉദാഹരണത്തിന്‌, ദൈവം നമ്മളുമായി അടുക്കാൻ താത്‌പര്യമില്ലാത്തവൻ ആണെന്നും ഭൂമിയിലെ കഷ്ടപ്പാടുകളെ കുറിച്ച്‌ അവനു ചിന്തയില്ലെന്നും നമ്മെ വിശ്വസിപ്പിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. എന്നാൽ യഹോവ തന്റെ സൃഷ്ടികളെ കുറിച്ച്‌ വളരെയേറെ ചിന്തയുള്ളവനാണെന്നും ദുഷ്ടതയെയും കഷ്ടപ്പാടിനെയും പ്രതി അവൻ ദുഃഖിക്കുന്നുവെന്നും ബൈബിൾ നമ്മോടു പറയുന്നു. (പ്രവൃത്തികൾ 17:24-30) ആത്മീയ കാര്യങ്ങൾ സമയം പാഴാക്കൽ മാത്രമാണെന്ന്‌ ആളുകളെ വിശ്വസിപ്പിക്കാനും അവൻ ആഗ്രഹിക്കുന്നു. എന്നാൽ, “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്നു തിരുവെഴുത്തു പറയുന്നു. കൂടാതെ, ദൈവം “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്നും അതു വ്യക്തമായി പ്രസ്‌താവിക്കുന്നു.​—⁠എബ്രായർ 6:10; 11:⁠6.

16. ക്രിസ്‌ത്യാനികൾ ജാഗരൂകരായിരുന്ന്‌ സത്യം മുറുകെ പിടിക്കേണ്ടത്‌ എന്തുകൊണ്ട്‌?

16 സാത്താനെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ദൈവപ്രതിമയായ ക്രിസ്‌തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” (2 കൊരിന്ത്യർ 4:4) ഹവ്വായുടെ കാര്യത്തിലെന്ന പോലെ ചിലരെ പിശാചായ സാത്താൻ പൂർണമായി വഞ്ചിക്കുന്നു. വഞ്ചിക്കപ്പെട്ടില്ലെങ്കിലും, അനുസരണക്കേടിന്റെ ഗതി മനഃപൂർവം തിരഞ്ഞെടുത്ത ആദാമിന്റെ വഴി മറ്റുള്ളവർ പിൻപറ്റുന്നു. (യൂദാ 5, 11) അതിനാൽ, ക്രിസ്‌ത്യാനികൾ ജാഗരൂകരായിരുന്ന്‌ സത്യം മുറുകെ പിടിക്കേണ്ടത്‌ അനിവാര്യമാണ്‌.

യഹോവ “നിർവ്യാജവിശ്വാസം” ആവശ്യപ്പെടുന്നു

17. യഹോവയുടെ പ്രീതി ലഭിക്കണമെങ്കിൽ നാം എന്തു ചെയ്യണം?

17 യഹോവ തന്റെ വഴികളിലെല്ലാം സത്യവാനായതിനാൽ തന്റെ ആരാധകരും അങ്ങനെ ആയിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. സങ്കീർത്തനക്കാരൻ എഴുതി: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും? നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.” (സങ്കീർത്തനം 15:1, 2) അത്‌ പാടിയ യഹൂദരെ സംബന്ധിച്ചിടത്തോളം, യഹോവയുടെ വിശുദ്ധ പർവതത്തെ കുറിച്ചുള്ള പരാമർശം സീയോൻ പർവതത്തെ അവരുടെ മനസ്സിലേക്കു കൊണ്ടുവന്നു എന്നതിനു സംശയമില്ല. താൻ അവിടെ ഉണ്ടാക്കിയ കൂടാരത്തിലേക്കാണ്‌ ദാവീദ്‌ രാജാവ്‌ നിയമപെട്ടകം കൊണ്ടുവന്നത്‌. (2 ശമൂവേൽ 6:12, 17) പർവതവും കൂടാരവും, യഹോവ ആലങ്കാരികമായി വസിച്ചിരുന്ന സ്ഥലത്തെ മനസ്സിലേക്കു കൊണ്ടുവന്നു. ദൈവ പ്രീതി അഭ്യർഥിക്കാനായി ജനത്തിന്‌ അവിടെവെച്ച്‌ അവനെ സമീപിക്കാൻ കഴിഞ്ഞു.

18. (എ) യഹോവയുമായുള്ള സൗഹൃദത്തിന്‌ എന്ത്‌ ആവശ്യമാണ്‌? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യപ്പെടും?

18 യഹോവയുമായി സൗഹൃദത്തിലാകാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അധരംകൊണ്ടു മാത്രമല്ല, ‘ഹൃദയപൂർവവും’ സത്യം സംസാരിക്കണം. ദൈവത്തിന്റെ യഥാർഥ സ്‌നേഹിതർ ഹൃദയത്തിൽ സത്യസന്ധത പുലർത്തുകയും “നിർവ്യാജവിശ്വാസ”ത്തിന്‌ തെളിവു നൽകുകയും ചെയ്യണം. എന്തെന്നാൽ, സത്യസന്ധമായ പ്രവൃത്തികളുടെ ഉറവിടം ഹൃദയമാണ്‌. (1 തിമൊഥെയൊസ്‌ 1:5; മത്തായി 12:34, 35) ദൈവത്തിന്റെ സ്‌നേഹിതൻ സത്യസന്ധതയില്ലാത്തവനോ ചതിയനോ ആയിരിക്കില്ല കാരണം, ‘ചതിവുള്ളവൻ യഹോവയ്‌ക്കു അറെപ്പാകുന്നു.’ (സങ്കീർത്തനം 5:6) ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ തങ്ങളുടെ ദൈവത്തെ അനുകരിച്ചുകൊണ്ട്‌ സത്യസന്ധരായിരിക്കാൻ കഠിനമായി യത്‌നിക്കുന്നു. അടുത്ത ലേഖനം ഇതു പരിചിന്തിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• സകലതും സംബന്ധിച്ച സത്യം യഹോവയ്‌ക്ക്‌ അറിയാവുന്നത്‌ എന്തുകൊണ്ട്‌?

• യഹോവ സത്യവാനാണെന്ന്‌ എന്തു പ്രകടമാക്കുന്നു?

• യഹോവ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെ?

• സത്യത്തോടുള്ള ബന്ധത്തിൽ നമ്മിൽനിന്ന്‌ എന്താണ്‌ ആവശ്യപ്പെടുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[10 -ാം പേജിലെ ചിത്രങ്ങൾ]

സത്യത്തിന്റെ ദൈവത്തിന്‌ തന്റെ സൃഷ്ടികളെ കുറിച്ച്‌ സകലതും അറിയാം

[13 -ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറും