യഹോവ ദൈവമായിരിക്കുന്നവൻ സന്തുഷ്ടൻ
ജീവിത കഥ
യഹോവ ദൈവമായിരിക്കുന്നവൻ സന്തുഷ്ടൻ
ടോം ഡീഡർ പറഞ്ഞപ്രകാരം
കമ്മ്യൂണിറ്റി ഹാൾ വാടകയ്‌ക്ക് എടുത്തുകഴിഞ്ഞിരുന്നു. കാനഡയിലെ സസ്‌കാചെവാൻ പ്രവിശ്യയിലുള്ള പോർക്യുപൈൻ പ്ലെയ്‌ൻ പട്ടണത്തിൽ നടക്കുന്ന സമ്മേളനത്തിന് ഏതാണ്ട് 300 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ബുധനാഴ്‌ച മഞ്ഞു വീഴാൻ തുടങ്ങി. വെള്ളിയാഴ്‌ച ആയപ്പോഴേക്കും വലിയ ഹിമവാതത്തോടുകൂടിയ ശക്തമായ ശൈത്യ കൊടുങ്കാറ്റ് ഉണ്ടായി, ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. താപനില -40 ഡിഗ്രി സെൽഷ്യസ് ആയി താഴ്‌ന്നു. സമ്മേളനത്തിന് ഏതാനും കുട്ടികൾ ഉൾപ്പെടെ ഇരുപത്തെട്ടു പേർ ഹാജരായി. സഞ്ചാര മേൽവിചാരകൻ എന്ന നിലയിലുള്ള എന്റെ ആദ്യത്തെ സമ്മേളനം ആയിരുന്നു ഇത്. 25 വയസ്സു മാത്രമുണ്ടായിരുന്ന എനിക്ക് ആകെ പരിഭ്രമമായിരുന്നു. അന്നുണ്ടായ കാര്യങ്ങളെ കുറിച്ചു വിവരിക്കുന്നതിനു മുമ്പ് ഞാൻ ഈ പ്രത്യേക സേവനപദവി ആസ്വദിക്കാൻ ഇടയായത് എങ്ങനെയെന്നു പറയാം.
ഞങ്ങൾ എട്ട് ആൺമക്കളായിരുന്നു. മൂത്ത ജ്യേഷ്‌ഠന്റെ പേര് ബിൽ, പിന്നെയുള്ളവർ മെട്രോ, ജോൺ, ഫ്രെഡ്, മൈക്ക്, അലിക്‌സ്. ഏഴാമത്തേതായിരുന്നു ഞാൻ. ഇളയവന്റെ പേര് വാലീ. 1925-ലാണ് ഞാൻ ജനിച്ചത്. ഡാഡിയുടെ പേര് മൈക്കിൾ ഡീഡർ, മമ്മിയുടേത് അന്ന. മാനിറ്റോബ പ്രവിശ്യയിലുള്ള ഊക്രേനാ പട്ടണത്തിനു സമീപമാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ ഞങ്ങൾക്ക് ഒരു കൊച്ചു ഫാം ഉണ്ടായിരുന്നു. റെയിൽവേയിൽ സെക്ഷൻമാൻ ആയിരുന്നു ഡാഡി. ഒറ്റപ്പെട്ടു കിടക്കുന്ന റെയിൽപ്പാളങ്ങൾക്ക് അരികെയുള്ള കൊച്ചു ക്വാർട്ടേഴ്‌സായിരുന്നു സെക്ഷൻമാനു നൽകിയിരുന്നത്. ഞങ്ങളുടേതുപോലുള്ള ഒരു വലിയ കുടുംബത്തിന് അത്രയും ചെറിയ ഒരു ക്വാർട്ടേഴ്‌സിൽ താമസിക്കുക ബുദ്ധിമുട്ടായിരുന്നതിനാൽ ഞങ്ങൾ ഫാമിൽത്തന്നെയാണു താമസിച്ചത്. മിക്കപ്പോഴും ഡാഡി വീട്ടിൽ ഉണ്ടാകാറില്ല. അതുകൊണ്ട് ഞങ്ങളെ വളർത്തിക്കൊണ്ടുവരുന്ന ജോലി
മമ്മിയുടേതായിരുന്നു. ഇടയ്‌ക്കിടെ, മമ്മി ഒരാഴ്‌ചയോ മറ്റോ ഡാഡിയോടൊപ്പം പോയി താമസിക്കും. എന്നാൽ, മമ്മി ഞങ്ങളെ പാചകവും വീട്ടുജോലികളുമൊക്കെ പഠിപ്പിച്ചിരുന്നു. കൂടാതെ, ഞങ്ങൾ ഗ്രീക്ക് കത്തോലിക്ക സഭയിലെ അംഗങ്ങളായിരുന്നതിനാൽ, പ്രാർഥനകൾ മനഃപാഠമാക്കാനും മറ്റ് കർമങ്ങളിൽ പങ്കുപറ്റാനും ചെറുപ്പത്തിൽത്തന്നെ മമ്മി ഞങ്ങളെ പരിശീലിപ്പിച്ചു.ബൈബിൾ സത്യവുമായി സമ്പർക്കത്തിൽ വരുന്നു
ബൈബിളിലെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള അഭിവാഞ്‌ഛ ചെറുപ്പത്തിലേ എന്റെ മനസ്സിൽ ഉടലെടുത്തിരുന്നു. യഹോവയുടെ സാക്ഷികളിൽ ഒരുവനായിരുന്ന ഞങ്ങളുടെ അയൽക്കാരൻ പതിവായി ഞങ്ങളുടെ വീട്ടിൽ വന്ന് ദൈവരാജ്യത്തെയും അർമഗെദോനെയും പുതിയ ലോകത്തിലെ അനുഗ്രഹങ്ങളെയും സംബന്ധിച്ചു പറയുന്ന ബൈബിൾ ഭാഗങ്ങൾ വായിച്ചുകേൾപ്പിക്കുമായിരുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങളിൽ മമ്മിക്ക് അശേഷം താത്‌പര്യം ഇല്ലായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ സന്ദേശം മൈക്കിനെയും അലിക്‌സിനെയും വളരെ ആകർഷിച്ചു. അവർ പഠിച്ച കാര്യങ്ങൾ, രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനിക സേവനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള മനസ്സാക്ഷിപരമായ തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി മൈക്കിന് കുറച്ചുകാലം ജയിലിൽ കിടക്കേണ്ടിവന്നു. അലിക്‌സിനെ അധികാരികൾ ഒൺടേറിയോയിലെ തൊഴിൽപ്പാളയത്തിലേക്ക് അയച്ചു. കാലാന്തരത്തിൽ, ഫ്രെഡും വാലീയും സത്യം സ്വീകരിച്ചു. എന്നാൽ, എന്റെ മൂത്ത മൂന്നു സഹോദരന്മാരും അതു ചെയ്‌തില്ല. മമ്മിയാണെങ്കിൽ കുറെ വർഷത്തേക്ക് സത്യത്തോട് എതിർത്തുനിൽക്കുക പോലും ചെയ്‌തു. എങ്കിലും പിന്നീട് ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മി യഹോവയുടെ പക്ഷത്തു നിലയുറപ്പിച്ചു. 83-ാം വയസ്സിലാണു മമ്മി സ്‌നാപനമേറ്റത്. 96-ാം വയസ്സിൽ മമ്മി മരിച്ചു. ഡാഡിയും മരിക്കുന്നതിനു മുമ്പ് സത്യത്തോടു താത്‌പര്യം കാണിച്ചിരുന്നു.
പതിനേഴാം വയസ്സിൽ ഞാൻ ജോലി അന്വേഷിച്ച് വിനിപെഗിലേക്കു യാത്രയായി. കൂട്ടത്തിൽ മറ്റൊരു ഉദ്ദേശ്യവും എനിക്കുണ്ടായിരുന്നു, ബൈബിൾ പഠിക്കുന്നതിൽ എന്നെ സഹായിക്കാൻ കഴിയുന്നവരോടു സഹവസിക്കുക. യഹോവയുടെ സാക്ഷികൾ ആ സമയത്ത് നിരോധനത്തിൻ കീഴിൽ ആയിരുന്നു. എങ്കിലും യോഗങ്ങൾ മുടങ്ങാതെ നടക്കുന്നുണ്ടായിരുന്നു. ഞാൻ സംബന്ധിച്ച ആദ്യത്തെ യോഗം ഒരു വീട്ടിൽവെച്ചായിരുന്നു നടത്തിയത്. ഒരു ഗ്രീക്ക് കത്തോലിക്കാസഭ വിശ്വാസി ആയി വളർന്നുവന്ന എനിക്ക് കേട്ട കാര്യങ്ങൾ തുടക്കത്തിൽ വിചിത്രമായി തോന്നി. എങ്കിലും ക്രമേണ വൈദിക-അൽമായ ക്രമീകരണം തിരുവെഴുത്തുവിരുദ്ധമായിരിക്കുന്നതും വൈദികർ യുദ്ധ സംരംഭങ്ങളെ അനുഗ്രഹിക്കുമ്പോൾ ദൈവം അത് അംഗീകരിക്കാത്തതും എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായി. (യെശയ്യാവു 2:4; മത്തായി 23:8-10; റോമർ 12:17, 18) പറുദീസാവസ്ഥയിൽ ഭൂമിയിൽത്തന്നെ ജീവിക്കുന്നത്, അനന്തജീവൻ ആസ്വദിക്കാനായി വിദൂരത്തുള്ള ഏതോ ഒരു മണ്ഡലത്തിലേക്കു പോകുന്നതിനെക്കാൾ യുക്തിസഹവും പ്രായോഗികവുമാണെന്ന് എനിക്കു തോന്നി.
ഇതാണ് സത്യം എന്ന് എനിക്കു ബോധ്യമായി. അങ്ങനെ ഞാൻ യഹോവയ്‌ക്ക് എന്നെത്തന്നെ സമർപ്പിക്കുകയും 1942-ൽ വിനിപെഗിൽവെച്ച് സ്‌നാപനമേൽക്കുകയും ചെയ്‌തു. 1943-ൽ, കാനഡയിൽ യഹോവയുടെ സാക്ഷികളുടെമേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു, തുടർന്ന് പ്രസംഗവേല ഊർജിതപ്പെടുകയും ചെയ്‌തു. ബൈബിൾ സത്യം എന്നിൽ ആഴമായ സ്വാധീനം ചെലുത്താൻ തുടങ്ങിയിരുന്നു. ഒരു സഭാദാസനായി സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചു, അതുപോലെ പരസ്യയോഗ പരിപാടികൾ നിർവഹിക്കാനും നിയമിച്ചുകൊടുത്തില്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കാനും. ഐക്യനാടുകളിൽ നടന്ന വലിയ കൺവെൻഷനുകളിൽ സംബന്ധിച്ചത് ആത്മീയ പുരോഗതി കൈവരിക്കാൻ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.
യഹോവയ്‌ക്കുള്ള എന്റെ സേവനം വിപുലീകരിക്കുന്നു
തുടർന്ന് 1950-ൽ ഞാൻ ഒരു പയനിയർ ശുശ്രൂഷകനായി പേർ ചാർത്തി. ആ വർഷംതന്നെ ഡിസംബറിൽ ഒരു സർക്കിട്ട് മേൽവിചാരകനായി സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ടൊറന്റോയ്‌ക്കു സമീപമുള്ള ഒരു സർക്കിട്ടിലാണ് എനിക്കു പരിശീലനം ലഭിച്ചത്. പരിചയസമ്പന്നനും ഒരു വിശ്വസ്‌ത സഹോദരനുമായ ചാർളി ഹെപ്പ്‌വർത്തിൽനിന്നു പരിശീലനം നേടാൻ കഴിഞ്ഞത് ഒരു പദവിയായി ഞാൻ വീക്ഷിക്കുന്നു. പരിശീലനത്തിന്റെ അവസാന ആഴ്‌ച, വിനിപെഗിൽ സർക്കിട്ട് വേലയിലായിരുന്ന എന്റെ സഹോദരൻ അലിക്‌സിനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതും എനിക്കു സന്തോഷം നൽകി.
സഞ്ചാര മേൽവിചാരകൻ എന്ന നിലയിലുള്ള എന്റെ ആദ്യത്തെ സർക്കിട്ട് സമ്മേളനം—തുടക്കത്തിൽ പരാമർശിച്ചത്—ഓർമയിൽനിന്ന് ഒരിക്കലും മായില്ല. ആ സമ്മേളനത്തെ കുറിച്ച് എനിക്ക് ഉത്‌കണ്‌ഠ ഉണ്ടായിരുന്നു. എന്തായാലും, ഞങ്ങളുടെ ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനായ ജാക്ക് നേഥൻ സഹോദരൻ ഞങ്ങളെ തിരക്കും സന്തോഷവും ഉള്ളവരാക്കി നിറുത്തി. സന്നിഹിതരായിരുന്ന കുറച്ചു പേരെ വെച്ച് ഞങ്ങൾ സമ്മേളന പരിപാടികൾ തുടങ്ങി. ആദ്യം പരിപാടികളുടെ സംഗ്രഹം അവതരിപ്പിച്ചു. പിന്നെ ഞങ്ങൾ ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവെച്ചു. വീടുതോറും ബൈബിൾസന്ദേശം അവതരിപ്പിക്കേണ്ടതും അതുപോലെ മടക്കസന്ദർശനങ്ങൾ നടത്തേണ്ടതും എങ്ങനെയെന്നു ഞങ്ങൾ പരിശീലിച്ചു, ഭവന ബൈബിളധ്യയനങ്ങൾ
നടത്തേണ്ടത് എങ്ങനെയെന്നും അവതരിപ്പിച്ചുകാണിച്ചു. ഞങ്ങൾ രാജ്യഗീതങ്ങൾ പാടി. ആഹാരസാധനങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നു. ഏതാണ്ട് ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ഞങ്ങൾ കാപ്പിയും പലഹാരവും കഴിച്ചു. ചിലർ ബെഞ്ചുകളിലും സ്റ്റേജിലും കിടന്നുറങ്ങി, മറ്റുള്ളവരാകട്ടെ നിലത്തും. ഞായറാഴ്‌ച ആയപ്പോഴേക്കും കൊടുങ്കാറ്റ് അൽപ്പം ശമിച്ചിരുന്നു. അതുകൊണ്ട് പരസ്യപ്രസംഗത്തിന് 96 പേർ ഹാജരുണ്ടായിരുന്നു. ദുഷ്‌കരമായ സാഹചര്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ ഈ അനുഭവം എന്നെ പഠിപ്പിച്ചു.എന്റെ അടുത്ത സർക്കിട്ട് നിയമനം വടക്കൻ ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, പാതിരാ സൂര്യന്റെ നാട് എന്ന് അറിയപ്പെടുന്ന യൂക്കോൻ പ്രദേശം എന്നിവിടങ്ങളിലായിരുന്നു. സമനിരപ്പല്ലാത്ത അലാസ്‌ക ഹൈവേയിലൂടെ, ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൻ ക്രീക്കിൽനിന്ന് യൂക്കോനിലെ വൈറ്റ്‌ഹോഴ്‌സിലേക്ക് (1,477 കിലോമീറ്റർ ദൂരം) സഞ്ചരിക്കുന്നതിനും യാത്രയിൽ ഉടനീളം സാക്ഷീകരിക്കുന്നതിനും സഹിഷ്‌ണുതയും മുൻകരുതലും ആവശ്യമായിരുന്നു. ഹിമപ്രവാഹങ്ങളും വഴുവഴുപ്പുള്ള പർവത ചെരിവുകളുമെല്ലാം ഒരു യഥാർഥ വെല്ലുവിളിയായിരുന്നു. ഹിമവാതം മൂലം കാഴ്‌ചയ്‌ക്ക് തടസ്സമുണ്ടാകുന്നതും അപകടം ഉയർത്തിയിരുന്നു.
വിദൂര ഉത്തരദിക്കിൽ സത്യം ചെന്നെത്തിയ വിധം എന്നെ വളരെ അത്ഭുതപ്പെടുത്തി. ഒരിക്കൽ ഞാനും വാൾട്ടർ ലുക്കോവിറ്റ്‌സും സാക്ഷീകരണത്തിനിടയിൽ, ബ്രിട്ടീഷ് കൊളംബിയയിലെ ലോവർ പോസ്റ്റ് ഗ്രാമത്തിനു സമീപമുള്ള ഒരു വീട്ടിൽ ചെല്ലാനിടയായി. യൂക്കോൻ പ്രദേശത്തിന്റെ അതിർത്തിക്കടുത്ത്, അലാസ്‌ക ഹൈവേയുടെ ഓരത്തായി സ്ഥിതി ചെയ്‌തിരുന്ന ആ കൊച്ചുവീട്ടിൽ ആൾത്താമസം ഉണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായി. കാരണം അതിന്റെ ചെറിയ ജനാലയിലൂടെ അകത്ത് നേരിയ വെളിച്ചം ഞങ്ങൾ കാണുകയുണ്ടായി. അപ്പോൾ രാത്രി ഏതാണ്ട് ഒമ്പതു മണിയായിരുന്നു. ഞങ്ങൾ വാതിലിൽ മുട്ടി. അകത്തേക്കു വരാൻ ഒരു പുരുഷസ്വരം ആവശ്യപ്പെട്ടു. അകത്തുചെന്ന ഞങ്ങൾ അത്ഭുതപ്പെട്ടുപോയി! പ്രായംചെന്ന ഒരാൾ വീക്ഷാഗോപുരം മാസിക വായിച്ചുകൊണ്ട് കട്ടിലിൽ കിടക്കുന്നു, അതും ഞങ്ങൾ സമർപ്പിച്ചുകൊണ്ടിരുന്ന ലക്കത്തെക്കാൾ പുതിയ ഒന്ന്! തനിക്ക് അത് എയർമെയ്‌ൽ വഴി ലഭിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽനിന്നു പോന്നിട്ട് എട്ടു ദിവസത്തിലധികം കഴിഞ്ഞിരുന്നതിനാൽ ഏറ്റവും പുതിയ മാസികകൾ ഞങ്ങൾക്കു ലഭിച്ചിരുന്നില്ല. ഫ്രെഡ് ബർഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വർഷങ്ങളായി അദ്ദേഹം മാസികയുടെ ഒരു വരിക്കാരനായിരുന്നെങ്കിലും യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ സന്ദർശിക്കുന്നത് ഇതാദ്യമായിട്ട് ആയിരുന്നു. അന്ന് അവിടെ തങ്ങാൻ അദ്ദേഹം ഞങ്ങളോട് അഭ്യർഥിച്ചു. അദ്ദേഹവുമായി നിരവധി തിരുവെഴുത്തു സത്യങ്ങൾ പങ്കുവെക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അതുവഴി പതിവായി പോയിരുന്ന മറ്റ് സാക്ഷികൾ അദ്ദേഹത്തെ സന്ദർശിക്കുന്നതിന് ഞങ്ങൾ ഏർപ്പാടാക്കുകയും ചെയ്‌തു.
ഏതാനും വർഷം ഞാൻ മൂന്ന് ചെറിയ സർക്കിട്ടുകളിൽ സേവിച്ചു. കിഴക്ക്, ആൽബെർട്ടയിലെ ഗ്രാൻഡെ പ്രെയറി നഗരം മുതൽ പടിഞ്ഞാറ് അലാസ്‌കയിലുള്ള കോഡിയാക്ക് വരെ 3,500 കിലോമീറ്ററിലധികം ദൂരം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
മറ്റിടങ്ങളിലെ ആളുകളുടെ കാര്യത്തിലെന്നപോലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആളുകൾക്കും യഹോവയുടെ അനർഹദയ നേടാനാകുമെന്നും ദൈവാത്മാവ് നിത്യജീവനു ചേർന്ന ശരിയായ മനോനിലയുള്ളവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും പ്രചോദിപ്പിക്കുമെന്നും കാണാൻ കഴിഞ്ഞത് എന്നെ വളരെയധികം ആനന്ദിപ്പിച്ചു. അത്തരം ആളുകളിൽ ഒരുവനായിരുന്നു യൂക്കോനിലെ ഡോസൻ നഗരത്തിൽനിന്നുള്ള—ഇപ്പോൾ ഡോസൻ എന്നറിയപ്പെടുന്നു—ഹെന്‌റി ലെപൈൻ. ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് ഹെന്‌റി താമസിച്ചിരുന്നത്. 60-ലധികം വർഷമായി അദ്ദേഹം ആ സ്വർണഖനി പ്രദേശത്തിനു വെളിയിൽ വന്നിട്ടില്ലായിരുന്നു. എന്നിരുന്നാലും ആങ്കറിജിൽ നടന്ന ഒരു സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കാനായി അങ്ങോട്ടുമിങ്ങോട്ടും 1,600 കിലോമീറ്ററിലധികം ദൂരം വീതം യാത്ര ചെയ്യാൻ ഒരു സഭായോഗത്തിൽപ്പോലും അതുവരെ സംബന്ധിച്ചിട്ടില്ലാഞ്ഞ ഈ 84-കാരനെ യഹോവയുടെ ആത്മാവ് പ്രചോദിപ്പിച്ചു. പരിപാടികളും അവിടെ ആസ്വദിക്കാൻ കഴിഞ്ഞ സഹവാസവും അദ്ദേഹത്തെ പുളകംകൊള്ളിച്ചു. ഡോസൻ നഗരത്തിൽ തിരിച്ചെത്തിയ ഹെന്‌റി മരണം വരെ തന്റെ വിശ്വസ്‌തഗതിയിൽ തുടർന്നു. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഈ വൃദ്ധനെ പ്രേരിപ്പിച്ചത് എന്തായിരിക്കാമെന്ന് ഹെന്‌റിയെ അറിയാമായിരുന്ന പലരും ചിന്തിച്ചു. ഈ ജിജ്ഞാസ, പ്രായമായ ഏതാനും പേർ കൂടി സത്യം സ്വീകരിക്കുന്നതിന് ഇടയാക്കി. അങ്ങനെ, നേരിട്ടല്ലെങ്കിലും നല്ല ഒരു സാക്ഷ്യം നൽകാൻ ഹെന്‌റിക്കു കഴിഞ്ഞു.
യഹോവയുടെ അനർഹദയയ്‌ക്കു പാത്രമാകുന്നു
അങ്ങനെയിരിക്കെ 1955-ൽ, വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിന്റെ 26-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈ പരിശീലനം എന്റെ വിശ്വാസത്തെ ബലപ്പെടുത്തുകയും യഹോവയിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുകയും ചെയ്‌തു. പരിശീലനം കഴിഞ്ഞപ്പോൾ കാനഡയിലെ സർക്കിട്ട് വേലയിൽത്തന്നെ തുടരാനുള്ള നിയമനം എനിക്കു ലഭിച്ചു.
ഒരു വർഷത്തോളം ഞാൻ ഒൺടേറിയോ പ്രവിശ്യയിൽ സേവിച്ചു. പിന്നീട്, മനോഹരമായ ഉത്തരദിക്കിലേക്ക് എനിക്കു വീണ്ടും നിയമനം ലഭിച്ചു. സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന തടാകങ്ങളും അവയ്‌ക്ക് അതിരുകൾ ചമയ്‌ക്കുന്ന ഹൈവേകളും മഞ്ഞുമൂടിയ മാമലകളും മലമ്പാതകളുമൊക്കെ എനിക്കിന്നും കൺമുന്നിലെന്നവണ്ണം കാണാം. വേനൽക്കാലത്ത് താഴ്‌വാരങ്ങളിലും പുൽമേടുകളിലും കാട്ടുപൂക്കൾ നിറപ്പകിട്ടാർന്ന പരവതാനി തീർക്കും. അവിടത്തെ വായുവും വെള്ളവും ശുദ്ധമാണ്. കരടികൾ, ചെന്നായ്‌ക്കൾ, കടമാൻ, കാരിബൂ തുടങ്ങിയ കാട്ടുമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസത്തിൽ സ്വൈര്യമായി വിഹരിക്കുന്നു.
എന്നിരുന്നാലും അലാസ്‌കയിൽ സേവിക്കുന്നതിന് അതിന്റേതായ വെല്ലുവിളികളും ഉണ്ടായിരുന്നു—മാറുന്ന കാലാവസ്ഥയും ദൂരക്കൂടുതലും ഒരു പ്രശ്‌നംതന്നെ ആയിരുന്നു. കിഴക്കുനിന്ന് പടിഞ്ഞാറുവരെ 3,200 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമായിരുന്നു എന്റെ സർക്കിട്ട്. അന്ന് അവിടെ, സർക്കിട്ട് മേൽവിചാരകന് വേലയിൽ ഉപയോഗിക്കാനായി കാർ നൽകുന്ന ക്രമീകരണം ഇല്ലായിരുന്നു. അതുകൊണ്ട് ഒരു സഭയിൽനിന്നു മറ്റൊന്നിലേക്ക് എന്നെ വണ്ടിയിൽ കൊണ്ടാക്കിയിരുന്നത് സ്വമനസ്സാലെ മുന്നോട്ടുവന്ന സ്ഥലത്തെ സഹോദരങ്ങളാണ്. ചിലപ്പോൾ, ലിഫ്‌റ്റ് കിട്ടാൻ ഞാൻ ലോറിക്കാരെയും വിനോദസഞ്ചാരികളെയും ആശ്രയിച്ചിട്ടുണ്ട്.
ഒരിക്കൽ അലാസ്‌കയിലെ ടോക്ക് ജങ്‌ഷനും മൈൽ 1202-നും (അഥവാ സകോട്ടി ക്രീക്ക് പ്രദേശം) ഇടയ്‌ക്കുള്ള അലാസ്‌ക ഹൈവേയിൽ വെച്ച് ഒരു അനുഭവം ഉണ്ടായി. ഈ രണ്ട് സ്ഥലങ്ങളിലെയും കസ്റ്റംസ് ഓഫീസുകൾ തമ്മിൽ ഏതാണ്ട് 160 കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു. ടോക്ക് ജങ്‌ഷനിലുള്ള ഐക്യനാടുകളുടെ കസ്റ്റംസ് ഓഫീസ് വിട്ടശേഷം എനിക്ക് ഒരു ലിഫ്‌റ്റ് കിട്ടി. അങ്ങനെ അമ്പതു കിലോമീറ്ററോളം ഞാൻ യാത്ര ചെയ്‌തു. അതിനുശേഷം വണ്ടിയൊന്നും അതുവഴി വന്നില്ല, 40 കിലോമീറ്ററിലധികം ദൂരം ഞാൻ നടന്നു. പത്തു മണിക്കൂർ ഞാൻ ആ നടത്തം നടന്നു. ഞാൻ കസ്റ്റംസ് ഓഫീസ് വിട്ട് അധികം കഴിയുന്നതിന് മുമ്പ്, കുറച്ചകലെ ഉണ്ടായ ഒരു ഹിമപ്രവാഹം നിമിത്തം ഹൈവേയിലൂടെയുള്ള ഗതാഗതം നിലച്ച വിവരം പിന്നീടു മാത്രമാണ് ഞാൻ മനസ്സിലാക്കിയത്. അർധരാത്രിയോടെ താപനില -23 ഡിഗ്രി സെൽഷ്യസ് ആയി താണു. ഏറ്റവും അടുത്തുള്ള ലോഡ്‌ജിൽ എത്താൻതന്നെ പിന്നെയും ഏതാണ്ട് 80 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. എങ്ങനെയും എനിക്ക് തല ചായ്‌ക്കാൻ ഒരിടം കണ്ടെത്തേണ്ടിയിരുന്നു.
അങ്ങനെ പ്രയാസപ്പെട്ടു നടക്കുമ്പോൾ, റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഒരു കാർ കിടക്കുന്നതു കണ്ടു. അതിന്റെ പകുതിയോളം മഞ്ഞിനടിയിലായിരുന്നു. എങ്ങനെയെങ്കിലും അതിനകത്ത് കയറി കുഷിനിട്ട സീറ്റിൽ കിടന്നുറങ്ങാൻ
കഴിഞ്ഞാൽ, ആ തണുത്ത രാത്രി തള്ളിനീക്കാനാവുമെന്ന് ഞാൻ ഓർത്തു. ഞാൻ മഞ്ഞ് നീക്കംചെയ്യാൻ തുടങ്ങി, ഒടുവിൽ ഡോർ തുറക്കാമെന്ന അവസ്ഥയായി. എന്നാൽ വണ്ടിക്കകത്തേക്കു നോക്കിയപ്പോൾ സീറ്റെല്ലാം നീക്കം ചെയ്‌തിരിക്കുന്നതാണു കണ്ടത്. സന്തോഷകരമെന്നു പറയട്ടെ, റോഡിൽനിന്ന് അകലെയല്ലാതെ ഒരു ഒഴിഞ്ഞ കാബിൻ കണ്ടെത്താൻ എനിക്കു കഴിഞ്ഞു. ഒരുവിധം അതിനകത്തു കയറിപ്പറ്റി ഞാൻ തീ കത്തിച്ചു. ഏതാനും മണിക്കൂർ എനിക്ക് അവിടെ വിശ്രമിക്കാൻ സാധിച്ചു. രാവിലെ, എനിക്ക് അടുത്ത ലോഡ്‌ജിലേക്കു പോകാൻ ഒരു വണ്ടിയിൽ ലിഫ്‌റ്റ് കിട്ടി. അവിടെ എനിക്കു ഭക്ഷണം ലഭിച്ചു, ആകെ വിശന്നുവലഞ്ഞ അവസ്ഥയിലായിരുന്നു ഞാൻ. കൂടാതെ എന്റെ വിരലുകളിലുണ്ടായ മുറിവു വെച്ചുകെട്ടാനും എനിക്കു സാധിച്ചു.ഉത്തരദിക്കിൽ യഹോവ വളർച്ച സാധ്യമാക്കുന്നു
ഫെയർബാങ്ക്‌സ് നഗരത്തിലെ എന്റെ ആദ്യ സന്ദർശനം അത്യന്തം പ്രോത്സാഹജനകമായിരുന്നു. ഞങ്ങൾക്ക് ശുശ്രൂഷയിൽ നല്ല വിജയം ആസ്വദിക്കാൻ കഴിഞ്ഞു, ഞായറാഴ്‌ചത്തെ പരസ്യപ്രസംഗത്തിന് ഏതാണ്ട് 50 പേർ ഹാജരായി. വെർണർ ഡേവിസും ഭാര്യ ലോറേനും താമസിച്ചിരുന്ന കൊച്ചു മിഷനറി ഭവനത്തിലാണ് ഞങ്ങൾ കൂടിവന്നത്. വീടിന്റെ അടുക്കളയിൽനിന്നും കിടപ്പുമുറിയിൽനിന്നും ഇടനാഴിയിൽനിന്നുമൊക്കെ ആളുകൾ തല പുറത്തേക്കിട്ട് പ്രസംഗം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു രാജ്യഹാൾ നിർമിക്കുന്നത് ഫെയർബാങ്ക്‌സിലെ പ്രസംഗപ്രവർത്തനത്തിന്മേൽ നല്ല ഫലം ഉളവാക്കുമെന്ന് ക്രിയാത്മകമായ ഈ പ്രതികരണത്തിൽനിന്നു ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് യഹോവയുടെ സഹായത്താൽ ഞങ്ങൾ അഴിച്ചു മാറ്റാവുന്ന ഭാഗങ്ങളോടു കൂടിയ ഒരു വലിയ തടിക്കെട്ടിടം വിലയ്‌ക്കു വാങ്ങി. മുമ്പ് അത് ഒരു ഡാൻസ് ഹാൾ ആയിട്ടാണ് ഉപയോഗിച്ചിരുന്നത്. അത് ഞങ്ങൾ രാജ്യഹാളിനു പറ്റിയ അനുയോജ്യമായ ഒരിടത്തേക്കു മാറ്റി. അവിടെ ഞങ്ങൾ ഒരു കിണർ കുഴിച്ചു, കുളിമുറികൾ പണിതു. കെട്ടിടത്തിന്റെ അകം ചൂടാക്കുന്നതിനുള്ള ഒരു സംവിധാനവും ഉണ്ടാക്കി. ഒരു വർഷത്തിനുള്ളിൽ ഫെയർബാങ്ക്‌സിൽ ഒരു രാജ്യഹാൾ സ്ഥാപിതമായി. ഒരു അടുക്കള കൂടെ പണിത ശേഷം, 1958-ൽ ആ ഹാൾ ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ നടത്താൻ വേണ്ടി ഞങ്ങൾ ഉപയോഗിച്ചു. 330 പേർ ആ കൺവെൻഷനിൽ സംബന്ധിച്ചു.
തുടർന്ന്, 1960-ലെ വേനലിൽ, ഐക്യനാടുകളിലും കാനഡയിലും ഉള്ള എല്ലാ സഞ്ചാര മേൽവിചാരകന്മാർക്കും വേണ്ടി നടത്തപ്പെട്ട ഒരു റിഫ്രഷർ കോഴ്‌സിൽ സംബന്ധിക്കാനായി ഞാൻ ന്യൂയോർക്കിലെ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തേക്ക് കാറിൽ ഒരു നീണ്ട യാത്ര നടത്തി. അവിടെ വെച്ച്, നേഥൻ നോർ സഹോദരനും ഉത്തരവാദിത്വപ്പെട്ട മറ്റു സഹോദരന്മാരും അലാസ്‌കയിൽ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായുന്നതിനു വേണ്ടി ഞാനുമായി ഒരു അഭിമുഖം നടത്തി. ഏതാനും മാസങ്ങൾക്കു ശേഷം ഞങ്ങളെ ഏവരെയും സന്തോഷിപ്പിച്ച ഒരു വാർത്ത ലഭിച്ചു—1961 സെപ്‌റ്റംബർ 1 മുതൽ അലാസ്‌കയ്‌ക്ക് സ്വന്തമായ ഒരു ബ്രാഞ്ച് ഓഫീസ് ഉണ്ടാകാൻ പോകുന്നു! ബ്രാഞ്ച് പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ആൻഡ്രൂ കെ. വാഗ്‌നർ സഹോദരനു നിയമനം ലഭിച്ചു. അദ്ദേഹവും ഭാര്യ വിറായും 20 വർഷം ബ്രുക്ലിനിൽ സേവിച്ചിരുന്നു, സഞ്ചാര വേലയിലും അവർക്ക് അനുഭവപരിചയം ഉണ്ടായിരുന്നു. അലാസ്‌കയിൽ ഒരു ബ്രാഞ്ച് ഓഫീസ് വന്നത് വലിയ ഒരു സഹായമായിരുന്നു. കാരണം യാത്ര കുറയ്‌ക്കാനും അങ്ങനെ സഭകളുടെയും ഒറ്റപ്പെട്ട പ്രദേശങ്ങളുടെയും പ്രത്യേക ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും അത് സർക്കിട്ട് മേൽവിചാരകന്മാരെ സഹായിച്ചു.
ഉത്തരദിക്കിൽ 1962-ലെ വേനൽ സന്തോഷത്തിന്റെ സമയമായിരുന്നു. ബ്രാഞ്ച് ഓഫീസിന്റെ സമർപ്പണം നടന്നു. കൂടാതെ അലാസ്‌കയിലെ ജൂനോയിൽ ഒരു ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ നടന്നു. ജൂനോയിലും യൂക്കോനിലെ വൈറ്റ്‌ഹോഴ്‌സിലും പുതിയ രാജ്യഹാളുകൾ നിർമിക്കപ്പെട്ടു, അതുപോലെ നിരവധി പുതിയ ഒറ്റപ്പെട്ട കൂട്ടങ്ങളും രൂപംകൊണ്ടു.
തിരിച്ച് കാനഡയിലേക്ക്
വർഷങ്ങളായി ഞാൻ കാനഡയിലുള്ള, റീറ്റാ എന്ന ചുരുക്കപ്പേരുള്ള മാർഗറീറ്റാ പെറ്റ്രാസിന് കത്തുകൾ എഴുതാറുണ്ടായിരുന്നു. 1947-ൽ പയനിയർ സേവനത്തിൽ പ്രവേശിച്ച അവൾ 1955-ൽ ഗിലെയാദിൽനിന്ന് ബിരുദമെടുത്തിരുന്നു. റീറ്റാ കിഴക്കൻ കാനഡയിൽ പയനിയറിങ് നടത്തിക്കൊണ്ടിരിക്കെ, ഞാൻ അവളോട് വിവാഹാഭ്യർഥന നടത്തി, അവൾ സമ്മതം മൂളുകയും ചെയ്‌തു. 1963 ഫെബ്രുവരിയിൽ വൈറ്റ്‌ഹോഴ്‌സിൽവെച്ച് ഞങ്ങൾ വിവാഹിതരായി. ആ വർഷം ശരത്‌കാലത്ത് എനിക്ക് പടിഞ്ഞാറൻ കാനഡയിൽ സർക്കിട്ട് വേലയിൽ ഏർപ്പെടാൻ നിയമനം ലഭിച്ചു. പിന്നത്തെ 25 വർഷം ഞങ്ങൾ സന്തോഷത്തോടെ അവിടെ സേവിച്ചു.
എന്നാൽ 1988-ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഞങ്ങളെ മാനിറ്റോബയിലെ വിനിപെഗിൽ പ്രത്യേക പയനിയർമാരായി നിയമിച്ചു. ഒരു സമ്മേളന ഹാൾ പരിപാലിക്കുന്ന ചുമതലയും ഇതിൽ ഉൾപ്പെട്ടിരുന്നു, ഏതാണ്ട് അഞ്ചു വർഷം ഞങ്ങൾ അതു ചെയ്‌തു. ആനന്ദകരമായ ശിഷ്യരാക്കൽവേലയിൽ സാധ്യമാകുന്നത്ര ഞങ്ങൾ ഇന്നും പങ്കുപറ്റുന്നുണ്ട്. സർക്കിട്ട് വേലയിലായിരിക്കെ ഞങ്ങൾ അനേകം ബൈബിളധ്യയനങ്ങൾ തുടങ്ങുകയും അത് മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോൾ യഹോവയുടെ അനർഹദയ നിമിത്തം, അധ്യയനം തുടങ്ങുന്നതിന്റെ മാത്രമല്ല വിദ്യാർഥികൾ സമർപ്പണത്തിലേക്കും സ്‌നാപനത്തിലേക്കും പുരോഗമിക്കുന്നതു കാണുന്നതിന്റെയും സന്തോഷം ആസ്വദിക്കാൻ ഞങ്ങൾക്കു കഴിയുന്നു.
യഹോവയെ സേവിക്കുന്നതാണ് ഏറ്റവും നല്ല ജീവിതഗതി എന്ന് എനിക്കു ബോധ്യമുണ്ട്. അത് അർഥവത്താണ്, സംതൃപ്‌തിദായകമാണ്. കൂടാതെ അത് ഓരോ ദിവസവും യഹോവയോടുള്ള സ്‌നേഹത്തിന്റെ ആഴം വർധിപ്പിക്കുകയും ചെയ്യുന്നു. യഥാർഥ സന്തുഷ്ടി കൈവരുത്തുന്നത് ഇതാണ്. ഞങ്ങളുടെ ദിവ്യാധിപത്യ നിയമനം എന്തായിരുന്നാലും, ഞങ്ങൾ ഏതു ദേശത്ത് ആയിരുന്നാലും, സങ്കീർത്തനക്കാരന്റെ ഈ വാക്കുകളോടു ഞങ്ങൾ യോജിക്കുന്നു: “യഹോവ ദൈവമായിരിക്കുന്ന ജനം സന്തോഷമുള്ളത്.”—സങ്കീർത്തനം 144:15, NW.
[24, 25 പേജുകളിലെ ചിത്രം]
സർക്കിട്ട് വേലയിൽ
[25 -ാം പേജിലെ ചിത്രം]
ഡോസൻ നഗ രത്തിൽ ഹെന്‌റി ലെപൈനെ സന്ദർശിക്കുന്നു, ഇടത്ത് ഞാൻ
[26 -ാം പേജിലെ ചിത്രം]
ആങ്കറിജിലെ ആദ്യത്തെ രാജ്യഹാൾ
[26 -ാം പേജിലെ ചിത്രം]
റീറ്റായും ഞാനും, 1998-ൽ