വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“രണ്ടു പേർ ഞങ്ങളുടെ കതകിൽ മുട്ടിവിളിച്ചു”

“രണ്ടു പേർ ഞങ്ങളുടെ കതകിൽ മുട്ടിവിളിച്ചു”

“രണ്ടു പേർ ഞങ്ങളുടെ കതകിൽ മുട്ടിവിളിച്ചു”

“ഞങ്ങളുടെ പൊന്നു മോളെ ഞങ്ങൾക്കു നഷ്ടമായിട്ട്‌ രണ്ടു വർഷമായി, ഞങ്ങൾക്കു താങ്ങാവുന്നതിലും വലിയ ദുഃഖമായിരുന്നു അത്‌.” ഫ്രാൻസിലെ സെന്റ്‌ ഏറ്റ്യെൻ നഗരത്തിൽ പ്രസിദ്ധീകരിക്കുന്ന ലെ പ്രോഗ്രെ എന്ന വർത്തമാനപത്രത്തിൽ അച്ചടിച്ചുവന്ന ഒരു തുറന്ന കത്തിലെ പ്രാരംഭ വാക്കുകളാണ്‌ അവ.

“മേലീസായ്‌ക്ക്‌ മൂന്നു മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ, ട്രൈസോമി 18 എന്ന മാരക വൈകല്യമായിരുന്നു അവൾക്ക്‌. ഈ ദുരന്തം അങ്ങേയറ്റത്തെ ഒരു അനീതിയായി കാണപ്പെട്ടു. അതിന്റെ ആഘാതത്തിൽനിന്ന്‌ ഞങ്ങൾക്ക്‌ ഒരിക്കലും പൂർണമായി വിമുക്തരാകാനാവില്ല. ഞങ്ങൾ കത്തോലിക്ക മതവിശ്വാസികൾ ആയിരുന്നെങ്കിലും, ‘ദൈവമേ, നീ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാൻ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌’ എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു.” ഈ കത്ത്‌ എഴുതിയ അമ്മ വളരെയധികം മനഃക്ലേശവും നിസ്സഹായതയും അനുഭവിച്ചിരുന്നു എന്നു വ്യക്തം. കത്ത്‌ ഇങ്ങനെ തുടരുന്നു:

“ഈ സംഭവങ്ങൾ നടന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌, രണ്ടു പേർ ഞങ്ങളുടെ കതകിൽ മുട്ടിവിളിച്ചു. അവർ യഹോവയുടെ സാക്ഷികളാണെന്ന്‌ എനിക്ക്‌ ഉടനടി മനസ്സിലായി. ഞാൻ നയപൂർവം അവരെ പറഞ്ഞുവിടാൻ ഒരുങ്ങുകയായിരുന്നു, അപ്പോഴാണ്‌ അവർ വെച്ചുനീട്ടിയ ലഘുപത്രിക ഞാൻ ശ്രദ്ധിച്ചത്‌. ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നതിന്റെ കാരണത്തെ കുറിച്ചു പറയുന്ന ഒന്നായിരുന്നു അത്‌. അവരുടെ വാദമുഖങ്ങൾ ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ അവരെ അകത്തേക്കു വിളിച്ചു. കഷ്ടതയുടെ കാര്യം എടുക്കുകയാണെങ്കിൽ എന്റെ കുടുംബം അത്‌ വേണ്ടതിലധികം അനുഭവിച്ചിട്ടുണ്ടെന്നും ‘ദൈവമാണ്‌ നിങ്ങൾക്ക്‌ അവളെ തന്നത്‌, ദൈവംതന്നെ അവളെ തിരിച്ചെടുത്തു’ എന്നതുപോലുള്ള പൊള്ളയായ ആശ്വാസവാക്കുകൾ കേൾക്കാൻ ഇനി താത്‌പര്യമില്ലെന്നും ഞാൻ ചിന്തിച്ചു. സാക്ഷികൾ എന്നോടൊപ്പം ഒരു മണിക്കൂറിലധികം ചെലവഴിച്ചു. ഞാൻ പറഞ്ഞതെല്ലാം വളരെ സഹാനുഭൂതിയോടെ അവർ കേട്ടിരുന്നു. അവർ പോകാറായപ്പോഴേക്കും എന്റെ മനസ്സ്‌ ഏറെക്കുറെ ശാന്തമായിരുന്നു. അതുകൊണ്ട്‌ മറ്റൊരു സന്ദർശനത്തിനു ഞാൻ സമ്മതിച്ചു. രണ്ടു വർഷം മുമ്പാണ്‌ ഇതു നടന്നത്‌. ഞാൻ ഒരു യഹോവയുടെ സാക്ഷിയായിട്ടില്ല. പക്ഷേ അവരുമൊത്ത്‌ ബൈബിൾ പഠിക്കുന്നുണ്ട്‌, സാധ്യമാകുമ്പോഴൊക്കെ അവരുടെ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നു.”