വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹോവ തന്റെ പുരാതന ദാസന്മാരായ ഇസ്രായേല്യർക്കിടയിൽ ബഹുഭാര്യത്വം അനുവദിച്ചെങ്കിലും ഇപ്പോൾ അത്‌ അനുവദിക്കുന്നില്ല. അവന്റെ നിലവാരത്തിനു മാറ്റംവരാവുന്നതാണോ?

ബഹുഭാര്യത്വം സംബന്ധിച്ച തന്റെ വീക്ഷണത്തിന്‌ യഹോവ മാറ്റം വരുത്തിയിട്ടില്ല. (സങ്കീർത്തനം 19:7; മലാഖി 3:6) തുടക്കം മുതൽത്തന്നെ, അത്‌ മനുഷ്യവർഗത്തിനു വേണ്ടിയുള്ള അവന്റെ ക്രമീകരണത്തിന്റെ ഭാഗമല്ലായിരുന്നു, ഇപ്പോഴും അല്ല. യഹോവ ആദാമിന്റെ ഭാര്യയായി ഹവ്വായെ സൃഷ്ടിച്ചപ്പോൾ, ഒരു ഭർത്താവിന്‌ ഒരു ഭാര്യ എന്നതാണ്‌ ദിവ്യ നിലവാരമെന്ന്‌ അവൻ പ്രസ്‌താവിച്ചു. “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പററിച്ചേരും; അവർ ഏകദേഹമായി തീരും.”—ഉല്‌പത്തി 2:24.

യേശുക്രിസ്‌തു ഭൂമിയിൽ ആയിരുന്നപ്പോൾ, വിവാഹമോചനത്തെയും പുനർവിവാഹത്തെയും കുറിച്ചു ചോദ്യം ഉന്നയിച്ചവർക്ക്‌ നൽകിയ മറുപടിയിൽ അവൻ ഈ നിലവാരം ആവർത്തിച്ചു. അവൻ പറഞ്ഞു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പററിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്‌തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ.” യേശു തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറെറാരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.” (മത്തായി 19:4-6, 9) കൂടുതലായി ഒന്നോ അതിലധികമോ ഭാര്യമാരെ സ്വീകരിക്കുന്നതും വ്യഭിചാരമാണെന്ന്‌ ഇതിൽനിന്നു വ്യക്തമാണ്‌.

അങ്ങനെയെങ്കിൽ, പുരാതന കാലത്ത്‌ ബഹുഭാര്യത്വം അനുവദിച്ചിരുന്നത്‌ എന്തുകൊണ്ട്‌? ഈ സമ്പ്രദായത്തിന്റെ കാരണഭൂതൻ യഹോവ ആയിരുന്നില്ല എന്നതു മനസ്സിൽ പിടിക്കുക. ഒന്നിലധികം ഭാര്യമാർ ഉള്ളതായി ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ആദ്യ വ്യക്തി കയീന്റെ വംശജനായ ലാമെക്‌ ആണ്‌. (ഉല്‌പത്തി 4:19-24) നോഹയുടെ നാളിൽ യഹോവ ജലപ്രളയം വരുത്തിയപ്പോൾ നോഹയ്‌ക്കും അവന്റെ മൂന്നു പുത്രന്മാർക്കും ഓരോ ഭാര്യമാരേ ഉണ്ടായിരുന്നുള്ളൂ. ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്ന എല്ലാവരും പ്രളയത്തിൽ നശിപ്പിക്കപ്പെട്ടു.

നൂറ്റാണ്ടുകൾക്കു ശേഷം യഹോവ ഇസ്രായേല്യരെ തന്റെ ജനമായി തിരഞ്ഞെടുത്തപ്പോൾ അവർക്കിടയിൽ അപ്പോൾത്തന്നെ ബഹുഭാര്യത്വം നിലനിന്നിരുന്നു. അത്‌ അത്ര വ്യാപകമല്ലായിരുന്നു എന്നു മാത്രം. ഒന്നിലധികം ഭാര്യമാർ ഉള്ളവർ ഒരു ഭാര്യയെ മാത്രം നിറുത്തി മറ്റുള്ളവരെ ഉപേക്ഷിക്കാൻ ദൈവം ആവശ്യപ്പെട്ടില്ല, മറിച്ച്‌ ഈ നടപടിയുമായി ബന്ധപ്പെട്ട്‌ അവൻ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തി.—പുറപ്പാടു 21:10, 11; ആവർത്തനപുസ്‌തകം 21:15-17.

എന്നാൽ ബഹുഭാര്യത്വത്തിനുള്ള അനുവാദം താത്‌കാലികം മാത്രമായിരുന്നു. വിവാഹം സംബന്ധിച്ച യഹോവയുടെ ആദിമ നിലവാരത്തെ കുറിച്ചുള്ള യേശുവിന്റെ പ്രസ്‌താവനയിൽനിന്നു മാത്രമല്ല ദൈവത്തിന്റെ പരിശുദ്ധാത്മ നിശ്വസ്‌തതയിൽ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതിയ വാക്കുകളിൽനിന്നും അതു നമുക്കു മനസ്സിലാക്കാവുന്നതാണ്‌. പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.” (1 കൊരിന്ത്യർ 7:2) ക്രിസ്‌തീയ സഭയിൽ മേൽവിചാരകനോ ശുശ്രൂഷാദാസനോ ആയി നിയമിക്കപ്പെടുന്ന വ്യക്തി ‘ഏകഭാര്യയുടെ ഭർത്താവ്‌’ ആയിരിക്കണമെന്ന്‌ എഴുതാനും അവൻ നിശ്വസ്‌തനാക്കപ്പെട്ടു.​—⁠1 തിമൊഥെയൊസ്‌ 3:2, 12; തീത്തൊസ്‌ 1:⁠6.

അങ്ങനെ, ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ ക്രിസ്‌തീയ സഭ നിലവിൽവന്നതു വരെ മാത്രമേ യഹോവ ബഹുഭാര്യത്വം അനുവദിച്ചുകൊടുത്തുള്ളൂ. ആ സമയത്ത്‌, ആദിയിൽ പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിച്ചപ്പോൾ വിവാഹം സംബന്ധിച്ച്‌ ദൈവത്തിന്‌ ഉണ്ടായിരുന്ന നിലവാരം വീണ്ടും സ്ഥാപിക്കപ്പെട്ടു: ഒരു പുരുഷന്‌ ഒരു ഭാര്യ. ലോകമെങ്ങുമുള്ള ദൈവജനം ഇന്ന്‌ ഈ നിലവാരമാണു പിൻപറ്റുന്നത്‌.​—⁠മർക്കൊസ്‌ 10:11, 12; 1 കൊരിന്ത്യർ 6:9, 10.