വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യത്തിന്റെ ദൈവത്തെ അനുകരിക്കൽ

സത്യത്തിന്റെ ദൈവത്തെ അനുകരിക്കൽ

സത്യത്തിന്റെ ദൈവത്തെ അനുകരിക്കൽ

“പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.”​—⁠എഫെസ്യർ 5:⁠1.

1. സത്യത്തെ കുറിച്ചു ചിലർ വിശ്വസിക്കുന്നതെന്ത്‌, അവരുടെ ന്യായവാദം തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

“സത്യം എന്നാൽ എന്ത്‌?” (യോഹന്നാൻ 18:38) ഏതാണ്ട്‌ 2000 വർഷം മുമ്പ്‌ പൊന്തിയൊസ്‌ പീലാത്തൊസ്‌ സന്ദേഹപൂർവം ഉന്നയിച്ച ആ ചോദ്യത്തിന്‌, കൃത്യമായി നിർവചിക്കാനോ അന്വേഷിച്ചു കണ്ടെത്താനോ കഴിയാത്തവിധം ദുർഗ്രഹമായ ഒന്നാണ്‌ സത്യം എന്ന ധ്വനിയാണുള്ളത്‌. ഇന്നത്തെ അനേകർക്കും അതേ അഭിപ്രായമാണ്‌ ഉള്ളത്‌. സത്യത്തിന്റെ സ്വഭാവംതന്നെ ആക്രമിക്കപ്പെടുകയാണ്‌. ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കുന്നതാണ്‌ സത്യം എന്നോ സത്യം ആപേക്ഷികമാണെന്നോ സത്യം സദാ മാറിക്കൊണ്ടിരിക്കുകയാണെന്നോ പറയുന്നത്‌ നിങ്ങൾ കേട്ടിട്ടുണ്ടാകാം. അത്തരം ന്യായവാദം ശരിയല്ല. ഗവേഷണങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ലക്ഷ്യംതന്നെ നാം ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള വസ്‌തുതകൾ അഥവാ സത്യം പഠിക്കുക എന്നതാണ്‌. വ്യക്തിപരമായ അഭിപ്രായമല്ല സത്യം എന്താണെന്നു നിർണയിക്കുന്നത്‌. ഉദാഹരണത്തിന്‌, മനുഷ്യന്റെ ഉള്ളിൽ മരണത്തെ അതിജീവിക്കുന്ന എന്തോ ഉണ്ട്‌, അല്ലെങ്കിൽ ഇല്ല. സാത്താൻ ഉണ്ട്‌, അല്ലെങ്കിൽ ഇല്ല. ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ട്‌, അല്ലെങ്കിൽ ഇല്ല. ഇതിലെല്ലാം ശരിയായ ഒരു ഉത്തരമേ ഉണ്ടായിരിക്കൂ. ഒന്നു ശരിയും മറ്റേത്‌ തെറ്റുമാണ്‌. രണ്ടിനും ശരിയായിരിക്കാനാവില്ല.

2. ഏതു വിധങ്ങളിലാണ്‌ യഹോവ സത്യത്തിന്റെ ദൈവമായിരിക്കുന്നത്‌, ഇപ്പോൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും?

2 മുൻ ലേഖനത്തിൽ, യഹോവ സത്യത്തിന്റെ ദൈവമാണെന്നു നാം കണ്ടുകഴിഞ്ഞു. സകലതും സംബന്ധിച്ച സത്യം അവന്‌ അറിയാം. വഞ്ചകനായ എതിരാളിയായ പിശാചായ സാത്താനിൽനിന്നു തികച്ചും വ്യത്യസ്‌തമായി യഹോവ എല്ലായ്‌പോഴും സത്യവാനാണ്‌. അവൻ മറ്റുള്ളവർക്കു സത്യം വെളിപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു, ഒട്ടും മറച്ചുവെക്കാതെ. അപ്പൊസ്‌തലനായ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” (എഫെസ്യർ 5:1) യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ, സത്യം സംസാരിക്കുന്നതിലും സത്യത്തിനൊത്തു ജീവിക്കുന്നതിലും അവനെ നമുക്ക്‌ എങ്ങനെ അനുകരിക്കാനാകും? അങ്ങനെ ചെയ്യേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? സത്യത്തിന്റെ മാർഗത്തിൽ ചരിക്കുന്നവരെ യഹോവ അംഗീകരിക്കുന്നു എന്നതിന്‌ നമുക്ക്‌ എന്ത്‌ ഉറപ്പാണ്‌ ഉള്ളത്‌? നമുക്കു നോക്കാം.

3, 4. “അന്ത്യകാലത്ത്‌” സംഭവിക്കേണ്ടിയിരുന്നതിനെ അപ്പൊസ്‌തലന്മാരായ പൗലൊസും പത്രൊസും വർണിക്കുന്നതെങ്ങനെ?

3 മതപരമായ അസത്യം കൊടികുത്തിവാഴുന്ന ഒരു യുഗത്തിലാണു നാം ജീവിക്കുന്നത്‌. ദിവ്യനിശ്വസ്‌തതയിൽ അപ്പൊസ്‌തലനായ പൗലൊസ്‌ മുൻകൂട്ടി പറഞ്ഞതുപോലെ, ഈ “അന്ത്യകാല”ത്തെ അനേകർ കപടഭക്തരാണ്‌, അവർ ഭക്തിയുടെ വേഷം ധരിച്ച്‌ അതിന്റെ ശക്തി ത്യജിക്കുന്നു. ചിലർ “ദുർബ്ബുദ്ധി”കളായി സത്യത്തോടു മറുത്തുനിൽക്കുന്നു. കൂടാതെ, ‘ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരുന്നു.’ അത്തരക്കാർ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിലും “സത്യത്തിന്റെ പരിജ്ഞാന”ത്തിൽ എത്തുന്നില്ല.​—⁠2 തിമൊഥെയൊസ്‌ 3:1, 5, 7, 8, 13, 14.

4 അന്ത്യകാലത്തെ കുറിച്ച്‌ എഴുതാൻ അപ്പൊസ്‌തലനായ പത്രൊസും നിശ്വസ്‌തനാക്കപ്പെട്ടു. അവൻ പ്രവചിച്ചതുപോലെതന്നെ, ജനങ്ങൾ സത്യം നിരസിക്കുക മാത്രമല്ല, ദൈവവചനത്തെയും അതിലെ സത്യം ഘോഷിക്കുന്നവരെയും പരിഹസിക്കുകയും ചെയ്യുന്നു. നോഹയുടെ കാലത്തെ ലോകം ജലപ്രളയത്തിൽ നശിച്ചുപോയെന്നും അത്‌ വരാനിരിക്കുന്ന ന്യായവിധി ദിവസത്തിന്റെ മാതൃകയാണെന്നും ഉള്ള വസ്‌തുത അത്തരം പരിഹാസികൾ “മനസ്സോടെ” അവഗണിക്കുന്നു. അവരുടെ ആ മനോഭാവം, അഭക്തരെ നശിപ്പിക്കാനുള്ള ദൈവത്തിന്റെ സമയം വന്നെത്തുമ്പോൾ അവർക്കുതന്നെ നാശകരമായിത്തീരും.​—⁠2 പത്രൊസ്‌ 3:3-7.

യഹോവയുടെ ദാസന്മാർക്ക്‌ സത്യം അറിയാം

5. ദാനീയേൽ പ്രവാചകന്റെ വാക്കുകളനുസരിച്ച്‌ “അന്ത്യകാലത്ത്‌” എന്തു സംഭവിക്കുമായിരുന്നു, ഈ പ്രവചനം നിറവേറിയിരിക്കുന്നത്‌ എങ്ങനെ?

5 “അന്ത്യകാല”ത്തെ കുറിച്ചുള്ള ഒരു വർണനയിൽ, ദൈവജനത്തിനിടയിലെ വളരെ വ്യത്യസ്‌തമായ ഒരു സംഭവവികാസത്തെ അതായത്‌, മതപരമായ സത്യത്തിന്റെ പുനരുജ്ജീവനത്തെ കുറിച്ച്‌ ദാനീയേൽ പ്രവാചകൻ മുൻകൂട്ടി പറഞ്ഞു. അവൻ ഇപ്രകാരം എഴുതി: “പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” (ദാനീയേൽ 12:4) തങ്ങളെ ആശയക്കുഴപ്പത്തിലാക്കാനോ അന്ധരാക്കാനോ യഹോവയുടെ ജനം മഹാവഞ്ചകനായ സാത്താനെ അനുവദിച്ചിട്ടില്ല. ബൈബിളിന്റെ താളുകൾ പരിശോധിച്ചുകൊണ്ട്‌ അവർ യഥാർഥ പരിജ്ഞാനം സമ്പാദിച്ചിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ യേശു തന്റെ ശിഷ്യരെ പ്രബുദ്ധരാക്കി. അവൻ, “തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.” (ലൂക്കൊസ്‌ 24:45) ഇക്കാലത്ത്‌ യഹോവ സമാനമായ രീതിയിൽ പ്രവർത്തിച്ചിരിക്കുന്നു. തനിക്ക്‌ അറിയാവുന്നത്‌ അതായത്‌, സത്യം, മനസ്സിലാക്കാൻ യഹോവ തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും സംഘടനയിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളെ പ്രാപ്‌തരാക്കിയിരിക്കുന്നു.

6. ദൈവജനം ഇന്ന്‌ ഏതു ബൈബിൾ സത്യങ്ങൾ മനസ്സിലാക്കുന്നു?

6 ദൈവജനമെന്ന നിലയിൽ നാം, മറ്റു വിധങ്ങളിൽ അറിയുമായിരുന്നില്ലാത്ത കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ആയിരക്കണക്കിന്‌ വർഷങ്ങളായി ലോകത്തിലെ ജ്ഞാനികൾക്ക്‌ കീറാമുട്ടിയായി അവശേഷിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമുക്ക്‌ അറിയാം. ഉദാഹരണത്തിന്‌, കഷ്ടപ്പാടുകൾ ഉള്ളത്‌ എന്തുകൊണ്ടെന്നും മനുഷ്യൻ മരിക്കുന്നത്‌ എന്തുകൊണ്ടെന്നും ആഗോള സമാധാനവും ഐക്യവും കൈവരിക്കാൻ മനുഷ്യനു സാധിക്കാത്തത്‌ എന്തുകൊണ്ടെന്നും നമുക്ക്‌ അറിയാം. ദൈവരാജ്യം, പറുദീസ ഭൂമി, പൂർണതയിലുള്ള അനന്തജീവിതം എന്നിങ്ങനെ ഭാവി കൈവരുത്താൻ പോകുന്നതു സംബന്ധിച്ച ഒരു ദർശനവും നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. നാം അത്യുന്നതനായ യഹോവയെ അറിയാൻ ഇടയായിരിക്കുന്നു. ആകർഷകമായ അവന്റെ വ്യക്തിത്വത്തെ കുറിച്ചും അവന്റെ അനുഗ്രഹം ലഭിക്കണമെങ്കിൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ചും നാം മനസ്സിലാക്കിയിരിക്കുന്നു. സത്യം അറിയുന്നത്‌ സത്യം അല്ലാത്തത്‌ എന്താണെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. സത്യത്തിനൊത്തു ജീവിക്കുന്നത്‌ നിഷ്‌ഫലമായ കാര്യങ്ങളിൽനിന്ന്‌ നമ്മെ സംരക്ഷിക്കുന്നു, ജീവിതം പരമാവധി ആസ്വദിക്കാൻ നമ്മെ സഹായിക്കുന്നു, കൂടാതെ ഭാവി സംബന്ധിച്ച അത്ഭുതകരമായ ഒരു പ്രത്യാശയും നൽകുന്നു.

7. ആർക്കാണ്‌ ബൈബിൾ സത്യം ലഭ്യമാകുന്നത്‌, ആർക്കല്ല?

7 നിങ്ങൾ ബൈബിൾ സത്യം മനസ്സിലാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, വളരെ വലിയ ഒരു അനുഗ്രഹമാണ്‌ നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്‌. ഗ്രന്ഥരചന നടത്തുന്ന ഒരു വ്യക്തി ഒരു പ്രത്യേക കൂട്ടം ആളുകളെ മനസ്സിൽ കണ്ടുകൊണ്ടാണ്‌ മിക്കപ്പോഴും അതു ചെയ്യുന്നത്‌. ചില പുസ്‌തകങ്ങൾ അഭ്യസ്‌തവിദ്യർക്കും മറ്റുചിലവ കുട്ടികൾക്കും വേറെ ചിലത്‌ ഏതെങ്കിലും പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ളതാണ്‌. ബൈബിൾ എല്ലാവർക്കും ലഭ്യമാണെങ്കിലും, ഒരു പ്രത്യേക കൂട്ടം ആളുകൾ അതു മനസ്സിലാക്കാനും ആസ്വദിക്കാനുമാണ്‌ ദൈവം ഉദ്ദേശിച്ചത്‌. ഭൂമിയിലെ താഴ്‌മയും സൗമ്യതയുമുള്ളവർക്കു വേണ്ടിയാണ്‌ യഹോവ അതു രചിച്ചത്‌. അത്തരക്കാർക്ക്‌ ബൈബിളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളുടെ അർഥം ഗ്രഹിക്കാൻ കഴിയും. അവരുടെ വിദ്യാഭ്യാസമോ സംസ്‌കാരമോ സമൂഹത്തിലെ നിലയോ വർഗമോ അതിന്‌ ഒരു തടസ്സമല്ല. (1 തിമൊഥെയൊസ്‌ 2:3, 4) എന്നാൽ, എത്രമാത്രം വിദ്യാഭ്യാസമോ ബുദ്ധിശക്തിയോ ഉണ്ടായിരുന്നാലും ശരിയായ മനോനില ഇല്ലാത്തവർക്ക്‌ ബൈബിൾ സത്യത്തെ കുറിച്ചുള്ള ഗ്രാഹ്യം ലഭ്യമല്ല. അഹങ്കാരവും ഗർവും ഉള്ളവർക്ക്‌ ദൈവവചനത്തിലെ വിലയേറിയ സത്യങ്ങൾ ഗ്രഹിക്കാനാവില്ല. (മത്തായി 13:11-15; ലൂക്കൊസ്‌ 10:21; പ്രവൃത്തികൾ 13:​48, NW) ദൈവത്തിനു മാത്രമേ അത്തരമൊരു ഗ്രന്ഥം നിർമിക്കാനാവൂ.

യഹോവയുടെ ദാസന്മാർ സത്യസന്ധരാണ്‌

8. യേശു സത്യത്തിന്റെ മൂർത്തിമദ്‌ഭാവം ആയിരുന്നത്‌ എന്തുകൊണ്ട്‌?

8 യഹോവയെപ്പോലെ അവന്റെ വിശ്വസ്‌ത സാക്ഷികളും സത്യസന്ധരാണ്‌. യഹോവയുടെ ഏറ്റവും ആദ്യത്തെ സാക്ഷിയായ യേശുക്രിസ്‌തു, താൻ പഠിപ്പിച്ച കാര്യങ്ങളാലും ജീവിക്കുകയും മരിക്കുകയും ചെയ്‌ത വിധത്താലും സത്യത്തിന്‌ ശക്തമായ സാക്ഷ്യം നൽകി. യഹോവയുടെ വചനത്തിന്റെയും വാഗ്‌ദാനങ്ങളുടെയും സത്യത അവൻ ഉയർത്തിപ്പിടിച്ചു. അക്കാരണത്താൽ, യേശുതന്നെ പ്രസ്‌താവിച്ചതനുസരിച്ച്‌, അവൻ സത്യത്തിന്റെ മൂർത്തിമദ്‌ഭാവം ആയിരുന്നു.​—⁠യോഹന്നാൻ 14:6; വെളിപ്പാടു 3:14; 19:​10, NW.

9. സത്യം സംസാരിക്കുന്നതു സംബന്ധിച്ച്‌ തിരുവെഴുത്തുകൾ എന്തു പറയുന്നു?

9 യേശു “കൃപയും സത്യവും നിറഞ്ഞവ”നായിരുന്നു, ‘അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലായിരുന്നു.’ (യോഹന്നാൻ 1:14; യെശയ്യാവു 53:9) മറ്റുള്ളവരോട്‌ ഇടപെടുന്നതിൽ സത്യസന്ധത പാലിക്കുന്നതിനോടുള്ള ബന്ധത്തിൽ യേശു വെച്ച മാതൃക സത്യക്രിസ്‌ത്യാനികൾ പിൻപറ്റുന്നു. പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “ഭോഷ്‌കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.” (എഫെസ്യർ 4:25) അതിനു മുമ്പ്‌ സെഖര്യാ പ്രവാചകൻ ഇങ്ങനെ എഴുതിയിരുന്നു: “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ.” (സെഖര്യാവു 8:16) ക്രിസ്‌ത്യാനികൾ സത്യം സംസാരിക്കുന്നവർ ആണ്‌, കാരണം, അവർ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു. യഹോവ സത്യവാനാണ്‌, വ്യാജം പറയുന്നതിന്റെ ദോഷഫലങ്ങൾ അവന്‌ അറിയാം. അതുകൊണ്ട്‌, തന്റെ ദാസർ സത്യം സംസാരിക്കുന്നവർ ആയിരിക്കാൻ അവൻ ഉചിതയമായും പ്രതീക്ഷിക്കുന്നു.

10. ആളുകൾ നുണ പറയുന്നത്‌ എന്തുകൊണ്ട്‌, അതിന്റെ ദോഷഫലങ്ങളേവ?

10 അനേകരുടെയും വീക്ഷണത്തിൽ, ചില കാര്യങ്ങൾ നേടാനുള്ള എളുപ്പവഴിയായിരിക്കാം നുണ പറയൽ. ശിക്ഷിക്കപ്പെടാതിരിക്കാനോ ഏതെങ്കിലും വിധത്തിൽ ലാഭമുണ്ടാക്കാനോ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനോ ആളുകൾ നുണ പറയുന്നു. എങ്കിലും നുണ പറയുന്ന ശീലം ഒരു സ്വഭാവദൂഷ്യമാണ്‌. അതിലും പ്രധാനമായി നുണയന്‌ ദൈവാംഗീകാരം ലഭിക്കുകയുമില്ല. (വെളിപ്പാടു 21:8, 27; 22:15) സത്യസന്ധരെന്ന നിലയിൽ നാം അറിയപ്പെടുമ്പോൾ മറ്റുള്ളവർ നാം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുകയും നമ്മിൽ ആശ്രയിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരു നുണയെങ്കിലും പറഞ്ഞതായി തെളിഞ്ഞാൽ പിന്നീട്‌ നാം പറയുന്ന എല്ലാ കാര്യങ്ങളെയും മറ്റുള്ളവർ സംശയത്തോടെ വീക്ഷിച്ചേക്കാം. ഒരു ആഫ്രിക്കൻ പഴമൊഴി ഇങ്ങനെ പറയുന്നു: “ഒരു നുണ ആയിരം സത്യങ്ങളെ നശിപ്പിക്കുന്നു.” മറ്റൊരു പഴമൊഴി പറയുന്നു: “സത്യം പറഞ്ഞാലും നുണയനെ ആരും വിശ്വസിക്കില്ല.”

11. സത്യസന്ധത കേവലം സത്യം സംസാരിക്കുന്നതിലും അധികമായിരിക്കുന്നത്‌ ഏതു വിധത്തിൽ?

11 സത്യസന്ധത എന്നതിൽ കേവലം സത്യം സംസാരിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അതൊരു ജീവിതരീതിയാണ്‌. നാം ആരാണെന്ന്‌ അത്‌ പ്രകടമാക്കുന്നു. വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും നാം സത്യം മറ്റുള്ളവരെ അറിയിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ ചോദിച്ചു: “അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരംചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ?” (റോമർ 2:21, 22) മറ്റുള്ളവർക്ക്‌ സത്യം പകർന്നുകൊടുക്കാൻ കഴിയണമെങ്കിൽ നാം സകല വിധങ്ങളിലും സത്യസന്ധരായിരിക്കണം. നാം പഠിപ്പിക്കുന്ന കാര്യങ്ങളോട്‌ ആളുകൾ പ്രതികരിക്കുന്ന വിധത്തെ ശക്തമായി സ്വാധീനിക്കാൻ സത്യസന്ധത നിമിത്തമുള്ള നമ്മുടെ സത്‌കീർത്തിക്കു കഴിയും.

12, 13. സത്യസന്ധതയെ കുറിച്ച്‌ ഒരു പെൺകുട്ടി എന്ത്‌ എഴുതി, അവളുടെ ഉയർന്ന ധാർമിക നിലവാരങ്ങൾക്ക്‌ നിദാനം എന്തായിരുന്നു?

12 യഹോവയുടെ ദാസർക്കിടയിലെ യുവജനങ്ങളും സത്യസന്ധരായിരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുണ്ട്‌. ജെന്നി എന്ന 13-കാരിയായ വിദ്യാർഥിനി തന്റെ ഒരു സ്‌കൂൾ ഉപന്യാസത്തിൽ ഇങ്ങനെ എഴുതി: “ഞാൻ വളരെയേറെ വിലമതിക്കുന്ന ഒരു ഗുണമാണ്‌ സത്യസന്ധത. ദുഃഖകരമെന്നു പറയട്ടെ, തികച്ചും സത്യസന്ധരായ വ്യക്തികൾ ഇന്നു തീരെ കുറവാണ്‌. ജീവിതത്തിൽ ഉടനീളം സത്യസന്ധത പാലിക്കുമെന്ന്‌ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. സത്യം പറയുന്നതു നിമിത്തം എനിക്കോ സുഹൃത്തുക്കൾക്കോ ഉടനടി പ്രയോജനമൊന്നും ലഭിക്കുകയില്ലാത്തപ്പോൾപ്പോലും, ഞാൻ സത്യസന്ധത പാലിക്കും. സത്യം സംസാരിക്കുന്നവരെയും സത്യസന്ധരെയും മാത്രമേ ഞാൻ സുഹൃത്തുക്കളായി തിരഞ്ഞെടുക്കാറുള്ളൂ.”

13 ഈ ഉപന്യാസത്തെ കുറിച്ച്‌ അഭിപ്രായപ്പെട്ടുകൊണ്ട്‌ ജെന്നിയുടെ അധ്യാപിക ഇങ്ങനെ പറഞ്ഞു: “ഈ ചെറുപ്രായത്തിൽ, നീ വളരെ ശക്തമായ ധാർമികവും സദാചാരപരവുമായ മൂല്യങ്ങൾ വളർത്തിയെടുത്തിരിക്കുന്നു. നല്ല ധാർമിക ബലം ഉള്ളവൾ ആയതിനാൽ നീ അതിനോടു പറ്റിനിൽക്കുമെന്ന്‌ എനിക്ക്‌ അറിയാം.” ഈ സ്‌കൂൾ വിദ്യാർഥിനിയുടെ ധാർമിക ബലത്തിന്‌ നിദാനം എന്തായിരുന്നു? സ്വന്തം മതമാണ്‌ “[തന്റെ] ജീവിതത്തിൽ നിലവാരങ്ങൾ വെക്കുന്നത്‌” എന്ന്‌ ഉപന്യാസത്തിന്റെ മുഖവുരയിൽ ജെന്നി പ്രസ്‌താവിക്കുകയുണ്ടായി. ജെന്നി ആ ഉപന്യാസം എഴുതിയിട്ട്‌ ഇപ്പോൾ ഏഴു വർഷം കഴിഞ്ഞിരിക്കുന്നു. ജെന്നിയുടെ അധ്യാപിക അന്ന്‌ പറഞ്ഞതുപോലെതന്നെ, അവൾ യഹോവയുടെ സാക്ഷിയെന്ന നിലയിൽ ഉയർന്ന ധാർമിക നിലവാരങ്ങൾ നിലനിറുത്തിയിരിക്കുന്നു.

യഹോവയുടെ ദാസന്മാർ സത്യം വെളിപ്പെടുത്തുന്നു

14. സത്യം ഉയർത്തിപ്പിടിക്കാൻ ദൈവദാസർക്ക്‌ പ്രത്യേകിച്ച്‌ വലിയ ഉത്തരവാദിത്വമുള്ളത്‌ എന്തുകൊണ്ട്‌?

14 യഹോവയുടെ സാക്ഷികളല്ലാത്ത മറ്റുള്ളവരും നേരു പറയാനും സത്യസന്ധരായിരിക്കാനും ശ്രമിച്ചേക്കാം എന്നതു ശരിതന്നെ. എന്നിരുന്നാലും, ദൈവത്തിന്റെ ദാസർ എന്ന നിലയിൽ നമുക്കു പ്രത്യേകിച്ചും സത്യം ഉയർത്തിപ്പിടിക്കാനുള്ള വലിയ ഉത്തരവാദിത്വം ഉണ്ട്‌. ബൈബിൾ സത്യങ്ങൾ​—⁠നിത്യജീവനിലേക്കു നയിക്കുന്ന സത്യങ്ങൾ​—⁠ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട്‌, മറ്റുള്ളവരുമായി ആ പരിജ്ഞാനം പങ്കുവെക്കാനുള്ള കടപ്പാട്‌ നമുക്കുണ്ട്‌. യേശു പറഞ്ഞു: “വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും.” (ലൂക്കൊസ്‌ 12:48) അമൂല്യമായ ദൈവപരിജ്ഞാനം ലഭിച്ചിരിക്കുന്നവരിൽനിന്നു ‘വളരെ ആവശ്യപ്പെട്ടിരിക്കുന്നു.’

15. ബൈബിൾ സത്യം മറ്റുള്ളവർക്കു പകർന്നുകൊടുക്കുമ്പോൾ നിങ്ങൾക്ക്‌ എന്തു സന്തോഷം ലഭിക്കുന്നു?

15 മറ്റുള്ളവരെ ബൈബിൾ സത്യം അറിയിക്കുന്നത്‌ സന്തോഷം കൈവരുത്തുന്നു. യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യരെപ്പോലെ നാം, “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവ”രും “ഭൂതങ്ങളുടെ ഉപദേശ”ങ്ങളാൽ കുഴഞ്ഞവരും അന്ധരായിത്തീർന്നവരും ആയ ആളുകളോടു സുവാർത്ത​—⁠ഹൃദയോഷ്‌മളമായ പ്രത്യാശാദൂത്‌​—⁠ഘോഷിക്കുന്നു. (മത്തായി 9:36; 1 തിമൊഥെയൊസ്‌ 4:1) അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) യോഹന്നാന്റെ ‘മക്കളുടെ’​—⁠ഒരുപക്ഷേ അവനിലൂടെ സത്യം കേട്ടവരുടെ​—⁠വിശ്വസ്‌തത അവന്‌ വലിയ സന്തോഷം കൈവരുത്തി. ആളുകൾ ദൈവവചനത്തോടു വിലമതിപ്പോടെ പ്രതികരിക്കുന്നതു കാണുമ്പോൾ നമുക്കും സന്തോഷം തോന്നുന്നു.

16, 17. (എ) എല്ലാവരും സത്യം സ്വീകരിക്കാത്തത്‌ എന്തുകൊണ്ട്‌? (ബി) ബൈബിൾ സത്യം ഘോഷിക്കുമ്പോൾ നിങ്ങൾക്ക്‌ ഏതു സന്തോഷം അനുഭവിക്കാനാകും?

16 എല്ലാവരും സത്യം സ്വീകരിക്കില്ല എന്നതു ശരിയാണ്‌. ദൈവത്തെ കുറിച്ചുള്ള സത്യം ജനരഞ്‌ജകമല്ലാതിരുന്നപ്പോൾപ്പോലും യേശു അതു സംസാരിച്ചു. തന്റെ യഹൂദ എതിരാളികളോട്‌ അവൻ പറഞ്ഞു: ‘നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്‌കകൊണ്ടു കേൾക്കുന്നില്ല.’​—⁠യോഹന്നാൻ 8:46, 47.

17 നാം യേശുവിനെ അനുകരിക്കുന്നു. യഹോവയെ കുറിച്ചുള്ള വിലയേറിയ സത്യം സംസാരിക്കുന്നതിൽനിന്ന്‌ നാം പിന്മാറിനിൽക്കുന്നില്ല. നാം പറയുന്ന കാര്യങ്ങൾ എല്ലാവരും സ്വീകരിക്കുമെന്ന്‌ നാം പ്രതീക്ഷിക്കുന്നില്ല, കാരണം, യേശു പറഞ്ഞത്‌ എല്ലാവരും സ്വീകരിച്ചില്ല. എന്നിരുന്നാലും, ശരിയാണ്‌ ചെയ്യുന്നത്‌ എന്ന്‌ അറിയുന്നതിൽനിന്നുള്ള സന്തോഷം നമുക്കുണ്ട്‌. യഹോവ സ്‌നേഹദയ ഉള്ളവനാകയാൽ മനുഷ്യവർഗത്തിനു സത്യം വെളിപ്പെടുത്തിക്കൊടുക്കാൻ അവൻ ആഗ്രഹിക്കുന്നു. സത്യം കൈവശമുള്ളവർ എന്ന നിലയിൽ, ക്രിസ്‌ത്യാനികൾ അന്ധകാരം നിറഞ്ഞ ഈ ലോകത്തിൽ വെളിച്ചവാഹകരായിത്തീരുന്നു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സത്യത്തിന്റെ പ്രകാശം പരത്തിക്കൊണ്ട്‌, സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്താൻ നമുക്ക്‌ മറ്റുള്ളവരെ സഹായിക്കാനാകും. (മത്തായി 5:14, 16) നാം സാത്താന്റെ കപട സത്യത്തെ തള്ളിക്കളഞ്ഞ്‌ ശുദ്ധവും നിർമലവുമായ ദൈവവചനത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന്‌ പരസ്യമായി അറിയിക്കുന്നു. നാം മനസ്സിലാക്കിയിരിക്കുന്നതും പങ്കുവെക്കുന്നതുമായ സത്യത്തെ സ്വീകരിക്കുന്നവർക്ക്‌ അതു യഥാർഥ സ്വാതന്ത്ര്യം നേടിക്കൊടുക്കും.—യോഹന്നാൻ 8:32.

സത്യസന്ധതയുടെ ഗതി പിന്തുടരുക

18. നഥനയേലിനോട്‌ യേശു പ്രീതി കാട്ടിയത്‌ എന്തുകൊണ്ട്‌, എങ്ങനെ?

18 യേശു സത്യത്തെ സ്‌നേഹിക്കുകയും സത്യം സംസാരിക്കുകയും ചെയ്‌തു. തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യേശു സത്യസന്ധരായിരുന്നവരോട്‌ പ്രീതി കാണിച്ചു. നഥനയേലിനെ കുറിച്ച്‌ അവൻ ഇപ്രകാരം പറഞ്ഞു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല.” (യോഹന്നാൻ 1:47) അതേത്തുടർന്ന്‌, സാധ്യതയനുസരിച്ച്‌ ബർത്തൊലൊമായി എന്നും വിളിക്കപ്പെട്ടിരുന്ന നഥനയേൽ 12 അപ്പൊസ്‌തലന്മാരിൽ ഒരുവനായി തിരഞ്ഞെടുക്കപ്പെട്ടു. (മത്തായി 10:2-4) എത്ര വലിയ ഒരു പദവി!

19-21. ധീരതയോടെ സത്യസന്ധത പ്രകടമാക്കിയതു നിമിത്തം, അന്ധനായിരുന്ന മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടത്‌ എങ്ങനെ?

19 ബൈബിളിലെ യോഹന്നാൻ എന്ന പുസ്‌തകത്തിലെ ഒരധ്യായം മുഴുവൻ, യേശു അനുഗ്രഹിച്ച സത്യസന്ധനായ മറ്റൊരാളെ കുറിച്ചു വിവരിക്കുന്നു. അയാളുടെ പേര്‌ നമുക്ക്‌ അറിയില്ല. ജന്മനാ അന്ധനായിരുന്ന അയാൾ ഒരു യാചകനുമായിരുന്നു എന്ന്‌ മാത്രമേ നമുക്ക്‌ അറിയൂ. യേശു അയാൾക്ക്‌ കാഴ്‌ച നൽകിയപ്പോൾ ജനം അതിശയിച്ചു. അത്ഭുതകരമായ ഈ സൗഖ്യമാക്കലിനെ കുറിച്ചുള്ള വാർത്ത സത്യത്തെ വെറുത്തിരുന്ന പരീശന്മാരിൽ ചിലരുടെ കാതുകളിലെത്തി. യേശുവിൽ വിശ്വസിക്കുന്ന ഏതൊരാളെയും സിനഗോഗിൽനിന്ന്‌ പുറത്താക്കണമെന്ന്‌ അവർ തീരുമാനിച്ചുറച്ചിരുന്നു. അവരുടെ തീരുമാനത്തെ കുറിച്ച്‌ അറിയാമായിരുന്നതിനാൽ സൗഖ്യമാക്കപ്പെട്ട വ്യക്തിയുടെ മാതാപിതാക്കൾ ഭയപ്പെട്ട്‌, തങ്ങളുടെ മകനു കാഴ്‌ച ലഭിച്ചത്‌ എങ്ങനെയാണെന്നോ ആരാണ്‌ അത്‌ ചെയ്‌തതെന്നോ അറിയില്ലെന്നു പരീശന്മാരോട്‌ നുണ പറഞ്ഞു.—യോഹന്നാൻ 9:1-23.

20 സൗഖ്യം ലഭിച്ച മനുഷ്യനെ പരീശന്മാർ തങ്ങളുടെ മുമ്പാകെ വിളിച്ചുവരുത്തി. സംഭവിക്കുമായിരുന്ന ഒന്നിനെയും വകവെക്കാതെ അവൻ ധൈര്യപൂർവം സത്യം പറഞ്ഞു. താൻ സൗഖ്യം പ്രാപിച്ചത്‌ എങ്ങനെയാണെന്നും യേശുവാണ്‌ അത്‌ ചെയ്‌തെന്നും അവൻ വിശദീകരിച്ചു. അഭ്യസ്‌തരും പ്രമാണിമാരുമായ ഇവർ യേശു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനാണെന്നു വിശ്വസിക്കുന്നില്ലെന്നു കണ്ട്‌ അതിശയിച്ച ആ മുൻ അന്ധൻ പിൻവരുന്ന വിധം പറഞ്ഞുകൊണ്ട്‌ ആ നഗ്നസത്യം അംഗീകരിക്കാൻ അവരെ നിർഭയം പ്രേരിപ്പിച്ചു: “ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല.” ഉത്തരം മുട്ടിയ പരീശന്മാർ ആ മനുഷ്യനെ ധിക്കാരിയെന്നു മുദ്രകുത്തി പുറത്താക്കിക്കളഞ്ഞു.​—⁠യോഹന്നാൻ 9:24-34.

21 ഇതിനെ കുറിച്ച്‌ അറിഞ്ഞപ്പോൾ യേശു സ്‌നേഹപുരസ്സരം അവനെ തേടിപ്പിടിച്ചു. അതു ചെയ്‌തശേഷം അവൻ ആ മുൻ അന്ധന്റെ വിശ്വാസത്തെ ബലപ്പെടുത്തി. താൻ മിശിഹാ ആണെന്നു യേശു വളരെ വ്യക്തമായി തിരിച്ചറിയിച്ചു. സത്യം പറഞ്ഞു നിമിത്തം ആ മനുഷ്യന്‌ എത്ര വലിയ അനുഗ്രഹമാണു ലഭിച്ചത്‌! തീർച്ചയായും, സത്യം സംസാരിക്കുന്നവർക്ക്‌ ദിവ്യപ്രീതിയുണ്ട്‌.​—⁠യോഹന്നാൻ 9:35-37.

22. നാം സത്യസന്ധതയുടെ ഗതി പിൻപറ്റേണ്ടത്‌ എന്തുകൊണ്ട്‌?

22 സത്യസന്ധതയുടെ ഗതി പിന്തുടരുന്നതിനെ നാം ഗൗരവമായി വീക്ഷിക്കണം. സഹമനുഷ്യരുമായും ദൈവവുമായും നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും നിലനിറുത്താനും വേണ്ട ഒരു അടിസ്ഥാന സംഗതിയാണ്‌ അത്‌. സത്യസന്ധനായിരിക്കുക എന്നാൽ നിഷ്‌കപടനായിരിക്കുക, പരമാർഥനായിരിക്കുക, ഇടപെടാൻ കൊള്ളാവുന്നവൻ ആയിരിക്കുക, വിശ്വാസയോഗ്യനായിരിക്കുക എന്നാണ്‌. അത്‌ യഹോവയുടെ അംഗീകാരത്തിലേക്കു നയിക്കുന്നു. (സങ്കീർത്തനം 15:1, 2) സത്യസന്ധനല്ലാതിരിക്കുക എന്നാൽ വഞ്ചകനായിരിക്കുക, വിശ്വസിക്കാൻ കൊള്ളാത്തവനായിരിക്കുക, കാപട്യമുള്ളവനായിരിക്കുക എന്നാണർഥം. അത്‌ യഹോവയുടെ അപ്രീതിയും വരുത്തിവെക്കുന്നു. (സദൃശവാക്യങ്ങൾ 6:16-19) അതുകൊണ്ട്‌ സത്യസന്ധതയുടെ ഗതി പിന്തുടരാൻ ദൃഢചിത്തരായിരിക്കുക. അതേ, സത്യത്തിന്റെ ദൈവത്തെ അനുകരിക്കുന്നതിന്‌ നാം സത്യം അറിയുകയും സത്യം സംസാരിക്കുകയും സത്യത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യണം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• സത്യം അറിയാവുന്നതിൽ നമുക്ക്‌ നന്ദിയുള്ളവർ ആയിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

• സത്യസന്ധതയുടെ കാര്യത്തിൽ നമുക്ക്‌ യഹോവയെ എങ്ങനെ അനുകരിക്കാം?

• മറ്റുള്ളവർക്ക്‌ ബൈബിൾ സത്യം പകർന്നുകൊടുക്കുന്നതിന്റെ പ്രയോജനങ്ങളേവ?

• സത്യസന്ധതയുടെ ഗതി പിൻപറ്റുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[17 -ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ സത്യം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ക്രിസ്‌ത്യാനികൾ തീക്ഷ്‌ണതയോടെ അത്‌ മറ്റുള്ളവരുമായി പങ്കുവെക്കുന്നു

[18 -ാം പേജിലെ ചിത്രങ്ങൾ]

യേശു സൗഖ്യമാക്കിയ അന്ധൻ സത്യം പറഞ്ഞതു നിമിത്തം സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു