വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ’

‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ’

‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ’

‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ.’ (മത്തായി 10:8) തന്റെ അപ്പൊസ്‌തലന്മാരെ സുവാർത്താ പ്രസംഗവേലയ്‌ക്കായി അയച്ചപ്പോൾ യേശു അവർക്ക്‌ ആ നിർദേശം നൽകി. അവർ അത്‌ അനുസരിച്ചോ? ഉവ്വ്‌. യേശു ഭൂമിയിൽനിന്നു പോയതിനു ശേഷവും അവർ അങ്ങനെ ചെയ്യുന്നതിൽ തുടർന്നു.

ഉദാഹരണത്തിന്‌, അപ്പൊസ്‌തലന്മാരായ പത്രൊസിനും യോഹന്നാനും അത്ഭുതശക്തികൾ ഉണ്ടെന്ന്‌ മുൻ ആഭിചാരകനായിരുന്ന ശിമോൻ കണ്ടപ്പോൾ, അതിൽ കുറെ തനിക്കും കിട്ടാനായി അവൻ അവർക്കു പണം വാഗ്‌ദാനം ചെയ്‌തു. എന്നാൽ പത്രൊസ്‌ ശിമോനെ ശാസിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.”​—⁠പ്രവൃത്തികൾ 8:18-20.

പത്രൊസിന്റെ അതേ മനോഭാവം അപ്പൊസ്‌തലനായ പൗലൊസും പ്രകടമാക്കി. കൊരിന്തിലെ തന്റെ ക്രിസ്‌തീയ സഹോദരന്മാർ തന്റെ ചെലവുകൾ വഹിക്കട്ടെ എന്നു പൗലൊസിനു വേണമെങ്കിൽ വിചാരിക്കാമായിരുന്നു. എന്നാൽ, തന്റെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ അവൻ സ്വന്ത കൈകൊണ്ടു വേല ചെയ്‌തു. (പ്രവൃത്തികൾ 18:1-3) അങ്ങനെ, കൊരിന്ത്യരോട്‌ “സൗജന്യമായി” സുവാർത്ത പ്രസംഗിച്ചു എന്ന്‌ അവന്‌ ബോധ്യത്തോടെ പറയാൻ കഴിഞ്ഞു.​—1 കൊരിന്ത്യർ 4:12; 9:​18, ഓശാന ബൈബിൾ.

സങ്കടകരമെന്നു പറയട്ടെ, ക്രിസ്‌തുവിന്റെ അനുഗാമികൾ എന്ന്‌ അവകാശപ്പെടുന്ന പലരും ‘സൗജന്യമായി കൊടുക്കാനുള്ള’ അത്തരം മനസ്സൊരുക്കം കാണിക്കുന്നില്ല. ക്രൈസ്‌തവലോകത്തിലെ മതപുരോഹിതന്മാരിൽ അനേകരും “കൂലി വാങ്ങി ഉപദേശിക്കുന്നു” എന്നതാണു സത്യം. (മീഖാ 3:11) തങ്ങളുടെ ആടുകളിൽനിന്നു പണം പിരിച്ച്‌ സമ്പന്നരായിട്ടുള്ള മതനേതാക്കന്മാർ പോലുമുണ്ട്‌. 1989-ൽ യു.എ⁠സ്‌.-ലെ ഒരു സുവിശേഷകന്‌ 45 വർഷത്തെ തടവുശിക്ഷ വിധിച്ചു. എന്തായിരുന്നു കാരണം? അയാൾ “തന്റെ അനുയായികളെ വഞ്ചിച്ച്‌ ലക്ഷക്കണക്കിനു ഡോളർ സമ്പാദിക്കുകയും ആ പണം ഉപയോഗിച്ച്‌ വീടുകളും കാറുകളും വാങ്ങിക്കൂട്ടുകയും ഉല്ലാസയാത്രകൾ നടത്തുകയും ചെയ്‌തു. എന്തിന്‌, അയാളുടെ പട്ടിക്കൂടുപോലും എയർ കണ്ടീഷൻ ചെയ്‌തതായിരുന്നു.”​—പീപ്പിൾസ്‌ ഡെയ്‌ലി ഗ്രാഫിക്‌, ഒക്ടോബർ 7, 1989.

ഘാനയിൽ, ഒരു റോമൻ കത്തോലിക്ക പുരോഹിതൻ ഒരു പള്ളി ശുശ്രൂഷയിൽ പിരിച്ചെടുത്ത പണം സഭയുടെ നേരെ വലിച്ചെറിഞ്ഞെന്ന്‌ 1990 മാർച്ച്‌ 31-ന്‌ ഘാനേയൻ ടൈംസ്‌ റിപ്പോർട്ടു ചെയ്‌തു. “മുതിർന്നവരെന്ന നിലയിൽ അവർ കൂടിയ തുകകൾ സംഭാവന ചെയ്യാൻ ബാധ്യസ്ഥരായിരുന്നതിനാലാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌ എന്ന്‌” വർത്തമാനപത്രം റിപ്പോർട്ടു ചെയ്‌തു. ധനശേഖരണാർഥം ചൂതാട്ടവും മറ്റു പദ്ധതികളും പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ അനേകം പള്ളികൾ സഭാംഗങ്ങളിൽ അത്യാഗ്രഹം ഉണർത്തിവിടുകപോലും ചെയ്യുന്നതിൽ അതിശയിക്കാനില്ല.

ഇതിനു വിപരീതമായി, യഹോവയുടെ സാക്ഷികൾ യേശുവിനെയും അവന്റെ ആദിമ ശിഷ്യന്മാരെയും അനുകരിക്കാൻ ശ്രമിക്കുന്നു. അവർക്ക്‌ ശമ്പളം പറ്റുന്ന പുരോഹിതവർഗം ഇല്ല. എല്ലാ സാക്ഷികളും ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കാൻ കടപ്പാടുള്ള ശുശ്രൂഷകരാണ്‌. (മത്തായി 24:14) അതുകൊണ്ട്‌ ലോകവ്യാപകമായി 60 ലക്ഷത്തിൽ അധികം വരുന്ന സാക്ഷികൾ “ജീവജലം” സൗജന്യമായി ആളുകളുടെ അടുത്ത്‌ എത്തിക്കുന്നതിൽ വ്യാപൃതരായിരിക്കുന്നു. (വെളിപ്പാടു 22:17) ഈ വിധത്തിൽ, “ദ്രവ്യമില്ലാത്ത”വർക്കുപോലും ബൈബിൾ സന്ദേശത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിയും. (യെശയ്യാവു 55:1) അവരുടെ ലോകവ്യാപക വേല സ്വമേധയാ ലഭിക്കുന്ന സംഭാവനകളാലാണ്‌ പിന്തുണയ്‌ക്കപ്പെടുന്നത്‌ എങ്കിലും അവർ ഒരിക്കലും ധനശേഖരണം നടത്തുന്നില്ല. ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകരായ അവർ ‘ദൈവവചനം കച്ചവടം ചെയ്യുന്നില്ല.’ “മറിച്ച്‌, ദൈവസന്നിധിയിൽ വിശ്വസ്‌തരും ദൈവത്താൽ നിയോഗിക്കപ്പെട്ടവരുമെന്ന നിലയിൽ” ആണ്‌ സംസാരിക്കുന്നത്‌.​—⁠2 കൊരിന്ത്യർ 2:​17, പി.ഒ.സി. ബൈബിൾ.

എന്നാൽ യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെ സഹായിക്കാൻ മനസ്സൊരുക്കം കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അതും സ്വന്തം ചെലവിൽ? അതിന്‌ അവരെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? സൗജന്യമായി കൊടുക്കുക എന്നു പറഞ്ഞാൽ അവരുടെ ശ്രമങ്ങൾക്ക്‌ യാതൊരു പ്രതിഫലവും ലഭിക്കുന്നില്ല എന്നാണോ അർഥം?

സാത്താന്റെ വെല്ലുവിളിക്ക്‌ ഒരു ഉത്തരം

യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹമാണ്‌ ഇന്നു സത്യക്രിസ്‌ത്യാനികളുടെ പ്രവർത്തനത്തിനു പിന്നിലെ മുഖ്യ പ്രേരകഘടകം, അല്ലാതെ തങ്ങളെത്തന്നെ ധനികരാക്കുക എന്നതല്ല. അങ്ങനെ, നൂറ്റാണ്ടുകൾക്കു മുമ്പ്‌ പിശാചായ സാത്താൻ ഉന്നയിച്ച ഒരു വെല്ലുവിളിക്ക്‌ ഉത്തരം കൊടുക്കാൻ അവർക്കു കഴിയുന്നു. ഇയ്യോബ്‌ എന്നു പേരുള്ള നീതിമാനായ ഒരു വ്യക്തിയുടെ കാര്യത്തിൽ സാത്താൻ യഹോവയെ ഇപ്രകാരം വെല്ലുവിളിച്ചു: “വെറുതെയോ ഇയ്യോബ്‌ ദൈവഭക്തനായിരിക്കുന്നത്‌?” ദൈവം ഇയ്യോബിനു ചുറ്റും ഒരു സംരക്ഷണ വലയം തീർത്തിരിക്കുന്നതിനാൽ മാത്രമാണ്‌ അവൻ ദൈവത്തോടു വിശ്വസ്‌തനായിരിക്കുന്നത്‌ എന്ന്‌ സാത്താൻ ആരോപിച്ചു. ഇയ്യോബിനു തന്റെ ഭൗതിക വസ്‌തുക്കൾ എല്ലാം നഷ്ടമാകാൻ അനുവദിച്ചാൽ അവൻ ദൈവത്തെ മുഖത്തുനോക്കി ത്യജിച്ചു പറയുമെന്ന്‌ സാത്താൻ വാദിച്ചു.​—ഇയ്യോബ്‌ 1:7-11.

ഈ വെല്ലുവിളിക്ക്‌ ഉത്തരം കൊടുക്കുന്നതിന്‌ ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവം സാത്താനെ അനുവദിച്ചു. ദൈവം ഇങ്ങനെ പറഞ്ഞു: “ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു.” (ഇയ്യോബ്‌ 1:12) എന്തായിരുന്നു പരിണതഫലം? സാത്താൻ ഒരു നുണയനാണെന്ന്‌ ഇയ്യോബ്‌ തെളിയിച്ചു. വളരെയധികം ദുരിതങ്ങൾ നേരിടേണ്ടിവന്നെങ്കിലും ഇയ്യോബ്‌ വിശ്വസ്‌തത പാലിച്ചു. ഞാൻ ‘മരിക്കുവോളം എന്റെ നിഷ്‌കളങ്കത്വം ഉപേക്ഷിക്കയില്ല!’ എന്നാണ്‌ അവൻ പറഞ്ഞത്‌.​—ഇയ്യോബ്‌ 27:5, 6.

ദൈവത്തിന്റെ സത്യാരാധകർ ഇന്ന്‌ ഇയ്യോബിന്റേതിനു സമാനമായ ഒരു മനോഭാവം പ്രകടമാക്കുന്നു. ഭൗതിക താത്‌പര്യങ്ങൾ മുൻനിറുത്തിയല്ല അവർ ദൈവത്തെ സേവിക്കുന്നത്‌.

അനർഹദയ എന്ന ദൈവത്തിന്റെ സൗജന്യ ദാനം

സത്യക്രിസ്‌ത്യാനികൾ ‘സൗജന്യമായി കൊടുക്കാൻ’ മനസ്സൊരുക്കം ഉള്ളവർ ആയിരിക്കുന്നതിന്റെ മറ്റൊരു കാരണം അവർക്ക്‌ ദൈവത്തിൽനിന്ന്‌ ‘സൗജന്യമായി ലഭിച്ചിരിക്കുന്നു’ എന്നതാണ്‌. നമ്മുടെ പൂർവപിതാവായ ആദാമിന്റെ പാപത്തിന്റെ ഫലമായി മനുഷ്യവർഗം പാപത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിലാണ്‌. (റോമർ 5:12) എന്നിരുന്നാലും, ദൈവം സ്‌നേഹപൂർവം തന്റെ പുത്രൻ ഒരു ബലിമരണം വരിക്കുന്നതിനുവേണ്ട ക്രമീകരണം ചെയ്‌തു, ദൈവത്തിന്റെ പക്ഷത്തെ വളരെ വലിയ ഒരു ത്യാഗമായിരുന്നു അത്‌. തീർച്ചയായും മനുഷ്യവർഗം ഇതിന്‌ ഒട്ടും അർഹരല്ലായിരുന്നു. അതേ, ഇത്‌ ദൈവത്തിൽനിന്നുള്ള ഒരു ദാനം ആയിരുന്നു.​—റോമർ 4:4; 5:8; 6:23.

അതുകൊണ്ട്‌ റോമർ 3:​23, 24-ൽ പൗലൊസ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളോട്‌ ഇപ്രകാരം പറഞ്ഞു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ [“അനർഹദയയാൽ,” NW] ക്രിസ്‌തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.” ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുള്ളവരും ദൈവത്തിന്റെ ‘സൗജന്യ’ ദാനം സ്വീകരിച്ചിരിക്കുന്നവരാണ്‌. യഹോവയുടെ സ്‌നേഹിതർ എന്ന നിലയിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുക എന്ന പദവിയും ഈ ദാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.​—⁠യാക്കോബ്‌ 2:23; വെളിപ്പാടു 7:14.

ക്രിസ്‌തുവിന്റെ മറുവില എല്ലാ ക്രിസ്‌ത്യാനികൾക്കും ദൈവത്തിന്റെ ശുശ്രൂഷകരായി സേവിക്കാനുള്ള വഴിതുറക്കുകയും ചെയ്‌തു. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ആ സുവിശേഷത്തിന്നു ഞാൻ ദൈവത്തിന്റെ കൃപാദാനത്താൽ [അനർഹദയയാൽ, NW] ശുശ്രൂഷക്കാരനായിത്തീർന്നു.” (എഫെസ്യർ 3:4-7) അതേ, ദൈവത്തിന്റെ ശുശ്രൂഷകർക്ക്‌ ആ പദവി ലഭിച്ചിരിക്കുന്നത്‌ അവർ അർഹിക്കാത്ത അല്ലെങ്കിൽ അവർക്ക്‌ അവകാശപ്പെടാനാവാത്ത ഒരു ദാനം മുഖാന്തരമാണ്‌. അപ്പോൾപ്പിന്നെ ദൈവം തങ്ങൾക്കു നൽകിയിരിക്കുന്ന ഈ ദാനത്തെ കുറിച്ചു മറ്റുള്ളവരെ അറിയിക്കുന്നതിന്‌ അവർക്ക്‌ എങ്ങനെ ശമ്പളം പറ്റാൻ പ്രതീക്ഷിക്കാനാവും?

നിത്യജീവൻ​—ഒരു സ്വാർഥമായ പ്രേരകഘടകമോ?

യാതൊരു പ്രതിഫലേച്ഛയും കൂടാതെയുള്ള സേവനമാണ്‌ ദൈവം ക്രിസ്‌ത്യാനികളിൽനിന്നും പ്രതീക്ഷിക്കുന്നത്‌ എന്ന്‌ ഇത്‌ അർഥമാക്കുന്നുണ്ടോ? ഇല്ല. കാരണം അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികളോടു പറഞ്ഞതു ശ്രദ്ധിക്കുക: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) യഹോവ അന്യായം കാണിക്കുന്നവനല്ല. (ആവർത്തനപുസ്‌തകം 32:4) മറിച്ച്‌, യഹോവ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന”വനാണ്‌. (എബ്രായർ 11:6) പക്ഷേ, പറുദീസയിലെ നിത്യജീവന്റെ വാഗ്‌ദാനം സ്വാർഥമായ ഒരു പ്രേരകഘടകമല്ലേ?​—⁠ലൂക്കൊസ്‌ 23:​43, NW.

ഒരിക്കലുമല്ല. കാരണം, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുക എന്ന ആശയം ഉടലെടുത്തത്‌ ദൈവത്തിൽനിന്നുതന്നെയാണ്‌ എന്നതാണ്‌ ഒരു സംഗതി. ആദ്യമനുഷ്യ ജോടിക്ക്‌ ഈ പ്രത്യാശ നൽകിയത്‌ ദൈവംതന്നെയാണ്‌. (ഉല്‌പത്തി 1:28; 2:15-17) ആദാമും ഹവ്വായും ശോഭനമായ ഈ ഭാവിപ്രത്യാശ തങ്ങളുടെ സന്തതികൾക്കു നഷ്ടപ്പെടുത്തിയപ്പോൾ അതു തിരികെ കൊടുക്കാനുള്ള ക്രമീകരണവും അവൻ ചെയ്‌തു. അതുകൊണ്ട്‌ ദൈവം തന്റെ വചനത്തിൽ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.” (റോമർ 8:20) അതുകൊണ്ട്‌, പുരാതന കാലത്തെ മോശെയെപ്പോലെ “ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിൽ ദൃഷ്ടി പതിപ്പിക്കുന്നത്‌” ഇന്നു ക്രിസ്‌ത്യാനികളെ സംബന്ധിച്ചും തികച്ചും ഉചിതമാണ്‌. (എബ്രായർ 11:​26, പി.ഒ.സി. ബൈ.) ഈ പ്രതിഫലം ദൈവം വാഗ്‌ദാനം ചെയ്യുന്നത്‌ ഒരു കൈക്കൂലിയായിട്ടല്ല. മറിച്ച്‌, തന്നെ സേവിക്കുന്നവർക്ക്‌ അവൻ സ്‌നേഹപൂർവം നൽകുന്നതാണ്‌. (2 തെസ്സലൊനീക്യർ 2:16, 17) അതിനോടുള്ള പ്രതികരണമെന്ന നിലയിൽ നാമും സ്‌നേഹം കാണിക്കുന്നു, കാരണം “അവൻ ആദ്യം നമ്മെ സ്‌നേഹി”ച്ചു.​—1 യോഹന്നാൻ 4:19.

ദൈവസേവനത്തിനു പിന്നിലെ ഉചിതമായ മനോഭാവം

എന്നിരുന്നാലും, ദൈവത്തെ സേവിക്കാനുള്ള തങ്ങളുടെ പ്രേരകഘടകം എന്താണെന്ന്‌ ക്രിസ്‌ത്യാനികൾ ഇന്ന്‌ നിരന്തരം പരിശോധിക്കേണ്ടതുണ്ട്‌. 5,000-ത്തിൽ അധികം വരുന്ന ജനക്കൂട്ടത്തിന്‌ യേശു ഒരിക്കൽ അത്ഭുതകരമായി ഭക്ഷണം നൽകിയതിനെ കുറിച്ചുള്ള വിവരണം യോഹന്നാൻ 6:10-13-ൽ നാം വായിക്കുന്നു. അതേത്തുടർന്ന്‌, ചിലർ യേശുവിനെ അനുഗമിക്കാൻ തുടങ്ങി, പക്ഷേ സ്വാർഥ കാരണങ്ങളാൽ ആയിരുന്നെന്നു മാത്രം. യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ . . . അപ്പം തിന്നു തൃപ്‌തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.” (യോഹന്നാൻ 6:26) ദശകങ്ങൾക്കു ശേഷം, സമർപ്പിതരായ ക്രിസ്‌ത്യാനികളിൽ ചിലരും ദൈവത്തെ സേവിച്ചത്‌ ഇതുപോലെതന്നെ “ആത്മാർത്ഥതകൂടാതെ” ആയിരുന്നു. (ഫിലിപ്പിയർ 1:​17, പി.ഒ.സി. ബൈ.) ‘യേശുക്രിസ്‌തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാഞ്ഞ’ ചിലർ ക്രിസ്‌ത്യാനികളുമായുള്ള തങ്ങളുടെ സഹവാസത്തിൽനിന്ന്‌ വ്യക്തിപരമായ ആദായം കൊയ്യാനുള്ള മാർഗങ്ങൾ തേടുകപോലും ചെയ്‌തു.​—⁠1 തിമൊഥെയൊസ്‌ 6:3-5.

ഇന്ന്‌, പറുദീസയിൽ നിത്യജീവൻ ആസ്വദിക്കാം എന്ന ഒറ്റക്കാരണം കൊണ്ടാണ്‌ ഒരു ക്രിസ്‌ത്യാനി ദൈവത്തെ സേവിക്കുന്നത്‌ എങ്കിൽ അതും ഒരു സ്വാർഥ താത്‌പര്യമായിരിക്കും. കാലം കടന്നുപോകവേ, ഇത്‌ ആത്മീയ വീഴ്‌ചയിൽ കലാശിച്ചേക്കാം. കാരണം, പ്രതീക്ഷിച്ചതിലും ഏറെ സാത്താന്റെ വ്യവസ്ഥിതി ദീർഘിക്കുന്നതായി കാണുന്നതുകൊണ്ട്‌ അന്ത്യം വൈകുകയാണ്‌ എന്നു കരുതി അയാൾ “മടുത്തു”പോകാനിടയുണ്ട്‌. (ഗലാത്യർ 6:9) താൻ ചെയ്‌ത ഭൗതിക ത്യാഗങ്ങൾ ഒന്നും വേണ്ടിയിരുന്നില്ല എന്നോർത്ത്‌ അയാൾക്ക്‌ അമർഷംപോലും തോന്നിയേക്കാം. എന്നാൽ യേശു നമ്മെ ഇപ്രകാരം ഓർമിപ്പിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി 22:37) അതേ, സ്‌നേഹത്താൽ പ്രേരിതനായി ദൈവത്തെ സേവിക്കുന്ന ഒരു വ്യക്തി തന്റെ സേവനത്തിന്‌ ഒരു സമയപരിധി വെക്കുന്നില്ല. അയാൾ ദൈവത്തെ എന്നേക്കും സേവിക്കാനാണു തീരുമാനിക്കുന്നത്‌! (മീഖാ 4:5) ദൈവത്തെ സേവിക്കാനായി തനിക്കു ചെയ്യേണ്ടിവന്ന ഏതു ത്യാഗങ്ങളെ പ്രതിയും അയാൾ ഖേദിക്കുന്നില്ല. (എബ്രായർ 13:15, 16) ജീവിതത്തിൽ ദൈവിക താത്‌പര്യങ്ങൾ മുൻപന്തിയിൽ വെക്കാൻ ദൈവത്തോടുള്ള സ്‌നേഹം അയാളെ പ്രേരിപ്പിക്കുന്നു.​—മത്തായി 6:33.

സത്യാരാധകരായ 60 ലക്ഷത്തിലധികം പേർ ഇന്ന്‌ യഹോവയുടെ സേവനത്തിന്‌ തങ്ങളെത്തന്നെ “സ്വമേധാദാനമായി” അർപ്പിച്ചിരിക്കുന്നു. (സങ്കീർത്തനം 110:3) നിങ്ങൾ അവരിൽ ഒരാളാണോ? അല്ലെങ്കിൽ, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന സംഗതികളെ കുറിച്ചു ധ്യാനിക്കുക: സത്യത്തിന്റെ യഥാർഥ പരിജ്ഞാനം; (യോഹന്നാൻ 17:⁠3) വ്യാജമത പഠിപ്പിക്കലുകളുടെ അടിമത്തത്തിൽനിന്നുള്ള മോചനം; (യോഹന്നാൻ 8:32) നിത്യജീവന്റെ പ്രത്യാശ (വെളിപ്പാടു 21:​3-5) എന്നിങ്ങനെയുള്ളവ. ദൈവത്തിൽനിന്ന്‌ ഇതെല്ലാം നിങ്ങൾക്ക്‌ എങ്ങനെ ലഭിക്കും എന്നു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾക്കു നിങ്ങളെ സഹായിക്കാനാകും​—അതും സൗജന്യമായി.

[22 -ാം പേജിലെ ആകർഷക വാക്യം]

യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹമാണ്‌ ഇന്നു സത്യക്രിസ്‌ത്യാനികളുടെ പ്രവർത്തനത്തിനു പിന്നിലെ മുഖ്യ പ്രേരകഘടകം, അല്ലാതെ തങ്ങളെത്തന്നെ ധനികരാക്കുക എന്നതല്ല

[21 -ാം പേജിലെ ചിത്രം]

മറുവിലയെന്ന സൗജന്യ ദൈവദാനം സുവാർത്ത സൗജന്യമായി പങ്കുവെക്കാൻ ക്രിസ്‌ത്യാനികളെ പ്രചോദിപ്പിക്കുന്നു