വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അദ്ദേഹം ദയാതത്‌പരനായിരുന്നു

അദ്ദേഹം ദയാതത്‌പരനായിരുന്നു

അദ്ദേഹം ദയാതത്‌പരനായിരുന്നു

യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായി ദീർഘനാൾ സേവനം അനുഷ്‌ഠിച്ച മിൽട്ടൺ ജി. ഹെൻഷൽ 2003 മാർച്ച്‌ 22-ാം തീയതി ശനിയാഴ്‌ച തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കി. അദ്ദേഹത്തിന്‌ 82 വയസ്സുണ്ടായിരുന്നു.

യുവപ്രായത്തിൽത്തന്നെ, മിൽട്ടൺ ഹെൻഷൽ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ സേവിക്കാൻ തുടങ്ങി. 60-ലേറെ വർഷം അദ്ദേഹം വിശ്വസ്‌തമായി സേവനം അനുഷ്‌ഠിച്ചു. അദ്ദേഹത്തിന്റെ നല്ല വിവേചനപ്രാപ്‌തിയും രാജ്യപ്രസംഗ വേലയിലുള്ള ആത്മാർഥമായ താത്‌പര്യവും പെട്ടെന്നുതന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. 1939-ൽ അദ്ദേഹം എൻ. എച്ച്‌. നോർ സഹോദരന്റെ സെക്രട്ടറി ആയിത്തീർന്നു. നോർ സഹോദരൻ അന്ന്‌ യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിൻ അച്ചടിശാലയുടെ മേൽനോട്ടം വഹിച്ചുവരികയായിരുന്നു. 1942-ൽ നോർ സഹോദരൻ ലോകമെമ്പാടുമുള്ള സാക്ഷികളുടെ പ്രവർത്തനത്തിന്റെ മേൽനോട്ടം ഏറ്റെടുത്തപ്പോൾ, ഹെൻഷൽ സഹോദരനെ തന്റെ സഹായി ആയി തിരഞ്ഞെടുത്തു. 1956-ൽ ഹെൻഷൽ സഹോദരൻ ലൂസിൽ ബെനറ്റിനെ വിവാഹം ചെയ്‌തു. ജീവിതത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും അവർ ഒരുമിച്ചു പങ്കുവെച്ചു.

ഹെൻഷൽ സഹോദരൻ, 1977-ൽ നോർ സഹോദരന്റെ മരണംവരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചുപോന്നു. ഹെൻഷൽ സഹോദരൻ 150-ൽപ്പരം രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളെ, പ്രത്യേകിച്ചും മിഷനറിമാരെയും ബ്രാഞ്ച്‌ ഓഫീസുകളിൽ പ്രവർത്തിക്കുന്നവരെയും, സന്ദർശിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ഈ യാത്രകളിൽ പലതും അദ്ദേഹം നടത്തിയത്‌ നോർ സഹോദരനോടൊപ്പമായിരുന്നു. ചില യാത്രകൾ വളരെ ദുഷ്‌കരവും അപകടകരം പോലും ആയിരുന്നു. 1963-ൽ ലൈബീരിയയിലെ ഒരു കൺവെൻഷനിൽ സംബന്ധിക്കവേ ഹെൻഷൽ സഹോദരൻ ക്രൂരമായ പീഡനത്തിന്‌ ഇരയായി, ഒരു ദേശഭക്തി ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചതായിരുന്നു കാരണം. * എന്നാൽ അതൊന്നും ഹെൻഷൽ സഹോദരനെ തെല്ലും അധൈര്യപ്പെടുത്തിയില്ല. ഏതാനും മാസങ്ങൾക്കു ശേഷം ഹെൻഷൽ സഹോദരൻ ലൈബീരിയയിലേക്കു മടങ്ങിച്ചെന്നു. ലൈബീരിയൻ പ്രസിഡന്റിനെ കാണാനും അവിടെയുള്ള യഹോവയുടെ സാക്ഷികൾക്ക്‌ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം നേടിക്കൊടുക്കാനും വേണ്ടി ആയിരുന്നു ആ യാത്ര.

ബുദ്ധിമുട്ടുപിടിച്ച പ്രശ്‌നങ്ങളും വെല്ലുവിളികളും പ്രായോഗികജ്ഞാനത്തോടും വഴക്കത്തോടും ന്യായബോധത്തോടും കൂടി കൈകാര്യം ചെയ്യാനുള്ള ഹെൻഷൽ സഹോദരന്റെ കഴിവ്‌ പ്രസിദ്ധമായിരുന്നു. കൂടെ ജോലിചെയ്‌തിരുന്നവർ അദ്ദേഹത്തിന്റെ അടുക്കുംചിട്ടയും എളിമയും നർമബോധവും വിശേഷാൽ വിലമതിച്ചിരുന്നു. അപാര ഓർമശക്തി ഉണ്ടായിരുന്ന അദ്ദേഹം മിഷനറിമാരുടെ പേരുകൾ പെട്ടെന്ന്‌ ഓർമിച്ചെടുത്തിരുന്നു. ഇതും പ്രാദേശിക ഭാഷയിൽ പറഞ്ഞിരുന്ന ഒന്നോ രണ്ടോ വാചകശകലങ്ങളും കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച്‌ നടത്തിയിരുന്ന ഫലിതപ്രയോഗങ്ങളും ലോകമെമ്പാടുമുള്ള മിഷനറിമാരെ ആഹ്ലാദിപ്പിച്ചിരുന്നു.

നാം ‘ദയാതല്‌പരരായിരിക്കാൻ’ യഹോവയാം ദൈവം ആഗ്രഹിക്കുന്നുവെന്ന്‌ മീഖാ 6:8 നമ്മെ ഓർമിപ്പിക്കുന്നു. ഇക്കാര്യത്തിൽ മിൽട്ടൺ ഹെൻഷൽ വെച്ച മാതൃക എന്നും സ്‌മരിക്കപ്പെടും. ഭാരിച്ച ഉത്തരവാദിത്വം ഉണ്ടായിരുന്നിട്ടും അദ്ദേഹം എപ്പോഴും മറ്റുള്ളവർക്കു സമീപിക്കാവുന്നവനും സൗമ്യനും ദയാലുവും ആയിരുന്നു. “ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ നിശ്ചയമില്ലാത്തപ്പോൾ ദയയോടുകൂടിയ പ്രവൃത്തിയാണ്‌ ശരിയായ പ്രവൃത്തി എന്ന്‌ ഓർമിക്കുക,” അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വാചകമായിരുന്നു അത്‌. ഈ പ്രിയ സഹോദരന്റെ വേർപാടിൽ ദുഃഖം ഉണ്ടെങ്കിലും “ജീവകിരീടം” എന്ന പ്രതിഫലം ഉറപ്പാക്കിക്കൊണ്ട്‌ അദ്ദേഹം അന്ത്യത്തോളം വിശ്വസ്‌തതയോടെ സഹിച്ചുനിന്നതിൽ നാം ആഹ്ലാദിക്കുന്നു.​—⁠വെളിപ്പാടു 2:⁠10.

[അടിക്കുറിപ്പ്‌]

^ ഖ. 4 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1977, (ഇംഗ്ലീഷ്‌) പേജ്‌ 171-7 കാണുക.

[31 -ാം പേജിലെ ചിത്രം]

എം. ജി. ഹെൻഷൽ എൻ. എച്ച്‌. നോറിനോടൊപ്പം

[31 -ാം പേജിലെ ചിത്രം]

ഭാര്യ ലൂസിലിനോടൊപ്പം