വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആളുകളുടെ സ്‌മരണയിൽ ചിലരുടെ ചിത്രം

ആളുകളുടെ സ്‌മരണയിൽ ചിലരുടെ ചിത്രം

ആളുകളുടെ സ്‌മരണയിൽ ചിലരുടെ ചിത്രം

ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ ഇസ്രായേൽ രാജാവായ ശൗലിന്റെ അടുക്കൽനിന്ന്‌ ഓടിപ്പോന്ന ദാവീദ്‌ ഒളിവിൽ കഴിയുന്ന കാലം. ഭക്ഷണവും വെള്ളവും അഭ്യർഥിച്ചുകൊണ്ട്‌ ദാവീദ്‌ ധാരാളം ചെമ്മരിയാടുകളും കോലാടുകളുമുള്ള, ധനികനായ നാബാലിന്റെ അടുത്തേക്ക്‌ ആളയച്ചു. ദാവീദിനും കൂട്ടർക്കുംവേണ്ടി അവൻ ആ ഉപകാരം ചെയ്യേണ്ടതായിരുന്നു. കാരണം, അവർ നാബാലിന്റെ ആട്ടിൻപറ്റത്തെ സംരക്ഷിച്ചിരുന്നു. എന്നിരുന്നാലും, നാബാൽ ആ അഭ്യർഥന മാനിച്ചില്ല. അവൻ ദാവീദിന്റെ ആളുകളെ ശകാരിച്ചു പറഞ്ഞയച്ചു. അതൊരു തീക്കളി ആയിരുന്നു, എന്തെന്നാൽ അത്ര നിസ്സാരനായി തള്ളിക്കളയാവുന്ന ഒരുവനായിരുന്നില്ല ദാവീദ്‌.​—⁠1 ശമൂവേൽ 25:5, 8, 10, 11, 14.

അപരിചിതരോടും സന്ദർശകരോടും ആതിഥ്യമര്യാദ കാണിക്കുന്ന മധ്യപൂർവ ദേശത്തെ പരമ്പരാഗത രീതിക്കു ചേർച്ചയിൽ ആയിരുന്നില്ല നാബാലിന്റെ പെരുമാറ്റം. അതുകൊണ്ട്‌, ഏതുതരം പേരാണ്‌ നാബാൽ സമ്പാദിച്ചത്‌? അവൻ ‘നിഷ്‌ഠുരനും ദുഷ്‌കർമ്മിയും ദുസ്സ്വഭാവിയും ആയിരുന്നു’ എന്നു ബൈബിൾ പറയുന്നു. അവന്റെ പേരിന്റെ അർഥം ‘ഭോഷൻ’ എന്നാണ്‌. അത്‌ അന്വർഥമാക്കുന്ന വിധത്തിലായിരുന്നു അവന്റെ ജീവിതവും. (1 ശമൂവേൽ 25:3, 17, 25) ആ വിധത്തിൽ സ്‌മരിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുമോ? മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ, പ്രത്യേകിച്ച്‌ അവർ പ്രയാസകരമായ സാഹചര്യത്തിലാണെങ്കിൽ, നിങ്ങൾ നിഷ്‌ഠുരരും കർക്കശരും ആയിരിക്കുമോ? അതോ ദയയും ഔദാര്യവും പരിഗണനയും കാണിക്കുമോ?

അബീഗയിൽ​—⁠വിവേകമുള്ള ഒരു സ്‌ത്രീ

നാബാലിന്റെ നിഷ്‌ഠുര പെരുമാറ്റം അവനെ അപകടത്തിലാക്കി. ദാവീദും അവന്റെ 400 ആളുകളും വാൾ അരയ്‌ക്കുകെട്ടി നാബാലിനെ ഒരു പാഠം പഠിപ്പിക്കാനായി പുറപ്പെട്ടു. നടന്ന സംഭവത്തെ കുറിച്ച്‌ നാബാലിന്റെ ഭാര്യയായ അബീഗയിൽ അറിഞ്ഞു. താമസിയാതെ ഒരു ഏറ്റുമുട്ടൽ നടക്കുമെന്ന്‌ അവൾക്കു മനസ്സിലായി. അവൾ എന്തു ചെയ്‌തു? പെട്ടെന്നുതന്നെ അവൾ വേണ്ടത്ര ഭക്ഷണ സാധനങ്ങളും മറ്റും തയ്യാർ ചെയ്‌ത്‌ ദാവീദിനെയും അവന്റെ ആളുകളെയും പിന്തിരിപ്പിക്കാനായി പുറപ്പെട്ടു. അവരെ കണ്ടുമുട്ടിയപ്പോൾ, അകാരണമായി രക്തം ചൊരിയരുതെന്ന്‌ അവൾ ദാവീദിനോട്‌ യാചിച്ചു. ദാവീദിന്റെ കോപം ശമിച്ചു. അവൻ അവളുടെ അഭ്യർഥന കേട്ട്‌ മനസ്സുമാറ്റി. ഈ സംഭവങ്ങൾ നടന്ന്‌ അധികം താമസിയാതെ നാബാൽ മരിച്ചു. അബീഗയിലിന്റെ നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ ദാവീദ്‌ അവളെ ഭാര്യയായി സ്വീകരിച്ചു.​—⁠1 ശമൂവേൽ 25:14-42.

ഏതു തരത്തിലുള്ള കീർത്തിയാണ്‌ അബീഗയിൽ സമ്പാദിച്ചത്‌? അവൾ “നല്ല വിവേകമുള്ള”വൾ, അഥവാ മൂല എബ്രായയിൽ പറയുന്ന പ്രകാരം ‘ബുദ്ധിമതി’ ആയിരുന്നു. അവൾ വകതിരിവും പ്രായോഗികജ്ഞാനവും ഉള്ളവളും എപ്പോൾ, എങ്ങനെ മുൻകൈയെടുത്തു പ്രവർത്തിക്കണം എന്ന്‌ അറിയാവുന്നവളും ആയിരുന്നു. ദുരന്തത്തിൽനിന്ന്‌ തന്റെ ഭോഷനായ ഭർത്താവിനെയും ഭവനത്തിലുള്ളവരെയും സംരക്ഷിക്കാനായി അവൾ വിശ്വസ്‌തതയോടെ പ്രവർത്തിച്ചു. ഒടുവിൽ അവൾ മരിച്ചു, എന്നാൽ അത്‌ വിവേകമുള്ളവൾ എന്ന സത്‌കീർത്തിയോടെ ആയിരുന്നു.​—⁠1 ശമൂവേൽ 25:⁠3.

പത്രൊസിന്റെ രേഖ എങ്ങനെയുള്ളതാണ്‌?

നമുക്കിപ്പോൾ ഒന്നാം നൂറ്റാണ്ടിലേക്കു വന്ന്‌ യേശുവിന്റെ 12 അപ്പൊസ്‌തലന്മാരുടെ കാര്യം പരിചിന്തിക്കാം. നിസ്സംശയമായും, ഉള്ളിലുള്ളത്‌ തുറന്നു പ്രകടിപ്പിക്കുകയും എടുത്തുചാടി പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിൽ നിന്നിരുന്നത്‌ ഗലീലയിലെ ഒരു മുൻ മുക്കുവനായിരുന്ന പത്രൊസ്‌ അഥവാ കേഫാ ആയിരുന്നു. വികാരങ്ങൾ നിർഭയം പ്രകടിപ്പിച്ചിരുന്ന ഊർജസ്വലനായ ഒരു വ്യക്തിയായിരുന്നു അവൻ. ഉദാഹരണത്തിന്‌, ഒരവസരത്തിൽ യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയുണ്ടായി. തന്റെ കാൽ കഴുകാനുള്ള ഊഴമായപ്പോൾ പത്രൊസ്‌ എങ്ങനെയാണു പ്രതികരിച്ചത്‌?

പത്രൊസ്‌ യേശുവിനോട്‌ ഇപ്രകാരം പറഞ്ഞു: “കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ?” അതിന്‌ യേശു ഈ മറുപടി നൽകി: “ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും.” പത്രൊസ്‌ പ്രതിവചിച്ചു: “നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല.” രണ്ടാമതൊന്നു ചിന്തിക്കാതെ പത്രൊസ്‌ നടത്തിയ ഉറച്ച പ്രസ്‌താവന ശ്രദ്ധിക്കുക. യേശുവിന്റെ പ്രതികരണം എന്തായിരുന്നു?

യേശു പറഞ്ഞു: “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” അപ്പോൾ പത്രൊസ്‌ പറഞ്ഞു: “കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയുംകൂടെ കഴുകേണമേ.” ഇപ്രാവശ്യം പത്രൊസ്‌ അങ്ങേയറ്റം പോകുന്നു! എങ്കിലും ആളുകൾക്ക്‌ എല്ലായ്‌പോഴും പത്രൊസിന്റെ മനോഭാവം എന്താണെന്ന്‌ അറിയാമായിരുന്നു. അവനിൽ കാപട്യമില്ലായിരുന്നു.​—⁠യോഹന്നാൻ 13:6-9.

മാനുഷിക ബലഹീനത നിമിത്തവും പത്രൊസ്‌ സ്‌മരിക്കപ്പെടുന്നുണ്ട്‌. ഉദാഹരണത്തിന്‌, കുറ്റവാളിയെന്നു വിധിക്കപ്പെട്ട നസറെത്തിലെ യേശുവിന്റെ ഒരു അനുഗാമിയാണെന്ന്‌ ആരോപിക്കപ്പെട്ടപ്പോൾ അവൻ ജനത്തിനു മുമ്പാകെ മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞു. തെറ്റ്‌ തിരിച്ചറിഞ്ഞപ്പോൾ അവൻ അതിദുഃഖത്തോടെ കരഞ്ഞു. സങ്കടവും പശ്ചാത്താപവും പ്രകടിപ്പിക്കാൻ അവനു ഭയമില്ലായിരുന്നു. പത്രൊസ്‌ യേശുവിനെ തള്ളിപ്പറഞ്ഞത്‌ സംബന്ധിച്ച വിവരണം സുവിശേഷ എഴുത്തുകാർ രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്‌. സകല സാധ്യതയുമനുസരിച്ച്‌ അവർക്ക്‌ പത്രൊസിൽനിന്നുതന്നെ ആയിരിക്കണം ആ വിവരങ്ങൾ ലഭിച്ചത്‌! തെറ്റു സമ്മതിക്കാനുള്ള താഴ്‌മ അവനുണ്ടായിരുന്നു. നിങ്ങൾക്ക്‌ ആ ഗുണമുണ്ടോ?​—⁠മത്തായി 26:69-75; മർക്കൊസ്‌ 14:66-72; ലൂക്കൊസ്‌ 22:54-62; യോഹന്നാൻ 18:15-18, 25-27.

യേശുവിനെ തള്ളിപ്പറഞ്ഞ്‌ ഏതാനും ആഴ്‌ചകൾക്കുള്ളിൽ പത്രൊസ്‌, പെന്തെക്കൊസ്‌തിൽ യഹൂദ ജനക്കൂട്ടത്തോട്‌ പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി ധൈര്യപൂർവം പ്രസംഗിച്ചു. പുനരുത്ഥാനം പ്രാപിച്ച യേശുവിന്‌ അവനിൽ വിശ്വാസം ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്‌.​—⁠പ്രവൃത്തികൾ 2:14-21.

മറ്റൊരു അവസരത്തിൽ, പത്രൊസ്‌ വ്യത്യസ്‌തമായ ഒരു കെണിയിൽ വീണുപോയി. യഹൂദരായ ചില സഹോദരങ്ങൾ അന്ത്യോക്യയിൽ വരുന്നതിനു മുമ്പ്‌ പത്രൊസ്‌ അവിടെയുള്ള വിജാതീയ ക്രിസ്‌ത്യാനികളുമായി സ്വതന്ത്രമായി ഇടപഴകിയിരുന്നു എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വിശദീകരിച്ചു. എന്നാൽ, യെരൂശലേമിൽനിന്ന്‌ എത്തിച്ചേർന്ന “പരിച്‌ഛേദനക്കാരെ ഭയപ്പെട്ട്‌” വിജാതീയ ക്രിസ്‌ത്യാനികളിൽനിന്ന്‌ അവൻ അകന്നുമാറി. പത്രൊസിന്റെ ഇരട്ടനിലവാരത്തെ പൗലൊസ്‌ തുറന്നുകാട്ടി.​—⁠ഗലാത്യർ 2:11-14.

എങ്കിലും, ശിഷ്യന്മാരിൽ അനേകരും യേശുവിനെ വിട്ടുപോകാൻ തയ്യാറായ ഒരു നിർണായക വേളയിൽ അവരിൽ ആരാണ്‌ സധൈര്യം സ്വന്തം നിലപാടു വ്യക്തമാക്കിയത്‌? തന്റെ മാംസം ഭക്ഷിക്കുന്നതിന്റെയും രക്തം കുടിക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ചുള്ള ഒരു പുതിയ കാര്യം യേശു വെളിപ്പെടുത്തിയ സന്ദർഭമായിരുന്നു അത്‌. അവൻ പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.” യേശുവിന്റെ യഹൂദ അനുഗാമികളിൽ മിക്കവരും ഇടറിപ്പോയി. അവർ ഇങ്ങനെ പറഞ്ഞു: “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും?” തുടർന്ന്‌ എന്തു സംഭവിച്ചു? “അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.”​—⁠യോഹന്നാൻ 6:50-66.

ഈ നിർണായക സമയത്ത്‌ യേശു 12 അപ്പൊസ്‌തലന്മാരുടെ നേർക്കു തിരിഞ്ഞ്‌ ഉള്ളിൽത്തട്ടുന്ന ഈ ചോദ്യം ചോദിച്ചു: “നിങ്ങൾക്കും പൊയ്‌കൊൾവാൻ മനസ്സുണ്ടോ?” അപ്പോൾ പത്രൊസ്‌ ഇങ്ങനെ മറുപടി നൽകി: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു.”​—⁠യോഹന്നാൻ 6:67-69.

ഏതുതരം കീർത്തിയാണ്‌ പത്രൊസ്‌ നേടിയത്‌? അവനെ കുറിച്ചുള്ള വിവരണം വായിക്കുന്ന ഒരാളിൽ അവന്റെ സത്യസന്ധത, തുറന്ന പ്രകൃതം, വിശ്വസ്‌തത, സ്വന്തം ബലഹീനതകൾ അംഗീകരിക്കാനുള്ള സന്മനസ്സ്‌ എന്നിവ മതിപ്പുളവാക്കും എന്നതിൽ സംശയമില്ല. എത്ര നല്ല പേരാണ്‌ അവൻ സമ്പാദിച്ചത്‌!

യേശുവിനെ കുറിച്ച്‌ ആളുകൾ സ്‌മരിക്കുന്നത്‌ എന്ത്‌?

യേശുവിന്റെ ഭൗമിക ശുശ്രൂഷ വെറും മൂന്നര വർഷമായിരുന്നു. എങ്കിലും, അവന്റെ അനുഗാമികൾ അവനെ ഏതുവിധത്തിലാണ്‌ സ്‌മരിക്കുന്നത്‌? പൂർണനും പാപരഹിതനും ആയതിനാൽ, അവൻ മറ്റുള്ളവരുമായി അകൽച്ച പാലിച്ചിരുന്നോ? ദൈവപുത്രനാണെന്ന്‌ അറിയാമായിരുന്നതിനാൽ അവൻ ധാർഷ്‌ട്യപൂർവം മറ്റുള്ളവരെയെല്ലാം അടക്കിഭരിക്കാൻ തുനിഞ്ഞോ? തന്നെ അനുസരിക്കാനായി അവൻ അനുഗാമികളെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്‌തോ? തന്റെ പ്രതിച്ഛായയ്‌ക്കു മങ്ങലേൽക്കുമെന്ന്‌ ഭയന്ന്‌ യേശു നർമബോധം തീരെ പ്രകടമാക്കാതിരുന്നോ? ബലഹീനരെയും രോഗികളെയും കുട്ടികളെയും ശ്രദ്ധിക്കാൻ സമയമില്ലാത്തവിധം അവൻ തിരക്കുള്ളവൻ ആയിരുന്നോ? അക്കാലത്തെ പുരുഷന്മാർ മിക്കപ്പോഴും ചെയ്‌തിരുന്നതുപോലെ, മറ്റു വർഗക്കാരെയും സ്‌ത്രീകളെയും അവജ്ഞയോടെ വീക്ഷിച്ചോ? യേശുവിനെ കുറിച്ചു രേഖ നമ്മോട്‌ എന്താണ്‌ പറയുന്നത്‌?

യേശു വ്യക്തികളിൽ തത്‌പരനായിരുന്നു. അനേകം സന്ദർഭങ്ങളിൽ അവൻ മുടന്തരെയും രോഗികളെയും സൗഖ്യമാക്കിയതായി അവന്റെ ശുശ്രൂഷയെ കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നു. ആവശ്യമുള്ളവർക്ക്‌ അവൻ സഹായഹസ്‌തം നീട്ടിക്കൊടുത്തു. കുട്ടികളിൽ അവൻ താത്‌പര്യം പ്രകടമാക്കി. അവൻ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുത്‌.” തുടർന്ന്‌ “അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.” കുട്ടികൾക്കുവേണ്ടി നിങ്ങൾ സമയം ചെലവഴിക്കാറുണ്ടോ അതോ അവർ ഉണ്ടെന്ന കാര്യം പോലും ശ്രദ്ധിക്കാനാവാത്തവിധം നിങ്ങൾ തിരക്കിലാണോ?​—⁠മർക്കൊസ്‌ 10:13-16; മത്തായി 19:13-15.

യേശു ഭൂമിയിലായിരുന്ന സമയത്ത്‌, ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്ന കാര്യങ്ങൾക്ക്‌ അപ്പുറംപോയിരുന്ന മത നിയമങ്ങളും ചട്ടങ്ങളും യഹൂദ ജനത്തെ ഭാരപ്പെടുത്തിയിരുന്നു. ഘനമുള്ള ചുമടുകൾകൊണ്ട്‌ മതനേതാക്കന്മാർ ജനത്തെ ഞെരുക്കുകയായിരുന്നു. എന്നാൽ ഒരു വിരൽകൊണ്ടുപോലും അവയെ തൊടാൻ അവർക്കു മനസ്സില്ലായിരുന്നു. (മത്തായി 23:4; ലൂക്കൊസ്‌ 11:46) പക്ഷേ, യേശു എത്ര വ്യത്യസ്‌തനായിരുന്നു! അവൻ പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.”—⁠മത്തായി 11:28-30.

യേശുവിനോടൊപ്പം ആയിരുന്നപ്പോൾ ജനങ്ങൾക്ക്‌ ആശ്വാസവും നവോന്മേഷവും തോന്നി. അവൻ ശിഷ്യന്മാരെ ഭയപ്പെടുത്തിയില്ല, അതുകൊണ്ടുതന്നെ അവനോടു കാര്യങ്ങൾ തുറന്നു പറയാൻ അവർക്ക്‌ മടി തോന്നിയില്ല. യഥാർഥത്തിൽ ചോദ്യങ്ങൾ ചോദിച്ച്‌ അവരുടെ അഭിപ്രായങ്ങൾ അറിയാൻ ശ്രമിക്കുകയാണ്‌ അവൻ ചെയ്‌തത്‌. (മർക്കൊസ്‌ 8:27-29) ക്രിസ്‌തീയ മേൽവിചാരകന്മാർ സ്വയം ഇപ്രകാരം ചോദിക്കേണ്ടതാണ്‌: ‘സഹവിശ്വാസികൾക്ക്‌ എന്നെക്കുറിച്ച്‌ ഇതേ അഭിപ്രായമാണോ ഉള്ളത്‌? മറ്റു മൂപ്പന്മാർ തങ്ങളുടെ അഭിപ്രായങ്ങൾ എന്നോട്‌ തുറന്നു പറയാറുണ്ടോ, അതോ അവർ അതിനു മടിക്കുന്നുവോ?’ മേൽവിചാരകന്മാർ മറ്റുള്ളവർക്കു സമീപിക്കാവുന്നവരും മറ്റുള്ളവർ പറയുന്നതു കേൾക്കുന്നവരും വഴക്കമുള്ളവരും ആയിരിക്കുന്നത്‌ എത്ര നവോന്മേഷപ്രദമാണ്‌! ന്യായയുക്തത ഇല്ലായ്‌മ തുറന്ന ചർച്ചകൾക്ക്‌ പ്രതിബന്ധമാവുകയേ ഉള്ളൂ.

ദൈവപുത്രൻ ആയിരുന്നെങ്കിലും യേശു തന്റെ ശക്തിയോ അധികാരമോ ഒരിക്കൽപ്പോലും ദുരുപയോഗം ചെയ്‌തില്ല. മറിച്ച്‌ അവൻ തന്റെ ശ്രോതാക്കളുമായി ന്യായവാദം ചെയ്‌തു. യേശുവിനെ കുടുക്കാനായി പരീശന്മാർ തന്ത്രപൂർവം പിൻവരുന്ന ചോദ്യം ഉന്നയിച്ച സാഹചര്യം അത്തരത്തിൽ ഒന്നായിരുന്നു: “കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ?” അപ്പോൾ, ഒരു നാണയം കാണിക്കാൻ ആവശ്യപ്പെട്ടിട്ട്‌ യേശു അവരോടു ചോദിച്ചു: “ഈ സ്വരൂപവും മേലെഴുത്തും ആരുടേത്‌?” അവർ മറുപടി പറഞ്ഞു: “കൈസരുടേത്‌.” അപ്പോൾ അവൻ അവരോടു പറഞ്ഞു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മത്തായി 22:15-21) അവരുടെ ചോദ്യത്തിന്‌ ഉത്തരം നൽകാൻ ലളിതമായ യുക്തി മാത്രമേ വേണ്ടിവന്നുള്ളൂ.

യേശുവിന്‌ നർമബോധം ഉണ്ടായിരുന്നോ? ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്‌ എളുപ്പം എന്നു യേശു പറഞ്ഞ ഭാഗം വായിക്കുന്ന ചിലർ അവിടെ നർമരസം കലർന്നിരിക്കുന്നതായി മനസ്സിലാക്കിയേക്കാം. (മത്തായി 19:23, 24) ഒട്ടകം സൂചിക്കുഴയിലൂടെ കടക്കാൻ ശ്രമിക്കുന്നു എന്ന ആശയം അതിശയോക്തിപരമാണ്‌. അത്തരം അതിശയോക്തി അലങ്കാരത്തിന്റെ മറ്റൊരു ഉദാഹരണം, സ്വന്ത കണ്ണിലെ കഴുക്കോൽ കാണാതെ സഹോദരന്റെ കണ്ണിലെ വൈക്കോൽ കാണുന്നത്‌ സംബന്ധിച്ചുള്ളതാണ്‌. (ലൂക്കൊസ്‌ 6:41, 42, NW) യേശു അങ്ങേയറ്റത്തെ കർക്കശസ്വഭാവക്കാരനായിരുന്നില്ല. അവൻ സ്‌നേഹവും സൗഹൃദവും ഉള്ളവനായിരുന്നു. സമ്മർദം അനുഭവപ്പെടുന്ന സമയങ്ങളിൽ ആശ്വാസം പകരാൻ നർമബോധം ഇന്ന്‌ ക്രിസ്‌ത്യാനികളെ സഹായിക്കും.

സ്‌ത്രീകളോടുള്ള യേശുവിന്റെ അനുകമ്പ

യേശുവിന്റെ സാന്നിധ്യത്തിൽ സ്‌ത്രീകൾക്ക്‌ എന്തു തോന്നിയിരുന്നു? സ്വന്തം അമ്മ മറിയ ഉൾപ്പെടെ, വിശ്വസ്‌തരായ അനേകം സ്‌ത്രീകൾ അനുഗാമികളായി യേശുവിന്‌ ഉണ്ടായിരുന്നു. (ലൂക്കൊസ്‌ 8:1-3; 23:55, 56; 24:9, 10) മടികൂടാതെ അവനെ സമീപിക്കാൻ സ്‌ത്രീകൾക്ക്‌ കഴിഞ്ഞിരുന്നു. ഒരവസരത്തിൽ, “പാപിയായ” ഒരു സ്‌ത്രീ കണ്ണുനീർകൊണ്ട്‌ അവന്റെ പാദം നനയ്‌ക്കുകയും പാദങ്ങളിൽ പരിമളതൈലം പൂശുകപോലും ചെയ്‌തു. (ലൂക്കൊസ്‌ 7:37, 38) മറ്റൊരു സ്‌ത്രീ, രോഗശാന്തിക്കുവേണ്ടി യേശുവിന്റെ വസ്‌ത്രത്തിൽ ഒന്നു തൊടാനായി ജനക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി അവന്റെ അടുത്തെത്തി. അനേകം വർഷമായി അവൾ രക്തസ്രാവത്താൽ കഷ്ടപ്പെടുകയായിരുന്നു. യേശു അവളുടെ വിശ്വാസത്തെ പ്രശംസിച്ചു. (മത്തായി 9:20-22) അതേ, സ്‌ത്രീകൾക്ക്‌ യേശു സമീപിക്കാവുന്നവൻ ആയിരുന്നു.

മറ്റൊരു അവസരത്തിൽ, ഒരു കിണറ്റിൻ കരയിൽവെച്ച്‌ യേശു ഒരു ശമര്യസ്‌ത്രീയോടു സംസാരിച്ചു. ആശ്ചര്യപ്പെട്ട്‌ ആ സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ?” അന്നത്തെ യഹൂദന്മാർ ശമര്യക്കാരുമായി എല്ലാവിധ സമ്പർക്കവും ഒഴിവാക്കിയിരുന്നു എന്ന കാര്യം മനസ്സിൽ പിടിക്കുക. തുടർന്ന്‌ യേശു, “നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവ”യെ കുറിച്ചുള്ള അത്ഭുതകരമായ സത്യം അവളെ പഠിപ്പിച്ചു. സ്‌ത്രീകളുമായി ഇടപഴകാൻ അവൻ മടി കാണിച്ചിരുന്നില്ല. തന്റെ സ്ഥാനം ചോദ്യംചെയ്യപ്പെടുന്നതുപോലെ അവനു തോന്നിയില്ല.​—⁠യോഹന്നാൻ 4:7-15.

ആത്മത്യാഗ മനോഭാവം ഉൾപ്പെടെയുള്ള മനുഷ്യത്വപരമായ അനേകം ഗുണങ്ങൾ നിമിത്തവും യേശു സ്‌മരിക്കപ്പെടുന്നു. അവൻ ദൈവിക സ്‌നേഹം പൂർണമായി പ്രതിഫലിപ്പിച്ചു. യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന സകലരും അവൻ വെച്ച മാതൃക പിൻപറ്റേണ്ടതാണ്‌. നിങ്ങൾ അവന്റെ മാതൃക എത്ര അടുത്തു പിൻപറ്റുന്നു?​—⁠1 കൊരിന്ത്യർ 13:4-8; 1 പത്രൊസ്‌ 2:21.

ആധുനികകാല ക്രിസ്‌ത്യാനികൾ സ്‌മരിക്കപ്പെടുന്നത്‌ എങ്ങനെ?

ആധുനിക നാളിൽ വിശ്വസ്‌തരായ നിരവധി ക്രിസ്‌ത്യാനികൾ മരണമടഞ്ഞിട്ടുണ്ട്‌. അവരിൽ പലരും വൃദ്ധരായിരുന്നു, ചിലർ താരതമ്യേന ചെറുപ്പക്കാരും. എന്നാൽ, അവർ സത്‌കീർത്തി സമ്പാദിച്ചിരുന്നു. വാർധക്യത്തിൽ മരിച്ച ക്രിസ്റ്റലിനെപ്പോലെ ചിലർ തങ്ങളുടെ സ്‌നേഹത്തെയും സൗഹൃദപ്രകൃതത്തെയും പ്രതി സ്‌മരിക്കപ്പെടുന്നു. മറ്റുചിലർ, തന്റെ 40-കളിൽ മരണമടഞ്ഞ ഡിർക്കിനെപ്പോലെ, തങ്ങളുടെ സന്തോഷത്തെയും സഹായ മനസ്‌കതയെയും പ്രതി സ്‌മരിക്കപ്പെടുന്നു.

സ്‌പെയിനിൽനിന്നുള്ള ഹോസേയെ കുറിച്ചു ചിന്തിക്കുക. 1960-കളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ആ രാജ്യത്ത്‌ നിരോധിച്ചിരുന്നു. വിവാഹിതനും മൂന്നു കൊച്ചു പെൺകുട്ടികളുടെ പിതാവുമായിരുന്ന ഹോസേയ്‌ക്ക്‌ ബാർസിലോണയിൽ നല്ല ഒരു ജോലി ഉണ്ടായിരുന്നു. എന്നാൽ, ആ കാലത്ത്‌ സ്‌പെയിനിന്റെ ദക്ഷിണ ഭാഗത്ത്‌ പക്വതയുള്ള ക്രിസ്‌തീയ മൂപ്പന്മാരെ ആവശ്യമുണ്ടായിരുന്നു. ഹോസേ തന്റെ നല്ല ജോലി ഉപേക്ഷിച്ച്‌ കുടുംബസമേതം മാലഗയിലേക്കു പോയി. മിക്കപ്പോഴും ജോലിയൊന്നുമില്ലാതെ വന്നതു നിമിത്തം അവർക്ക്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവന്നു.

എങ്കിലും, ശുശ്രൂഷയിലെ അദ്ദേഹത്തിന്റെ വിശ്വസ്‌തവും ആശ്രയയോഗ്യവുമായ മാതൃകയും ഭാര്യ കാർമേലയുടെ സഹായത്തോടെ പെൺമക്കളെ മാതൃകാപരമായി വളർത്തിക്കൊണ്ടുവന്നതും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ പ്രദേശത്തെ ക്രിസ്‌തീയ കൺവെൻഷനുകൾ സംഘടിപ്പിക്കാൻ ഒരാളുടെ ആവശ്യം ഉണ്ടായിരുന്നപ്പോഴെല്ലാം ഹോസേ തന്നെത്തന്നെ ലഭ്യമാക്കി. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം 50-കളിൽ ആയിരുന്നപ്പോൾ ഗുരുതരമായ ഒരു രോഗം പിടിപെട്ട്‌ മരണമടഞ്ഞു. എന്നിരുന്നാലും, വിശ്വസ്‌തനും കഠിനാധ്വാനിയുമായ ഒരു മൂപ്പൻ, സ്‌നേഹനിധിയായ ഭർത്താവ്‌, സ്‌നേഹവാനായ പിതാവ്‌ എന്നിങ്ങനെയുള്ള സത്‌കീർത്തി അദ്ദേഹം സമ്പാദിച്ചിരുന്നു.

മേൽപ്പറഞ്ഞവയുടെ വീക്ഷണത്തിൽ, നിങ്ങൾ ഏതു വിധത്തിൽ സ്‌മരിക്കപ്പെടും? നിങ്ങൾ ഇന്നലെ മരിച്ചുപോയിരുന്നെങ്കിൽ ആളുകൾ നിങ്ങളെ കുറിച്ച്‌ ഇന്ന്‌ എന്തു പറയുമായിരുന്നു? നമ്മുടെ ജീവിതരീതി മെച്ചപ്പെടുത്താൻ നമ്മെ ഏവരെയും പ്രചോദിപ്പിച്ചേക്കാവുന്ന ഒരു ചോദ്യമാണ്‌ ഇത്‌.

സത്‌കീർത്തി നേടാൻ നമുക്ക്‌ എന്തു ചെയ്യാനാകും? സ്‌നേഹം, ദീർഘക്ഷമ, ദയ, സൗമ്യത, ആത്മനിയന്ത്രണം എന്നിവപോലുള്ള ആത്മാവിന്റെ ഫലം പ്രകടമാക്കുന്നതിൽ എല്ലായ്‌പോഴും അഭിവൃദ്ധിപ്പെടാം. (ഗലാത്യർ 5:22, 23) അതേ, നിശ്ചയമായും “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമ”മാണ്‌.​—⁠സഭാപ്രസംഗി 7:1; മത്തായി 7:12.

[5 -ാം പേജിലെ ചിത്രം]

വിവേകത്തെ പ്രതി അബീഗയിൽ സ്‌മരിക്കപ്പെടുന്നു

[7 -ാം പേജിലെ ചിത്രം]

എടുത്തുചാട്ടക്കാരനെങ്കിലും സത്യസന്ധൻ എന്ന നിലയിൽ പത്രൊസ്‌ സ്‌മരിക്കപ്പെടുന്നു

[8 -ാം പേജിലെ ചിത്രം]

കുട്ടികൾക്കുവേണ്ടി യേശു സമയം കണ്ടെത്തി