നാം യഹോവയുടെ നാമത്തിൽ എന്നെന്നേക്കും നടക്കും!
നാം യഹോവയുടെ നാമത്തിൽ എന്നെന്നേക്കും നടക്കും!
‘നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.’—മീഖാ 4:5.
1. മീഖാ 3 മുതൽ 5 വരെയുള്ള അധ്യായങ്ങളിൽ ഏതു സന്ദേശങ്ങൾ അടങ്ങിയിരിക്കുന്നു?
തന്റെ ജനത്തോട് യഹോവയ്‌ക്കു ചില കാര്യങ്ങൾ പറയാനുണ്ട്, അതിനായി തന്റെ പ്രവാചകൻ എന്ന നിലയിൽ അവൻ മീഖായെ ഉപയോഗിക്കുന്നു. ദുഷ്‌പ്രവൃത്തിക്കാർക്ക് എതിരെ നടപടി എടുക്കുക എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്. ഇസ്രായേല്യരെ അവരുടെ വിശ്വാസത്യാഗം നിമിത്തം അവൻ ശിക്ഷിക്കാൻ പോകുകയാണ്. എങ്കിലും സന്തോഷകരമെന്നു പറയട്ടെ, തന്റെ നാമത്തിൽ നടക്കുന്നവരെ യഹോവ അനുഗ്രഹിക്കും. ഈ സന്ദേശങ്ങളാണ് മീഖാ പ്രവചനത്തിന്റെ 3 മുതൽ 5 വരെയുള്ള അധ്യായങ്ങളിൽ മുഴങ്ങി കേൾക്കുന്നത്.
2, 3. (എ) ഇസ്രായേലിലെ നേതാക്കന്മാർ ഏതു ഗുണം പ്രകടിപ്പിക്കേണ്ടതാണ്, എന്നാൽ വാസ്‌തവത്തിൽ അവർ എന്തു ചെയ്യുന്നു? (ബി) മീഖാ 3:2, 3-ലെ ആലങ്കാരിക പ്രയോഗങ്ങളെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?
2 ദൈവത്തിന്റെ പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യാക്കോബിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേൾപ്പിൻ! ന്യായം അറിയുന്നതു നിങ്ങൾക്കു വിഹിതമല്ലയോ?” അതേ, തീർച്ചയായും! അത് അവരുടെ ഉത്തരവാദിത്വമാണ്. എന്നാൽ വാസ്‌തവത്തിൽ അവർ എന്താണു ചെയ്യുന്നത്? മീഖാ തുടരുന്നു: “നിങ്ങൾ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്കു അവരുടെ മേൽനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വക്കു അവരുടെ മേൽനിന്നു ഉരിച്ചുകളയുന്നു; നിങ്ങൾ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.”—മീഖാ 3:1-3.
3 നേതാക്കന്മാർ ദരിദ്രരെയും നിസ്സഹായരെയും അടിച്ചമർത്തുകയാണ്! മീഖാ ഉപയോഗിച്ച ആലങ്കാരിക പ്രയോഗങ്ങളുടെ അർഥം അവന്റെ ശ്രോതാക്കൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്. കശാപ്പുചെയ്‌ത ഒരു ആടിനെ പുഴുങ്ങുന്നതിനു മുമ്പ്, ആദ്യം അതിന്റെ തോലുരിയുകയും തുടർന്ന് അതിനെ കഷണങ്ങളാക്കുകയും ചെയ്യുന്നു. മജ്ജ വേർപെടുത്തിയെടുക്കാൻ ചിലപ്പോൾ അസ്ഥികൾ പൊട്ടിക്കുകയും ചെയ്യുന്നു. മീഖാ പരാമർശിച്ചതുപോലെ, മാംസവും അസ്ഥികളും വലിയ ഒരു കുട്ടകത്തിലിട്ടു തിളപ്പിക്കുന്നു. (യെഹെസ്‌കേൽ 24:3-5, 10) ദുഷ്ടരായ നേതാക്കന്മാരിൽനിന്നു മീഖായുടെ നാളിലെ ജനത്തിന് അനുഭവിക്കേണ്ടിവരുന്ന ദുഷ്‌പെരുമാറ്റത്തിന്റെ എത്ര ഉചിതമായ വർണന!
നാം ന്യായം പ്രവർത്തിക്കുന്നവർ ആയിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു
4. യഹോവയ്‌ക്കും ഇസ്രായേലിലെ നേതാക്കന്മാർക്കും തമ്മിൽ എന്ത് അന്തരമാണുള്ളത്?
4 സ്‌നേഹം നിറഞ്ഞ ഇടയനായ യഹോവയും ഇസ്രായേല്യ നേതാക്കന്മാരും തമ്മിൽ വളരെ അന്തരമുണ്ട്. ന്യായം പ്രവർത്തിക്കാത്തതുകൊണ്ട്, ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അവർ പരാജയപ്പെടുന്നു. പകരം, മീഖാ 3:10 പറയുന്ന പ്രകാരം അവർ ഈ പ്രതീകാത്മക ആടുകൾക്കു നീതി നിഷേധിക്കുകയും അവരെ “രക്തപാതക”ത്തിനു വിധേയരാക്കുകയും ചെയ്‌തുകൊണ്ട് സ്വാർഥപൂർവം അവരെ ചൂഷണം ചെയ്യുന്നു. ഈ സാഹചര്യത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
5. തന്റെ ജനത്തിനിടയിൽ നേതൃത്വം വഹിക്കുന്നവരിൽനിന്ന് യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
5 തന്റെ ജനത്തിനിടയിൽ നേതൃത്വം വഹിക്കുന്നവർ ന്യായം പ്രവർത്തിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. യഹോവയുടെ ഇന്നത്തെ ദാസന്മാർ ഈ നിബന്ധന പാലിക്കുന്നതായി നമുക്ക് കാണാൻ കഴിയും. കൂടാതെ, ഇത് യെശയ്യാവു 32:1-ൽ നാം വായിക്കുന്നതിനോടു ചേർച്ചയിലാണ്. അവിടെ നാം വായിക്കുന്നു: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” എന്നാൽ മീഖായുടെ നാളിൽ നാം എന്താണു കാണുന്നത്? ‘നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നവർ’ ന്യായത്തെ വളച്ചൊടിക്കുന്നതിൽ തുടരുന്നു.
ആരുടെ പ്രാർഥനകൾക്കാണ് ഉത്തരം ലഭിക്കുന്നത്?
6, 7. മീഖാ 3:4-ൽ ഏതു സുപ്രധാന ആശയമാണ് വിശേഷവത്‌കരിച്ചിരിക്കുന്നത്?
6 മീഖായുടെ കാലത്തെ ദുഷ്ടജനത്തിന് യഹോവയുടെ മീഖാ 3:4 പറയുന്നു: “അന്നു അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവൻ അവർക്കു ഉത്തരം അരുളുകയില്ല; അവർ ദുഷ്‌പ്രവൃത്തികളെ ചെയ്‌തതിന്നൊത്തവണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറെക്കും.” വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇതു വിശേഷവത്‌കരിക്കുന്നത്.
പ്രീതി ലഭിക്കുമെന്നു പ്രതീക്ഷിക്കാനാകുമോ? തീർച്ചയായുമില്ല!7 അനുതാപമില്ലാതെ നാം പാപം ചെയ്‌തുകൊണ്ടിരുന്നാൽ യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയില്ല. നമ്മുടെ ദുഷ്‌പ്രവൃത്തിയെ മറച്ചുവെച്ച് ദൈവത്തെ വിശ്വസ്‌തതയോടെ സേവിക്കുന്നതായി നടിച്ചുകൊണ്ട് ഒരു ഇരട്ടജീവിതം നയിക്കുന്നെങ്കിൽ അതു വിശേഷാൽ സത്യമാണ്. സങ്കീർത്തനം 26:4 (പി.ഒ.സി. ബൈബിൾ) അനുസരിച്ച് ദാവീദ് ഇങ്ങനെ പാടി: “കപടഹൃദയരോടു ഞാൻ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാൻ കൂട്ടുകൂടിയിട്ടില്ല.” അങ്ങനെയെങ്കിൽ യഹോവ, മനഃപൂർവം തന്റെ വചനം ലംഘിക്കുന്നവരുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുമെന്ന് ഒരുതരത്തിലും പ്രതീക്ഷിക്കാനാവില്ല.
ദൈവാത്മാവ് ശക്തീകരിക്കുന്നു
8. മീഖായുടെ നാളിലെ വ്യാജപ്രവാചകന്മാർക്ക് എന്തു മുന്നറിയിപ്പു ലഭിച്ചു?
8 എത്ര അപലപനീയമായ കാര്യങ്ങളാണ് ഇസ്രായേലിലെ നേതാക്കന്മാർ ചെയ്‌തുകൊണ്ടിരിക്കുന്നത്! വ്യാജപ്രവാചകന്മാർ നിമിത്തം ദൈവജനം ആത്മീയമായി അലഞ്ഞു തിരിയുകയാണ്. അത്യാഗ്രഹികളായ നേതാക്കന്മാർ “സമാധാനം!” എന്നു പ്രഖ്യാപിക്കുകയും അതേസമയം ‘അവരുടെ വായിലേക്ക് ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കുകയും ചെയ്യുന്നു.’ അതുകൊണ്ട് യഹോവ പറയുന്നു: “നിങ്ങൾക്കു ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്കു സൂര്യൻ അസ്‌തമിക്കയും പകൽ ഇരുണ്ടു പോകയും ചെയ്യും. അപ്പോൾ ദർശകന്മാർ ലജ്ജിക്കും; ലക്ഷണം പറയുന്നവർ നാണിക്കും; . . . അവർ ഒക്കെയും വായ് പൊത്തും [“മേൽമീശ മറയ്‌ക്കേണ്ടിവരും,” NW].—മീഖാ 3:5-7.
9, 10. ‘മേൽമീശ മറയ്‌ക്കുക’ എന്നതിന്റെ അർഥമെന്ത്, മീഖായ്‌ക്ക് അങ്ങനെ ചെയ്യേണ്ടതില്ലാത്തത് എന്തുകൊണ്ട്?
9 ‘മേൽമീശ മറയ്‌ക്കുന്നത്’ എന്തുകൊണ്ട്? മീഖായുടെ നാളിലെ ദുഷ്ടരായ ആളുകൾ ലജ്ജ നിമിത്തമാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ദുഷ്ടർ ലജ്ജിതരാകേണ്ടതാണ്. അവർക്ക് “ദൈവത്തിന്റെ ഉത്തരം ഇല്ല.” (മീഖാ 3:7) അഹങ്കാരികളായ ദുഷ്ടന്മാരുടെ പ്രാർഥനകൾക്ക് യഹോവ ചെവി ചായ്‌ക്കുന്നില്ല.
10 മീഖായ്‌ക്ക് ‘മേൽമീശ മറയ്‌ക്കേണ്ട’ യാതൊരു കാര്യവുമില്ല. അവൻ ലജ്ജിതനല്ല. യഹോവ അവന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നുണ്ട്. വിശ്വസ്‌ത പ്രവാചകൻ മീഖാ 3:8-ൽ പറയുന്നത് എന്താണെന്നു ശ്രദ്ധിക്കുക: “ഞാൻ . . . യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.” “യഹോവയുടെ ആത്മാവിനാൽ” തന്റെ ദീർഘമായ വിശ്വസ്‌ത ശുശ്രൂഷയിൽ ഉടനീളം താൻ ‘ശക്തി നിറഞ്ഞവൻ’ ആയിരുന്നിട്ടുള്ളതിൽ മീഖാ എത്ര നന്ദിയുള്ളവനാണ്! “യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്‌താവി”ക്കാൻ അവനെ ശക്തീകരിച്ചത് ഇതാണ്.
11. ദൈവത്തിന്റെ സന്ദേശം ഘോഷിക്കാനുള്ള ശക്തി മനുഷ്യർക്ക് ലഭിക്കുന്നത് എങ്ങനെ?
11 ദൈവത്തിന്റെ പ്രതികൂല ന്യായവിധി സന്ദേശം ഘോഷിക്കാൻ മീഖായ്‌ക്ക് മനുഷ്യാതീത ശക്തി ആവശ്യമാണ്. യഹോവയുടെ ആത്മാവ് അഥവാ പ്രവർത്തനിരതമായ ശക്തി അതിന് അനിവാര്യമാണ്. അപ്പോൾ, നമ്മുടെ കാര്യമോ? യഹോവ തന്റെ പരിശുദ്ധാത്മാവിനാൽ നമ്മെ ശക്തീകരിക്കുന്നെങ്കിൽ മാത്രമേ നമുക്കു പ്രസംഗനിയോഗം നിറവേറ്റാനാകൂ. നാം മനഃപൂർവം പാപം ചെയ്യുന്നുണ്ടെങ്കിൽ, പ്രസംഗിക്കാനുള്ള നമ്മുടെ ശ്രമം പൂർണ പരാജയമായിത്തീരുമെന്നു തീർച്ചയാണ്. അപ്പോൾ ദൈവത്തിന്റെ വേല നിർവഹിക്കാൻ ആവശ്യമായ ശക്തിക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകാൻ ദൈവത്തിനാവില്ല. ‘യഹോവയുടെ ആത്മാവ്’ നമ്മുടെമേൽ ഇല്ലെങ്കിൽ സ്വർഗീയ പിതാവിന്റെ ന്യായവിധി സന്ദേശം നമുക്ക് പ്രഖ്യാപിക്കാനാവില്ല. ദൈവത്തിനു സ്വീകാര്യമായ പ്രാർഥനകളും പരിശുദ്ധാത്മാവിന്റെ സഹായവുമാണ് മീഖായെപ്പോലെ
ദൈവത്തിന്റെ വചനം ധൈര്യത്തോടെ പ്രസംഗിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നത്.12. യേശുവിന്റെ ആദിമ ശിഷ്യർക്ക് ‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കാൻ’ കഴിഞ്ഞതെങ്ങനെ?
12 പ്രവൃത്തികൾ 4:23-31-ലെ വിവരണം ഒരുപക്ഷേ നിങ്ങൾ ഓർമിക്കുന്നുണ്ടാകും. യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യരിൽ ഒരാളാണ് നിങ്ങളെന്നു കരുതുക. ക്രിസ്‌തുവിന്റെ ശിഷ്യന്മാരുടെ വായടയ്‌ക്കാൻ നിഷ്‌ഠുരരായ പീഡകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വിശ്വസ്‌തരായ ഈ ശിഷ്യന്മാർ തങ്ങളുടെ പരമാധികാരിയാം കർത്താവായ യഹോവയോട് ഇപ്രകാരം അപേക്ഷിക്കുന്നു: “കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. . . . നിന്റെ വചനം പൂർണ്ണധൈര്യത്തോടുംകൂടെ പ്രസ്‌താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്‌കേണമേ.” ഫലം എന്തായിരുന്നു? ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി, എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിച്ചു. അതുകൊണ്ട് നമ്മുടെ ശുശ്രൂഷ നിറവേറ്റവേ, നമുക്കു പ്രാർഥനാപൂർവം യഹോവയിലേക്കു നോക്കുകയും പരിശുദ്ധാത്മാവു മുഖാന്തരമുള്ള അവന്റെ സഹായത്തിൽ ആശ്രയിക്കുകയും ചെയ്യാം.
13. യെരൂശലേമിനും ശമര്യയ്‌ക്കും എന്തു സംഭവിക്കും, എന്തുകൊണ്ട്?
13 ഇപ്പോൾ മീഖായുടെ നാളിലേക്കു തിരിച്ചുവരിക. മീഖാ 3:9-12 പറയുന്നപ്രകാരം, രക്തപാതകികളായ ഭരണാധിപന്മാർ കൈക്കൂലി വാങ്ങി ന്യായംവിധിക്കുന്നു, പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു, വ്യാജപ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു. യഹൂദയുടെ തലസ്ഥാനമായ യെരൂശലേം ‘കല്‌ക്കുന്നുകൾ ആയിത്തീരുമെന്ന്’ ദൈവം പ്രഖ്യാപിച്ചതിൽ അതിശയിക്കാനില്ല! വ്യാജാരാധനയും അധാർമികതയും ഇസ്രായേലിലും വ്യാപകമായതിനാൽ, ദൈവം ശമര്യയെ ഒരു “കല്‌ക്കുന്ന്” ആക്കിത്തീർക്കുമെന്ന മുന്നറിയിപ്പു നൽകാൻ മീഖാ നിശ്വസ്‌തനാക്കപ്പെടുന്നു. (മീഖാ 1:6) പൊ.യു.മു. 740-ലെ അസ്സീറിയൻ സൈന്യത്താലുള്ള ശമര്യയുടെ മുൻകൂട്ടി പറയപ്പെട്ട നാശം അവന്റെ ആയുഷ്‌കാലത്തുതന്നെ സംഭവിക്കുന്നു. (2 രാജാക്കന്മാർ 17:5, 6; 25:1-21) യഹോവയുടെ ശക്തിയാൽ മാത്രമേ യെരൂശലേമിനും ശമര്യയ്‌ക്കുമെതിരായുള്ള ശക്തമായ ഈ സന്ദേശങ്ങൾ ഘോഷിക്കാനാകൂ എന്നു വ്യക്തമാണ്.
14. മീഖാ 3:12-ലെ പ്രവചനം നിറവേറിയത് എങ്ങനെ, അതു നമ്മെ എങ്ങനെ ബാധിക്കണം?
14 യഹൂദയ്‌ക്ക് യഹോവയുടെ പ്രതികൂല ന്യായവിധിയിൽനിന്ന് രക്ഷപെടാനാവില്ല. മീഖാ 3:12-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ നിവൃത്തിയായി “സീയോനെ വയൽപോലെ ഉഴും.” പൊ.യു.മു. 607-ൽ ബാബിലോന്യർ യഹൂദയുടെയും യെരൂശലേമിന്റെയും മേൽ നാശം വിതച്ചപ്പോൾ ഈ കാര്യങ്ങൾ നിവൃത്തിയേറിയെന്ന് 21-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്കു വ്യക്തമായി കാണാൻ സാധിക്കും. മീഖാ പ്രവചിച്ചശേഷം നിരവധി വർഷങ്ങൾ കഴിഞ്ഞാണ് അതു സംഭവിച്ചത്. എങ്കിലും അതു വരുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. മുൻകൂട്ടി പറയപ്പെട്ട “യഹോവയുടെ ദിവസ”ത്തിൽത്തന്നെ ഈ ദുഷ്ട വ്യവസ്ഥിതി അവസാനിക്കുമെന്ന സമാനമായ ബോധ്യം നമുക്കും ഉണ്ടായിരിക്കണം.—2 പത്രൊസ് 3:11, 12, NW.
യഹോവ വിധി കൽപ്പിക്കുന്നു
15. മീഖാ 4:1-4-ലെ പ്രവചനം സ്വന്ത വാക്കുകളിൽ നിങ്ങൾ എങ്ങനെ വിശദീകരിക്കും?
15 അടുത്തതായി പ്രത്യാശയുടെ പുളകപ്രദമായ ഒരു സന്ദേശം മീഖാ നൽകുന്നതായി നാം കാണുന്നു. എത്ര പ്രോത്സാഹജനകമായ വാക്കുകളാണ് മീഖാ 4:1-4-ൽ നാം വായിക്കുന്നത്! അവിടെ ഭാഗികമായി ഇപ്രകാരം പറയുന്നു: “അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും . . . അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു [“പ്രബലരാജ്യങ്ങൾക്ക്,” പി.ഒ.സി. ബൈ.] ദൂരത്തോളം വിധി കല്‌പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്‌തിരിക്കുന്നു.”
16, 17. ഇക്കാലത്ത് മീഖാ 4:1-4 നിവൃത്തിയേറുന്നത് എങ്ങനെ?
16 ഇവിടെ പരാമർശിച്ചിരിക്കുന്ന ‘അനേകജാതികളും’ ‘പ്രബലരാജ്യങ്ങളും’ ആരാണ്? അവ ഈ ലോകത്തിലെ രാഷ്‌ട്രങ്ങളും ഗവൺമെന്റുകളുമല്ല. മറിച്ച്, സത്യാരാധനയാകുന്ന യഹോവയുടെ പർവതത്തിലെ വിശുദ്ധ സേവനത്തിൽ ഏകീകൃതരായിത്തീരുന്ന മുഴു ജനതകളിൽനിന്നുമുള്ള ആളുകൾക്കാണ് ഈ പ്രവചനം ബാധകമാകുന്നത്.
17 മീഖായുടെ പ്രവചനത്തിനു ചേർച്ചയിൽ, യഹോവയുടെ നിർമലാരാധന പെട്ടെന്നുതന്നെ ഭൂമിയിലെങ്ങും പൂർണമായ അർഥത്തിൽ വ്യാപിക്കും. “നിത്യജീവന് ചേർന്ന ശരിയായ മനോനിലയുള്ളവർ” യഹോവയുടെ വഴികൾ സംബന്ധിച്ച് ഇപ്പോൾത്തന്നെ പഠിച്ചുകൊണ്ടിരിക്കുകയാണ്. (പ്രവൃത്തികൾ 13:48, NW) രാജ്യത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുന്ന വിശ്വാസികൾക്കു വേണ്ടി യഹോവ ആത്മീയ അർഥത്തിൽ ന്യായംവിധിക്കുകയും വിധി കൽപ്പിക്കുകയും ചെയ്യുന്നു. “മഹാപുരുഷാര”ത്തിന്റെ ഭാഗമെന്ന നിലയിൽ അവർ “മഹോപദ്രവ”ത്തെ അതിജീവിക്കും. (വെളിപ്പാടു 7:9, 14, NW) വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്ന അവർ ഇപ്പോൾപ്പോലും യഹോവയെ ആരാധിക്കുന്ന തങ്ങളുടെ സഹസാക്ഷികളുമായും മറ്റുള്ളവരുമായും സമാധാനത്തിൽ കഴിയുന്നു. അവരോടൊപ്പം ആയിരിക്കുന്നത് എത്ര സന്തോഷകരമാണ്!
യഹോവയുടെ നാമത്തിൽ നടക്കാൻ ദൃഢചിത്തർ
18. ‘സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ ഇരിക്കുന്നത്’ എന്തിനെ പ്രതീകപ്പെടുത്തുന്നു?
18 അശുഭസൂചകമായ ഒരു കാർമേഘംപോലെ ഭയം ഭൂമിയെ മൂടുന്ന നമ്മുടെ ഈ നാളുകളിൽ അനേകർ യഹോവയുടെ വഴികളെ കുറിച്ചു പഠിക്കുന്നതു നമുക്കു വളരെ സന്തോഷം പകരുന്നു. ദൈവത്തെ സ്‌നേഹിക്കുന്ന അത്തരത്തിലുള്ള എല്ലാവരും മേലാൽ യുദ്ധം അഭ്യസിക്കുകയില്ലാത്തതും സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ പാർക്കുന്നതുമായ കാലത്തിനായി നാം കാത്തിരിക്കുന്നു. ആ കാലം ആസന്നമാണ്. മുന്തിരിത്തോപ്പുകളിൽ പലപ്പോഴും അത്തിവൃക്ഷങ്ങൾ നടാറുണ്ട്. (ലൂക്കൊസ് 13:6) സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ ഇരിക്കുന്നത് സമാധാനപരവും ഐശ്വര്യപൂർണവും സുരക്ഷിതവുമായ അവസ്ഥകളെ പ്രതീകപ്പെടുത്തുന്നു. ഇപ്പോൾപ്പോലും, യഹോവയുമായുള്ള നമ്മുടെ ബന്ധം നമുക്ക് മനസ്സമാധാനവും ആത്മീയ സുരക്ഷിതത്വവും നൽകുന്നു. രാജ്യഭരണത്തിൻ കീഴിലെ അത്തരം അവസ്ഥകളിൽ, നാം നിർഭയരും തികച്ചും സുരക്ഷിതരും ആയിരിക്കും.
19. യഹോവയുടെ നാമത്തിൽ നടക്കുക എന്നതിന്റെ അർഥമെന്ത്?
19 ദൈവത്തിന്റെ പ്രീതിയും അനുഗ്രഹങ്ങളും ആസ്വദിക്കുന്നതിന് നാം യഹോവയുടെ നാമത്തിൽ നടക്കേണ്ടതുണ്ട്. മീഖാ 4:5-ൽ ഇത് ശക്തമായ ഭാഷയിൽ പ്രസ്‌താവിച്ചിരിക്കുന്നു. അവിടെ പ്രവാചകൻ പ്രഖ്യാപിക്കുന്നു: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” യഹോവയുടെ നാമത്തിൽ നടക്കുക എന്നത് അവൻ നമ്മുടെ ദൈവമാണെന്നു കേവലം പറയുന്നതിനെയല്ല അർഥമാക്കുന്നത്. ക്രിസ്‌തീയ യോഗങ്ങളിലും രാജ്യപ്രസംഗ വേലയിലും പങ്കെടുക്കുന്നതു പോലുള്ള പ്രവർത്തനങ്ങളും അതിപ്രധാനമാണെങ്കിലും, അതിലധികം ആവശ്യമാണ്. യഹോവയുടെ നാമത്തിൽ നടക്കുന്നവരാണെങ്കിൽ, നാം അവനു സമർപ്പിതരും പൂർണഹൃദയത്തോടെയുള്ള സ്‌നേഹം നിമിത്തം അവനെ വിശ്വസ്‌തമായി സേവിക്കാൻ ശ്രമിക്കുന്നവരും ആയിരിക്കും. (മത്തായി 22:37) മാത്രമല്ല, യഹോവയുടെ ആരാധകർ എന്ന നിലയിൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നേക്കും നടക്കാൻ ദൃഢചിത്തരാണ്.
20. മീഖാ 4:6-13 എന്തു മുൻകൂട്ടി പറഞ്ഞു?
20 ഇനി നമുക്ക് മീഖാ 4:6-13-ലെ പ്രാവചനിക വാക്കുകൾ ശ്രദ്ധിക്കാം. “സീയോൻപുത്രി” പ്രവാസിയായി “ബാബേലിലേക്കു” പോകേണ്ടിവരും. പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ യെരൂശലേം നിവാസികൾക്കു സംഭവിച്ചത് അതുതന്നെയാണ്. എന്നിരുന്നാലും, ഒരു ശേഷിപ്പ് യഹൂദയിലേക്കു മടങ്ങിവരുമെന്നും സീയോൻ പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ അവളുടെ ശത്രുക്കൾ തരിപ്പണമാക്കപ്പെടുന്നുവെന്ന് യഹോവ ഉറപ്പുവരുത്തുമെന്നും മീഖായുടെ പ്രവചനം സൂചിപ്പിക്കുന്നു.
21, 22. മീഖാ 5:2 നിവൃത്തിയേറിയത് എങ്ങനെ?
21 നാടകീയമായ മറ്റു സംഭവവികാസങ്ങളെ കുറിച്ച് മീഖാ 5-ാം അധ്യായം മുൻകൂട്ടി പറയുന്നു. ഉദാഹരണത്തിന്, മീഖാ 5:2-4-ൽ പറഞ്ഞിരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക. ദൈവം നിയമിച്ചിരിക്കുന്ന, ഒരു ഭരണാധികാരി ബേത്ത്‌ലേഹെമിൽനിന്നു വരുമെന്നു മീഖാ പ്രവചിക്കുന്നു. അവന്റെ “ഉത്ഭവം പണ്ടേയുള്ള”ത് ആണ്. അവൻ ഒരു ഇടയനെന്ന നിലയിൽ ‘യഹോവയുടെ ശക്തിയോടെ’ ഭരിക്കും. ഈ ഭരണാധിപൻ ഇസ്രായേലിൽ മാത്രമല്ല “ഭൂമിയുടെ അറ്റങ്ങളോളം” മഹാനായിരിക്കും. അവൻ ആരാണ് എന്നതു സംബന്ധിച്ച് പൊതുവേ ലോകത്തിന് ആശയക്കുഴപ്പം ഉണ്ടായിരിക്കാം, എന്നാൽ നമുക്ക് അതൊരു പ്രഹേളികയല്ല.
22 ബേത്ത്‌ലേഹെമിൽ ജനിച്ചിട്ടുള്ളവരിൽ ഏറ്റവും പ്രമുഖനായ വ്യക്തി ആരായിരുന്നു? “ഭൂമിയുടെ അററങ്ങളോളം മഹാനാകു”ന്നത് ആരാണ്? മിശിഹായായ യേശുക്രിസ്‌തു അല്ലാതെ മറ്റാരുമല്ല! മിശിഹാ ജനിക്കുന്നത് എവിടെയാണെന്ന് മഹാനായ ഹെരോദാവ് മഹാ പുരോഹിതന്മാരോടും ശാസ്‌ത്രിമാരോടും ചോദിച്ചപ്പോൾ അവർ ഇങ്ങനെ ഉത്തരം പറഞ്ഞു: “യെഹൂദ്യയിലെ ബേത്ത്‌ലേഹെമിൽ തന്നേ.” അവർ മീഖാ 5:2-ലെ വാക്കുകൾ ഉദ്ധരിക്കുകപോലും ചെയ്‌തു. (മത്താ. 2:3-6) സാധാരണക്കാരായ ചിലർക്കും അത് അറിയാമായിരുന്നു, കാരണം അവർ പിൻവരുന്നപ്രകാരം പറഞ്ഞതായി യോഹന്നാൻ 7:42 പറയുന്നു. “ദാവീദിന്റെ സന്തതിയിൽനിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്‌ലേഹെമിൽനിന്നും ക്രിസ്‌തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ?”
ജാതികൾക്ക് യഥാർഥ നവോന്മേഷം
23. മീഖാ 5:7-ന്റെ നിവൃത്തിയായി ഇപ്പോൾ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
23 മീഖാ 5:5-15, താത്‌കാലിക വിജയത്തിൽ മാത്രം കലാശിക്കാൻ പോകുന്ന ഒരു അസ്സീറിയൻ ആക്രമണത്തെ കുറിച്ച് പരാമർശിക്കുകയും അനുസരണംകെട്ട രാഷ്‌ട്രങ്ങൾക്കെതിരെ ദൈവം നടപടി സ്വീകരിക്കുമെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അനുതാപമുള്ള ഒരു യഹൂദ ശേഷിപ്പ് സ്വദേശത്തേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് മീഖാ 5:7 വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ ഈ വാക്കുകൾ നമ്മുടെ ഇക്കാലത്തും ബാധകമാണ്. മീഖാ പ്രഖ്യാപിക്കുന്നു: “യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെയും . . . പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.” ആത്മീയ യാക്കോബിന്റെ അഥവാ ഇസ്രായേലിന്റെ ശേഷിപ്പ് ജാതികൾക്ക് ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹമായിത്തീരും എന്നു മുൻകൂട്ടി പറയാനാണ് മനോഹരമായ ഈ പ്രതീകാത്മക വർണന ഉപയോഗിച്ചിരിക്കുന്നത്. ഭൗമിക പ്രത്യാശയുള്ള യേശുവിന്റെ “വേറെ ആടുകൾ,” ആത്മീയ നവോന്മേഷം കണ്ടെത്താൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ‘ദൈവത്തിന്റെ ഇസ്രായേലിന്റെ’ ആധുനികകാല ശേഷിപ്പുമൊത്ത് ഐക്യത്തോടെ സേവിക്കുന്നതിൽ സന്തുഷ്ടരാണ്. (യോഹന്നാൻ 10:16; ഗലാത്യർ 6:16; സെഫന്യാവു 3:9) ഇതോടുള്ള ബന്ധത്തിൽ പരിചിന്തനാർഹമായ ഒരു സുപ്രധാന കാര്യമുണ്ട്. രാജ്യഘോഷകർ എന്ന നിലയിൽ മറ്റുള്ളവർക്കു യഥാർഥ നവോന്മേഷം പകരാനുള്ള നമ്മുടെ പദവിയെ നാമേവരും അമൂല്യമായി കരുതണം.
24. നിങ്ങൾക്ക് താത്‌പര്യജനകമായ ഏത് ആശയങ്ങളാണ് മീഖാ 3 മുതൽ 5 വരെയുള്ള അധ്യായങ്ങളിലുള്ളത്?
24 മീഖായുടെ പ്രവചനത്തിന്റെ 3 മുതൽ 5 വരെയുള്ള നിങ്ങൾ എന്താണു പഠിച്ചത്? ഒരുപക്ഷേ പിൻവരുന്നതു പോലുള്ള ആശയങ്ങളാണ്: (1) തന്റെ ജനത്തിനിടയിൽ നേതൃത്വം വഹിക്കുന്നവർ ന്യായം പ്രവർത്തിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (2) അനുതാപമില്ലാതെ പാപം ചെയ്യുന്നപക്ഷം, യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയില്ല. (3) ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ നമ്മെ ശക്തീകരിക്കുന്നെങ്കിൽ മാത്രമേ നമുക്കു പ്രസംഗനിയോഗം നിറവേറ്റാനാകൂ. (4) ദിവ്യപ്രീതി ആസ്വദിക്കണമെങ്കിൽ, നാം യഹോവയുടെ നാമത്തിൽ നടക്കണം. (5) രാജ്യഘോഷകർ എന്ന നിലയിൽ, ആളുകൾക്ക് യഥാർഥ നവോന്മേഷം പകരാനുള്ള നമ്മുടെ പദവിയെ നാമേവരും അമൂല്യമായി കരുതണം. നിങ്ങൾക്കു താത്‌പര്യജനകമായ മറ്റ് ആശയങ്ങളും ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഈ പ്രാവചനിക പുസ്‌തകത്തിൽനിന്നു മറ്റെന്തുകൂടെ നമുക്കു പഠിക്കാനാകും? വിശ്വാസത്തെ ബലപ്പെടുത്തുന്ന, മീഖായുടെ പ്രവചനത്തിന്റെ അവസാനത്തെ രണ്ട് അധ്യായങ്ങളിൽനിന്നു പ്രായോഗിക പാഠങ്ങൾ ഉൾക്കൊള്ളാൻ അടുത്ത ലേഖനം നമ്മെ സഹായിക്കും. അധ്യായങ്ങളിൽനിന്നും
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• തന്റെ ജനത്തിനിടയിൽ നേതൃത്വമെടുക്കുന്നവരിൽനിന്ന് യഹോവ എന്താണ് പ്രതീക്ഷിക്കുന്നത്?
• യഹോവയ്‌ക്കുള്ള നമ്മുടെ സേവനത്തോടുള്ള ബന്ധത്തിൽ പ്രാർഥനയും പരിശുദ്ധാത്മാവും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• ആളുകൾ ‘യഹോവയുടെ നാമത്തിൽ നടക്കുന്നത്’ എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[15 -ാം പേജിലെ ചിത്രം]
ഒരു കുട്ടകം ഉൾപ്പെട്ട മീഖായുടെ ദൃഷ്ടാന്തം നിങ്ങൾക്ക് വിശദീകരിക്കാമോ?
[16 -ാം പേജിലെ ചിത്രങ്ങൾ]
മീഖായെപ്പോലെ നാം ധൈര്യത്തോടെ നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നു