നിങ്ങൾ യഹോവയെ ശുഷ്‌കാന്തിയോടെ അന്വേഷിക്കുന്നുവോ?
നിങ്ങൾ യഹോവയെ ശുഷ്‌കാന്തിയോടെ അന്വേഷിക്കുന്നുവോ?
ഒരു ക്രിസ്‌ത്യാനി ട്രെയിനിൽ തന്നോടൊപ്പം എന്നും യാത്ര ചെയ്യുന്നവരുമായി ബൈബിളിലെ സുവാർത്ത പങ്കുവെക്കാൻ അതിയായി ആഗ്രഹിച്ചു. (മർക്കൊസ് 13:10) എന്നാൽ, ഭയം നിമിത്തം അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ല. അദ്ദേഹം പിന്മാറിയോ? ഇല്ല, ഇതേക്കുറിച്ച് അദ്ദേഹം ആത്മാർഥമായി പ്രാർഥിക്കുകയും സംഭാഷണം തുടങ്ങാൻ കഴിയുന്ന വിധത്തെ കുറിച്ചു പഠിക്കാൻ ശ്രമം നടത്തുകയും ചെയ്‌തു. സാക്ഷീകരിക്കാനുള്ള കരുത്തു നൽകിക്കൊണ്ട് യഹോവയാം ദൈവം അദ്ദേഹത്തിന്റെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകി.
യഹോവയെ അന്വേഷിക്കുകയും അവന്റെ അനുഗ്രഹം തേടുകയും ചെയ്യുമ്പോൾ അത്തരം ശുഷ്‌കാന്തി അനിവാര്യമാണ്. അപ്പൊസ്‌തലനായ പൗലൊസ് പറഞ്ഞു: “ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു [“ശുഷ്‌കാന്തിയോടെ അന്വേഷിക്കുന്നവർക്കു,” NW] പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) യഹോവയെ വെറുതെ അന്വേഷിക്കുന്നത് മതിയാകുന്നില്ല. ‘ശുഷ്‌കാന്തിയോടെ അന്വേഷിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ക്രിയാരൂപം തീവ്രതയെയും ഏകാഗ്ര ശ്രമത്തെയും സൂചിപ്പിക്കുന്നു. പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടും കൂടെ യഹോവയെ അന്വേഷിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. യഹോവയെ ശുഷ്‌കാന്തിയോടെ അന്വേഷിക്കുന്നവരാണെങ്കിൽ നിസ്സംഗ മനോഭാവത്തോടെയോ അലസമായോ നാം പ്രവർത്തിക്കില്ല, കഠിനാധ്വാനം ചെയ്യാൻ മടികാണിക്കുകയുമില്ല. പകരം, അവനെ അന്വേഷിക്കുന്നതിൽ നാം യഥാർഥ തീക്ഷ്‌ണത പ്രകടമാക്കും.—പ്രവൃത്തികൾ 15:17, NW.
യഹോവയെ ശുഷ്‌കാന്തിയോടെ അന്വേഷിച്ചവർ
യഹോവയെ അന്വേഷിക്കുന്നതിൽ ഏകാഗ്ര ശ്രമങ്ങൾ നടത്തിയവരുടെ അനേകം ദൃഷ്ടാന്തങ്ങൾ തിരുവെഴുത്തുകളിലുണ്ട്. യാക്കോബ് അത്തരം ഒരു വ്യക്തിയായിരുന്നു. മൂർത്തരൂപം ധരിച്ചു വന്ന ദൈവദൂതനുമായി അവൻ നേരം വെളുക്കുവോളം മല്ലുപിടിച്ചു. അതിന്റെ ഫലമായി യാക്കോബിന് യിസ്രായേൽ (ദൈവത്തോടു മല്ലുപിടിക്കുന്നവൻ) എന്ന പേരു ലഭിച്ചു. എന്തെന്നാൽ അവൻ ദൈവത്തോടു “മല്ലുപിടിച്ചു” അഥവാ ദൈവവുമായുള്ള ബന്ധത്തിൽ സ്ഥിരോത്സാഹം കാണിച്ചു, കഠിനമായി അധ്വാനിച്ചു, അശ്രാന്തപരിശ്രമം ചെയ്‌തു. അവന്റെ ശുഷ്‌കാന്തിയോടെയുള്ള പരിശ്രമത്തിന് ദൂതൻ അവനെ അനുഗ്രഹിച്ചു.—ഉല്‌പത്തി 32:24-30.
തിരുവെഴുത്തുകൾ പേരു വെളിപ്പെടുത്താത്ത ഒരു ഗലീലക്കാരി ആണ് മറ്റൊരാൾ. 12 വർഷമായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന അവൾക്ക് അതിന്റെ ഫലമായി അനേകം പ്രയാസങ്ങൾ ‘സഹിക്കേണ്ടി’ വന്നു. ഈ അവസ്ഥയിൽ അവൾ മറ്റാളുകളെ തൊടുന്നത് നിഷിദ്ധമായിരുന്നു. എങ്കിലും അവൾ ധൈര്യം സംഭരിച്ച് യേശുവിന്റെ അടുക്കലേക്കു പോകാൻ തീരുമാനിച്ചു. “അവന്റെ വസ്‌ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും” എന്ന് അവൾ പറഞ്ഞു. യേശുവിനെ ‘പിൻചെന്ന് അവനെ തിക്കിക്കൊണ്ടിരിക്കുന്ന പുരുഷാരത്തിന്’ ഇടയിലൂടെ അവൾ പ്രയാസപ്പെട്ട് കടന്നുപോകുന്നതിനെ കുറിച്ചു ചിന്തിക്കുക. യേശുവിന്റെ വസ്‌ത്രത്തിൽ തൊട്ട ഉടനെ തന്റെ “രക്തസ്രവം നിന്ന”തായി, അതേ തന്റെ മാറാരോഗം സുഖപ്പെട്ടതായി, അവൾ അറിഞ്ഞു! “എന്റെ വസ്‌ത്രം തൊട്ടതു ആർ” എന്ന് യേശു ചോദിച്ചപ്പോൾ അവൾ ഭയന്നുപോയി. എന്നാൽ യേശു അവളോട് സ്‌നേഹവായ്‌പോടെ ഇങ്ങനെ പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക.” അതേ, അവളുടെ ശ്രമങ്ങൾക്കു പ്രതിഫലം ലഭിച്ചു.—മർക്കൊസ് 5:24-34; ലേവ്യപുസ്‌തകം 15:25-27.
ഇനിയും മറ്റൊരു അവസരത്തിൽ, ഒരു ഫൊയ്‌നിക്യക്കാരി തന്റെ മകളെ സൗഖ്യമാക്കേണമേ എന്ന് യേശുവിനോട് കേണപേക്ഷിച്ചു. മക്കളുടെ അപ്പം എടുത്തു മത്തായി 15:22-28.
നായ്‌ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ല എന്നായിരുന്നു യേശുവിന്റെ മറുപടി. അർഹരായ യഹൂദരുടെ കാര്യം അവഗണിച്ചുകൊണ്ട് തനിക്ക് ഇസ്രായേല്യേതരർക്കു വേണ്ടി കരുതാൻ കഴിയില്ല എന്നാണ് യേശു അർഥമാക്കിയത്. യേശുവിന്റെ ദൃഷ്ടാന്തത്തിന്റെ സാരം മനസ്സിലാക്കിയ ആ സ്‌ത്രീ ശ്രമം ഉപേക്ഷിച്ചു പോകാൻ തയ്യാറാകാതെ ഇങ്ങനെ അപേക്ഷിച്ചു: “അതേ, കർത്താവേ, നായ്‌ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.” അവളുടെ ശക്തമായ വിശ്വാസവും ആത്മാർഥതയും യേശുവിനെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചു: “സ്‌ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ.”—ശ്രമം തുടർന്നില്ലായിരുന്നെങ്കിൽ ഈ വ്യക്തികൾക്ക് എന്തു സംഭവിക്കുമായിരുന്നു? തടസ്സമോ തിരിച്ചടിയോ നേരിട്ട ആദ്യ സന്ദർഭത്തിൽത്തന്നെ ശ്രമം ഉപേക്ഷിച്ചിരുന്നെങ്കിൽ അവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുമായിരുന്നോ? ഇല്ല! ഈ ഉദാഹരണങ്ങൾ യേശു പഠിപ്പിച്ച ഒരു ആശയത്തിന്റെ സത്യത എടുത്തുകാട്ടുന്നു—യഹോവയെ അന്വേഷിക്കുന്നതിൽ ‘ലജ്ജകൂടാതെ സ്ഥിരോത്സാഹം’ (NW) പ്രകടിപ്പിക്കുന്നത് ഉചിതമാണ്, അനിവാര്യം പോലുമാണ്.—ലൂക്കൊസ് 11:5-13.
അവന്റെ ഹിത പ്രകാരം
അത്ഭുത രോഗശാന്തി ലഭിച്ചവരെ കുറിച്ചുള്ള മേൽപ്പറഞ്ഞ വിവരണങ്ങൾ കാണിക്കുന്നത് സുഖം പ്രാപിക്കാൻ അവർക്ക് ശുഷ്‌കാന്തി മാത്രം മതിയായിരുന്നു എന്നാണോ? അല്ല. അവരുടെ അപേക്ഷകൾ ദൈവഹിതത്തിന് ചേർച്ചയിൽ ആയിരിക്കണമായിരുന്നു. യേശുവിന് അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി നൽകപ്പെട്ടത് അവൻ ദൈവപുത്രൻ, വാഗ്‌ദത്തം ചെയ്യപ്പെട്ട മിശിഹാ, ആണെന്ന് ശ്രദ്ധേയമായ വിധത്തിൽ തെളിയിക്കുന്നതിന് ആയിരുന്നു. (യോഹന്നാൻ 6:14; 9:33; പ്രവൃത്തികൾ 2:22, 23എ) കൂടാതെ യേശു ചെയ്‌ത അത്ഭുതങ്ങൾ, ക്രിസ്‌തുവിന്റെ ആയിരവർഷ വാഴ്‌ച കാലത്ത് യഹോവ മനുഷ്യവർഗത്തിന്മേൽ ചൊരിയാനിരിക്കുന്ന മഹത്തായ ഭൗമിക അനുഗ്രഹങ്ങളുടെ ഒരു പൂർവവീക്ഷണം പ്രദാനം ചെയ്യുകയും ചെയ്‌തു.—വെളിപ്പാടു 21:4, 5എ; 22:2.
സത്യമതം ആചരിക്കുന്നവർക്ക് അത്ഭുതശക്തി, അതായത് സുഖപ്പെടുത്താനോ അന്യഭാഷകളിൽ സംസാരിക്കാനോ ഉള്ള പ്രാപ്‌തി, ഉണ്ടായിരിക്കണം എന്നത് മേലാൽ ദൈവത്തിന്റെ ഹിതമല്ല. (1 കൊരിന്ത്യർ 13:8, 13) നമ്മുടെ നാളിലേക്കുള്ള അവന്റെ ഹിതത്തിൽ ‘സകല മനുഷ്യരും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാൻ’ തക്കവണ്ണം രാജ്യത്തിന്റെ സുവാർത്ത ഭൂമിയിലെമ്പാടും പ്രഖ്യാപിക്കപ്പെടുന്നത് ഉൾപ്പെടുന്നു. (1 തിമൊഥെയൊസ് 2:4; മത്തായി 24:14; 28:19, 20) ദൈവഹിതത്തിനു ചേർച്ചയിൽ ആത്മാർഥ ശ്രമങ്ങൾ നടത്തുന്ന പക്ഷം ദൈവം തങ്ങളുടെ ഹൃദയംഗമമായ പ്രാർഥനകൾ കേട്ട് ഉത്തരം നൽകുമെന്ന് ദൈവദാസർക്ക് ഉചിതമായും പ്രതീക്ഷിക്കാൻ കഴിയും.
ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ദൈവത്തിന്റെ ഉദ്ദേശ്യം എന്തായാലും നിറവേറും. അങ്ങനെയെങ്കിൽ പിന്നെ നാം എന്തിനാണ് പ്രയത്‌നിക്കുന്നത്?’ തന്റെ ഉദ്ദേശ്യം നിറവേറ്റാൻ യഹോവയ്‌ക്ക് മനുഷ്യന്റെ സഹായം ആവശ്യമില്ല എന്നതു സത്യമാണ്. എങ്കിലും തന്റെ ഹിതം നിവർത്തിക്കുന്നതിൽ വ്യക്തികൾക്കു പങ്കുണ്ടായിരിക്കുന്നത് അവനു പ്രസാദകരമാണ്. യഹോവയെ വീടു നിർമിക്കുന്ന ഒരു മനുഷ്യനോട് ഉപമിക്കാവുന്നതാണ്. നിർമാണ പദ്ധതിയുടെ മുഴുവൻ പ്ലാനും നിർമാതാവിന്റെ പക്കലുണ്ട്. എന്നാൽ നിർമാണത്തിനായി അദ്ദേഹം ആ പ്രദേശത്ത് ലഭ്യമായിരിക്കുന്ന നിർമാണ വസ്‌തുക്കൾ തിരഞ്ഞെടുക്കുന്നു. സമാനമായി, യഹോവയ്‌ക്ക് ഇന്ന് ഒരു പദ്ധതി പൂർത്തിയാക്കാനുണ്ട്. സ്വമനസ്സാലേ തങ്ങളെത്തന്നെ ലഭ്യരാക്കുന്ന തന്റെ ദാസരെ ഉപയോഗിക്കാൻ അവൻ ഇഷ്ടപ്പെടുന്നു.—സങ്കീർത്തനം 110:3; 1 കൊരിന്ത്യർ 9:16, 17, പി.ഒ.സി. ബൈബിൾ.
ടോഷിയോയുടെ അനുഭവം പരിചിന്തിക്കുക. ഹൈസ്‌കൂളിൽ പ്രവേശിച്ച ടോഷിയോ തന്റെ പ്രത്യേക സാക്ഷീകരണ പ്രദേശത്ത് കഴിയുന്നത്ര വിപുലമായ
സാക്ഷ്യം നൽകാൻ ആഗ്രഹിച്ചു. ആവശ്യം വന്നാലുടനെ ഉപയോഗിക്കാൻ വേണ്ടി എല്ലായ്‌പോഴും അവൻ ബൈബിൾ കൂടെ കരുതിയിരുന്നു. മാത്രമല്ല, മാതൃകായോഗ്യനായ ഒരു ക്രിസ്‌ത്യാനി ആയിരിക്കാനായി അവൻ കഠിനമായി പ്രയത്‌നിക്കുകയും ചെയ്‌തു. ആദ്യ അധ്യയന വർഷം തീരാറായപ്പോഴേക്കും ക്ലാസ്സിനു മുമ്പാകെ ഒരു പ്രസംഗം നടത്താനുള്ള അവസരം അവനു ലഭിച്ചു. ടോഷിയോ സഹായത്തിനായി യഹോവയോടു പ്രാർഥിച്ചു. ക്ലാസ്സിലുള്ളവർ മുഴുവൻ തന്റെ പ്രസംഗത്തിന് അടുത്ത ശ്രദ്ധ നൽകുന്നതു കണ്ടപ്പോൾ ടോഷിയോയ്‌ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. “പയനിയറിങ് ജീവിതവൃത്തിയാക്കുക എന്ന എന്റെ ലക്ഷ്യം” അതായിരുന്നു പ്രസംഗത്തിന്റെ വിഷയം. താൻ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകൻ ആയിത്തീരാൻ ആഗ്രഹിക്കുന്നതായി അവൻ വിശദീകരിച്ചു. വിദ്യാർഥികളിൽ ഒരാൾ അവനോടൊപ്പം ബൈബിൾ പഠിക്കാൻ സമ്മതിക്കുകയും സ്‌നാപനത്തിന്റെ ഘട്ടത്തോളം പുരോഗമിക്കുകയും ചെയ്‌തു. പ്രാർഥനയ്‌ക്കു ചേർച്ചയിലുള്ള ടോഷിയോയുടെ ശുഷ്‌കാന്തിയോടുകൂടിയ ശ്രമങ്ങൾക്ക് സമൃദ്ധമായ പ്രതിഫലം ലഭിച്ചു.നിങ്ങൾക്ക് എത്രത്തോളം ശുഷ്‌കാന്തിയുണ്ട്?
ശുഷ്‌കാന്തിയോടെ യഹോവയെ അന്വേഷിക്കുന്നുവെന്നും അവന്റെ അനുഗ്രഹങ്ങൾ തേടുന്നുവെന്നും നിങ്ങൾക്ക് പല വിധങ്ങളിൽ പ്രകടമാക്കാൻ കഴിയും. ഒന്നാമതായി, ക്രിസ്‌തീയ യോഗങ്ങൾക്കു നന്നായി തയ്യാറാകുന്നതു പോലുള്ള അടിസ്ഥാന കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാൻ കഴിയും. നന്നായി തയ്യാറായി അഭിപ്രായങ്ങൾ പറയുകയും പ്രചോദനാത്മകമായ പ്രസംഗങ്ങൾ അവതരിപ്പിക്കുകയും ഫലകരമായ പ്രകടനങ്ങൾ നടത്തുകയും ചെയ്യുമ്പോൾ യഹോവയെ എത്ര തീവ്രമായി അന്വേഷിക്കുന്നുവെന്ന് നിങ്ങൾ വെളിപ്പെടുത്തുകയായിരിക്കും ചെയ്യുക. ശുശ്രൂഷയുടെ ഗുണമേന്മ മെച്ചപ്പെടുത്തിക്കൊണ്ടും നിങ്ങൾക്ക് ശുഷ്‌കാന്തി പ്രകടമാക്കാവുന്നതാണ്. വീട്ടുകാരനോടുള്ള സമീപനത്തിൽ കൂടുതൽ സൗഹാർദത ഉള്ളവരായിരിക്കാൻ ശ്രമിക്കുകയും നിങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ ഫലപ്രദമായ മുഖവുരകൾ ഉപയോഗിക്കുകയും ചെയ്യുന്നതിനെ കുറിച്ചെന്ത്? (കൊലൊസ്സ്യർ 3:23) മുഴുഹൃദയാ തന്നെത്തന്നെ ലഭ്യമാക്കുന്നതിലൂടെ ഒരു ക്രിസ്‌തീയ സഹോദരന് സഭയിൽ ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കുന്നതു പോലുള്ള നിയമനങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞേക്കും. (1 തിമൊഥെയൊസ് 3:1, 2, 12, 13) നിങ്ങളെത്തന്നെ ലഭ്യമാക്കുന്നതിലൂടെ കൊടുക്കുന്നതിലുള്ള സന്തോഷം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. ഒരുപക്ഷേ ഒരു ബ്രാഞ്ച് നിർമാണ പദ്ധതിയുടെ ഭാഗമായോ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച് ഓഫീസിലോ സേവിക്കുന്നതിനായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കും. യോഗ്യതയുള്ള ഒരു അവിവാഹിത സഹോദരനാണ് നിങ്ങളെങ്കിൽ ആത്മീയരായ പുരുഷന്മാരെ നല്ല ഇടയന്മാരായിരിക്കാൻ സജ്ജരാക്കുന്ന ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. വിവാഹം കഴിച്ച വ്യക്തിയാണ് നിങ്ങളെങ്കിൽ മിഷനറി സേവനം ഏറ്റെടുക്കുന്നത് യഹോവയെ കൂടുതലായി സേവിക്കുന്നതിനുള്ള നിങ്ങളുടെ ആത്മാർഥമായ ആഗ്രഹം പ്രകടമാക്കാനുള്ള ഒരു വഴിയായിരിക്കാം. രാജ്യ പ്രസംഗകരുടെ ആവശ്യം അധികമുള്ളിടത്തേക്ക് മാറിപ്പാർക്കാൻ ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കാം.—1 കൊരിന്ത്യർ 16:9.
ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഗതി നിങ്ങൾ ഒരു നിയമനം ഏതു മനോഭാവത്തോടുകൂടി നിറവേറ്റുന്നു എന്നതാണ്. എന്ത് ഉത്തരവാദിത്വം ലഭിച്ചാലും ശുഷ്‌കാന്തിയോടും ഉത്സാഹത്തോടും “ഹൃദയപരമാർത്ഥത”യോടും കൂടെ അത് കൈകാര്യം ചെയ്യുക. (പ്രവൃത്തികൾ 2:46; റോമർ 12:8) യഹോവയ്‌ക്കു സ്‌തുതി കരേറ്റാനുള്ള നിങ്ങളുടെ തീക്ഷ്‌ണമായ ആഗ്രഹം പ്രകടമാക്കാനുള്ള ഒരു അവസരമായി വേണം നിങ്ങൾ ഓരോ നിയമനത്തെയും കാണാൻ. യഹോവയുടെ സഹായത്തിനായി നിരന്തരം പ്രാർഥിക്കുക, നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക. അപ്പോൾ നിങ്ങൾ സമൃദ്ധമായ പ്രതിഫലം കൊയ്യും.
ശുഷ്‌കാന്തിയോടെയുള്ള ശ്രമങ്ങൾക്കു പ്രതിഫലം ലഭിക്കുന്നു
ട്രെയിനിൽ തന്നോടൊപ്പം യാത്ര ചെയ്യുന്നവരോട് സുവാർത്ത പ്രസംഗിക്കാൻ തക്കവണ്ണം ഭയത്തെ തരണം ചെയ്യാനുള്ള സഹായത്തിനായി പ്രാർഥിച്ച ആ ക്രിസ്‌ത്യാനിയെ നിങ്ങൾ ഓർക്കുന്നുവോ? യഹോവ അദ്ദേഹത്തിന്റെ ആത്മാർഥമായ ആഗ്രഹത്തെ അനുഗ്രഹിച്ചു. സംഭാഷണം തുടങ്ങുന്നതിനായി അനുയോജ്യമായ വിഷയങ്ങൾ തിരഞ്ഞെടുത്തുകൊണ്ട് ഹൃദ്യമായ ഒരു സമീപന രീതി ഉപയോഗിക്കാൻ അദ്ദേഹം ശ്രമം നടത്തി. സംഘർഷപൂരിതമായ മനുഷ്യ ബന്ധങ്ങളെ കുറിച്ച് ഉത്‌കണ്‌ഠ പ്രകടിപ്പിച്ച ഒരു വ്യക്തിക്ക് ബൈബിൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് സാക്ഷ്യം കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ട്രെയിനിൽ വെച്ച് ആ വ്യക്തിയുമായി നടത്തിയ മടക്കസന്ദർശനങ്ങൾ ഒരു ഭവന ബൈബിളധ്യയനത്തിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ ശുഷ്‌കാന്തിയോടെയുള്ള ശ്രമങ്ങൾക്ക് യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കുക തന്നെ ചെയ്‌തു!
യഹോവയെ ശുഷ്‌കാന്തിയോടെ അന്വേഷിക്കുന്നതിൽ തുടരുന്നെങ്കിൽ നിങ്ങൾക്കും സമാനമായ ഫലങ്ങൾ ലഭിക്കാനിടയുണ്ട്. താഴ്‌മയോടെ സ്ഥിരോത്സാഹം പ്രകടിപ്പിക്കുകയും നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഏതു ദിവ്യാധിപത്യ പ്രവർത്തനങ്ങളിലും മുഴു ഹൃദയാ ഏർപ്പെടുകയും ചെയ്യുന്ന പക്ഷം യഹോവ തന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ നിങ്ങളെ ഉപയോഗിക്കുകയും നിങ്ങളുടെ മേൽ സമൃദ്ധമായ അനുഗ്രഹം ചൊരിയുകയും ചെയ്യും.
[26 -ാം പേജിലെ ചിത്രം]
സ്ഥിരോത്സാഹം കാണിച്ചില്ലായിരുന്നെങ്കിൽ ഈ സ്‌ത്രീക്ക് എന്തു സംഭവിക്കുമായിരുന്നു?
[27 -ാം പേജിലെ ചിത്രം]
യഹോവയുടെ അനുഗ്രഹത്തിനായി അവനോട് യാചിക്കുന്നതിൽ നിങ്ങൾ തുടരുന്നുവോ?
[28 -ാം പേജിലെ ചിത്രം]
യഹോവയെ ശുഷ്‌കാന്തിയോടെ അന്വേഷിക്കുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?