വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിച്ചവരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം

മരിച്ചവരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം

മരിച്ചവരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം

പ്രിയപ്പെട്ട ഒരാളുടെ മരണം തീർച്ചയായും നമ്മെ ദുഃഖത്തിലാഴ്‌ത്തുന്നു. അപ്പോൾ തോന്നുന്ന ശൂന്യതയും ഏകാന്തതയും നഷ്ടബോധവും പറഞ്ഞറിയിക്കാനാവാത്തത്ര വലുതാണ്‌. പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ഒരു വ്യക്തിക്ക്‌ തികഞ്ഞ നിസ്സഹായത അനുഭവപ്പെട്ടേക്കാം. കാരണം എത്രയൊക്കെ പണവും അധികാരവും സ്വാധീനശക്തിയും ഉണ്ടെങ്കിലും ഇന്ന്‌ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആർക്കും മരിച്ചവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാനാവില്ല.

എന്നിരുന്നാലും, നമ്മുടെ സ്രഷ്ടാവ്‌ കാര്യങ്ങളെ വ്യത്യസ്‌തമായിട്ടാണ്‌ വീക്ഷിക്കുന്നത്‌. ആദ്യ മനുഷ്യനെ നിലത്തെ പൊടിയിൽനിന്ന്‌ ഉണ്ടാക്കിയ ദൈവത്തിന്‌ മരിച്ച ഒരു വ്യക്തിയെ പുനഃസൃഷ്ടിക്കാനും കഴിയും. ഇക്കാരണത്താൽ മരിച്ചവരെ അവർ ജീവിച്ചിരിക്കുന്നു എന്നതുപോലെ വീക്ഷിക്കാൻ ദൈവത്തിനു കഴിയും. മരണമടഞ്ഞ പുരാതനകാല വിശ്വസ്‌ത ദാസരെ കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: ‘[ദൈവത്തിന്‌ അവർ] എല്ലാവരും ജീവിക്കുന്നവർതന്നെ.’ മറ്റു വാക്കുകളിൽ പറഞ്ഞാൽ ദൈവത്തിന്റെ കാഴ്‌ചപ്പാടിൽ അവർ എല്ലാവരും ജീവിച്ചിരിക്കുന്നു.​—⁠ലൂക്കൊസ്‌ 20:​38, പി.ഒ.സി. ബൈബിൾ.

ഭൂമിയിലായിരിക്കെ, യേശുവിന്‌ മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരം ലഭിച്ചു. (യോഹന്നാൻ 5:21) അതുകൊണ്ട്‌ മരണമടഞ്ഞ വിശ്വസ്‌ത മനുഷ്യരെ കുറിച്ച്‌ തന്റെ പിതാവിനുള്ള അതേ വീക്ഷണമാണ്‌ യേശുവിനുമുള്ളത്‌. ഉദാഹരണത്തിന്‌, തന്റെ സുഹൃത്തായ ലാസർ മരിച്ചപ്പോൾ യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.” (യോഹന്നാൻ 11:11) മനുഷ്യന്റെ കാഴ്‌ചപ്പാടിൽ ലാസർ മരിച്ചവനായിരുന്നു. എന്നാൽ യഹോവയുടെയും യേശുവിന്റെയും വീക്ഷണത്തിൽ ലാസർ ഉറങ്ങുകയായിരുന്നു.

യേശുവിന്റെ രാജ്യഭരണത്തിൻ കീഴിൽ “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” ഉണ്ടാകും. (പ്രവൃത്തികൾ 24:15) പുനരുത്ഥാനം പ്രാപിച്ചു വരുന്നവർക്ക്‌ ദൈവിക വിദ്യാഭ്യാസം സ്വീകരിക്കുന്നതിനുള്ള അവസരം ലഭിക്കും. അവർക്ക്‌ ഭൂമിയിൽ നിത്യമായി ജീവിക്കുന്നതിനുള്ള പ്രതീക്ഷയും ഉണ്ടായിരിക്കും.​—⁠യോഹന്നാൻ 5:28, 29.

അതേ, പ്രിയപ്പെട്ട ഒരാളുടെ മരണം ആഴമായ ദുഃഖത്തിനും മനോവ്യസനത്തിനും ഇടയാക്കുന്നു. ഒരുപക്ഷേ അത്‌ വർഷങ്ങളോളം നീണ്ടുനിന്നേക്കാം. എന്നിരുന്നാലും, മരിച്ചവരെ ദൈവത്തിന്റെ കാഴ്‌ചപ്പാടിലൂടെ കാണാൻ ശ്രമിക്കുന്നത്‌ നമുക്കു വളരെയധികം ആശ്വാസവും പ്രത്യാശയും പ്രദാനം ചെയ്യും.​—⁠2 കൊരിന്ത്യർ 1:3, 4.