വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ദാസർക്ക്‌ യഥാർഥ പ്രത്യാശയുണ്ട്‌

യഹോവയുടെ ദാസർക്ക്‌ യഥാർഥ പ്രത്യാശയുണ്ട്‌

യഹോവയുടെ ദാസർക്ക്‌ യഥാർഥ പ്രത്യാശയുണ്ട്‌

‘യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെയും മനുഷ്യനായി കാത്തിരിക്കാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.’​—⁠മീഖാ 5:⁠7.

1. ആത്മീയ ഇസ്രായേൽ നവോന്മേഷത്തിന്റെ ഉറവായിരിക്കുന്നത്‌ ഏതു വിധത്തിൽ?

മഞ്ഞിന്റെയും മഴയുടെയും മഹാസ്രഷ്ടാവാണ്‌ യഹോവ. മഞ്ഞിനോ മഴയ്‌ക്കോവേണ്ടി മനുഷ്യനിൽ ആശ്രയിക്കുന്നതു വ്യർഥമാണ്‌. മീഖാ പ്രവാചകൻ ഇപ്രകാരം എഴുതി: “യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.” (മീഖാ 5:7) ആധുനികകാലത്തെ “യാക്കോബിൽ ശേഷിപ്പുള്ളവർ” ആരാണ്‌? ‘ദൈവത്തിന്റെ ഇസ്രായേലിന്റെ’ ശേഷിപ്പായ ആത്മീയ ഇസ്രായേല്യരാണ്‌ അവർ. (ഗലാത്യർ 6:16) ഭൂമിയിലെ ‘പല ജാതികൾക്ക്‌’ നവോന്മേഷം പകരുന്ന, “യഹോവയിങ്കൽനിന്നുള്ള മഞ്ഞു”പോലെയും “പുല്ലിന്മേൽ പെയ്യുന്ന മാരി”പോലെയും ആണ്‌ അവർ. തീർച്ചയായും അഭിഷിക്ത ക്രിസ്‌ത്യാനികൾ ഇന്ന്‌ ജാതികൾക്ക്‌ ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹമാണ്‌. യഥാർഥ പ്രത്യാശ സംബന്ധിച്ച തന്റെ സന്ദേശം ജാതികളെ അറിയിക്കാൻ രാജ്യഘോഷകർ എന്നനിലയിൽ യഹോവ അവരെ ഉപയോഗിക്കുന്നു.

2. ലോകത്തിലെ പ്രക്ഷുബ്‌ധാവസ്ഥകൾക്കു മധ്യേയും നമുക്ക്‌ യഥാർഥ പ്രത്യാശയുള്ളത്‌ എന്തുകൊണ്ട്‌?

2 ഈ ലോകത്തിന്‌ യഥാർഥ പ്രത്യാശയില്ല എന്നത്‌ നമ്മെ അതിശയിപ്പിക്കരുത്‌. രാഷ്‌ട്രീയ അസ്ഥിരത, ധാർമിക തകർച്ച, കുറ്റകൃത്യം, സാമ്പത്തിക പ്രതിസന്ധികൾ, ഭീകരപ്രവർത്തനം, യുദ്ധങ്ങൾ​—⁠പിശാചായ സാത്താന്റെ അധീനതയിലുള്ള ഈ ലോകത്തിൽ ഇത്തരം കാര്യങ്ങൾ നാം പ്രതീക്ഷിക്കുന്നു. (1 യോഹന്നാൻ 5:19) തങ്ങളുടെ ഭാവി എന്തായിത്തീരുമെന്ന്‌ അനേകർ ഭയക്കുന്നു. എന്നിരുന്നാലും, യഹോവയുടെ സത്യാരാധകർക്കു ഭയമില്ല. നമുക്കു ഭാവി സംബന്ധിച്ചു പ്രത്യാശയുണ്ട്‌. നമ്മുടെ പ്രത്യാശ യഥാർഥമാണ്‌. കാരണം, അത്‌ അധിഷ്‌ഠിതമായിരിക്കുന്നതു ദൈവവചനത്തിലാണ്‌. നമുക്ക്‌ യഹോവയിലും അവന്റെ വചനത്തിലും പൂർണ വിശ്വാസമുണ്ട്‌, എന്തുകൊണ്ടെന്നാൽ അവൻ പറയുന്നത്‌ എല്ലായ്‌പോഴും സത്യമായി ഭവിക്കുന്നു.

3. (എ) ഇസ്രായേലിനും യഹൂദയ്‌ക്കും എതിരായി യഹോവ നടപടി സ്വീകരിക്കാൻ പോകുകയായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) മീഖായുടെ വാക്കുകൾ ഇക്കാലത്ത്‌ ബാധകമാകുന്നത്‌ എന്തുകൊണ്ട്‌?

3 മീഖായുടെ ദിവ്യനിശ്വസ്‌ത പ്രവചനം യഹോവയുടെ നാമത്തിൽ നടക്കാൻ നമ്മെ ശക്തീകരിക്കുകയും യഥാർഥ പ്രത്യാശയ്‌ക്കുള്ള അടിസ്ഥാനം നൽകുകയും ചെയ്യുന്നു. മീഖാ പ്രവചിച്ചുകൊണ്ടിരുന്ന പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ ദൈവത്തിന്റെ ഉടമ്പടി ജനത ഇസ്രായേൽ എന്നും യഹൂദ എന്നും രണ്ട്‌ രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇരു ജനതകളും ദൈവത്തിന്റെ ഉടമ്പടി അവഗണിച്ചു. ഫലമോ? ധാർമിക തകർച്ച, മതപരമായ വിശ്വാസത്യാഗം, കടുത്ത ഭൗതികാസക്തി. അതുകൊണ്ട്‌, താൻ അവർക്കെതിരെ നടപടി എടുക്കുമെന്ന്‌ യഹോവ മുന്നറിയിപ്പു നൽകി. യഹോവയുടെ മുന്നറിയിപ്പുകൾ മീഖായുടെ സമകാലികരെ ഉദ്ദേശിച്ചുള്ളത്‌ ആയിരുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും, നമ്മുടെ നാളിലെ സാഹചര്യം മീഖായുടെ നാളിലേതിന്‌ വളരെ സമാനമാണ്‌. അതുകൊണ്ട്‌, മീഖായുടെ വാക്കുകൾ ഇക്കാലത്തും ബാധകമാണ്‌. മീഖായുടെ പുസ്‌തകത്തിന്റെ ഏഴ്‌ അധ്യായങ്ങളിലെ ഏതാനും പ്രസക്ത ആശയങ്ങൾ പരിചിന്തിക്കുമ്പോൾ ഇതു കൂടുതൽ വ്യക്തമായിത്തീരും.

മീഖായുടെ പുസ്‌തകത്തിന്റെ അവലോകനം വെളിപ്പെടുത്തുന്നത്‌

4. മീഖാ 1 മുതൽ 3 വരെയുള്ള അധ്യായങ്ങളിൽ ഏതു വിവരങ്ങൾ അടങ്ങിയിരിക്കുന്നു?

4 മീഖാ പുസ്‌തകത്തിന്റെ ഉള്ളടക്കം ഹ്രസ്വമായൊന്നു നോക്കാം. 1-ാം അധ്യായത്തിൽ ഇസ്രായേലിന്റെയും യഹൂദയുടെയും മത്സരത്തെ യഹോവ തുറന്നു കാട്ടുന്നു. ആ മത്സരത്തിന്റെ ഫലമായി, ഇസ്രായേൽ നശിപ്പിക്കപ്പെടുകയും യഹൂദയുടെ ശിക്ഷ യെരൂശലേം ഗോപുരത്തോളം എത്തുകയും ചെയ്യും. സമ്പന്നരും ശക്തരുമായ ആളുകൾ ബലഹീനരെയും നിസ്സഹായരെയും ഞെരുക്കുന്നതായി 2-ാം അധ്യായം വെളിപ്പെടുത്തുന്നു. എങ്കിലും, ഒരു ദിവ്യ വാഗ്‌ദാനവും അതിലുണ്ട്‌. ദൈവജനം ഐക്യത്തിൽ ഒരുമിച്ചുകൂട്ടിച്ചേർക്കപ്പെടും. ദേശീയ നേതാക്കന്മാർക്കും നിയമലംഘികളായ പ്രവാചകന്മാർക്കും എതിരെയുള്ള യഹോവയുടെ അരുളപ്പാടുകളെ കുറിച്ചാണ്‌ 3-ാം അധ്യായം റിപ്പോർട്ടു ചെയ്യുന്നത്‌. നേതാക്കന്മാർ നീതിയെ വളച്ചൊടിക്കുകയും പ്രവാചകന്മാർ വ്യാജം പ്രസ്‌താവിക്കുകയും ചെയ്യുന്നു. സാഹചര്യം ഇങ്ങനെ ആയിരുന്നെങ്കിലും, യഹോവയുടെ ആസന്ന ന്യായവിധി പ്രഖ്യാപിക്കാൻ മീഖാ പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെടുന്നു.

5. മീഖാ 4-ഉം 5-ഉം അധ്യായങ്ങളുടെ സാരം എന്ത്‌?

5 നാളുകളുടെ അന്തിമ ഭാഗത്ത്‌ യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിന്‌ അവന്റെ ആലയമുള്ള ഉയർന്ന പർവതത്തിലേക്കു സകല ജനതകളും വരുമെന്നു 4-ാം അധ്യായം മുൻകൂട്ടി പറയുന്നു. എന്നാൽ, അതിനു മുമ്പായി യഹൂദ നിവാസികൾ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകപ്പെടും. എങ്കിലും, യഹോവ അവരെ വിടുവിക്കും. മിശിഹാ യഹൂദയിലെ ബേത്ത്‌ലേഹെമിൽ ജനിക്കുമെന്ന്‌ 5-ാം അധ്യായം വെളിപ്പെടുത്തുന്നു. അവൻ തന്റെ ജനത്തെ മേയ്‌ക്കുകയും മർദക രാഷ്‌ട്രങ്ങളിൽനിന്നു വിടുവിക്കുകയും ചെയ്യും.

6, 7. മീഖാ പ്രവചനത്തിന്റെ 6, 7 അധ്യായങ്ങളിൽ ഏത്‌ ആശയങ്ങൾ കാണാനാകും?

6 തന്റെ ജനത്തിന്‌ എതിരെയുള്ള യഹോവയുടെ ആരോപണങ്ങൾ ഒരു വ്യവഹാരത്തിന്റെ രൂപത്തിൽ മീഖാ 6-ാം അധ്യായം രേഖപ്പെടുത്തുന്നു. ഈ ജനം മത്സരിക്കാൻ തക്കവണ്ണം യഹോവ എന്താണു ചെയ്‌തത്‌? ഒന്നും ചെയ്‌തില്ല. അവന്റെ വ്യവസ്ഥകൾ വളരെ ന്യായമാണ്‌ എന്നതാണു സത്യം. തന്നോടൊപ്പം നടക്കവേ തന്റെ ആരാധകർ ന്യായം പ്രവർത്തിക്കാനും ദയ, എളിമ എന്നിങ്ങനെയുള്ള ഗുണങ്ങൾ പ്രകടമാക്കാനും അവൻ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നതിനു പകരം ഇസ്രായേലും യഹൂദയും മത്സരഗതി തിരഞ്ഞെടുത്തിരിക്കുന്നു, അതിനാൽ അവർ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും.

7 പ്രവചനത്തിന്റെ അവസാന അധ്യായത്തിൽ, മീഖാ തന്റെ സമകാലികരുടെ ദുഷ്ടതയെ കുറ്റം വിധിക്കുന്നു. എന്നിരുന്നാലും, അവൻ നിരാശപ്പെടുന്നില്ല. യഹോവയ്‌ക്കായി ‘കാത്തിരിക്കാൻ’ അവൻ ദൃഢചിത്തനാണ്‌. (മീഖാ 7:7) യഹോവ തന്റെ ജനത്തോടു കരുണ കാണിക്കുമെന്നുള്ള മീഖായുടെ ഉറച്ച ബോധ്യം പ്രകടമാക്കുന്ന വാക്കുകളോടെ ഈ പുസ്‌തകം അവസാനിക്കുന്നു. മീഖായുടെ പ്രതീക്ഷ സഫലമായെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പൊ.യു.മു. 537-ൽ, തന്റെ ജനത്തിനെതിരെയുള്ള യഹോവയുടെ ശിക്ഷണനടപടികൾ പൂർത്തിയായപ്പോൾ അവൻ കരുണാപൂർവം ഒരു ശേഷിപ്പിനെ മാതൃദേശത്തേക്കു പുനഃസ്ഥിതീകരിച്ചു.

8. മീഖായുടെ പുസ്‌തകത്തിന്റെ ഉള്ളടക്കം നിങ്ങൾ എങ്ങനെ സംഗ്രഹിക്കും?

8 മീഖാ മുഖാന്തരം യഹോവ എത്ര നല്ല വിവരങ്ങളാണു വെളിപ്പെടുത്തുന്നത്‌! യഹോവയെ സേവിക്കുന്നുവെന്ന്‌ അവകാശപ്പെടുകയും അതേസമയം അവിശ്വസ്‌തത കാണിക്കുകയും ചെയ്യുന്നവരോട്‌ അവൻ എങ്ങനെ ഇടപെടുന്നു എന്നതു സംബന്ധിച്ച മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ഈ നിശ്വസ്‌ത പുസ്‌തകം പ്രദാനം ചെയ്യുന്നു. ഇന്നു നടക്കുന്ന സംഭവങ്ങളെ അതു മുൻകൂട്ടി പറയുന്നു. നമ്മുടെ പ്രത്യാശ ദൃഢമാക്കാൻ തക്കവണ്ണം ഈ ദുർഘട സമയങ്ങളിൽ നമ്മുടെ നടത്ത എങ്ങനെയുള്ളത്‌ ആയിരിക്കണം എന്നതു സംബന്ധിച്ച ദിവ്യ മാർഗനിർദേശവും അതു നൽകുന്നു.

പരമാധികാരിയാം കർത്താവായ യഹോവ സംസാരിക്കുന്നു

9. മീഖാ 1:2 അനുസരിച്ച്‌ യഹോവ എന്തു ചെയ്യാൻ പോകുകയായിരുന്നു?

9 നമുക്കിപ്പോൾ മീഖായുടെ പുസ്‌തകം കുറച്ചുകൂടെ വിശദമായി പരിശോധിക്കാം. മീഖാ 1:​2-ൽ നാം ഇങ്ങനെ വായിക്കുന്നു: “സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു [“പരമാധികാരിയാം കർത്താവായ യഹോവ,” NW] തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.” നിങ്ങൾ മീഖായുടെ നാളിൽ ജീവിച്ചിരുന്നെങ്കിൽ ആ വാക്കുകൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുമായിരുന്നു എന്നതിനു സംശയമില്ല. വാസ്‌തവത്തിൽ, അവ ഇന്നു നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. കാരണം, യഹോവ തന്റെ വിശുദ്ധ മന്ദിരത്തിൽനിന്നു സംസാരിക്കുകയാണ്‌. അവൻ അഭിസംബോധന ചെയ്യുന്നത്‌ ഇസ്രായേലിനെയും യഹൂദയെയും മാത്രമല്ല, എല്ലായിടത്തുമുള്ള ആളുകളെയാണ്‌. മീഖായുടെ നാളിൽ ജനം പരമാധികാരിയാം കർത്താവായ യഹോവയെ ദീർഘകാലമായി അവഗണിച്ചിരിക്കുകയായിരുന്നു. പെട്ടെന്നുതന്നെ ആ സാഹചര്യത്തിനു മാറ്റം ഭവിക്കും. നിർണായക നടപടിയെടുക്കാൻ യഹോവ ദൃഢനിശ്ചയം ചെയ്‌തിരിക്കുകയാണ്‌.

10. മീഖാ 1:​2-ലെ വാക്കുകൾ നമ്മെ സംബന്ധിച്ച്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 നമ്മുടെ നാളിലും അതു സത്യമാണ്‌. യഹോവ വീണ്ടും തന്റെ വിശുദ്ധ ആലയത്തിൽനിന്നു സംസാരിക്കുന്നതായി വെളിപ്പാടു 14:18-20 പ്രകടമാക്കുന്നു. പെട്ടെന്നുതന്നെ യഹോവ നിർണായക നടപടി കൈക്കൊള്ളും, ഗംഭീരമായ സംഭവങ്ങൾ മനുഷ്യവർഗത്തെ വീണ്ടും പിടിച്ചുലയ്‌ക്കും. ഇപ്രാവശ്യം “ഭൂമിയിലെ [ദുഷ്ട] മുന്തിരിക്കുല” യഹോവയുടെ ക്രോധത്തിന്റെ ചക്കിലേക്ക്‌ എറിയപ്പെടും. അങ്ങനെ സാത്താന്റെ വ്യവസ്ഥിതി പൂർണമായി നശിപ്പിക്കപ്പെടും.

11. മീഖാ 1:3, 4-ന്റെ അർഥമെന്ത്‌?

11 യഹോവ ചെയ്യാൻ പോകുന്നത്‌ എന്തെന്നു ശ്രദ്ധിക്കുക. മീഖാ 1:​3, 4 പറയുന്നു: “യഹോവ തന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്‌വരകൾ പിളർന്നുപോകയും ചെയ്യുന്നു.” യഹോവ അക്ഷരീയമായി തന്റെ സ്വർഗീയ വാസസ്ഥലത്തുനിന്ന്‌ ഇറങ്ങി വാഗ്‌ദത്ത ദേശത്തെ പർവതങ്ങളിലും സമതലങ്ങളിലും നടക്കുമോ? ഇല്ല. അവന്‌ അതിന്റെ ആവശ്യമില്ല. തന്റെ ഹിതം നിറവേറ്റാൻ അവന്‌ ഭൂമിയിലേക്കു തന്റെ ശ്രദ്ധ തിരിക്കുകയേ വേണ്ടൂ. മാത്രമല്ല, ഇവിടെ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ അനുഭവിക്കാൻ പോകുന്നത്‌ അക്ഷരീയ സ്ഥലങ്ങളല്ല, മറിച്ച്‌ അതിലെ നിവാസികളാണ്‌. യഹോവ പ്രവർത്തിക്കുമ്പോൾ അവിശ്വസ്‌തർക്ക്‌ അതിന്റെ ഫലം വിപത്‌കരമായിരിക്കും. പർവതങ്ങൾ മെഴുകുപോലെ ഉരുകിയതിനും സമതലങ്ങൾ ഭൂകമ്പത്താൽ പിളർന്നതിനും സമാനമായിരിക്കും അത്‌.

12, 13. 2 പത്രൊസ്‌ 3:10-12 അനുസരിച്ച്‌, നമ്മുടെ പ്രത്യാശയെ ഉറപ്പുള്ളതാക്കുന്നത്‌ എന്ത്‌?

12 മീഖാ 1:​3, 4-ലെ പ്രാവചനിക വാക്കുകൾ, ഭൂമിയുടെമേൽ വരാനിരിക്കുന്ന വിപത്‌കരമായ സംഭവങ്ങളെ മുൻകൂട്ടി പറയുന്ന മറ്റൊരു നിശ്വസ്‌ത പ്രവചനത്തെ നിങ്ങളുടെ ഓർമയിലേക്കു കൊണ്ടുവന്നേക്കാം. 2 പത്രൊസ്‌ 3:​10-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ എഴുതി: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” മീഖായുടെ പ്രവചനത്തിന്റെ കാര്യത്തിലെന്നപോലെ, പത്രൊസിന്റെ വാക്കുകൾ അക്ഷരീയ ആകാശത്തിനും ഭൂമിക്കും ബാധകമാകുന്നില്ല. ഈ ഭക്തികെട്ട വ്യവസ്ഥിതിയുടെമേൽ വരാൻ പോകുന്ന മഹോപദ്രവത്തെയാണ്‌ അവ പരാമർശിക്കുന്നത്‌.

13 ആ വിപത്ത്‌ ആസന്നമാണെങ്കിലും, മീഖായെപ്പോലെ ക്രിസ്‌ത്യാനികൾക്കു ഭാവി സംബന്ധിച്ച്‌ ശുഭാപ്‌തി വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. എങ്ങനെ? പത്രൊസിന്റെ ലേഖനത്തിലെ തുടർന്നുവരുന്ന വാക്യങ്ങളിൽ കാണുന്ന ബുദ്ധിയുപദേശത്തിനു ചെവികൊടുത്തുകൊണ്ട്‌. അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ഘോഷിക്കുന്നു: “ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2 പത്രൊസ്‌ 3:11, 12) അനുസരണമുള്ള ഒരു ഹൃദയം വളർത്തിയെടുക്കുകയും നമ്മുടെ നടത്ത വിശുദ്ധവും ജീവിതം ദൈവിക ഭക്തിയുടെ പ്രവർത്തനങ്ങൾകൊണ്ടു നിറഞ്ഞതും ആണെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുന്നെങ്കിൽ ഭാവി സംബന്ധിച്ച നമ്മുടെ പ്രത്യാശ സുനിശ്ചിതമായിരിക്കും. നമ്മുടെ പ്രത്യാശ ഉറപ്പുള്ളതാക്കാൻ, യഹോവയുടെ ദിവസം തീർച്ചയായും വരുമെന്നു നാം മനസ്സിൽ പിടിക്കുകയും വേണം.

14. ഇസ്രായേലും യഹൂദയും ശിക്ഷ അർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

14 തന്റെ പുരാതന ജനം ശിക്ഷ അർഹിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ യഹോവ വിശദീകരിക്കുന്നു. മീഖാ 1:5 ഇങ്ങനെ പറയുന്നു: “ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ? യെരൂശലേം അല്ലയോ?” ഇസ്രായേലും യഹൂദയും നിലവിൽ വന്നതുതന്നെ യഹോവ കാരണമാണ്‌. എന്നിട്ടും, അവർ അവനെതിരെ മത്സരിച്ചിരിക്കുന്നു, അവരുടെ മത്സരം ശമര്യ, യെരൂശലേം എന്നീ തലസ്ഥാനഗരങ്ങളോളം പോലും വ്യാപിക്കുന്നു.

ദുഷ്‌പ്രവൃത്തികൾ പെരുകുന്നു

15, 16. മീഖായുടെ സമകാലികർ ഏതു ദുഷ്‌പ്രവൃത്തികൾ സംബന്ധിച്ച്‌ കുറ്റക്കാരായിരുന്നു?

15 മീഖായുടെ നാളിലെ ജനത്തിന്റെ ദുഷ്ടതയുടെ ഒരു ഉദാഹരണം മീഖാ 2:1, 2-ൽ വ്യക്തമായി വർണിച്ചിരിക്കുന്നു: “കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്കു അയ്യോ കഷ്ടം! അവർക്കു പ്രാപ്‌തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നേ അവർ അതു നടത്തുന്നു. അവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു [“വഞ്ചിച്ചെടുക്കുന്നു,” NW].”

16 അയൽക്കാരുടെ വയലുകളും വീടുകളും എങ്ങനെ കൈക്കലാക്കാം എന്നു ചിന്തിച്ചുകൊണ്ട്‌ അത്യാഗ്രഹികൾ രാത്രിയിൽ ഉറങ്ങാതെ കിടക്കുന്നു. പ്രഭാതത്തിൽ അവർ തങ്ങളുടെ പദ്ധതി നടപ്പാക്കാനായി ധൃതി കൂട്ടുന്നു. യഹോവയുടെ ഉടമ്പടി ഓർത്തിരുന്നെങ്കിൽ അവർ അത്തരം ദുഷ്‌പ്രവൃത്തികൾ ചെയ്യില്ലായിരുന്നു. ദരിദ്രരെ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ മോശൈക ന്യായപ്രമാണത്തിലുണ്ട്‌. അതനുസരിച്ച്‌, ഒരു കുടുംബത്തിനും തങ്ങളുടെ അവകാശമായുള്ള സ്വത്ത്‌ സ്ഥിരമായി നഷ്ടപ്പെടാൻ പാടില്ലായിരുന്നു. എന്നിരുന്നാലും, അത്യാഗ്രഹികളായ ആ മനുഷ്യർ അതൊന്നും ഗൗനിക്കുന്നില്ല. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” എന്ന ലേവ്യപുസ്‌തകം 19:18-ലെ വാക്കുകൾ അവർ അവഗണിക്കുന്നു.

17. ദൈവത്തെ സേവിക്കുന്നു എന്ന്‌ അവകാശപ്പെടുന്നവർ ഭൗതിക വസ്‌തുക്കൾക്ക്‌ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ എന്തു സംഭവിച്ചേക്കാം?

17 ദൈവത്തെ സേവിക്കുന്നു എന്ന്‌ അവകാശപ്പെടുന്നവർ ആത്മീയ ലാക്കുകൾ അവഗണിച്ചുകൊണ്ട്‌ ഒന്നാമതു ഭൗതിക കാര്യങ്ങൾ അന്വേഷിക്കുമ്പോൾ എന്തു സംഭവിക്കാമെന്ന്‌ ഇതു പ്രകടമാക്കുന്നു. തന്റെ നാളിലെ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ ഈ മുന്നറിയിപ്പു നൽകി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” (1 തിമൊഥെയൊസ്‌ 6:9) ഒരു വ്യക്തി പണസമ്പാദനം തന്റെ ജീവിതത്തിലെ പ്രഥമ ലക്ഷ്യമാക്കുമ്പോൾ അയാൾ ഫലത്തിൽ ഒരു വ്യാജ ദൈവത്തെ, മാമോനെ അഥവാ ധനത്തെ ആരാധിക്കുകയാണു ചെയ്യുന്നത്‌. ആ വ്യാജ ദൈവം ഭാവി സംബന്ധിച്ച്‌ ഉറപ്പുള്ള യാതൊരു പ്രത്യാശയും നൽകുന്നില്ല.​—⁠മത്തായി 6:⁠24.

18. മീഖായുടെ നാളിലെ ഭൗതികാസക്തർക്ക്‌ എന്തു സംഭവിക്കുമായിരുന്നു?

18 ഭൗതിക വസ്‌തുക്കളിൽ ആശ്രയിക്കുന്നതു വ്യർഥമാണെന്ന കയ്‌പേറിയ പാഠം മീഖായുടെ നാളിലെ അനേകരും പഠിക്കുന്നു. മീഖാ 2:4 അനുസരിച്ച്‌, യഹോവ പറയുന്നു: “അന്നാളിൽ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്‌തു: കഥ കഴിഞ്ഞു; നമുക്കു പൂർണ്ണസംഹാരം ഭവിച്ചിരിക്കുന്നു; അവൻ എന്റെ ജനത്തിന്റെ ഓഹരി മാററിക്കളഞ്ഞു; അവൻ അതു എന്റെ പക്കൽനിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികൾക്കു അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും.” അതേ, വീടുകളെയും വയലുകളെയും അപഹരിച്ചിരുന്നവർക്ക്‌ അവരുടെതന്നെ കുടുംബ അവകാശം നഷ്ടമാകും. അവർ ഒരു അന്യദേശത്തേക്കു നാടുകടത്തപ്പെടുകയും അവരുടെ വസ്‌തുവകകൾ ‘വിശ്വാസത്യാഗികൾക്ക്‌’ അഥവാ ജനതകളിലെ ആളുകൾക്ക്‌ കൊള്ളയായിത്തീരുകയും ചെയ്യും. ഐശ്വര്യസമൃദ്ധമായ ഒരു ഭാവി സംബന്ധിച്ച സകല പ്രതീക്ഷകളും പൊയ്‌പ്പോകും.

19, 20. യഹോവയിൽ ആശ്രയിച്ച യഹൂദർക്ക്‌ എന്ത്‌ അനുഗ്രഹം ലഭിച്ചു?

19 എന്നിരുന്നാലും, യഹോവയിൽ ആശ്രയിക്കുന്നവരുടെ പ്രതീക്ഷകൾക്കു ഭംഗം വരുകയില്ല. അബ്രാഹാമിനോടും ദാവീദിനോടും ചെയ്‌ത ഉടമ്പടികളോട്‌ യഹോവ വിശ്വസ്‌തനാണ്‌. യഹോവയെ സ്‌നേഹിക്കുകയും സ്വജനം അവനിൽനിന്ന്‌ അകന്നുപോകുന്നതു നിമിത്തം ദുഃഖിക്കുകയും ചെയ്യുന്ന മീഖായെപ്പോലെ ഉള്ളവരോട്‌ അവനു കരുണ തോന്നുന്നു. നീതിമാന്മാരായ അത്തരം ആളുകൾക്കുവേണ്ടി ദൈവത്തിന്റെ തക്ക സമയത്ത്‌ ഒരു പുനഃസ്ഥിതീകരണം നടക്കും.

20 ബാബിലോണിന്റെ പതനത്തെ തുടർന്ന്‌ യഹൂദന്മാരുടെ ഒരു ശേഷിപ്പ്‌ പൊ.യു.മു. 537-ൽ തങ്ങളുടെ മാതൃദേശത്തേക്കു തിരിച്ചുവരുമ്പോൾ അതു സംഭവിക്കുന്നു. ആ സമയത്ത്‌ മീഖാ 2:​12-ലെ വാക്കുകൾക്കു പ്രാഥമിക നിവൃത്തി ഉണ്ടാകുന്നു. യഹോവ പറയുന്നു: “യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.” എത്ര സ്‌നേഹനിധിയായ ദൈവമാണു യഹോവ! തന്റെ ജനത്തിനു ശിക്ഷണം നൽകിയതിനു ശേഷം, അവരുടെ പൂർവപിതാക്കന്മാർക്കു നൽകിയ ദേശത്തേക്കു മടങ്ങിവന്ന്‌ തന്നെ സേവിക്കാൻ അവൻ ഒരു ശേഷിപ്പിനെ അനുവദിക്കുന്നു.

നമ്മുടെ കാലവുമായി ശ്രദ്ധേയമായ സമാനത

21. ഇക്കാലത്തെ അവസ്ഥകൾ മീഖായുടെ നാളിലേതിനോടു സമാനമായിരിക്കുന്നത്‌ എങ്ങനെ?

21 മീഖായുടെ ആദ്യത്തെ രണ്ട്‌ അധ്യായങ്ങൾ പരിചിന്തിച്ചപ്പോൾ, ഇന്നു നടക്കുന്ന കാര്യങ്ങൾ അവയോട്‌ എത്ര സമാനമാണെന്നു നിങ്ങൾ ശ്രദ്ധിച്ചോ? മീഖായുടെ നാളിലെപ്പോലെ, തങ്ങൾ ദൈവത്തെ സേവിക്കുന്നതായി ഇന്നും അനേകർ അവകാശപ്പെടുന്നു. എങ്കിലും, യഹൂദയെയും ഇസ്രായേലിനെയും പോലെ അവർ തങ്ങൾക്കിടയിൽ ഭിന്നത വളർന്നുവരാൻ അനുവദിക്കുകയും പരസ്‌പരം യുദ്ധത്തിൽ ഏർപ്പെടുകപോലും ചെയ്‌തിരിക്കുന്നു. ക്രൈസ്‌തവലോകത്തിലെ സമ്പന്നരായ അനേകർ ദരിദ്രരെ അടിച്ചമർത്തിയിരിക്കുന്നു. ബൈബിൾ വ്യക്തമായി കുറ്റംവിധിച്ചിരിക്കുന്ന കാര്യങ്ങൾക്കുനേരെ മതനേതാക്കൾ കണ്ണടച്ചുകളയുന്ന പ്രവണത കൂടിവരുന്നു. ക്രൈസ്‌തവലോകം വ്യാജമതലോക സാമ്രാജ്യമായ ‘മഹാബാബിലോണിന്റെ’ ശേഷിച്ച ഭാഗത്തോടൊപ്പം പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുമെന്ന്‌ പറഞ്ഞിരിക്കുന്നതിൽ അതിശയിക്കാനില്ല! (വെളിപ്പാടു 18:1-5) എന്നിരുന്നാലും, മീഖായുടെ നാളിലെപ്പോലെ യഹോവയ്‌ക്കു വിശ്വസ്‌ത ദാസന്മാരുടെ ഒരു ശേഷിപ്പ്‌ ഭൂമിയിൽ ഉണ്ടായിരിക്കും.

22. ഏതു രണ്ടു കൂട്ടങ്ങൾ ദൈവരാജ്യത്തിൽ തങ്ങളുടെ പ്രത്യാശ അർപ്പിച്ചിരിക്കുന്നു?

22 വിശ്വസ്‌ത അഭിഷിക്ത ക്രിസ്‌ത്യാനികൾ 1919-ൽ ക്രൈസ്‌തവലോകവുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കുകയും രാജ്യത്തിന്റെ സുവാർത്ത സകല ജനതകളോടും പ്രഖ്യാപിച്ചുതുടങ്ങുകയും ചെയ്‌തു. (മത്തായി 24:14) ആദ്യം, അവർ ആത്മീയ ഇസ്രായേലിൽ ശേഷിച്ചവരെ തിരഞ്ഞു കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. പിന്നീട്‌, ‘വേറെ ആടുകളെ’ കൂട്ടിച്ചേർക്കാൻ തുടങ്ങുകയും ഇരുകൂട്ടങ്ങളും “ഒരാട്ടിൻകൂട്ടവും ഒരിടയനും” ആയിത്തീരുകയും ചെയ്‌തു. (യോഹന്നാൻ 10:16) ഇപ്പോൾ അവർ 234 രാജ്യങ്ങളിലായാണ്‌ ദൈവത്തെ സേവിക്കുന്നതെങ്കിലും, ഈ വിശ്വസ്‌ത ആരാധകരെല്ലാം യഥാർഥ ഐക്യത്തിൽ ‘ഒരുമിച്ചു കൂട്ടപ്പെട്ടിരിക്കുന്നു.’ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെട്ട ആ തൊഴുത്തിൽ ഇപ്പോൾ ‘ആൾപെരുപ്പം ഹേതുവായി മുഴക്കം’ ഉണ്ട്‌. അവർ പ്രത്യാശ വെക്കുന്നത്‌ ഈ വ്യവസ്ഥിതിയിലല്ല, മറിച്ച്‌ ഭൂമിയിൽ പെട്ടെന്നുതന്നെ പറുദീസ സ്ഥാപിക്കാൻ പോകുന്ന ദൈവരാജ്യത്തിലാണ്‌.

23. നിങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതാണെന്ന്‌ നിങ്ങൾക്ക്‌ ബോധ്യമുള്ളത്‌ എന്തുകൊണ്ട്‌?

23 യഹോവയുടെ വിശ്വസ്‌ത ആരാധകരെ സംബന്ധിച്ച്‌ മീഖാ 2-ാം അധ്യായത്തിന്റെ അവസാന വാക്യം ഇപ്രകാരം പറയുന്നു: “അവരുടെ രാജാവു അവർക്കു മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.” യഹോവതന്നെ നയിക്കുന്ന ആ വിജയഘോഷയാത്രയിൽ നിങ്ങൾ നിങ്ങളുടെ രാജാവായ യേശുക്രിസ്‌തുവിന്റെ പിന്നാലെ മുന്നേറുന്നുവോ? എങ്കിൽ വിജയം സുനിശ്ചിതമാണെന്നും നിങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതാണെന്നും ബോധ്യമുണ്ടായിരിക്കുക. മീഖാ പ്രവചനത്തിൽനിന്നുള്ള സവിശേഷ ആശയങ്ങൾ കൂടുതലായി പരിചിന്തിക്കുമ്പോൾ അത്‌ ഏറെ വ്യക്തമായിത്തീരും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• മീഖായുടെ നാളിൽ, യഹൂദയ്‌ക്കും ഇസ്രായേലിനും എതിരെ നടപടി സ്വീകരിക്കാൻ യഹോവ തീരുമാനിച്ചത്‌ എന്തുകൊണ്ട്‌?

• ദൈവത്തെ സേവിക്കുന്നു എന്ന്‌ അവകാശപ്പെടുന്നവർ ഭൗതിക വസ്‌തുക്കൾക്ക്‌ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ എന്തു സംഭവിച്ചേക്കാം?

മീഖാ 1, 2 അധ്യായങ്ങൾ പരിചിന്തിച്ചതിനെ തുടർന്ന്‌, നിങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതാണെന്ന്‌ നിങ്ങൾക്ക്‌ ബോധ്യമുള്ളത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[9 -ാം പേജിലെ ചിത്രം]

നമ്മെ ആത്മീയമായി ശക്തരാക്കാൻ മീഖായുടെ പ്രവചനത്തിനു കഴിയും

[10 -ാം പേജിലെ ചിത്രങ്ങൾ]

പൊ.യു.മു. 537-ലെ യഹൂദ ശേഷിപ്പിനെപ്പോലെ ആത്മീയ ഇസ്രായേലും അവരുടെ സഹകാരികളും സത്യാരാധനയെ ഉന്നമിപ്പിക്കുന്നു