സത്യാരാധന ഒരു കുടുംബത്തെ ഏകീകരിക്കുന്നു
സത്യാരാധന ഒരു കുടുംബത്തെ ഏകീകരിക്കുന്നു
മാരീയയ്‌ക്ക് 13 വയസ്സുള്ളപ്പോഴാണ് അവളും അനുജത്തി ലൂസിയും ഒരു ബന്ധുവിൽനിന്ന് യഹോവയെ കുറിച്ച് ആദ്യമായി കേട്ടത്. ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്നതിനുള്ള പ്രത്യാശയെ കുറിച്ചും അദ്ദേഹം അവർക്കു പറഞ്ഞു കൊടുത്തു. ജിജ്ഞാസ തോന്നിയ അവർ അദ്ദേഹത്തോടൊപ്പം യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ പോയി. അവിടത്തെ വ്യക്തമായ പഠിപ്പിക്കൽ മാരീയയിൽ മതിപ്പുളവാക്കി. അത് പള്ളിയിലേതിൽനിന്നു വളരെ വ്യത്യസ്‌തമായിരുന്നു, പള്ളിയിൽ പാട്ടല്ലാതെ കാര്യമായൊന്നും ഉണ്ടായിരുന്നില്ല! താമസിയാതെ, ആ കുട്ടികൾ യഹോവയുടെ സാക്ഷികളിൽ ഒരാളുമായി ബൈബിൾ പഠിക്കാൻ ആരംഭിച്ചു.
അവരുടെ ജ്യേഷ്‌ഠനായ ഊഗോ തത്ത്വശാസ്‌ത്രത്തിലും പരിണാമ സിദ്ധാന്തത്തിലും തത്‌പരനായിരുന്നു. താൻ ഒരു നിരീശ്വരവാദിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കവേ ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? * എന്ന പുസ്‌തകം അദ്ദേഹം വായിക്കാനിടയായി. തന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം അദ്ദേഹത്തിന് അതിൽ കാണാൻ കഴിഞ്ഞു. മറ്റൊരു മതത്തിനും നൽകാൻ കഴിയാഞ്ഞ ഉത്തരങ്ങളായിരുന്നു അവ. അങ്ങനെ അദ്ദേഹം ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങി. സൈനിക സേവനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബൈബിൾ പഠിക്കുകയും തന്റെ സഹോദരിമാരോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്‌തുകൊണ്ട് താൻ പുതുതായി കണ്ടെത്തിയ വിശ്വാസം ശക്തിപ്പെടുത്താൻ ശ്രമിച്ചു. 1992-ൽ, അതായത് സത്യം കേട്ട് രണ്ടു വർഷത്തിനു ശേഷം മാരീയയും ലൂസിയും സ്‌നാപനമേറ്റു. പിന്നെയും രണ്ടു വർഷം കൂടി കഴിഞ്ഞ് ഊഗോയും.
അവരുടെ മാതാപിതാക്കളോ? കത്തോലിക്കാ പാരമ്പര്യങ്ങൾ മുറുകെപ്പിടിച്ചിരുന്ന മാതാപിതാക്കൾ സത്യത്തിൽ ഒട്ടുംതന്നെ താത്‌പര്യം കാണിച്ചിരുന്നില്ല. യഹോവയുടെ സാക്ഷികളെ ഒരു ശല്യമായാണ് അവർ കണക്കാക്കിയിരുന്നത്. എങ്കിലും മക്കളുടെ ക്ഷണം സ്വീകരിച്ച് വീട്ടിൽ വരുന്ന യുവസാക്ഷികളുടെ നല്ല പെരുമാറ്റമര്യാദകളും മാന്യമായ വസ്‌ത്രധാരണവും അവരിൽ മതിപ്പുളവാക്കി. മാത്രമല്ല ഭക്ഷണവേളകളിൽ യോഗങ്ങളിൽ കേട്ട കാര്യങ്ങളെ കുറിച്ച് മക്കൾ സംസാരിക്കുമ്പോൾ അത് അവരിൽ ജിജ്ഞാസ ഉണർത്തുകയും ചെയ്‌തു.
എന്നിരുന്നാലും മാതാപിതാക്കൾ രണ്ടുപേരും മന്ത്രവാദത്തിൽ തത്‌പരരായിരുന്നു. പിതാവ് മദ്യപിച്ചു വന്ന് അമ്മയെ തല്ലുക പതിവായിരുന്നു. കുടുംബം തകർച്ചയുടെ വക്കോളം എത്തി. അങ്ങനെയിരിക്കെ, കുടിച്ച് ലക്കുകെട്ട് മോശമായി പെരുമാറിയതിന്റെ ഫലമായി പിതാവിന് രണ്ടാഴ്‌ച ജയിലിൽ കിടക്കേണ്ടി വന്നു. ജയിലിൽവെച്ച് അദ്ദേഹം ബൈബിൾ വായിക്കാൻ തുടങ്ങി. വായനയ്‌ക്ക് ഇടയിൽ അന്ത്യനാളുകളുടെ അടയാളത്തെ കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അത് അനേകം ചോദ്യങ്ങൾ ഉയർത്തി. അങ്ങനെ മാതാപിതാക്കൾ ഇരുവരും രാജ്യഹാൾ സന്ദർശിക്കുകയും ഒരു ഭവന ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്‌തു. സത്യം മനസ്സിലാക്കിയ അവർ മന്ത്രവാദവുമായി ബന്ധപ്പെട്ട എല്ലാ പുസ്‌തകങ്ങളും നശിപ്പിച്ചു കളയുകയും യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് ഭൂതാക്രമണങ്ങളിൽനിന്ന് സംരക്ഷണം നേടുകയും ചെയ്‌തു. അവർ തങ്ങളുടെ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങി.
ഒടുവിൽ, 1999-ൽ ബൊളീവിയയിൽ നടന്ന ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകളിൽ ഒന്നിൽ വെച്ച് അവർ സ്‌നാപനമേറ്റു. തങ്ങളുടെ സഹോദരനായ ഊഗോ മാതാപിതാക്കളെ സ്‌നാപനപ്പെടുത്തുന്നത് നോക്കിനിന്ന ആ നിമിഷം മാരീയയെയും ലൂസിയെയും സംബന്ധിച്ചിടത്തോളം എത്ര വികാരനിർഭരമായ ഒന്നായിരുന്നെന്ന് സങ്കൽപ്പിച്ചു നോക്കൂ! മാരീയയും ലൂസിയും യഹോവയെയും അവന്റെ വാഗ്‌ദാനങ്ങളെയും കുറിച്ച് കേട്ടിട്ട് അപ്പോൾ ഏതാണ്ട് ഒമ്പതു വർഷങ്ങൾ പിന്നിട്ടിരുന്നു. അവരും ഊഗോയും ഇപ്പോൾ മുഴുസമയ ശുശ്രൂഷകരാണ്. സത്യാരാധന തങ്ങളുടെ കുടുംബത്തെ ഏകീകരിച്ചിരിക്കുന്നതിൽ അവർ എത്ര സന്തുഷ്ടരാണെന്നോ!
[അടിക്കുറിപ്പ്]
^ ഖ. 3 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.