വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുക

അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുക

അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുക

“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു.”​—⁠സങ്കീർത്തനം 46:⁠1.

1, 2. (എ) ദൈവത്തിൽ ആശ്രയിക്കുന്നു എന്ന്‌ അവകാശവാദം നടത്തിയാൽ മാത്രം പോരെന്ന്‌ ഏത്‌ ഉദാഹരണം വ്യക്തമാക്കുന്നു? (ബി) നാം യഹോവയിൽ ആശ്രയിക്കുന്നു എന്ന്‌ വെറുതെ പറഞ്ഞാൽ പോരാത്തത്‌ എന്തുകൊണ്ട്‌?

ദൈവത്തിൽ ആശ്രയിക്കുന്നു എന്ന്‌ അവകാശപ്പെടുക എളുപ്പമാണ്‌. എന്നാൽ ആ ആശ്രയം നമ്മുടെ പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കാനാണ്‌ ബുദ്ധിമുട്ട്‌. ഉദാഹരണത്തിന്‌, “ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു” എന്ന വാചകം ഐക്യനാടുകളിലെ നോട്ടുകളിലും നാണയത്തുട്ടുകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്‌ ദീർഘനാളായി. * അതിനെ ഐക്യനാടുകളുടെ ദേശീയ മുദ്രാവാക്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു നിയമം 1956-ൽ യു.എ⁠സ്‌. കോൺഗ്രസ്‌ പാസാക്കുകയുണ്ടായി. എന്നാൽ വൈരുദ്ധ്യമെന്നു പറയട്ടെ, നിരവധി ആളുകളും​—⁠ഐക്യനാടുകളിൽ ഉള്ളവർ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾ​—⁠ദൈവത്തെക്കാളധികം പണത്തെയും ഭൗതിക ധനത്തെയുമാണ്‌ ആശ്രയിക്കുന്നത്‌.​—⁠ലൂക്കൊസ്‌ 12:16-21.

2 സത്യക്രിസ്‌ത്യാനികളായ നാം യഹോവയിൽ ആശ്രയിക്കുന്നു എന്ന്‌ വെറുതെ പറഞ്ഞാൽ പോരാ. ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവം’ ആയിരിക്കുന്നതുപോലെതന്നെ ദൈവത്തിൽ ആശ്രയിക്കുന്നു എന്ന ഏത്‌ അവകാശവാദവും പ്രവൃത്തികളിലൂടെ നാം ആ ആശ്രയം പ്രകടമാക്കാത്തപക്ഷം നിരർഥകമാണ്‌. (യാക്കോബ്‌ 2:26) പ്രാർഥനയിൽ യഹോവയിലേക്കു തിരിയുമ്പോഴും അവന്റെ വചനത്തിൽനിന്ന്‌ നാം മാർഗനിർദേശം തേടുമ്പോഴും വഴിനടത്തിപ്പിനായി അവന്റെ സംഘടനയിലേക്കു നോക്കുമ്പോഴും യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രകടമായിത്തീരുന്നു എന്ന്‌ മുൻ ലേഖനത്തിൽ നാം കാണുകയുണ്ടായി. അരിഷ്ടനാളുകളിൽ നമുക്ക്‌ ആ മൂന്നു പടികൾ എങ്ങനെ സ്വീകരിക്കാൻ കഴിയുമെന്ന്‌ ഇപ്പോൾ പരിചിന്തിക്കാം.

തൊഴിൽ നഷ്ടപ്പെടുകയോ വരുമാനം തുച്ഛമായിരിക്കുകയോ ചെയ്യുമ്പോൾ

3. ഈ ‘ദുർഘടസമയങ്ങളിൽ’ യഹോവയുടെ ദാസർക്ക്‌ എന്ത്‌ സാമ്പത്തിക ക്ലേശങ്ങൾ നേരിടുന്നു, ദൈവം നമ്മെ സഹായിക്കാൻ മനസ്സൊരുക്കമുള്ളവനാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

3 ഈ ‘ദുർഘടസമയങ്ങളിൽ’ ക്രിസ്‌ത്യാനികളായ നമുക്ക്‌ മറ്റ്‌ ആളുകൾക്ക്‌ ഉണ്ടാകുന്ന അതേ സാമ്പത്തിക ക്ലേശങ്ങൾതന്നെ നേരിടുന്നു. (2 തിമൊഥെയൊസ്‌ 3:1) പൊടുന്നനെ നമുക്ക്‌ തൊഴിൽ നഷ്ടമായേക്കാം. അല്ലെങ്കിൽ തുച്ഛമായ വേതനത്തിന്‌ ദീർഘനേരം ജോലിയെടുക്കാൻ നാം നിർബന്ധിതരായേക്കാം. അത്തരം സാഹചര്യങ്ങളിൽ ‘തനിക്കുള്ളവർക്കു വേണ്ടി കരുതുന്നത്‌’ ബുദ്ധിമുട്ടായിത്തീർന്നേക്കാം. (1 തിമൊഥെയൊസ്‌ 5:8) അത്യുന്നതനായ ദൈവം അത്തരം സമയങ്ങളിൽ നമ്മെ സഹായിക്കാൻ മനസ്സൊരുക്കമുള്ളവനാണോ? നിശ്ചയമായും! ഈ വ്യവസ്ഥിതിയിലെ എല്ലാ ജീവിതക്ലേശങ്ങളിൽനിന്നും യഹോവ നമ്മെ സംരക്ഷിക്കുന്നില്ല എന്നതു സത്യംതന്നെ. എന്നിരുന്നാലും, നാം അവനിൽ ആശ്രയിക്കുന്ന പക്ഷം സങ്കീർത്തനം 46:​1-ലെ വാക്കുകൾ നമ്മുടെ കാര്യത്തിൽ സത്യമെന്നു തെളിയും: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു.” എന്നാൽ, സാമ്പത്തിക ഞെരുക്കത്തിന്റെ സമയങ്ങളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

4. സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക്‌ എന്തിനായി പ്രാർഥിക്കാൻ കഴിയും, അത്തരം പ്രാർഥനകളോട്‌ യഹോവ എങ്ങനെ പ്രതികരിക്കുന്നു?

4 യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രകടമാക്കാനുള്ള ഒരു വിധം പ്രാർഥനയിൽ അവനിലേക്കു തിരിയുന്നതാണ്‌. എന്നാൽ എന്തിനു വേണ്ടിയാണ്‌ നമുക്കു പ്രാർഥിക്കാൻ കഴിയുക? സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക്‌ മുമ്പെന്നത്തേതിലുമധികം പ്രായോഗിക ജ്ഞാനം ആവശ്യമായിരുന്നേക്കാം. അതുകൊണ്ട്‌, തീർച്ചയായും അതിനുവേണ്ടി പ്രാർഥിക്കുക! യഹോവയുടെ വചനം നമുക്ക്‌ ഈ ഉറപ്പുനൽകുന്നു: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.” (യാക്കോബ്‌ 1:5) അതേ, ജ്ഞാനപൂർവകമായ തീരുമാനങ്ങളും ശരിയായ തിരഞ്ഞെടുപ്പുകളും എടുക്കാനുള്ള ജ്ഞാനത്തിനായി​—⁠അറിവ്‌, ഗ്രാഹ്യം, വിവേചന എന്നിവ നന്നായി ഉപയോഗിക്കാനുള്ള കഴിവ്‌​—⁠യഹോവയോട്‌ അപേക്ഷിക്കുക. അത്തരം പ്രാർഥനകൾ താൻ കേൾക്കുമെന്ന്‌ നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവ്‌ നമുക്ക്‌ ഉറപ്പു നൽകുന്നു. തന്നിൽ മുഴു ഹൃദയാ ആശ്രയിക്കുന്നവരുടെ പാതകളെ നേരെയാക്കാൻ അവൻ എപ്പോഴും മനസ്സൊരുക്കമുള്ളവനാണ്‌.​—⁠സങ്കീർത്തനം 65:2; സദൃശവാക്യങ്ങൾ 3:5, 6.

5, 6. (എ) സാമ്പത്തിക ബുദ്ധിമുട്ടുകളെ കൈകാര്യം ചെയ്യാനുള്ള സഹായത്തിനായി നാം ദൈവവചനത്തിലേക്കു നോക്കുന്നതു ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) തൊഴിൽ നഷ്ടമാകുന്ന ഒരു സാഹചര്യത്തിൽ ഉത്‌കണ്‌ഠയെ ലഘൂകരിക്കുന്നതിന്‌ നമുക്ക്‌ എന്തു ചെയ്യാവുന്നതാണ്‌?

5 മാർഗനിർദേശത്തിനായി ദൈവവചനത്തിലേക്കു നോക്കുന്നതാണ്‌ നാം യഹോവയിൽ ആശ്രയിക്കുന്നു എന്നു പ്രകടമാക്കാനുള്ള മറ്റൊരു വിധം. ബൈബിളിൽ കാണുന്ന അവന്റെ ജ്ഞാനപൂർവകമായ ഓർമിപ്പിക്കലുകൾ “വളരെ ആശ്രയയോഗ്യം” എന്നു തെളിഞ്ഞിരിക്കുന്നവയാണ്‌. (സങ്കീർത്തനം 93:​5, NW) 1,900-ത്തിലേറെ വർഷങ്ങൾക്കു മുമ്പ്‌ പൂർത്തിയാക്കപ്പെട്ടതാണെങ്കിലും ആ നിശ്വസ്‌ത പുസ്‌തകത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളെ മെച്ചമായി കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുന്ന ആശ്രയയോഗ്യമായ ബുദ്ധിയുപദേശവും സൂക്ഷ്‌മമായ ഉൾക്കാഴ്‌ചയും അടങ്ങിയിരിക്കുന്നു. ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.

6 ജ്ഞാനിയായ ശലോമോൻ രാജാവ്‌ ദീർഘനാളുകൾക്കു മുമ്പ്‌ ഇങ്ങനെ എഴുതി: “വേലചെയ്യുന്ന മനുഷ്യൻ അല്‌പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.” (സഭാപ്രസംഗി 5:12) നമ്മുടെ ഭൗതിക വസ്‌തുവകകൾ കേടുപോക്കാനും വൃത്തിയാക്കാനും പരിപാലിക്കാനും സംരക്ഷിക്കാനും സമയവും പണവും ആവശ്യമാണ്‌. അതുകൊണ്ട്‌ തൊഴിൽ നഷ്ടമാകുന്ന ഒരു സന്ദർഭത്തിൽ, ആവശ്യങ്ങളെ ആഗ്രഹങ്ങളിൽനിന്ന്‌ വേർതിരിച്ചു കാണാൻ ഒരു ശ്രമം നടത്തിക്കൊണ്ട്‌ നമ്മുടെ ജീവിതശൈലിയെ നമുക്കു പുനഃപരിശോധിക്കാവുന്നതാണ്‌. ഉത്‌കണ്‌ഠ ലഘൂകരിക്കുന്നതിന്‌, ചില മാറ്റങ്ങൾ വരുത്തുന്നത്‌ ബുദ്ധിയായിരുന്നേക്കാം. ഉദാഹരണത്തിന്‌, വലിപ്പം കുറഞ്ഞ ഒരു വീട്ടിലേക്കു താമസം മാറിക്കൊണ്ടോ നിങ്ങളുടെ പക്കലുള്ള അനാവശ്യ വസ്‌തുവകകൾ വേണ്ടെന്നു വെച്ചുകൊണ്ടോ മറ്റോ ജീവിതം ലളിതമാക്കുക സാധ്യമാണോ?​—⁠മത്തായി 6:⁠22, NW.

7, 8. (എ) ഭൗതിക കാര്യങ്ങളെ കുറിച്ച്‌ അമിതമായി വിചാരപ്പെടാനുള്ള അപൂർണ മനുഷ്യരുടെ പ്രവണതയെ കുറിച്ച്‌ താൻ ബോധവാനാണെന്ന്‌ യേശു പ്രകടമാക്കിയത്‌ എങ്ങനെ? (അടിക്കുറിപ്പു കൂടെ കാണുക.) (ബി) അനാവശ്യമായ ഉത്‌കണ്‌ഠ ഒഴിവാക്കാൻ കഴിയുന്ന വിധത്തെ കുറിച്ച്‌ ജ്ഞാനപൂർവകമായ എന്തു ബുദ്ധിയുപദേശം യേശു പ്രദാനം ചെയ്‌തു?

7 ഗിരിപ്രഭാഷണത്തിൽ യേശു ഈ ബുദ്ധിയുപദേശം നൽകി: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുത്‌ [“ഉത്‌കണ്‌ഠാകുലരാകുന്നത്‌ നിറുത്തുക,” NW].” * (മത്തായി 6:25) അപൂർണ മനുഷ്യർ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനെപ്പറ്റി സ്വാഭാവികമായിത്തന്നെ ഉത്‌കണ്‌ഠയുള്ളവരാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. എന്നാൽ, അത്തരം കാര്യങ്ങളെ കുറിച്ച്‌ ‘ഉത്‌കണ്‌ഠാകുലരാകുന്നത്‌ നിറുത്താൻ’ നമുക്ക്‌ എങ്ങനെ കഴിയും? ‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക’ (NW) എന്ന്‌ യേശു പറഞ്ഞു. എന്തൊക്കെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും, യഹോവയുടെ ആരാധനയ്‌ക്ക്‌ നാം ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ തുടരണം. അങ്ങനെ ചെയ്യുന്ന പക്ഷം, ദിവസേന ആവശ്യമുള്ളതൊക്കെയും നമുക്കു ‘കിട്ടുന്നു’ എന്ന്‌ നമ്മുടെ സ്വർഗീയ പിതാവ്‌ ഉറപ്പുവരുത്തും. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുക അവൻ സാധ്യമാക്കിത്തീർക്കും.​—⁠മത്തായി 6:​33.

8 യേശു കൂടുതലായ ഈ ബുദ്ധിയുപദേശം നൽകി: “നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ.” (മത്തായി 6:34) നാളെ എന്തു സംഭവിച്ചേക്കാം എന്നതിനെ ചൊല്ലി അമിതമായി ഉത്‌കണ്‌ഠപ്പെടുന്നത്‌ ബുദ്ധിയല്ല. ഒരു പണ്ഡിതൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പലപ്പോഴും ഭാവി നാം ഭയപ്പെടുന്നത്ര ഇരുളടഞ്ഞതല്ല.” അതിപ്രധാനമായ സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താനും അന്നന്നത്തെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകാനും ഉള്ള ബൈബിളിന്റെ ബുദ്ധിയുപദേശം താഴ്‌മയോടെ അനുസരിക്കുന്നത്‌ അനാവശ്യമായ ഉത്‌കണ്‌ഠ ഒഴിവാക്കാൻ നമ്മെ സഹായിക്കും.​—⁠1 പത്രൊസ്‌ 5:6, 7.

9. സാമ്പത്തിക ക്ലേശങ്ങളെ അഭിമുഖീകരിക്കുമ്പോൾ “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിൽ നമുക്ക്‌ എന്തു സഹായം കണ്ടെത്താനായേക്കാം?

9 സാമ്പത്തിക ക്ലേശങ്ങളെ അഭിമുഖീകരിക്കുമ്പോൾ യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രകടമാക്കാൻ കഴിയുന്ന മറ്റൊരു വിധം സഹായത്തിനായി “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലേക്കു തിരിയുക എന്നതാണ്‌. (മത്തായി 24:​45, NW) സാമ്പത്തിക വെല്ലുവിളികളെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ബുദ്ധിയുപദേശങ്ങളും നിർദേശങ്ങളും അടങ്ങിയ പല ലേഖനങ്ങളും ഉണരുക! മാസികയിൽ വന്നിട്ടുണ്ട്‌. 1991 ആഗസ്റ്റ്‌ 8 ലക്കത്തിൽ (ഇംഗ്ലീഷ്‌) വന്ന “തൊഴിൽ നഷ്ടം​—⁠പരിഹാരങ്ങൾ എന്തെല്ലാം?” എന്ന ലേഖനം, തൊഴിലില്ലായ്‌മയെ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തിൽ സാമ്പത്തികമായും വൈകാരികമായും സ്ഥിരത നിലനിറുത്താൻ അനേകരെ സഹായിച്ച എട്ടു പ്രായോഗിക മാർഗനിർദേശങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. * തീർച്ചയായും, അത്തരം മാർഗനിർദേശങ്ങൾ പിൻപറ്റുന്നതോടൊപ്പം പണത്തിന്റെ യഥാർഥ പ്രാധാന്യം സംബന്ധിച്ച ഉചിതമായ വീക്ഷണം നിലനിറുത്തുകയും വേണം. ഇതേക്കുറിച്ച്‌ അതേ ലക്കത്തിൽത്തന്നെ വന്ന “പണത്തെക്കാൾ അത്യന്താപേക്ഷിതമായ ഒന്ന്‌” എന്ന ലേഖനത്തിൽ ചർച്ചചെയ്യുകയുണ്ടായി.​—⁠സഭാപ്രസംഗി 7:⁠12.

ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുമ്പോൾ

10. ഗുരുതരമായ രോഗത്താൽ ക്ലേശം അനുഭവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നത്‌ പ്രായോഗികമാണെന്ന്‌ ദാവീദ്‌ രാജാവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നത്‌ എങ്ങനെ?

10 ഗുരുതരമായ രോഗത്താൽ ക്ലേശം അനുഭവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നത്‌ പ്രായോഗികമാണോ? തീർച്ചയായും! തന്റെ ജനത്തിനിടയിലെ രോഗികളോട്‌ യഹോവയ്‌ക്ക്‌ സമാനുഭാവം ഉണ്ട്‌. അതിലുപരി, അവൻ സഹായിക്കാൻ മനസ്സൊരുക്കം ഉള്ളവനാണ്‌. ദൃഷ്ടാന്തത്തിന്‌ ദാവീദ്‌ രാജാവിന്റെ കാര്യമെടുക്കുക. നീതിമാനായ ഒരു രോഗിയോടുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ച്‌ എഴുതിയപ്പോൾ അവൻതന്നെ ഗുരുതരമായ രോഗാവസ്ഥയിൽ ആയിരുന്നിരിക്കാം. അവൻ പറഞ്ഞു: “യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാററിവിരിക്കുന്നു.” (സങ്കീർത്തനം 41:1, 3, 7, 8) ദാവീദ്‌ ദൈവത്തിൽ ശക്തമായി ആശ്രയിക്കുന്നതിൽ തുടർന്നു, ഒടുവിൽ രാജാവിന്റെ രോഗം ഭേദമായി. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുമ്പോൾ നമുക്ക്‌ ദൈവത്തിലുള്ള ആശ്രയം എങ്ങനെ പ്രകടമാക്കാൻ കഴിയും?

11. രോഗത്താൽ ക്ലേശം അനുഭവിക്കുമ്പോൾ നമ്മുടെ സ്വർഗീയ പിതാവിനോട്‌ നമുക്ക്‌ എന്തിനായി അപേക്ഷിക്കാവുന്നതാണ്‌?

11 രോഗത്താൽ ക്ലേശം അനുഭവിക്കുമ്പോൾ യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രകടമാക്കാനുള്ള ഒരു വിധം, സഹിച്ചുനിൽക്കാനുള്ള സഹായത്തിനായി പ്രാർഥനയിൽ അവനോടു യാചിക്കുക എന്നതാണ്‌. “പ്രായോഗിക ജ്ഞാനം” ഉപയോഗപ്പെടുത്തി നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്ന അളവിലുള്ള ആരോഗ്യം പ്രാപിക്കുന്നതിനു വേണ്ടി പ്രവർത്തിക്കാനുള്ള സഹായത്തിനായി നമുക്ക്‌ യഹോവയോട്‌ അപേക്ഷിക്കാവുന്നതാണ്‌. (സദൃശവാക്യങ്ങൾ 3:​21, NW) രോഗാവസ്ഥയിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ ക്ഷമയും സഹിഷ്‌ണുതയും പ്രകടമാക്കാനുള്ള സഹായത്തിനായും നമുക്ക്‌ അവനോടു യാചിക്കാൻ കഴിയും. സർവോപരി, എന്തു സംഭവിച്ചാലും സമനില നഷ്ടപ്പെടാതെ യഹോവയോട്‌ വിശ്വസ്‌തരായി തുടരാനുള്ള ശക്തി പ്രദാനം ചെയ്‌തുകൊണ്ട്‌ നമ്മെ താങ്ങിനിറുത്തേണമേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കാൻ നാം ആഗ്രഹിക്കും. (ഫിലിപ്പിയർ 4:13) നമ്മുടെ ഇപ്പോഴത്തെ ജീവൻ നിലനിറുത്തുന്നതിനെക്കാൾ പ്രധാനം ദൈവത്തോടുള്ള നമ്മുടെ ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിക്കുന്നതാണ്‌. നാം നമ്മുടെ ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിക്കുന്ന പക്ഷം, മഹാ പ്രതിഫല ദാതാവ്‌ പൂർണ ജീവനും പൂർണ ആരോഗ്യവും നിത്യമായി ആസ്വദിക്കാനുള്ള അവസരം നമുക്കു പ്രദാനം ചെയ്യും.​—⁠എബ്രായർ 11:⁠6.

12. വൈദ്യചികിത്സയോടുള്ള ബന്ധത്തിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ ഏതു തിരുവെഴുത്തു തത്ത്വങ്ങൾ നമ്മെ സഹായിക്കും?

12 യഹോവയിലുള്ള ആശ്രയം പ്രായോഗിക മാർഗനിർദേശത്തിനായി അവന്റെ വചനമായ ബൈബിളിലേക്കു നോക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ വൈദ്യചികിത്സയോടുള്ള ബന്ധത്തിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കും. ഉദാഹരണത്തിന്‌, ബൈബിൾ “ആത്മവിദ്യാചാര”ത്തെ കുറ്റം വിധിക്കുന്നുവെന്ന അറിവ്‌ ആത്മവിദ്യ ഉൾപ്പെടുന്ന ഏതു രോഗനിർണയ-ചികിത്സാ നടപടികളും ഒഴിവാക്കാൻ നമ്മെ പ്രേരിപ്പിക്കും. (ഗലാത്യർ 5:19-21, NW; ആവർത്തനപുസ്‌തകം 18:10-12) ബൈബിളിൽ അടങ്ങിയിരിക്കുന്ന ആശ്രയയോഗ്യമായ ജ്ഞാനത്തിന്റെ മറ്റൊരു ഉദാഹരണം ഇതാ: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) അതുകൊണ്ട്‌, വൈദ്യചികിത്സയെ കുറിച്ചു ചിന്തിക്കുമ്പോൾ “ഏതു വാക്കും വിശ്വസിക്കു”ന്നതിനു പകരം ആശ്രയയോഗ്യമായ വിവരങ്ങൾക്കായി അന്വേഷണം നടത്തുന്നത്‌ ബുദ്ധിയാണ്‌. അത്തരം ‘സുബോധം’ നമുക്കുള്ള തിരഞ്ഞെടുപ്പുകളെ ശ്രദ്ധാപൂർവം വിലയിരുത്താനും കാര്യജ്ഞാനത്തോടെയുള്ള ഒരു തീരുമാനം എടുക്കാനും നമ്മെ സഹായിക്കും.​—⁠തീത്തൊസ്‌ 2:​13.

13, 14. (എ) വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ വിജ്ഞാനപ്രദമായ ഏതു ലേഖനങ്ങളാണ്‌ വന്നിട്ടുള്ളത്‌? (17-ാം പേജിലെ ചതുരം കാണുക.) (ബി) സ്ഥായിയായ ആരോഗ്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ എന്തു ബുദ്ധിയുപദേശം 2001 ജനുവരി 22 ലക്കം ഉണരുക!യിൽ (ഇംഗ്ലീഷ്‌) വരുകയുണ്ടായി?

13 വിശ്വസ്‌ത അടിമ പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിൽ അന്വേഷണം നടത്തിക്കൊണ്ടും നമുക്ക്‌ യഹോവയിലുള്ള ആശ്രയം പ്രകടമാക്കാനാകും. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ നാനാതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെയും രോഗങ്ങളെയും കുറിച്ചുള്ള വിജ്ഞാനപ്രദമായ ലേഖനങ്ങൾ പലപ്പോഴായി വന്നിട്ടുണ്ട്‌. * പല തരത്തിലുള്ള തകരാറുകൾ, രോഗങ്ങൾ, വൈകല്യങ്ങൾ എന്നിവയെ വിജയകരമായി തരണം ചെയ്‌തിട്ടുള്ള വ്യക്തികളെ കുറിച്ചുള്ള ലേഖനങ്ങളും ഈ മാസികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിനു പുറമേ, അവയിൽ വന്നിട്ടുള്ള ചില ലേഖനങ്ങളിൽ സ്ഥായിയായ ആരോഗ്യ പ്രശ്‌നങ്ങളുമായി പൊരുത്തപ്പെട്ട്‌ എങ്ങനെ ജീവിക്കാൻ കഴിയും എന്നതു സംബന്ധിച്ച തിരുവെഴുത്തു നിർദേശങ്ങളും പ്രായോഗിക ബുദ്ധിയുപദേശവും അടങ്ങിയിരിക്കുന്നു.

14 ഉദാഹരണത്തിന്‌, 2001 ജനുവരി 22 ലക്കം ഉണരുക!-യിൽ (ഇംഗ്ലീഷ്‌) “രോഗികൾക്ക്‌ ആശ്വാസം” എന്ന ആമുഖ ലേഖനപരമ്പര വരുകയുണ്ടായി. ആ ലേഖനങ്ങളിൽ സഹായകമായ ബൈബിൾ തത്ത്വങ്ങളും ദുർബലീകരിക്കുന്ന രോഗത്തോട്‌ വർഷങ്ങളായി മല്ലിട്ടുകൊണ്ടിരിക്കുന്ന കാര്യവിവരമുള്ള വ്യക്തികളുമായുള്ള അഭിമുഖങ്ങളിൽനിന്നു നേരിട്ടു സമാഹരിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. “നിങ്ങളുടെ രോഗവുമായി വിജയകരമായി കഴിഞ്ഞുകൂടൽ​—⁠എങ്ങനെ?” എന്ന ലേഖനം പിൻവരുന്ന ബുദ്ധിയുപദേശം പ്രദാനം ചെയ്‌തു: നിങ്ങളുടെ രോഗത്തെ കുറിച്ചു ന്യായമായി പഠിക്കാൻ കഴിയുന്ന അത്രയും പഠിക്കുക. (സദൃശവാക്യങ്ങൾ 24:5) പ്രായോഗികമായ ലക്ഷ്യങ്ങൾ വെക്കുക. മറ്റുള്ളവരെ സഹായിക്കാനുള്ള ലക്ഷ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു, എന്നാൽ മറ്റുള്ളവർക്ക്‌ എത്തിച്ചേരാൻ കഴിയുന്ന അതേ ലക്ഷ്യങ്ങളിൽ നിങ്ങൾക്ക്‌ എത്തിച്ചേരാൻ കഴിഞ്ഞേക്കുകയില്ലെന്ന്‌ ഓർമിക്കുക. (പ്രവൃത്തികൾ 20:35; ഗലാത്യർ 6:4, NW) മറ്റുള്ളവരിൽനിന്ന്‌ നിങ്ങളെത്തന്നെ ഒറ്റപ്പെടുത്താതിരിക്കുക. (സദൃശവാക്യങ്ങൾ 18:1) നിങ്ങളെ സന്ദർശിക്കുന്നത്‌ മറ്റുള്ളവർക്ക്‌ സന്തോഷകരമായ ഒരു അനുഭവം ആക്കിത്തീർക്കുക. (സദൃശവാക്യങ്ങൾ 17:22) എല്ലാറ്റിലുമുപരിയായി, യഹോവയുമായും സഭയുമായും ഒരു അടുത്ത ബന്ധം നിലനിറുത്തുക. (നഹൂം 1:7; റോമർ 1:11, 12) യഹോവ തന്റെ സംഘടനയിലൂടെ പ്രദാനം ചെയ്യുന്ന ആശ്രയയോഗ്യമായ മാർഗനിർദേശത്തിന്‌ നാം നന്ദിയുള്ളവരല്ലേ?

ഒരു ജഡിക ബലഹീനത വിട്ടുമാറാത്തപ്പോൾ

15. അപ്പൊസ്‌തലനായ പൗലൊസിന്‌ അപൂർണ ജഡത്തിന്റെ ബലഹീനതകൾക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ കഴിഞ്ഞത്‌ എങ്ങനെ, നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

15 “എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (റോമർ 7:18) അപൂർണ ജഡത്തിന്റെ മോഹങ്ങൾക്കും ബലഹീനതകൾക്കും എതിരെ പോരാടുക എന്നത്‌ എത്ര ബുദ്ധിമുട്ടാണെന്ന്‌ തന്റെ സ്വന്തം അനുഭവത്തിൽനിന്നു പൗലൊസ്‌ മനസ്സിലാക്കിയിരുന്നു. എന്നാൽ, അതോടൊപ്പംതന്നെ തനിക്കു വിജയിക്കാൻ കഴിയുമെന്ന ബോധ്യവും പൗലൊസിന്‌ ഉണ്ടായിരുന്നു. (1 കൊരിന്ത്യർ 9:26, 27) എങ്ങനെ? യഹോവയിൽ പൂർണമായി ആശ്രയിക്കുന്നതിലൂടെ. അതുകൊണ്ടാണ്‌ പൗലൊസിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞത്‌: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്‌തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു.” (റോമർ 7:24, 25) നമ്മെ സംബന്ധിച്ചെന്ത്‌? നമുക്കും ജഡിക ബലഹീനതകൾക്കെതിരെ ഒരു പോരാട്ടമുണ്ട്‌. അത്തരം ബലഹീനതകളുമായി മല്ലിടവേ, നമുക്ക്‌ ഒരിക്കലും വിജയിക്കാനാവില്ല എന്ന്‌ തീർച്ചപ്പെടുത്തിക്കൊണ്ട്‌ ശുഭാപ്‌തിവിശ്വാസം കൈവിട്ടുകളയുക എളുപ്പമാണ്‌. എന്നാൽ പൗലൊസിനെ പോലെ നാം നമ്മുടെ സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കാതെ യഹോവയിൽ വാസ്‌തവമായും ആശ്രയിക്കുന്നെങ്കിൽ അവൻ നമ്മെ സഹായിക്കും.

16. ഒരു ജഡിക ബലഹീനത വിട്ടുമാറാത്തപ്പോൾ നാം എന്തിനായി പ്രാർഥിക്കണം, ബലഹീനത വീണ്ടും തലപൊക്കുന്നെങ്കിൽ നാം എന്തു ചെയ്യണം?

16 ഒരു ജഡിക ബലഹീനത വിട്ടുമാറാതെ വരുമ്പോൾ, പ്രാർഥനയിൽ യഹോവയോടു യാചിച്ചുകൊണ്ട്‌ അവനിൽ ആശ്രയിക്കുന്നുവെന്ന്‌ നമുക്കു പ്രകടമാക്കാൻ കഴിയും. പരിശുദ്ധാത്മാവിന്റെ സഹായത്തിനായി നാം യഹോവയോട്‌ ചോദിക്കണം, യാചിക്കുകതന്നെ വേണം. (ലൂക്കൊസ്‌ 11:9-13) ദൈവാത്മാവിന്റെ ഫലങ്ങളിൽ ഒന്നായ ആത്മനിയന്ത്രണത്തിനു (ഇന്ദ്രിയജയം) വേണ്ടി നമുക്ക്‌ പ്രത്യേകം അപേക്ഷിക്കാൻ കഴിയും. (ഗലാത്യർ 5:22, 23) ബലഹീനത വീണ്ടും തലപൊക്കുന്നെങ്കിൽ നാം എന്തു ചെയ്യണം? ഒരിക്കലും ശ്രമം ഉപേക്ഷിച്ചു കളയരുത്‌. നമ്മുടെ കരുണാമയനായ ദൈവത്തോട്‌ അവന്റെ ക്ഷമയ്‌ക്കും സഹായത്തിനുമായി താഴ്‌മയോടെ പ്രാർഥിക്കുന്നതിൽ നമുക്ക്‌ ഒരിക്കലും ക്ഷീണിച്ചുപോകാതിരിക്കാം. കുറ്റബോധമുള്ള മനസ്സാക്ഷിയുടെ ഭാരത്താൽ “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ” യഹോവ ഒരിക്കലും തള്ളിക്കളയുകയില്ല. (സങ്കീർത്തനം 51:17) ആത്മാർഥവും പശ്ചാത്താപനിർഭരവുമായ ഒരു ഹൃദയത്തോടെ നാം യഹോവയോട്‌ അപേക്ഷിക്കുന്നെങ്കിൽ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ അവൻ നമ്മെ സഹായിക്കും.​—⁠ഫിലിപ്പിയർ 4:6, 7.

17. (എ) നാം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക ബലഹീനതയെ കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്തു തോന്നുന്നു എന്നതിനെപ്പറ്റി ധ്യാനിക്കുന്നത്‌ സഹായകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) മുൻകോപത്തെ നിയന്ത്രിക്കാനോ നാവിനു കടിഞ്ഞാണിടാനോ അനാരോഗ്യകരമായ വിനോദത്തിൽ ഏർപ്പെടാനുള്ള പ്രവണതയെ ചെറുക്കാനോ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നവരാണ്‌ നമ്മളെങ്കിൽ നമുക്ക്‌ ഏതു തിരുവെഴുത്തുകൾ മനഃപാഠമാക്കാവുന്നതാണ്‌?

17 സഹായത്തിനായി യഹോവയുടെ വചനത്തിൽ അന്വേഷണം നടത്തിക്കൊണ്ടും അവനിൽ ആശ്രയിക്കുന്നുവെന്ന്‌ നമുക്കു പ്രകടമാക്കാൻ കഴിയും. ഒരു ബൈബിൾ കൺകോർഡൻസോ വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ വർഷാവസാന ലക്കത്തിൽ വരുന്ന സൂചികയോ ഉപയോഗിച്ച്‌ ‘ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക ബലഹീനതയെ കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്തു തോന്നുന്നു’ എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്ക്‌ അന്വേഷിക്കാൻ കഴിയും. ആ സംഗതിയെ സംബന്ധിച്ച്‌ യഹോവയ്‌ക്ക്‌ എന്തു തോന്നുന്നു എന്നതിനെ പറ്റി ധ്യാനിക്കുന്നത്‌ അവനെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ ശക്തിപ്പെടുത്തും. അങ്ങനെ യഹോവയ്‌ക്കു തോന്നുന്നതുപോലെതന്നെ നമുക്കും തോന്നിത്തുടങ്ങുകയും അവൻ വെറുക്കുന്നതിനെ നാമും വെറുക്കുകയും ചെയ്യും. (സങ്കീർത്തനം 97:10) തങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക ബലഹീനതയുമായി ബന്ധപ്പെട്ട ബൈബിൾ വാക്യങ്ങൾ മനഃപാഠമാക്കുന്നത്‌ സഹായകമാണെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു. മുൻകോപത്തെ നിയന്ത്രിക്കാനാണോ നാം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നത്‌? എങ്കിൽ സദൃശവാക്യങ്ങൾ 14:​17, എഫെസ്യർ 4:31 എന്നിങ്ങനെയുള്ള വാക്യങ്ങൾ നമുക്ക്‌ മനഃപാഠമാക്കാവുന്നതാണ്‌. നാവിനു കടിഞ്ഞാണിടാൻ നമുക്കു ബുദ്ധിമുട്ടു തോന്നുന്നുവോ? അങ്ങനെയെങ്കിൽ സദൃശവാക്യങ്ങൾ 12:​18, എഫെസ്യർ 4:29 എന്നീ വാക്യങ്ങൾ ഹൃദിസ്ഥമാക്കാൻ കഴിഞ്ഞേക്കും. ഇനി അനാരോഗ്യകരമായ വിനോദത്തിൽ ഏർപ്പെടാനുള്ള പ്രവണതയാണോ നമുക്കുള്ളത്‌? എഫെസ്യർ 5:​3, കൊലൊസ്സ്യർ 3:5 എന്നിങ്ങനെയുള്ള വാക്യങ്ങൾ ഓർമിക്കാൻ നമുക്കു ശ്രമിക്കാവുന്നതാണ്‌.

18. നമ്മുടെ ബലഹീനതയെ തരണം ചെയ്യാനുള്ള സഹായത്തിനായി മൂപ്പന്മാരെ സമീപിക്കുന്നതിൽനിന്ന്‌ നമ്മെ തടയാൻ ലജ്ജയെ നാം അനുവദിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

18 സഭയിലെ ആത്മനിയമിത മൂപ്പന്മാരുടെ സഹായം തേടുന്നത്‌ യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രകടമാക്കാനുള്ള മറ്റൊരു വിധമാണ്‌. (പ്രവൃത്തികൾ 20:28) യഹോവ തന്റെ ആടുകളെ സംരക്ഷിക്കാനും പരിപാലിക്കാനുമായി ക്രിസ്‌തുവിലൂടെ ചെയ്‌തിരിക്കുന്ന ഒരു കരുതലാണല്ലോ ഈ ‘മനുഷ്യരാം ദാനങ്ങൾ.’ (എഫെസ്യർ 4:7, 8, NW, 11-14) ഒരു ബലഹീനതയെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സഹായം ചോദിക്കുക എളുപ്പമല്ലായിരുന്നേക്കാം എന്നതു ശരിതന്നെ. മൂപ്പന്മാർ നമ്മെ കുറിച്ച്‌ എന്തു വിചാരിക്കും എന്നോർത്ത്‌ അവരുടെ അടുത്തേക്കു ചെല്ലാൻ നമുക്കു ലജ്ജ തോന്നിയേക്കാം. എന്നാൽ സഹായം ചോദിക്കാൻ മാത്രം ധൈര്യം പ്രകടമാക്കിയതിന്റെ പേരിൽ ആത്മീയ പക്വതയുള്ള ഈ പുരുഷന്മാർക്ക്‌ നമ്മോട്‌ ആദരവ്‌ തോന്നുകയേ ഉള്ളൂ. അതു മാത്രമല്ല, ആട്ടിൻകൂട്ടത്തോടുള്ള ഇടപെടലിൽ യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നവരാണ്‌ മൂപ്പന്മാർ. ദൈവവചനത്തിൽനിന്ന്‌ അവർ പകർന്നുതരുന്ന ആശ്വാസദായകവും പ്രായോഗികവുമായ ബുദ്ധിയുപദേശവും പ്രബോധനവും ആയിരിക്കാം ബലഹീനതയെ തരണംചെയ്യാൻ തക്കവണ്ണം നമ്മുടെ തീരുമാനത്തെ ബലിഷ്‌ഠമാക്കാൻ നമുക്ക്‌ ആവശ്യമായിരിക്കുന്നതും.—യാക്കോബ്‌ 5:14-16.

19. (എ) ഈ വ്യവസ്ഥിതിയിലെ ജീവിതത്തിന്റെ വ്യർഥതയെ സാത്താൻ ഏതു വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു? (ബി) ആശ്രയത്തിൽ എന്ത്‌ ഉൾപ്പെടുന്നു, നമ്മുടെ ദൃഢ തീരുമാനം എന്തായിരിക്കണം?

19 തന്റെ കാലം ചുരുങ്ങിയിരിക്കുന്നു എന്ന്‌ സാത്താന്‌ അറിയാം എന്ന സംഗതി ഒരിക്കലും മറക്കരുത്‌. (വെളിപ്പാടു 12:12) നമ്മെ നിരുത്സാഹപ്പെടുത്താനും മടുത്തു പിന്മാറുന്നതിനു പ്രേരിപ്പിക്കാനും ഈ ലോകത്തിലെ ജീവിതത്തിന്റെ വ്യർഥതയെ ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കുന്നു. റോമർ 8:35-39-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളിൽ നമുക്ക്‌ പൂർണ വിശ്വാസം ഉണ്ടായിരിക്കാം. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ക്രിസ്‌തുവിന്റെ സ്‌നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? . . . നാമോ നമ്മെ സ്‌നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്‌ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” യഹോവയിലുള്ള ആശ്രയം നിറഞ്ഞുതുളുമ്പുന്ന ഒരു പ്രസ്‌താവന, അല്ലേ? എന്നിരുന്നാലും അത്തരം ആശ്രയം വെറുമൊരു വികാരമല്ല. പകരം നമ്മുടെ അനുദിന ജീവിതത്തിൽ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. അതുകൊണ്ട്‌ അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.

[അടിക്കുറിപ്പുകൾ]

^ ഖ. 1 യു.എ⁠സ്‌. നാണയനിർമാണശാലയിലേക്ക്‌ 1861 നവംബർ 20-ന്‌ അയച്ച ഒരു കത്തിൽ ട്രഷറി സെക്രട്ടറി സാമൻ പി. ചെയ്‌സ്‌ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ ശക്തിയാലല്ലാതെ ഒരു രാഷ്‌ട്രത്തിനും ശക്തമായിരിക്കാനോ ദൈവത്തിന്റെ സംരക്ഷണമില്ലാതെ ഒരു രാഷ്‌ട്രത്തിനും സുരക്ഷിതമായിരിക്കാനോ കഴിയില്ല. ദൈവത്തിലുള്ള നമ്മുടെ ജനത്തിന്റെ ആശ്രയം നമ്മുടെ ദേശീയ നാണയത്തുട്ടുകളിൽ പ്രഖ്യാപിക്കപ്പെടണം.” തത്‌ഫലമായി, “ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു” എന്ന മുദ്രാവാക്യം ഐക്യനാടുകളിൽ പ്രചാരത്തിലിരുന്ന ഒരു നാണയത്തുട്ടിൽ 1864-ൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.

^ ഖ. 7 ഇവിടെ പരാമർശിച്ചിരിക്കുന്ന ഉത്‌കണ്‌ഠ “ജീവിതത്തിൽനിന്ന്‌ സകല സന്തോഷവും കവർന്നുകളയുന്ന ആശങ്ക കലർന്ന ഭയം” ആണെന്നു പറയപ്പെട്ടിരിക്കുന്നു. “വിചാരപ്പെടരുത്‌” അല്ലെങ്കിൽ “ഉത്‌കണ്‌ഠാകുലരാകേണ്ട” എന്നിങ്ങനെയുള്ള പരിഭാഷകൾ നാം വിചാരപ്പെടാനോ ഉത്‌കണ്‌ഠപ്പെടാനോ തുടങ്ങരുത്‌ എന്നാണു സൂചിപ്പിക്കുന്നത്‌. എന്നാൽ ഒരു പരാമർശ കൃതി ഇങ്ങനെ പറയുന്നു: “ഗ്രീക്ക്‌ ക്രിയ വർത്തമാനകാല ആജ്ഞാപകത്തിൽ ഉള്ളതാണ്‌. അത്‌ തുടങ്ങിക്കഴിഞ്ഞ ഒരു പ്രവർത്തനം നിറുത്തുന്നതിനുള്ള ആജ്ഞയെ സൂചിപ്പിക്കുന്നു.”

^ ഖ. 9 പിൻവരുന്നവയാണ്‌ ആ എട്ട്‌ മാർഗനിർദേശങ്ങൾ: (1) പരിഭ്രമിക്കാതിരിക്കുക; (2) ക്രിയാത്മക വീക്ഷണം നിലനിറുത്തുക; (3) പുതിയ തരം ജോലികൾ സ്വീകരിക്കാൻ ഒരുക്കമുള്ളവരായിരിക്കുക; (4) മറ്റുള്ളവരുടെയല്ല, നിങ്ങളുടെ വരുമാനത്തിനൊത്ത്‌ ജീവിക്കുക; (5) സാധനങ്ങൾ കടമായി വാങ്ങുന്നതു സംബന്ധിച്ച്‌ ശ്രദ്ധയുള്ളവരായിരിക്കുക; (6) കുടുംബ ഐക്യം നിലനിറുത്തുക; (7) നിങ്ങളുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുക; (8) ഒരു ബജറ്റ്‌ തയ്യാറാക്കുക.

^ ഖ. 13 ഈ ബൈബിളധിഷ്‌ഠിത മാസികകൾ ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുകയോ ഉന്നമിപ്പിക്കുകയോ ചെയ്യുന്നില്ല. ഈ കാര്യത്തിൽ ഓരോ വ്യക്തിയും സ്വന്തമായ തീരുമാനം കൈക്കൊള്ളേണ്ടതാണെന്ന്‌ അതു തിരിച്ചറിയുന്നു. പ്രത്യേക രോഗങ്ങളെയോ തകരാറുകളെയോ കുറിച്ചുള്ള ലേഖനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്‌ പ്രസ്‌തുത വിഷയത്തെ കുറിച്ച്‌ ഇപ്പോൾ അറിയാവുന്ന വസ്‌തുതകൾ വായനക്കാർക്ക്‌ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നുവെന്ന്‌ നമുക്ക്‌ ഏതു വിധങ്ങളിൽ പ്രകടമാക്കാൻ കഴിയും?

• ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുമ്പോൾ നമുക്ക്‌ എങ്ങനെ ദൈവത്തിലുള്ള ആശ്രയം പ്രകടമാക്കാൻ കഴിയും?

• ഒരു ജഡിക ബലഹീനത വിട്ടുമാറാത്തപ്പോൾ യഹോവയിൽ വാസ്‌തവമായും ആശ്രയിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[17 -ാം പേജിലെ ചതുരം]

നിങ്ങൾ ഈ ലേഖനങ്ങൾ ഓർമിക്കുന്നുവോ?

നാം ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുമ്പോൾ രോഗങ്ങളെയും വൈകല്യങ്ങളെയും വിജയകരമായി നേരിട്ടിരിക്കുന്ന മറ്റുള്ളവരെ കുറിച്ച്‌ വായിക്കുന്നത്‌ പ്രോത്സാഹജനകമാണ്‌. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വന്നിട്ടുള്ള ചില ലേഖനങ്ങളാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌.

യഹോവ ഞങ്ങളെ സഹിഷ്‌ണുതയും സ്ഥിരോത്സാഹവും പഠിപ്പിച്ചു”​—⁠2002 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരം.

ജീവിതത്തിൽ ഉടനീളം യഹോവ എന്നെ താങ്ങിനിറുത്തിയിരിക്കുന്നുഎന്ന ലേഖനം ശരീരം തളർന്നുപോയ ഒരു വ്യക്തി ആ സാഹചര്യത്തെ കൈകാര്യം ചെയ്‌ത വിധത്തെ കുറിച്ച്‌ വിശദീകരിച്ചു.​—⁠2001 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരം.

ഒരു വെടിയുണ്ട എന്റെ ജീവിതത്തെ മാറ്റിമറിച്ചു.”​—⁠1995 ഒക്‌ടോബർ 22 ലക്കം ഉണരുക!

നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളത്‌ ആയിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാഎന്ന ലേഖനം വിഷാദോന്മാദ രോഗത്തെ നേരിടുന്നതിനെ സംബന്ധിച്ചു ചർച്ച ചെയ്‌തു.—2000 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം.

നിശ്ശബ്ദ ലോകത്തിൽനിന്നുള്ള ലോയിഡയുടെ യാത്രമസ്‌തിഷ്‌ക നാഡീസ്‌തംഭനത്തെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു.—2000 മേയ്‌ 8 ലക്കം ഉണരുക!

നിങ്ങളുടെ മകൾക്ക്‌ പ്രമേഹമുണ്ട്‌!”​—⁠1999 സെപ്‌റ്റംബർ 22 ലക്കം ഉണരുക!

അന്ധയെങ്കിലും ഉപകാരപ്രദയും സന്തുഷ്ടയും”​—⁠1999 ഫെബ്രുവരി 8 ലക്കം ഉണരുക!

പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു”​—⁠2002 സെപ്‌റ്റംബർ 8 ഉണരുക!

[15 -ാം പേജിലെ ചിത്രം]

തൊഴിൽ നഷ്ടമാകുമ്പോൾ നമ്മുടെ ജീവിതശൈലി പുനഃപരിശോധിക്കുന്നത്‌ ബുദ്ധിയായിരുന്നേക്കാം

[16 -ാം പേജിലെ ചിത്രം]

യഹോവയിലുള്ള ആശ്രയം സഹിച്ചുനിൽക്കാൻ ഒരുവനെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ ലോയിഡയുടെ അനുഭവകഥ പ്രകടമാക്കുന്നു (17-ാം പേജിലെ ചതുരം കാണുക)

[18 -ാം പേജിലെ ചിത്രം]

നമ്മുടെ ബലഹീനതകളെ തരണം ചെയ്യുന്ന കാര്യത്തിൽ സഹായം ചോദിക്കാൻ നമുക്കു ലജ്ജ തോന്നേണ്ടതില്ല