വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏക സത്യക്രിസ്‌തീയ വിശ്വാസം ഒരു യാഥാർഥ്യം

ഏക സത്യക്രിസ്‌തീയ വിശ്വാസം ഒരു യാഥാർഥ്യം

ഏക സത്യക്രിസ്‌തീയ വിശ്വാസം ഒരു യാഥാർഥ്യം

യേശുക്രിസ്‌തു ഒരു സഭയേ സ്ഥാപിച്ചുള്ളൂ. ആ സഭ ഒരു ആത്മീയ ശരീരം, ഒരു ആത്മീയ കുടുംബം ആയിരുന്നു. അതിന്റെ അർഥം, അത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ ഒരു കൂട്ടായ്‌മ ആയിരുന്നു എന്നാണ്‌. അവരെയെല്ലാം ദൈവം തന്റെ “മക്കൾ” ആയി അംഗീകരിച്ചിരുന്നു.​—⁠റോമർ 8:16, 17; ഗലാത്യർ 3:26.

ആളുകളെ സത്യത്തിലേക്കും ജീവനിലേക്കും നയിക്കാനായി ഒരു മാർഗമേ ദൈവം ഉപയോഗിക്കുന്നുള്ളു എന്ന്‌ യേശുക്രിസ്‌തു പഠിപ്പിക്കുകയുണ്ടായി. ആ സുപ്രധാന സത്യം വ്യക്തമാക്കുന്നതിനായി യേശു നിത്യജീവനിലേക്കുള്ള മാർഗത്തെ ഒരു വഴിയോട്‌ ഉപമിച്ചു. അവൻ പറഞ്ഞു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”​—⁠മത്തായി 7:13, 14; യോഹന്നാൻ 14:6; പ്രവൃത്തികൾ 4:11, 12.

ഒരു ഏകീകൃത സഭ

ഒന്നാം നൂറ്റാണ്ടിലെ സഭയെ, “ഇന്നത്തെ കത്തോലിക്ക സഭയുടെതുപോലുള്ള ലോകവ്യാപകവും സാർവജനീനവും സംഘടിതവുമായ ഒരു സമുദായം” ആയി നാം കണക്കാക്കരുതെന്ന്‌ ദ ന്യൂ ഡിക്ഷ്‌ണറി ഓഫ്‌ തിയോളജി പറയുന്നു. എന്തുകൊണ്ടാണത്‌? അത്‌ തുടരുന്നു: “സാർവത്രികവും സംഘടിതവുമായ അത്തരമൊരു സമുദായം സ്ഥിതി ചെയ്‌തിരുന്നില്ല എന്നതാണ്‌ ലളിതമായ കാരണം.”

ആദ്യകാല ക്രിസ്‌തീയ സഭയ്‌ക്ക്‌ നാം ഇന്നു കാണുന്ന അങ്ങേയറ്റം ഔപചാരികവും വ്യവസ്ഥാപിതവുമായ സഭാ ക്രമീകരണവുമായി യാതൊരു സാമ്യവുമില്ലായിരുന്നു എന്ന വസ്‌തുതയോട്‌ ആർക്കും ന്യായമായി വിയോജിക്കാനാവില്ല. എന്നാൽ ആദിമ സഭ സംഘടിതമായിരുന്നു. സഭകൾ ഓരോന്നും സ്വതന്ത്രമായല്ല പ്രവർത്തിച്ചിരുന്നത്‌. യെരൂശലേമിലെ ഭരണസംഘത്തിന്റെ അധികാരത്തെ അവയെല്ലാം അംഗീകരിച്ചിരുന്നു. യെരൂശലേം സഭയിലെ പ്രായമേറിയ പുരുഷന്മാരും അപ്പൊസ്‌തലന്മാരും അടങ്ങിയ ആ സംഘം ക്രിസ്‌തുവിന്റെ ‘ഒരു ശരീരം’ എന്ന നിലയിൽ സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പങ്കുവഹിച്ചു.​—⁠എഫെസ്യർ 4:4, 11-16; പ്രവൃത്തികൾ 15:22-31; 16:4, 5.

ആ ഏക സത്യസഭയ്‌ക്ക്‌ എന്തു സംഭവിച്ചു? അത്‌ ശക്തമായ കത്തോലിക്ക സഭയായി മാറിയോ? നാം ഇന്നു കാണുന്ന അനേകം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുള്ള പ്രൊട്ടസ്റ്റന്റ്‌ സഭാക്രമീകരണമായി അതു വളർന്നോ? അതോ മറ്റെന്തെങ്കിലും സംഭവിച്ചോ?

‘ഗോതമ്പും’ ‘കളയും’

ഉത്തരത്തിനായി, എന്തു സംഭവിക്കുമെന്നതിനെ കുറിച്ചുള്ള യേശുവിന്റെ തന്നെ വാക്കുകൾ നമുക്കു ശ്രദ്ധാപൂർവം പരിചിന്തിക്കാം. ലോകദൃഷ്ടിയിൽനിന്ന്‌ തന്റെ സഭ മറയ്‌ക്കപ്പെടുമെന്ന്‌ യേശു പ്രതീക്ഷിച്ചു എന്നും ശോചനീയമായ ആ അവസ്ഥ നൂറ്റാണ്ടുകളോളം തുടരാൻ അവൻ അനുവദിക്കുമെന്നും അറിയുമ്പോൾ നിങ്ങൾ അതിശയിച്ചു പോയേക്കാം.

തന്റെ സഭയെ ‘സ്വർഗ്ഗരാജ്യവുമായി’ ബന്ധപ്പെടുത്തിക്കൊണ്ട്‌ അവൻ പറഞ്ഞു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്‌ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‌വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്‌തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്‌ത്തോളം വളരട്ടെ; കൊയ്‌ത്തുകാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്‌പിക്കും എന്നു പറഞ്ഞു.”​—⁠മത്തായി 13:24-30.

താനാണ്‌ ‘വിതകാരൻ’ എന്ന്‌ യേശു വിശദീകരിച്ചു. ‘നല്ല വിത്ത്‌’ അവന്റെ യഥാർഥ ശിഷ്യന്മാരെ ചിത്രീകരിച്ചു. “ശത്രു” പിശാചായ സാത്താനും. ആദിമ ക്രിസ്‌തീയ സഭയിൽ കയറിക്കൂടിയ കപട ക്രിസ്‌ത്യാനികളായിരുന്നു “കള”കൾ. “വ്യവസ്ഥിതിയുടെ സമാപന”ത്തിങ്കലെ ‘കൊയ്‌ത്തോളം’ ‘കോതമ്പിനെയും’ ‘കളയെയും’ വളരാൻ താൻ അനുവദിക്കുമെന്ന്‌ അവൻ പറഞ്ഞു. (മത്തായി 13:37-43, NW) അതിന്റെയെല്ലാം അർഥമെന്തായിരുന്നു?

ക്രിസ്‌തീയ സഭ ദുഷിപ്പിക്കപ്പെടുന്നു

അപ്പൊസ്‌തലന്മാരുടെ മരണശേഷം പെട്ടെന്നുതന്നെ, സഭയ്‌ക്കുള്ളിൽതന്നെയുള്ള വിശ്വാസത്യാഗം ഭവിച്ച ഉപദേഷ്ടാക്കന്മാർ സഭയെ നിയന്ത്രിച്ചു തുടങ്ങി. ‘ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി അവർ വിപരീതോപദേശം പ്രസ്‌താവിച്ചു.’ (പ്രവൃത്തികൾ 20:29, 30) അതിന്റെ ഫലമായി അനേകർ ‘വിശ്വാസം ത്യജിച്ചു.’ അവർ ‘കെട്ടുകഥ കേൾപ്പാൻ തിരിഞ്ഞു.’​—⁠1 തിമൊഥെയൊസ്‌ 4:1-3; 2 തിമൊഥെയൊസ്‌ 4:3, 4.

നാലാം നൂറ്റാണ്ടോടെ “കത്തോലിക്ക ക്രിസ്‌ത്യാനിത്വം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക . . . മതമായി മാറിക്കഴിഞ്ഞിരുന്നു” എന്ന്‌ ദ ന്യൂ ഡിക്ഷ്‌ണറി ഓഫ്‌ തിയോളജി പറയുന്നു. “സഭാപരവും രാഷ്‌ട്രീയവുമായ സമൂഹങ്ങളുടെ ഏകീകരണം,” അതായത്‌ സഭയുടെയും രാഷ്‌ട്രത്തിന്റെയും ലയനം ആണ്‌ അവിടെ നടന്നത്‌. അത്‌ ആദിമ ക്രിസ്‌ത്യാനികളുടെ വിശ്വാസങ്ങൾക്ക്‌ കടക വിരുദ്ധമായ ഒരു കാര്യമായിരുന്നു. (യോഹന്നാൻ 17:16; യാക്കോബ്‌ 4:4) “വിചിത്രവും തികച്ചും അനുചിതവുമായ രീതിയിൽ പു[തിയ] നി[യമവും] നവപ്ലേറ്റോണിക ആശയങ്ങളും കൂട്ടിക്കുഴച്ചുണ്ടാക്കിയ വിശ്വാസങ്ങളുടെ സ്വാധീനത്തിൻ ഫലമായി” ക്രമേണ സഭയുടെ ആകമാന ഘടനയ്‌ക്കും സ്വഭാവത്തിനും അതുപോലെതന്നെ അനേക അടിസ്ഥാന വിശ്വാസങ്ങൾക്കും സമൂല മാറ്റം ഭവിച്ചു എന്ന്‌ അതേ ഗ്രന്ഥംതന്നെ പ്രസ്‌താവിക്കുന്നു. യേശുക്രിസ്‌തു മുൻകൂട്ടി പറഞ്ഞതുപോലെ, കപട ക്രിസ്‌ത്യാനികൾ തഴച്ചുവളർന്നപ്പോൾ സത്യക്രിസ്‌ത്യാനികൾ കാഴ്‌ചയ്‌ക്കു മറഞ്ഞു.

വളർന്നുവരുന്ന സമയത്ത്‌ ഏതാണ്ട്‌ ഗോതമ്പുപോലെതന്നെ കാണപ്പെടുന്ന കളകളിൽനിന്ന്‌ യഥാർഥ ഗോതമ്പിനെ തിരിച്ചറിയുക എത്ര ബുദ്ധിമുട്ടാണെന്ന്‌ യേശുവിന്റെ ശ്രോതാക്കൾക്ക്‌ അറിയാമായിരുന്നു. നേർത്ത ലോമങ്ങളുള്ള ഡാർണെൽ എന്ന ഒരിനം വിഷക്കള ഇത്തരം കളകൾക്ക്‌ ഉദാഹരണമാണ്‌. അതുകൊണ്ട്‌, സത്യക്രിസ്‌ത്യാനികളെയും വ്യാജക്രിസ്‌ത്യാനികളെയും തമ്മിൽ തിരിച്ചറിയാൻ കുറച്ചു സമയത്തേക്ക്‌ ബുദ്ധിമുട്ടായിരിക്കുമെന്ന്‌ യേശു ദൃഷ്ടാന്തീകരിക്കുകയായിരുന്നു. ക്രിസ്‌തീയ സഭ അസ്‌തിത്വത്തിൽ ഇല്ലാതായി എന്ന്‌ അതിനർഥമില്ല. കാരണം, തന്റെ ആത്മീയ സഹോദരങ്ങൾക്ക്‌ “വ്യവസ്ഥിതിയുടെ സമാപനത്തോളം എല്ലാനാളും” മാർഗനിർദേശം നൽകുന്നതിൽ തുടരുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്യുകയുണ്ടായി. (മത്തായി 28:​20, NW) കള തുടർന്നു വളരുമെന്ന്‌ യേശു പറഞ്ഞു. എങ്കിൽപ്പോലും, യുഗങ്ങളിൽ ഉടനീളം ക്രിസ്‌തുവിന്റെ ഉപദേശങ്ങളോടു പറ്റിനിൽക്കാൻ വ്യക്തികളെന്ന നിലയിലോ കൂട്ടമെന്ന നിലയിലോ സത്യക്രിസ്‌ത്യാനികൾ തങ്ങളുടെ പരമാവധി പ്രവർത്തിച്ചു എന്നതിനു സംശയമില്ല. എന്നാൽ അവർ മേലാൽ വ്യക്തമായി തിരിച്ചറിയാവുന്ന, ശ്രദ്ധേയമായ ഒരു സംഘമോ സംഘടനയോ ആയിരുന്നില്ല. ചരിത്രത്തിൽ ഉടനീളം യേശുവിന്റെ നാമത്തിനു നിന്ദയും അപമാനവും മാത്രം കൈവരുത്തിയ, വിശ്വാസത്യാഗം ഭവിച്ച ദൃശ്യമായ മത വ്യവസ്ഥിതിയോട്‌ അവർക്ക്‌ യാതൊരുവിധ സാമ്യവുമില്ലായിരുന്നു.​—⁠2 പത്രൊസ്‌ 2:1, 2.

‘അധർമ മനുഷ്യൻ വെളിപ്പെടുന്നു’

ഈ കപട മതവ്യവസ്ഥിതിയെ തിരിച്ചറിയിക്കുന്ന വേറൊരു കാര്യം അപ്പൊസ്‌തലനായ പൗലൊസ്‌ മുൻകൂട്ടി പറഞ്ഞു. അവൻ ഇപ്രകാരം എഴുതി: “ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ [യഹോവയുടെ ദിവസം വരുന്നതിനു മുമ്പേ] വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ [“അധർമ മനുഷ്യൻ,” NW] വെളിപ്പെടുകയും വേണം.” (2 തെസ്സലൊനീക്യർ 2:​2-4) ഈ ‘അധർമ മനുഷ്യൻ’ “ക്രിസ്‌തീയ” സഭയ്‌ക്കു മീതെ അധികാര സ്ഥാനത്തേക്ക്‌ തങ്ങളെത്തന്നെ ഉയർത്തിയ വൈദികവർഗമല്ലാതെ മറ്റാരുമല്ല. *

അപ്പൊസ്‌തലനായ പൗലൊസിന്റെ നാളിൽ വിശ്വാസത്യാഗം തുടങ്ങി. തുടർന്ന്‌ അപ്പൊസ്‌തലന്മാർ മരിക്കുകയും അവരുടെ ചെറുത്തുനിൽപ്പ്‌ ഇല്ലാതാകുകയും ചെയ്‌തതോടെ അത്‌ പടർന്നുപന്തലിച്ചു. “സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടുംകൂടെ” ആയിരിക്കും അത്‌ തിരിച്ചറിയപ്പെടുക എന്ന്‌ പൗലൊസ്‌ പറഞ്ഞു. (2 തെസ്സലൊനീക്യർ 2:6-12) ചരിത്രത്തിൽ ഉടനീളമുള്ള നിരവധി മതനേതാക്കന്മാരുടെ പ്രവർത്തനത്തെ എത്ര കൃത്യമായാണ്‌ അത്‌ വിശദീകരിക്കുന്നത്‌!

റോമൻ കത്തോലിക്ക സഭയാണ്‌ ഏക സത്യസഭ എന്ന തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്‌ക്കാനായി, തങ്ങളുടെ ബിഷപ്പുമാർക്ക്‌ “ആദിമ അപ്പൊസ്‌തലന്മാരുടെ പിന്തുടർച്ചക്കാരെന്ന നിലയിൽ അപ്പൊസ്‌തലികമായ അധികാരം അവരിൽനിന്നു പകർന്നുകിട്ടിയിട്ടുള്ളതാണ്‌” എന്ന്‌ കത്തോലിക്ക നേതാക്കൾ പൊതുവേ പറയാറുണ്ട്‌. വാസ്‌തവത്തിൽ, അപ്പൊസ്‌തലിക പിന്തുടർച്ച സംബന്ധിച്ച അവരുടെ അവകാശവാദത്തിന്‌ ചരിത്രപരമോ തിരുവെഴുത്തുപരമോ ആയ അടിസ്ഥാനം ഇല്ല. യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണശേഷം ഉടലെടുത്ത സഭാ ക്രമീകരണം ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ എപ്പോഴെങ്കിലും നയിക്കപ്പെട്ടു എന്നതിന്‌ വിശ്വസനീയമായ യാതൊരു തെളിവുമില്ല.​—⁠റോമർ 8:9; ഗലാത്യർ 5:19-21.

‘മതനവീകരണ’ത്തെ തുടർന്ന്‌ പൊട്ടിമുളച്ച മറ്റു സഭകളുടെ കാര്യമോ? ആദിമ ക്രിസ്‌തീയ സഭയുടെ മാതൃകയാണോ അവ പിന്തുടർന്നത്‌? യഥാർഥ ക്രിസ്‌തീയ സഭയുടെ ശുദ്ധി അവ വീണ്ടെടുത്തോ? മതനവീകരണത്തെ തുടർന്ന്‌ സാധാരണക്കാരായ അനേകർക്കും ബൈബിൾ സ്വന്ത ഭാഷയിൽ ലഭിച്ചു എന്നതു സത്യമാണ്‌. എങ്കിലും, ഈ സഭകൾ വ്യാജ ഉപദേശങ്ങൾ പഠിപ്പിക്കുന്നതിൽ തുടർന്നു എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. *​—⁠മത്തായി 15:7-9.

എന്നിരുന്നാലും, ഇക്കാര്യം ശ്രദ്ധിക്കുക. താൻ വ്യവസ്ഥിതിയുടെ സമാപനകാലം എന്നു വിളിച്ച ഒരു സമയത്ത്‌ തന്റെ ഏക സത്യസഭ പുനഃസ്ഥിതീകരിക്കപ്പെടുമെന്ന്‌ യേശുക്രിസ്‌തു വ്യക്തമായും മുൻകൂട്ടി പറഞ്ഞു. (മത്തായി 13:30, 39, NW) നാം ഇപ്പോൾ ജീവിക്കുന്നത്‌ ആ നാളുകളിലാണെന്ന്‌ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി പ്രകടമാക്കുന്നു. (മത്തായി 24:3-35) അത്‌ സത്യമായതിനാൽ, ‘ആ സത്യസഭ എവിടെ’ എന്ന്‌ നാം ഓരോരുത്തരും ചോദിക്കേണ്ട ആവശ്യമുണ്ട്‌. ആ സഭ തിരിച്ചറിയാവുന്ന വിധത്തിൽ കൂടുതൽ കൂടുതൽ വ്യക്തമായിത്തീരേണ്ടതാണ്‌.

ആ സഭ ഇപ്പോൾത്തന്നെ നിങ്ങൾ കണ്ടെത്തിയിരിക്കുന്നതായി നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നിങ്ങൾ അത്‌ ഉറപ്പുവരുത്തുന്നത്‌ ഒരു സുപ്രധാന കാര്യമാണ്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഒന്നാം നൂറ്റാണ്ടിലേതുപോലെ ഒരേയൊരു സത്യസഭ മാത്രമേ ഉണ്ടായിരിക്കാനാവൂ. നിങ്ങളുടെ സഭ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ മാതൃകയ്‌ക്കു ചേർച്ചയിലാണോ എന്നും അത്‌ ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്താനായി നിങ്ങൾ സമയമെടുത്തിട്ടുണ്ടോ? ഇപ്പോൾ എന്തുകൊണ്ട്‌ ഇത്‌ പരിശോധിച്ചുകൂടാ? അതിനായി നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.​—⁠പ്രവൃത്തികൾ 17:11.

[അടിക്കുറിപ്പുകൾ]

^ ഖ. 17 “അധർമ മനുഷ്യ”നെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ 1990 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 12-16 വരെയുള്ള പേജുകൾ കാണുക.

^ ഖ. 20 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 306-28 വരെയുള്ള പേജുകളിലെ “മതനവീകരണം​—⁠അന്വേഷണം പുതിയ വഴിത്തിരിവിൽ” എന്ന അധ്യായം കാണുക.

[5 -ാം പേജിലെ ചിത്രങ്ങൾ]

ഗോതമ്പിനെയും കളയെയും സംബന്ധിച്ച യേശുവിന്റെ ഉപമ സത്യസഭയെ കുറിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

[7 -ാം പേജിലെ ചിത്രങ്ങൾ]

പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ വെച്ച മാതൃക നിങ്ങളുടെ സഭ പിൻപറ്റുന്നുണ്ടോ?