വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദരിദ്രർക്ക്‌ യഥാർഥ സഹായം

ദരിദ്രർക്ക്‌ യഥാർഥ സഹായം

ദരിദ്രർക്ക്‌ യഥാർഥ സഹായം

ദൈവപുത്രനായ യേശുക്രിസ്‌തു ഭൂമിയിൽ ആയിരുന്നപ്പോൾ ദരിദ്രരെ സഹായിക്കുന്നതിൽ യഥാർഥ താത്‌പര്യം കാട്ടിയിരുന്നു. യേശുവിന്റെ ശുശ്രൂഷയെ കുറിച്ച്‌ ഒരു ദൃക്‌സാക്ഷി ഇപ്രകാരം വിവരിച്ചു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്‌ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.” (മത്തായി 11:5) എന്നിരുന്നാലും, ഇന്ന്‌ ദരിദ്രരായിരിക്കുന്ന അനേക ലക്ഷങ്ങളെ സംബന്ധിച്ചെന്ത്‌? അവർക്കായി എന്തെങ്കിലും സുവാർത്തയുണ്ടോ? ഉവ്വ്‌, പ്രത്യാശയുടെ ഒരു സന്ദേശമുണ്ട്‌!

ലോകം പൊതുവേ, ദരിദ്രരെ അവഗണിക്കുകയോ മറന്നുകളയുകയോ ചെയ്യുന്നുണ്ടെങ്കിലും ദൈവവചനമായ ബൈബിൾ നൽകുന്ന വാഗ്‌ദാനം ശ്രദ്ധിക്കുക: “ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.” (സങ്കീർത്തനം 9:18) ഒരു യഥാർഥ സ്വർഗീയ ഗവൺമെന്റായ ദൈവരാജ്യം എല്ലാ മനുഷ്യ ഭരണകൂടങ്ങളെയും നീക്കി അധികാരം ഏറ്റെടുക്കുമ്പോൾ സാന്ത്വനദായകമായ ഈ വാക്കുകൾക്കു നിവൃത്തിയുണ്ടാകും. (ദാനീയേൽ 2:44) ആ സ്വർഗീയ ഗവൺമെന്റിന്റെ രാജാവായ യേശുവിനെ കുറിച്ച്‌ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”​—സങ്കീർത്തനം 72:13, 14.

ക്രിസ്‌തു ഭൂമിയുടേമേൽ ഭരിക്കുമ്പോൾ ജീവിതാവസ്ഥകൾ എങ്ങനെയുള്ളത്‌ ആയിരിക്കും? ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിൽ ജീവിക്കുന്നവർ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും. മീഖാ 4:3, 4-ൽ ബൈബിൾ ഇപ്രകാരം പറയുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ്‌ അതു അരുളിച്ചെയ്‌തിരിക്കുന്നു.” ദൈവരാജ്യം രോഗവും മരണവും പോലും നീക്കിക്കളയും. (യെശയ്യാവു 25:8) അത്‌ എത്ര വ്യത്യസ്‌തമായ ഒരു ലോകമായിരിക്കും! ഈ ബൈബിൾ വാഗ്‌ദാനങ്ങൾ എല്ലാം നമുക്കു വിശ്വസിക്കാൻ കഴിയും, കാരണം ഇവയെല്ലാം ദൈവത്തിൽനിന്നുള്ളതാണ്‌.

പ്രത്യാശയുടെ സന്ദേശം നൽകുന്നതിനു പുറമേ, ദൈനംദിന പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള സഹായവും ബൈബിൾ പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന്‌ ദാരിദ്ര്യം ഒരു വ്യക്തിയുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നതിന്‌ ഇടയാക്കിയേക്കാം. എന്നാൽ ദരിദ്രനായ ഒരു ക്രിസ്‌ത്യാനി തന്റെ ബൈബിൾ പഠനത്തിൽനിന്ന്‌, താനും ധനികരായ ക്രിസ്‌ത്യാനികളെപ്പോലെതന്നെ ദൈവദൃഷ്ടിയിൽ വിലയേറിയവനാണ്‌ എന്നു മനസ്സിലാക്കിയിരിക്കുന്നു. ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌തകത്തിൽ, ദൈവം “പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ” എന്നു പറഞ്ഞിരിക്കുന്നു. (ഇയ്യോബ്‌ 34:19) ദൈവം ഇരുകൂട്ടരെയും ഒരുപോലെ സ്‌നേഹിക്കുന്നു.​—പ്രവൃത്തികൾ 10:34, 35.