വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായംചെന്ന സഹവിശ്വാസികളെ നിങ്ങൾ അത്യന്തം വിലപ്പെട്ടവരായി കരുതുന്നുവോ?

പ്രായംചെന്ന സഹവിശ്വാസികളെ നിങ്ങൾ അത്യന്തം വിലപ്പെട്ടവരായി കരുതുന്നുവോ?

പ്രായംചെന്ന സഹവിശ്വാസികളെ നിങ്ങൾ അത്യന്തം വിലപ്പെട്ടവരായി കരുതുന്നുവോ?

പുരാതന ഇസ്രായേൽ ജനത ദൈവവുമായി ഒരു ഉടമ്പടിബന്ധത്തിൽ ആയിരുന്നപ്പോൾ അവരോട്‌ ഇപ്രകാരം ആജ്ഞാപിക്കപ്പെട്ടു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം.” (ലേവ്യപുസ്‌തകം 19:32) അതേ, പ്രായംചെന്നവരെ ബഹുമാനിക്കുന്നത്‌ ഒരു പാവന കർത്തവ്യം ആയിരുന്നു, അത്‌ ദൈവത്തോടുള്ള കീഴ്‌പെടലുമായി ബന്ധപ്പെട്ടിരുന്നു. ക്രിസ്‌ത്യാനികൾ മേലാൽ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും യഹോവ പ്രായംചെന്ന തന്റെ ദാസന്മാരെ വിലയേറിയവരും അമൂല്യരുമായി കരുതുന്നു എന്ന്‌ അതു നമ്മെ ഓർമപ്പെടുത്തുന്നു. (സദൃശവാക്യങ്ങൾ 16:31; എബ്രായർ 7:18) നാം യഹോവയുടെ അതേ വീക്ഷണം പ്രതിഫലിപ്പിക്കുന്നുവോ? നമ്മുടെ പ്രായംചെന്ന ക്രിസ്‌തീയ സഹോദരീസഹോദരന്മാരെ നാം അത്യന്തം വിലപ്പെട്ടവരായി കരുതുന്നുവോ?

തന്റെ വൃദ്ധസുഹൃത്തിനെ വിലമതിച്ച ഒരു വ്യക്തി

പ്രായംചെന്നവരോടു ബഹുമാനം കാണിക്കുന്നതിനെ കുറിച്ചുള്ള ഒരു ബൈബിൾ വിവരണം രണ്ടു രാജാക്കന്മാരുടെ പുസ്‌തകത്തിൽ നമുക്കു കാണാൻ കഴിയും. യുവ പ്രവാചകനായ എലീശാ, പ്രവാചകനായ ഏലീയാവിന്റെ പിന്തുടർച്ചക്കാരനായിത്തീർന്നതിനെ കുറിച്ചുള്ള വിവരണമാണത്‌. ഇസ്രായേലിലെ പത്തുഗോത്ര രാജ്യത്തിലെ ഏലീയാവിന്റെ പ്രവാചകവൃത്തിയുടെ അവസാന ദിവസം എന്തു സംഭവിച്ചെന്നു നമുക്കു നോക്കാം.

ആ ദിവസം, യഹോവ വൃദ്ധനായ ഏലീയാ പ്രവാചകനോട്‌ ഗിൽഗാലിൽനിന്നു ബെഥേലിലേക്കും ബെഥേലിൽനിന്നു യെരീഹോവിലേക്കും യെരീഹോവിൽനിന്നു യോർദ്ദാൻ നദിക്കരയിലേക്കും യാത്ര ചെയ്യാൻ പറഞ്ഞു. (2 രാജാക്കന്മാർ 2:1, 2, 4, 6) ഏതാണ്ട്‌ 50 കിലോമീറ്റർ ദൈർഘ്യമുള്ള ആ യാത്രയിൽ തന്നെ പിന്തുടരുന്നതു നിറുത്തി തിരികെ പൊയ്‌ക്കൊള്ളാൻ ഏലീയാവ്‌ എലീശായോടു മൂന്നു പ്രാവശ്യം പറഞ്ഞു. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്കു മുമ്പ്‌ രൂത്ത്‌ എന്ന യുവതി നവോമിയെ വിട്ടുപിരിയാൻ വിസമ്മതിച്ചതുപോലെതന്നെ എലീശായും വൃദ്ധപ്രവാചകനെ വേർപിരിയാൻ വിസമ്മതിച്ചു. (രൂത്ത്‌ 1:16, 17) എലീശാ മൂന്നു തവണ ഇപ്രകാരം പറഞ്ഞു: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല.” (2 രാജാക്കന്മാർ 2:2, 4, 6) എലീശാ ഏലീയാവിനെ സഹായിച്ചുകൊണ്ട്‌ ഏകദേശം ആറു വർഷം അതിനോടകം ചെലവഴിച്ചിരുന്നു. എന്നാൽ, ഏലീയാവിനോടൊപ്പം സാധ്യമാകുന്നത്ര സേവിക്കാൻ എലീശാ ആഗ്രഹിച്ചു. പ്രസ്‌തുത വിവരണം തുടർന്നു പറയുന്നു: “അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ . . . ഏലീയാവു ചുഴലിക്കാററിൽ സ്വർഗ്ഗത്തിലേക്കു കയറി.” (11-ാം വാക്യം) ഇസ്രായേലിൽ ഏലീയാവിന്റെ ശുശ്രൂഷയുടെ അവസാന നിമിഷംവരെ ഏലീയാവും എലീശായും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രായംചെന്നവനും കൂടുതൽ അനുഭവപരിചയം ഉള്ളവനുമായ ഏലീയാ പ്രവാചകനിൽനിന്ന്‌ കഴിയുന്നത്ര നിർദേശങ്ങളും പ്രോത്സാഹനവും നേടാൻ യുവ പ്രവാചകൻ ആകാംക്ഷയുള്ളവനായിരുന്നു എന്നു വ്യക്തമാണ്‌. അതേ, അവൻ പ്രായംചെന്ന തന്റെ സുഹൃത്തിനെ വളരെ വിലയേറിയവനായി കരുതി.

‘അപ്പന്മാരെയും അമ്മമാരെയും പോലെ’

വൃദ്ധനായ പ്രവാചകനെ എലീശാ ഒരു സുഹൃത്തെന്ന നിലയിൽ, ആത്മീയ പിതാവെന്ന നിലയിൽ ഇത്രയേറെ പ്രിയപ്പെട്ടത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കുക എളുപ്പമാണ്‌. (2 രാജാക്കന്മാർ 2:12) ഇസ്രായേലിൽ ഏലീയാവിന്റെ നിയമനം അവസാനിക്കുന്നതിനു തൊട്ടുമുമ്പ്‌ അവൻ എലീശായോട്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്‌തുതരേണം? ചോദിച്ചുകൊൾക.” (9-ാം വാക്യം) ശ്രദ്ധിക്കുക, ആ അവസാന നിമിഷം വരെ ഏലീയാവ്‌ തന്റെ പിന്തുടർച്ചക്കാരന്റെ ആത്മീയ ക്ഷേമത്തിലും തുടർന്നു നിറവേറ്റേണ്ട ദൈവവേലയിലും താത്‌പര്യം പ്രകടിപ്പിച്ചു.

ഇന്നും പ്രായംചെന്ന സഹോദരീസഹോദരന്മാർ അപ്പന്മാരെയും അമ്മമാരെയുംപോലെ തങ്ങളുടെ അറിവും ജ്ഞാനവും ചെറുപ്പക്കാരുമായി മടി കൂടാതെ പങ്കുവെക്കുന്നതു കാണുന്നത്‌ വളരെ ഹൃദയോഷ്‌മളമാണ്‌. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസുകളിൽ ദീർഘനാളായി സ്വമേധയാ സേവനം അനുഷ്‌ഠിക്കുന്നവർ, ബെഥേൽ കുടുംബത്തിലെ പുതിയ അംഗങ്ങളെ അവരുടെ സേവനത്തിന്‌ ആവശ്യമായ മേഖലകളിൽ വൈദഗ്‌ധ്യം നേടാൻ മനസ്സോടെ സഹായിക്കുന്നു. അതുപോലെ, വളരെ വർഷങ്ങളായി സഭകൾ സന്ദർശിക്കുന്ന സഞ്ചാര മേൽവിചാരകന്മാരും ഭാര്യമാരും സഞ്ചാര ശുശ്രൂഷകരായി സേവനമനുഷ്‌ഠിക്കാൻ പരിശീലിപ്പിക്കപ്പെടുന്നവരുമായി തങ്ങളുടെ അനുഭവങ്ങളുടെ കലവറ സന്തോഷത്തോടെ പങ്കുവെക്കുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ ദശകങ്ങളോളം യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന പ്രായംചെന്ന നിരവധി സഹോദരന്മാരും സഹോദരിമാരുമുണ്ട്‌. അവർ തങ്ങളുടെ പ്രായോഗിക ജ്ഞാനവും അനുഭവങ്ങളും സഭയിലെ പുതിയവരുമായി സന്തോഷപൂർവം പങ്കുവെക്കുന്നു.​—സദൃശവാക്യങ്ങൾ 2:​7, NW; ഫിലിപ്പിയർ 3:17; തീത്തൊസ്‌ 2:3-5.

പ്രായംചെന്ന ഈ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർ കാണിക്കുന്ന ഹൃദയംഗമമായ താത്‌പര്യം നിമിത്തം, അവരോടു ബഹുമാനം കാണിക്കുന്നത്‌ സന്തോഷകരമായ ഒരു അനുഭവമായിത്തീരുന്നു. അതുകൊണ്ട്‌, പ്രായംചെന്ന സഹവിശ്വാസികളെ ആഴമായി വിലമതിച്ചുകൊണ്ട്‌ എലീശായുടെ ദൃഷ്ടാന്തം പിൻപറ്റാൻ നാം ആഗ്രഹിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ നമ്മെ അനുസ്‌മരിപ്പിക്കുന്നതുപോലെ, പ്രായമായവരെ നമുക്ക്‌ ‘അപ്പന്മാരെയും അമ്മമാരെയും’ പോലെ കരുതാം. (1 തിമൊഥെയൊസ്‌ 5:1, 2) അങ്ങനെ ചെയ്യുന്നതിലൂടെ ലോകമൊട്ടാകെയുള്ള ക്രിസ്‌തീയ സഭയുടെ പുരോഗതിക്കും അഭംഗുരമായ പ്രവർത്തനത്തിനും സംഭാവന ചെയ്യാൻ നമുക്കു കഴിയും.

[30 -ാം പേജിലെ ചിത്രം]

സാധ്യമാകുന്നിടത്തോളം കാലം ഏലീയാവിനോടൊപ്പം പ്രവർത്തിക്കാൻ എലീശാ ആഗ്രഹിച്ചു

[31 -ാം പേജിലെ ചിത്രങ്ങൾ]

പ്രായംചെന്ന ക്രിസ്‌ത്യാനികളിൽനിന്ന്‌ ചെറുപ്പക്കാർ വളരെയധികം പ്രയോജനം നേടുന്നു