വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക

യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക

യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക

“യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.”​സങ്കീർത്തനം 71:⁠5.

1. ഇടയ ബാലനായ ദാവീദ്‌ എന്തു വെല്ലുവിളിയെ അഭിമുഖീകരിച്ചു?

ആ മനുഷ്യന്‌ ഒമ്പത്‌ അടിയിലേറെ ഉയരമുണ്ടായിരുന്നു. ഇസ്രായേലിന്റെ പടനിരകളിലുള്ള പടയാളികളിൽ ആരും അവന്റെ നേരെ ചെല്ലാൻ ധൈര്യപ്പെടാഞ്ഞതിൽ അതിശയമില്ല! തന്നോടു പോരാടാൻ ഒരു വീര യോദ്ധാവിനെ വിട്ടുതരാൻ പറ്റുമെങ്കിൽ വിട്ടുതരിക എന്നു വെല്ലുവിളിച്ചുകൊണ്ട്‌ ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്ത്‌ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇസ്രായേൽ സൈന്യത്തെ നിന്ദിച്ചുകൊണ്ടിരുന്നു. ആഴ്‌ചകളോളം ഇത്‌ തുടർന്നു. ഒടുവിൽ ഒരാൾ ആ വെല്ലുവിളി ഏറ്റെടുത്തു. അത്‌ പടയാളികളിൽ ആരുമായിരുന്നില്ല, വെറുമൊരു ബാലൻ. ഗൊല്യാത്തിന്റെ മുമ്പിൽ ഇടയ ബാലനായ ദാവീദ്‌ തീരെ ചെറുതായി കാണപ്പെട്ടു. എന്തിന്‌, അവന്‌ ഗൊല്യാത്തിന്റെ പടച്ചട്ടയുടെയും ആയുധങ്ങളുടെയും അത്രയും പോലും തൂക്കം ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല! എന്നിട്ടും ആ ബാലൻ മല്ലന്റെ നേരെ ചെന്നു. അങ്ങനെ അവൻ ധീരതയുടെ നിലനിൽക്കുന്ന പ്രതീകമായിത്തീർന്നു.​—⁠1 ശമൂവേൽ 17:1-51.

2, 3. (എ) ദാവീദിന്‌ അത്രയും ധൈര്യത്തോടുകൂടെ ഗൊല്യാത്തിനെ നേരിടാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌? (ബി) യഹോവയെ നമ്മുടെ ആശ്രയമാക്കുന്നതിനായി നമുക്കു സ്വീകരിക്കാൻ കഴിയുന്ന ഏതു രണ്ടു പടികളെ കുറിച്ച്‌ നാം ചർച്ച ചെയ്യുന്നതായിരിക്കും?

2 ദാവീദിന്‌ ഇത്രയും ധൈര്യം പകർന്നുകൊടുത്തത്‌ എന്താണ്‌? തെളിവനുസരിച്ച്‌, ദാവീദ്‌ തന്നെ പിൽക്കാലത്ത്‌ എഴുതിയ ചില വാക്കുകൾ പരിചിന്തിക്കുക: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.” (സങ്കീർത്തനം 71:5) അതേ, ബാലനായിരിക്കെ ദാവീദ്‌ യഹോവയിൽ പൂർണമായി ആശ്രയിച്ചിരുന്നു. അവൻ ഗൊല്യാത്തിന്റെ നേരെ ചെന്നതുതന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” (1 ശമൂവേൽ 17:45) ഗൊല്യാത്തിന്റെ ആശ്രയം അവന്റെ മഹാ ശക്തിയിലും ആയുധങ്ങളിലും ആയിരുന്നപ്പോൾ ദാവീദിന്റെ ആശ്രയം യഹോവയിൽ ആയിരുന്നു. അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവ്‌ തന്റെ പക്ഷത്തുള്ളപ്പോൾപ്പിന്നെ ദാവീദ്‌ വെറുമൊരു മനുഷ്യനെ, ആ മനുഷ്യൻ എത്ര വലിപ്പമുള്ളവനും സായുധനും ആയാലും ശരി, എന്തിനു ഭയപ്പെടണം?

3 ദാവീദിനെ കുറിച്ചു വായിക്കുമ്പോൾ യഹോവയിലുള്ള നിങ്ങളുടെ ആശ്രയം കുറേക്കൂടെ ശക്തമായിരുന്നെങ്കിലെന്ന്‌ നിങ്ങൾ ആഗ്രഹിച്ചുപോകുന്നുവോ? നമ്മിൽ പലർക്കും അങ്ങനെ തോന്നാനിടയുണ്ട്‌. അതുകൊണ്ട്‌, യഹോവയെ നമ്മുടെ ആശ്രയമാക്കുന്നതിനായി സ്വീകരിക്കാൻ കഴിയുന്ന രണ്ടു പടികളെ കുറിച്ച്‌ നമുക്കു പരിചിന്തിക്കാം. ഒന്നാമതായി യഹോവയെ ആശ്രയമാക്കുന്നതിന്‌ സാധാരണഗതിയിൽ തടസ്സമായി നിൽക്കുന്ന ഒരു ഘടകത്തെ നാം കീഴടക്കുകയും അത്‌ വീണ്ടും ഒരു പ്രശ്‌നമായിത്തീരുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയും വേണം. രണ്ടാമതായി, യഹോവയിൽ ആശ്രയിക്കുന്നതിൽ കൃത്യമായി എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌ എന്ന്‌ നാം പഠിക്കണം.

യഹോവയെ ആശ്രയമാക്കുന്നതിനുള്ള ഒരു സാധാരണ പ്രതിബന്ധത്തെ തരണം ചെയ്യൽ

4, 5. ദൈവത്തിൽ ആശ്രയം വെക്കാൻ അനേകർക്കു ബുദ്ധിമുട്ടു തോന്നുന്നത്‌ എന്തുകൊണ്ട്‌?

4 ദൈവത്തിൽ ആശ്രയം വെക്കുന്നതിൽനിന്ന്‌ ആളുകളെ തടയുന്നത്‌ എന്താണ്‌? ഒട്ടുമിക്കപ്പോഴും, മോശമായ കാര്യങ്ങൾ സംഭവിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നുള്ളത്‌ ചിലരെ കുഴപ്പിക്കുന്നു. കഷ്ടപ്പാടിന്‌ ഉത്തരവാദി ദൈവം ആണെന്നാണ്‌ പലരെയും പഠിപ്പിക്കുന്നത്‌. ഒരു ദുരന്തം സംഭവിക്കുമ്പോൾ, ദൈവം ആളുകളെ സ്വർഗത്തിൽ തന്റെ അടുക്കലേക്ക്‌ “എടുത്ത”താണെന്ന്‌ വൈദികർ പറഞ്ഞേക്കാം. ഇനിയും, ദുരന്തങ്ങളും ദുഷ്‌പ്രവൃത്തികളും ഉൾപ്പെടെ ഈ ലോകത്തിൽ നടക്കുന്ന ഓരോ കാര്യവും ദൈവം ദീർഘനാൾ മുമ്പേ നിർണയിച്ചിട്ടുള്ളതാണെന്ന്‌ പല മതനേതാക്കന്മാരും പഠിപ്പിക്കുന്നു. കഠിനഹൃദയനായ അത്തരമൊരു ദൈവത്തിൽ ആശ്രയം വെക്കുക ബുദ്ധിമുട്ടായിരിക്കും. അവിശ്വാസികളുടെ മനസ്സു കുരുടാക്കുന്ന സാത്താൻ അത്തരം ‘ഭൂതോപദേശങ്ങളെ’ എല്ലാം ഉന്നമിപ്പിക്കുന്നതിൽ ഉത്സുകനാണ്‌.​—⁠1 തിമൊഥെയൊസ്‌ 4:1; 2 കൊരിന്ത്യർ 4:⁠4.

5 ആളുകൾക്ക്‌ യഹോവയിലുള്ള ആശ്രയം നഷ്ടമായി കാണാൻ സാത്താൻ ആഗ്രഹിക്കുന്നു. മാനുഷിക കഷ്ടപ്പാടിന്റെ യഥാർഥ കാരണങ്ങൾ നാം അറിയാൻ ദൈവത്തിന്റെ ആ ശത്രു ആഗ്രഹിക്കുന്നില്ല. ഇനി, കഷ്ടപ്പാടിനുള്ള തിരുവെഴുത്തു കാരണങ്ങൾ നാം മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ നാം അവ മറക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌, ലോകത്തിലെ കഷ്ടപ്പാടിനുള്ള മൂന്ന്‌ അടിസ്ഥാന കാരണങ്ങൾ ഇടയ്‌ക്കിടെ നാം പുനരവലോകനം ചെയ്യുന്നതു നല്ലതാണ്‌. അങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ക്ലേശങ്ങൾക്ക്‌ ഉത്തരവാദി യഹോവയല്ല എന്നതു സംബന്ധിച്ച്‌ നമ്മുടെ ഹൃദയങ്ങളെ വീണ്ടും ഉറപ്പിക്കാൻ നമുക്കു കഴിഞ്ഞേക്കും.​—⁠ഫിലിപ്പിയർ 1:9, 10.

6. 1 പത്രൊസ്‌ 5:​8 മാനുഷിക കഷ്ടപ്പാടിനുള്ള ഒരു കാരണം ചൂണ്ടിക്കാണിക്കുന്നത്‌ എങ്ങനെ?

6 മാനുഷിക കഷ്ടപ്പാടിന്റെ ഒരു കാരണം, യഹോവയുടെ വിശ്വസ്‌ത ജനത്തിന്റെ ദൃഢവിശ്വസ്‌തത തകർക്കാൻ സാത്താൻ ആഗ്രഹിക്കുന്നു എന്നതാണ്‌. അവൻ ഇയ്യോബിന്റെ ദൃഢവിശ്വസ്‌തത തകർക്കാൻ ശ്രമിച്ചു. അതിൽ പരാജയപ്പെട്ടെങ്കിലും സാത്താൻ ശ്രമം ഉപേക്ഷിച്ചിട്ടില്ല. ഈ ലോകത്തിന്റെ ഭരണാധികാരി എന്ന നിലയിൽ അവൻ യഹോവയുടെ വിശ്വസ്‌ത ദാസരെ ‘വിഴുങ്ങാൻ’ തരം അന്വേഷിച്ചു നടക്കുകയാണ്‌. (1 പത്രൊസ്‌ 5:8) അതിൽ നാം ഓരോരുത്തരും ഉൾപ്പെടുന്നു! നാം യഹോവയെ സേവിക്കുന്നത്‌ എങ്ങനെയും നിറുത്തിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ അവൻ പലപ്പോഴും പീഡനം ഇളക്കിവിടുന്നു. അത്തരം കഷ്ടപ്പാടുകൾ വേദനാപൂർണം ആണെങ്കിലും സഹിച്ചുനിൽക്കാൻ നമുക്കു തക്കതായ കാരണം ഉണ്ട്‌. അങ്ങനെ ചെയ്യുന്നതിലൂടെ സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതിൽ നാം പങ്കുവഹിക്കുകയും അങ്ങനെ യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. (ഇയ്യോബ്‌ 2:4; സദൃശവാക്യങ്ങൾ 27:11) പീഡനം സഹിച്ചുനിൽക്കാൻ യഹോവ നമ്മെ ശക്തീകരിക്കുമ്പോൾ അവനിലുള്ള നമ്മുടെ ആശ്രയം വർധിക്കുന്നു.​—⁠സങ്കീർത്തനം 9:9, 10.

7. ഗലാത്യർ 6:7 കഷ്ടപ്പാടിനുള്ള ഏതു കാരണം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു?

7 കഷ്ടപ്പാടിനുള്ള രണ്ടാമത്തെ കാരണം പിൻവരുന്ന തത്ത്വത്തിൽ കാണാൻ കഴിയും: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” (ഗലാത്യർ 6:7) ചിലപ്പോൾ ആളുകൾ തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട്‌ വിതെക്കുകയും അതിന്റെ പരിണതഫലമായി കഷ്ടപ്പാട്‌ കൊയ്യുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, അവർ തീരെ അശ്രദ്ധമായി വണ്ടിയോടിക്കാൻ തീരുമാനിക്കുകയും അങ്ങനെ അപകടം വരുത്തിവെക്കുകയും ചെയ്‌തേക്കാം. അനേകരും പുകവലിക്കാൻ തീരുമാനിക്കുന്നു. ഇത്‌ ഹൃദ്രോഗത്തിനോ ശ്വാസകോശ അർബുദത്തിനോ ഇടയാക്കിയേക്കാം. അധാർമിക ലൈംഗിക നടത്തയിൽ ഏർപ്പെടാൻ തീരുമാനിക്കുന്നവർക്ക്‌ കുടുംബബന്ധങ്ങളുടെ തകർച്ച, ആത്മാഭിമാന ക്ഷതം, ലൈംഗികമായി പകരുന്ന രോഗങ്ങൾ, ആഗ്രഹിക്കാത്ത ഗർഭധാരണം എന്നീ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അത്തരം കഷ്ടപ്പാടിന്‌ ദൈവത്തെ പഴിചാരാൻ ആളുകൾ ശ്രമിച്ചേക്കാം. എന്നാൽ വാസ്‌തവത്തിൽ അതിനു കാരണം അവരുടെ തന്നെ തെറ്റായ തീരുമാനങ്ങളാണ്‌.​—⁠സദൃശവാക്യങ്ങൾ 19:⁠3.

8. സഭാപ്രസംഗി 9:11 അനുസരിച്ച്‌, ആളുകൾ കഷ്ടം അനുഭവിക്കുന്നതിന്റെ കാരണമെന്താണ്‌?

8 കഷ്ടപ്പാടിനുള്ള മൂന്നാമത്തെ കാരണം സഭാപ്രസംഗി 9:​11-ൽ പ്രസ്‌താവിച്ചിരിക്കുന്നതാണ്‌: “പിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു [“അവരുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണു വന്നുഭവിക്കുന്നത്‌,” NW].” ചിലപ്പോൾ ആളുകൾക്ക്‌ ദുരന്തം വന്നുഭവിക്കുന്നത്‌ അവർ ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥാനത്ത്‌ ആയിപ്പോകുന്നതുകൊണ്ടു മാത്രമാണ്‌. നമ്മുടെ വ്യക്തിപരമായ കഴിവുകളോ കഴിവുകേടുകളോ എന്തൊക്കെയായിരുന്നാലും, കഷ്ടപ്പാടും മരണവും നമ്മിൽ ആരെയും ഏതു സമയത്തും അപ്രതീക്ഷിതമായി പിടികൂടാം. ഉദാഹരണത്തിന്‌, യേശുവിന്റെ നാളിൽ യെരൂശലേമിൽ ഒരു ഗോപുരം വീണ്‌ 18 പേർ കൊല്ലപ്പെട്ടു. മുൻ പാപങ്ങളെ പ്രതി ദൈവം അവരെ ശിക്ഷിക്കുകയായിരുന്നില്ലെന്ന്‌ യേശു ചൂണ്ടിക്കാട്ടി. (ലൂക്കൊസ്‌ 13:4) അല്ല, യഹോവയല്ല അത്തരം കഷ്ടപ്പാടിന്‌ ഉത്തരവാദി.

9. കഷ്ടപ്പാടിനെ കുറിച്ച്‌ പലർക്കും മനസ്സിലാകാത്ത കാര്യമെന്താണ്‌?

9 കഷ്ടപ്പാടിന്റെ കാരണങ്ങളിൽ ചിലത്‌ മനസ്സിലാക്കുന്നതു പ്രധാനമാണ്‌. എന്നിരുന്നാലും, അനേകർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നുന്ന ഒരു വശമുണ്ട്‌. അത്‌ ഇതാണ്‌: യഹോവയാം ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

യഹോവ കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

10, 11. (എ) റോമർ 8:​19-22 അനുസരിച്ച്‌ ‘സർവസൃഷ്ടിക്കും’ എന്തു സംഭവിച്ചു? (ബി) സൃഷ്ടിയെ വ്യർഥതയ്‌ക്കു കീഴ്‌പെടുത്തിയത്‌ ആരാണെന്ന്‌ നമുക്ക്‌ എങ്ങനെ നിർണയിക്കാവുന്നതാണ്‌?

10 റോമർക്കുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ ലേഖനത്തിലെ ഒരു ഭാഗം ഈ പ്രധാനപ്പെട്ട വിഷയത്തിന്മേൽ വെളിച്ചം വീശുന്നു. പൗലൊസ്‌ എഴുതി: “സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി അതിയായ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എന്തെന്നാൽ സൃഷ്ടി വ്യർഥതയ്‌ക്കു കീഴ്‌പെടുത്തപ്പെട്ടു, സ്വന്തം ഇഷ്ടത്താലല്ല, പിന്നെയോ പ്രത്യാശയുടെ അടിസ്ഥാനത്തിൽ അതിനെ കീഴ്‌പെടുത്തിയവൻ മുഖാന്തരം അത്രേ. ആ പ്രത്യാശയോ, സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട്‌ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കും എന്നതാണ്‌. സർവസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി വേദനയോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.”​—⁠റോമർ 8:19-22, NW.

11 ഈ വാക്യങ്ങൾ മനസ്സിലാക്കുന്നതിന്‌ ആദ്യമായി നാം ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, സൃഷ്ടിയെ വ്യർഥതയ്‌ക്കു കീഴ്‌പെടുത്തിയത്‌ ആരാണ്‌? സാത്താനാണെന്ന്‌ ചിലർ പറയുന്നു; മറ്റു ചിലരാകട്ടെ ആദാമാണെന്നും. എന്നാൽ ഇവരിൽ ആർക്കും അതിനു കഴിയുമായിരുന്നില്ല. എന്തുകൊണ്ടില്ല? കാരണം സൃഷ്ടിയെ വ്യർഥതയ്‌ക്കു കീഴ്‌പെടുത്തുന്നവൻ “പ്രത്യാശയുടെ അടിസ്ഥാനത്തിൽ” ആണ്‌ അങ്ങനെ ചെയ്യുന്നത്‌. അതേ, വിശ്വസ്‌തർ ഒടുവിൽ ‘ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടും’ എന്ന പ്രത്യാശ അവൻ പ്രദാനം ചെയ്യുന്നു. ആദാമിനോ സാത്താനോ അത്തരം ഒരു പ്രത്യാശ നൽകാൻ കഴിയുമായിരുന്നില്ല. യഹോവയ്‌ക്കു മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. അപ്പോൾ വ്യക്തമായും, സൃഷ്ടിയെ വ്യർഥതയ്‌ക്കു കീഴ്‌പെടുത്തിയത്‌ അവനായിരുന്നു.

12. “സർവസൃഷ്ടിയും” എന്തിനെ കുറിക്കുന്നു എന്നതു സംബന്ധിച്ച്‌ എന്ത്‌ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നു, എന്നാൽ ഇതിന്‌ എങ്ങനെ ഉത്തരം നൽകാവുന്നതാണ്‌?

12 എന്നാൽ, ഈ തിരുവെഴുത്തു ഭാഗത്ത്‌ പരാമർശിച്ചിരിക്കുന്ന “സർവസൃഷ്ടിയും” എന്തിനെയാണ്‌ കുറിക്കുന്നത്‌? “സർവസൃഷ്ടിയും” എന്നത്‌ ജന്തുക്കളും സസ്യങ്ങളും ഉൾപ്പെട്ട പ്രകൃതിയിലെ എല്ലാത്തിനെയും പരാമർശിക്കുന്നു എന്ന്‌ ചിലർ പറയുന്നു. എന്നാൽ, “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കാൻ ജന്തുക്കളും സസ്യങ്ങളും പ്രത്യാശിക്കുന്നുണ്ടോ? ഇല്ല. (2 പത്രൊസ്‌ 2:12) അപ്പോൾപ്പിന്നെ “സർവസൃഷ്ടിയും” എന്നതിന്‌ മനുഷ്യവർഗത്തെ മാത്രമേ കുറിക്കാൻ കഴിയൂ. ഏദെനിലെ മത്സരം വരുത്തിവെച്ച പാപത്താലും മരണത്താലും ബാധിക്കപ്പെട്ട്‌ പ്രത്യാശയുടെ അടിയന്തിര ആവശ്യം നേരിട്ട്‌ കഴിയുന്ന സൃഷ്ടിയാണ്‌ ഇത്‌.​—⁠റോമർ 5:⁠12.

13. ഏദെനിലെ മത്സരം മനുഷ്യവർഗത്തിന്‌ എന്തു വിനയാണ്‌ വരുത്തിവെച്ചത്‌?

13 കൃത്യമായി പറഞ്ഞാൽ, ആ മത്സരം മനുഷ്യവർഗത്തിന്‌ എന്തു വിനയാണ്‌ വരുത്തിവെച്ചത്‌? പൗലൊസ്‌ അതിന്റെ ഫലങ്ങളെ ഒറ്റവാക്കിൽ വർണിക്കുന്നു: വ്യർഥത. * ഒരു പരാമർശ കൃതി പറയുന്നതനുസരിച്ച്‌, ഈ പദം “രൂപകൽപ്പന ചെയ്യപ്പെട്ട പ്രകാരം പ്രവർത്തിക്കാത്ത ഒരു വസ്‌തുവിന്റെ നിഷ്‌ഫലതയെ” അഥവാ വ്യർഥതയെ കുറിക്കുന്നു. മനുഷ്യർ രൂപകൽപ്പന ചെയ്യപ്പെട്ടത്‌, പൂർണതയുള്ള ഒരു ഏകീകൃത കുടുംബം എന്ന നിലയിൽ ഒത്തൊരുമിച്ച്‌ ഒരു പറുദീസാ ഭൂമിയെ പരിപാലിച്ചുകൊണ്ട്‌ എന്നേക്കും ജീവിക്കാൻ വേണ്ടിയാണ്‌. അതിനു പകരം അവർ നയിക്കുന്നത്‌ ഹ്രസ്വവും വേദനാപൂർണവും പലപ്പോഴും നിഷ്‌ഫലവുമായ ഒരു ജീവിതമാണ്‌. ഇയ്യോബ്‌ പറഞ്ഞതു പോലെ, “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” (ഇയ്യോബ്‌ 14:1) തീർച്ചയായും, വ്യർഥത തന്നെ!

14, 15. (എ) മനുഷ്യവർഗത്തിന്മേലുള്ള യഹോവയുടെ ശിക്ഷാവിധി ന്യായമായിരുന്നു എന്ന്‌ പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) സൃഷ്ടി വ്യർഥതയ്‌ക്കു കീഴ്‌പെടുത്തപ്പെട്ടത്‌ “സ്വന്തം ഇഷ്ടത്താലല്ല” എന്ന്‌ പൗലൊസ്‌ പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?

14 ഇപ്പോൾ നമുക്ക്‌ ഈ സുപ്രധാന ചോദ്യത്തിലേക്കു വരാം: “സർവ്വഭൂമിക്കും ന്യായാധിപതിയായവൻ” മനുഷ്യവർഗത്തെ വേദനാപൂർണവും വിഫലവുമായ ഈ ജീവിതത്തിനു കീഴ്‌പെടുത്തിയത്‌ എന്തുകൊണ്ടാണ്‌? (ഉല്‌പത്തി 18:25) അത്‌ അവന്റെ ഭാഗത്ത്‌ ന്യായമായിരുന്നോ? ആകട്ടെ, നമ്മുടെ ആദ്യ മാതാപിതാക്കൾ ചെയ്‌തത്‌ എന്താണെന്ന്‌ ഓർമിക്കുക. ദൈവത്തിന്‌ എതിരെ മത്സരിച്ചുകൊണ്ട്‌ അവർ യഹോവയുടെ പരമാധികാരത്തെ വെല്ലുവിളിച്ച സാത്താന്റെ പക്ഷം ചേർന്നു. തങ്ങളുടെ പ്രവൃത്തികളിലൂടെ അവർ, യഹോവയുടെ സഹായമില്ലാതെ മത്സരിയായ ഒരു ആത്മസൃഷ്ടിയുടെ മാർഗനിർദേശത്തിൻ കീഴിൽ സ്വയം ഭരിക്കുന്നതാണ്‌ മനുഷ്യന്‌ ഏറെ നല്ലത്‌ എന്ന അവകാശവാദത്തെ പിന്തുണച്ചു. മത്സരികൾക്കു ശിക്ഷ വിധിക്കവേ ഫലത്തിൽ, അവർ ആവശ്യപ്പെട്ടതുതന്നെയാണ്‌ യഹോവ അവർക്കു കൊടുത്തത്‌. സാത്താന്റെ സ്വാധീനത്തിൻ കീഴിൽ സ്വയം ഭരിക്കാൻ അവൻ മനുഷ്യനെ അനുവദിച്ചു. ആ സാഹചര്യത്തിൽ, മനുഷ്യവർഗത്തെ വ്യർഥതയ്‌ക്കു കീഴ്‌പെടുത്തുന്നതിനെക്കാൾ ന്യായയുക്തമായ എന്തു തീരുമാനമാണ്‌ എടുക്കാൻ കഴിയുമായിരുന്നത്‌, അതും പ്രത്യാശ പ്രദാനം ചെയ്‌തുകൊണ്ട്‌?

15 തീർച്ചയായും, ഇത്‌ സൃഷ്ടിയുടെ “സ്വന്തം ഇഷ്ട”മായിരുന്നില്ല. നാം പാപത്തിന്റെയും ജീർണതയുടെയും അടിമകളായി ജനിക്കുന്നു, നമ്മുടേതായ യാതൊരു തിരഞ്ഞെടുപ്പുമില്ലാതെ. കരുണാമയനായ യഹോവ ആദാമിനെയും ഹവ്വായെയും, അവരുടെ ജീവിതത്തിലെ ശേഷിച്ച വർഷങ്ങൾ ജീവിച്ചുതീർക്കാനും സന്താനങ്ങളെ ഉത്‌പാദിപ്പിക്കാനും അനുവദിച്ചു. അവരുടെ പിൻഗാമികളായ നാം പാപത്തിന്റെയും മരണത്തിന്റെയും വ്യർഥതയ്‌ക്കു കീഴ്‌പെട്ടവരാണെങ്കിലും ആദാമും ഹവ്വായും ചെയ്യാൻ പരാജയപ്പെട്ട ഒരു കാര്യം ചെയ്യാനുള്ള അവസരം നമുക്കുണ്ട്‌. നമുക്ക്‌ യഹോവ പറയുന്നതു ശ്രദ്ധിക്കാനും അവന്റെ പരമാധികാരം നീതിയും പൂർണതയും ഉള്ളതായിരിക്കുമ്പോൾ യഹോവയെ വിട്ടകന്നുള്ള മാനുഷ ഭരണം വേദനയും നിരാശയും വ്യർഥതയും മാത്രമേ കൈവരുത്തൂ എന്നു മനസ്സിലാക്കാനും കഴിയും. (യിരെമ്യാവു 10:23; വെളിപ്പാടു 4:11) സാത്താന്റെ സ്വാധീനം കാര്യങ്ങളെ ഒന്നുകൂടെ വഷളാക്കുന്നു. മനുഷ്യ ചരിത്രം ഈ സത്യങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു.​—⁠സഭാപ്രസംഗി 8:⁠9.

16. (എ) ഇന്ന്‌ നാം ലോകത്തിൽ കാണുന്ന കഷ്ടപ്പാടിന്‌ യഹോവ ഉത്തരവാദിയല്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) വിശ്വസ്‌ത മനുഷ്യർക്ക്‌ യഹോവ സ്‌നേഹപൂർവം എന്തു പ്രത്യാശ പ്രദാനം ചെയ്‌തിരിക്കുന്നു?

16 മനുഷ്യവർഗത്തെ വ്യർഥതയ്‌ക്കു കീഴ്‌പെടുത്തുന്നതിന്‌ യഹോവയ്‌ക്ക്‌ ന്യായമായ കാരണങ്ങളുണ്ടായിരുന്നു എന്നു വ്യക്തം. എന്നാൽ അതിന്റെ അർഥം, ഇന്നു നമ്മെ ഓരോരുത്തരെയും ബാധിക്കുന്ന വ്യർഥതയ്‌ക്കും കഷ്ടപ്പാടിനും കാരണക്കാരൻ യഹോവ ആണെന്നാണോ? ഒരു കുറ്റവാളിയുടെമേൽ ന്യായമായ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ഒരു ജഡ്‌ജിയെ കുറിച്ചു ചിന്തിക്കുക. ശിക്ഷ അനുഭവിച്ചുതീർക്കുമളവിൽ കുറ്റവാളിക്ക്‌ അനേകം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നേക്കാം. എന്നാൽ തന്റെ കഷ്ടപ്പാടിന്‌ കാരണക്കാരൻ ജഡ്‌ജിയാണെന്ന്‌ അയാൾ പറയുന്നത്‌ ഉചിതമായിരിക്കുമോ? തീർച്ചയായും ഇല്ല! യഹോവയിൽനിന്ന്‌ ഒരിക്കലും ദുഷ്ടത ഉത്ഭവിക്കുന്നില്ല എന്നുള്ളതാണ്‌ മറ്റൊരു സംഗതി. യാക്കോബ്‌ 1:13 പറയുന്നു: “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” യഹോവ ഈ ശിക്ഷാവിധി പ്രഖ്യാപിച്ചത്‌ “പ്രത്യാശയുടെ അടിസ്ഥാനത്തിൽ” ആണെന്നും നമുക്ക്‌ ഓർമിക്കാം. ആദാമിന്റെയും ഹവ്വായുടെയും വിശ്വസ്‌ത പിൻഗാമികൾക്ക്‌ വ്യർഥതയുടെ അവസാനം കാണാനും “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യ”ത്തിൽ സന്തോഷിക്കാനും ഉള്ള ക്രമീകരണങ്ങൾ അവൻ സ്‌നേഹപൂർവം ചെയ്‌തിരിക്കുന്നു. സർവസൃഷ്ടിയും വേദനാപൂർണമായ വ്യർഥതയിലേക്കു വീണ്ടും നിപതിക്കുമെന്ന്‌ വിശ്വസ്‌ത മനുഷ്യവർഗത്തിന്‌ നിത്യതയിലെങ്ങും ഒരിക്കലും ഭയപ്പെടേണ്ടിവരികയില്ല. കാര്യങ്ങളെ ന്യായപൂർവം കൈകാര്യം ചെയ്‌തുകൊണ്ട്‌ യഹോവ തന്റെ പരമാധികാരത്തിന്റെ ഔചിത്യം എന്നേക്കുമായി സംസ്ഥാപിച്ചിരിക്കും.​—⁠യെശയ്യാവു 25:⁠8, NW.

17. ലോകത്തിൽ ഇന്നു കാണുന്ന കഷ്ടപ്പാടിനുള്ള കാരണങ്ങൾ പുനരവലോകനം ചെയ്യുന്നത്‌ നമ്മെ എങ്ങനെ ബാധിക്കണം?

17 മാനുഷിക കഷ്ടപ്പാടിനുള്ള ഈ കാരണങ്ങൾ പുനരവലോകനം ചെയ്യുമ്പോൾ ദുഷ്ടതയ്‌ക്ക്‌ യഹോവയെ പഴിചാരുന്നതിനോ അവനിലുള്ള ആശ്രയം കൈവിട്ടുകളയുന്നതിനോ ഉള്ള എന്തെങ്കിലും അടിസ്ഥാനം നാം കാണുന്നുണ്ടോ? നേരെ മറിച്ച്‌, അത്തരം ഒരു പഠനം മോശെയുടെ പിൻവരുന്ന വാക്കുകൾ ഏറ്റുപാടാൻ നമുക്കു കാരണം നൽകുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്‌തകം 32:4) ഈ സംഗതികളെ കുറിച്ച്‌ ധ്യാനിച്ചുകൊണ്ട്‌ നമുക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ അവയെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം പുതുക്കാം. അങ്ങനെയാകുമ്പോൾ, പരിശോധനകളെ അഭിമുഖീകരിക്കുന്ന സമയത്ത്‌ നമ്മുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകാനുള്ള സാത്താന്റെ ശ്രമങ്ങളെ നാം ചെറുത്തുനിൽക്കും. എന്നാൽ, തുടക്കത്തിൽ പരാമർശിച്ച രണ്ടാമത്തെ പടിയെ സംബന്ധിച്ചെന്ത്‌? യഹോവയിൽ ആശ്രയിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

യഹോവയിൽ ആശ്രയിക്കുക എന്നതിന്റെ അർഥം

18, 19. ബൈബിൾ ഏതു വാക്കുകളിലൂടെ യഹോവയിൽ ആശ്രയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, എന്നാൽ അക്കാര്യത്തിൽ ചിലർ എന്ത്‌ അബദ്ധധാരണകൾ വെച്ചുപുലർത്തുന്നു?

18 ദൈവവചനം നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ [“ഗ്രാഹ്യത്തിൽ,” NW] ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) ഉറപ്പേകുന്ന മനോഹരമായ വാക്കുകളാണ്‌ അവ. തീർച്ചയായും, നമ്മുടെ പ്രിയ സ്വർഗീയ പിതാവിനെക്കാൾ ആശ്രയയോഗ്യനായി ആരും ഈ അഖിലാണ്ഡത്തിലില്ല. എന്നാൽ സദൃശവാക്യങ്ങളിലെ ആ വാക്കുകൾ വായിക്കാൻ എളുപ്പമാണെങ്കിലും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടായിരുന്നേക്കാം.

19 യഹോവയിൽ ആശ്രയിക്കുക എന്നാൽ എന്താണ്‌ എന്നതു സംബന്ധിച്ച്‌ പലർക്കും അബദ്ധധാരണകൾ ഉണ്ട്‌. ചിലർ അത്തരം ആശ്രയത്തെ ഒരു വികാരം, ഹൃദയത്തിൽ സ്വാഭാവികമായി വന്നു നിറയേണ്ട ഒരു ആനന്ദാനുഭൂതി, മാത്രമായിട്ടാണു കാണുന്നത്‌. ഇനിയും മറ്റുചിലർ, ദൈവത്തിൽ ആശ്രയിക്കുക എന്നാൽ എല്ലാ ബുദ്ധിമുട്ടുകളിൽനിന്നും ദൈവം നമ്മെ സംരക്ഷിക്കുമെന്നും നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കും ഒരു തീരുമാനം ഉണ്ടാക്കുമെന്നും ദിവസേന അഭിമുഖീകരിക്കുന്ന ഓരോ വെല്ലുവിളിയെയും നാം ആഗ്രഹിക്കുന്ന വിധത്തിൽ ഉടനടി പരിഹരിച്ചു തരുമെന്നും പ്രതീക്ഷിക്കുക എന്നാണെന്ന്‌ വിശ്വസിക്കുന്നതായി കാണുന്നു! എന്നാൽ അത്തരം ധാരണകൾ അടിസ്ഥാനരഹിതമാണ്‌. ആശ്രയം വെറുമൊരു വികാരമല്ല. കൂടാതെ, അത്‌ യാഥാർഥ്യത്തിൽ അധിഷ്‌ഠിതമാണ്‌. മുതിർന്നവരോടുള്ള ബന്ധത്തിൽ, ആശ്രയത്തിൽ, ബോധപൂർവം ചിന്തിച്ച്‌ തീരുമാനങ്ങൾ എടുക്കുന്നത്‌ ഉൾപ്പെടുന്നു.

20, 21. യഹോവയിൽ ആശ്രയിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു? ദൃഷ്ടാന്തീകരിക്കുക.

20 സദൃശവാക്യങ്ങൾ 3:​5 പറയുന്നത്‌ ഒരിക്കൽക്കൂടി ശ്രദ്ധിക്കുക. അത്‌ യഹോവയിൽ ആശ്രയിക്കുന്നതിനെ നമ്മുടെ സ്വന്തം ഗ്രാഹ്യത്തിൽ ഊന്നുന്നതുമായി വിപരീത താരതമ്യം ചെയ്യുന്നു. നമുക്ക്‌ രണ്ടും കൂടെ ചെയ്യാനാവില്ലെന്ന്‌ അതു സൂചിപ്പിക്കുന്നു. അതിന്റെ അർഥം നമ്മുടെ ഗ്രഹണപ്രാപ്‌തികൾ ഉപയോഗിക്കാൻ നമുക്ക്‌ അനുവാദം ഇല്ലെന്നാണോ? അല്ല, ആ പ്രാപ്‌തികൾ നൽകിയ യഹോവ അവന്റെ സേവനത്തിൽ നാം അവ ഉപയോഗിക്കാൻ പ്രതീക്ഷിക്കുന്നു. (റോമർ 12:​1, NW) എന്നാൽ നാം എന്തിലാണ്‌ ഊന്നുന്നത്‌ അഥവാ ആശ്രയിക്കുന്നത്‌? നമ്മുടെ ചിന്താഗതി യഹോവയുടേതുമായി പൊരുത്തപ്പെടാതെ വരുന്ന ഒരു സാഹചര്യത്തിൽ, നമ്മുടേതിനെക്കാൾ അത്യന്തം ശ്രേഷ്‌ഠമായ യഹോവയുടെ ജ്ഞാനത്തെ നാം സ്വീകരിക്കുന്നുവോ? (യെശയ്യാവു 55:8, 9) യഹോവയിൽ ആശ്രയിക്കുക എന്നാൽ നമ്മുടെ ചിന്താഗതിയെ നയിക്കാൻ അവന്റെ ചിന്താഗതിയെ അനുവദിക്കുക എന്നാണ്‌.

21 ഈ ദൃഷ്ടാന്തം പരിചിന്തിക്കുക: ഒരു കൊച്ചു കുട്ടി കാറിന്റെ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയാണ്‌. അച്ഛനും അമ്മയും മുന്നിൽ ഇരിക്കുന്നു. അച്ഛനാണ്‌ വണ്ടിയോടിക്കുന്നത്‌. യാത്രയ്‌ക്കിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ​—⁠ഉദാഹരണത്തിന്‌, ശരിയായ വഴി സംബന്ധിച്ച്‌ സംശയം തോന്നുകയോ കാലാവസ്ഥയോ റോഡിന്റെ സ്ഥിതിയോ മോശമായിരിക്കുകയോ ചെയ്യുന്നെങ്കിൽ​—⁠അനുസരണമുള്ള, അച്ഛനമ്മമാരിൽ ആശ്രയം വെക്കുന്ന ഒരു കുട്ടി എങ്ങനെയാണു പ്രതികരിക്കുന്നത്‌? എങ്ങനെ കാറോടിക്കണം എന്നതു സംബന്ധിച്ച്‌ അവൻ പിന്നിൽനിന്ന്‌ അച്ഛനു നിർദേശങ്ങൾ കൊടുക്കുമോ? അവൻ തന്റെ അച്ഛനമ്മമാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയോ സീറ്റ്‌ ബെൽറ്റ്‌ അഴിക്കാതെ അങ്ങനെതന്നെ ഇരുന്നുകൊള്ളാൻ അവർ പറയുമ്പോൾ അത്‌ കേൾക്കാൻ കൂട്ടാക്കാതിരിക്കുകയോ ചെയ്യുമോ? ഇല്ല, അച്ഛനമ്മമാർ അപൂർണരാണെങ്കിലും അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനായി അവൻ അവരിൽ സ്വാഭാവികമായും ആശ്രയിക്കുന്നു. നമ്മുടെ പിതാവായ യഹോവ പൂർണനാണ്‌. നാം അവനിൽ പൂർണമായി ആശ്രയിക്കേണ്ടതല്ലേ, പ്രത്യേകിച്ചും വെല്ലുവിളിപരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ?​—⁠യെശയ്യാവു 30:⁠21.

22, 23. (എ) പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം യഹോവയിൽ ആശ്രയംവെക്കേണ്ടത്‌ എന്തുകൊണ്ട്‌, നമുക്ക്‌ ഇത്‌ എങ്ങനെ ചെയ്യാവുന്നതാണ്‌? (ബി) പിൻവരുന്ന ലേഖനത്തിൽ എന്തു ചർച്ചചെയ്യുന്നതായിരിക്കും?

22 എന്നാൽ, വെല്ലുവിളിപരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ മാത്രമല്ല, നാം നമ്മുടെ ‘എല്ലാവഴികളിലും [യഹോവയെ] നിനെച്ചുകൊള്ളേണ്ട’താണെന്ന്‌ സദൃശവാക്യങ്ങൾ 3:6 സൂചിപ്പിക്കുന്നു. അതുകൊണ്ട്‌ നാം ജീവിതത്തിൽ എടുക്കുന്ന ദൈനംദിന തീരുമാനങ്ങൾ യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ പ്രതിഫലിപ്പിക്കേണ്ടതാണ്‌. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ നാം നിരാശപ്പെടുകയോ പരിഭ്രാന്തരാകുകയോ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും മെച്ചപ്പെട്ട മാർഗം സംബന്ധിച്ച യഹോവയുടെ മാർഗനിർദേശത്തെ ചെറുക്കുകയോ ചെയ്യരുത്‌. പരിശോധനകളെ നാം യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കാനും സാത്താൻ ഒരു ഭോഷ്‌കാളിയാണെന്നു തെളിയിക്കുന്നതിൽ പങ്കുവഹിക്കാനും അനുസരണവും യഹോവയെ പ്രീതിപ്പെടുത്തുന്ന മറ്റു ഗുണങ്ങളും നട്ടുവളർത്താനും ഉള്ള അവസരങ്ങളായി വീക്ഷിക്കേണ്ടതുണ്ട്‌.​—⁠എബ്രായർ 5:7, 8.

23 നമുക്കു ഭീഷണി ഉയർത്തുന്ന പ്രതിബന്ധങ്ങൾ എന്തുതന്നെ ആയിരുന്നാലും നമുക്ക്‌ യഹോവയിൽ ആശ്രയം പ്രകടമാക്കാൻ കഴിയും. പ്രാർഥനയിലൂടെയും മാർഗനിർദേശത്തിനായി യഹോവയുടെ വചനത്തിലേക്കും അവന്റെ സംഘടനയിലേക്കും നോക്കുന്നതിലൂടെയും നാം അതു ചെയ്യുന്നു. എന്നിരുന്നാലും, ഇന്നത്തെ ലോകത്തിൽ, ചില പ്രത്യേക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക്‌ യഹോവയിലുള്ള ആശ്രയം എങ്ങനെ പ്രകടമാക്കാൻ കഴിയും? നമ്മുടെ അടുത്ത ലേഖനം ആ വിഷയം പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 13 “വ്യർഥത” എന്നതിന്‌ പൗലൊസ്‌ ഉപയോഗിച്ച ഗ്രീക്ക്‌ പദം സഭാപ്രസംഗിയുടെ പുസ്‌തകത്തിൽ ശലോമോൻ കൂടെക്കൂടെ ഉപയോഗിച്ച “മായ” എന്ന പദത്തെ കുറിക്കാൻ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്ന അതേ പദമാണ്‌. ഉദാഹരണത്തിന്‌, സഭാപ്രസംഗിയിലെ ‘സകലവും മായ അത്രേ’ എന്ന പ്രയോഗത്തിൽ ഈ പദം വരുന്നുണ്ട്‌.​—⁠സഭാപ്രസംഗി 1:2, 14; 2:11, 17; 3:19; 12:⁠8.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• താൻ യഹോവയെ തന്റെ ആശ്രയമാക്കിയിരുന്നു എന്ന്‌ ദാവീദ്‌ പ്രകടമാക്കിയത്‌ എങ്ങനെ?

• ഇന്നത്തെ മാനുഷിക കഷ്ടപ്പാടിന്റെ മൂന്നു കാരണങ്ങൾ ഏവ, ഇടയ്‌ക്കിടെ ഇവ പുനരവലോകനം ചെയ്യുന്നത്‌ നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• യഹോവ മനുഷ്യവർഗത്തിന്മേൽ എന്തു ശിക്ഷാവിധി ഉച്ചരിച്ചു, അത്‌ ന്യായമായ ഒരു ശിക്ഷാവിധി ആയിരുന്നത്‌ എന്തുകൊണ്ട്‌?

• യഹോവയിൽ ആശ്രയിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[8 -ാം പേജിലെ ചിത്രങ്ങൾ]

ദാവീദ്‌ യഹോവയെ തന്റെ ആശ്രയമാക്കി

[10 -ാം പേജിലെ ചിത്രങ്ങൾ]

യെരൂശലേമിലെ ഒരു ഗോപുരത്തിന്റെ വീഴ്‌ചയ്‌ക്ക്‌ യഹോവ ഉത്തരവാദി ആയിരുന്നില്ലെന്ന്‌ യേശു പ്രകടമാക്കി