യഹോവ എല്ലായ്‌പോഴും നമുക്കായി കരുതുന്നു
ജീവിത കഥ
യഹോവ എല്ലായ്‌പോഴും നമുക്കായി കരുതുന്നു
എനെലെസ് മ്‌സാങ് പറഞ്ഞപ്രകാരം
വർഷം 1972. മലാവിയിലെ യൂത്ത് ലീഗ് അംഗങ്ങളായ പത്തു ചെറുപ്പക്കാർ ഞങ്ങളുടെ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറി എന്നെ ബലമായി പിടിച്ചു വലിച്ച് അടുത്തുള്ള കരിമ്പിൻ തോട്ടത്തിലേക്കു കൊണ്ടുപോയി. അവിടെവെച്ച് അവർ എന്നെ അടിച്ച് അവശയാക്കി, അവസാനം ഞാൻ മരിച്ചെന്നു കരുതി എന്നെ അവിടെ ഉപേക്ഷിച്ചുപോയി.
മലാവിയിലെ യഹോവയുടെ സാക്ഷികളിൽ നിരവധി പേർക്ക് ഇത്തരം നീചമായ ആക്രമണങ്ങൾ സഹിക്കേണ്ടിവന്നു. അവർ പീഡിപ്പിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു? സഹിച്ചുനിൽക്കാൻ അവരെ സഹായിച്ചത് എന്താണ്? എന്റെ കുടുംബത്തിന്റെ കഥ ഞാൻ നിങ്ങളോടു പറയട്ടെ.
മതഭക്തിയുള്ള ഒരു കുടുംബത്തിൽ 1921 ഡിസംബർ 31-നാണ് ഞാൻ ജനിച്ചത്. മധ്യ ആഫ്രിക്കൻ പ്രസ്‌ബിറ്റേറിയൻ സഭയിലെ പാസ്റ്ററായിരുന്നു എന്റെ പിതാവ്. മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വേക്കു സമീപമുള്ള എങ്‌കോം എന്ന കൊച്ചു പട്ടണത്തിലാണു ഞാൻ വളർന്നത്. 15-ാം വയസ്സിൽ ഞാൻ എമാസ് മ്‌സാങ്ങിന്റെ ഭാര്യയായി.
ഒരു ദിവസം എന്റെ പിതാവിന്റെ സുഹൃത്ത് ഞങ്ങളെ സന്ദർശിച്ചു, അദ്ദേഹവും ഒരു പാസ്റ്റർ ആയിരുന്നു. ഞങ്ങളുടെ വീടിനടുത്ത് യഹോവയുടെ സാക്ഷികൾ താമസിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം അവരുമായി സമ്പർക്കത്തിലാകുന്നതിന് എതിരെ ഞങ്ങൾക്കു മുന്നറിയിപ്പു തന്നു. സാക്ഷികൾ ഭൂതബാധിതർ ആണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഞങ്ങളും ഭൂതബാധിതരായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. ഇതു കേട്ടപ്പോൾ ഞങ്ങൾക്ക് ആകെ ഭയമായി, ഞങ്ങൾ മറ്റൊരു ഗ്രാമത്തിലേക്കു മാറി താമസിച്ചു. അവിടെ എമാസിന് ഒരു കടയിൽ ജോലി കിട്ടി. പക്ഷേ, ഇവിടെയും ഞങ്ങളുടെ അയൽപ്രദേശത്ത് യഹോവയുടെ സാക്ഷികൾ ഉള്ളതായി താമസിയാതെ ഞങ്ങൾ തിരിച്ചറിഞ്ഞു!
എന്നിരുന്നാലും, എമാസിന് ബൈബിളിനോടുള്ള ആഴമായ സ്‌നേഹം നിമിത്തം അധികം താമസിയാതെതന്നെ അദ്ദേഹം ഒരു സാക്ഷിയോടു സംസാരിക്കാൻ പ്രേരിതനായി. തന്റെ നിരവധി ചോദ്യങ്ങൾക്ക് ബോധ്യംവരുത്തുന്ന ഉത്തരങ്ങൾ കിട്ടിയപ്പോൾ അദ്ദേഹം സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തീരുമാനിച്ചു.
ആദ്യമൊക്കെ അദ്ദേഹം ജോലിചെയ്‌തിരുന്ന കടയിൽ വെച്ചായിരുന്നു ബൈബിളധ്യയനം. പിന്നീട് ആഴ്‌ചയിൽ ഒരിക്കൽ ഞങ്ങളുടെ വീട്ടിൽവെച്ചു പഠിക്കാൻ തുടങ്ങി. ഓരോ തവണ യഹോവയുടെ സാക്ഷികൾ വീട്ടിൽ വരുമ്പോഴും അവരെ പേടിച്ചു ഞാൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുമായിരുന്നു. എന്നിരുന്നാലും, എമാസ് തന്റെ ബൈബിൾ പഠനം തുടർന്നു. അധ്യയനം തുടങ്ങി ഏതാണ്ട് ആറുമാസം ആയപ്പോൾ അദ്ദേഹം സ്‌നാപനമേറ്റു, 1951 ഏപ്രിലിൽ ആയിരുന്നു അത്. പക്ഷേ ഇതേപ്പറ്റി എമാസ് എന്നോടു പറഞ്ഞില്ല. കാരണം ഇത് അറിഞ്ഞാൽ ഞങ്ങളുടെ വിവാഹബന്ധം തകർന്നേക്കുമെന്ന് അദ്ദേഹം ഭയന്നു.ക്ലേശകരമായ ആഴ്‌ചകൾ
അങ്ങനെയിരിക്കെ ഒരു ദിവസം, എന്റെ കൂട്ടുകാരി എലെൻ കാഡ്‌സാലെറോ എന്റെ ഭർത്താവ് യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാപനമേറ്റ വിവരം എന്നോടു പറഞ്ഞു. ഞാൻ ദേഷ്യംകൊണ്ടു വിറച്ചു! അന്നുമുതൽ ഞാൻ അദ്ദേഹത്തോടു മിണ്ടുകയോ ഭക്ഷണം തയ്യാറാക്കി കൊടുക്കുകയോ ചെയ്‌തില്ല. അദ്ദേഹത്തിനു കുളിക്കാനായി വെള്ളം കൊണ്ടുവന്ന് ചൂടാക്കിക്കൊടുക്കുന്ന പണിയെല്ലാം ഞാൻ നിറുത്തി—ഞങ്ങളുടെ നാട്ടുനടപ്പനുസരിച്ച് ഒരു ഭാര്യയുടെ കർത്തവ്യമായി കരുതിയിരുന്ന ജോലിയായിരുന്നു ഇത്.
മൂന്ന് ആഴ്‌ചയോളം തുടർന്ന ഈ പരിശോധന സഹിച്ചശേഷം എമാസ് കാര്യങ്ങൾ തുറന്നു സംസാരിക്കാനായി എന്നെ ദയാപൂർവം വിളിച്ചു. താൻ ഒരു സാക്ഷി ആയിത്തീരാനുള്ള തീരുമാനം എടുത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. 1 കൊരിന്ത്യർ 9:16 പോലുള്ള നിരവധി തിരുവെഴുത്തുകൾ അദ്ദേഹം വായിച്ച് വിശദീകരിച്ചുതന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നെ സ്‌പർശിച്ചു. സുവാർത്താ പ്രസംഗവേലയിൽ ഞാനും പങ്കെടുക്കേണ്ടതാണെന്ന് എനിക്കു തോന്നി. അങ്ങനെ ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ആ വൈകുന്നേരംതന്നെ, എന്റെ സ്‌നേഹനിധിയായ ഭർത്താവിനെ സന്തോഷിപ്പിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിനു വേണ്ടി രുചികരമായ ഭക്ഷണം തയ്യാറാക്കി.
കുടുംബത്തോടും സുഹൃത്തുക്കളോടും സത്യം പങ്കുവെക്കുന്നു
ഞങ്ങൾ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുന്നു എന്ന് അറിഞ്ഞ ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ രൂക്ഷമായി എതിർത്തു. മേലാൽ അവരെ സന്ദർശിക്കരുതെന്നു പറഞ്ഞ് എന്റെ വീട്ടുകാർ കത്തെഴുതി. കുടുംബാംഗങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചതു ഞങ്ങളെ ദുഃഖിപ്പിച്ചു. എങ്കിലും ഞങ്ങൾക്കു നിരവധി അപ്പന്മാരെയും അമ്മമാരെയും സഹോദരന്മാരെയും സഹോദരിമാരെയും കിട്ടും എന്നുള്ള യേശുവിന്റെ വാഗ്‌ദാനത്തിൽ ഞങ്ങൾ വിശ്വാസം അർപ്പിച്ചു.—മത്തായി 19:29.
എന്റെ ബൈബിൾ പഠനം വളരെ വേഗം പുരോഗമിച്ചു, 1951 ആഗസ്റ്റിൽ ഞാൻ സ്‌നാപനമേറ്റു. അതായത് എന്റെ ഭർത്താവ് സ്‌നാപനമേറ്റു വെറും മൂന്നര മാസം കഴിഞ്ഞപ്പോൾ. എന്റെ കൂട്ടുകാരിയായ എലെനുമായി സുവാർത്ത പങ്കുവെക്കണമെന്ന് എനിക്കു തീവ്രമായ ആഗ്രഹം തോന്നി. സന്തോഷകരമെന്നു പറയട്ടെ അവൾ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. 1952 മേയിൽ എലെൻ സ്‌നാപനമേറ്റ് എന്റെ ആത്മീയ സഹോദരിയായിത്തീർന്നു. ഇതു ഞങ്ങളുടെ സുഹൃദ്‌ബന്ധം ഒന്നുകൂടി ദൃഢമാക്കി. ഇന്നും ഞങ്ങൾ ആത്മസുഹൃത്തുക്കളായി തുടരുന്നു.
സഭകൾ സന്ദർശിക്കുന്ന സർക്കിട്ട് മേൽവിചാരകനായി എമാസിന് 1954-ൽ നിയമനം കിട്ടി. അപ്പോഴേക്കും ഞങ്ങൾക്ക് ആറു മക്കൾ ജനിച്ചിരുന്നു. അക്കാലത്ത്, ഒരു കുടുംബം ഉള്ള സർക്കിട്ട് മേൽവിചാരകൻ ഒരാഴ്‌ച ഒരു സഭ സന്ദർശിച്ചിട്ട് അടുത്ത ഒരാഴ്‌ച തന്റെ ഭാര്യയോടും മക്കളോടും ഒപ്പം വീട്ടിൽ ചെലവഴിക്കുമായിരുന്നു. എന്നിരുന്നാലും, എമാസ് യാത്രയിലായിരിക്കുമ്പോഴും കുടുംബ ബൈബിളധ്യയനത്തിന്റെ കാര്യത്തിൽ ഞാൻ ശ്രദ്ധിക്കുന്നുവെന്ന് അദ്ദേഹം എപ്പോഴും ഉറപ്പുവരുത്തിയിരുന്നു. ഞങ്ങളുടെ മക്കളുമൊത്തുള്ള പഠനം ആസ്വാദ്യമാക്കാൻ ഞങ്ങൾ ശ്രമിച്ചു. യഹോവയോടും അവന്റെ വചനത്തിലെ സത്യങ്ങളോടും ഉള്ള ഞങ്ങളുടെ സ്‌നേഹത്തെ കുറിച്ച് ഹൃദയംഗമമായ ബോധ്യത്തോടെ ഞങ്ങൾ അവരോടു സംസാരിക്കുമായിരുന്നു. കുടുംബം ഒത്തൊരുമിച്ച് പ്രസംഗവേലയിലും പങ്കുപറ്റിയിരുന്നു. ഈ ആത്മീയ പരിശീലനം ഞങ്ങളുടെ കുട്ടികളുടെ വിശ്വാസത്തെ ബലപ്പെടുത്തി. ഇതു വരാനിരുന്ന പീഡനത്തെ നേരിടാൻ അവരെ സജ്ജരാക്കി.
മതപീഡനം തുടങ്ങുന്നു
മലാവി 1964-ൽ ഒരു സ്വതന്ത്ര രാഷ്‌ട്രമായി. ഭരണകക്ഷിയിലെ ഉദ്യോഗസ്ഥർ രാഷ്‌ട്രീയ കാര്യങ്ങളിലെ ഞങ്ങളുടെ നിഷ്‌പക്ഷ നിലപാടു മനസ്സിലാക്കിയപ്പോൾ ഞങ്ങളെ നിർബന്ധിച്ച് പാർട്ടി അംഗത്വ കാർഡുകൾ വാങ്ങിപ്പിക്കാൻ ശ്രമം നടത്തി. * എമാസും ഞാനും അതിനു വിസമ്മതിച്ചപ്പോൾ യൂത്ത് ലീഗ് അംഗങ്ങൾ ഞങ്ങളുടെ ചോളകൃഷി പാടേ നശിപ്പിച്ചു—അടുത്ത വർഷത്തേക്കുള്ള ഞങ്ങളുടെ മുഖ്യ ഭക്ഷ്യവിളയായിരുന്നു അത്. അവർ ഞങ്ങളുടെ ചോളച്ചെടികൾ അരിഞ്ഞു വീഴ്‌ത്തിയപ്പോൾ, ഇങ്ങനെ പാടുന്നുണ്ടായിരുന്നു: “കാമൂസൂവിന്റെ [പ്രസിഡന്റ് ബാൻഡായുടെ] കാർഡ് വാങ്ങാൻ വിസമ്മതിക്കുന്ന എല്ലാവരുടെയും പച്ച ചോളം ചിതലുകൾ തിന്നും, ഇവർ അതിനുവേണ്ടി വിലപിക്കും.” ആഹാരം നഷ്ടമായെങ്കിലും ഞങ്ങൾ നിരാശരായില്ല. യഹോവയുടെ കരുതൽ ഞങ്ങൾ അനുഭവിച്ചറിഞ്ഞു. അവൻ സ്‌നേഹപൂർവം ഞങ്ങളെ ശക്തിപ്പെടുത്തി.—ഫിലിപ്പിയർ 4:12, 13.
ആയിരത്തിത്തൊള്ളായിരത്തറുപത്തിനാല് ആഗസ്റ്റുമാസം ഒരുദിവസം രാത്രി, ഞാനും കുട്ടികളും മാത്രം വീട്ടിലുള്ള സമയം. ഞങ്ങൾ നല്ല ഉറക്കത്തിൽ ആയിരുന്നു. പക്ഷേ ദൂരെനിന്ന് ഒരു പാട്ടിന്റെ ശബ്ദം കേട്ടു ഞാൻ ഞെട്ടിയുണർന്നു. അത് ഗൂലെവാംകൂലൂ ആയിരുന്നു, മരിച്ച പൂർവികരുടെ ആത്മാക്കളെന്നു നടിച്ച് ആളുകളെ ആക്രമിക്കാനെത്തുന്ന ഗോത്ര നൃത്തക്കാരുടെ ഭീതിദമായ ഒരു ഗൂഢസമുദായം. ഞങ്ങളെ ആക്രമിക്കാനായി യൂത്ത് ലീഗ് അവരെ അയച്ചതായിരുന്നു. പെട്ടെന്നു ഞാൻ കുട്ടികളെ വിളിച്ചുണർത്തി, അക്രമികൾ എത്തും മുമ്പ് ഞങ്ങൾ കുറ്റിക്കാട്ടിലേക്ക് ഓടിയൊളിച്ചു.
ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് നോക്കിയപ്പോൾ ഞങ്ങൾ ഒരു വലിയ വെളിച്ചം കണ്ടു. ഗൂലെവാംകൂലൂ, പുല്ലുമേഞ്ഞ ഞങ്ങളുടെ വീടിനു തീവെച്ചതായിരുന്നു അത്. ഞങ്ങളുടെ എല്ലാ വസ്‌തുവകകളോടും കൂടെ അതു തീയിൽ എരിഞ്ഞു നിലംപൊത്തി. പുകപൊങ്ങുന്ന ഞങ്ങളുടെ വീടിന്റെ അവശിഷ്ടങ്ങൾക്കരികിൽനിന്നും അക്രമികൾ നടന്നകലുമ്പോൾ അവർ ഇപ്രകാരം പറയുന്നതു ഞങ്ങൾ കേട്ടു: “ഏതായാലും ആ സാക്ഷിക്ക് കുളിരകറ്റാൻ നല്ലൊരു തീയായി.” സുരക്ഷിതരായിരുന്നതിൽ യഹോവയോടു ഞങ്ങൾ എത്ര നന്ദിയുള്ളവർ ആയിരുന്നെന്നോ! അവർ ഞങ്ങളുടെ സകല സമ്പാദ്യവും നശിപ്പിച്ചെങ്കിലും മനുഷ്യരെക്കാൾ യഹോവയിൽ ആശ്രയിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ നശിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല.—സങ്കീർത്തനം 118:8.
ആ ഗൂഢസംഘം ഞങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ മറ്റ് അഞ്ചു കുടുംബങ്ങളോട് ഈ ക്രൂരതതന്നെ ചെയ്‌തു എന്നു പിന്നീടു ഞങ്ങൾ അറിഞ്ഞു. അയൽസഭകളിലെ സഹോദരങ്ങൾ ഞങ്ങളുടെ സഹായത്തിന് എത്തിയതിൽ ഞങ്ങൾ എത്ര സന്തുഷ്ടരും നന്ദിയുള്ളവരും ആയിരുന്നെന്നോ! അവർ ഞങ്ങളുടെ വീടുകൾ പുനർനിർമിച്ചു, പല ആഴ്‌ചകളിലേക്ക് ആവശ്യമുള്ള ഭക്ഷണവും എത്തിച്ചുതന്നു.
പീഡനം തീവ്രമാകുന്നു
പിന്നീട്, 1967 സെപ്‌റ്റംബറിൽ യഹോവയുടെ സാക്ഷികളെയെല്ലാം ഒന്നിച്ചുകൂട്ടാനുള്ള ഒരു പരിപാടി രാജ്യത്താകമാനം അരങ്ങേറി. ഞങ്ങളെയെല്ലാം കണ്ടുപിടിക്കാനായി യൂത്ത് ലീഗിലെയും മലാവി യങ്ങ് പയനിയേഴ്‌സിലെയും അംഗങ്ങളായ നിർദയരും അക്രമാസക്തരുമായ യുവാക്കൾ കൈയിൽ അരിവാളുകളുമായി വീടുതോറും കയറിയിറങ്ങി. സാക്ഷികളെ കണ്ടെത്തുമ്പോൾ ഈ യുവാക്കൾ രാഷ്‌ട്രീയ പാർട്ടി കാർഡുകൾ വാങ്ങാൻ അവരോട് ആവശ്യപ്പെട്ടു.
അവർ ഞങ്ങളുടെ വീട്ടിൽ എത്തിയപ്പോൾ, ഞങ്ങൾക്ക് പാർട്ടി കാർഡ് ഉണ്ടോ എന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു: “ഇല്ല, ഞാൻ വാങ്ങിയിട്ടില്ല. ഇപ്പോഴെന്നല്ല, ഒരിക്കലും ഞാൻ അത് വാങ്ങുകയുമില്ല.” ഉടനെ അവർ എന്നെയും ഭർത്താവിനെയും വലിച്ചിറക്കി പ്രാദേശിക പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. വീട്ടിൽനിന്നു യാതൊന്നും എടുക്കാൻ അവർ അനുവദിച്ചില്ല. ഞങ്ങളുടെ ഇളയ കുട്ടികൾ സ്‌കൂളിൽനിന്നും വന്നപ്പോൾ വീട്ടിൽ ഞങ്ങളെ കാണാതെ പരിഭ്രമിച്ചു. ഏതായാലും, അപ്പോഴേക്കും ഞങ്ങളുടെ മൂത്തമകൻ ഡാനിയേൽ വീട്ടിലെത്തി, എന്താണു സംഭവിച്ചതെന്ന് അയൽക്കാരോടു ചോദിച്ചു മനസ്സിലാക്കി. ഉടൻതന്നെ അവൻ ഇളയ കുട്ടികളെയും കൂട്ടി നേരെ പോലീസ് സ്റ്റേഷനിലേക്കു പോന്നു. ലിലോങ്‌വേയിലേക്ക് കൊണ്ടുപോകാനായി പോലീസുകാർ ഞങ്ങളെയെല്ലാം ട്രക്കിൽ കയറ്റുന്ന സമയത്തായിരുന്നു കുട്ടികൾ എത്തിയത്. അവരും ഞങ്ങളോടൊപ്പം പോന്നു.
ലിലോങ്‌വേയിലെ പോലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിൽ വെച്ച് ഒരു വിചാരണ നടന്നു. വെറും പ്രഹസനമായിരുന്നു അത്. “നിങ്ങൾ യഹോവയുടെ സാക്ഷികളായി തുടരുമോ?” എന്ന് ഉദ്യോഗസ്ഥർ ഞങ്ങളോടു ചോദിച്ചു. “ഉവ്വ്,” ഞങ്ങൾ മറുപടി പറഞ്ഞു. ഉവ്വ് എന്നുള്ള ഈ ഉത്തരത്തിന്റെ അർഥം ഏഴു വർഷത്തെ ജയിൽശിക്ഷ എന്നായിരുന്നു. സംഘടനയെ “നയിച്ചവർക്ക്” അത് 14 വർഷവും.
ആ രാത്രി മുഴുവൻ ഞങ്ങൾ ഭക്ഷണവും വിശ്രമവും ഇല്ലാതെ കഴിച്ചുകൂട്ടി. പിന്നീട് പോലീസ് ഞങ്ങളെ മൗൾ ജയിലിലേക്കു കൊണ്ടുപോയി. അവിടത്തെ തടവറകൾ തിങ്ങിനിറഞ്ഞിരുന്നു. തറയിൽ ഒന്നു കിടന്ന് ഉറങ്ങാൻ പോലും ഉള്ള ഇടം ഇല്ലായിരുന്നു! തിങ്ങിനിറഞ്ഞ തടവറകളിൽ ഓരോന്നിലും ഓരോ ബക്കറ്റ് ഉണ്ടായിരുന്നു, അതായിരുന്നു കക്കൂസ്. ആകെ ഒരൽപ്പം ഭക്ഷണമേ കിട്ടിയിരുന്നുള്ളൂ, അതാകട്ടെ വായിൽവെക്കാൻ കൊള്ളാത്തതും. രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ഞങ്ങൾ സമാധാനപ്രിയരായ ആളുകൾ ആണെന്ന് ജയിൽ അധികാരികൾ മനസ്സിലാക്കി. അതിനാൽ ജയിലിൽ വ്യായാമത്തിനായി ഉപയോഗിച്ചിരുന്ന പുറത്തെ മുറ്റം ഉപയോഗിക്കാൻ ഞങ്ങൾക്ക് അനുവാദം കിട്ടി. ഞങ്ങൾ കുറേപ്പേർ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് പരസ്‌പരം പ്രോത്സാഹനം കൈമാറുന്നതിനും മറ്റു തടവുകാർക്കു നല്ല സാക്ഷ്യം നൽകുന്നതിനുമുള്ള അവസരം ലഭിച്ചു. മൂന്നു മാസത്തെ ജയിൽ ശിക്ഷയ്‌ക്കു ശേഷം ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അവർ ഞങ്ങളെ മോചിതരാക്കി. മലാവി ഗവൺമെന്റിന്മേൽ ചെലുത്തപ്പെട്ട അന്താരാഷ്‌ട്ര സമ്മർദമായിരുന്നു അതിന്റെ കാരണം.
തിരികെ വീടുകളിലേക്കു പൊയ്‌ക്കൊള്ളാൻ പോലീസ് അധികാരികൾ ഞങ്ങളോടു പറഞ്ഞു, ഒപ്പം,
മലാവിയിൽ യഹോവയുടെ സാക്ഷികളെ നിരോധിച്ചിരിക്കുകയാണെന്നും. ഈ നിരോധനം 1967 ഒക്ടോബർ 20 മുതൽ 1993 ആഗസ്റ്റ് 12 വരെ നീണ്ടുനിന്നു—ഏകദേശം 26 വർഷം. ആ സമയങ്ങൾ ബുദ്ധിമുട്ടേറിയവ ആയിരുന്നു. എന്നിരുന്നാലും യഹോവയുടെ സഹായത്താൽ തികച്ചും നിഷ്‌പക്ഷരായിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെടുന്നു
അങ്ങനെയിരിക്കെ, 1972 ഒക്ടോബറിൽ പുറപ്പെടുവിച്ച ഒരു ഗവൺമെന്റ് ഉത്തരവ് വീണ്ടും രൂക്ഷമായ പീഡനം അലയടിക്കുന്നതിലേക്കു നയിച്ചു. യഹോവയുടെ സാക്ഷികളായ എല്ലാവരെയും ജോലിയിൽനിന്നു പിരിച്ചുവിടണം എന്നും ഗ്രാമങ്ങളിൽ താമസിക്കുന്ന യഹോവയുടെ സാക്ഷികളെ അവരുടെ വീടുകളിൽനിന്നു തുരത്തണം എന്നും ഉള്ളതായിരുന്നു ഉത്തരവ്. സാക്ഷികൾ മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെട്ടു.
ആ സമയത്ത്, ഒരു യുവ സഹോദരൻ എമാസിനുള്ള ഒരു അടിയന്തിര സന്ദേശവുമായി ഞങ്ങളുടെ വീട്ടിലെത്തി. ‘യൂത്ത് ലീഗ് താങ്കളുടെ തലവെട്ടിയിട്ട് ഒരു കമ്പിൽ കുത്തി നിറുത്തി ഗ്രാമമുഖ്യന്മാരുടെ മുമ്പിൽ കൊണ്ടുചെല്ലാൻ പദ്ധതിയിടുന്നു’ എന്നതായിരുന്നു സന്ദേശം. എമാസ് ഉടനടി വീടുവിട്ടു. പക്ഷേ എത്രയും പെട്ടെന്ന് ഞങ്ങളും അദ്ദേഹത്തിന്റെ അടുത്ത് എത്താനുള്ള ക്രമീകരണം ചെയ്‌തിട്ടാണ് അദ്ദേഹം പോയത്. തിടുക്കത്തിൽ ഞാൻ കുട്ടികളെ പറഞ്ഞയച്ചു. എന്നിട്ട് ഞാൻ വീട്ടിൽനിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും യൂത്ത് ലീഗിലെ പത്തുപേർ എമാസിനെ അന്വേഷിച്ച് എത്തി. വീട്ടിലേക്ക് ഇരച്ചുകയറിയ അവർക്ക് എമാസ് രക്ഷപ്പെട്ടെന്നു മനസ്സിലായി. കോപാക്രാന്തരായ അവർ എന്നെ വലിച്ചിഴച്ച് അടുത്തുള്ള കരിമ്പിൻതോട്ടത്തിലേക്കു കൊണ്ടുപോയി. അവിടെയിട്ട് അവർ എന്നെ തൊഴിക്കുകയും കരിമ്പുവെട്ടി അടിക്കുകയും ചെയ്‌തു. എന്നിട്ട് ഞാൻ മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോയി. ബോധം തെളിഞ്ഞപ്പോൾ ഞാൻ ഏന്തിവലിഞ്ഞു വീട്ടിലേക്കു പോന്നു.
ആ രാത്രിയിൽ, എമാസ് തന്റെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ഇരുട്ടിന്റെ മറവിൽ എന്നെ അന്വേഷിച്ചു വീട്ടിലെത്തി. എന്നെ അടിച്ച് അവശയാക്കിയിരിക്കുന്നതു കണ്ടപ്പോൾ അദ്ദേഹവും ഒരു സുഹൃത്തും കൂടി എന്നെ സുഹൃത്തിന്റെ കാറിൽ കയറ്റി ലിലൊങ്‌വേയിലുള്ള ഒരു സഹോദരന്റെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെവെച്ചു ഞാൻ സാവധാനം സുഖം പ്രാപിച്ചുവന്നു. അപ്പോഴേക്കും എമാസ് രാജ്യം വിടാനുള്ള ശ്രമം നടത്താൻ തുടങ്ങി.
പോകാൻ ഒരിടവും ഇല്ലാത്ത അഭയാർഥികൾ
ഞങ്ങളുടെ മകൾ ഡിനെസിനും ഭർത്താവിനും ഒരു ട്രക്കുണ്ടായിരുന്നു. അവർ ഒരു ഡ്രൈവറെ ജോലിക്കെടുത്തു. മുമ്പ് മലാവി യങ് പയനിയർ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഡ്രൈവർ. ഞങ്ങളുടെ സാഹചര്യം കണ്ടു സഹതാപം തോന്നിയ അയാൾ ഞങ്ങളെയും മറ്റു സാക്ഷികളെയും സഹായിക്കാമെന്ന് ഏറ്റു. പല വൈകുന്നേരങ്ങളിലും മുൻകൂട്ടി നിശ്ചയിച്ച ഒളിസങ്കേതങ്ങളിൽനിന്ന് അയാൾ സാക്ഷികളെ ട്രക്കിൽ കയറ്റും, എന്നിട്ട് തന്റെ മലാവി യങ് പയനിയർ യൂണിഫോം ധരിച്ച് സാക്ഷികളെ നിറച്ച ട്രക്കുമായി പലപല പോലീസ് കാവൽ സ്ഥാനങ്ങൾ നിഷ്‌പ്രയാസം കടന്നുപോകും. തനിക്ക് വലിയ അപകടം വരുത്തിവെച്ചേക്കാമെന്ന് അറിയാമായിരുന്നിട്ടും നൂറുകണക്കിനു സാക്ഷികളെ അതിർത്തികടന്ന് സാംബിയയിൽ എത്താൻ ഈ വ്യക്തി വളരെ സഹായിച്ചു.
കുറച്ചു മാസങ്ങൾക്കു ശേഷം, സാംബിയൻ ഗവൺമെന്റ് ഞങ്ങളെ മലാവിയിലേക്കു മടക്കി അയച്ചു. എന്നാൽ, ഞങ്ങളുടെ ഗ്രാമത്തിൽ തിരികെ പോകാൻ ഞങ്ങൾക്കു കഴിയുമായിരുന്നില്ല. ഞങ്ങൾ വീടുകളിൽ വെച്ചിട്ടുപോന്ന സാധനങ്ങൾ എല്ലാം അപ്പോഴേക്കും മോഷ്ടിക്കപ്പെട്ടിരുന്നു. ഞങ്ങളുടെ വീടിന്റെ ലോഹം കൊണ്ടുള്ള മേൽക്കൂരവരെ വലിച്ചിളക്കി കൊണ്ടുപോയിരുന്നു. സുരക്ഷിതമായി താമസിക്കാൻ ഒരിടവും ഇല്ലാതിരുന്ന ഞങ്ങൾ മൊസാമ്പിക്കിലേക്കു പലായനം ചെയ്‌തു. അവിടത്തെ
മ്ലാംഗെനി അഭയാർഥി ക്യാമ്പിൽ ഞങ്ങൾ രണ്ടര വർഷം താമസിച്ചു. പക്ഷേ, 1975 ജൂണിൽ, മൊസാമ്പിക്കിൽ അധികാരത്തിൽവന്ന ഒരു പുതിയ ഗവൺമെന്റ് ആ ക്യാമ്പ് അടച്ചുപൂട്ടി, ഞങ്ങളോടു തിരികെ മലാവിയിലേക്കു പൊയ്‌ക്കൊള്ളാൻ പറഞ്ഞു. മലാവിയിലാണെങ്കിൽ യഹോവയുടെ ജനത്തിന്റെ പ്രതികൂല സാഹചര്യങ്ങൾക്കു മാറ്റം വന്നിട്ടുമില്ലായിരുന്നു. മറ്റൊരു മാർഗവും ഇല്ലാഞ്ഞതിനാൽ രണ്ടാം തവണയും ഞങ്ങൾ സാംബിയയിലേക്കുതന്നെ പലായനം ചെയ്‌തു. അങ്ങനെ ഞങ്ങൾ ചിഗൂമൂകിർ അഭയാർഥി ക്യാമ്പിൽ എത്തിച്ചേർന്നു.രണ്ടു മാസങ്ങൾക്കു ശേഷം ഒരു ദിവസം കുറെ ബസ്സുകളും പട്ടാളട്രക്കുകളും ക്യാമ്പിനു സമീപത്തെ മെയിൻ റോഡിൽ വരിവരിയായി വന്നുനിന്നു. അവയിൽനിന്ന് ആയുധധാരികളായ നൂറുകണക്കിനു സാംബിയൻ പട്ടാളക്കാർ ക്യാമ്പിലേക്ക് ഇരച്ചു കയറിയിട്ട്, ഞങ്ങൾക്കുവേണ്ടി വളരെ നല്ല വീടുകൾ പണിതിട്ടിട്ടുണ്ടെന്നും അങ്ങോട്ടു കൊണ്ടുപോകാൻ വാഹനങ്ങളുമായി വന്നതാണെന്നും ഞങ്ങളോടു പറഞ്ഞു. ഇതു വെറും നുണയാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. പട്ടാളക്കാർ ആളുകളെ ബസ്സിലും ട്രക്കുകളിലും തള്ളിക്കയറ്റി, അവിടമാകെ പരിഭ്രാന്തി പടർന്നു. പട്ടാളക്കാർ തങ്ങളുടെ യന്ത്രത്തോക്കുകളിൽനിന്ന് ആകാശത്തേക്കു വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ പേടിച്ചരണ്ട് നമ്മുടെ ആയിരക്കണക്കിനു സഹോദരങ്ങൾ നാലുപാടും ഓടി.
ഈ ബഹളത്തിനിടയിൽ എമാസ് എങ്ങനെയോ നിലത്തുവീണു ചവിട്ടിമെതിക്കപ്പെട്ടു, പക്ഷേ ഒരു സഹോദരൻ അദ്ദേഹത്തെ താങ്ങി എഴുന്നേൽപ്പിച്ചു. ഇതു മഹോപദ്രവത്തിന്റെ തുടക്കം ആണെന്നാണു ഞങ്ങൾ വിചാരിച്ചത്. അഭയാർഥികൾ എല്ലാം മലാവിയുടെ ഭാഗത്തേക്ക് തിരിച്ച് ഓടി. ആ ഓട്ടത്തിനിടയിൽ സാംബിയയിലെതന്നെ ഒരു നദിക്കരയിൽ ഞങ്ങൾ എത്തി. എല്ലാവർക്കും സുരക്ഷിതമായി നദി കടക്കാൻ തക്കവണ്ണം സഹോദരങ്ങൾ കൈകോർത്തു പിടിച്ച് നിരവധി മനുഷ്യ ചങ്ങലകൾ തീർത്തു. നദിയുടെ മറുകരയിൽ സാംബിയൻ പട്ടാളം ഞങ്ങളെ വളഞ്ഞ് മലാവിയിലേക്കു ബലമായി തിരിച്ചുവിട്ടു.
അങ്ങനെ ഞങ്ങൾ വീണ്ടും മലാവിയിൽ എത്തിച്ചേർന്നു. എങ്ങോട്ടു പോകണം എന്നു ഞങ്ങൾക്ക് ഒരെത്തും പിടിയും ഇല്ലായിരുന്നു. ഗ്രാമങ്ങളിൽ “പുതുമുഖങ്ങൾ” എത്താൻ സാധ്യതയുണ്ടെന്നും യഹോവയുടെ സാക്ഷികളായ അവർ നോട്ടപ്പുള്ളികൾ ആണെന്നും രാഷ്‌ട്രീയ റാലികളിലൂടെയും പത്രങ്ങളിലൂടെയും ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് ഞങ്ങൾ തലസ്ഥാന നഗരിയിലേക്കു പോകാൻ തീരുമാനിച്ചു. അവിടെയാകുമ്പോൾ ഗ്രാമത്തിലേതുപോലെ പെട്ടെന്നു ഞങ്ങളെ തിരിച്ചറിയില്ലായിരുന്നു. ഞങ്ങൾ ഒരു കൊച്ചുവീട് വാടകയ്‌ക്ക് എടുത്തു. എമാസ് രഹസ്യമായി സഭകളിൽ തന്റെ സർക്കിട്ട് സന്ദർശനം നടത്തിപ്പോന്നു.
സഭായോഗങ്ങൾക്കു ഹാജരാകുന്നു
വിശ്വസ്‌തരായി തുടരാൻ ഞങ്ങളെ സഹായിച്ചത് എന്താണ്? സംശയമെന്ത്, സഭായോഗങ്ങൾതന്നെ! മൊസാമ്പിക്കിലും സാംബിയയിലുമുള്ള അഭയാർഥി ക്യാമ്പുകളിൽ ഞങ്ങൾ പുല്ലുമേഞ്ഞ ലളിതമായ രാജ്യഹാളുകളിൽ സ്വതന്ത്രമായി യോഗങ്ങൾ നടത്തിയിരുന്നു. എന്നാൽ മലാവിയിൽ യോഗങ്ങൾക്കു ഹാജരാകുന്നത് അപകടകരവും ബുദ്ധിമുട്ടേറിയതും ആയിരുന്നു. എന്നാൽ അത് എല്ലായ്‌പോഴും ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നു. ആരുടെയും കണ്ണിൽപ്പെടാതിരിക്കാനായി ഉൾപ്രദേശങ്ങളിൽ രാത്രിയേറെ വൈകിയാണു ഞങ്ങൾ യോഗങ്ങൾ നടത്തിയിരുന്നത്. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാനായി ഞങ്ങൾ കൈയടിക്കുകയില്ലായിരുന്നു. മറിച്ച് കൈവെള്ള കൂട്ടിത്തിരുമ്മിയാണു പ്രസംഗകരോടുള്ള വിലമതിപ്പ് ഞങ്ങൾ അറിയിച്ചിരുന്നത്.
സ്‌നാപനം രാത്രി വളരെ വൈകിയാണു നിർവഹിച്ചിരുന്നത്. ഞങ്ങളുടെ മകൻ അബിയൂദ് അത്തരമൊരു സന്ദർഭത്തിലാണു സ്‌നാപനമേറ്റത്. സ്‌നാപനപ്രസംഗം കഴിഞ്ഞപ്പോൾ അവനെയും മറ്റു സ്‌നാപനാർഥികളെയും ഇരുട്ടിലൂടെ ഒരു ചതുപ്പു പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെ കുഴിച്ചിരുന്ന ആഴം കുറഞ്ഞ ഒരു കുഴിയിലാണ് അവർ സ്‌നാപനമേറ്റത്.
ഞങ്ങളുടെ കൊച്ചുവീട് ഒരു സുരക്ഷിത അഭയസ്ഥാനം
ഗവൺമെന്റ് നിരോധനം ഏർപ്പെടുത്തിയിരുന്ന പിൽക്കാല വർഷങ്ങളിൽ എല്ലാം ലിലോങ്‌വേയിലെ ഞങ്ങളുടെ ഭവനം ഒരു സുരക്ഷിതകേന്ദ്രമായി ഉപയോഗിച്ചു. സാംബിയയിലെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള കത്തുകളും സാഹിത്യങ്ങളും എല്ലാം രഹസ്യമായി ഞങ്ങളുടെ വീട്ടിൽ എത്തിച്ചിരുന്നു. സാംബിയയിൽനിന്ന് അയച്ചു തരുന്ന സാഹിത്യങ്ങൾ ഞങ്ങളുടെ വീട്ടിൽവന്ന് എടുക്കാനും കത്തുകളും സാഹിത്യങ്ങളും മലാവിയിൽ എല്ലായിടത്തും എത്തിക്കാനും സഹോദരങ്ങൾ സൈക്കിളുകൾ ഉപയോഗിച്ചു. വീക്ഷാഗോപുരം മാസികയ്‌ക്ക് വളരെ കനം കുറവായിരുന്നു, കാരണം ബൈബിൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന കടലാസിലാണ് അവ അച്ചടിച്ചിരുന്നത്. തന്മൂലം, സാധാരണ കടലാസിൽ അച്ചടിക്കുന്ന മാസികകളുടെ ഇരട്ടി മാസികകൾ സൈക്കിളിൽ വെച്ചു കൊണ്ടുപോകാൻ സഹോദരങ്ങൾക്കു കഴിഞ്ഞു. ഈ തപാൽസേവകർ വീക്ഷാഗോപുരം മാസികകളുടെ പഠനലേഖനങ്ങൾ മാത്രം അടങ്ങിയ തീരെ ചെറിയ പതിപ്പുകളും വിതരണം ചെയ്‌തിരുന്നു. ഈ കൊച്ചു പതിപ്പുകൾക്ക് ഷർട്ടിന്റെ പോക്കറ്റിൽ ഇടാനുള്ള വലിപ്പമേ ഉണ്ടായിരുന്നുള്ളൂ, വെറും ഒരു ഷീറ്റു കടലാസ്.
പൊന്തക്കാടുകളിലൂടെയും കൂരിരുട്ടത്തും എല്ലാം നിരോധിക്കപ്പെട്ട സാഹിത്യം നിറച്ച കാർട്ടണുകൾ സൈക്കിളിനു പിന്നിൽ അടുക്കി യാത്രചെയ്‌ത ഈ സഹോദരങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യവും ജീവനും ആണ് അപകടപ്പെടുത്തിയത്. പോലീസുകാർ കാവൽ നിൽക്കുന്ന
സ്ഥലങ്ങളും മറ്റ് അപകടങ്ങളും ഉണ്ടായിരുന്നിട്ടും തങ്ങളുടെ സഹോദരങ്ങൾക്ക് ആത്മീയ ആഹാരം എത്തിച്ചു കൊടുക്കാനായി ഏതു കാലാവസ്ഥയും ഗണ്യമാക്കാതെ ഈ സഹോദരങ്ങൾ നൂറുകണക്കിനു കിലോമീറ്ററുകൾ യാത്രചെയ്‌തു. ഈ പ്രിയപ്പെട്ട സഹോദരങ്ങൾ എത്ര ധൈര്യമാണ് പ്രകടമാക്കിയത്!യഹോവ വിധവമാർക്കായി കരുതുന്നു
ഒരു സർക്കിട്ട് സന്ദർശനത്തിനിടയിൽ പ്രസംഗം നിർവഹിച്ചുകൊണ്ടിരിക്കെ, 1992 ഡിസംബറിൽ എമാസിന് മസ്‌തിഷ്‌കാഘാതം ഉണ്ടായി. അദ്ദേഹത്തിന്റെ സംസാരപ്രാപ്‌തി അതോടെ നഷ്ടപ്പെട്ടു. കുറച്ചുനാളുകൾക്കു ശേഷം വീണ്ടും മസ്‌തിഷ്‌കാഘാതം ഉണ്ടായി, അദ്ദേഹത്തിന്റെ ശരീരം ഒരുവശം തളർന്നുപോയി. ആരോഗ്യം നഷ്ടപ്പെട്ടത് അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ട് ഉളവാക്കിയെങ്കിലും സഭയിൽനിന്നും ഞങ്ങൾക്കു ലഭിച്ച സ്‌നേഹപുരസ്സരമായ പിന്തുണ എന്റെ നൈരാശ്യത്തെ ദൂരീകരിക്കാൻ സഹായിച്ചു. 1994 നവംബറിൽ, അദ്ദേഹത്തിന്റെ മരണംവരെ എന്റെ ഭർത്താവിനെ ശ്രദ്ധാപൂർവം പരിചരിക്കാൻ എനിക്കു കഴിഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 76 വയസ്സായിരുന്നു. ഞങ്ങളൊന്നിച്ച് 57 വർഷം ദാമ്പത്യജീവിതം ആസ്വദിച്ചു. മരിക്കുന്നതിനു മുമ്പ് മലാവിയിലെ നിരോധനം അവസാനിച്ചതും അദ്ദേഹം കണ്ടു. എങ്കിലും, എന്റെ വിശ്വസ്‌തനായ പങ്കാളിയുടെ നഷ്ടത്തിൽ ഞാൻ ഇപ്പോഴും ദുഃഖിതയാണ്.
ഞാൻ വിധവയായി കഴിഞ്ഞ്, എന്റെ മരുമകൻ തന്റെ ഭാര്യയുടെയും അഞ്ചു മക്കളുടെയും ഉത്തരവാദിത്വത്തിനു പുറമേ എനിക്കുവേണ്ടിയും കരുതി. ദുഃഖകരമെന്നു പറയട്ടെ, ഒരു രോഗം വന്ന് കുറച്ചുനാൾ കഴിഞ്ഞ് അവനും മരിച്ചു. 2000 ആഗസ്റ്റിലായിരുന്നു ഇത്. എന്റെ മകൾ ഞങ്ങൾക്കുവേണ്ടി ഭക്ഷണവും പാർപ്പിടവും എല്ലാം എങ്ങനെ കണ്ടെത്തുമായിരുന്നു? യഹോവ ഞങ്ങൾക്കുവേണ്ടി കരുതുന്നത് വീണ്ടും എനിക്കു കാണാൻ കഴിഞ്ഞു. അവൻ “അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.” (സങ്കീർത്തനം 68:5) യഹോവ ഭൂമിയിലെ തന്റെ ദാസന്മാരെ ഉപയോഗിച്ചുകൊണ്ട് ഞങ്ങൾക്ക് മനോഹരമായ പുതിയൊരു കൊച്ചുഭവനം പ്രദാനം ചെയ്‌തു. അതെങ്ങനെയായിരുന്നു? സഭയിലെ സഹോദരീസഹോദരന്മാർ ഞങ്ങളുടെ ദാരുണാവസ്ഥ മനസ്സിലാക്കിയപ്പോൾ വെറും അഞ്ച് ആഴ്‌ചകൊണ്ടു ഞങ്ങൾക്കൊരു വീടു പണിതുതന്നു! ഇഷ്ടികപ്പണി അറിയാവുന്ന മറ്റു സഭകളിലെ സഹോദരങ്ങൾ സഹായത്തിനെത്തി. ഈ സാക്ഷികൾ പ്രകടമാക്കിയ സ്‌നേഹവും ദയയും ഞങ്ങളെ വളരെയധികം സ്‌പർശിച്ചു, കാരണം അവർ ഞങ്ങൾക്കു പണിതുനൽകിയ ഭവനം അവരിൽ മിക്കവരും താമസിക്കുന്നതിനെക്കാൾ നല്ലതായിരുന്നു. സഭ പ്രകടമാക്കിയ ഈ സ്‌നേഹപ്രവൃത്തി ഞങ്ങളുടെ അയൽപക്കത്ത് നല്ലൊരു സാക്ഷ്യമായി. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ ഞാൻ പറുദീസയിൽ ആയിരിക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്! അതേ ഞങ്ങളുടെ മനോഹരമായ കൊച്ചുവീട് ഇഷ്ടികയും കുമ്മായക്കൂട്ടും കൊണ്ട് പണിതതാണെങ്കിലും ഇതു കാണുന്നവരിൽ അനേകരും പറയാറുണ്ട്, സ്‌നേഹംകൊണ്ടു പണിതിരിക്കുന്ന വീടാണ് ഇതെന്ന്.—ഗലാത്യർ 6:10.
യഹോവ തുടർന്നും കരുതുന്നു
എനിക്കു തീർത്തും നിരാശ തോന്നിയിട്ടുള്ള സന്ദർഭങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്, അപ്പോഴെല്ലാം യഹോവ എന്നെ പിന്താങ്ങിയിരിക്കുന്നു. എന്റെ ഒമ്പതു മക്കളിൽ ഏഴുപേർ ജീവിച്ചിരുപ്പുണ്ട്. ഇപ്പോൾ എന്റെ കുടുംബത്തിന്റെ അംഗസംഖ്യ 123 ആയിരിക്കുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതു കാണുന്നതിൽ ഞാൻ എത്ര നന്ദിയുള്ളവൾ ആണെന്നോ!
എനിക്കിപ്പോൾ 82 വയസ്സുണ്ട്. ദൈവാത്മാവ് മലാവിയിൽ ചെയ്‌തിരിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞുകവിയുന്നു. കഴിഞ്ഞ നാലു വർഷംകൊണ്ടു മാത്രം രാജ്യഹാളുകളുടെ എണ്ണം ഒന്നിൽനിന്ന് 600-ലധികം ആയി വർധിച്ചിരിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. ലിലോങ്‌വേയിൽ ഞങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ ബ്രാഞ്ച് ഓഫീസ് ഉണ്ട്. ശക്തി പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരം ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. യെശയ്യാവു 54:17-ലെ ദൈവിക വാഗ്‌ദാനത്തിന്റെ നിവൃത്തി ഞാൻ അനുഭവിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അവിടെ നമുക്ക് ഇപ്രകാരം ഉറപ്പു നൽകിയിരിക്കുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.” 50 വർഷത്തിലേറെ യഹോവയെ സേവിച്ചശേഷം എനിക്ക് ഈ ഉറപ്പുണ്ട്: നാം എന്തെല്ലാം പരിശോധനകൾ അഭിമുഖീകരിക്കേണ്ടിവന്നാലും ശരി, യഹോവ എല്ലായ്‌പോഴും നമുക്കായി കരുതുന്നു.
[അടിക്കുറിപ്പ്]
^ ഖ. 17 മലാവിയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1999 പേജ് 149-223 കാണുക.
[24 -ാം പേജിലെ ചിത്രം]
എന്റെ ഭർത്താവ് എമാസ് 1951 ഏപ്രിലിൽ സ്‌നാപനമേറ്റു
[26 -ാം പേജിലെ ചിത്രം]
ധീരരായ തപാൽ സേവകരുടെ ഒരു കൂട്ടം
[28 -ാം പേജിലെ ചിത്രം]
സ്‌നേഹംകൊണ്ടു പണിത വീട്