വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ലോകത്തിന്റെ പല ഭാഗങ്ങളിലും വിവാഹ സമ്മാനങ്ങൾ നൽകുന്ന ഒരു രീതിയുണ്ട്‌. അത്തരം സമ്മാനങ്ങൾ കൊടുക്കുമ്പോഴും സ്വീകരിക്കുമ്പോഴും എന്തൊക്കെ ബൈബിൾ തത്ത്വങ്ങൾ നാം പരിചിന്തിക്കണം?

ശരിയായ ആന്തരത്തോടെ ഉചിതമായ അവസരങ്ങളിൽ സമ്മാനം നൽകുന്നതിനെ ബൈബിൾ അംഗീകരിക്കുന്നു. കൊടുക്കലിന്റെ കാര്യത്തിൽ മഹാദാതാവായ യഹോവയെ അനുകരിക്കാൻ ബൈബിൾ സത്യക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ്‌ 1:17) അപ്പൊസ്‌തലനായ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “നൻമ ചെയ്യുന്നതിലും നിങ്ങൾക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്ഷ വരുത്തരുത്‌. അത്തരം ബലികൾ ദൈവത്തിനു പ്രീതികരമാണ്‌.” അതുകൊണ്ട്‌, ഉദാരമതികൾ ആയിരിക്കാൻ ക്രിസ്‌ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു.​—എബ്രായർ 13:​16, പി.ഒ.സി. ബൈബിൾ; ലൂക്കൊസ്‌ 6:38.

എന്നാൽ, ഐക്യനാടുകൾ, ഇംഗ്ലണ്ട്‌ തുടങ്ങിയ ചില രാജ്യങ്ങളിൽ വിവാഹിതരാകാൻ പോകുന്ന വ്യക്തികൾ സാധാരണ ഉപയോഗപ്പെടുത്തുന്ന സമ്മാന രജിസ്റ്റർ സംബന്ധിച്ചെന്ത്‌? പ്രതിശ്രുത വധൂവരന്മാർ ഏതെങ്കിലും ഒരു ഡിപ്പാർട്ട്‌മെന്റ്‌ സ്റ്റോറിലെ സാധനങ്ങൾ എല്ലാം പോയിക്കണ്ടശേഷം തങ്ങൾ സമ്മാനമായി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കി കടയിൽ കൊടുക്കുന്നു. അവർക്ക്‌ ഇഷ്ടമുള്ള ഒരു സമ്മാനം ആ പട്ടികയിൽനിന്നും തിരഞ്ഞെടുത്ത്‌ വാങ്ങുന്നതിനായി, പ്രസ്‌തുത കടയിൽനിന്നും സമ്മാനം വാങ്ങാൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും നിർദേശിക്കുന്നു. ഇത്തരം സമ്മാന രജിസ്റ്ററിന്റെ ഉപയോഗത്തിന്‌ ഒരു പ്രായോഗിക വശമുണ്ട്‌. അതായത്‌ സമ്മാനം നൽകുന്നവർക്ക്‌ എന്തു വാങ്ങണം എന്ന്‌ ആലോചിച്ച്‌ മണിക്കൂറുകൾ ചെലവിടേണ്ടി വരുന്നില്ല. അതുപോലെ സമ്മാനം സ്വീകരിക്കുന്നവർക്ക്‌ അത്‌ ഇഷ്ടപ്പെട്ടില്ലെങ്കിൽ കടയിൽ തിരികെ കൊടുക്കുന്നതിന്റെ അസൗകര്യങ്ങൾ ഒഴിവാക്കാനും കഴിയും.

ഒരു സമ്മാന രജിസ്റ്റർ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളതു വിവാഹിതരാകാൻ പോകുന്നവരുടെ വ്യക്തിപരമായ തീരുമാനമാണ്‌. എന്നിരുന്നാലും, ബൈബിൾ തത്ത്വങ്ങളുടെ ലംഘനമായേക്കാവുന്ന എന്തും ശ്രദ്ധാപൂർവം ഒഴിവാക്കാൻ ഒരു ക്രിസ്‌ത്യാനി ആഗ്രഹിക്കും. ഉദാഹരണത്തിന്‌, പ്രതിശ്രുത വധൂവരന്മാർ തങ്ങളുടെ പട്ടികയിൽ വിലകൂടിയ സാധനങ്ങൾ മാത്രമാണ്‌ ഉൾപ്പെടുത്തുന്നതെങ്കിലോ? ഇത്തരം സന്ദർഭങ്ങളിൽ, കൈയിൽ അധികം പണമില്ലാത്തവർക്ക്‌ സമ്മാനം വാങ്ങുക എന്നതു ബുദ്ധിമുട്ട്‌ ആയിത്തീർന്നേക്കാം. വിലകുറഞ്ഞ സമ്മാനം നൽകുന്നതിന്റെ കുറച്ചിൽ ഒഴിവാക്കാനായി വിവാഹത്തിനു പോകാതിരിക്കുന്നതാണു ഭേദം എന്നു തോന്നാനും ഇടയുണ്ട്‌. ഒരു ക്രിസ്‌തീയ വനിത ഇപ്രകാരം എഴുതി: “ഇതു വലിയൊരു ഭാരം ആയിത്തീർന്നുകൊണ്ടിരിക്കുകയാണ്‌. ഉദാരമതിയായിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ കൊടുക്കലിൽ ഞാൻ കണ്ടെത്തിയിരുന്ന സന്തോഷമെല്ലാം അടുത്ത കാലത്ത്‌ എനിക്കു നഷ്ടമായിരിക്കുകയാണ്‌.” ഒരു വിവാഹം നിരുത്സാഹത്തിന്റെ ഉറവായി മാറുന്നെങ്കിൽ അത്‌ എത്ര ഖേദകരമായിരിക്കും!

സമ്മാനം സ്വീകാര്യമാകണം എങ്കിൽ അത്‌ ഒരു പ്രത്യേക കടയിൽനിന്നു വാങ്ങിയതോ ഒരു പ്രത്യേക വിലപരിധിയിൽ ഉള്ളതോ ആയിരിക്കണമെന്ന തോന്നൽ സമ്മാനം നൽകുന്നവരിൽ ഉളവാക്കാൻ പാടില്ല. എന്തുതന്നെയായാലും, ദൈവദൃഷ്ടിയിൽ വിലയേറിയത്‌ സമ്മാനത്തിന്റെ വിലയല്ല മറിച്ച്‌ കൊടുക്കുന്ന ആളിന്റെ ഹൃദയനിലയാണ്‌ എന്ന്‌ യേശുക്രിസ്‌തു വ്യക്തമാക്കുകയുണ്ടായി. (ലൂക്കൊസ്‌ 21:1-4) സമാനമായി, പാവപ്പെട്ടവർക്കു നൽകുന്ന ദാനങ്ങളെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.”​—2 കൊരിന്ത്യർ 9:⁠7.

സമ്മാനം നൽകുന്ന ആൾ സമ്മാനദാതാവായി സ്വയം വെളിപ്പെടുത്തുന്നത്‌ ബൈബിളിന്റെ വീക്ഷണത്തിൽ തെറ്റല്ല. ചിലർ സമ്മാനത്തോടൊപ്പം ഒരു കുറിപ്പ്‌ എഴുതി വെക്കാറുണ്ട്‌. എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ, സമ്മാനം നൽകിയവരുടെ പേര്‌ സന്നിഹിതരായിരിക്കുന്ന മുഴുകൂട്ടത്തിനും മുമ്പാകെ വെളിപ്പെടുത്തുന്ന ഒരു രീതിയുണ്ട്‌. ഇത്‌ ചില പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ചിലപ്പോൾ സമ്മാനം നൽകുന്ന വ്യക്തികൾ തങ്ങളിലേക്കു ശ്രദ്ധ ആകർഷിക്കാതിരിക്കാനായി തങ്ങളുടെ പേരു വെളിപ്പെടുത്താതിരിക്കാൻ ആഗ്രഹിക്കുന്നു. അത്തരം വ്യക്തികൾ മത്തായി 6:3-ൽ പറയുന്ന ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിലാണു പ്രവർത്തിക്കുന്നത്‌. അവിടെ യേശു പറയുന്നു: “നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുത്‌.” ഇനി, സമ്മാനം നൽകുന്നത്‌ വ്യക്തിപരമായ ഒരു കാര്യമാണെന്നു മറ്റു ചിലർക്കു തോന്നുന്നു, അത്‌ കൊടുക്കുന്നയാളും വാങ്ങുന്നയാളും മാത്രം അറിഞ്ഞാൽ മതി എന്ന്‌ അവർ കരുതുന്നു. മാത്രമല്ല, സമ്മാനം നൽകുന്നയാളെ തിരിച്ചറിയിക്കുമ്പോൾ, സമ്മാനങ്ങളെ താരതമ്യം ചെയ്യാനുള്ള ഒരു പ്രവണത ഉണ്ടാകും, അത്‌ ‘മത്സരം ഇളക്കിവിട്ടേക്കാം.’ (ഗലാത്യർ 5:​26, NW) സമ്മാനം നൽകിയ വ്യക്തികളുടെ പേരു പരസ്യമായി വെളിപ്പെടുത്തിക്കൊണ്ട്‌ അവരെ അസ്വസ്ഥരാക്കുകയോ വീർപ്പുമുട്ടിക്കുകയോ ചെയ്യുന്നത്‌ ഒഴിവാക്കാൻ ക്രിസ്‌ത്യാനികൾ തീർച്ചയായും ആഗ്രഹിക്കുന്നു.​—1 പത്രൊസ്‌ 3:⁠8.

അതേ, ദൈവവചനത്തിൽ കാണുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ സമ്മാനം നൽകുന്നത്‌ എല്ലായ്‌പോഴും സന്തോഷത്തിന്റെ ഒരു ഉറവായിരിക്കും.​—⁠പ്രവൃത്തികൾ 20:​35, NW.