വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സഭാമദ്ധ്യേ” യഹോവയെ സ്‌തുതിക്കുക

“സഭാമദ്ധ്യേ” യഹോവയെ സ്‌തുതിക്കുക

“സഭാമദ്ധ്യേ” യഹോവയെ സ്‌തുതിക്കുക

തന്റെ ജനത്തെ ആത്മീയമായി ശക്തിയുള്ളവരാക്കി നിറുത്താനുള്ള യഹോവയുടെ കരുതലാണ്‌ ക്രിസ്‌തീയ യോഗങ്ങൾ. ഈ യോഗങ്ങൾക്ക്‌ ക്രമമായി ഹാജരായിക്കൊണ്ട്‌ യഹോവയുടെ കരുതലുകളോടുള്ള വിലമതിപ്പ്‌ നാം പ്രകടമാക്കുന്നു. കൂടാതെ, ‘[നമ്മുടെ സഹോദരങ്ങളെ] സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്കാനും’ നമുക്കു സാധിക്കുന്നു. അന്യോന്യം സ്‌നേഹം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വിധമാണ്‌ ഇത്‌. (എബ്രായർ 10:​24, NW; യോഹന്നാൻ 13:35) എന്നാൽ യോഗങ്ങളിൽ നമുക്ക്‌ എങ്ങനെയാണ്‌ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുക?

യോഗങ്ങളിൽ അഭിപ്രായം പറയുക

ദാവീദ്‌ രാജാവ്‌ തന്നെക്കുറിച്ചുതന്നെ ഇങ്ങനെ എഴുതി: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്‌തുതിക്കും. മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽ നിന്നു വരുന്നു.” “ഞാൻ മഹാസഭയിൽ നിനക്കു സ്‌തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്‌തുതിക്കും.” “ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല.”​—⁠സങ്കീർത്തനം 22:22, 25; 35:18; 40:⁠9.

അപ്പൊസ്‌തലനായ പൗലൊസിന്റെ നാളിൽ ആരാധനയ്‌ക്കായി കൂടിവന്ന ക്രിസ്‌ത്യാനികളും സമാനമായ വിധത്തിൽ യഹോവയിലുള്ള തങ്ങളുടെ വിശ്വാസത്തെയും അവന്റെ മഹത്ത്വത്തെയും കുറിച്ച്‌ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുണ്ടായി. ഇങ്ങനെ അവർ അന്യോന്യം പ്രോത്സാഹിപ്പിക്കുകയും സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കുമായി അന്യോന്യം പ്രചോദിപ്പിക്കുകയും ചെയ്‌തു. ദാവീദിന്റെയും പൗലൊസിന്റെയും കാലങ്ങൾക്ക്‌ ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്‌ യഹോവയുടെ ‘നാൾ സമീപിക്കുന്നത്‌ നമുക്കു [വ്യക്തമായി] കാണാൻ’ കഴിയുന്നുണ്ട്‌. (എബ്രായർ 10:24, 25) സാത്താന്റെ വ്യവസ്ഥിതി നാശത്തോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌, അതോടൊപ്പം പ്രശ്‌നങ്ങളും വർധിക്കുന്നു. മുമ്പെന്നത്തെക്കാളധികം ‘സഹിഷ്‌ണുത നമുക്ക്‌ ആവശ്യമാണ്‌.’ (എബ്രായർ 10:36) നമ്മുടെ സഹോദരങ്ങൾക്കല്ലെങ്കിൽ മറ്റാർക്കാണ്‌ സഹിഷ്‌ണുത പ്രകടമാക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കാനാവുക?

മുൻകാലങ്ങളിലെപ്പോലെ, “സഭാമദ്ധ്യേ” തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാൻ ഇക്കാലത്ത്‌ വിശ്വാസികളായ ഓരോരുത്തർക്കും അവസരമുണ്ട്‌. അതിനായി എല്ലാവർക്കും ലഭിക്കുന്ന ഒരവസരമാണ്‌ സഭായോഗങ്ങളിൽ സദസ്സിനോടു ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറയുക എന്നത്‌. അതിന്റെ പ്രയോജനങ്ങളെ വിലകുറച്ചു കാണരുത്‌. ഉദാഹരണത്തിന്‌, പ്രശ്‌നങ്ങളെ എങ്ങനെ തരണംചെയ്യാം അല്ലെങ്കിൽ ഒഴിവാക്കാം എന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റാനുള്ള നമ്മുടെ സഹോദരങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തും. പരാമർശിച്ചിട്ടുള്ളതും എന്നാൽ ഉദ്ധരിച്ചിട്ടില്ലാത്തതുമായ ബൈബിൾ വാക്യങ്ങളെ വിശദീകരിക്കുന്നതോ വ്യക്തിപരമായ ഗവേഷണത്തിൽനിന്നു ലഭിച്ച ആശയങ്ങൾ അടങ്ങുന്നതോ ആയ ഉത്തരങ്ങൾ തങ്ങളുടെ പഠനശീലങ്ങൾ മെച്ചപ്പെടുത്താൻ മറ്റുള്ളവരെ പ്രേരിപ്പിച്ചേക്കാം.

യോഗങ്ങളിൽ ഉത്തരങ്ങൾ പറയുന്നത്‌ നമുക്കും മറ്റുള്ളവർക്കും പ്രയോജനകരമാണ്‌ എന്ന തിരിച്ചറിവ്‌ ലജ്ജാശീലവും ഭയവും തരണംചെയ്യാൻ യഹോവയുടെ സാക്ഷികളായ എല്ലാവരെയും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും യോഗങ്ങളിൽ ഉത്തരങ്ങൾ പറയേണ്ടത്‌ പ്രത്യേകിച്ച്‌ പ്രധാനമാണ്‌. കാരണം, ഉത്തരങ്ങൾ പറയുന്നതിലും യോഗങ്ങൾക്കു ഹാജരാകുന്നതിലും അവർ നല്ല മാതൃകവെക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ക്രിസ്‌തീയ പ്രവർത്തനത്തിന്റെ ഈ പ്രത്യേക വശം ഒരു വെല്ലുവിളിയാണെന്നു കണ്ടെത്തുന്നപക്ഷം ഒരു വ്യക്തിക്ക്‌ എങ്ങനെ മെച്ചപ്പെടാനാകും?

മെച്ചപ്പെടാനുള്ള നിർദേശങ്ങൾ

യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നത്‌ യഹോവയെ ആരാധിക്കുന്നതിന്റെ ഭാഗമാണെന്ന്‌ ഓർക്കുക. ജർമനിയിൽ താമസിക്കുന്ന ഒരു ക്രിസ്‌തീയ സഹോദരി തന്റെ അഭിപ്രായങ്ങളെ എപ്രകാരം വീക്ഷിക്കുന്നുവെന്ന്‌ വിശദീകരിക്കുന്നു. “തങ്ങളുടെ വിശ്വാസത്തെ കുറിച്ച്‌ പറയുന്നതിൽനിന്ന്‌ ദൈവജനത്തെ തടയാനുള്ള സാത്താന്റെ ശ്രമങ്ങൾക്കുള്ള എന്റെ വ്യക്തിപരമായ ഉത്തരമാണ്‌ അവ.” അതേ സഭയിലുള്ള പുതുതായി സ്‌നാപനമേറ്റ ഒരു സഹോദരൻ പറയുന്നു: “ഉത്തരങ്ങൾ പറയുന്നതിനോടുള്ള ബന്ധത്തിൽ ഞാൻ ഏറെ പ്രാർഥിക്കാറുണ്ട്‌.”

നന്നായി തയ്യാറാകുക. മുൻകൂട്ടി പഠിക്കുന്നില്ലെങ്കിൽ, ഉത്തരം പറയുക ബുദ്ധിമുട്ടായി തോന്നിയേക്കാം, പറയുന്ന ഉത്തരങ്ങൾ ഫലകരമായിരിക്കുകയുമില്ല. സഭായോഗങ്ങളിൽ ഉത്തരങ്ങൾ പറയാൻ സഹായകമായ നിർദേശങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തിന്റെ 70-ാം പേജിലുണ്ട്‌. *

ഓരോ യോഗത്തിലും ഒരു ഉത്തരമെങ്കിലും പറയാനുള്ള ലക്ഷ്യം വെക്കുക. നിരവധി ഉത്തരങ്ങൾ തയ്യാറാകണം എന്നാണ്‌ ഇതിനർഥം. കാരണം, നിങ്ങൾ എത്ര കൂടെക്കൂടെ കൈ ഉയർത്തുന്നുവോ അധ്യയന നിർവാഹകൻ നിങ്ങളോട്‌ ചോദ്യം ചോദിക്കാനുള്ള സാധ്യതയും അത്ര കൂടുതലായിരിക്കും. ഏതു ചോദ്യത്തിനാണ്‌ ഉത്തരം പറയാൻ ആഗ്രഹിക്കുന്നതെന്ന്‌ വേണമെങ്കിൽ മുന്നമേതന്നെ നിങ്ങൾക്ക്‌ അദ്ദേഹത്തോടു പറയാവുന്നതാണ്‌. നിങ്ങൾ ഒരു പുതിയ ആളാണെങ്കിൽ ഇത്‌ പ്രത്യേകാൽ സഹായകമാണ്‌. “മഹാസഭയിൽ” ആയിരിക്കെ കൈ ഉയർത്താൻ നിങ്ങൾക്കു മടി തോന്നിയേക്കാം എന്നതിനാൽ, ഇത്‌ നിങ്ങളുടെ ഖണ്ഡിക ആണെന്നും അധ്യയന നിർവാഹകൻ നിങ്ങളുടെ കൈ കാണാനായി നോക്കുമെന്നും ഉള്ള അറിവ്‌ ഉത്തരം പറയാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും.

തുടക്കത്തിൽത്തന്നെ ഉത്തരം പറയുക. ബുദ്ധിമുട്ടുള്ള ഒരു വേല പിന്നത്തേക്കു മാറ്റിവെച്ചാൽ എളുപ്പമുള്ളതായിത്തീരുകയില്ല. യോഗത്തിന്റെ തുടക്കത്തിൽത്തന്നെ ഉത്തരം പറയുന്നത്‌ നിങ്ങൾക്കു സഹായകമായേക്കാം. ആദ്യം ഒരു ഉത്തരം പറഞ്ഞുകഴിഞ്ഞാൽ രണ്ടാമതോ മൂന്നാമതോ ഉത്തരം പറയുക എത്ര എളുപ്പമാണ്‌ എന്നത്‌ നിങ്ങളെ അതിശയിപ്പിച്ചേക്കാം.

ഉചിതമായ ഇരിപ്പിടം തിരഞ്ഞെടുക്കുക. രാജ്യഹാളിൽ മുൻഭാഗത്തായി ഇരിക്കുമ്പോൾ ഉത്തരം പറയാൻ എളുപ്പമാണെന്ന്‌ ചിലർ കണ്ടെത്തിയിരിക്കുന്നു. അവിടെ ശ്രദ്ധാശൈഥില്യം കുറവാണ്‌, മാത്രമല്ല സാധ്യതയനുസരിച്ച്‌ അധ്യയന നിർവാഹകൻ നിങ്ങളെ എളുപ്പം കാണുകയും ചെയ്യും. അങ്ങനെ ചെയ്യുന്നെങ്കിൽ, എല്ലാവർക്കും കേൾക്കത്തക്കവിധം ഉറക്കെ സംസാരിക്കാൻ ശ്രദ്ധിക്കുക, പ്രത്യേകിച്ച്‌ നിങ്ങളുടെ സഭയിൽ ഉത്തരം പറയാനായി മൈക്രോഫോൺ ഉപയോഗിക്കുന്നില്ലെങ്കിൽ.

ശ്രദ്ധാപൂർവം കേൾക്കുക. വേറെ ആരെങ്കിലും പറഞ്ഞുകഴിഞ്ഞ കാര്യം ആവർത്തിക്കാതിരിക്കാൻ ഇതു നിങ്ങളെ സഹായിക്കും. കൂടാതെ, മറ്റുള്ളവരുടെ ഉത്തരങ്ങൾ, പറഞ്ഞുകഴിഞ്ഞ കാര്യത്തെ വികസിപ്പിക്കാൻ സഹായിക്കുന്ന ഒരു തിരുവെഴുത്തോ ആശയമോ നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. ചിലപ്പോൾ, ചർച്ച ചെയ്യപ്പെടുന്ന ആശയം വ്യക്തമാക്കാൻ ഹ്രസ്വമായ ഒരു അനുഭവത്തിനു കഴിഞ്ഞേക്കാം. അത്തരം അഭിപ്രായങ്ങൾ വളരെ സഹായകമാണ്‌.

സ്വന്ത വാചകത്തിൽ ഉത്തരം പറയാൻ പഠിക്കുക. ഉത്തരം പഠനഭാഗത്തുനിന്നു വായിക്കുന്നത്‌ നിങ്ങൾ ശരിയായ ഉത്തരം കണ്ടെത്തിയെന്ന്‌ സൂചിപ്പിച്ചേക്കാം. മാത്രമല്ല ഉത്തരങ്ങൾ പറഞ്ഞു തുടങ്ങാനുള്ള ഒരു നല്ല വിധവുമായിരിക്കാം അത്‌. എന്നാൽ സ്വന്ത വാചകത്തിൽ ഉത്തരം പറയാൻ തുടങ്ങുമ്പോൾ നിങ്ങൾ ആശയം ഗ്രഹിക്കുന്നു എന്ന്‌ വ്യക്തമായിത്തീരുന്നു. പ്രസിദ്ധീകരണത്തിലുള്ളത്‌ അതേപടി പറയേണ്ട ആവശ്യമില്ല. യഹോവയുടെ സാക്ഷികൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ പറയുന്നത്‌ വെറുതേ ആവർത്തിക്കുന്നവരല്ല.

വിഷയത്തോടു ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറയുക. വിഷയത്തോടു ബന്ധമില്ലാത്തതോ പരിചിന്തിക്കപ്പെടുന്ന പ്രധാന ആശയങ്ങളിൽനിന്ന്‌ ശ്രദ്ധ അകറ്റുന്നതോ ആയ അഭിപ്രായങ്ങൾ ഉചിതമായിരിക്കില്ല. അതിന്റെ അർഥം നിങ്ങളുടെ ഉത്തരം വിഷയത്തോടു ബന്ധമുള്ളതായിരിക്കണം എന്നാണ്‌. അങ്ങനെ ചെയ്യുമ്പോൾ, പരിചിന്തിക്കപ്പെടുന്ന വിഷയത്തെ കുറിച്ചുള്ള ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന ഒരു ചർച്ച ആസ്വദിക്കാനാകും.

പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം വെക്കുക. ഉത്തരങ്ങൾ പറയുന്നതിന്റെ ഒരു പ്രധാന ലക്ഷ്യം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതായതിനാൽ, അവരെ നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങൾ പറയാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കണം. കൂടാതെ, മറ്റുള്ളവർക്കു പറയാനായി ഒന്നും അവശേഷിപ്പിക്കാതെ ഖണ്ഡികയിലെ മുഴുവൻ ആശയങ്ങളും പറയരുത്‌. ദീർഘവും സങ്കീർണവുമായ ഉത്തരങ്ങൾ ആശയത്തെ അവ്യക്തമാക്കുകയേ ഉള്ളൂ. ഏതാനും വാക്കുകളിൽ പറയുന്ന ചെറിയ ഉത്തരങ്ങൾ വളരെ ഫലകരമായിരിക്കും, കൂടാതെ ചെറിയ ഉത്തരങ്ങൾ പറയാൻ പുതിയവർക്ക്‌ പ്രോത്സാഹനമേകുകയും ചെയ്യും.

പരിപാടികൾ നിർവഹിക്കുന്നവരുടെ പങ്ക്‌

പ്രോത്സാഹിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ യോഗം നടത്തുന്ന വ്യക്തിക്കു വലിയ ഉത്തരവാദിത്വമുണ്ട്‌. പറയുന്ന ഓരോ ഉത്തരത്തിലും അദ്ദേഹം യഥാർഥ താത്‌പര്യം പ്രകടമാക്കുന്നു. ഉത്തരം പറയുന്ന സമയത്ത്‌ മറ്റു കാര്യങ്ങളിൽ മുഴുകാതെ, ശ്രദ്ധാപൂർവം കേൾക്കുകയും ഉത്തരം പറയുന്ന വ്യക്തിയെ നോക്കുകയും ചെയ്‌തുകൊണ്ട്‌ അദ്ദേഹത്തിന്‌ അതു ചെയ്യാവുന്നതാണ്‌. അദ്ദേഹം ശ്രദ്ധാപൂർവം കേൾക്കാത്തതു നിമിത്തം പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയോ ഉത്തരം ലഭിച്ച ഒരു ചോദ്യംതന്നെ വീണ്ടും ചോദിക്കുകയോ ചെയ്യുന്നത്‌ എത്ര അനുചിതമായിരിക്കും!

പറഞ്ഞ ഒരു ഉത്തരത്തിന്‌ എന്തോ കുറവുണ്ടായിരുന്നു എന്ന തോന്നൽ ഉളവാക്കിക്കൊണ്ട്‌ അധ്യയന നിർവാഹകൻ എല്ലായ്‌പോഴും വ്യത്യസ്‌ത വാക്കുകളിൽ ഉത്തരങ്ങൾ ആവർത്തിക്കുന്നെങ്കിൽ അതും നിരുത്സാഹജനകമായിരിക്കും. മറിച്ച്‌ പറഞ്ഞുകഴിഞ്ഞ ഒരു ഉത്തരം സുപ്രധാനമായ ഒരു ആശയത്തിന്റെ കൂടുതലായ ചർച്ചയിലേക്കു നയിക്കുന്നെങ്കിൽ അത്‌ എത്ര പ്രോത്സാഹജനകമായിരിക്കും. ‘ഇത്‌ നമ്മുടെ സഭയിൽ എങ്ങനെ ബാധകമാക്കാം?’ അല്ലെങ്കിൽ ‘ഖണ്ഡികയിലെ ഏത്‌ തിരുവെഴുത്താണ്‌ പറഞ്ഞുകഴിഞ്ഞ ആശയത്തെ പിന്താങ്ങുന്നത്‌?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ക്രിയാത്മകമായ ഉത്തരങ്ങൾ പറയാൻ പ്രോത്സാഹിപ്പിക്കുന്നവയാണ്‌. അത്‌ വളരെ പ്രയോജനകരമാണ്‌.

പുതിയവരോ ലജ്ജയുള്ളവരോ ഉത്തരം പറയുമ്പോൾ അവരെ പ്രത്യേകം അഭിനന്ദിക്കേണ്ടതാണ്‌. അത്‌ അധ്യയനത്തിനുശേഷം വ്യക്തിപരമായി ചെയ്യാവുന്നതാണ്‌. അങ്ങനെയാകുമ്പോൾ പരസ്യമായി അങ്ങനെ ചെയ്‌താൽ ഉണ്ടാകാനിടയുള്ള ജാള്യം ഒഴിവാക്കാനാകും. മാത്രമല്ല, ഉചിതമായിരിക്കുന്ന സന്ദർഭങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകാനും അത്‌ അധ്യയന നിർവാഹകന്‌ അവസരം പ്രദാനം ചെയ്യും.

സാധാരണ സംഭാഷണത്തിൽ, ഒരു ചർച്ചയുടെമേൽ ആധിപത്യം പുലർത്തുന്ന ഒരു വ്യക്തി ആശയവിനിമയത്തിനു തടസ്സമാണ്‌. അങ്ങനെ ഒരാൾ ഉള്ളപ്പോൾ മറ്റുള്ളവർക്ക്‌ അഭിപ്രായം പറയാൻ തോന്നാറില്ല. മറിച്ച്‌ മനസ്സില്ലാമനസ്സോടെ അയാൾ പറയുന്നത്‌ കേട്ടിരിക്കുകയോ മറ്റെന്തെങ്കിലുമൊക്കെ ശ്രദ്ധിച്ചിരിക്കുകയോ ചെയ്യും. അധ്യയനം നിർവഹിക്കുന്ന ആൾ വളരെയേറെ കാര്യങ്ങൾ പറഞ്ഞുകൊണ്ട്‌ ചർച്ചയുടെമേൽ ആധിപത്യം പുലർത്തുന്നെങ്കിൽ സമാനമായ സാഹചര്യം ഉളവായേക്കാം. എന്നിരുന്നാലും, ചിലപ്പോഴൊക്കെ ഉപചോദ്യങ്ങൾ ചോദിക്കുന്നത്‌ വിഷയത്തോടുള്ള ബന്ധത്തിൽ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങൾ പറയാൻ സദസ്യരെ പ്രേരിപ്പിക്കുകയോ അവരുടെ ചിന്താപ്രാപ്‌തിയെ ഉണർത്തുകയോ ചെയ്‌തേക്കാം. അത്തരം ചോദ്യങ്ങൾ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ.

ആദ്യം കൈ ഉയർത്തുന്ന വ്യക്തിയോടേ ചോദിക്കാവൂ എന്നില്ല. അങ്ങനെ ചെയ്‌താൽ മനസ്സിലെ ആശയങ്ങൾ ചിട്ടപ്പെടുത്തിയെടുക്കാൻ അൽപ്പ സമയം വേണ്ടിവരുന്നവർക്ക്‌ നിരുത്സാഹം തോന്നാം. കുറച്ചു സമയം അനുവദിക്കുന്നതു നിമിത്തം, ഉത്തരം പറഞ്ഞിട്ടില്ലാത്ത ഒരാൾക്ക്‌ അതിനുള്ള അവസരം അദ്ദേഹം നൽകുകയായിരിക്കും. കുട്ടികൾക്ക്‌ ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ അവരോടു ചോദിക്കാതിരുന്നുകൊണ്ടും അദ്ദേഹത്തിന്‌ വിവേചന പ്രകടമാക്കാൻ കഴിയും.

ആരെങ്കിലും തെറ്റായ ഒരു ഉത്തരം പറഞ്ഞാലോ? ആ ഉത്തരം പറഞ്ഞ വ്യക്തിയെ വിഷമിപ്പിക്കാതിരിക്കാൻ നിർവാഹകൻ ശ്രദ്ധിക്കണം. മിക്കപ്പോഴും തെറ്റായ ഉത്തരങ്ങളിൽപ്പോലും സത്യത്തിന്റെ അംശങ്ങളുണ്ട്‌. നയപൂർവം, ഉത്തരത്തിൽ ഉണ്ടായിരുന്നേക്കാവുന്ന ശരിയായ അംശം ചൂണ്ടിക്കാട്ടുകയോ ചോദ്യത്തിന്റെ ഘടന മാറ്റുകയോ വേറൊരു ചോദ്യം ചോദിക്കുകയോ ചെയ്‌തുകൊണ്ട്‌ തെറ്റായ ഉത്തരം പറഞ്ഞ വ്യക്തിയെ വിഷമിപ്പിക്കാതെതന്നെ കാര്യങ്ങൾ നേരെയാക്കാൻ നിർവാഹകനു കഴിയും.

സദസ്യരെ ഉത്തരങ്ങൾ പറയാൻ പ്രോത്സാഹിപ്പിക്കാൻ തക്കവണ്ണം യോഗം നടത്തുന്നയാൾ, ‘മറ്റാർക്കെങ്കിലും കൂടുതലായി എന്തെങ്കിലും അഭിപ്രായം ഉണ്ടോ?’ എന്നതുപോലുള്ള പൊതു ചോദ്യങ്ങൾ ഒഴിവാക്കേണ്ടതാണ്‌. ‘ഇതുവരെ ഉത്തരമൊന്നും പറയാത്തത്‌ ആരാണ്‌? ഇത്‌ അവസാന ചാൻസാണ്‌!’ എന്ന പ്രസ്‌താവന സദുദ്ദേശ്യപരമായിരുന്നേക്കാമെങ്കിലും അഭിപ്രായങ്ങൾ തുറന്നു പറയാൻ ഇത്‌ വ്യക്തികളെ പ്രേരിപ്പിക്കില്ല. നേരത്തേ ഉത്തരം പറയാഞ്ഞതു നിമിത്തം എന്തോ കുറ്റം ചെയ്‌തു എന്നൊരു തോന്നൽ സഹോദരങ്ങളിൽ ഉളവാക്കരുത്‌. മറിച്ച്‌, സ്‌നേഹത്തിന്റെ ഒരു പ്രകടനമെന്ന നിലയിൽ തങ്ങൾക്ക്‌ അറിയാവുന്നത്‌ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം. കൂടാതെ, ഉത്തരം പറയാൻ ഒരാളോട്‌ ആവശ്യപ്പെട്ടിട്ട്‌, “ഇതിനുശേഷം ആ സഹോദരന്റെയും പിന്നെ ഈ സഹോദരിയുടെയും അഭിപ്രായം ശ്രദ്ധിക്കാം” എന്ന്‌ പറയാതിരിക്കുന്നതാണ്‌ നല്ലത്‌. അധ്യയന നിർവാഹകൻ ആദ്യം ഒരാളുടെ ഉത്തരം ശ്രദ്ധിക്കുകയും അതിനുശേഷം കൂടുതലായ അഭിപ്രായത്തിന്റെ ആവശ്യമുണ്ടോ എന്ന്‌ തീരുമാനിക്കുകയും വേണം.

അഭിപ്രായം പറയൽ​—⁠ഒരു പദവി

യോഗങ്ങൾക്ക്‌ ഹാജരാകുക എന്നത്‌ ഒരു ആത്മീയ നിബന്ധനയാണ്‌; അവിടെ ആയിരിക്കുമ്പോൾ അഭിപ്രായങ്ങൾ പറയുക എന്നത്‌ ഒരു പദവിയും. “സഭാമദ്ധ്യേ” യഹോവയെ സ്‌തുതിക്കാനുള്ള ഈ അതുല്യ അവസരം എത്രത്തോളം ഉപയോഗപ്പെടുത്തുന്നുവോ അത്രത്തോളം നാം ദാവീദിന്റെ മാതൃക പിൻപറ്റുകയും പൗലൊസിന്റെ ബുദ്ധിയുപദേശം ഗൗരവമായെടുക്കുകയും ചെയ്യുന്നു. യോഗങ്ങളിലെ നമ്മുടെ പങ്കുപറ്റൽ, നാം സഹോദരങ്ങളെ സ്‌നേഹിക്കുന്നെന്നും നാം യഹോവയുടെ മഹാസഭയുടെ ഭാഗമാണെന്നും തെളിയിക്കുന്നു. “നാൾ സമീപിക്കുന്നു എന്നു കാണുംതോറും” ഇതിനെക്കാൾ മെച്ചമായ വേറെ എവിടെയാണ്‌ നിങ്ങൾക്ക്‌ ആയിരിക്കാനാവുക?​—⁠എബ്രായർ 10:25.

[അടിക്കുറിപ്പ്‌]

^ ഖ. 10 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[20 -ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധിക്കുന്നതും ഉത്തരം പറയുന്നതും സുപ്രധാനമാണ്‌

[21 -ാം പേജിലെ ചിത്രം]

അധ്യയന നിർവാഹകൻ ഓരോ ഉത്തരത്തിലും യഥാർഥ താത്‌പര്യം കാണിക്കുന്നു