വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയ സംഭാഷണങ്ങൾ കെട്ടുപണി ചെയ്യുന്നു

ആത്മീയ സംഭാഷണങ്ങൾ കെട്ടുപണി ചെയ്യുന്നു

ആത്മീയ സംഭാഷണങ്ങൾ കെട്ടുപണി ചെയ്യുന്നു

“കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്‌.”​—⁠എഫെസ്യർ 4:29.

1, 2. (എ) സംസാരപ്രാപ്‌തി എത്ര അമൂല്യമാണ്‌? (ബി) നാവിനെ ഏതു വിധത്തിൽ ഉപയോഗിക്കാനാണ്‌ യഹോവയുടെ ദാസർ ആഗ്രഹിക്കുന്നത്‌?

“മനുഷ്യന്റെ സംസാരപ്രാപ്‌തി ഒരു നിഗൂഢതയാണ്‌; ഒരു ദിവ്യ ദാനമാണ്‌, ഒരു അത്ഭുതമാണ്‌.” നിഘണ്ടുനിർമാതാവായ ലൂറ്റ്വിച്ച്‌ കൂലറുടെ വാക്കുകളാണ്‌ അവ. ദൈവം നൽകിയിരിക്കുന്ന ഈ അമൂല്യ ദാനത്തെ ഒരുപക്ഷേ നാം നിസ്സാരമായെടുത്തേക്കാം. (യാക്കോബ്‌ 1:17) എന്നാൽ ഒരു മസ്‌തിഷ്‌കാഘാതം നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ സംസാരപ്രാപ്‌തി കവർന്നെടുക്കുമ്പോൾ എത്ര വലിയ നിധിയാണ്‌ നഷ്ടമാകുന്നത്‌ എന്നു ചിന്തിച്ചുനോക്കുക. അടുത്തയിടെ അത്തരം ഒരു ആഘാതത്തിന്‌ വിധേയനായ ഒരു വ്യക്തിയുടെ ഭാര്യ ജോൻ പറയുന്നു: “ഞങ്ങളുടെ ബന്ധത്തെ അരക്കിട്ടുറപ്പിച്ചിരുന്ന വളരെ നല്ല ആശയവിനിമയം ഞങ്ങൾക്കുണ്ടായിരുന്നു, ആ സംഭാഷണങ്ങളുടെ അഭാവം എനിക്കിപ്പോൾ എത്രയേറെ അനുഭവപ്പെടുന്നുവെന്നോ!”

2 സുഹൃദ്‌ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും നിരാശരെ പ്രോത്സാഹിപ്പിക്കാനും വിശ്വാസം ബലിഷ്‌ഠമാക്കാനും ജീവിതം ധന്യമാക്കാനും സംഭാഷണങ്ങൾക്കു കഴിയും. എന്നാൽ ഇത്‌ തനിയേ സാധ്യമാകുന്നില്ല. ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇപ്രകാരം പറഞ്ഞു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” (സദൃശവാക്യങ്ങൾ 12:18) യഹോവയുടെ ദാസരെന്ന നിലയിൽ നമ്മുടെ സംഭാഷണം മറ്റുള്ളവരെ സുഖപ്പെടുത്താനും കെട്ടുപണി ചെയ്യാനും ആണ്‌ നാം ആഗ്രഹിക്കുന്നത്‌, അല്ലാതെ വ്രണപ്പെടുത്താനും ഇടിച്ചുകളയാനും അല്ല. നമ്മുടെ പരസ്യശുശ്രൂഷയിലും സ്വകാര്യ സംഭാഷണങ്ങളിലും യഹോവയ്‌ക്കു സ്‌തുതി കരേറ്റാനായി നമ്മുടെ നാവിനെ ഉപയോഗിക്കാനും നാം ആഗ്രഹിക്കുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ദൈവത്തിൽ ഞങ്ങൾ നിത്യം [“ദിവസം മുഴുവൻ,” NW] പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്‌തോത്രം ചെയ്യുന്നു.”​—⁠സങ്കീർത്തനം 44:⁠8.

3, 4. (എ) സംസാരത്തോടുള്ള ബന്ധത്തിൽ നാമേവരും ഏതു പ്രശ്‌നം അഭിമുഖീകരിക്കുന്നു? (ബി) നാം എന്തു സംസാരിക്കുന്നു എന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 “നാവിനെയോ മനുഷ്യർക്കാർക്കും മരുക്കാവതല്ല” എന്ന്‌ ശിഷ്യനായ യാക്കോബ്‌ മുന്നറിയിപ്പു നൽകുന്നു. അവൻ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള [“പൂർണതയുള്ള,” NW] പുരുഷൻ ആകുന്നു.” (യാക്കോബ്‌ 3:2, 8) നാം ആരും പൂർണരല്ല. അതുകൊണ്ട്‌ നാവിനെ നല്ല രീതിയിൽ ഉപയോഗിക്കാൻ എത്ര ആഗ്രഹിച്ചാലും, നമ്മുടെ സംസാരം എല്ലായ്‌പോഴും മറ്റുള്ളവരെ കെട്ടുപണി ചെയ്യുകയോ സ്രഷ്ടാവിന്‌ സ്‌തുതി കരേറ്റുകയോ ചെയ്യുന്നില്ല. അക്കാരണത്താൽ, എന്തു സംസാരിക്കുന്നു എന്നതു സംബന്ധിച്ച്‌ ശ്രദ്ധയുള്ളവർ ആയിരിക്കാൻ നാം പഠിക്കേണ്ടതുണ്ട്‌. കൂടാതെ യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കുബോധിപ്പിക്കേണ്ടിവരും . . . നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുററം വിധിക്കപ്പെടുകയും ചെയ്യും.” (മത്തായി 12:36, 37) അതേ, നമ്മുടെ വാക്കുകൾക്ക്‌ നാം സത്യദൈവത്തോട്‌ കണക്കു ബോധിപ്പിക്കേണ്ടവരാണ്‌.

4 ദ്രോഹകരമായ സംസാരം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വിധങ്ങളിൽ ഒന്ന്‌ ആത്മീയ സംഭാഷണങ്ങളിൽ ഏർപ്പെടുന്ന ഒരു ശീലം നട്ടുവളർത്തുക എന്നതാണ്‌. അത്‌ എങ്ങനെ ചെയ്യാം, ഏതുതരം വിഷയങ്ങൾ സംഭാഷണത്തിൽ ഉൾപ്പെടുത്താം, കെട്ടുപണി ചെയ്യുന്ന സംസാരത്തിൽനിന്നു നമുക്ക്‌ എന്തു പ്രയോജനങ്ങൾ ലഭിക്കും എന്നീ കാര്യങ്ങളാണ്‌ ഈ ലേഖനം ചർച്ച ചെയ്യുന്നത്‌.

ഹൃദയത്തിനു ശ്രദ്ധ നൽകുക

5. കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങളെ ഉന്നമിപ്പിക്കുന്നതിൽ ഹൃദയം ഒരു മുഖ്യപങ്ക്‌ വഹിക്കുന്നത്‌ എങ്ങനെ?

5 കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്ന ശീലം വളർത്തിയെടുക്കുന്നതിനോടുള്ള ബന്ധത്തിൽ, നമ്മുടെ ഹൃദയത്തിലുള്ളതിനെ നമ്മുടെ സംസാരം പ്രതിഫലിപ്പിക്കുന്നെന്ന്‌ നാം ഒന്നാമതായി തിരിച്ചറിയണം. യേശു ഇങ്ങനെ പറഞ്ഞു: “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ്‌ സംസാരിക്കുന്നത്‌.” (മത്തായി 12:34) ലളിതമായി പറഞ്ഞാൽ, നമുക്കു പ്രധാനമായിരിക്കുന്ന കാര്യങ്ങൾ സംസാരിക്കാനാണ്‌ നാം ഇഷ്ടപ്പെടുന്നത്‌. അതുകൊണ്ട്‌ നാം സ്വയം ഇങ്ങനെ ചോദിക്കേണ്ടതുണ്ട്‌: ‘എന്റെ ഹൃദയാവസ്ഥയെ കുറിച്ച്‌ എന്റെ സംഭാഷണങ്ങൾ എന്താണു വെളിപ്പെടുത്തുന്നത്‌? കുടുംബാംഗങ്ങളോടോ സഹവിശ്വാസികളോടോ ഒപ്പം ആയിരിക്കുമ്പോൾ എന്റെ സംഭാഷണം ആത്മീയ കാര്യങ്ങളെ കേന്ദ്രീകരിച്ചാണോ അതോ എല്ലായ്‌പോഴും സ്‌പോർട്‌സ്‌, വസ്‌ത്രങ്ങൾ, സിനിമ, ഭക്ഷണം, ഞാൻ ഒടുവിലായി വാങ്ങിയ സാധനങ്ങൾ എന്നിവയെയോ അല്ലെങ്കിൽ ചില നിസ്സാര കാര്യങ്ങളെയോ കേന്ദ്രീകരിച്ചാണോ?’ ജീവിതത്തിൽ രണ്ടാം സ്ഥാനത്തു വരേണ്ട കാര്യങ്ങളെ ചുറ്റിപ്പറ്റി ആയിരിക്കാം നമ്മുടെ ജീവിതവും ചിന്തകളും. ഒരുപക്ഷേ നാം അത്‌ തിരിച്ചറിയുന്നുണ്ടാവില്ല. നമ്മുടെ മുൻഗണനകൾക്കു ഭേദഗതി വരുത്തുന്നത്‌ സംഭാഷണത്തെയും ജീവിതത്തെയും മെച്ചപ്പെടുത്തും.​—⁠ഫിലിപ്പിയർ 1:​10, NW.

6. നമ്മുടെ സംഭാഷണങ്ങളിൽ ധ്യാനത്തിനുള്ള പങ്കെന്ത്‌?

6 നമ്മുടെ സംഭാഷണത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള മറ്റൊരു വിധമാണ്‌ ഉദ്ദേശ്യപൂർവകമായ ധ്യാനം. ആത്മീയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കാനായി നാം മനസ്സിരുത്തി ഒന്നു ശ്രമിച്ചാൽ ആത്മീയ സംഭാഷണം സ്വാഭാവികമായും ഉരുത്തിരിയുന്നതായി നാം കണ്ടെത്തും. ഈ ബന്ധത്തെ കുറിച്ച്‌ ദാവീദ്‌ രാജാവ്‌ മനസ്സിലാക്കിയിരുന്നു. അവൻ പാടി: “യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” (സങ്കീർത്തനം 19:14) കൂടാതെ, സങ്കീർത്തനക്കാരനായ ആസാഫ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.” (സങ്കീർത്തനം 77:12) ദൈവവചനത്തിലെ സത്യങ്ങളിൽ മുഴുകിയിരിക്കുന്ന ഹൃദയവും മനസ്സും സ്വാഭാവികമായും സ്‌തുത്യർഹമായ സംസാരംകൊണ്ട്‌ നിറഞ്ഞുകവിയും. യഹോവ തന്നെ പഠിപ്പിച്ച കാര്യങ്ങൾ സംസാരിക്കാതിരിക്കാൻ യിരെമ്യാവിനു കഴിഞ്ഞില്ല. (യിരെമ്യാവു 20:9) ആത്മീയ കാര്യങ്ങളെ കുറിച്ചു നിരന്തരം ധ്യാനിക്കുന്നെങ്കിൽ നമ്മുടെ കാര്യത്തിലും അതു സത്യമായി ഭവിക്കും.​—⁠1 തിമൊഥെയൊസ്‌ 4:​15, NW.

7, 8. കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങൾക്ക്‌ ഏതു വിഷയങ്ങളാണ്‌ നല്ലത്‌?

7 ഒരു നല്ല ആത്മീയ ചര്യ ഉണ്ടായിരിക്കുന്നത്‌ കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങൾക്കുള്ള ധാരാളം വിഷയങ്ങൾ നമുക്കു നൽകുന്നു. (ഫിലിപ്പിയർ 3:​16, NW) സമ്മേളനങ്ങൾ, കൺവെൻഷനുകൾ, സഭായോഗങ്ങൾ, പുതിയ പ്രസിദ്ധീകരണങ്ങൾ, ദിനവാക്യം, അതിലെ അഭിപ്രായങ്ങൾ എന്നിവയിലൂടെയെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കാൻ കഴിയുന്ന ആത്മീയ രത്‌നങ്ങൾ നമുക്കു ലഭിക്കുന്നു. (മത്തായി 13:52) ഇനിയും, ആത്മീയമായി എത്ര പ്രോത്സാഹജനകമായ അനുഭവങ്ങളാണ്‌ നമുക്ക്‌ ക്രിസ്‌തീയ ശുശ്രൂഷയിൽനിന്നു ലഭിക്കുന്നത്‌!

8 ഇസ്രായേലിൽ കണ്ട വൈവിധ്യമാർന്ന വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവ ശലോമോൻ രാജാവിൽ വളരെ മതിപ്പുളവാക്കി. (1 രാജാക്കന്മാർ 4:33) ദൈവത്തിന്റെ സൃഷ്ടിക്രിയകളെ കുറിച്ചു സംസാരിക്കുന്നതിൽ അവൻ വളരെ സന്തോഷം കണ്ടെത്തി. നമുക്കും അതുതന്നെ ചെയ്യാൻ കഴിയും. യഹോവയുടെ ദാസർ നാനാ വിഷയങ്ങളെ കുറിച്ചുള്ള സംഭാഷണം ആസ്വദിക്കുന്നുണ്ട്‌. എന്നാൽ ആത്മീയ വിഷയങ്ങൾ എല്ലായ്‌പോഴും ആത്മീയ മനസ്‌കരായ വ്യക്തികളുടെ സംഭാഷണങ്ങളുടെ ആസ്വാദ്യമായ ഒരു ഭാഗമായിരിക്കും.​—⁠1 കൊരിന്ത്യർ 2:13.

“അത്‌ ഒക്കെയും പരിചിന്തിക്കുന്നതിൽ തുടരുക”

9. പൗലൊസ്‌ ഫിലിപ്പിയർക്ക്‌ ഏതു ഉദ്‌ബോധനമാണു നൽകിയത്‌?

9 സംഭാഷണ വിഷയങ്ങൾ എന്തുതന്നെ ആയിരുന്നാലും, നമ്മുടെ സംഭാഷണങ്ങൾ ഫിലിപ്പിയിലെ സഭയ്‌ക്കുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ ഉദ്‌ബോധനത്തിനു ചേർച്ചയിൽ ആണെങ്കിൽ അവ മറ്റുള്ളവരെ കെട്ടുപണി ചെയ്യും. പൗലൊസ്‌ എഴുതി: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ [“പരിചിന്തിക്കുന്നതിൽ തുടരുക,” NW].” (ഫിലിപ്പിയർ 4:8) പൗലൊസ്‌ പരാമർശിക്കുന്ന കാര്യങ്ങൾ വളരെ പ്രധാനമാണ്‌. അതുകൊണ്ടാണ്‌, “അത്‌ ഒക്കെയും പരിചിന്തിക്കുന്നതിൽ തുടരുക” എന്ന്‌ അവൻ പറയുന്നത്‌. നാം മനസ്സിനെയും ഹൃദയത്തെയും അത്തരം കാര്യങ്ങളാൽ നിറയ്‌ക്കണം. ആയതിനാൽ, പൗലൊസ്‌ പരാമർശിച്ച ഈ എട്ടു കാര്യങ്ങളിൽ ഓരോന്നിനും ശ്രദ്ധ കൊടുക്കുന്നത്‌ നമ്മുടെ സംഭാഷണങ്ങളെ എങ്ങനെ മെച്ചപ്പെടുത്തുമെന്ന്‌ നമുക്കു നോക്കാം.

10. നമ്മുടെ സംഭാഷണങ്ങളിൽ സത്യമായ കാര്യങ്ങൾ ഉൾപ്പെടുത്താവുന്നത്‌ എങ്ങനെ?

10 സത്യമായ കാര്യങ്ങളിൽ, കൃത്യമായതും വ്യാജമല്ലാത്തതുമായ വിവരങ്ങളെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു. ദൈവവചനത്തിലെ സത്യത്തെപ്പോലുള്ള, നേരായതും ആശ്രയയോഗ്യവുമായ ഒന്നിനെയാണ്‌ അതു പരാമർശിക്കുന്നത്‌. അതുകൊണ്ട്‌, നമ്മിൽ മതിപ്പുളവാക്കിയ ബൈബിൾ സത്യങ്ങളെയോ നമുക്കു പ്രോത്സാഹനം പകർന്ന പ്രസംഗങ്ങളെയോ നമ്മെ സഹായിച്ച തിരുവെഴുത്തു ബുദ്ധിയുപദേശത്തെയോ കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നാം സത്യമായ കാര്യങ്ങൾ പരിചിന്തിക്കുകയാണ്‌. എന്നാൽ, സത്യത്തിന്റെ മുഖംമൂടി മാത്രമുള്ള, “‘ജ്ഞാനം’ എന്നു വ്യാജമായി പേർ പറയുന്ന”തിനെ നാം തള്ളിക്കളയുന്നു. (1 തിമൊഥെയൊസ്‌ 6:20) നാം ഏഷണി പരത്തുന്നത്‌ ഒഴിവാക്കുകയും ശരിയാണോ എന്ന്‌ ഉറപ്പില്ലാത്ത, സംശയമുള്ള അനുഭവങ്ങൾ പങ്കുവെക്കാതിരിക്കുകയും ചെയ്യുന്നു.

11. നമ്മുടെ സംഭാഷണങ്ങളിൽ ഘനമായ ഏതു കാര്യങ്ങൾ ഉൾപ്പെടുത്താം?

11 ഘനമായ കാര്യങ്ങളിൽ നിസ്സാരമായവയല്ല മറിച്ച്‌, മാന്യവും പ്രധാനവുമായ വിഷയങ്ങളാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയുടെയും നാം ജീവിക്കുന്ന നിർണായക കാലത്തിന്റെയും നാം നല്ല നടത്ത നിലനിറുത്തേണ്ടതിന്റെ ആവശ്യത്തിന്റെയും സുപ്രധാന വശങ്ങൾ അതിൽ ഉൾപ്പെടുന്നു. ഗൗരവമേറിയ അത്തരം കാര്യങ്ങളെ കുറിച്ചു ചർച്ചചെയ്യുമ്പോൾ, ആത്മീയമായി ഉണർന്നിരിക്കാനും ദൃഢവിശ്വസ്‌തത നിലനിറുത്താനും സുവാർത്താ പ്രസംഗവേല തുടരാനുമുള്ള നമ്മുടെ ദൃഢതീരുമാനത്തെ നാം ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്‌. ശുശ്രൂഷയിലെ രസകരമായ അനുഭവങ്ങളും നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണ്‌ എന്നു നമ്മെ ഓർമപ്പെടുത്തുന്ന ഏതൽക്കാല സംഭവങ്ങളും പ്രോത്സാഹജനകമായ സംഭാഷണങ്ങൾക്കുള്ള വൈവിധ്യമാർന്ന വിവരങ്ങൾ പ്രദാനം ചെയ്യുന്നു.​—⁠പ്രവൃത്തികൾ 14:27; 2 തിമൊഥെയൊസ്‌ 3:1-5.

12. നീതിയായതും നിർമലമായതും പരിചിന്തിക്കാനുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്റെ വീക്ഷണത്തിൽ നാം എന്ത്‌ ഒഴിവാക്കണം?

12 നീതിയായ എന്ന പദം ദൈവദൃഷ്ടിയിൽ ശരിയായിരിക്കുന്നതിനെ, അവന്റെ നിലവാരങ്ങൾ പാലിക്കുന്നതിനെ അർഥമാക്കുന്നു. ചിന്തയിലും നടത്തയിലും ശുദ്ധി ഉണ്ടായിരിക്കുക എന്ന ആശയമാണ്‌ നിർമലമായ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അപവാദം, അസഭ്യ തമാശകൾ, ലൈംഗികച്ചുവയുള്ള ദ്വയാർഥ പ്രയോഗങ്ങൾ എന്നിവയ്‌ക്ക്‌ നമ്മുടെ സംഭാഷണങ്ങളിൽ സ്ഥാനമില്ല. (എഫെസ്യർ 5:3; കൊലൊസ്സ്യർ 3:8) സ്‌കൂളിലും ജോലിസ്ഥലത്തും സംഭാഷണം ഇങ്ങനെയുള്ള കാര്യങ്ങളിലേക്കു ചായുമ്പോൾ ക്രിസ്‌ത്യാനികൾ ജ്ഞാനപൂർവം അങ്ങനെയുള്ള സാഹചര്യങ്ങളിൽനിന്നു മാറിപ്പോകുന്നു.

13. സ്‌നേഹാർഹവും സത്‌കീർത്തിയുള്ളതുമായ കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള സംഭാഷണങ്ങൾക്ക്‌ ഉദാഹരണങ്ങൾ നൽകുക.

13 രമ്യമായ [‘സ്‌നേഹാർഹമായ,’ പി.ഒ.സി. ബൈബിൾ] കാര്യങ്ങൾ പരിചിന്തിക്കാൻ പറയുമ്പോൾ, വിദ്വേഷമോ കയ്‌പോ കലഹമോ ജനിപ്പിക്കുന്ന കാര്യങ്ങളെയല്ല, ഹൃദ്യവും സ്വീകാര്യവുമായ അല്ലെങ്കിൽ സ്‌നേഹിക്കാൻ പ്രചോദിപ്പിക്കുന്ന കാര്യങ്ങളെയാണ്‌ പൗലൊസ്‌ അർഥമാക്കുന്നത്‌. സത്‌കീർത്തിയായ എന്നത്‌ മതിപ്പുള്ള വിവരങ്ങളെയാണു പരാമർശിക്കുന്നത്‌. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ ക്രമമായി വരാറുള്ള, വിശ്വസ്‌തരായ സഹോദരീസഹോദരന്മാരുടെ ജീവിത കഥകൾ അത്തരം വിവരങ്ങളിൽ ഉൾപ്പെടുന്നു. വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം ലേഖനങ്ങൾ വായിച്ചിട്ട്‌ നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുമൊത്ത്‌ എന്തുകൊണ്ട്‌ പങ്കുവെച്ചുകൂടാ? മറ്റുള്ളവരുടെ ആത്മീയ നേട്ടങ്ങളെ കുറിച്ചു കേൾക്കുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌! അത്തരം സംഭാഷണങ്ങൾ സഭയിൽ സ്‌നേഹവും ഐക്യവും ഉന്നമിപ്പിക്കും.

14. (എ) സദ്‌ഗുണം പ്രകടമാക്കുന്നതിന്‌ നമ്മുടെ ഭാഗത്ത്‌ എന്ത്‌ ആവശ്യമാണ്‌? (ബി) നമ്മുടെ സംസാരത്തിൽ സ്‌തുത്യർഹമായ കാര്യങ്ങൾ ഉൾപ്പെടുത്താവുന്നത്‌ എങ്ങനെ?

14 ‘സദ്‌ഗുണമായ’തിനെ കുറിച്ച്‌ പൗലൊസ്‌ സംസാരിക്കുന്നു. സദ്‌ഗുണം എന്നത്‌ നന്മയെ അല്ലെങ്കിൽ ധാർമിക വൈശിഷ്‌ട്യത്തെയാണ്‌ പരാമർശിക്കുന്നത്‌. നമ്മുടെ അധരങ്ങൾ തിരുവെഴുത്തു തത്ത്വങ്ങളാൽ നയിക്കപ്പെടാനും നീതിയും നിർമലവും സദ്‌ഗുണവുമായ കാര്യങ്ങളിൽനിന്നു വ്യതിചലിക്കാതിരിക്കാനും നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. പുകഴ്‌ചയായത്‌ [‘സ്‌തുത്യർഹമായത്‌,’ പി.ഒ.സി. ബൈ.] എന്നാൽ “അഭിനന്ദനാർഹമായത്‌” എന്നാണ്‌. ഒരു നല്ല പ്രസംഗം കേൾക്കുകയോ സഭയിലെ വിശ്വസ്‌തനായ ഒരാളുടെ മാതൃക ശ്രദ്ധയിൽപ്പെടുകയോ ചെയ്യുന്നെങ്കിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയോടും മറ്റുള്ളവരോടും അതേക്കുറിച്ചു സംസാരിക്കുക. തന്റെ സഹവിശ്വാസികളുടെ നല്ല ഗുണങ്ങളെ അപ്പൊസ്‌തലനായ പൗലൊസ്‌ കൂടെക്കൂടെ പ്രകീർത്തിച്ചിരുന്നു. (റോമർ 16:12; ഫിലിപ്പിയർ 2:19-22; ഫിലേമോൻ 4-7) തീർച്ചയായും, നമ്മുടെ സ്രഷ്ടാവിന്റെ കരവേലകളും സ്‌തുത്യർഹമാണ്‌. കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങൾക്കുള്ള ധാരാളം വിഷയങ്ങൾ നമുക്ക്‌ അതിൽനിന്നു ലഭിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 6:6-8; 20:12; 26:⁠2.

കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുക

15. മക്കളുമായി അർഥവത്തായ സംഭാഷണത്തിൽ ഏർപ്പെടാൻ മാതാപിതാക്കളെ ബാധ്യസ്ഥരാക്കുന്ന തിരുവെഴുത്തു കൽപ്പന ഏത്‌?

15 ആവർത്തനപുസ്‌തകം 6:6, 7 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” വ്യക്തമായും, തങ്ങളുടെ മക്കളുമായി അർഥവത്തായ ആത്മീയ സംഭാഷണങ്ങൾ നടത്താൻ ഈ കൽപ്പന മാതാപിതാക്കളെ ഉദ്‌ബോധിപ്പിക്കുന്നു.

16, 17. യഹോവയുടെയും അബ്രാഹാമിന്റെയും മാതൃകയിൽനിന്ന്‌ ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാനാകും?

16 യേശുവിന്റെ ഭൗമിക നിയമനത്തെ കുറിച്ചു ചർച്ച ചെയ്‌തപ്പോൾ അവനും അവന്റെ സ്വർഗീയ പിതാവും കൂടി നടത്തിയിരിക്കാൻ ഇടയുള്ള ദീർഘമായ സംഭാഷണങ്ങളെ നമുക്കു ഭാവനയിൽ കാണാൻ കഴിയും. “എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്‌പന തന്നിരിക്കുന്നു” എന്നു യേശു തന്റെ ശിഷ്യന്മാരോടു പറയുകയുണ്ടായി. (യോഹന്നാൻ 12:49; ആവർത്തനപുസ്‌തകം 18:18) തങ്ങളെയും തങ്ങളുടെ പൂർവപിതാക്കന്മാരെയും യഹോവ എങ്ങനെയാണ്‌ അനുഗ്രഹിച്ചത്‌ എന്നതിനെ കുറിച്ച്‌ തന്റെ പുത്രനായ യിസ്‌ഹാക്കിനോടു സംസാരിച്ചുകൊണ്ട്‌ ഗോത്രപിതാവായ അബ്രാഹാം അനേകം മണിക്കൂറുകൾ ചെലവഴിച്ചിരിക്കണം. അത്തരം സംഭാഷണങ്ങൾ ദൈവേഷ്ടത്തിനു താഴ്‌മയോടെ കീഴ്‌പെടാൻ യേശുവിനെയും യിസ്‌ഹാക്കിനെയും സഹായിച്ചു എന്നതിനു സംശയമില്ല.​—⁠ഉല്‌പത്തി 22:7-9; മത്തായി 26:39.

17 നമ്മുടെ മക്കൾക്കും കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങൾ ആവശ്യമാണ്‌. തിരക്കുപിടിച്ച ജീവിതത്തിനിടയിലും മക്കളോടു സംസാരിക്കാനായി മാതാപിതാക്കൾ സമയം കണ്ടെത്തിയേ തീരൂ. സാധ്യമെങ്കിൽ, ഒരു നേരമെങ്കിലും കുടുംബം ഒത്തൊരുമിച്ച്‌ ദിവസത്തിൽ ഒരിക്കലെങ്കിലും ഭക്ഷണം കഴിക്കാനുള്ള ക്രമീകരണം ചെയ്‌തുകൂടേ? അങ്ങനെയുള്ള ഭക്ഷണവേളകളിലും അതിനു ശേഷവും കെട്ടുപണി ചെയ്യുന്ന ചർച്ചകൾക്കുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. കുടുംബത്തിന്റെ ആത്മീയ ആരോഗ്യത്തിന്‌ അവ വളരെയേറെ സംഭാവന ചെയ്യും.

18. മാതാപിതാക്കളും മക്കളും തമ്മിലുള്ള നല്ല ആശയവിനിമയത്തിന്റെ പ്രയോജനങ്ങൾ എടുത്തു കാണിക്കുന്ന ഒരു അനുഭവം പറയുക.

18 പതിന്നാലാം വയസ്സിലെ തന്റെ സംശയങ്ങളെ കുറിച്ച്‌ ഇപ്പോൾ ഇരുപതുകളുടെ തുടക്കത്തിൽ ആയിരിക്കുന്ന ആലെജാൻഡ്രോ എന്ന പയനിയർ സ്‌മരിക്കുന്നു. അവൻ പറയുന്നു: “സഹപാഠികളുടെയും അധ്യാപകരുടെയും സ്വാധീനഫലമായി, ദൈവത്തിന്റെ അസ്‌തിത്വത്തെയും ബൈബിളിന്റെ ആധികാരികതയെയും കുറിച്ച്‌ എനിക്ക്‌ സംശയം ഉണ്ടായിരുന്നു. എന്നോട്‌ ക്ഷമാപൂർവം ന്യായവാദം ചെയ്‌തുകൊണ്ട്‌ മാതാപിതാക്കൾ ധാരാളം സമയം ചെലവഴിച്ചു. ദുഷ്‌കരമായ ആ സമയത്ത്‌ എന്റെ സംശയങ്ങൾ ദൂരീകരിക്കാൻ മാത്രമല്ല ജീവിതത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനും ഈ സംഭാഷണങ്ങൾ എന്നെ സഹായിച്ചു.” ഇപ്പോഴോ? ആലെജാൻഡ്രോ തുടർന്നു പറയുന്നു: “ഞാൻ ഇപ്പോഴും വീട്ടിൽത്തന്നെയാണു താമസിക്കുന്നത്‌. എങ്കിലും എനിക്കും പിതാവിനും വളരെ തിരക്കായതിനാൽ സ്വകാര്യ സംഭാഷണത്തിനുള്ള അവസരങ്ങൾ ലഭിക്കുക ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌, ആഴ്‌ചയിൽ ഒരിക്കൽ പിതാവിന്റെ ജോലിസ്ഥലത്തുവെച്ച്‌ ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഞങ്ങൾ ക്രമീകരിക്കുന്നു. അത്തരം ഭക്ഷണവേളകളിലെ സംഭാഷണങ്ങളെ ഞാൻ ശരിക്കും വിലമതിക്കുന്നു.”

19. നമുക്കേവർക്കും ആത്മീയ സംഭാഷണങ്ങൾ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 സഹവിശ്വാസികളുമൊത്ത്‌ പ്രതിഫലദായകമായ ആത്മീയ സംഭാഷണങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങളെയും നാം വിലമതിക്കുന്നില്ലേ? യോഗങ്ങൾക്കു വരുമ്പോഴും വയൽശുശ്രൂഷയിൽ ആയിരിക്കുമ്പോഴും സാമൂഹിക കൂടിവരവുകൾ നടത്തുമ്പോഴും യാത്രചെയ്യുമ്പോഴും അത്തരം സംഭാഷണങ്ങളിൽ ഏർപ്പെടാൻ നമുക്ക്‌ അവസരമുണ്ട്‌. റോമിലെ ക്രിസ്‌ത്യാനികളുമായി സംസാരിക്കാൻ പൗലൊസ്‌ ആകാംക്ഷയോടെ നോക്കിപ്പാർത്തിരുന്നു. “നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ചിക്കുന്നു” എന്ന്‌ അവൻ അവർക്കെഴുതി. (റോമർ 1:12) യോഹാന്നസ്‌ എന്നു പേരുള്ള ഒരു ക്രിസ്‌തീയ മൂപ്പൻ ഇങ്ങനെ പറയുന്നു: “സഹക്രിസ്‌ത്യാനികളുമൊത്തുള്ള ആത്മീയ സംഭാഷണങ്ങൾ മർമപ്രധാനമായ ഒരു ആവശ്യം നിറവേറ്റുന്നു. അവ ഹൃദയത്തിന്‌ ഊഷ്‌മളത പകരുകയും ദൈനംദിന ജീവിത ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു. ഞാൻ മിക്കപ്പോഴും പ്രായമായവരോട്‌ അവരുടെ ജീവിതത്തെയും വിശ്വസ്‌തരായി നിലകൊള്ളാൻ അവരെ സഹായിച്ചിരിക്കുന്ന കാര്യങ്ങളെയും കുറിച്ചു ചോദിക്കാറുണ്ട്‌. ഇത്രയും വർഷങ്ങൾക്കൊണ്ട്‌ ഞാൻ അനേകരുമായി സംസാരിച്ചുകഴിഞ്ഞു. എന്റെ ജീവിതത്തെ ധന്യമാക്കിയ എന്തെങ്കിലുമൊക്കെ​—⁠ജ്ഞാനമോ പ്രബുദ്ധതയോ​—⁠അവരിൽ ഓരോരുത്തരിൽനിന്നും എനിക്കു ലഭിച്ചു.”

20. ലജ്ജാശീലമുള്ളവരെ അഭിമുഖീകരിക്കുമ്പോൾ നമുക്ക്‌ എന്തു ചെയ്യാവുന്നതാണ്‌?

20 നിങ്ങൾ ഒരു ആത്മീയ വിഷയം എടുത്തിടുമ്പോൾ ചിലർ അതിനോടു പ്രതികരിക്കുന്നില്ലെങ്കിലോ? ശ്രമം ഉപേക്ഷിച്ചുകളയരുത്‌. ഒരുപക്ഷേ കൂടുതൽ അനുകൂലമായ ഒരു സമയം പിന്നീട്‌ കണ്ടെത്താൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” എന്ന്‌ ശലോമോൻ പറഞ്ഞു. (സദൃശവാക്യങ്ങൾ 25:11) ലജ്ജയുള്ളവരെ മനസ്സിലാക്കുക. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” * (സദൃശവാക്യങ്ങൾ 20:5) എല്ലാറ്റിനും ഉപരി, നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ മറ്റുള്ളവരുടെ മനോഭാവങ്ങളെ ഒരിക്കലും അനുവദിക്കരുത്‌.

ആത്മീയ സംഭാഷണങ്ങൾ പ്രതിഫലദായകം

21, 22. ആത്മീയ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതു നിമിത്തം നമുക്ക്‌ ലഭിക്കുന്ന പ്രയോജനങ്ങൾ ഏവ?

21 “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്‌” എന്ന്‌ പൗലൊസ്‌ ബുദ്ധിയുപദേശിച്ചു. (എഫെസ്യർ 4:29; റോമർ 10:10) സംഭാഷണങ്ങളെ ശരിയായ ദിശയിൽ തിരിച്ചുവിടുന്നതിന്‌ ശ്രമം വേണ്ടിവന്നേക്കാമെങ്കിലും അതിന്റെ പ്രതിഫലങ്ങൾ അനവധിയാണ്‌. നമ്മുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും നമ്മുടെ സഹോദരവർഗത്തെ കെട്ടുപണി ചെയ്യാനും ആത്മീയ സംഭാഷണങ്ങൾ നമ്മെ പ്രാപ്‌തരാക്കുന്നു.

22 അതുകൊണ്ട്‌, മറ്റുള്ളവരെ കെട്ടുപണി ചെയ്യാനും ദൈവത്തെ സ്‌തുതിക്കാനുമായി നമുക്ക്‌ സംസാരപ്രാപ്‌തിയെന്ന ദാനം ഉപയോഗിക്കാം. അത്തരം സംഭാഷണങ്ങൾ നമുക്ക്‌ സംതൃപ്‌തിയുടെയും മറ്റുള്ളവർക്ക്‌ പ്രോത്സാഹനത്തിന്റെയും ഉറവായിരിക്കും. ഏറ്റവും പ്രധാനമായി, അവ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. കാരണം, അവൻ നമ്മുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നു, നാം നമ്മുടെ നാവിനെ ശരിയായ വിധത്തിൽ ഉപയോഗിക്കുമ്പോൾ അവൻ ആനന്ദിക്കുന്നു. (സങ്കീർത്തനം 139:4; സദൃശവാക്യങ്ങൾ 27:11) നമ്മുടെ സംഭാഷണങ്ങൾ ആത്മീയമായിരിക്കുമ്പോൾ യഹോവ നമ്മെ മറക്കുകയില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. നമ്മുടെ നാളിൽ യഹോവയെ സേവിക്കുന്നവരെ പരാമർശിച്ചുകൊണ്ട്‌ ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്‌മരണപുസ്‌തകം എഴുതിവെച്ചിരിക്കുന്നു.” (മലാഖി 3:16; 4:5) നമ്മുടെ സംഭാഷണങ്ങൾ ആത്മീയമായി കെട്ടുപണി ചെയ്യുന്നത്‌ ആയിരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

[അടിക്കുറിപ്പ്‌]

^ ഖ. 20 ഇസ്രായേലിലെ ചില കിണറുകൾ വളരെ ആഴമുള്ളവ ആയിരുന്നു. ഏതാണ്ട്‌ 25 മീറ്റർ ആഴമുള്ള ഒരു ജലസംഭരണി ഗിബെയോനിൽ പുരാവസ്‌തു ശാസ്‌ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. അടിത്തട്ടിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ വെള്ളംകോരാൻ സഹായിക്കുന്ന നടകൾ അതിനുണ്ടായിരുന്നു.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നമ്മുടെ സംഭാഷണങ്ങൾ നമ്മെ സംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

• കെട്ടുപണി ചെയ്യുന്ന ഏതു കാര്യങ്ങളെ കുറിച്ച്‌ നമുക്കു സംസാരിക്കാവുന്നതാണ്‌?

• കുടുംബവൃത്തത്തിലും ക്രിസ്‌തീയ സഭയിലും സംഭാഷണങ്ങൾ ഏതു സുപ്രധാന പങ്കാണ്‌ വഹിക്കുന്നത്‌?

• കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങളുടെ പ്രയോജനങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[12 -ാം പേജിലെ ചിത്രങ്ങൾ]

കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങൾ

‘സത്യമായതും’

‘ഘനമായതും’

‘പുകഴ്‌ചയായതും’

‘സത്‌കീർത്തിയായതും’

ആയ കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്‌

[കടപ്പാട്‌]

Video cover, Stalin: U.S. Army photo; Creator book cover, Eagle Nebula: J. Hester and P. Scowen (AZ State Univ.), NASA

[13 -ാം പേജിലെ ചിത്രം]

ആത്മീയ സംഭാഷണത്തിൽ ഏർപ്പെടാനുള്ള ഉത്തമ അവസരങ്ങളാണ്‌ ഭക്ഷണവേളകൾ