വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർട്ടിൻ ലൂഥർ—ആ മനുഷ്യനും അദ്ദേഹത്തിന്റെ സംഭാവനയും

മാർട്ടിൻ ലൂഥർ—ആ മനുഷ്യനും അദ്ദേഹത്തിന്റെ സംഭാവനയും

മാർട്ടിൻ ലൂഥർആ മനുഷ്യനും അദ്ദേഹത്തിന്റെ സംഭാവനയും

“ചരിത്രത്തിൽ മറ്റാരെക്കാളുമധികം പുസ്‌തകങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്‌ [മാർട്ടിൻ ലൂഥറിനെ] കുറിച്ചാണെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെതന്നെ യജമാനനായ യേശുക്രിസ്‌തുവാണ്‌ അതിന്‌ ഒരപവാദം.” ടൈം മാസികയാണ്‌ അങ്ങനെ പ്രസ്‌താവിച്ചത്‌. ലൂഥറിന്റെ വാക്കുകളും പ്രവൃത്തികളും മതനവീകരണത്തിന്‌​—⁠“മനുഷ്യവർഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിപ്ലവം” എന്നു വിളിക്കപ്പെടുന്ന ഒരു മത പ്രസ്ഥാനം​—⁠തുടക്കമിടുന്നതിൽ ഒരു പങ്കുവഹിച്ചു. അങ്ങനെ അദ്ദേഹം യൂറോപ്പിന്റെ മത പശ്ചാത്തലത്തിനു മാറ്റം വരുത്താനും ആ ഭൂഖണ്ഡത്തിലെ മധ്യകാലഘട്ടത്തിനു തിരശ്ശീലയിടാനും സഹായിച്ചു. ജർമൻ ഭാഷയുടെ ലിഖിതരൂപത്തിന്റെ പ്രാമാണിക മാതൃകയ്‌ക്ക്‌ അടിസ്ഥാനമിട്ടതും ലൂഥറാണ്‌. ജർമൻ ഭാഷയിലെ ഏറ്റവും ജനപ്രീതിയാർജിച്ച ബൈബിൾ പരിഭാഷ അദ്ദേഹത്തിന്റേതാണ്‌.

ഏതുതരം വ്യക്തിയായിരുന്നു മാർട്ടിൻ ലൂഥർ? യൂറോപ്പിന്റെ കാര്യാദികളുടെമേൽ അദ്ദേഹം ഇത്രയധികം സ്വാധീനം ചെലുത്താൻ ഇടയായത്‌ എങ്ങനെയാണ്‌?

ലൂഥർ ഒരു പണ്ഡിതനായിത്തീരുന്നു

ജർമനിയിലെ ഐസൽബനിൽ 1483 നവംബറിലായിരുന്നു മാർട്ടിൻ ലൂഥറിന്റെ ജനനം. പിതാവ്‌ ഒരു ചെമ്പുഖനിത്തൊഴിലാളി ആയിരുന്നെങ്കിലും, മാർട്ടിന്‌ നല്ല വിദ്യാഭ്യാസം നൽകാനുള്ള പണം അദ്ദേഹം അധ്വാനിച്ചുണ്ടാക്കിയിരുന്നു. 1501-ൽ മാർട്ടിൻ, എർഫർട്ട്‌ സർവകലാശാലയിൽ ചേർന്നു. അവിടത്തെ ലൈബ്രറിയിൽവെച്ചാണ്‌ അദ്ദേഹം ആദ്യമായി ബൈബിൾ വായിക്കുന്നത്‌. “ആ പുസ്‌തകം എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. അത്തരമൊരു ഗ്രന്ഥം എന്നെങ്കിലും സ്വന്തമാക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു,” അദ്ദേഹം പറഞ്ഞു.

ഇരുപത്തിരണ്ടാം വയസ്സിൽ ലൂഥർ എർഫർട്ടിലുള്ള ഓസ്റ്റിനിയൻ സന്ന്യാസിമഠത്തിൽ ചേർന്നു. പിന്നീട്‌, വിറ്റൻബർഗ്‌ സർവകലാശാലയിൽനിന്ന്‌ ദൈവശാസ്‌ത്രത്തിൽ ഡോക്ടറേറ്റ്‌ നേടി. താൻ ദൈവപ്രീതിക്ക്‌ അയോഗ്യനാണെന്നു കരുതിയിരുന്ന അദ്ദേഹത്തിന്‌ ചിലപ്പോഴൊക്കെ കുറ്റബോധംകൊണ്ട്‌ നിരാശ തോന്നിയിരുന്നു. എന്നാൽ ദൈവം പാപികളെ എങ്ങനെ വീക്ഷിക്കുന്നു എന്നതു സംബന്ധിച്ച മെച്ചപ്പെട്ട ഗ്രാഹ്യം നേടാൻ ബൈബിൾ പഠനവും പ്രാർഥനയും ധ്യാനവും അദ്ദേഹത്തെ സഹായിച്ചു. നമുക്കു ദൈവത്തിന്റെ പ്രീതി നേടിയെടുക്കാനാവില്ലെന്നും പകരം, അത്‌ വിശ്വാസം പ്രകടമാക്കുന്നവർക്ക്‌ അനർഹദയ മുഖാന്തരം നൽകപ്പെടുന്നതാണ്‌ എന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.​—⁠റോമർ 1:16; 3:23, 24, 28, NW.

താൻ പുതുതായി മനസ്സിലാക്കിയ സംഗതി ശരിയാണെന്ന നിഗമനത്തിൽ ലൂഥർ എങ്ങനെയാണ്‌ എത്തിച്ചേർന്നത്‌? ആദിമ സഭാചരിത്രത്തിന്റെയും പുതിയനിയമ പാഠ ഗവേഷണത്തിന്റെയും പ്രൊഫസർ ആയ കുർട്ട്‌ ആലാൻഡ്‌ ഇങ്ങനെ എഴുതി: “താൻ പുതുതായി കണ്ടെത്തിയ ഈ അറിവിന്‌ മറ്റ്‌ ബൈബിൾ പ്രസ്‌താവനകളുടെ പിന്തുണയുണ്ടോയെന്നു നിർണയിക്കാനായി അദ്ദേഹം മുഴു ബൈബിളിനെ കുറിച്ചും ധ്യാനിച്ചു. എല്ലായിടത്തും അദ്ദേഹത്തിന്‌ ഉറപ്പ്‌ കണ്ടെത്താനായി.” പ്രവൃത്തികളാലോ പ്രായശ്ചിത്തത്താലോ അല്ല വിശ്വാസം മൂലമുള്ള നീതീകരണം അല്ലെങ്കിൽ രക്ഷ എന്ന ഉപദേശമായിരുന്നു ലൂഥറിന്റെ പഠിപ്പിക്കലുകളുടെ നെടുംതൂൺ.

പാപമോചനപത്രങ്ങളെ പ്രതി രോഷാകുലൻ

ദൈവം പാപികളെ എങ്ങനെ വീക്ഷിക്കുന്നു എന്നതു സംബന്ധിച്ച്‌ മനസ്സിലാക്കിയ ലൂഥർ റോമൻ കത്തോലിക്ക സഭയുമായി ഇടഞ്ഞു. മരണാനന്തരം പാപികൾ കുറെ കാലത്തേക്കു ശിക്ഷിക്കപ്പെടുമെന്ന്‌ അക്കാലത്ത്‌ പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ, പണം കൊടുത്ത്‌ പാപ്പായുടെ അധികാരത്തിലൂടെ ലഭിക്കുന്ന പാപമോചനപത്രത്തിലൂടെ ആ കാലദൈർഘ്യം കുറയ്‌ക്കാനാകുമെന്നു പറയപ്പെട്ടിരുന്നു. മൈന്റ്‌സിലെ ആർച്ച്‌ ബിഷപ്പായ ആൽബർട്ടിന്റെ ഒരു ഏജന്റായി പ്രവർത്തിച്ച യോഹാൻ റ്റെറ്റ്‌സെലിനെ പോലെയുള്ളവർ സാധാരണ ജനത്തിന്‌ പാപമോചനപത്രം വിറ്റുകൊണ്ട്‌ ലാഭകരമായ ഒരു വ്യാപാരംതന്നെ നടത്തി. ചെയ്യാനിരിക്കുന്ന പാപങ്ങൾക്കെതിരായുള്ള ഒരു ഇൻഷുറൻസ്‌ എന്ന നിലയിലാണ്‌ അനേകർ പാപമോചനപത്രങ്ങളെ വീക്ഷിച്ചത്‌.

പാപമോചനപത്രത്തിന്റെ വിൽപ്പന ലൂഥറിനെ കോപാകുലനാക്കി. മനുഷ്യന്‌ ദൈവവുമായി വിലപേശൽ നടത്താനാവില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. സഭ, സാമ്പത്തികവും ഉപദേശപരവും മതപരവുമായ ദുർവിനിയോഗം നടത്തുന്നതായി ആരോപിച്ചുകൊണ്ട്‌ 1517-ലെ ശരത്‌കാലത്ത്‌ അദ്ദേഹം തന്റെ വിഖ്യാതമായ 95 നിബന്ധങ്ങൾ എഴുതി തയ്യാറാക്കി. ഒരു മത്സരത്തെയല്ല, മറിച്ച്‌ മതപരിഷ്‌കാരത്തെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട്‌ ലൂഥർ അവയുടെ പ്രതികൾ മൈന്റ്‌സിലെ ആർച്ചുബിഷപ്പായ ആർബർട്ടിനും മറ്റ്‌ പല പണ്ഡിതന്മാർക്കും അയച്ചുകൊടുത്തു. മതനവീകരണത്തിന്റെ തുടക്കമെന്ന നിലയിൽ അനേക ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നത്‌ 1517-ഓ അതിനടുത്ത ഒരു സമയമോ ആണ്‌.

സഭയുടെ കൊള്ളരുതായ്‌മകളെ ചൊല്ലി വിലപിച്ചിട്ടുള്ളത്‌ ലൂഥർ മാത്രമല്ല. അതിനു നൂറു വർഷം മുമ്പ്‌ ചെക്ക്‌ മത പരിഷ്‌കർത്താവായ യാൻ ഹസ്‌ പാപമോചനപത്രങ്ങൾ വിൽക്കുന്നതിനെ കുറ്റംവിധിച്ചിരുന്നു. അദ്ദേഹത്തിനു മുമ്പ്‌, ചില സഭാ പാരമ്പര്യങ്ങൾ വേദാനുസൃതമല്ലെന്ന്‌ ഇംഗ്ലണ്ടിലെ ജോൺ വൈക്ലിഫ്‌ ചൂണ്ടിക്കാട്ടിയിരുന്നു. ലൂഥറിന്റെ സമകാലികരായ റോട്ടെർഡാമിലെ ഇറാസ്‌മുസും ഇംഗ്ലണ്ടിലെ ടിൻഡെയ്‌ലും മതപരിഷ്‌കാരത്തെ പ്രോത്സാഹിപ്പിച്ചു. എന്നാൽ, ജർമനിയിൽ യോഹാനസ്‌ ഗുട്ടൻബെർഗ്‌ കണ്ടുപിടിച്ച ആവശ്യാനുസരണം പെറുക്കി വെക്കാവുന്ന അച്ചുകൾ ഉള്ള അച്ചടിയന്ത്രം, ലൂഥറുടെ ആശയങ്ങൾ മറ്റ്‌ പരിഷ്‌കർത്താക്കളുടേതിനെ അപേക്ഷിച്ച്‌ കൂടുതൽ ശക്തവും വ്യാപകവുമായിത്തീരാൻ സഹായിച്ചു.

ഗുട്ടൻബെർഗിന്റെ മൈന്റ്‌സിലെ അച്ചടിയന്ത്രം 1455-ൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ നൂറ്റാണ്ട്‌ കഴിഞ്ഞപ്പോഴേക്കും ജർമനിയിലെ 60 പട്ടണങ്ങളിലും മറ്റ്‌ 12 യൂറോപ്യൻ നാടുകളിലും അച്ചടിയന്ത്രങ്ങൾ ഉണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി, പൊതുജന താത്‌പര്യമുള്ള കാര്യങ്ങൾ പൊതുജനത്തെ വളരെ പെട്ടെന്ന്‌ അറിയിക്കുക സാധ്യമായി. ഒരുപക്ഷേ ലൂഥറിന്റെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ 95 നിബന്ധങ്ങൾ അച്ചടിച്ച്‌ വിതരണം ചെയ്യപ്പെട്ടു. അങ്ങനെ സഭാപരിഷ്‌കരണം ഒരു പ്രാദേശിക വിവാദവിഷയമല്ലാതായി. അത്‌ വളരെ വ്യാപകമായ ഒരു വിവാദമായിത്തീർന്നു. പെട്ടെന്നുതന്നെ മാർട്ടിൻ ലൂഥർ ജർമനിയിലെ ഏറ്റവും വിഖ്യാതനായ വ്യക്തിയായിത്തീർന്നു.

“സൂര്യനും ചന്ദ്രനും” പ്രതികരിക്കുന്നു

യൂറോപ്പ്‌ നൂറ്റാണ്ടുകളായി, പ്രബലമായ രണ്ടു സ്ഥാപനങ്ങളുടെ അതായത്‌, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെയും റോമൻ കത്തോലിക്ക സഭയുടെയും കീഴിലായിരുന്നു. ലൂഥറൻ വേൾഡ്‌ ഫെഡറേഷന്റെ ഒരു മുൻ പ്രസിഡന്റായ ഹാൻസ്‌ ലിൽയെ വിശദീകരിക്കുന്നതനുസരിച്ച്‌, “ചക്രവർത്തിയും പാപ്പായും പരസ്‌പരം സൂര്യനും ചന്ദ്രനും പോലെ ആയിരുന്നു.” എന്നിരുന്നാലും, ആരാണ്‌ സൂര്യൻ ആരാണ്‌ ചന്ദ്രൻ എന്നതു സംബന്ധിച്ച്‌ വളരെയേറെ അനിശ്ചിതത്വം നിലനിന്നിരുന്നു. 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ രണ്ടു സ്ഥാപനങ്ങൾക്കും ഉണ്ടായിരുന്ന അധികാരത്തിന്റെ മൂർധന്യദശ കഴിഞ്ഞുപോയി. ഒരു മാറ്റം സംഭവിക്കാൻ പോകുകയായിരുന്നു.

ലൂഥർ തന്റെ പ്രസ്‌താവനകൾ പിൻവലിക്കാത്തപക്ഷം അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കുമെന്ന്‌ ഭീഷണിപ്പെടുത്തിക്കൊണ്ട്‌ ലിയോ പത്താമൻ പാപ്പാ ലൂഥറിന്റെ 95 നിബന്ധങ്ങളോടു പ്രതികരിച്ചു. അതിനു കൂട്ടാക്കാഞ്ഞ ലൂഥർ, ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പാപ്പായുടെ കൽപ്പന പരസ്യമായി കത്തിക്കുകയും പാപ്പായുടെ സമ്മതം കൂടാതെതന്നെ സഭയെ പരിഷ്‌കരിക്കാൻ കൂടുതലായ കൃതികൾ പ്രസിദ്ധീകരിച്ചുകൊണ്ട്‌ നാട്ടുരാജ്യങ്ങളോട്‌ ആഹ്വാനം ചെയ്യുകയുമാണുണ്ടായത്‌. 1521-ൽ ലിയോ പത്താമൻ പാപ്പാ ലൂഥറിനെ സഭാഭ്രഷ്ടനാക്കി. നിഷ്‌പക്ഷമായ വിചാരണ കൂടാതെയാണ്‌ തന്നെ കുറ്റംവിധിച്ചതെന്ന്‌ ലൂഥർ പറഞ്ഞപ്പോൾ, വേംസിൽവെച്ചു നടക്കുന്ന കൂടിയാലോചനാസഭയ്‌ക്കു മുമ്പാകെ ഹാജരാകാൻ ചാൾസ്‌ അഞ്ചാമൻ ചക്രവർത്തി അദ്ദേഹത്തോട്‌ ആജ്ഞാപിച്ചു. 1521 ഏപ്രിൽ മാസത്തിൽ വിറ്റൻബർഗിൽനിന്ന്‌ വേംസിലേക്കു ലൂഥർ നടത്തിയ 15 ദിവസത്തെ യാത്ര ഒരു വിജയഘോഷയാത്ര പോലെ ആയിരുന്നു. പൊതുജനത്തിന്റെ വൻ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ സകല ഇടങ്ങളിലുമുള്ള ആളുകൾ കാണാൻ ആഗ്രഹിച്ചു.

വേംസിൽ എത്തിയ അദ്ദേഹം ചക്രവർത്തിയുടെയും പ്രഭുക്കന്മാരുടെയും പാപ്പായുടെ പ്രതിനിധിയുടെയും മുമ്പാകെ ഹാജരായി. 1415-ൽ കോൺസ്റ്റാൻസിൽ വെച്ച്‌ യാൻ ഹസ്‌ ഇതുപോലൊരു വിചാരണ നേരിട്ടിരുന്നു. അദ്ദേഹത്തെ സ്‌തംഭത്തിൽകെട്ടി ചുട്ടെരിക്കുകയാണുണ്ടായത്‌. സഭയുടെയും സാമ്രാജ്യത്തിന്റെയും ദൃഷ്ടികൾ ഇപ്പോൾ ലൂഥറിന്റെ മേലാണ്‌. തനിക്കു തെറ്റുപറ്റിയെന്ന്‌ എതിരാളികൾ ബൈബിളിൽനിന്നു തെളിയിക്കാത്തപക്ഷം തന്റെ പ്രസ്‌താവനകളൊന്നും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിൽ ലൂഥർ ഉറച്ചുനിന്നു. എന്നാൽ തിരുവെഴുത്തുകൾ ഓർത്തിരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തോടു കിടപിടിക്കുന്ന ആരും ഇല്ലായിരുന്നു. വേംസിലെ അനുശാസനം എന്നു വിളിക്കപ്പെടുന്ന പ്രമാണത്തിൽ വിചാരണയുടെ ഫലം രേഖപ്പെടുത്തപ്പെട്ടു. അത്‌ അദ്ദേഹത്തെ നിയമഭ്രഷ്ടനെന്നു പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ കൃതികളെ നിരോധിക്കുകയും ചെയ്‌തു. പാപ്പായാൽ സഭാഭ്രഷ്ടനും ചക്രവർത്തിയാൽ നിയമഭ്രഷ്ടനും ആക്കപ്പെട്ട ലൂഥറിന്റെ ജീവൻ തികച്ചും അപകടത്തിലായിരുന്നു.

അങ്ങനെയിരിക്കെ അപ്രതീക്ഷിതവും നാടകീയവുമായ ഒന്നു സംഭവിച്ചു. വിറ്റൻബർഗിലേക്കുള്ള മടക്കയാത്രയിൽ ലൂഥർ ഒരു തട്ടിക്കൊണ്ടുപോകൽ നാടകത്തിനു വിധേയനായി. സാക്‌സണിയിലെ ദയാലുവായ ഫ്രെഡറിക്‌ ആയിരുന്നു അതിന്റെ സൂത്രധാരൻ. അങ്ങനെ ലൂഥർ ശത്രുക്കളുടെ കയ്യിൽനിന്നും രക്ഷപെട്ടു. അദ്ദേഹത്തെ ഒറ്റപ്പെട്ടുകിടക്കുന്ന വാർട്ട്‌ബുർഗ്‌ കോട്ടയിലേക്ക്‌ ഒളിച്ചുകടത്തി. അവിടെവെച്ച്‌ അദ്ദേഹം ദീക്ഷ വളർത്തുകയും യുൻക യോർഗ്‌ എന്ന പേരിൽ ഒരു കുലീന വ്യക്തിയായി അറിയപ്പെടുകയും ചെയ്‌തു.

സെപ്‌റ്റംബർ ബൈബിളിന്‌ വൻ ഡിമാൻഡ്‌

അടുത്ത പത്തു മാസം ലൂഥർ, വാർട്ട്‌ബുർഗ്‌ കോട്ടയിൽ ചക്രവർത്തിയുടെയും പാപ്പായുടെയും ശ്രദ്ധയിൽപ്പെടാതെ കഴിഞ്ഞു. “അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ഉത്‌പാദനക്ഷമവും സർഗാത്മകവുമായ ഒരു കാലഘട്ടമായിരുന്നു വാർട്ട്‌ബുർഗിൽ ചെലവഴിച്ച സമയം” എന്ന്‌ വെൽറ്റെർബെ വാർട്ട്‌ബുർഗ്‌ എന്ന ഗ്രന്ഥം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ, ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ഇറാസ്‌മുസ്‌ പാഠത്തിന്റെ ജർമൻ പരിഭാഷ പൂർത്തിയായത്‌ അവിടെവെച്ചാണ്‌. പരിഭാഷ നിർവഹിച്ചത്‌ ലൂഥർ ആണെന്ന്‌ കാണിക്കാതെ 1522 സെപ്‌റ്റംബറിൽ പ്രസിദ്ധീകരിച്ച ഈ കൃതി സെപ്‌റ്റംബർ ബൈബിൾ എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. അതിന്റെ വില ഒന്നര ഗിൽഡർ ആയിരുന്നു​—⁠ഒരു വീട്ടുവേലക്കാരിയുടെ ഒരു വർഷത്തെ വേതനത്തിനു തുല്യം. എന്നിരുന്നാലും, സെപ്‌റ്റംബർ ബൈബിളിന്‌ വളരെയേറെ ആവശ്യക്കാരുണ്ടായിരുന്നു. 12 മാസത്തിനുള്ളിൽ രണ്ടു പതിപ്പുകളിലായി ഇതിന്റെ 6,000 പ്രതികൾ അച്ചടിക്കപ്പെട്ടു. തുടർന്നുവന്ന 12 വർഷക്കാലത്ത്‌ 69 പതിപ്പുകളെങ്കിലും പുറത്തിറങ്ങുകയുണ്ടായി.

മുമ്പ്‌ ഒരു കന്യാസ്‌ത്രീ ആയിരുന്ന കാതറിനാ വോൺബോറയെ 1525-ൽ മാർട്ടിൻ ലൂഥർ വിവാഹം കഴിച്ചു. വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്നതിലും ഭർത്താവിന്റെ ഔദാര്യം മൂലം സംജാതമാകുന്ന ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും കാതറിനാ സമർഥയായിരുന്നു. ലൂഥറിന്റെ കുടുംബത്തിൽ ഭാര്യയും ആറു കുട്ടികളും കൂടാതെ സുഹൃത്തുക്കളും പണ്ഡിതന്മാരും അഭയാർഥികളും ഉണ്ടായിരുന്നു. ജീവിത സായാഹ്നത്തിൽ, ഉപദേശകൻ എന്ന നിലയിൽ ലൂഥർ വലിയ പ്രശസ്‌തി ആർജിച്ചിരുന്നു. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ വീട്ടിൽ അതിഥികളായി എത്തുന്ന പണ്ഡിതന്മാർ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ കുറിച്ചെടുക്കാൻ പേപ്പറും പേനയുമായി ഇരിക്കുമായിരുന്നു. ഈ കുറിപ്പുകൾ ലൂട്ടെർസ്‌ റ്റിഷ്‌റേഡൻ (ലൂഥേർസ്‌ ടേബിൾ ടോക്ക്‌) എന്ന പേരിൽ സമാഹരിക്കപ്പെട്ടു. കുറെ കാലത്തേക്ക്‌ അതിന്‌ ജർമൻ ഭാഷാലോകത്തു നല്ല പ്രചാരമുണ്ടായിരുന്നു​—⁠ബൈബിൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനം.

അനുഗൃഹീത പരിഭാഷകനും മികച്ച എഴുത്തുകാരനും

എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷ ലൂഥർ 1534-ഓടെ പൂർത്തിയാക്കി. ശൈലിയും താളവും സമന്വയിപ്പിക്കാനുള്ള കഴിവും പദസമ്പത്തും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ്‌, സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന വിധത്തിലുള്ള ഒരു ബൈബിൾ ഉത്‌പാദിപ്പിക്കാനായത്‌. താൻ പരിഭാഷ ചെയ്യുന്ന രീതിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ട്‌ ലൂഥർ എഴുതി: “വീട്ടമ്മമാരോടും തെരുവിലെ കുട്ടികളോടും ചന്തസ്ഥലത്തു കാണുന്ന സാധാരണക്കാരോടും സംസാരിച്ച്‌ അവരുടെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുകയും അതനുസരിച്ച്‌ പരിഭാഷ നിർവഹിക്കുകയും വേണം.” ലൂഥറിന്റെ ബൈബിൾ, ജർമനിയിൽ ഉടനീളം പ്രചാരത്തിൽവന്ന പ്രാമാണിക എഴുത്തു ഭാഷയ്‌ക്കുള്ള അടിസ്ഥാനമിടാൻ സഹായിച്ചു.

പ്രഗത്ഭനായ ഒരു പരിഭാഷകൻ എന്നതിനു പുറമേ ലൂഥർ കഴിവുറ്റ ഒരു എഴുത്തുകാരനും കൂടിയായിരുന്നു. അദ്ദേഹം തന്റെ കർമജീവിതത്തിൽ ഉടനീളം ഓരോ രണ്ട്‌ ആഴ്‌ചയിലും ഓരോ പ്രബന്ധം എഴുതിയിരുന്നതായി പറയപ്പെടുന്നു. അവയിൽ ചിലത്‌ എഴുത്തുകാരനെപ്പോലെതന്നെ വിവാദാത്മകമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല കൃതികൾ വളരെ നിശിതമായ ശൈലിയിലുള്ളതായിരുന്നു. പ്രായം അദ്ദേഹത്തിന്റെ തൂലികയുടെ മൂർച്ച കുറച്ചുകളഞ്ഞില്ല. അദ്ദേഹത്തിന്റെ പിൽക്കാല ഉപന്യാസങ്ങൾ ഒന്നിനൊന്നു രൂക്ഷമായിരുന്നു. ലെക്‌സിക്കോൻ ഫൂർ റ്റേയോളോജീ ഉൺട്‌ കിർച്ചെ (ദൈവശാസ്‌ത്ര-സഭാ നിഘണ്ടു) പറയുന്നതനുസരിച്ച്‌ ലൂഥറിന്റെ കൃതികൾ “അദ്ദേഹത്തിന്റെ കോപത്തിന്റെ ആധിക്യവും” “എളിമയുടെയും സ്‌നേഹത്തിന്റെയും അഭാവവും” അതുപോലെതന്നെ “ആഴമായ കർമബോധവും” വെളിപ്പെടുത്തുന്നു.

കർഷകരുടെ യുദ്ധം പൊട്ടിപ്പുറപ്പെട്ട്‌ നാടാകെ രക്തത്തിൽ കുളിച്ചുനിന്നിരുന്ന സമയത്ത്‌, ലൂഥറിനോട്‌ ഈ ലഹള സംബന്ധിച്ചുള്ള അഭിപ്രായം ആരായുകയുണ്ടായി. തങ്ങളുടെ ജന്മിമാർക്കെതിരെ പരാതിപ്പെടാൻ കർഷകർക്കു ന്യായമായ കാരണം ഉണ്ടായിരുന്നോ? ഭൂരിപക്ഷത്തിന്‌ ഇഷ്ടപ്പെടുന്ന ഒരു ഉത്തരം നൽകിക്കൊണ്ട്‌ പൊതുജന പിന്തുണ നേടാൻ ലൂഥർ ശ്രമിച്ചില്ല. ദൈവത്തിന്റെ ദാസർ അധികാരികളെ അനുസരിക്കണമെന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. (റോമർ 13:1) ലഹള അടിച്ചമർത്തേണ്ടതാണെന്ന്‌ ലൂഥർ വളച്ചുകെട്ടില്ലാതെ പ്രസ്‌താവിച്ചു. “കഴിയുന്നവരെല്ലാവരും വെട്ടുകയും കുത്തുകയും കൊല്ലുകയും ചെയ്‌തോട്ടെ,” അദ്ദേഹം പറഞ്ഞു. ഈ ഉത്തരം നിമിത്തം, ലൂഥറിന്‌ “അതുവരെ ഉണ്ടായിരുന്ന അതുല്യമായ ജനസമ്മതി” നഷ്ടമായി എന്ന്‌ ഹാൻസ്‌ ലിൽയെ പറയുകയുണ്ടായി. കൂടാതെ, ക്രിസ്‌ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച യഹൂദന്മാരെ കുറിച്ചുള്ള ലൂഥറിന്റെ പിൽക്കാല ഉപന്യാസങ്ങൾ പ്രത്യേകിച്ച്‌ യഹൂദന്മാരെയും അവരുടെ നുണകളെയും കുറിച്ച (ഇംഗ്ലീഷ്‌) എന്നത്‌ അനേകർ അതിന്റെ എഴുത്തുകാരനെ ശേമ്യവിരോധിയെന്നു മുദ്രകുത്താൻ ഇടയാക്കി.

ലൂഥറിന്റെ സംഭാവന

ലൂഥർ, കാൽവിൻ, സ്വിങ്‌ളി മുതലായ പുരുഷന്മാർ തുടങ്ങിവെച്ച മതനവീകരണം പ്രൊട്ടസ്റ്റന്റിസം എന്നു വിളിക്കപ്പെടുന്ന മതത്തോട്‌ ഒരു പുതിയ സമീപനം രൂപംകൊള്ളുന്നതിന്‌ ഇടയാക്കി. പ്രൊട്ടസ്റ്റന്റിസത്തിന്‌ ലൂഥർ നൽകിയ പ്രമുഖ സംഭാവന വിശ്വാസത്താലുള്ള നീതീകരണം എന്ന അദ്ദേഹത്തിന്റെ കേന്ദ്ര ഉപദേശമായിരുന്നു. ജർമൻ രാജ്യങ്ങളിൽ ഓരോന്നും പ്രൊട്ടസ്റ്റന്റ്‌ വിശ്വാസത്തെയോ കത്തോലിക്ക വിശ്വാസത്തെയോ പിന്തുണച്ചു. സ്‌കാൻഡിനേവിയ, സ്വിറ്റ്‌സർലൻഡ്‌, ഇംഗ്ലണ്ട്‌, നെതർലൻഡ്‌സ്‌ എന്നിവിടങ്ങളിൽ പ്രൊട്ടസ്റ്റന്റ്‌ മതം പ്രചരിക്കുകയും ജനപിന്തുണ നേടുകയും ചെയ്‌തു. ഇന്ന്‌ അതിന്‌ കോടിക്കണക്കിന്‌ അനുയായികളുണ്ട്‌.

ലൂഥറിന്റെ വിശ്വാസങ്ങൾ എല്ലാം വെച്ചുപുലർത്താത്ത അനേകർ ഇപ്പോഴും അദ്ദേഹത്തെ വളരെയേറെ ആദരിക്കുന്നു. ഐസൽബൻ, എർഫർട്ട്‌, വിറ്റൻബർഗ്‌, അതിർത്തിക്കുള്ളിലെ വാർട്ട്‌ബർഗ്‌ എന്നിവ ഉൾപ്പെട്ട മുൻ ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ 1983-ൽ ലൂഥറിന്റെ 500-ാം പിറന്നാൾ ആഘോഷിച്ചു. ജർമൻ ചരിത്രത്തിലെയും സംസ്‌കാരത്തിലെയും ശ്രദ്ധേയനായ ഒരു വ്യക്തി എന്ന നിലയിൽ ഈ സോഷ്യലിസ്റ്റ്‌ രാഷ്ട്രം അദ്ദേഹത്തെ അംഗീകരിച്ചു. കൂടാതെ, 1980-കളിലെ ഒരു കത്തോലിക്ക ദൈവശാസ്‌ത്രജ്ഞൻ ലൂഥർ ചെലുത്തിയ പ്രഭാവത്തെ സംക്ഷേപിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ലൂഥറിന്‌ ശേഷം വന്ന ആരും അദ്ദേഹത്തോളം വന്നിട്ടില്ല.” പ്രൊഫസർ ആലൻഡ്‌ എഴുതി: “മാർട്ടിൻ ലൂഥറെയും മതനവീകരണത്തെയും കുറിച്ച്‌ ഓരോ വർഷവും 500 പുതിയ പ്രസിദ്ധീകരണങ്ങളെങ്കിലും പുറത്തിറങ്ങുന്നുണ്ട്‌. അവയാകട്ടെ, ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ ഭാഷകളിലും ലഭ്യമാണ്‌.”

കൂർമ ബുദ്ധിയും അസാധാരണമായ ഓർമശക്തിയും പദസമ്പത്തും ഉണ്ടായിരുന്ന മാർട്ടിൻ ലൂഥർ കഠിനാധ്വാനി ആയിരുന്നു. അക്ഷമയും അവജ്ഞയും പ്രകടമാക്കിയിരുന്ന അദ്ദേഹം താൻ കപടഭക്തിയായി വീക്ഷിക്കുന്ന കാര്യങ്ങളോടു ശക്തമായി പ്രതികരിച്ചിരുന്നു. 1546 ഫെബ്രുവരിയിൽ ഐസൽബനിൽ മരണശയ്യയിൽ ആയിരിക്കെ, മറ്റുള്ളവരെ പഠിപ്പിച്ചിരുന്ന വിശ്വാസങ്ങളോടുള്ള ബന്ധത്തിൽ അദ്ദേഹംതന്നെ ഉറച്ചുനിന്നുവോ എന്നു സുഹൃത്തുക്കൾ ലൂഥറിനോടു ചോദിച്ചു. “ഉവ്വ്‌” എന്നായിരുന്നു മറുപടി. ലൂഥർ മരണമടഞ്ഞെങ്കിലും, അനേകർ അത്തരം വിശ്വാസങ്ങളോട്‌ ഇന്നും പറ്റിനിൽക്കുന്നു.

[27 -ാം പേജിലെ ചിത്രം]

പാപമോചനപത്രത്തിന്റെ വിൽപ്പനയെ ലൂഥർ എതിർത്തു

[കടപ്പാട്‌]

Mit freundlicher Genehmigung: Wartburg-Stiftung

[28 -ാം പേജിലെ ചിത്രം]

തനിക്കു തെറ്റുപറ്റിയെന്ന്‌ എതിരാളികൾ ബൈബിളിൽനിന്നു തെളിയിക്കാത്തപക്ഷം തന്റെ പ്രസ്‌താവനകളൊന്നും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിൽ ലൂഥർ ഉറച്ചുനിന്നു

[കടപ്പാട്‌]

സ്വാതന്ത്ര്യത്തിന്റെ കഥ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽനിന്ന്‌, 1878

[29 -ാം പേജിലെ ചിത്രങ്ങൾ]

വാർട്ട്‌ബർഗ്‌ കോട്ടയിലെ ലൂഥറിന്റെ മുറി. ഇവിടെവെച്ചാണ്‌ അദ്ദേഹം ബൈബിൾ പരിഭാഷപ്പെടുത്തിയത്‌

[കടപ്പാട്‌]

ഇരു ചിത്രങ്ങളും: Mit freundlicher Genehmigung: Wartburg-Stiftung

[26 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഒൺടേറിയോയിലെ ടൊറന്റോയിലുള്ള ടൊറന്റോ വില്ലാർഡ്‌ ട്രാക്‌റ്റ്‌ ഡിപ്പോസിറ്റോറി പ്രസിദ്ധീകരിച്ച മാർട്ടിൻ ലൂഥർ ദ റിഫോർമർ എന്ന പുസ്‌തകത്തിന്റെ 3-ാം പതിപ്പിൽനിന്ന്‌

[30 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

പ്രൊട്ടസ്റ്റന്റിസത്തിന്റെ ചരിത്രം (ഇംഗ്ലീഷ്‌) (വാല്യം 1) എന്ന ഗ്രന്ഥത്തിൽനിന്ന്‌