വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുമ്പും പിമ്പും: ബൈബിൾ ഈ മനുഷ്യനിൽ വരുത്തിയ മാറ്റങ്ങൾ

മുമ്പും പിമ്പും: ബൈബിൾ ഈ മനുഷ്യനിൽ വരുത്തിയ മാറ്റങ്ങൾ

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”

മുമ്പും പിമ്പും: ബൈബിൾ ഈ മനുഷ്യനിൽ വരുത്തിയ മാറ്റങ്ങൾ

സംഗീതമായിരുന്നു റോൾഫ്‌ മിഹായേലിന്റെ ജീവിതം. മയക്കുമരുന്നുകൾ അയാളുടെ ദൗർബല്യവും. ജർമനിയിൽ താമസിച്ചിരുന്ന അദ്ദേഹം യുവാവായിരിക്കെ അമിതമായി മദ്യപിക്കുകയും എൽഎസ്‌ഡി, കൊക്കെയ്‌ൻ, ഹഷീഷ്‌, മനസ്സിനെ ബാധിക്കുന്ന മറ്റു പദാർഥങ്ങൾ എന്നിവ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്‌തിരുന്നു.

ഒരു ആഫ്രിക്കൻ രാജ്യത്തേക്കു മയക്കുമരുന്നു കള്ളക്കടത്തു നടത്താൻ ശ്രമിക്കവേ റോൾഫ്‌ മിഹായേൽ പിടിയിലാവുകയും 13 മാസം ജയിലിൽ കഴിയുകയും ചെയ്‌തു. ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യത്തെ കുറിച്ചു ചിന്തിക്കാൻ ജയിലിൽ കഴിയവേ അദ്ദേഹത്തിന്‌ സമയം ലഭിച്ചു.

റോൾഫ്‌ മിഹായേലും ഭാര്യ ഉർസൂലയും ജീവിതത്തിന്റെ അർഥം തേടി ഉഴലുകയും സത്യത്തിനായി തിരയുകയും ചെയ്‌തു. ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന സഭകളിൽനിന്നും നിരാശപ്പെടുത്തുന്ന അനുഭവങ്ങളാണ്‌ അവർക്കുണ്ടായത്‌, എങ്കിൽപ്പോലും ദൈവത്തെ അടുത്തറിയാനുള്ള ഉത്‌കടമായ ഒരു വാഞ്‌ഛ അവർക്കുണ്ടായിരുന്നു. അവർക്ക്‌ പല ചോദ്യങ്ങളുണ്ടായിരുന്നു, എന്നാൽ അവർ സമീപിച്ച വ്യത്യസ്‌ത മതവിഭാഗങ്ങളിൽനിന്നൊന്നും അവയ്‌ക്കുള്ള തൃപ്‌തികരമായ ഉത്തരം ലഭിച്ചില്ല. എന്നുമാത്രമല്ല, ജീവിതത്തിനു മാറ്റം വരുത്താൻ ഈ മതങ്ങൾ ഒന്നുംതന്നെ അവർക്കു ശക്തമായ യാതൊരു പ്രചോദനവും പകർന്നില്ല.

ഒടുവിൽ റോൾഫ്‌ മിഹായേലും ഉർസൂലയും യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽവന്നു. ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, പിൻവരുന്ന ബുദ്ധിയുപദേശത്താൽ റോൾഫ്‌ മിഹായേൽ ആഴമായി പ്രചോദിതനായി: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ്‌ 4:8) ‘തന്റെ മുമ്പിലത്തെ നടപ്പു സംബന്ധിച്ച പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] ഉപേക്ഷിച്ച്‌ സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിക്കാൻ’ അദ്ദേഹം ദൃഢനിശ്ചയം ചെയ്‌തു.​—⁠എഫെസ്യർ 4:22-24.

റോൾഫ്‌ മിഹായേലിന്‌ പുതിയ വ്യക്തിത്വം ധരിക്കാൻ എങ്ങനെ കഴിയുമായിരുന്നു? “സൂക്ഷ്‌മപരിജ്ഞാനത്താൽ” ഒരാളുടെ വ്യക്തിത്വത്തെ അത്‌ “സൃഷ്ടിച്ചവന്റെ” അതായത്‌ യഹോവയാം ദൈവത്തിന്റെ ‘പ്രതിച്ഛായപ്രകാരം പുതുക്കാൻ’ സാധിക്കുമെന്ന്‌ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തിനു ബൈബിളിൽനിന്നു കാണിച്ചുകൊടുത്തു.—കൊലൊസ്സ്യർ 3:9-11, NW.

സൂക്ഷ്‌മ പരിജ്ഞാനം നേടവേ, തന്റെ ജീവിതത്തെ ദൈവവചനത്തിലെ തത്ത്വങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ റോൾഫ്‌ മിഹായേൽ ശ്രമം ആരംഭിച്ചു. (യോഹന്നാൻ 17:​3) മയക്കുമരുന്നിന്റെ പിടിയിൽനിന്നു മോചനം നേടുക അത്ര എളുപ്പമായിരുന്നില്ല, എങ്കിലും പ്രാർഥനയിൽ യഹോവയെ സമീപിക്കുന്നതിന്റെയും അവന്റെ സഹായം സ്വീകരിക്കുന്നതിന്റെയും മൂല്യം അദ്ദേഹം തിരിച്ചറിഞ്ഞു. (1 യോഹന്നാൻ 5:14, 15) ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ കഠിനശ്രമം ചെയ്യുന്ന, അപ്പോൾത്തന്നെ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നിരുന്ന ആളുകളുമായുള്ള അടുത്ത സഹവാസത്തിൽനിന്ന്‌ അദ്ദേഹത്തിനു കൂടുതലായ സഹായം ലഭിച്ചു.

ലോകം നീങ്ങിപ്പോകുകയാണ്‌, ദൈവേഷ്ടം ചെയ്യുന്നവർ എന്നേക്കും നിലനിൽക്കും എന്ന അറിവും റോൾഫ്‌ മിഹായേലിനെ സഹായിച്ചു. ക്ഷണികമായിരിക്കുന്ന ലോകസ്‌നേഹത്തിനു പകരം സ്‌നേഹവാനായ യഹോവയാം ദൈവവുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതുമൂലം ലഭിക്കുന്ന നിത്യാനുഗ്രഹങ്ങൾ തിരഞ്ഞെടുക്കാൻ അത്‌ അദ്ദേഹത്തെ പ്രാപ്‌തനാക്കി. (1 യോഹന്നാൻ 2:15-17) സദൃശവാക്യങ്ങൾ 27:​11-ലെ പിൻവരുന്ന വാക്കുകൾ റോൾഫ്‌ മിഹായേലിനെ ആഴത്തിൽ സ്‌പർശിച്ചു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” വിലമതിപ്പോടെ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഈ വാക്യം യഹോവയുടെ സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നു, കാരണം തന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള അവസരം അവൻ മനുഷ്യർക്കു നൽകുന്നു.”

റോൾഫ്‌ മിഹായേലിനെയും ഭാര്യയെയും മൂന്നു മക്കളെയുംപോലെ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുകവഴി ലക്ഷങ്ങൾ പ്രയോജനം അനുഭവിച്ചിട്ടുണ്ട്‌. ലോകത്തിനു ചുറ്റും യഹോവയുടെ സാക്ഷികളുടെ സഭകളിൽ അങ്ങനെയുള്ളവരെ കാണാൻ കഴിയും. സങ്കടകരമെന്നു പറയട്ടെ, കുടുംബങ്ങളെ ശിഥിലമാക്കുന്ന അപകടകരമായ ഒരു മതവിഭാഗമാണ്‌ യഹോവയുടെ സാക്ഷികൾ എന്ന്‌ ചില രാജ്യങ്ങളിൽ എതിരാളികൾ അവർക്കെതിരെ വ്യാജാരോപണം ഉന്നയിക്കുന്നു. അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്‌ എന്നു റോൾഫ്‌ മിഹായേലിന്റെ അനുഭവം തെളിയിക്കുന്നു.​—⁠എബ്രായർ 4:12.

ആത്മീയ കാര്യങ്ങൾക്കു പ്രഥമസ്ഥാനം നൽകാൻ പ്രോത്സാഹിപ്പിക്കുന്ന മത്തായി 6:33 തന്റെ കുടുംബത്തിന്‌ ശരിയായ ദിശ കാട്ടിത്തരുന്ന “വടക്കുനോക്കിയന്ത്രം” ആണെന്നു റോൾഫ്‌ മിഹായേൽ പറയുന്നു. ക്രിസ്‌ത്യാനികൾ എന്ന നിലയിൽ തങ്ങൾ ആസ്വദിക്കുന്ന സന്തുഷ്ട കുടുംബജീവിതത്തിന്‌ അദ്ദേഹവും കുടുംബവും യഹോവയോട്‌ ആഴമായ നന്ദിയുള്ളവരാണ്‌. “യഹോവ എനിക്കു ചെയ്‌ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” എന്നു പാടിയ സങ്കീർത്തനക്കാരന്റെ അതേ വികാരങ്ങൾതന്നെയാണ്‌ അവർക്കുമുള്ളത്‌.​—⁠സങ്കീർത്തനം 116:12.

[9 -ാം പേജിലെ ആകർഷക വാക്യം]

തന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള അവസരം ദൈവം മനുഷ്യർക്കു നൽകുന്നു

[9 -ാം പേജിലെ ചതുരം]

ഫലപ്രദമായ ബൈബിൾ തത്ത്വങ്ങൾ

മാരകമായ ആസക്തികൾ ഉപേക്ഷിക്കാൻ അനേകരെ പ്രചോദിപ്പിച്ചിട്ടുള്ള ബൈബിൾ തത്ത്വങ്ങളിൽ ചിലതാണ്‌ പിൻവരുന്നവ:

“യഹോവയെ സ്‌നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ.” (സങ്കീർത്തനം 97:10) മാരകമായ ശീലങ്ങളുടെ ദോഷം ബോധ്യപ്പെടുകയും അവയോട്‌ ആഴമായ വെറുപ്പു വളർത്തിയെടുക്കുകയും ചെയ്യുമ്പോൾ ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ കൂടുതൽ എളുപ്പമാണെന്ന്‌ ഒരു വ്യക്തി കണ്ടെത്തുന്നു.

“ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) മയക്കുമരുന്നുകളും ആസക്തിയുളവാക്കുന്ന മറ്റു വസ്‌തുക്കളും വർജിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ആസക്തി വർജിക്കാനുള്ള അയാളുടെ ദൃഢതീരുമാനത്തെ പിന്തുണയ്‌ക്കുന്നവരായ ക്രിസ്‌ത്യാനികളുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുന്നത്‌ തീർച്ചയായും പ്രയോജനപ്രദമായിരിക്കും.

“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) ഹൃദയത്തിന്റെയും മനസ്സിന്റെയും അത്തരം സമാധാനത്തിനു തുല്യമായി മറ്റൊന്നില്ല. ദൈവത്തിലുള്ള പ്രാർഥനാനിർഭരമായ ആശ്രയം ജീവിതത്തിലെ പ്രശ്‌നങ്ങളെ വിജയപ്രദമായി കൈകാര്യംചെയ്യാൻ ഒരുവനെ സഹായിക്കുന്നു, മയക്കുമരുന്നുകളെ ആശ്രയിക്കാതെ തന്നെ.