വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാഗ്‌ദാനങ്ങൾ ഉറപ്പായും നിറവേറുമ്പോൾ

വാഗ്‌ദാനങ്ങൾ ഉറപ്പായും നിറവേറുമ്പോൾ

വാഗ്‌ദാനങ്ങൾ ഉറപ്പായും നിറവേറുമ്പോൾ

ചരിത്രത്തിന്റെ ഏടുകൾ വാഗ്‌ദാന ലംഘനങ്ങളുടെ ഒരു നീണ്ട പട്ടികയാണ്‌. ഔദ്യോഗികമായി ഒപ്പുവെച്ച, ആക്രമണ വിരുദ്ധ കരാറുകൾ രാഷ്‌ട്രങ്ങൾ പലപ്പോഴും കാറ്റിൽ പറത്തുകയാണു ചെയ്‌തിട്ടുള്ളത്‌. അങ്ങനെ കൊടിയ യുദ്ധങ്ങളിലേക്ക്‌ അവർ തങ്ങളുടെ പൗരന്മാരെ തള്ളിവിട്ടിരിക്കുന്നു. “ഭരണകൂടങ്ങൾ വാഗ്‌ദാനങ്ങൾ പാലിക്കുന്നത്‌, ഒന്നുകിൽ അങ്ങനെ ചെയ്യാൻ അവർ നിർബന്ധിതർ ആയിത്തീരുമ്പോഴോ അല്ലെങ്കിൽ തങ്ങളുടെ കാര്യം കാണാൻ അത്‌ ഉപകരിക്കുമ്പോഴോ മാത്രമാണ്‌” എന്ന്‌ നെപ്പോളിയൻ ഒരിക്കൽ പറയുകയുണ്ടായി.

വ്യക്തികൾ ചെയ്യുന്ന വാഗ്‌ദാനങ്ങൾ സംബന്ധിച്ചെന്ത്‌? ആരെങ്കിലും വാക്കു പാലിക്കാത്തപ്പോൾ എത്രമാത്രം ഇച്ഛാഭംഗമാണ്‌ അത്‌ ഉളവാക്കുന്നത്‌! വിശേഷാൽ, നിങ്ങൾ അടുത്തറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളിൽനിന്നാണ്‌ അത്തരം അനുഭവം ഉണ്ടാകുന്നതെങ്കിൽ. അതേ, ഒന്നുകിൽ വാഗ്‌ദാനങ്ങൾ നിറവേറ്റാൻ ആളുകൾ അപ്രാപ്‌തരായിരിക്കാം അല്ലെങ്കിൽ അവർക്ക്‌ അതിനുള്ള മനസ്സില്ലായിരിക്കാം.

മനുഷ്യന്റെയും ദൈവത്തിന്റെയും വാഗ്‌ദാനങ്ങൾക്കു തമ്മിൽ എത്ര വലിയ അന്തരമാണുള്ളത്‌! ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ പൂർണമായും ആശ്രയയോഗ്യവും വിശ്വസനീയവുമാണ്‌. യഹോവയാം ദൈവം ചെയ്യുന്ന ഏതൊരു വാഗ്‌ദാനവും നിറവേറുമെന്ന്‌ ഉറപ്പാണ്‌. അതു നിവൃത്തിയേറുകതന്നെ ചെയ്യും. ഒരിക്കലും പരാജയപ്പെടുകയില്ലാത്ത ദൈവത്തിന്റെ വചനത്തെ കുറിച്ച്‌ യെശയ്യാവു 55:11 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”

അങ്ങനെയെങ്കിൽ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവ്യവാഗ്‌ദാനങ്ങളെ നാം എങ്ങനെ വീക്ഷിക്കണം? തീർച്ചയായും നമുക്ക്‌ അവയിൽ ആശ്രയിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്‌, അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5എ) യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ ആ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”​—⁠യോഹന്നാൻ 17:⁠3.