വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“തന്നിൽതന്നേ ജീവനുള്ളവൻ” ആയിരിക്കുക എന്നതിന്റെ അർഥം എന്താണ്‌?

യേശുക്രിസ്‌തുവിനെ കുറിച്ച്‌ “തന്നിൽതന്നേ ജീവനുള്ളവൻ” എന്നും അവന്റെ അനുഗാമികളെ കുറിച്ച്‌ “തങ്ങളിൽത്തന്നെ ജീവനുള്ളവർ” എന്നും ബൈബിൾ പറയുന്നു. (യോഹന്നാൻ 5:26; 6:​53, NW) എന്നിരുന്നാലും, ഈ രണ്ടു തിരുവെഴുത്തുകൾക്കും ഒരേ അർഥമല്ല ഉള്ളത്‌.

“പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നു തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്‌കിയിരിക്കുന്നു” എന്ന്‌ യേശു പ്രസ്‌താവിച്ചു. ശ്രദ്ധേയമായ ഈ പ്രസ്‌താവന നടത്തുന്നതിനു മുമ്പ്‌ യേശു ഇപ്രകാരം പറയുകയുണ്ടായി: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു . . . മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” യേശു ഇവിടെ, പിതാവ്‌ തനിക്കു നൽകിയിരിക്കുന്ന ഒരു അസാധാരണ പ്രാപ്‌തിയെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു. മനുഷ്യർക്ക്‌ ദൈവമുമ്പാകെ ഒരു അംഗീകൃത നില നൽകാനുള്ള കഴിവായിരുന്നു അത്‌. കൂടാതെ, മരണത്തിൽ നിദ്രകൊള്ളുന്നവരെ പുനരുത്ഥാനപ്പെടുത്താനും അവർക്കു ജീവൻ പകരാനും യേശുവിനു സാധിക്കും. ഈ പ്രാപ്‌തികളെല്ലാം അവനു നൽകപ്പെടുന്നതുകൊണ്ടാണ്‌ “തന്നിൽതന്നേ ജീവനുള്ളവൻ” എന്ന്‌ യേശുവിനെ വിളിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌, മറ്റുവാക്കുകളിൽ പറഞ്ഞാൽ, പിതാവിനെപ്പോലെ പുത്രനും ‘തന്നിൽത്തന്നെ ജീവന്റെ ദാനമുണ്ട്‌’. (യോഹന്നാൻ 5:24-26) എന്നാൽ അവന്റെ അനുഗാമികളെ സംബന്ധിച്ചെന്ത്‌?

ഏതാണ്ട്‌ ഒരു വർഷത്തിനു ശേഷം യേശു തന്റെ ശ്രോതാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ [“നിങ്ങളിൽത്തന്നെ,” NW] ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്‌പിക്കും.” (യോഹന്നാൻ 6:53, 54) “നിങ്ങളിൽത്തന്നെ ജീവൻ” ഉണ്ടായിരിക്കുന്നതിനെ “നിത്യജീവൻ” നേടുന്നതുമായി യേശു ഇവിടെ സമാന്തരപ്പെടുത്തുന്നു. “നിങ്ങളിൽത്തന്നെ ജീവൻ” ഉണ്ടായിരിക്കുക എന്ന പദപ്രയോഗത്തിന്റെ അതേ വ്യാകരണ ഘടനയുള്ള ഇതര പ്രയോഗങ്ങൾ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ മറ്റുചില ഭാഗങ്ങളിലും കാണുന്നുണ്ട്‌. ‘നിങ്ങളിൽത്തന്നെ ഉപ്പുണ്ടായിരിക്കുക,’ ‘യോഗ്യമായ [“പൂർണ,” NW] പ്രതിഫലം തങ്ങളിൽത്തന്നെ പ്രാപിച്ചു’ എന്നീ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. (മർക്കൊസ്‌ 9:50; റോമർ 1:27) ഈ രണ്ടു സന്ദർഭങ്ങളിലും ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങൾ മററുള്ളവർക്ക്‌ ഉപ്പു പകർന്നു നൽകുന്നതിനോ പ്രതിഫലം കൊടുക്കുന്നതിനോ ഉള്ള അധികാരത്തെ സൂചിപ്പിക്കുന്നില്ല. പകരം, ആന്തരിക തികവിനെ അഥവാ നിറവിനെ ആണ്‌ അതു സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌, കേവലം ജീവന്റെ നിറവിൽ പ്രവേശിക്കുന്നതിനെയാണ്‌ യോഹന്നാൻ 6:​53-ൽ ഉപയോഗിച്ചിരിക്കുന്ന “നിങ്ങളിൽത്തന്നെ ജീവൻ” (NW) എന്ന പദപ്രയോഗംകൊണ്ട്‌ അർഥമാക്കുന്നത്‌.

തന്റെ അനുഗാമികൾക്ക്‌ തങ്ങളിൽത്തന്നെ ജീവൻ ഉണ്ടായിരിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ യേശു തന്റെ മാംസത്തെയും രക്തത്തെയും കുറിച്ചു പരാമർശിക്കുകയുണ്ടായി. പിന്നീട്‌, കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയപ്പോൾ യേശു വീണ്ടും തന്റെ മാംസത്തെയും രക്തത്തെയും കുറിച്ചു പറയുകയും പുതിയ ഉടമ്പടിയിലേക്ക്‌ എടുക്കപ്പെടുമായിരുന്ന തന്റെ അനുഗാമികളോട്‌ പുളിപ്പില്ലാത്ത അപ്പത്തിന്റെയും വീഞ്ഞിന്റെയും ചിഹ്നങ്ങളിൽ പങ്കുപറ്റാൻ നിർദേശിക്കുകയും ചെയ്‌തു. ഇതിന്റെ അർഥം യഹോവയുമായി പുതിയ ഉടമ്പടിയിലേക്കു വരുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾ മാത്രമേ അത്തരം ജീവന്റെ നിറവ്‌ പ്രാപിക്കുന്നുള്ളു എന്നാണോ? അങ്ങനെ ആയിരിക്കുന്നില്ല. ആ രണ്ടു സന്ദർഭങ്ങളും തമ്മിൽ ഒരു വർഷത്തിന്റെ അന്തരമുണ്ടായിരുന്നു. യോഹന്നാൻ 6:53, 54-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ കേട്ട ആളുകൾക്ക്‌ ക്രിസ്‌തുവിന്റെ മാംസത്തെയും രക്തത്തെയും പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു വാർഷിക ആചരണത്തെ കുറിച്ച്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല.

യോഹന്നാൻ 6-ാം അധ്യായം അനുസരിച്ച്‌, പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ യേശു ആദ്യം തന്റെ മാംസത്തെ മന്നായുമായി താരതമ്യപ്പെടുത്തുന്നു: “നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും.” യേശുവിന്റെ മാംസം അവന്റെ രക്തത്തോടൊപ്പം, അക്ഷരീയ മന്നായെക്കാൾ ശ്രേഷ്‌ഠമായിരുന്നു. എങ്ങനെ? നിത്യജീവൻ സാധ്യമാക്കിക്കൊണ്ട്‌ “ലോകത്തിന്റെ ജീവന്നു വേണ്ടി” അവന്റെ മാംസം നൽകപ്പെട്ടതിനാൽ ആയിരുന്നു അത്‌. * അതുകൊണ്ട്‌, യോഹന്നാൻ 6:53-ലെ “നിങ്ങളിൽത്തന്നെ ജീവൻ” (NW) ഉണ്ടായിരിക്കുന്നതിനെ കുറിച്ചുള്ള പ്രസ്‌താവന, സ്വർഗത്തിലോ ഭൂമിയിലോ നിത്യജീവൻ പ്രാപിക്കുന്ന എല്ലാവർക്കും ബാധകമാകുന്നു.​—⁠യോഹന്നാൻ 6:48-51.

ക്രിസ്‌തുവിന്റെ അനുഗാമികൾക്ക്‌ തങ്ങളിൽത്തന്നെ ജീവൻ ലഭിക്കുന്നത്‌ അഥവാ അവർ ജീവന്റെ നിറവിൽ പ്രവേശിക്കുന്നത്‌ എപ്പോഴാണ്‌? അഭിഷിക്ത രാജ്യാവകാശികളെ സംബന്ധിച്ചിടത്തോളം, അമർത്യരായ ആത്മ സൃഷ്ടികൾ എന്ന നിലയിൽ അവർ സ്വർഗീയ ജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെടുമ്പോഴാണ്‌ ഇതു സംഭവിക്കുന്നത്‌. (1 കൊരിന്ത്യർ 15:52, 53; 1 യോഹന്നാൻ 3:2) യേശുവിന്റെ “വേറെ ആടുകൾ,” അവന്റെ ആയിരവർഷ വാഴ്‌ച പൂർത്തിയായതിനു ശേഷം ജീവന്റെ നിറവിൽ പ്രവേശിക്കുന്നു. അപ്പോഴേക്കും അവർ പരിശോധിക്കപ്പെട്ട്‌ വിശ്വസ്‌തരായി കണ്ടെത്തപ്പെടുകയും പറുദീസ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ യോഗ്യരെന്ന നിലയിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തിരിക്കും.​—⁠യോഹന്നാൻ 10:16; വെളിപ്പാടു 20:5, 7-10.

[അടിക്കുറിപ്പ്‌]

^ ഖ. 7 മരുഭൂമിയിൽവെച്ച്‌, ഇസ്രായേല്യർക്കും ‘വലിയോരു സമ്മിശ്രപുരുഷാരത്തിനും’ ജീവൻ നിലനിറുത്താൻ മന്നാ അനിവാര്യമായിരുന്നു. (പുറപ്പാടു 12:37, 38; 16:13-18) സമാനമായി, നിത്യജീവൻ പ്രാപിക്കുന്നതിന്‌, അഭിഷിക്തരാണെങ്കിലും അല്ലെങ്കിലും സകല ക്രിസ്‌ത്യാനികളും യാഗം അർപ്പിക്കപ്പെട്ട യേശുവിന്റെ മാംസത്തിന്റെയും രക്തത്തിന്റെയും വീണ്ടെടുപ്പു ശക്തിയിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട്‌ സ്വർഗീയ മന്നായിൽനിന്ന്‌ പ്രയോജനം നേടേണ്ടതാണ്‌.​—⁠1989 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 30-1 പേജുകൾ കാണുക.

[31 -ാം പേജിലെ ചിത്രങ്ങൾ]

എല്ലാ സത്യക്രിസ്‌ത്യാനികൾക്കും ‘തങ്ങളിൽത്തന്നെ ജീവൻ’ ഉണ്ടായിരിക്കാൻ കഴിയും