ചോദ്യങ്ങൾ ധാരാളം—തൃപ്‌തികരമായ ഉത്തരങ്ങളോ വിരളം
ചോദ്യങ്ങൾ ധാരാളം—തൃപ്‌തികരമായ ഉത്തരങ്ങളോ വിരളം
അഖില പുണ്യാളപ്പെരുന്നാളായിരുന്ന 1755 നവംബർ 1-ാം തീയതി രാവിലെ ലിസ്‌ബൺ നഗരത്തിലെ ഭൂരിഭാഗം ആളുകളും പള്ളിയിലായിരിക്കെ അവിടെ വലിയൊരു ഭൂകമ്പമുണ്ടായി. ആയിരക്കണക്കിനു കെട്ടിടങ്ങൾ നിലംപൊത്തി. പതിനായിരങ്ങൾക്കു ജീവൻ നഷ്ടമായി.
ഈ ദുരന്തമുണ്ടായി അധികനാൾ ആകുന്നതിനു മുമ്പ് ഫ്രഞ്ച് എഴുത്തുകാരനായ വോൾട്ടയർ തന്റെ പോയെം സുർ ലെ ഡേസാസ്‌ട്ര ഡെ ലിസ്‌ബോൺ (ലിസ്‌ബൺ ദുരന്ത കാവ്യം) പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം, ജനത്തിന്റെ പാപങ്ങൾക്കുള്ള ദിവ്യശിക്ഷയാണ് പ്രസ്‌തുത ദുരന്തമെന്ന അവകാശവാദത്തെ നിഷേധിച്ചു. അത്തരം ദുരന്തങ്ങൾ മനുഷ്യനു മനസ്സിലാക്കാനോ വിശദീകരിക്കാനോ കഴിയുന്നതിന് അപ്പുറമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വോൾട്ടയർ പിൻവരുംവിധം എഴുതി:
ഊമയാം പ്രകൃതിയോട് ആരായുന്നതോ വ്യർഥം;
നരനോടുരചെയ്‌തീടുന്നൊരു ദൈവമല്ലോ നമുക്കാവശ്യം.
തീർച്ചയായും, ദൈവത്തെ കുറിച്ച് ആദ്യമായി ചോദ്യങ്ങൾ ഉന്നയിച്ചത് വോൾട്ടയർ അല്ലായിരുന്നു. മനുഷ്യചരിത്രത്തിലുടനീളം ദുരന്തങ്ങളും വിപത്തുകളും ആളുകളുടെ മനസ്സിൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സഹസ്രാബ്ദങ്ങൾക്കു മുമ്പ്, മക്കളെയെല്ലാം നഷ്ടപ്പെട്ട് ഒരു മഹാവ്യാധിക്ക് അടിമയായിത്തീർന്ന ഇയ്യോബ് എന്നു പേരുള്ള ഗോത്രപിതാവ് ഇപ്രകാരം ചോദിച്ചു: “[ദൈവം] അരിഷ്ടന്നു പ്രകാശവും ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്?” (ഇയ്യോബ് 3:20) നല്ലവനും സ്‌നേഹവാനുമായ ഒരു ദൈവത്തിന് ഈ യാതനകളും അനീതിയും കണ്ടുകൊണ്ട് വെറുതെ ഇരിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ഇക്കാലത്ത് അനേകരും ചിന്തിക്കുന്നു.
പട്ടിണി, യുദ്ധം, രോഗങ്ങൾ, മരണം എന്നീ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, മനുഷ്യവർഗത്തെ കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവുണ്ടെന്ന ആശയത്തെ അനേകരും പാടേ തള്ളിക്കളയുന്നു. ഒരു നിരീശ്വരവാദ തത്ത്വചിന്തകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദൈവം സ്ഥിതിചെയ്യാതിരുന്നാൽ മാത്രമേ . . . ഒരു കുട്ടി അനുഭവിക്കുന്ന യാതനകൾക്കുള്ള ഉത്തരവാദിത്വത്തിൽനിന്ന് അവനു മോചനമുള്ളൂ.” രണ്ടാം ലോകമഹായുദ്ധ കാലത്തെ കൂട്ടക്കൊല പോലുള്ള വൻ ദുരന്തങ്ങൾ സമാനമായ നിഗമനത്തിലെത്താൻ അനേകരെ പ്രേരിപ്പിക്കുന്നു. ഒരു വാർത്താപത്രികയിൽ വന്ന ഒരു യഹൂദ എഴുത്തുകാരന്റെ അഭിപ്രായം ശ്രദ്ധിക്കുക: “ഔഷ്‌വിറ്റ്‌സിലെ കൊടുംയാതനകളുടെ ഇതുവരെയുള്ള ഏറ്റവും ലളിതമായ കാരണം, മാനുഷിക കാര്യാദികളിൽ ഇടപെടാൻ ദൈവമില്ല എന്നതാണ്.” കത്തോലിക്ക മതം ആധിപത്യം പുലർത്തുന്ന രാജ്യമായ ഫ്രാൻസിൽ 1997-ൽ നടത്തിയ ഒരു സർവെ അനുസരിച്ച്, 1994-ൽ റുവാണ്ടയിൽ നടന്നതുപോലുള്ള വംശഹത്യകൾ നിമിത്തം ഏതാണ്ട് 40 ശതമാനം ആളുകൾ ഒരു ദൈവമുണ്ടോ എന്നു സംശയിക്കുന്നു.
വിശ്വാസത്തിന് ഒരു പ്രതിബന്ധമോ?
മോശമായ കാര്യങ്ങൾ സംഭവിക്കുന്നതു തടയാനായി ദൈവം ഇടപെടാത്തത് എന്തുകൊണ്ട്? അനേകരെ സംബന്ധിച്ചും ഈ ചോദ്യം “വിശ്വാസത്തിന് ഗുരുതരമായ ഒരു പ്രതിബന്ധ”മാണെന്ന് ഒരു കത്തോലിക്ക ചരിത്രകാരൻ വാദിക്കുന്നു. അദ്ദേഹം ഇങ്ങനെ ചോദിക്കുന്നു: “നിഷ്‌കളങ്കരായ ദശലക്ഷങ്ങൾ മരിക്കുകയും ആളുകൾ
കൂട്ടത്തോടെ കൊല ചെയ്യപ്പെടുകയും ചെയ്യുമ്പോൾ അതു തടയാനായി ഒന്നും ചെയ്യാതെ നിസ്സഹായനായി നോക്കി നിൽക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുക സാധ്യമാണോ?”കത്തോലിക്ക വർത്തമാനപത്രമായ ലാ ക്ര്‌വായിൽ വന്ന ഒരു മുഖപ്രസംഗം സമാനമായി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കഴിഞ്ഞകാലത്തുണ്ടായ ദുരന്തങ്ങളോ സാങ്കേതിക പുരോഗതിയുടെ ഫലമായി അരങ്ങേറിയ സംഭവങ്ങളോ പ്രകൃതി വിപത്തുകളോ സംഘടിത കുറ്റകൃത്യങ്ങളോ പ്രിയപ്പെട്ട ഒരാളുടെ മരണമോ ആയിരുന്നാലും ഭയവിഹ്വലരായ മനുഷ്യർ വിശദീകരണത്തിനായി മുകളിലേക്കാണ് നോക്കുന്നത്. ദൈവം എവിടെയാണ്? അവർക്ക് ഉത്തരം വേണം. മഹാ ഉദാസീനനും നമ്മിൽ തീരെ താത്‌പര്യം ഇല്ലാത്തവനുമല്ലേ അവൻ?”
ജോൺ പോൾ രണ്ടാമൻ പാപ്പാ സാൽവീഫികി ഡോളോറിസ് എന്ന തന്റെ 1984-ലെ അപ്പൊസ്‌തലിക ലേഖനത്തിൽ ഈ വിഷയം കൈകാര്യം ചെയ്യുകയുണ്ടായി. അദ്ദേഹം എഴുതി: “ദൈവത്തിന്റെ അസ്‌തിത്വം, അവന്റെ ജ്ഞാനം, ശക്തി, മാഹാത്മ്യം എന്നിവ കാണാൻ ലോകത്തിന്റെ അസ്‌തിത്വം പ്രതീകാത്മകമായി മനുഷ്യന്റെ കണ്ണുകളെ സഹായിക്കുന്നുണ്ടെങ്കിലും, തിന്മയും യാതനകളും ചിലപ്പോഴെല്ലാം വലിയ അളവിൽ അവന്റെ ആ പ്രതിച്ഛായയ്‌ക്കു മങ്ങലേൽപ്പിക്കുന്നതായി തോന്നുന്നു. പ്രത്യേകിച്ചും, ദിവസേന അനേകം ആളുകൾ അന്യായമായി കഷ്ടപ്പാട് അനുഭവിക്കുകയും നിരവധി ദുഷ്‌പ്രവൃത്തികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കാതെ പോകുകയും ചെയ്യുമ്പോൾ.”
ബൈബിൾ പറയുന്ന പ്രകാരമുള്ള സർവസ്‌നേഹിയും സർവശക്തനുമായ ഒരു ദൈവത്തിന്റെ അസ്‌തിത്വം മാനുഷിക കഷ്ടപ്പാടുകളുടെ വ്യാപനവുമായി ചേർന്നുപോകുന്നതാണോ? ഒരു വ്യക്തിക്കുണ്ടാകുന്നതോ വ്യക്തികളുടെ കൂട്ടങ്ങൾക്കുണ്ടാകുന്നതോ ആയ ദുരന്തങ്ങൾ തടയാനായി അവൻ ഇടപെടുന്നുണ്ടോ? അവൻ നമുക്കുവേണ്ടി ഇക്കാലത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടോ? വോൾട്ടയറിന്റെ വാക്കുകളിൽ പറഞ്ഞാൽ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ “നരനോടുരചെയ്‌തീടുന്നൊരു ദൈവ”മുണ്ടോ? ഉത്തരങ്ങൾക്കായി അടുത്ത ലേഖനം വായിക്കുക.
[3 -ാം പേജിലെ ചിത്രങ്ങൾ]
1755-ൽ ലിസ്‌ബണിലുണ്ടായ നാശം, അത്തരം സംഭവങ്ങൾ മനുഷ്യനു മനസ്സിലാക്കാവുന്നതിന് അപ്പുറമാണെന്ന് അവകാശപ്പെടാൻ വോൾട്ടയറെ പ്രേരിപ്പിച്ചു
[കടപ്പാട്]
വോൾട്ടയർ: മഹാന്മാരും വിഖ്യാത സ്‌ത്രീകളും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽനിന്ന്; ലിസ്‌ബൺ: J.P. Le Bas, Praça da Patriarcal depois do terramoto de 1755. Foto: Museu da Cidade/Lisboa
[4 -ാം പേജിലെ ചിത്രം]
റുവാണ്ടയിൽ നടന്നതുപോലുള്ള വംശഹത്യകളുടെ ദാരുണ ഫലങ്ങൾ നിമിത്തം ഒരു ദൈവമുണ്ടോ എന്ന് അനേകർ സംശയിക്കുന്നു
[കടപ്പാട്]
AFP ഫോട്ടോ